Prabodhanm Weekly

Pages

Search

2013 ജൂലായ് 12

മുഖ്യമുന്നണികളുടെ പരാജയം, മൂന്നാം മുന്നണി വരുമോ?

എ.ആര്‍

പതിനാറാം ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം ആദ്യത്തിലോ ഇക്കൊല്ലം അവസാനത്തില്‍തന്നെയോ പ്രതീക്ഷിക്കുമ്പോള്‍ ദേശീയ രാഷ്ട്രീയത്തിലെ ഇളക്കങ്ങള്‍ക്ക് ഗതിവേഗം കൂടുകയാണ്. ഭരണത്തിന്റെ രണ്ടാമൂഴം പൂര്‍ത്തിയാക്കുന്ന യു.പി.എ കനത്ത തിരിച്ചടികള്‍ക്ക് ശേഷവും മൂന്നാമൂഴം തരപ്പെടുത്താന്‍ തന്ത്രങ്ങളാവിഷ്‌കരിക്കുന്ന തിരക്കിലാണ്. മറുവശത്ത് തുടര്‍ച്ചയായി രണ്ടവസരങ്ങള്‍ നഷ്ടപ്പെടുത്തിയ എന്‍.ഡി.എ ഒരു തിരിച്ചുവരവിനു വേണ്ടി സര്‍വതന്ത്രങ്ങളും പയറ്റുന്നു. 2ജി സ്‌പെക്ട്രം, ആദര്‍ശ് ഫ്‌ളാറ്റ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഹെലികോപ്റ്റര്‍ ഇടപാട്, കല്‍ക്കരി തുടങ്ങിയ അതിഭീമമായ അഴിമതി ആരോപണങ്ങള്‍ ഒന്നിന് പിറകെ ഒന്നായി വേട്ടയാടിയ മന്‍മോഹന്‍ സര്‍ക്കാറിന് സ്വാഭാവികമായും ഇനിയൊരവസരം കൂടി നല്‍കാന്‍ ജനങ്ങള്‍ മടിക്കും. അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട അഴിമതിവിരുദ്ധ പ്രക്ഷോഭം വന്‍ ജനകീയ പ്രസ്ഥാനമായി വളരാനുള്ള സാധ്യത നിലനില്‍ക്കെ, തണുപ്പിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ലോക്പാല്‍ ബില്‍ യഥേഷ്ടം വെള്ളം ചേര്‍ത്തു നേര്‍പ്പിച്ചിട്ടുപോലും പാസ്സാക്കാനാവാതെ പാര്‍ലമെന്റ് പിരിയാന്‍ പോവുന്നു. നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ വാശിയോടെ നടപ്പാക്കാന്‍ തുനിഞ്ഞിറങ്ങിയ ചിദംബരം ടീം സബ്‌സിഡികള്‍ ഒന്നൊന്നായി പിന്‍വലിച്ച് ദരിദ്രജനകോടികളെ ദുരിതക്കയത്തിലാഴ്ത്തുന്ന സാമ്പത്തിക പരിഷ്‌കരണ പരിപാടികള്‍ നിഷ്‌കരുണം തുടരുന്നു. കുത്തകകള്‍ക്ക് വേണ്ടി പെട്രോളിയം ഉല്‍പന്ന വില നിര്‍ണയിക്കാനുള്ള അവകാശം വിപണിക്ക് വിട്ടുകൊടുത്തതിന്റെ ഫലമായി പൊതുഗതാഗത സംവിധാനം വരെ കടുത്ത പ്രതിസന്ധി നേരിടുന്നു. എണ്ണ വില കൊണ്ട് അമ്മാനമാടാന്‍ തടസ്സം നിന്നതിന്റെ പേരില്‍ പെട്രോളിയം