Prabodhanm Weekly

Pages

Search

2013 ജൂലായ് 12

ജെ.ഡി.യു വഴിപിരിഞ്ഞതിനു ശേഷമുള്ള ഇന്ത്യന്‍ രാഷ്ട്രീയം

എ. റശീദുദ്ദീന്‍

ബി.ജെ.പിയും ജെ.ഡി.യുവും ബിഹാറില്‍ വഴിപിരിഞ്ഞതിനെ തുടര്‍ന്ന് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള നരേന്ദ്ര മോഡിയുടെ സ്വീകാര്യതക്ക് തിരിച്ചടിയേറ്റു എന്നത് താല്‍ക്കാലികമായി ശരിയായിരിക്കാം. ഇശ്‌റത്ത് ജഹാന്‍, സാദിഖ് ജമാല്‍ ഏറ്റുമുട്ടല്‍ കേസുകളില്‍ നരേന്ദ്രമോഡിയുടെ പേര് പരാമര്‍ശിക്കാന്‍ സി.ബി.ഐ തീരുമാനിച്ചതിനും ചില രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ട്. എന്നാല്‍, ഈ ചിത്രങ്ങള്‍ക്ക് ചില മറുവശങ്ങളുമുണ്ട് .ബി.ജെ.പിയിലും എന്‍.ഡി.എയിലും നരേന്ദ്ര മോഡി അന്തിമമായി മേല്‍ക്കൈ നേടുകയാണ് ഇപ്പോഴുണ്ടായത്. നിലവില്‍ ഇന്ത്യന്‍ രാഷ്ട്രീയം ധ്രുവീകരിക്കപ്പെടുന്നത് ബി.ജെ.പി ആഗ്രഹിക്കുന്ന പാതയിലുമാണ്. കോണ്‍ഗ്രസ് സര്‍ക്കാര്‍ ദേശീയതലത്തില്‍ മോഡിക്കെതിരെ സി.ബി.ഐ കേസുകള്‍ സജീവമാക്കുന്നുണ്ടെങ്കിലും അന്തിമമായി ഈ കേസുകള്‍ ഒരു പരിസമാപ്തിയില്‍ എത്തിക്കാതിരുന്നാല്‍ മോഡിയെ എന്തു കാരണങ്ങള്‍ക്ക് വേണ്ടിയാണോ ബി.ജെ.പി ഉയര്‍ത്തിക്കാട്ടുന്നത്, ആ ധ്രുവീകരണ നീക്കങ്ങള്‍ക്ക് ആക്കം കൂട്ടുക മാത്രമാണുണ്ടാവുക. മതേതര മുസ്‌ലിംവോട്ടുകളെ സ്വാധീനിക്കുന്നതിനു വേണ്ടി മോഡിയെ ഒരു ഭീഷണിയായി നിലനിര്‍ത്തിയ ചരിത്രമാണ് അദ്ദേഹത്തെ അന്തിമമായി തകര്‍ക്കാന്‍ ശ്രമിച്ചതിനേക്കാള്‍ കോണ്‍ഗ്രസിനുള്ളത്. അതുകൊണ്ടു തന്നെ സി.ബി.ഐ കേസുകള്‍ എവിടംവരെ പോകുമെന്ന് കണ്ടുതന്നെ അറിയണം.
