Prabodhanm Weekly

Pages

Search

2013 ജൂലായ് 12

ഇവരോ അന്താരാഷ്ട്ര നിയമത്തിന്റെ അവകാശികള്‍?

ഡോ. മുഹമ്മദ് ഹമീദുല്ല

സ്വതന്ത്ര പരമാധികാര രാജ്യങ്ങള്‍ തമ്മിലാണ് അന്താരാഷ്ട്ര നിയമം പ്രവര്‍ത്തനക്ഷമമാവുന്നത്. ഇതെക്കുറിച്ച് പറയുമ്പോള്‍ വ്യക്തിയില്‍നിന്ന് തന്നെ തുടങ്ങേണ്ടിവരും. പഴയകാലങ്ങളില്‍ ഓരോ വ്യക്തിയും സ്വയംഭരണാവകാശമുള്ള ഒരു സ്വതന്ത്ര യൂനിറ്റായിരുന്നു. ഈ വ്യക്തികള്‍ ചേര്‍ന്നാണ് കുടുംബങ്ങളും കുലങ്ങളും (Clans) ഉണ്ടായത്. സ്വയംഭരണാധികാരമുള്ള, തുല്യ ഗണത്തില്‍ പെടുന്ന ഈ കുലങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളെ നിര്‍ണയിച്ചിരുന്നത് ചില നിയമങ്ങളായിരുന്നു. കുലങ്ങള്‍ ചേര്‍ന്നാണ് വലിയ ഗോത്രങ്ങള്‍ (Tribes) ഉണ്ടാവുന്നത്. ഒരു ഗോത്ര നേതാവിന് മറ്റൊരു ഗോത്ര നേതാവിനെതിരെ യുദ്ധപ്രഖ്യാപനം നടത്താന്‍ അധികാരമുണ്ടായിരുന്നു. യുദ്ധം ചെയ്യാന്‍ മാത്രമല്ല, കരാറുകളുണ്ടാക്കാനും സഖ്യങ്ങള്‍ രൂപവത്കരിക്കാനും അയാള്‍ക്ക് കഴിഞ്ഞിരുന്നു. ഇന്നത്തെ ഒരു സ്റ്റേറ്റ് ചെയ്യുന്ന എല്ലാം അയാളും ചെയ്തിരുന്നു. എന്നാല്‍, മനുഷ്യചരിത്രത്തിലെ ഈ ഘട്ടത്തെ അവഗണിക്കുകയാണ് പൊതുവെ ചരിത്രകാരന്മാര്‍ ചെയ്യാറുള്ളത്. സ്റ്റേറ്റ്, അതെത്ര ചെറുതായിരുന്നാലും, ഉണ്ടായത് മുതല്‍ക്കുള്ള ചരിത്രമാണ് അവര്‍ പറഞ്ഞു തുടങ്ങുക.
സ്റ്റേറ്റ് ആദ്യമായി നിലവില്‍ വരുന്നത് ഒരു നഗരത്തിന്റെ രൂപത്തിലാണ്. ഇത്തരം നഗരരാഷ്ട്രങ്ങള്‍ (City states) ഗ്രീസില്‍ ഉയര്‍ന്നുവന്നതുകൊണ്ടാവാം യൂറോപ്യന്‍ ചരിത്രകാരന്മാര്‍ രാഷ്ട്ര ചരിത്രം അവിടെ നിന്ന് തുടങ്ങുന്നത്. യുദ്ധത്തിന്റെയും സമാധാനത്തിന്റെയും അവസരങ്ങളില്‍ ഈ നഗരരാഷ്ട്രങ്ങള്‍ തമ്മില്‍ ചില ബന്ധങ്ങള്‍ നിലവിലുണ്ടായിരുന്നു. ഗ്രീസില്‍ മാത്രമല്ല നഗര രാഷ്ട്രങ്ങള്‍ ഉണ്ടായിരുന്നത്. ലോകത്തിന്റെ എല്ലാ ഭാഗത്തും ഉണ്ടായിരുന്നു. മുഹമ്മദ് നബിയുടെ ആഗമനത്തിന് മുമ്പുള്ള അറേബ്യയില്‍ പോലും നഗരരാഷ്ട്രങ്ങള്‍ നിലനിന്നിരുന്നു. നഗരങ്ങള്‍ ഉള്ളതുപോലെ ഗോത്രങ്ങളും ഉണ്ടായിരുന്നു. ഗോത്രങ്ങള്‍ ഒരു വര്‍ഷം തികച്ച് ഒരിടത്തും തങ്ങുകയില്ല. നഗരങ്ങളിലെ ജനങ്ങളാകട്ടെ ഇങ്ങനെയുള്ള നാടോടി ജീവിതം നയിക്കുന്നവരായിരുന്നില്ല താനും. ഈ നഗര രാഷ്ട്ര ജീവിതവും നാടോടി ജീവിതവും തോളുരുമ്മി നില്‍ക്കുന്നതാണ് പ്രാചീന അറേബ്യയില്‍ നാം കാണുന്നത്. ഇതേ അവസ്ഥ തന്നെയാകാം പുരാതന ഗ്രീസിലും നിലനിന്നിട്ടുണ്ടാവുക. പക്ഷേ, നഗര രാഷ്ട്രങ്ങള്‍ നിലവില്‍ വന്നതിനു ശേഷമുള്ള ചരിത്രമേ പാശ്ചാത്യ പണ്ഡിതന്മാര്‍ നല്‍കുന്നുള്ളൂ.
