ശാസ് ഇബ്‌നു ഖൈസ് പൊട്ടിച്ചിരിക്കുന്നു
ശാസ് ഇബ്‌നു ഖൈസിനെ ഓര്‍മയില്ലേ? നിരന്തരയുദ്ധത്തിലേര്‍പ്പെട്ട് പരസ്പര വിശ്വാസം നഷ്ടപ്പെട്ട മദീനയിലെ പ്രബല ഗ്രൂപ്പുകളായ ഔസ്-ഖസ്‌റജ് ഗോത്രക്കാര്‍ ഇസ്‌ലാമിന്റെ കുടക്കീഴില്‍ 'അന്‍സ്വാരികള്‍' എന്ന പേരില്‍ പരസ്പരം സ്‌നേഹിച്ചും ആദരിച്ചും സാഹോദര്യം പങ്കിടുന്നത് കണ്ടപ്പോള്‍ അസൂയ പൂണ്ട ഒരു വിദ്വേഷി. ഭൂതകാല യുദ്ധനാളുകളില്‍ ഈ രണ്ട് ഗോത്രങ്ങളും ആലപിച്ച പകയുടെ തീ ആളിക്കത്തിക്കുന്ന കവിതകള്‍ ആലപിക്കാന്‍ ഒരു ജൂതനെ ചുമതലപ്പെടുത്തി മദീനയുടെ വര്‍ത്തമാനം വീണ്ടും ഭൂതത്തിലേക്ക് തിരിച്ചുകൊണ്ടുപോകാന്‍ കൊതിച്ച നിഷേധി. ശാസ് നിയോഗിച്ച ജൂതന്‍ ആലപിച്ച കവിതകള്‍ കേട്ടപ്പോള്‍ സാഹോദര്യത്തിന്റെ ആഴവും പരപ്പും വിസ്മരിച്ച് വാളുകള്‍ കൊണ്ട് കണക്കുതീര്‍ക്കാന്‍ അന്‍സ്വാരികള്‍ ഉദ്യമിച്ച വാര്‍ത്ത കേട്ട് പ്രവാചകന്‍ ആ സദസ്സിലേക്ക് കുതിച്ചെത്തി അന്‍സ്വാരികളോട് ചോദിച്ച ഒരു ചോദ്യമുണ്ട്: ദൈവത്തെ വിസ്മരിക്കാന്‍ നിങ്ങള്‍ ധൈര്യപ്പെടുന്നോ? ഞാന്‍ നിങ്ങളിലുണ്ടായിരിക്കെ, നിങ്ങള്‍ ദൈവത്താല്‍ നേര്‍വഴിയില്‍ ആനയിക്കപ്പെട്ടിരിക്കെ, ജാഹിലിയ്യത്തിന്റെ സര്‍വാംശങ്ങളില്‍നിന്നും നിങ്ങള്‍ മുക്തരായിരിക്കെ നിങ്ങള്‍ വീണ്ടും ജാഹിലിയ്യത്തിന്റെ വിളിക്കുത്തരം നല്‍കുകയോ? പാപഭാരത്താല്‍ തല കുനിച്ച് പരസ്പരം ആശ്ലേഷിച്ച് അന്‍സ്വാറുകള്‍ പശ്ചാത്തപിച്ചു എന്നത് ചരിത്രം. ഒരുപക്ഷേ ശാസ് ബ്‌നു ഖൈസ് വിരല്‍ കടിച്ച് ആര്‍ത്തു കരഞ്ഞിരിക്കും ആ നേരം.
എന്നാല്‍, ചരിത്രത്തില്‍ ശാസ് ബ്‌നു ഖൈസ് പലകുറി പൊട്ടിച്ചിരിച്ചിട്ടുണ്ടാവും. വര്‍ത്തമാനകാലത്തും ആ ചിരി തുടര്‍ന്നുകൊണ്ടിരിക്കുന്നു. പ്രവാചകന്മാരുടെ പിന്‍ഗാമികള്‍ എന്ന് റസൂല്‍ (സ) വിശേഷിപ്പിച്ച പണ്ഡിതന്മാര്‍ തന്നെ തന്റെ റോള്‍ നിര്‍വഹിക്കുന്നത് കാണുമ്പോള്‍ വിശേഷിച്ചും. ലോക മുസ്‌ലിം പണ്ഡിതസഭയുടെ കയ്‌റോ സമ്മേളനമാണ് ഇത്രയും കുറിക്കാനുള്ള പ്രചോദനം.