മന്ത്രാലയത്തിന്റെ ചുമതലയേറ്റവരെ രായ്ക്കുരാമാനം താഴെ ഇറക്കുന്നു. കുത്തകകളുടെ മാനസപുത്രന്മാര്‍ മതി എണ്ണ മന്ത്രാലയത്തിന് എന്നത് മന്‍മോഹന്‍ സര്‍ക്കാറിന്റെ അചഞ്ചല തീരുമാനമാണ്. വിപണിയില്‍ അവശ്യ സാധന വില കുതിച്ചുയരുന്നതില്‍ ഒരു വിധ ബേജാറും ഭരണാധികാരികള്‍ക്കില്ല. ശരാശരി ഗ്രാമവാസിക്ക് ദിവസവരുമാനം 17 രൂപയും നഗരവാസിക്ക് 23 രൂപയും ആണെങ്കിലെന്ത്? അശ്രീകരങ്ങള്‍ പട്ടിണി കിടന്ന് ചത്തൊടുങ്ങട്ടെ, ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ മാത്രമാണ് ലോകതലത്തില്‍ പിടിച്ചുനില്‍ക്കുന്നതെന്ന അര്‍ഥശൂന്യമായ പെരുമ്പറ മതി. അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വില ചരിത്രത്തിലേറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പ് കുത്തിയിട്ടും അത് താല്‍ക്കാലിക പ്രതിഭാസം മാത്രമാണെന്ന വ്യാജാശ്വാസത്തില്‍ അഭയം പ്രാപിക്കുന്നു ധനമന്ത്രി ചിദംബരം ചെട്ടിയാര്‍. മഹാ വിപ്ലവമായി കൊണ്ടുവന്ന ഭക്ഷ്യസുരക്ഷ ബില്‍ 'പാണന്റെ പോത്ത് പൂട്ടാതെ ചാവും' എന്ന പഴമൊഴി പോലെ അട്ടത്ത് കിടപ്പാണ്.
എല്ലാം പൊറുക്കാമായിരുന്നു ക്രമസമാധാനമെങ്കിലും ഒരുവക തൃപ്തികരമായിരുന്നെങ്കില്‍. ജനസംഖ്യയില്‍ പാതിവരുന്ന സ്ത്രീകള്‍ക്ക്-അവര്‍ ശിശുക്കളോ ബാലികമാരോ കുമാരികളോ യുവതികളോ അമ്മയോ മുത്തശ്ശിയോ ആരായാലും-വീട്ടിനകത്ത് പോലും സുരക്ഷയില്ലെന്ന ഭീകരാവസ്ഥ നാള്‍ക്കുനാള്‍ രൂക്ഷമായി വരുന്നു. മൃഗങ്ങളെയും പിശാചുക്കളെയും ലജ്ജിപ്പിക്കുന്ന അതിക്രൂരമായ ലൈംഗിക പീഡനങ്ങളും കൊലയുമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദിനേന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ദല്‍ഹി മാനഭംഗ സംഭവത്തെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട ജനരോഷത്തില്‍ അന്ധാളിച്ചു പോയ സര്‍ക്കാര്‍ അതിവേഗം കൊണ്ടുവന്ന സ്ത്രീ സുരക്ഷ ഓര്‍ഡിനന്‍സ് നിലവില്‍ വന്നിട്ടും സ്ത്രീ പീഡനം അവിരാമം തുടരുന്നു. റോഡിലോ ഓട്ടോറിക്ഷയിലോ ബസ്സിലോ തീവണ്ടിയിലോ കാമ്പസിലോ തീര്‍ഥാടന