ഗ്രീക്ക് നഗര രാഷ്ട്രങ്ങളുടെ പ്രകൃതം വെച്ച് നോക്കുമ്പോള്‍, അവ തമ്മിലുണ്ടായിരുന്ന ബന്ധങ്ങളെയും ഇടപാടുകളെയും 'അന്താരാഷ്ട്ര നിയമം' എന്ന് വിളിക്കാന്‍ പറ്റുകയില്ല. മുഴുവന്‍ ഗ്രീക്കുകാരും ഒരൊറ്റ വംശജരാണ്. ഒരേ ഭാഷയാണ് അവര്‍ സംസാരിച്ചിരുന്നത്. ഒരേ വിശ്വാസാചാരങ്ങളാണ് പുലര്‍ത്തിപ്പോന്നിരുന്നത്. ജീവിച്ചിരുന്നത് വ്യത്യസ്ത നഗരങ്ങളിലായിരുന്നു എന്നു മാത്രം. ഓരോ നഗരത്തിനും പൂര്‍ണ സ്വാതന്ത്ര്യവും പരമാധികാരവും ഉണ്ടായിരുന്നു. അവര്‍ പരസ്പരം പടവെട്ടുകയും ചെയ്തിരുന്നു. പാശ്ചാത്യ എഴുത്തുകാരുടെ വിവരണമനുസരിച്ച്, ഈ നഗര രാഷ്ട്രങ്ങളിലെ നിയമങ്ങള്‍ ഗ്രീക്കുകാര്‍ തമ്മിലുള്ള ഇടപാടുകളെക്കുറിച്ച് മാത്രമായിരുന്നു. ഓരോ ഗ്രീക്ക് നഗര രാഷ്ട്രത്തിനും മറ്റൊരു ഗ്രീക്ക് നഗര രാഷ്ട്രവുമായി ഇടപാട് നടത്തുന്നതിന് ചില നിയമങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, ലോകത്തെ മറ്റു രാഷ്ട്രങ്ങളുമായി ഇടപഴകുന്നതിന് അവര്‍ക്ക് പ്രത്യേക നിയമസംഹിതകളൊന്നുമുണ്ടായിരുന്നില്ല. പുറം ലോകവുമായി ഇടപെടേണ്ടി വരുമ്പോള്‍ ഓരോ സന്ദര്‍ഭത്തിലും യുക്തിസഹമെന്ന് തോന്നുന്ന നിലപാട് അവര്‍ എടുക്കും. വ്യത്യസ്ത ജനവിഭാഗങ്ങളോട് വ്യത്യസ്ത നിലപാടുകളാണ് സ്വീകരിച്ചിരുന്നത് എന്നര്‍ഥം.