മുസ്‌ലിം പണ്ഡിതന്മാര്‍ മഹാന്മാരും നിഷ്‌കളങ്കരുമാണ്; ഇസ്‌ലാമിക പാതയില്‍ സര്‍വസ്വവും അര്‍പ്പിച്ചവരാണ്. ഇക്കാരണത്താല്‍ മാത്രം ഒരാളും വിമര്‍ശനത്തിന് അതീതമല്ല എന്ന ഉറച്ച ധാരണയോടെയാണ് ഈ കുറിപ്പ് തയാറാക്കുന്നത്.
ഏതാണ്ട് രണ്ടു വര്‍ഷം പിന്നിട്ട സിറിയന്‍ പ്രതിസന്ധിയില്‍ കൃത്യമായ ഒരു പക്ഷം ചേര്‍ന്നു എന്നതല്ല മുസ്‌ലിം പണ്ഡിതന്മാരെ വിമര്‍ശനവിധേയമാക്കാനുള്ള കാരണം. മറിച്ച് അങ്ങനെ പക്ഷം പിടിക്കാന്‍ അവര്‍ കണ്ടെത്തിയ കാരണങ്ങളാണ് പ്രശ്‌നം. കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി ശീഈ-സുന്നി വിഭാഗീയത ആളിക്കത്തിച്ച് പശ്ചിമേഷ്യയില്‍ പുതിയ ഭൂപടം തീര്‍ക്കാനുദ്യമിക്കുന്ന ഇസ്‌ലാമിന്റെ ശത്രുക്കളുടെ അജണ്ടക്ക് സര്‍വാത്മനാ ഒപ്പു ചാര്‍ത്തുംവിധമായി പ്രസ്തുത സമീപനം എന്ന് പറയാതെ വയ്യ. ഏതൊരു മുസ്‌ലിമും തന്റെ സ്ഥാനവും ദൗത്യവും നിര്‍ണയിക്കേണ്ടതും നിര്‍വഹിക്കേണ്ടതും താന്‍ ജീവിക്കുന്ന ചരിത്രത്തെ പശ്ചാത്തലമാക്കിക്കൊണ്ടാണ്. ഇക്കാലത്ത് മുസ്‌ലിം ജനത അനുഭവിക്കുന്ന വേദനകള്‍ പലതാണ്. ദിനേന തെരുവുകളില്‍ മുസ്‌ലിംകള്‍ മുസ്‌ലിംകളാല്‍ അരിഞ്ഞ് വീഴ്ത്തപ്പെടുകയും വെടിയുണ്ടയേറ്റ് മരണം ഏറ്റുവാങ്ങുകയും ചെയ്യുന്നു എന്നത് വര്‍ത്തമാനകാലത്തെ ഏറ്റവും കയ്‌പേറിയ ഒരു മുസ്‌ലിം അനുഭവമാണ്. ആരാധനാലയങ്ങള്‍, മതാധ്യാപന കേന്ദ്രങ്ങള്‍, മുസ്‌ലിം സാംസ്‌കാരിക സമുച്ചയങ്ങള്‍ എന്നിവയാണ് ഏതാണ്ട് പത്തു വര്‍ഷത്തിലധികമായി ബോംബ് സ്‌ഫോടനങ്ങള്‍ക്ക് തെരഞ്ഞെടുക്കപ്പെടുന്ന പ്രധാന കേന്ദ്രങ്ങള്‍. പുണ്യഭൂമി എന്ന് സ്വയം വാഴ്ത്തുന്ന പാകിസ്താന്‍, അതുല്യമായ മുസ്‌ലിം ചരിത്ര സ്മാരകങ്ങള്‍ നിലനില്‍ക്കുന്ന ഇറാഖ് തുടങ്ങിയ നാടുകളില്‍ സുന്നി-ശീഈ കേന്ദ്രങ്ങളില്‍ മാറി മാറി നടക്കുന്ന ബോംബേറുകള്‍ കാരണം മരണത്തിന് കീഴൊതുങ്ങുന്ന, അംഗവൈകല്യം ബാധിച്ച് തീരാ ദുരിതത്തിലാവുന്ന ആയിരങ്ങള്‍, ഉറ്റവരുടെ വേര്‍പാട് കാരണം തളര്‍ന്നു പോകുന്ന പതിനായിരങ്ങള്‍... ഈ കരള്‍ പിളര്‍ക്കും ചിത്രത്തിലേക്ക് എരിതീ ഒഴിച്ചു കൊടുക്കാനല്ല മുസ്‌ലിം ഉമ്മത്തിന് ഒരു നേതൃത്വത്തെ ആവശ്യം. ശീഈകള്‍ തിങ്ങിനിറഞ്ഞ് പാര്‍ക്കുന്ന നഗരങ്ങളില്‍ ബോംബ് വെക്കുന്ന സുന്നി മുസ്‌ലിമിനോടും സുന്നികള്‍ നമസ്‌കരിക്കുന്ന പള്ളികള്‍ ചുട്ട് കരിക്കുന്ന ശീഈ മുസ്‌ലിമിനോടും, പ്രവാചകന്‍ ചോദിച്ച 'ജാഹിലിയ്യത്തിന്റെ വിളിക്കുത്തരം നല്‍കുകയാണോ നിങ്ങള്‍' എന്ന അതേ ചോദ്യം ആര്‍ജവത്തോടെ ചോദിക്കാനും ഇരു കൂട്ടരെയും ഒരുപോലെ തള്ളിപറയാനും സാധിക്കുന്ന ഒരു നേതൃത്വമാണ് ഇക്കാലത്ത് മുസ്്‌ലിം ഉമ്മത്തിനാവശ്യം.
