Prabodhanm Weekly

Pages

Search

2013 ജൂലായ് 12

അത് വെറുമൊരു കപ്പലല്ല / ഗസ്സ പ്രതിരോധത്തിന്റെ പാഠശാല-17

യാത്ര / സി. ദാവൂദ്‌

ത്വാലി ഫഹീമയെ പരിചയപ്പെടാം. മൊറോക്കോയില്‍ നിന്ന് കുടിയേറിപ്പാര്‍ത്ത ഇസ്രയേലി ജൂത കുടുംബത്തിലെ അംഗം. ഫേസ്ബുക്കില്‍ പൗരത്വമെടുത്ത കാലം മുതല്‍ ഈ ലേഖകന്റെ സുഹൃത്താണ്. ഇസ്രയേലിലെ അറിയപ്പെട്ട ഇടതുപക്ഷ ആക്റ്റിവിസ്റ്റ്. ഫലസ്ത്വീന്‍ അനുകൂല നിലപാടുകളുടെ പേരില്‍ പലപ്പോഴും വിവാദ നായികയാവുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അവരുടെയൊരു സന്ദേശം വന്നു. ''ഒരുപാട് നാളത്തെ പ്രയാസങ്ങള്‍ക്ക് ശേഷം എനിക്കൊരു ആണ്‍കുഞ്ഞ് പിറന്നു. സന്തോഷം. ശൈഖ് റാഇദ് സലാഹ് കുഞ്ഞിനെ കാണാന്‍ വന്നത് അതിലും സന്തോഷം.'' ശൈഖ് റാഇദ് സലാഹിനെ കുറിച്ച് മുമ്പ് ഈ പരമ്പരയില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇസ്രയേലിനകത്തെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സാരഥി. ഫഹീമക്ക് ശൈഖ് റാഇദ് സലാഹ് അവരുടെ ഏറ്റവും വലിയ ഹീറോ ആണ്. അവരുടെ ഫേസ്ബുക്ക് പേജിന്റെ കവര്‍ഫോട്ടോ റാഇദ് സലാഹ് ആണ്. ജൂത കുടുംബത്തില്‍ പിറന്ന, ഇടതുപക്ഷ ആക്റ്റിവിസ്റ്റായ ഒരു യുവതി ഇസ്‌ലാമിക പ്രസ്ഥാന നേതാവില്‍ ഇത്രമാത്രം ആകൃഷ്ടയാവുന്നതെങ്ങനെ? ഉത്തരം മാവി മര്‍മരയാണ്.
ഗസ്സ ഉപരോധം ലംഘിക്കാന്‍ പുറപ്പെട്ട മാവി മര്‍മര കപ്പലില്‍ കയറിയ 590 ഓളം വരുന്ന ആക്റ്റിവിസ്റ്റുകളില്‍ ഒരാളായിരുന്നു ത്വാലി ഫഹീമ. ശൈഖ് റാഇദ് സലാഹും ആ കപ്പലിലുണ്ടായിരുന്നു. 2010 മെയ് 31-നാണ്, ഗസ്സയെ ലക്ഷ്യമാക്കി നീങ്ങവെ മെഡിറ്ററേനിയന്‍ കടലില്‍ അന്താരാഷ്ട്ര ജലമേഖലയില്‍ വെച്ച് ഇസ്രയേലി സൈന്യം ആ കപ്പലിനെ ആക്രമിക്കുന്നത്. ഒമ്പത് പേര്‍ ആ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സംത്രാസം നിറഞ്ഞ ആ സന്ദര്‍ഭങ്ങളില്‍ കപ്പലിലുള്ളവര്‍ക്ക് ധീരമായ നേതൃത്വം നല്‍കുകയും സമചിത്തതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയും ചെയ്തയാളായിരുന്നു ശൈഖ് റാഇദ് സലാഹ്. മറ്റു പലരെയും പോലെ ഫഹീമയും ശൈഖിന്റെ വ്യക്തിത്വത്തില്‍ ആകൃഷ്ടയായി. ഇസ്രയേലില്‍ തിരിച്ചെത്തിയ ശേഷം ജൂണില്‍ തന്നെ അവര്‍ തന്റെ ഇസ്‌ലാമാശ്ലേഷം പ്രഖ്യാപിച്ചു. ശൈഖ് റാഇദ് സലാഹ് ആണ് അതിന് ശേഷം അവരുടെ നായകന്‍.