അതിനാല്‍ ഗ്രീക്ക് അന്താരാഷ്ട്ര നിയമം എന്ന് വിളിക്കപ്പെടുന്ന സംഹിതക്ക് ഒരുപാട് പോരായ്മകള്‍ ഉണ്ടായിരുന്നു. കുറച്ചാളുകളില്‍ അപരിമിതമാണ് എന്നതാണ് വലിയ പോരായ്മ. പുറം ലോകത്തുള്ളവരെയൊക്കെ പരിഷ്‌കൃതരായി കണ്ട് അവരോട് ഇടപഴകുമ്പോള്‍ ചട്ടവും നിയമവും ഒന്നും നോക്കേണ്ടതില്ല എന്നതായിരുന്നു നിലപാട്. ഗ്രീക്ക് നഗര രാഷ്ട്രങ്ങള്‍ തമ്മിലുണ്ടായിരുന്ന നിയമചട്ടങ്ങള്‍ തന്നെ ശുദ്ധ അപരിഷ്‌കൃതം എന്ന് വിളിക്കാവുന്നവയായിരുന്നു. എങ്കിലും അതിന് നിര്‍ണിത ചട്ടങ്ങള്‍ ഉണ്ടായിരുന്നു. ഈയൊരു ഒറ്റ ന്യായത്തില്‍ പിടിച്ചാണ്, ഗ്രീക്ക് നഗര രാഷ്ട്രങ്ങള്‍ തമ്മില്‍ യുദ്ധത്തിലും സമാധാനത്തിലും നിര്‍ണിത നിയമചട്ടങ്ങള്‍ ഉണ്ടായിരുന്നു എന്ന് നാം പഠിച്ചുപോരുന്നത്. പക്ഷേ, അതൊരിക്കലും ഒരു അന്താരാഷ്ട്ര നിയമമായിരുന്നില്ല.
ഗ്രീക്ക് നഗര രാഷ്ട്രങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ പാശ്ചാത്യ ചരിത്രകാരന്മാര്‍ അന്താരാഷ്ട്ര നിയമത്തിന് വേണ്ടി പരതുന്നത് റോമന്‍ യുഗത്തിലാണ്. ഇക്കാലത്ത് നഗരരാഷ്ട്രങ്ങള്‍ ഇല്ലാതായിക്കഴിഞ്ഞിരുന്നു. ഒരു നഗര രാഷ്ട്രമായി തുടങ്ങിയ റോം യൂറോപ്പ്, വടക്കനാഫ്രിക്ക, ഏഷ്യയുടെ ചില ഭാഗങ്ങള്‍ എന്നിവ ചേര്‍ന്ന ഒരു വന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനമായി കഴിഞ്ഞിരുന്നു അപ്പോഴേക്കും. റോമന്‍ യുഗത്തില്‍ യുദ്ധവും സമാധാനവുമൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷേ, അവരുടെ ഇടപാടുകളൊന്നും ഒരു അന്താരാഷ്ട്ര നിയമത്തിന് ചേരുന്നതായിരുന്നില്ല. പാശ്ചാത്യ എഴുത്തുകാര്‍ തന്നെ സമ്മതിക്കുന്നത് പോലെ, തങ്ങളുമായി നേരത്തെ സന്ധിയും കരാറും ഉള്ള രാജ്യങ്ങളോട് ഇടപെടുമ്പോള്‍ മാത്രമേ അവര്‍ നിയമവും ചട്ടവും നോക്കിയിരുന്നുള്ളൂ. ബാക്കിയുള്ളവരോടുള്ള നിലപാട് തോന്നും പോലെയാകാം എന്നതായിരുന്നു രീതി.