കേന്ദ്രങ്ങളിലോ എവിടെയാണെങ്കിലും ചെന്നായ്ക്കള്‍ പെണ്‍ജന്മങ്ങളെ പിച്ചിച്ചീന്തും എന്നതാണവസ്ഥ. ഇത് തടയാന്‍ ചുമതലപ്പെട്ട പോലീസ് സേനയില്‍ ക്രിമിനലുകള്‍ വാഴുമ്പോള്‍ ആര്, ആരുടെ കൈക്ക് പിടിക്കും? പട്ടാളത്തിന്റെ ലൈംഗികാക്രമണങ്ങളെക്കുറിച്ച പരാതികള്‍ പ്രതിരോധമന്ത്രി ആന്റണിക്ക് പോലും സാധാരണ സംഭവമായി. വടക്ക് കിഴക്കന്‍ മേഖലയിലും ജമ്മു-കശ്മീരിലും പ്രാബല്യത്തിലിരിക്കുന്ന സൈനിക പ്രത്യേകാധികാര നിയമം നിരന്തരം ദുര്‍വിനിയോഗം ചെയ്യപ്പെടുന്നതിനെതിരെ നിരപരാധികളുടെ കൂട്ട നിലവിളികള്‍ ഉയര്‍ന്നിട്ടും പട്ടാളത്തിന്റെ മനോവീര്യം ക്ഷയിക്കുമെന്ന് പറഞ്ഞ് സൈനിക മേധാവികള്‍ അത് റദ്ദാക്കാനോ നിയന്ത്രിക്കാനോ അനുവദിക്കുന്നില്ല. രാഷ്ട്രീയ നേതൃത്വം അവരുടെ മുമ്പില്‍ നിസ്സഹായമാണ്. എന്നിട്ട്, അയല്‍നാട്ടില്‍ പട്ടാളമാണ് നിര്‍ണായക തീരുമാനമെടുക്കുന്നതെന്ന കുറ്റപ്പെടുത്തലും! തീവ്രവാദത്തിന്റെയും ഭീകരതയുടെയും മറവില്‍ തികച്ചും ജനാധിപത്യവിരുദ്ധവും മനുഷ്യാവകാശധ്വംസനപരവുമായ യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച പോലും കൂടാതെ ചുട്ടെടുത്ത് രാജ്യത്തിന്റെ മേല്‍ അടിച്ചേല്‍പിച്ചതിന്റെ ഫലമായി മുഖ്യമായും ന്യൂനപക്ഷ സമുദായക്കാരായ ആയിരക്കണക്കില്‍ യുവാക്കള്‍ അനിശ്ചിതമായി അഴികളെണ്ണുകയാണ്. വര്‍ഷങ്ങളായിട്ടും കുറ്റപത്രം സമര്‍പ്പിക്കപ്പെടാത്തവര്‍ അവരിലുണ്ട്. സമര്‍പ്പിക്കപ്പെട്ടവരുടെ വിചാരണയും അനന്തമായി നീളുന്നു. കെടുകാര്യസ്ഥതയും അഴിമതിയും വര്‍ഗീയതയും വേണ്ടതിലധികം നടമാടുന്ന സുരക്ഷാ സേനയെയും രഹസ്യാന്വേഷണ വിഭാഗത്തെയും കയറൂരിവിട്ടതാണ് പ്രശ്‌നത്തിന്റെ മര്‍മമെന്ന് മനുഷ്യാവകാശപ്രസ്ഥാനങ്ങളും പൊതു പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടിയിട്ടും വീണ്ടെടുപ്പിനുള്ള നടപടികള്‍ എവിടെയുമെത്തുന്നില്ല. ആംനസ്റ്റി ഇന്റര്‍നാഷ്‌നലിന്റെ പഴി അനുസ്യൂതം ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടതാണ് ലോകത്തേറ്റവും വലിയ ജനാധിപത്യ രാജ്യം.