ഗസ്സ ബീച്ചിലെ മാവി മര്‍മരാ സ്മാരക സ്തൂപത്തിനടുത്ത് നില്‍ക്കവെ, കൂടെയുള്ള ഷെഹിന്‍ പ്രത്യേകമായ താല്‍പര്യത്തോടെ വ്യത്യസ്ത ആംഗിളുകളില്‍ അതിന്റെ പടം എടുത്തുകൊണ്ടേയിരിക്കുന്നു. മാവി മര്‍മരാ ആക്രമണത്തില്‍ രക്തസാക്ഷികളായ ഒമ്പതാളുകളുടെയും പേരുകള്‍ ആ സ്തൂപത്തില്‍ ആലേഖനം ചെയ്തിട്ടുണ്ട്. ആ നാമഫലകങ്ങളാണ് അവന്‍ ക്യാമറയില്‍ പകര്‍ത്തുന്നത്. അവരില്‍ ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഫുര്‍ഖാന്‍ ദോഗന്‍ -19 വയസ്സ്. ഷെഹിന്‍ തന്റെ രണ്ടാമത്തെ കുഞ്ഞിന് ഫുര്‍ഖാന്‍ എന്ന് പേരിട്ടത് അവന്റെ ഓര്‍മയിലാണ്. തുര്‍ക്കിയിലെ ഗാസിയാന്‍ടോപ്പിലുള്ള ഫുര്‍ഖാന്റെ ഖബ്‌റിടം അവന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. മാവി മര്‍മരയോടൊപ്പം ഫുര്‍ഖാനും ലോകമെങ്ങും ഒരു പോരാട്ട ബിംബമാവുകയായിരുന്നു.
ഗസ്സയിലേക്കുള്ള യാത്രകള്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായിരിക്കെ തന്നെ, സൂക്ഷ്മമായ ആത്മീയ പ്രകാശനങ്ങളും വ്യക്തിബന്ധങ്ങളും സഹചാരിബോധങ്ങളും അത് ഉല്‍പാദിപ്പിക്കുന്നതിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഏഷ്യാ ടു ഗസ്സ കാരവാനിലെ ഇന്തോനേഷ്യക്കാരനായ ഒരു ചെറുപ്പക്കാരന്‍ ഗസ്സ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥിയായി ചേര്‍ന്നത് കാണാന്‍ കഴിഞ്ഞു. ഇതേ യാത്രാ സംഘത്തിലെ അംഗമായിരുന്നു ദല്‍ഹി ജാമിയ മില്ലിയയിലെ ഗവേഷണ വിദ്യാര്‍ഥി ഉത്തര്‍പ്രദേശുകാരനായ ബദര്‍ ഖാന്‍ സൂരി. രണ്ടാഴ്ച മുമ്പ് അവന്റെ വിവാഹം നടന്നു; ഗസ്സയില്‍ വെച്ച്. ഗസ്സയിലെ ആഭ്യന്തര ഉപമന്ത്രി അബൂയൂസുഫിന്റെ മകളെയാണ് സൂരി തന്റെ ജീവിതപങ്കാളിയായി തെരഞ്ഞെടുത്തിരിക്കുന്നത്. അങ്ങനെ ഇന്ത്യക്ക് ഗസ്സയില്‍ നിന്ന് ഒരു മരുമകളെ ലഭിച്ചിരിക്കുന്നു.