മറുഭാഗത്ത്, നിതീഷ് കുമാര്‍ എടുത്ത തീരുമാനം ഏതെങ്കിലും പ്രകാരത്തില്‍ നരേന്ദ്ര മോഡിയെ ബാധിക്കുന്ന ഒന്നല്ല. എന്‍.ഡി.എ എന്ന മുന്നണിയിലേക്ക് നിതീഷ് ചേരുമ്പോഴുള്ള 1990-കളിലെ ബി.ജെ.പിയുടെ ഇമേജും ഇന്നത്തെ മോഡിയുടെ ഇമേജും തമ്മില്‍ ആ അര്‍ഥത്തില്‍ വലിയ വ്യത്യാസങ്ങളുമില്ല. ജോര്‍ജ് ഫെര്‍ണാണ്ടസ് 1997-ല്‍ തുടക്കമിട്ട ബി.ജെ.പി-സോഷ്യലിസ്റ്റ് ബാന്ധവം ഗുജറാത്തിലെ 2002 വംശഹത്യക്കു ശേഷവും കൊണ്ടുനടന്ന ഏക സോഷ്യലിസ്റ്റ് നേതാവു കൂടിയായിരുന്നു നിതീഷ് കുമാര്‍. അദ്ദേഹം വിട്ടുപോയതോടെ മോഡിക്കെതിരെ മുന്നണിക്കകത്തുനിന്നുള്ള എല്ലാ മുറുമുറുപ്പുകളും അവസാനിക്കുകയാണുണ്ടായത്. ഇന്ത്യന്‍ രാഷ്ട്രീയം രണ്ടു ചേരികളായി കലങ്ങിത്തെളിയുകയാണുണ്ടാവുക. ജെ.ഡി.യു പോയ ഇടം നികത്താന്‍ ചരിത്രത്തിലെ ഏറ്റവും ദുര്‍ബലമായ എന്‍.ഡി.എക്കും മറുപക്ഷത്ത് കോണ്‍ഗ്രസിനും പുതിയ ബന്ധങ്ങളും മുന്നണി സമവാക്യങ്ങളും ഉണ്ടാക്കാനാവും. കര്‍ണാടകയില്‍ യെദിയൂരപ്പയെയും തമിഴ്‌നാട്ടില്‍ ജയലളിതയെയും മോഡിക്ക് ഒപ്പം കിട്ടിയേക്കാം. യെദിയൂരപ്പ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാന്‍ തയാറായി മുന്നോട്ടു വന്നു കഴിഞ്ഞു. അദ്വാനി പക്ഷത്തിന്റെ ഏറ്റവും ശക്തരായ വക്താക്കളായിരുന്ന ശരത് യാദവും നിതീഷ് കുമാറും കൂറുമാറിയതോടെ ബി.ജെ.പിയില്‍ പുതിയൊരു യുഗത്തിനാണ് തുടക്കം കുറിക്കുന്നത്. അദ്വാനി-വാജ്‌പേയി മോഡലിനു വേണ്ടി വാദിക്കാന്‍ എന്‍.ഡി.എയില്‍ ബാക്കിയുണ്ടായിരുന്ന സുഷമാ സ്വരാജ് ഇനി ഏതു സമയത്തും കളം മാറിച്ചവിട്ടിയേക്കാം. ആര്‍.എസ്.എസ് പോലും അദ്വാനിക്കു വാക്കു നല്‍കാന്‍ മടിച്ചു നില്‍ക്കുന്ന ഇപ്പോഴത്തെ അവസ്ഥയില്‍ 'നമോ'ണിയ മുന്നണി തന്നെയായിരിക്കും മേല്‍ക്കൈ നേടുന്നത്.
എന്താണ് നിതീഷ് കുമാറിന്റെ യഥാര്‍ഥ പ്രശ്‌നം? ആശയപരമാണോ അതോ വ്യക്തിനിഷ്ഠമാണോ അത്? നിതീഷിന് ആശയപരമായി മോഡി അനഭിമതനാവുന്നതും നിലവിലുള്ള എന്‍.ഡി.എ കണ്‍വീനറായ എല്‍.കെ അദ്വാനി സ്വീകാര്യനാവുന്നതും തമ്മില്‍ സാമാന്യയുക്തിക്കു നിരക്കാത്ത പൊരുത്തക്കേടുകളുണ്ട്. ലാലു പ്രസാദ് യാദവ് ചോദിച്ചതു പോലെ എന്‍.ഡി.എയില്‍ തുടരുന്നതിന് വേണ്ടി മോഡി വിഷയത്തിലടക്കം മതേതര ആശയങ്ങളെ ബലികഴിച്ച ചരിത്രമാണ് നിതീഷിന്റേത്. രാം വിലാസ് പാസ്വാന്‍ ഗുജറാത്ത് കലാപാനന്തരം ബി.ജെ.പി മുന്നണി വിട്ടത് ചൂണ്ടിക്കാട്ടി അക്കാലത്ത് നിതീഷ് കാണിച്ച കാപട്യത്തെ ലാലുപ്രസാദ് ചര്‍ച്ചക്കു വെക്കുന്നുണ്ട്. ബാബരി മസ്ജിദ് ദുരന്തത്തിനു ശേഷം കോണ്‍ഗ്രസിന്റെ കാര്യത്തില്‍ സംഭവിച്ചതു പോലെ 2002 ഗുജറാത്ത് കലാപം ബി.ജെ.