മുംബൈ സ്‌ഫോടനം പോലുള്ള അതിഭീകര സംഭവങ്ങളെക്കുറിച്ച അന്വേഷണമാവട്ടെ ഒരേയൊരു അജ്മല്‍ കസബ് തൂക്കുമരത്തിലേറ്റപ്പെട്ടതോടെ എങ്ങുമെത്താതെ അവസാനിക്കുകയും ചെയ്തു. കാരണം വ്യക്തം. അതിന്റെ സൂത്രധാരന്‍ എന്ന് വിവരിക്കപ്പെട്ട ഡേവിഡ് ഹെഡ്‌ലി അമേരിക്കന്‍ പൗരനാണ്. അയാളെ ചോദ്യം ചെയ്യാന്‍ പോലും വിട്ടുതരാന്‍ വലിയതമ്പുരാന്‍ തയാറല്ല. തമ്പുരാനോട് നിവര്‍ന്ന് നിന്ന് അത് ആവശ്യപ്പെടാനും സര്‍ക്കാറിന് ത്രാണിയില്ല! മാവോയിസ്റ്റ് ആക്രമണപരമ്പരയാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് പ്രധാനമന്ത്രി എത്രയോ തവണ ആവര്‍ത്തിച്ചതാണ്. എന്നിട്ടെന്തുണ്ടായി? സെല്‍വാജുദൂം എന്ന പേരില്‍ പാവം ആദിവാസികളെ ആയുധമണിയിച്ച് ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളെ നേരിടാന്‍ നടത്തിയ ശ്രമം നൂറു ശതമാനവും പാളി. നിരവധി നിരപരാധരെ തോക്കിനിരയാക്കിയ ഭരണകൂട ഭീകരതക്കെതിരെ മാവോയിസ്റ്റുകള്‍ ഭയാനകമായി തിരിച്ചടിച്ചപ്പോള്‍ മുന്‍ കേന്ദ്രമന്ത്രി വിദ്യ ചരണ്‍ ശുക്ലയടക്കം ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കുറ്റമറ്റതോ ഏകോപിതമോ ആസൂത്രിതമോ ആയ സുരക്ഷാ നയത്തിന്റെയും സര്‍വോപരി ആദിവാസി-ഗിരിവര്‍ഗ വികസന നയത്തിന്റെയും അഭാവത്തില്‍ തീവ്രവാദ ഭീഷണി ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, ആന്ധ്ര, ഛത്തീസ്ഗഢ് മുതലായ സംസ്ഥാനങ്ങളുടെ ഉറക്കം കെടുത്തുകയാണ്.
ചുരുക്കത്തില്‍, ഇന്ത്യന്‍ ജനത ഒരു ഭരണമാറ്റം ആഗ്രഹിക്കുന്ന എല്ലാ സാഹചര്യങ്ങളുമുണ്ട്. പക്ഷേ, യു.പി.എക്ക് മെച്ചപ്പെട്ടതോ തുല്യമോ ആയ ബദല്‍ ആണെന്നവകാശപ്പെടാന്‍ ആര്‍ക്ക് കഴിയും? ഒരിക്കല്‍ കേന്ദ്രഭരണം കൈയടക്കിയ എന്‍.ഡി.എയോ? അടല്‍ ബിഹാരി വാജ്‌പേയിയെ പോലുള്ള മതേതര മുഖമുള്ള ഒരു നേതാവിന്റെ കീഴില്‍ 23 കക്ഷികള്‍ ചേര്‍ന്ന മുന്നണി അഞ്ചു വര്‍ഷം ഭരിച്ചിട്ട് ഇന്ത്യയില്‍ എന്തു സംഭവിച്ചു എന്ന് ജനങ്ങള്‍ക്ക് നന്നായി ഓര്‍മയുണ്ട്. 'ഇന്ത്യ തിളങ്ങുന്നു' എന്ന പരസ്യം കോടികള്‍ ചെലവിട്ട് മാധ്യമങ്ങളിലഖിലം മാസങ്ങളോളം പ്രസിദ്ധീകരിച്ചുകൊണ്ടാണ് എന്‍.ഡി.