ഇനി പറയുന്ന ഉദാഹരണം അന്നുള്ള അവസ്ഥയെ ശരിക്കും പ്രതിഫലിപ്പിക്കുന്നുണ്ട്. റോം ഭരണകൂടം നിലവില്‍ വന്ന കാലത്ത്, യുദ്ധം തുടങ്ങുന്നതിന് യുദ്ധ പ്രഖ്യാപനം നടത്തിയിരിക്കണമെന്ന് നിഷ്‌കര്‍ഷിച്ചിരുന്നു. ചട്ടം ഇങ്ങനെയായിരുന്നു: റോമന്‍ സൈന്യം നേരെ ശത്രുരാഷ്ട്രത്തിന്റെ അതിര്‍ത്തിയില്‍ പോയി നിലയുറപ്പിക്കും. എന്നിട്ട് ഒരു പുരോഹിതന്‍ ഒരു കുന്തവുമായി ചെന്ന് അത് ശത്രു രാഷ്ട്രത്തിന്റെ അകത്ത് നാട്ടും. ഇത് യുദ്ധപ്രഖ്യാപനമായി ശത്രു മനസ്സിലാക്കി കൊള്ളണം. റോമന്‍ രാഷ്ട്രം വിശാലമായപ്പോള്‍ ശത്രുരാഷ്ട്രത്തിന്റെ അതിര്‍ത്തിയിലെത്താന്‍ ആഴ്ചകളോളം സഞ്ചരിക്കേണ്ട നിലവന്നു. ഈ അസൗകര്യം മറികടക്കാന്‍ പുരോഹിതന്‍ പുതിയൊരു തന്ത്രം ആവിഷ്‌കരിച്ചു. റോമിന് പുറത്തുള്ള രാജ്യങ്ങളിലെ ഓരോ പിടി മണ്ണ് നേരത്തെ തന്നെ വെവ്വേറെ ചാക്കുകളില്‍ ശേഖരിച്ച് തലസ്ഥാനത്ത് സൂക്ഷിക്കുക. ഇതില്‍ ഏതെങ്കിലും രാജ്യവുമായി യുദ്ധം ചെയ്യണമെന്ന് തോന്നുമ്പോള്‍ ആ രാജ്യത്തിന്റെ മണ്ണ് സൂക്ഷിച്ച് വെച്ചിട്ടുള്ള ചാക്ക് പുറത്തെടുത്ത് പുരോഹിതന്‍ അതില്‍ കുന്തം കുത്തി നിര്‍ത്തുക. അതോടെ ഔദ്യോഗിക യുദ്ധപ്രഖ്യാപനമായി!
ഒരു അന്താരാഷ്ട്ര നിയമം ഉരുവം കൊള്ളുന്നതിന് ഒട്ടും സഹായകമായിരുന്നില്ല റോമിന്റെ നീക്കങ്ങള്‍. യുദ്ധ-സമാധാന നിയമങ്ങളൊക്കെ റോമിന് ഉണ്ടായിരുന്നെങ്കിലും അതെല്ലാവരോടും ഒരുപോലെയായിരുന്നില്ല. പ്രമുഖ ജര്‍മന്‍ അന്താരാഷ്ട്ര നിയമ വിദഗ്ധന്‍ ഓപ്പന്‍ ഹെയിം (1858-1919) പറയുന്നത്, മറ്റു രാഷ്ട്രങ്ങളുമായി റോമാ സാമ്രാജ്യത്തിനുള്ള ബന്ധം നാം ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നാണ്. അത് സാധ്യവുമല്ല എന്നും അദ്ദേഹം പറയുന്നു. കാരണം ലോകം തന്നെ ഒരു 'റോമന്‍ ഗ്ലോബ്' ആണെന്നായിരുന്നു റോമന്‍ ഭരണാധികാരികള്‍ അവകാശപ്പെട്ടിരുന്നത്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍, ലോകം മുഴുവന്‍ റോമിന് അവകാശപ്പെട്ടതാണെന്ന്. ലോകം മുഴുവന്‍ സ്വന്തം സ്ഥലമാണെങ്കില്‍ പിന്നെ അന്താരാഷ്ട്ര നിയമത്തിന്റെ ആവശ്യമെന്ത്! അതുകൊണ്ടാണ് ഓപ്പണ്‍ ഹെയിം പറഞ്ഞത്, റോമന്‍ കാലഘട്ടത്തില്‍ അന്താരാഷ്ട്ര നിയമം എന്ന പ്രശ്‌നം തന്നെ ഉദിക്കുന്നില്ലെന്ന്.