ഇടതുപക്ഷക്കാരും ഇസ്‌ലാമിസ്റ്റുകളും നവസാമൂഹിക പ്രവര്‍ത്തകരുമെല്ലാം തമ്മിലുള്ള ആത്മബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്ന വേദികളായിരുന്നു ഗസ്സയിലേക്കുള്ള യാത്രകള്‍. മാവി മര്‍മര ഉള്‍പ്പെടുന്ന ഗസ്സ ഫ്രീഡം ഫ്‌ളോട്ടില അതില്‍ ഏറ്റവും പ്രധാനം. ഗസ്സയിലേക്കുള്ള യാത്രാ സംഘങ്ങളില്‍ ഏറ്റവും വലുതും അതായിരുന്നല്ലോ. എട്ട് കപ്പലുകളടങ്ങുന്ന സംഘമായിരുന്നു അത്. അതില്‍ രണ്ടെണ്ണം യാത്ര തുടങ്ങിയപ്പോള്‍ തന്നെ യന്ത്രത്തകരാറുകള്‍ കാരണം കാന്‍സല്‍ ചെയ്യേണ്ടി വന്നു. ഇസ്രയേലി അട്ടിമറിയാണിതെന്ന് വിശ്വസിക്കുന്നു പലരും. 2010 മെയ് 30-നാണ് അവ സൈപ്രസ് തീരത്ത് നിന്ന് ഗസ്സയെ ലക്ഷ്യമാക്കി പുറപ്പെടുന്നത്. മെയ് 31-നാണ് സംഘത്തിലെ ഏറ്റവും വലിയ കപ്പലായ മാവി മര്‍മര ആക്രമിക്കപ്പെടുന്നത്. അന്താരാഷ്ട്ര ജലമേഖലയില്‍ കപ്പല്‍ തടഞ്ഞ ഇസ്രയേല്‍ സൈന്യം കപ്പലുകളെ തെക്കന്‍ ഇസ്രയേല്‍ തുറമുഖ നഗരമായ അഷ്‌ദോദിലേക്ക് അടുപ്പിക്കാന്‍ നിര്‍ദേശം നല്‍കി. കപ്പലിലെ ചരക്കുകള്‍ പരിശോധനക്ക് ശേഷം ഗസ്സയിലേക്ക് കൈമാറാമെന്നതായിരുന്നു ഇസ്രയേലിന്റെ വാഗ്ദാനം. എന്നാല്‍, ഗസ്സയിലേക്ക് ചരക്കുകള്‍ കൈമാറുകയെന്നത് മാത്രമായിരുന്നില്ല യാത്രാ സംഘത്തിന്റെ ലക്ഷ്യം. ഗസ്സക്ക് മേല്‍ അടിച്ചേല്‍പിക്കപ്പെട്ട അന്യായമായ ഉപരോധം ജനകീയ ഇടപെടലിലൂടെ ലംഘിക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യമായിരുന്നു അവര്‍ക്ക് പ്രധാനം. ഇസ്രയേലി നിര്‍ദേശം അനുസരിക്കാതിരുന്ന കപ്പലുകളെ സൈന്യം തടഞ്ഞു. നായക കപ്പലായ മാവി മര്‍മരയിലേക്ക് ഹെലികോപ്ടര്‍ വഴി പ്രവേശിച്ചു. ചെറുത്തു നിന്ന നിരായുധരായ യാത്രികര്‍ക്ക് നേരെ നടത്തിയ വെടിവെപ്പിലാണ് ഒമ്പത് പേര്‍ രക്തസാക്ഷികളാവുന്നത്. കപ്പലുകളെ മുഴുവന്‍ കസ്റ്റഡിയിലെടുത്ത ഇസ്രയേല്‍ അവയെ അഷ്‌ദോദിലേക്ക് കൊണ്ടുപോയി.
മാവി മര്‍മരാ ആക്രമണം ഗസ്സ ഉപരോധത്തിനെതിരായ സാര്‍വദേശീയ പ്രസ്ഥാനത്തെ കൂടുതല്‍ ശക്തമാക്കി. 43 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ആ യാത്രാ സംഘത്തിലുണ്ടായിരുന്നു (ഇന്ത്യയില്‍ നിന്ന് ആരുമില്ല!). പത്രപ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, സിനിമാ പ്രവര്‍ത്തകര്‍, ആക്റ്റിവിസ്റ്റുകള്‍, ചിത്രകാരന്മാര്‍, അഭിഭാഷകര്‍, നഴ്‌സുമാര്‍.... എന്നിങ്ങനെ വിവിധ മേഖലകളില്‍ പണിയെടുക്കുന്ന ആളുകള്‍. അമേരിക്കന്‍ ചിന്തകനായ പോള്‍ ലറൂദി മുതല്‍ ഇസ്‌ലാമിസ്റ്റ് നേതാവായ ശൈഖ് റാഇദ് സലാഹ് വരെ. സിറിയയിലെ ഗ്രീക് കാതലിക് ചര്‍ച്ചിന്റെ മുന്‍ ആര്‍ച്ച് ബിഷപ് ഹിലാരിയോന്‍ കപൂച്ചി, ഇസ്രയേലി പാര്‍ലമെന്റ് അംഗമായ ഹനീന്‍ സൂബി, ബ്രസീലിയന്‍ സിനിമാ സംവിധായക ലാറാ ലീ, തുര്‍ക്കിയുടെ മുന്‍ തൈക്കാണ്ടോ താരം അലി അക്ബര്‍ യാരാതില്‍മിസ്, ഇറാഖിലെയും മൗറിത്താനിയയിലെയും മുന്‍ അമേരിക്കന്‍ അംബാസഡര്‍ എഡ്‌വാര്‍ഡ് പെക് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന മേഖലകളില്‍ നിന്നുള്ള അറുനൂറിലേറെ ആളുകള്‍. അതില്‍ 590 പേരും മാവി മര്‍മരാ കപ്പലില്‍ തന്നെയായിരുന്നു.