എ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഫലം ജനങ്ങളുടെ സമ്പൂര്‍ണ തിരസ്‌കാരമായിരുന്നല്ലോ. ഒരു രംഗത്തും പ്രസ്താവ്യമായ ഒരു മാറ്റവും കൊണ്ടുവരാന്‍ ബി.ജെ.പി മുന്നണിക്കായില്ല. ഭരണയന്ത്രം പൂര്‍വാധികം വര്‍ഗീയവത്കരിച്ചതും തീവ്രവാദത്തിന്റെ മറവിലെ ന്യൂനപക്ഷവേട്ട ത്വരിതപ്പെടുത്തിയതും മാത്രം മിച്ചം. അയോധ്യയില്‍ ശ്രീരാമക്ഷേത്ര നിര്‍മാണം നടത്തുകതന്നെ ചെയ്യുമെന്ന ഹിന്ദുത്വശാഠ്യം സാക്ഷാത്കരിക്കുന്നതില്‍ പോലും തരിമ്പും പുരോഗതിയുണ്ടായില്ല. അങ്ങനെയാണ് ജീര്‍ണിത കോണ്‍ഗ്രസ്സിനെ തന്നെ തിരിച്ചുകൊണ്ടുവരാന്‍ രാജ്യം നിര്‍ബന്ധിതമായത്. ദശാബ്ദകാലത്തെ ഇടവേളക്കു ശേഷം ഒരിക്കല്‍ കൂടി തിരിച്ചുവരവിന് എന്‍.ഡി.എ തീവ്രശ്രമം ആരംഭിച്ചിരിക്കെ പരമദയനീയമാണ് ചിത്രം. സഖ്യത്തിലെ മതേതരമെന്നവകാശപ്പെട്ടിരുന്ന പാര്‍ട്ടികളൊക്കെ നരേന്ദ്രമോഡിയെ പേടിച്ച് കൂടുവിട്ടുപോയി. ഈ വന്‍തിരിച്ചടിക്ക് കാരണമാക്കിയത് ഗോധ്‌റ കലാപത്തിലൂടെ കുപ്രസിദ്ധിയാര്‍ജിച്ച നരേന്ദ്രമോഡിയെത്തന്നെ 2014-ലെ പൊതു തെരഞ്ഞെടുപ്പ് പ്രചാരണ തലപ്പത്തിരുത്തണമെന്ന ആര്‍.എസ്.എസ്സിന്റെ പിടിവാശിയാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നുവെങ്കിലും തീവ്രഹിന്ദുത്വവാദികള്‍ മോഡിയെയും മോഡിസത്തെയും കൈയൊഴിയാന്‍ തയാറല്ല. മോഡിയോ? താന്‍ വെറും പ്രാദേശിക മുഖ്യമന്ത്രിയല്ല, ദേശീയ പുരുഷനാണെന്ന് ബോധ്യപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ്. മാനവിക വികസനത്തിന്റെ സര്‍വ സൂചികകളുമനുസരിച്ച് ഗുജറാത്ത് കേരളത്തിന്റെ പിറകിലാണെങ്കിലും, വ്യാവസായികമായി പണ്ടേ വികസിതമായ സംസ്ഥാനത്തിന്റെ ഉയര്‍ച്ചക്ക് താനാണുത്തരവാദി എന്ന നാട്യത്തില്‍ വലതുപക്ഷ മാധ്യമങ്ങളുടെയും കോര്‍പറേറ്റ് ഭീമന്മാരുടെയും പിന്തുണ ഉറപ്പാക്കി അങ്കത്തട്ടില്‍ സ്വയം ഇറങ്ങിയിരിക്കുകയാണദ്ദേഹം. ഉത്തരാഖണ്ഡിലെ മഹാ പ്രളയത്തില്‍ കുടുങ്ങിപ്പോയ 15000 ഗുജറാത്തി തീര്‍ഥാടകരെ ഐന്ദ്രജാലികന്റെ മിടുക്കോടെ രായ്ക്കുരാമാനം രക്ഷപ്പെടുത്തിയത് താനാണെന്ന മോഡിയുടെ പരിഹാസ്യമായ അവകാശവാദം പോലും ഭാവി പ്രധാനമന്ത്രി എത്ര മിടുക്കനാണെന്ന് കണക്കാക്കാനുള്ള ത്വരയാണ് അനാവരണം ചെയ്തത്. മറുവശത്ത്, തീവ്രഹിന്ദുത്വത്തിന്റെ അവതാര പുരുഷനായ നരേന്ദ്ര മോഡിയുടെ അരങ്ങേറ്റത്തെ ആശങ്കയോടെ മാത്രം വീക്ഷിക്കുന്ന മതന്യൂനപക്ഷത്തോട് 2002-ലെ കലാപം പാടെ മറന്നുകളയാനാണ് ബി.