പിയുടെ മുന്നണി ബന്ധങ്ങളുടെ ചരിത്രത്തിലും ഒരു നാഴികക്കല്ലായിരുന്നു. ഫെര്‍ണാണ്ടസ് ഒപ്പം നിര്‍ത്തിക്കൊടുത്ത മതേതതര സംഘടനകള്‍ ഗുജറാത്ത് കലാപത്തിനു ശേഷമാണ് ബി.ജെ.പിയില്‍ നിന്നും അകന്നത്. പക്ഷേ അക്കൂട്ടത്തില്‍ അരുമശിഷ്യന്മാരായ നിതീഷും ശരദ് യാദവും മാത്രമാണ് എന്‍.ഡി.എയില്‍ തുടരാന്‍ തീരുമാനിച്ചവര്‍. പാസ്വാന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഇത്ര സുദീര്‍ഘമായ ഒരു ഇടവേളയുണ്ടായത് 2003-ല്‍ അദ്ദേഹം മോഡിക്കെതിരെ എന്‍.ഡി.എയില്‍ ചില നിലപാടുകള്‍ സ്വീകരിച്ചതിന്റെ പേരിലായിരുന്നില്ലേ? അന്ന് നീതീഷ് രാജിവെച്ചില്ല എന്നു മാത്രമല്ല പില്‍ക്കാലത്ത് ബാനര്‍ജി കമ്മീഷനിലൂടെ ലാലു പ്രസാദ് യാദവ് നടത്തിയ പ്രമാദമായ ആ അന്വേഷണത്തിന് മടിച്ചു നിന്നതു കൊണ്ടുകൂടിയായിരുന്നു വാജ്‌പേയിക്ക് പിടിച്ചു നില്‍ക്കാനായത്. ഏതായാലും 2004-നു ശേഷം എന്‍.ഡി.എയില്‍ തുടര്‍ന്ന ഏറ്റവും പ്രധാനപ്പെട്ട മതേതരകക്ഷിയായിരുന്നു ജെ.ഡി.യു.
മാധ്യമങ്ങളുടെ ഭാഷയില്‍ പറയുമ്പോള്‍ 'ബി.ജെ.പിയെ നിതീഷ് ഒഴിവാക്കി'യതായാലും, നിതീഷിന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'വാജ്‌പേയിയുടെ കാലത്തിന്റെ പാരമ്പര്യം പുതിയ ബി.ജെ.പി കൈയൊഴിച്ച'തായാലും ഇപ്പോഴത്തെ സാഹചര്യത്തില്‍ നരേന്ദ്രമോഡിക്ക് വലിയൊരു തടസ്സം നീങ്ങിക്കിട്ടുക മാത്രമാണ് സംഭവിച്ചത്. അകത്തുള്ള ജെ.ഡി.യു ആയിരുന്നു മോഡിക്ക് കൂടുതല്‍ വലിയ തലവേദനയാകുമായിരുന്നത്. കോണ്‍ഗ്രസിന്റെ കാര്യത്തിലും അടിസ്ഥാനപരമായ ചില മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. 1992-നു ശേഷമുള്ള കോണ്‍ഗ്രസ്‌വിരുദ്ധ രാഷ്ട്രീയം വിവിധ സംസ്ഥാനങ്ങളില്‍ അവസാനിച്ച ചിത്രമാണ് പൊതുവെ കാണാനാവുന്നത്. നരേന്ദ്ര മോഡിയുടെ വരവ് ഈ ദിശയിലുള്ള നീക്കങ്ങളുടെ വേഗം കൂട്ടുന്നതും കാണാനാവും. കോണ്‍ഗ്രസിന്റെ തകര്‍ച്ചയില്‍ നിന്ന് ഉരുവംകൊണ്ട പ്രാദേശിക പാര്‍ട്ടികള്‍ ചെയ്തുകൂട്ടിയത് 1992 ഡിസംബര്‍ 6-നെ മറക്കാനും പൊറുക്കാനും വോട്ടര്‍മാരെ പ്രേരിപ്പിക്കുന്ന കാര്യങ്ങളാണ്. അതോടൊപ്പം 1992-നു ശേഷം ജനിച്ച വോട്ടര്‍മാരുടെ പുതിയൊരു തലമുറ രാജ്യത്ത് വളര്‍ന്നു വലുതാവുകയും ചെയ്തു. ബി.ജെ.പിയുടെ കാര്യത്തിലും ഏതാണ്ട് ഇതാണ് സംഭവിച്ചത്. 2002-നു ശേഷമുള്ള ബി.ജെ.പി വിരുദ്ധ രാഷ്ട്രീയത്തിന് മുന പോവുകയും നരേന്ദ്രമോഡിയുടെ വികസന മുഖം ചര്‍ച്ചയാവുകയുമാണ് ഇപ്പോള്‍. കോണ്‍ഗ്രസിനും ബി.ജെ.പിക്കും തനത് ആശയങ്ങളുടെ തുറന്ന പ്രചാരണത്തിനുള്ള അവസരമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ഇനിയുള്ള കാലത്ത് ഇന്ത്യയില്‍ രൂപപ്പെടുന്ന മുന്നണികളും ഈ അര്‍ഥത്തില്‍ സമാന മനസ്‌കരുടേതായിരിക്കും.
ബിഹാറിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മാത്രമാണ് നിതീഷിനെ ആശങ്കപ്പെടുത്തിയത്. കോണ്‍ഗ്രസുമായി ദേശീയ സഖ്യമുണ്ടാക്കുന്നതിനെ കുറിച്ച് അദ്ദേഹം ഇതുവരെ സംസാരിച്ചിട്ടില്ല. സംസ്ഥാനത്ത് തനിക്ക് പിന്തുണ തന്ന കോണ്‍ഗ്രസ് അംഗങ്ങളെ അദ്ദേഹം മന്ത്രിസഭയിലെടുത്തേക്കാമെങ്കിലും ദേശീയതലത്തില്‍ യു.പി.എയില്‍ ചേരുന്ന കാര്യം ഇതുവരെ നിതീഷ് വിട്ടുപറഞ്ഞിട്ടില്ല. നിതീഷിനെ പ്രശംസിക്കാനും ബിഹാര്‍ ഭരണത്തെ പുകഴ്ത്താനുമായി കേന്ദ്രമന്ത്രിമാരുടെ ഒരു ബറ്റാലിയന്‍ തന്നെ ഇതിനകം ബിഹാറില്‍ സന്ദര്‍ശനത്തിനെത്തി കഴിഞ്ഞു. ദേശീയതലത്തിലേക്ക് നിതീഷ്-കോണ്‍ഗ്രസ് സഖ്യം വ്യാപിപ്പിക്കുമെങ്കില്‍ ലാലു പ്രസാദ് യാദവിന്റെയും രാംവിലാസ് പാസ്വാന്റെയും മുന്നണി സ്വാഭാവികമായും തകരും. മഹാരാജ്ഗഞ്ച് തെരഞ്ഞെടുപ്പിനു ശേഷം ലാലുവിന്റെ ഒ.ബി.സി ദലിത് സഖ്യത്തിലേക്ക് ആകൃഷ്ടരായി തുടങ്ങിയ ഭൂമിഹാര്‍രജപുത് സമുദായങ്ങള്‍ നേരിയ തോതില്‍ ആശയക്കുഴപ്പത്തിലാവുകയാണ്. ഒരുപക്ഷേ അവര്‍ വീണ്ടും നിതീഷ്-കോണ്‍ഗ്രസ് മുന്നണിയെ പരിഗണിച്ചേക്കാം. അങ്ങനെയൊരു സാധ്യതയുണ്ടായാല്‍ ബി.ജെ.പിക്കുമുണ്ട് അപ്രതീക്ഷിതമായ ചില നഷ്ടങ്ങള്‍. ദലിതരുടെ സഖ്യം നഷ്ടമാവുമ്പോഴും സവര്‍ണരുടെ പിന്തുണ ലഭിക്കുമെന്ന ബി.ജെ.പിയുടെ പ്രതീക്ഷയാണ് തകരുന്നത്. ബിഹാറില്‍ നേട്ടമുണ്ടായാലുമില്ലെങ്കിലും കോണ്‍ഗ്രസിന് മറ്റു സംസ്ഥാനങ്ങളില്‍ പിന്നാക്ക, ന്യൂനപക്ഷ സംഘടനകളുടെ കൂടുതല്‍ പിന്തുണ ലഭിക്കാന്‍ നരേന്ദ്ര മോഡി കാരണമാകുന്ന സ്ഥിതിക്ക് അവര്‍ക്കുമുണ്ട് നേട്ടം.
