പ്രവര്‍ത്തകരോട് / അമീര്‍, ജമാഅത്തെ ഇസ്‌ലാമി കേരള
വിശുദ്ധ റമദാനിനെ സ്വീകരിക്കാന്‍ നാം സന്തോഷപൂര്‍വം തയാറെടുക്കുകയാണ്. നമ്മുടെ ഹൃദയങ്ങളിലേക്കും വീടുകളിലേക്കുമാണ് വിശുദ്ധ റമദാനിനെ നാം സ്വീകരിക്കുന്നത്. നമ്മുടെ ഹൃദയമസ്തിഷ്‌കങ്ങളിലും ജീവിതത്തിന്റെ മുഴുവന്‍ മേഖലകളിലും മൗലികവും ഗുണപരവുമായ മാറ്റങ്ങള്‍ വരുത്തിയേ റമദാന്‍ കടന്നുപോകാവൂ.
വിശുദ്ധ ഖുര്‍ആനിന്റെ വാര്‍ഷികാഘോഷമാണ് റമദാന്‍. റമദാനിലെ മുഴുവന്‍ ഇബാദത്തുകളുടെയും കേന്ദ്രബിന്ദു ഖുര്‍ആനാണ്. ഖുര്‍ആന്‍ തന്നെയാണ് നമ്മുടെ ജീവിതത്തിന്റെ മൂലശിലയും അച്ചുതണ്ടും. ഖുര്‍ആന്‍ നമ്മുടെ മാര്‍ഗദര്‍ശിയും ഭരണഘടനയുമാണ്. അത് ഏറ്റവും ശരിയായതിലേക്ക് നമുക്ക് വഴി കാണിക്കുന്നു. ''ഈ ഖുര്‍ആന്‍ ഏറ്റവും നേരായ വഴി കാണിച്ചുതരുന്നു. സദ്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് അതിമഹത്തായ പ്രതിഫലമുണ്ടെന്ന് ശുഭവാര്‍ത്ത അറിയിക്കുന്നു'' (അല്‍ഇസ്‌റാഅ് 9). ഖുര്‍ആന്‍ ഇറങ്ങിയ മാസമാണ് റമദാന്‍. അത് ജനങ്ങള്‍ക്ക് നേര്‍വഴി കാണിക്കുന്നതാണ്. സത്യമാര്‍ഗം വിശദീകരിക്കുന്നതും സത്യാസത്യങ്ങളെ വേര്‍തിരിച്ചു കാണിക്കുന്നതുമാണ് (അല്‍ബഖറ 185). ഖുര്‍ആനുമായുള്ള ബന്ധം നമ്മുടെ ഈമാന്‍ വര്‍ധിപ്പിക്കുന്നു. നമ്മുടെ കരളിന് കുളിര്‍മ നല്‍കുകയും കണ്ണുകളെ ഈറനണിയിക്കുകയും നമ്മെ തഖ്‌വയുള്ളവരാക്കുകയും ചെയ്യുന്നു.
വിശുദ്ധ റമദാനിലെ, ഖുര്‍ആനുമായി ബന്ധപ്പെട്ട പ്രധാന അനുഷ്ഠാനം ഖുര്‍ആന്‍ പാരായണം തന്നെയാണ്. അര്‍ഥമറിയാതെയുള്ള പാരായണം പോലും പ്രതിഫലാര്‍ഹമാണ്. പാരായണം ചെയ്യുമ്പോള്‍ തന്നെ അര്‍ഥം മനസ്സിലാക്കാവുന്ന അവസ്ഥയിലേക്ക് നാം വളരുന്നുവെങ്കില്‍ അത് വലിയ അനുഭൂതി നല്‍കും. നമ്മുടെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും വ്യത്യസ്ത മതസംഘടനകള്‍ നടത്തുന്ന ഖുര്‍ആന്‍ പഠനകേന്ദ്രങ്ങള്‍ ഖുര്‍ആന്‍ അറബി ഭാഷയില്‍ നിന്ന് നേരിട്ടുമനസ്സിലാക്കാനുള്ള കഴിവ് നേടിത്തരുന്നവയാണ്. അത്തരം സ്റ്റഡീസെന്ററുകള്‍ ഉപയോഗപ്പെടുത്താന്‍ നാം പ്രത്യേകമായി ശ്രദ്ധിക്കണം. ഖുര്‍ആന്‍ ധാരാളമായി പാരായണം ചെയ്യുന്ന രാത്രിനമസ്‌കാരങ്ങളില്‍ നിഷ്ഠയോടെ പങ്കുചേര്‍ന്നുകൊണ്ടും ഖുര്‍ആനുമായുള്ള ബന്ധം നാം വര്‍ധിപ്പിക്കണം. അല്ലാഹുവിന്റെ ഗ്രന്ഥം കൂടുതല്‍ മനഃപാഠമാക്കാനുള്ള അവസരമായി ഈ വിശുദ്ധമാസം നാം പ്രയോജനപ്പെടുത്തണം.