ജെ.പി ദേശീയാധ്യക്ഷന്‍ രാജ്‌നാഥ് സിംഗിന്റെ ആഹ്വാനം. നല്ല മധുരം ചേര്‍ത്ത് ചായ സല്‍ക്കരിച്ചാല്‍ ആര്‍ക്കു വേണ്ടിയും തൂലിക ചലിപ്പിക്കാന്‍ തയാറുള്ള ചില ഉര്‍ദു പത്രാധിപന്മാരെയും സ്വയം അവരോധിത മുസ്‌ലിം നേതാക്കളെയും വിളിച്ചുകൂട്ടി 'ന്യൂനപക്ഷ പ്രീണന'വും മോഡി ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്. പക്ഷേ, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ജനതാദള്‍(യു)വും വഴിപിരിഞ്ഞതോടെ അനാഥമായ ബി.ജെ.പി സഖ്യത്തെ രക്ഷിക്കാന്‍ ഇമ്മാതിരി ഗിമ്മിക്കുകള്‍ ഫലിക്കുമെന്ന് തോന്നുന്നില്ല. ഇന്ത്യയുടെ അമേരിക്ക, ഇസ്രയേല്‍ ബാന്ധവത്തിലോ നവലിബറല്‍ സാമ്പത്തിക നയങ്ങളിലോ കുത്തകളുടെ നീരാളിപ്പിടിത്തം സമ്പൂര്‍ണമാക്കാനുള്ള വികസന വാശിയിലോ യു.പി.എയുടേതില്‍ നിന്ന് ഭിന്നമായ അജണ്ടയില്ലാത്ത എന്‍.ഡി.എക്ക് നരേന്ദ്ര മോഡിയെ മുന്നില്‍ നടത്തി അതേ നയങ്ങള്‍ കൂടുതല്‍ ശക്തമായി തുടരാന്‍ മാത്രമാണ് സാധിക്കുക എന്ന് വ്യക്തമാണ്.
മാറ്റം കൊതിച്ചു വോട്ടെടുപ്പ് കേന്ദ്രങ്ങളിലേക്ക് പോവുന്ന സമ്മതിദായകര്‍, കൈപ്പത്തിയെയും താമരയെയും കൈയൊഴിഞ്ഞാല്‍ പിന്നെ ഏത് ചിഹ്നത്തില്‍ ബട്ടനമര്‍ത്തും എന്നാണിനി ചോദിക്കേണ്ടത്. മമതാ ബാനര്‍ജിയും നിതീഷ് കുമാറും ചന്ദ്രബാബു നായിഡും നവീന്‍ പട്‌നായിക്കും പ്രാദേശിക കക്ഷികള്‍ക്ക് പ്രാമുഖ്യമുള്ള ഒരു ഫെഡറല്‍ മുന്നണിയെക്കുറിച്ച് പറയുന്നു. മമതയില്ലാത്ത ഒരു മതേതര-ഇടതുപക്ഷ ബദലിനെക്കുറിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും ഉറക്കെ ചിന്തിക്കുന്നു. ഇതിനിടയില്‍ യു.പി.എക്ക് പുറത്തുള്ള മതേതര പാര്‍ട്ടികളെ പരമാവധി ഒപ്പം ചേര്‍ത്ത് മൂന്നാമൂഴം ഉറപ്പിക്കാനാണ് സോണിയ-രാഹുല്‍ ടീമിന്റെ നീക്കം. ഫലപ്രഖ്യാപനം പൂര്‍ത്തിയാവുമ്പോള്‍ രൂപപ്പെടുന്ന അവസരവാദപരമായ കൂട്ടുകെട്ടുകളാവും അന്തിമമായി രാജ്യത്തിന്റെ ഗതി നിര്‍ണയിക്കുക.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 87-91
എ.വൈ.ആര്‍