സത്യത്തെ കുറിച്ച അതിരു കവിഞ്ഞ അവകാശവാദവും ആ അവകാശവാദത്തെ പ്രതി മറ്റുള്ളവരെയെല്ലാം ഇസ്‌ലാമിന് പുറത്തുള്ളവരും ശത്രുക്കളുമായി പ്രഖ്യാപിക്കുന്ന ആത്യന്തിക വാദവും ഈ സമുദായത്തെ തളര്‍ത്തുകയും തകര്‍ക്കുകയും ചെയ്യുമ്പോള്‍ അത് തടഞ്ഞുനിര്‍ത്താനാണ് പണ്ഡിതന്മാര്‍ ശ്രമിക്കേണ്ടത്. അല്ലാഹുവിലും പ്രവാചകനിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും മുസ്‌ലിമാണെന്ന് അവകാശപ്പെടുകയും ചെയ്യുന്ന എല്ലാവരെയും ആദരിക്കാനും ബഹുമാനിക്കാനും സര്‍വോപരി മുസ്‌ലിം-അമുസ്‌ലിം ഭേദമില്ലാതെ എല്ലാ മനുഷ്യ ജീവനെയും പവിത്രമാണെന്ന് പ്രഖ്യാപിച്ച് വിലമതിക്കാനും ഈ സമുദായത്തെ അഭ്യസിപ്പിക്കലാണ് ചരിത്രം ആവശ്യപ്പെടുന്ന ദൗത്യം. ഇത് നിര്‍വഹിക്കുന്നതിന് പകരം ശീഈകള്‍ക്കെതിരെ സുന്നികളും സുന്നികള്‍ക്കെതിരെ ശീഈകളും നടത്തുന്ന പോരാട്ടമാണ് സിറിയയിലേത് എന്ന ചരിത്ര വസ്തുതയുടെ പിന്‍ബലമില്ലാത്ത ഒരാരോപണത്തെ ഏറ്റെടുത്ത് പ്രചരിപ്പിക്കാന്‍, ഇസ്രയേലും അമേരിക്കയും ആശിക്കുന്ന വിഭാഗീയ സംഘര്‍ഷത്തിന് രൂപരേഖ വരച്ചുകൊടുക്കാന്‍ പണ്ഡിതന്മാര്‍ക്ക് എന്തവകാശം?