ഇനി, അന്താരാഷ്ട്ര നിയമത്തെക്കുറിച്ച് പഠിക്കുന്ന നമ്മുടെ പാശ്ചാത്യ ചരിത്രകാരന്മാര്‍ എന്താണ് ചെയ്യാറ് എന്ന് നോക്കാം. ഗ്രീക്ക് നഗര രാഷ്ട്രങ്ങള്‍ ആവിര്‍ഭവിച്ചതോടെ അന്താരാഷ്ട്ര നിയമത്തിന് തുടക്കമായി എന്ന് അവര്‍ പറയും. പിന്നെയത് റോമന്‍ കാലഘട്ടത്തില്‍ വളര്‍ന്നു വികസിച്ചു എന്നും. പിന്നെ ഒരായിരം വര്‍ഷങ്ങളെ കവച്ചു വെച്ച് ക്രി. പതിനാലോ പതിനഞ്ചോ നൂറ്റാണ്ടിലെ നവോത്ഥാന (Renaissance) ത്തിലേക്ക് ഒരു ചാട്ടമാണ്. അവിടുന്നങ്ങോട്ടാണ് ആധുനിക അന്താരാഷ്ട്ര നിയമത്തിന്റെ സമാരംഭം എന്നും പറഞ്ഞുവെക്കും. എന്നാല്‍, ഇപ്പറഞ്ഞ അവസാനത്തേത് പോലും അന്താരാഷ്ട്ര നിയമമാണോ? അതൊട്ടല്ല താനും. ഇപ്പറയപ്പെട്ട അന്താരാഷ്ട്ര നിയമം 1856 വരെ ക്രിസ്ത്യന്‍ രാഷ്ട്രങ്ങള്‍ക്ക് മാത്രമായിരുന്നു ബാധകം എന്നു മനസ്സിലാക്കണം. ക്രൈസ്തവേതര രാഷ്ട്രങ്ങളോടും നിര്‍ണിത നിയമചട്ടക്കൂട്ടില്‍ വേണം ഇടപെടാന്‍ എന്ന ചിന്ത അപ്പോള്‍ പോലും ഉണ്ടായിരുന്നില്ല.
ഒരു അക്രൈസ്തവ രാഷ്ട്രത്തിന് -ഉസ്മാനിയാ സാമ്രാജ്യത്തിന്- ഇടപാടുകളില്‍ തത്തുല്യ പദവി നല്‍കാന്‍ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ തയാറാവുന്നത് 1856-ല്‍ മാത്രമാണ്. പിന്നെ ഒരു അറുപത് വര്‍ഷത്തെ വിടവ്. തുല്യ പരിചരണം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് അവര്‍ കണ്ടെത്തിയ രണ്ടാമത്തെ അക്രൈസ്തവ രാഷ്ട്രം ജപ്പാനാണ്; 1905-ല്‍ അത് റഷ്യയെ തോല്‍പിച്ച ശേഷം. കുറച്ച് കഴിഞ്ഞപ്പോഴേക്കും ഒന്നാം ലോക യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഈ യുദ്ധം നടന്നുകൊണ്ടിരിക്കുമ്പോള്‍ ഏതാനും അക്രൈസ്തവ രാഷ്ട്രങ്ങള്‍ കൂടി ഈ പരിചരണത്തിന് അര്‍ഹത നേടി. പക്ഷേ, അവര്‍ ചില ഉപാധികള്‍ പാലിക്കേണ്ടതുണ്ടായിരുന്നു. അവര്‍ക്ക് ലീഗ് ഓഫ് നാഷന്‍സിലേക്ക് പ്രവേശനം കിട്ടുകയും ചെയ്തു. രണ്ടാം ലോകയുദ്ധത്തിന് ശേഷം ലീഗ് ഓഫ് നാഷന്‍സിന് പകരം ഐക്യരാഷ്ട്രസഭ വന്നു. അപ്പോഴും ഓരോ രാഷ്ട്രത്തിനും ആ സഭയില്‍ സ്വന്തം നിലക്ക് അംഗത്വത്തിന് വേണ്ടി അവകാശവാദമുന്നയിക്കാന്‍ കഴിയുമായിരുന്നില്ല. ഐക്യരാഷ്ട്ര സഭയില്‍ നേരത്തെ അംഗങ്ങളായ രണ്ട് രാഷ്ട്രങ്ങളെങ്കിലും പുതിയ രാഷ്ട്രത്തിന്റെ അംഗത്വത്തെ പിന്തുണക്കണം. അന്താരാഷ്ട്ര നിയമമനുസരിച്ച് പ്രവര്‍ത്തിക്കുന്ന പരിഷ്‌കൃത രാജ്യമായി അത് നിലകൊള്ളുമെന്ന് സ്‌പോണ്‍സര്‍ ചെയ്ത രാജ്യങ്ങള്‍ ഉറപ്പ് വരുത്തുകയും ചെയ്യേണ്ടതുണ്ട്.
(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 87-91
എ.വൈ.ആര്‍