എന്തായാലും ബി.ജെ.പി വിട്ടതിനെ കുറിച്ച് നിതീഷിന്റെ അവകാശവാദങ്ങള്‍ പാതി മാത്രമേ ഇപ്പോഴും വിശ്വാസയോഗ്യമായിട്ടുള്ളൂ. നിതീഷ് കുമാര്‍ മറുപടി പറയേണ്ടുന്ന ചില ചോദ്യങ്ങളുണ്ട്. കോണ്‍ഗ്രസിന്റെ കാര്യത്തില്‍ നിതീഷ് ഇപ്പോഴും നിലപാടെടുക്കാത്തതു കൊണ്ടാണ് ഈ ചോദ്യങ്ങള്‍ പ്രസക്തമാവുന്നത്. മഹാരാജ് ഗഞ്ച് ഇടക്കാല തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം സവര്‍ണ വോട്ടുകള്‍ കൈവെടിയാനാരംഭിച്ച സാഹചര്യത്തില്‍ എന്താണ് സഖ്യമുപേക്ഷിച്ചതിലൂടെ ജെ.ഡി.യുവിനുള്ള പ്രത്യക്ഷ നേട്ടം? ബി.ജെ.പിക്കെതിരെ മറുപക്ഷത്ത് ലാലുവിനെയും സ്വന്തത്തെയും (സഖ്യമുണ്ടാക്കുന്നില്ലെങ്കില്‍ കോണ്‍ഗ്രസിനെയും) രണ്ടു കോണുകളില്‍ പ്രതിഷ്ഠിച്ച് എങ്ങനെയാണ് നിതീഷ് കുമാര്‍ നരേന്ദ്ര മോഡിയെ തോല്‍പ്പിക്കാന്‍ പോകുന്നത്? ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ മുസ്‌ലിം വോട്ടുകളും മതേതര വോട്ടുകളും ചിതറുകയല്ലേ അതിലൂടെ സംഭവിക്കാന്‍ പോകുന്നത്? അതല്ലെങ്കില്‍ വ്യക്തമായി ദേശീയതലത്തില്‍ കോണ്‍ഗ്രസ് മുന്നണി എന്ന ആശയത്തിന് നിതീഷ് പിന്തുണ പ്രഖ്യാപിക്കേണ്ടിയിരുന്നു. യു.പിയിലും എം.ബി.സി സവര്‍ണ സഖ്യമെന്ന തന്റെ രാഷ്ട്രീയ മുദ്രാവാക്യം സമര്‍ഥമായി ഉപയോഗപ്പെടുത്താനും കോണ്‍ഗ്രസിന്റെ സാധ്യതകള്‍ മെച്ചപ്പെടുത്താനും നിതീഷ് തയാറാവണമായിരുന്നു. പക്ഷേ, കിട്ടിയേടത്തോളം റിപ്പോര്‍ട്ടുകളനുസരിച്ച് നിതീഷ് ഇപ്പോഴും മൂന്നാം മുന്നണിയെന്ന സ്വപ്‌നത്തെയാണ് ദേശീയതലത്തില്‍ താലോലിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയശ്രീലാളിതമാവാനുള്ള സാധ്യതയെ നിതീഷ് പരീക്ഷണത്തിനു വിടുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ബി.ജെ.പിയെ എതിരിടുകയാണ് നിതീഷ് ചെയ്യുന്നതെങ്കില്‍ എത്രയും പെട്ടെന്ന് പുതിയ സഖ്യം പ്രഖ്യാപിച്ച് സംസ്ഥാന അസംബ്ലി പിരിച്ചുവിട്ട് നരേന്ദ്ര മോഡിയെ ബിഹാറിലേക്ക് വെല്ലുവിളിച്ച് കരുത്ത് തെളിയിക്കുകയാണ് നിതീഷ് ചെയ്യേണ്ടിയിരുന്നത്. പക്ഷേ തത്ത്വത്തില്‍ ലാലുവിനെ മാത്രമാണ് നിതീഷ് നേര്‍ക്കു നേരെ എതിരിടുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിതീഷിനും ലാലുവിനും കോണ്‍ഗ്രസിനുമിടയില്‍ മുസ്‌ലിം വോട്ടുബാങ്ക് ആശയക്കുഴപ്പത്തിലാവുമെങ്കിലും 2015-ല്‍ നടക്കുന്ന ബിഹാര്‍ അസംബ്ലി തെരഞ്ഞെടുപ്പില്‍ നിതീഷിന് അല്‍പ്പം കൂടി സമയം ലഭിക്കും. മൂന്നാം മുന്നണി സത്യമാവുമെങ്കില്‍ അതിനോടൊപ്പമോ അത് പരാജയമാണെങ്കില്‍ ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുകയോ എന്‍.ഡി.എയിലേക്ക് തിരിച്ചു പോവുകയോ ഒക്കെ ചെയ്യാനുമാവും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 87-91
എ.വൈ.ആര്‍