ഐ.എച്ച്.എച്ച്1 എന്ന തുര്‍ക്കി സന്നദ്ധ സംഘടനയായിരുന്നു യാത്രയുടെ സംഘാടകര്‍. യാത്രികരില്‍ മഹാഭൂരിപക്ഷവും (380) തുര്‍ക്കിക്കാര്‍ തന്നെയായിരുന്നു. രക്തസാക്ഷികളായവരെല്ലാം തുര്‍ക്കി പൗരന്മാര്‍. 19-കാരനായ ഫുര്‍ഖാന്‍ ദോഗന്‍ തുര്‍ക്കി വംശജനാണെങ്കിലും അമേരിക്കന്‍ പൗരത്വമുണ്ട്. മെഡിസിന് പഠിക്കാന്‍ ആഗ്രഹിച്ച മിടുക്കനായ വിദ്യാര്‍ഥിയായിരുന്നു ഫുര്‍ഖാന്‍. സ്വന്തം ഇഷ്ടപ്രകാരമാണ് അവന്‍ ഗസ്സ യാത്രയില്‍ പങ്കാളിയായത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം അഞ്ച് വെടിയുണ്ടകളാണ് അവനേറ്റത്- എല്ലാം 45 സെന്റീമീറ്റര്‍ അകലത്ത് നിന്ന്. കൊല്ലപ്പെടുന്നതിന് തൊട്ട് മുമ്പ് ഡയറിയില്‍ അവന്‍ കുറിച്ചിട്ട വാചകങ്ങള്‍ ഇങ്ങനെ: ''ഇന്‍ശാ അല്ലാഹ്, രക്തസാക്ഷിത്വത്തിലേക്കുള്ള അവസാന നിമിഷങ്ങളിലാണ് ഞാനിപ്പോള്‍. ഞാന്‍ ആലോചിക്കുകയാണ്; രക്തസാക്ഷിത്വത്തെക്കാള്‍ സുന്ദരമായ വല്ലതും ഈ ലോകത്തുണ്ടോ? എന്റെ ഉമ്മ മാത്രമായിരിക്കും അതെക്കാള്‍ സുന്ദരമായിട്ടുള്ളത്. പക്ഷേ, എനിക്കുറപ്പില്ല; ഉമ്മയോ രക്തസാക്ഷിത്വമോ-ഏതാണ് ഏറ്റവും സുന്ദരമായിട്ടുള്ളത്? ഒരു താരതമ്യം പ്രയാസകരം തന്നെ.''