പ്രിയസഹോദരങ്ങളേ, മുസ്‌ലിം സമുദായ സംസ്‌കരണത്തിനായി ബഹുമുഖമായ പരിപാടികളാണ് ഇസ്‌ലാമിക പ്രസ്ഥാനം ആസൂത്രണം ചെയ്തിരിക്കുന്നത്. 2011 മുതല്‍ 2015 വരെയുള്ള പ്രവര്‍ത്തനകാലയളവില്‍ മുസ്‌ലിം സമുദായത്തെ അഭിസംബോധന ചെയ്യുന്നതിന് ഒരു പ്രത്യേക വിഷയം തെരഞ്ഞെടുത്തിരിക്കുന്നു. കുടുംബജീവിതം ഭദ്രവും കൂടുതല്‍ മനോഹരവുമാക്കാനുള്ള പാഠങ്ങള്‍ നല്‍കുകയും ഇസ്‌ലാമിലെ കുടുംബനിയമങ്ങളെക്കുറിച്ച് അറിവു നല്‍കുകയും ചെയ്യാനാണ് അഖിലേന്ത്യാനേതൃത്വം തീരുമാനിച്ചത്. ആഗോളീകരണവും തജ്ജന്യമായ പുതിയ പ്രവണതകളും ഏറ്റവും കൂടുതല്‍ പ്രഹരമേല്‍പ്പിച്ചത് കുടുംബത്തിനാണ്. പുതിയ ജീവിതവീക്ഷണവും ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളും നമ്മുടെ സമൂഹം ശ്രദ്ധയോടെ കാത്തുസൂക്ഷിച്ചുപോന്ന സാമൂഹികസ്ഥാപനമായ കുടുംബത്തെ ഛിദ്രിച്ചു അലങ്കോലമാക്കിയിരിക്കുന്നു. സമൂഹത്തിലെ ഏറ്റവും ചെറിയ സ്ഥാപനമാണ് കുടുംബം. മറ്റെല്ലാ സാമൂഹികസ്ഥാപനങ്ങളെയും അപ്രസക്തമാക്കിയും നിര്‍വീര്യമാക്കിയും സാമ്രാജ്യത്വം വിവിധ ജനതതികളിലേക്ക് കടന്നുകയറാന്‍ ശ്രമിക്കുകയായിരുന്നു. കച്ചവടം ത്വരിപ്പിക്കാനും മാര്‍ക്കറ്റിനെ കൂടുതല്‍ സമ്പുഷ്ടമാക്കാനും കുടുംബം നല്‍കുന്ന സേവനങ്ങളെയും മാര്‍ക്കറ്റിലേക്കെത്തിക്കണമെന്ന് സാമ്രാജ്യത്വം തീരുമാനിച്ചിരിക്കുന്നു. ഏതൊരു സമൂഹത്തിലും വ്യക്തിക്ക് ഏറ്റവും കൂടുതല്‍ സേവനങ്ങള്‍ നല്‍കുന്നത് കുടുംബമാണ്. ജനനം മുതല്‍ മരണം വരെ ഓരോ ഘട്ടത്തിലും ഈ സേവനം വ്യക്തികള്‍ക്ക് സുലഭമായും സൗജന്യമായും ലഭിക്കുന്നു. കുടുംബബന്ധങ്ങള്‍ തകരുന്നത് വ്യക്തികളുടെ ഒറ്റപ്പെടലിലേക്കും മനോരോഗങ്ങളിലേക്കും നയിക്കുന്നു. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലും സഹോദരീസഹോദരന്മാര്‍ തമ്മിലും മാതാപിതാക്കളും മക്കളും തമ്മിലുമുള്ള ബന്ധങ്ങള്‍ അനുദിനം തകര്‍ന്നുകൊണ്ടിരിക്കുകയാണ്. മുസ്‌ലിം കുടുംബങ്ങളും ഇതില്‍നിന്നൊഴിവല്ല. ഈ വിഷയത്തിലുള്ള ബോധവത്കരണം ഉദ്ദേശിച്ച് ഒരുമാസം നീണ്ടുനില്‍ക്കുന്ന കാമ്പയിന്‍ സംഘടിപ്പിക്കാന്‍ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ശൂറ തീരുമാനിച്ചിരിക്കുന്നു. ഈ മീഖാത്തിലേക്ക് നാം തയാറാക്കിയ ചതുര്‍വര്‍ഷ പരിപാടിയില്‍ നേരത്തെതന്നെ ഉള്‍പ്പെടുത്തിയിരുന്നതാണ് ഈ കാമ്പയിന്‍.