മാവി മര്‍മര തുര്‍ക്കി സര്‍ക്കാര്‍ അയച്ച ഔദ്യോഗിക കപ്പല്‍ അല്ലെങ്കിലും തങ്ങളുടെ പൗരന്മാര്‍ കൊല്ലപ്പെട്ടത് തുര്‍ക്കി ഗൗരവത്തിലെടുത്തു. മേഖലയില്‍ ഇസ്രയേലിന് ഔദ്യോഗിക നയതന്ത്ര ബന്ധങ്ങളുള്ള അപൂര്‍വം രാജ്യങ്ങളിലൊന്നായിരുന്നു തുര്‍ക്കി. അവര്‍ തെല്‍അവീവില്‍ നിന്ന് തങ്ങളുടെ അംബാസഡറെ തിരിച്ചു വിളിച്ചു. അങ്കാറയിലെ ഇസ്രയേല്‍ അംബാസഡറെ പറഞ്ഞയച്ചു. പ്രധാന മന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അടക്കമുള്ള തുര്‍ക്കി നേതാക്കള്‍ ഇസ്രയേലിനെതിരെ രൂക്ഷമായി രംഗത്തുവന്നു. തുര്‍ക്കി ജനത തെരുവിലിറങ്ങി. അറബ്-മുസ്‌ലിം ജനതയൊന്നടങ്കം തുര്‍ക്കിയോടൊപ്പം നിന്ന നാളുകള്‍. ഗസ്സയും ഗസ്സ ഉപരോധവും ലോക മനസ്സാക്ഷിയില്‍ കൂടുതല്‍ ആഴത്തില്‍ തറക്കാന്‍ മാവി മര്‍മര ആക്രമണം ഉപകരിച്ചു. ഗസ്സക്ക് വേണ്ടി വല്ലതും ചെയ്തില്ലെങ്കില്‍ മുസ്‌ലിം സാമാന്യത്തിന് മുന്നില്‍ ഒറ്റപ്പെട്ടു പോകുമെന്ന വിചാരം അറബ് ഭരണാധികാരികള്‍ക്കിടയില്‍ കലശലായി. തുര്‍ക്കി തങ്ങളെ തോല്‍പിച്ചു കളയുമോ എന്ന് ഭയന്നിട്ടാണെങ്കിലും ഗസ്സയോടൊപ്പം നില്‍ക്കുന്നുവെന്ന് ഭാവിക്കാന്‍ അവരില്‍ പലരും പലതും ചെയ്തു തുടങ്ങി.
നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാന്‍ ഇസ്രയേല്‍ മാപ്പു പറയുക, നഷ്ടപരിഹാരം നല്‍കുക, ഗസ്സ ഉപരോധം പിന്‍വലിക്കുക എന്നീ മൂന്ന് ഉപാധികള്‍ തുര്‍ക്കി മുന്നോട്ട് വെച്ചു. മൂന്നും അംഗീകരിക്കാതിരുന്ന ഇസ്രയേലിന് 2013 ആകുമ്പോഴേക്ക് എല്ലാം അംഗീകരിക്കേണ്ടി വന്നു. മാവി മര്‍മര ആക്രമണത്തിന് ശേഷം ഗസ്സ ഉപരോധം പല നിലയിലും വേണ്ടത്ര ഫലവത്തായില്ല. മുസ്‌ലിം ലോകത്തുനിന്നുള്ള ജനകീയ ഇടപെടലുകള്‍ പതിന്മടങ്ങ് വര്‍ധിച്ചു. 2013 ജനുവരിയില്‍ മുഹമ്മദ് മുര്‍സിയുടെ മധ്യസ്ഥതയിലുണ്ടാക്കിയ ഹമാസ്-ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാറും ഫലത്തില്‍ ഗസ്സ ഉപരോധത്തെ അപ്രസക്തമാക്കി. 2013 മാര്‍ച്ച് 22-ന് ഇസ്രയേല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തുര്‍ക്കിയോട് ഔദ്യോഗികമായി മാപ്പു പറഞ്ഞു. നഷ്ടപരിഹാര തുക നിശ്ചയിക്കാനുള്ള ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.
ഒരേ സമയം ഗസ്സയെയും തുര്‍ക്കിയെയും ലോക മുസ്‌ലിം ഭൂപടത്തില്‍ കടും വര്‍ണത്തില്‍ അടയാളപ്പെടുത്തിയ സംഭവമായിരുന്നു മാവി മര്‍മര. ഒരു സന്നദ്ധ സംഘടനയുടെ ഇടപെടല്‍ ലോക രാഷ്ട്രീയത്തില്‍ തന്നെ വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഉദാഹരണം. മാവി മര്‍മരക്ക് ശേഷം മെഡിറ്ററേനിയന്‍ കടലില്‍ ഒരുപാട് തിരകള്‍ പിന്നെയുമടിച്ചു. അപ്പോഴേക്കും പശ്ചിമേഷ്യയുടെ ചിത്രം തന്നെ മാറിക്കഴിഞ്ഞിരുന്നു. അറബ് വസന്തം സംഭവിച്ചു. ഗസ്സയോട് അനുഭാവമുള്ള ഭരണകൂടങ്ങള്‍ ഈജിപ്തിലും തുനീഷ്യയിലും ലിബിയയിലും രൂപം കൊണ്ടു. ഗസ്സക്കാരോടൊപ്പം നിന്ന തുര്‍ക്കിയും ഖത്തറും ലോക രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തികളായി മാറി. ഹമാസ് നേതാക്കള്‍ വിവിധ രാഷ്ട്ര തലസ്ഥാനങ്ങളില്‍ സ്വീകരിക്കപ്പെട്ടു. അറബ് രാഷ്ട്ര നേതാക്കളില്‍ പലരും ഗസ്സ സന്ദര്‍ശിച്ചു. ഹമാസിനെ ഒറ്റപ്പെടുത്താന്‍ തുടങ്ങിയ ഉപരോധം അതിനെ കൂടുതല്‍ ശക്തമാക്കുന്നതിലേക്ക് നയിച്ചു. തീര്‍ച്ചയായും മാവി മര്‍മര അതില്‍ വഹിച്ച പ്രതീകപരമായ പങ്ക് അതിനിര്‍ണായകമാണ്.