മുസ്‌ലിം ബഹുജനങ്ങളിലേക്ക് പ്രചാരണ പരിപാടികളുമായി ഇറങ്ങിത്തിരിക്കുന്നതിനു മുമ്പായി ഓരോ ജമാഅത്ത് പ്രവര്‍ത്തകനും തന്റെ കുടുംബത്തിന്റെ ഭദ്രത ഉറപ്പുവരുത്താനും ഈമാനികമായ ഉണര്‍വുണ്ടാക്കാനും ശ്രദ്ധയോടെ ശ്രമിക്കണം. മുസ്‌ലിം പൊതുസമൂഹത്തെ സമീപിക്കുമ്പോള്‍ കൂടുതല്‍ ധാര്‍മികശക്തി ലഭിക്കുന്നതിന് അത് സഹായകമാവും. വിശുദ്ധ റമദാന്‍ കുടുംബസംസ്‌കരണത്തിനായി പ്രത്യേക പരിപാടികള്‍ ആവിഷ്‌കരിക്കുകയും നടപ്പിലാക്കുകയും വേണം. ഖുര്‍ആന്റെയും ഹദീസ്-ചരിത്ര ഗ്രന്ഥങ്ങളുടെയും കൂട്ടായ പാരായണം, 'വസ്വിയ്യത്ത്', 'പുലര്‍കാലയാമങ്ങളില്‍', 'തര്‍ബിയത്ത് കൈപ്പുസ്തകം' എന്നിവ മുന്നില്‍ വെച്ചുള്ള ചര്‍ച്ചകള്‍, കുടുംബാംഗങ്ങള്‍ക്ക് ആശയവിനിമയത്തിന് അവസരം നല്‍കുന്ന ഗൃഹയോഗങ്ങള്‍ എന്നിവ ഈ ലക്ഷ്യത്തിനായി പ്രയോജനപ്പെടുത്തണം. അടുത്തതോ അകന്നതോ ആയ കുടുംബത്തില്‍ വല്ലവരുമായി അകല്‍ച്ചയുണ്ടായിട്ടുണ്ടെങ്കില്‍ അത് അവസാനിപ്പിക്കുന്നതിനായി നാം തന്നെയാണ് മുന്‍കൈയെടുക്കേണ്ടത്. വല്ല തടസ്സവും അനുഭവപ്പെടുന്നുവെങ്കില്‍ തൊട്ടടുത്ത നേതൃത്വത്തിന്റെ സഹായം തേടാവുന്നതാണ്. സ്വന്തം മക്കളുമായും മാതാപിതാക്കളുമായും സഹോദരീ സഹോദരന്മാരുമായും ഇണകളുമായും ഉള്ളുതുറന്ന് സംസാരിക്കാനും ബന്ധം ഊഷ്മളമാക്കാനും പ്രത്യേകമായി ശ്രദ്ധിക്കണം. നമ്മുടെ ഗൃഹാന്തരീക്ഷം ഈമാനികമായി വികസിപ്പിച്ചെടുക്കാന്‍ കുടുംബാംഗങ്ങള്‍ ഒന്നുചേര്‍ന്ന് പരിശ്രമിക്കണം.
റമദാനിന്റെ എല്ലാ നന്മകളും നേടിയെടുക്കാന്‍ നമുക്കും നമ്മുടെ കുടുംബാംഗങ്ങള്‍ക്കും അല്ലാഹു തൗഫീഖ് നല്‍കി അനുഗ്രഹിക്കുമാറാകട്ടെ, ആമീന്‍.
Comments