മാവി മര്‍മര ഇപ്പോള്‍ ഇസ്തംബൂള്‍ ഹാര്‍ബറില്‍ വിശ്രമത്തിലാണ്. 2010 ഡിസംബര്‍ 26-നാണ് അത് അവിടെ തിരിച്ചെത്തിയത്. പതിനായിരങ്ങളാണ് ആ കപ്പലിനെ സ്വീകരിക്കാന്‍ ഹാര്‍ബറില്‍ അന്ന് ഒത്തുചേര്‍ന്നത്. ഇന്ന് ഒരു സ്മാരകമായി അത് അവിടെ സൂക്ഷിച്ചിരിക്കുന്നു, തുഴഞ്ഞെത്തിയ പോരാളികളുടെ ഓര്‍മക്കായി. 2012 ജനുവരി രണ്ടിന് ഗസ്സയിലെ ഹമാസ് പ്രധാന മന്ത്രി ഇസ്മാഈല്‍ ഹനിയ്യ ഇസ്തംബൂളിലെത്തി മാവി മര്‍മര സന്ദര്‍ശിച്ചു. ക്യാപ്റ്റന്റെ മുറിയില്‍ കയറിയ ഹനിയ്യ പ്രസ്താവിച്ചു: ''അല്ലയോ ഇസ്രയേല്‍, മാവി മര്‍മരയെ ഗസ്സയിലെത്താന്‍ നിങ്ങള്‍ സമ്മതിച്ചില്ല. എന്നാല്‍ ഇന്ന്, ഗസ്സ മാവി മര്‍മരയിലെത്തിയിരിക്കുന്നു.''
സത്യത്തില്‍ മാവി മര്‍മര പൊരുതുന്ന മുഴുവന്‍ മനുഷ്യരുടെയും ആത്മവിലേക്കാണ് തുഴഞ്ഞു കയറിയത്. അതിന്റെ ത്രസിക്കുന്ന ഓര്‍മകളുമായി ഇതാ ഇവിടെ, ഗസ്സയിലെ ഈ മണല്‍പരപ്പില്‍ സുന്ദരമായ ഈ സ്തൂപം.
(തുടരും)

അടിക്കുറിപ്പ്: 1. ഐ.എച്ച്.എച്ച്: തുര്‍ക്കി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക സന്നദ്ധ സംഘടന. Insan Hak ve Hurriyetleri ve Insani Yardim Vakfi എന്നു മുഴുവന്‍ പേര്. ഇന്ത്യയടക്കം രണ്ട് ഡസനോളം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. എ.കെ പാര്‍ട്ടിയോട് അനുഭാവം പുലര്‍ത്തുന്നവരാണ് ഐ.എച്ച്.എച്ചിന്റെ സാരഥികള്‍. ഉര്‍ദുഗാന്‍ ഭരണകൂടത്തിന്റെ പിന്തുണ ഇവര്‍ക്കുണ്ട്. മ്യാന്‍മറിലെ റോഹിങ്ക്യാ മുസ്‌ലിംകളെ ബുദ്ധ വംശീയ വാദികള്‍ കൂട്ടക്കൊല ചെയ്തപ്പോള്‍ അവിടെ ആദ്യമെത്തിയ സന്നദ്ധ സംഘടന ഐ.എച്ച്.എച്ച് ആണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 87-91
എ.വൈ.ആര്‍