സിറിയന്‍ പ്രശ്‌നത്തെ വിശകലനം ചെയ്യുന്നിടത്ത് ബോധപൂര്‍വമായ സ്ഖലിതങ്ങള്‍ വന്നുചേര്‍ന്നത് സിറിയന്‍ ഭരണാധികാരി ശീഈ അലവി പക്ഷക്കാരനാണ് എന്ന ഒരൊറ്റ കാരണത്താലാണ്. ബശ്ശാറുല്‍ അസദിന് ചാര്‍ത്തിക്കൊടുത്ത ഈ മുദ്ര സിറിയയില്‍ അനിവാര്യമായും സംഭവിക്കേണ്ട വിപ്ലവത്തെ തല്ലിക്കെടുത്താനും, എന്നാല്‍ ഇസ്‌ലാം വിരുദ്ധരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനും നിമിത്തമായി എന്ന് വ്യക്തം. മുസ്‌ലിം ലോകത്ത് ബഹുജനങ്ങളെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടുന്ന ഭരണാധികാരികള്‍ക്ക് വംശീയ-വിഭാഗീയ മുദ്ര ചാര്‍ത്തുക വഴി ഒരുപാട് താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ളത് ഉരുക്കുമുഷ്ടി കൊണ്ട് ജനങ്ങളെ നേരിടുന്ന ഓരോ നാടുകളിലെയും ഭരണാധികാരികള്‍ക്കാണ്. സിറിയന്‍ പ്രശ്‌നത്തെ വിഭാഗീയവത്കരിച്ച അറബ് മുസ്‌ലിം നാടുകളിലെ ഏകാധിപതികള്‍ ആഗ്രഹിക്കുന്നത്, ജനാധിപത്യ മൂല്യങ്ങളിലൂന്നുന്ന നവ സാമൂഹികക്രമം കൊതിക്കുന്ന ജനങ്ങളും അതിന് വിസമ്മതിക്കുന്ന ഭരണാധികാരികളും എന്ന, അറബ് വസന്തം തീര്‍ത്ത ദ്വന്ദ്വത്തെ ഇല്ലായ്മ ചെയ്യാനാണ്. ഈ ദ്വന്ദ്വം നിലനില്‍ക്കുമ്പോള്‍ മാത്രമാണ് തുനീഷ്യന്‍, ഈജിപ്ഷ്യന്‍ വിപ്ലവങ്ങള്‍ അള്‍ജീരിയയിലേക്കും ജോര്‍ദാനിലേക്കും മൊറോക്കോയിലേക്കും മറ്റും വ്യാപിക്കുക. ഈജിപ്ഷ്യന്‍ വിപ്ലവത്തെ തുടര്‍ന്ന് ബഹുജനങ്ങള്‍ സ്വപ്‌നം കണ്ട വിപ്ലവങ്ങള്‍ ഇപ്പോള്‍ വഴിമാറുകയും പകരം ശീഈ-സുന്നി ദ്വന്ദ്വം സൃഷ്ടിക്കപ്പെടുകയും ചെയ്തു എന്നതാണ് സിറിയന്‍ പോരാട്ടം സൃഷ്ടിച്ച ഏറ്റവും അപകടകരമായ പ്രത്യാഘാതം.
ഈ പ്രത്യാഘാതത്തിന്റെ പ്രഥമ ഉത്തരവാദിത്വം, സിറിയന്‍ ജനങ്ങളെ സഹായിക്കാനെന്ന വ്യാജേന സിറിയന്‍ അതിര്‍ത്ത് കടന്ന വിദേശ പോരാളി ഗ്രൂപ്പുകള്‍ക്കും അവര്‍ക്ക് ആയുധവും സമ്പത്തും നല്‍കുന്ന അറബ് നേതാക്കള്‍ക്കുമാണ്. ഈജിപ്ഷ്യന്‍, തുനീഷ്യന്‍ വിപ്ലവങ്ങളില്‍ നിന്ന് സിറിയന്‍ പോരാട്ടത്തെ വ്യതിരിക്തമാക്കുന്നതും കൊലയാളി സംഘങ്ങളെ പോലെ പെരുമാറുന്ന ഈ വിദേശ പൗരന്മാരുടെ കൂട്ടായ്മകളാണ്. ഈ കൂട്ടായ്മകളുടെ സാന്നിധ്യം തന്നെയാണ് ബശ്ശാറുല്‍ അസദിനെ സംരക്ഷിച്ച് നിര്‍ത്തുന്ന ഘടകവും. സുന്നി-ശീഈ ദ്വന്ദ്വത്തെ മറയാക്കി ലബനാനിലെ ശീഈകളുടെ സര്‍വ പിന്തുണയും ബശ്ശാര്‍ നേടിക്കഴിഞ്ഞു. ഇറാന്‍ സൈനികവും സാമ്പത്തികവുമായ പിന്തുണ ആ ഏകാധിപതിക്ക് പതിച്ചു നല്‍കുകയും ചെയ്തു. ഇത് ഒന്നാമത്തെ വിജയം. പ്രതിപക്ഷ നിരയിലെ ആത്യന്തിക മതേതരവാദികള്‍, അതി തീവ്ര സലഫികള്‍, ചോരക്കൊതിപൂണ്ട അല്‍ഖാഇദ പോരാളികള്‍, മിതവാദ സലഫികള്‍, ഇസ്‌ലാമിസ്റ്റുകള്‍, മാറ്റം കൊതിക്കുന്ന പൗരജനം, അവസരം ചൂഷണം ചെയ്യാനുദ്യമിച്ച് മറുകണ്ടം ചാടിയ പട്ടാള ഓഫീസര്‍മാര്‍ തുടങ്ങിയ വിവിധ വിഭാഗങ്ങള്‍ക്കിടയിലെ പരസ്പര ശത്രുതയും വിശ്വാസമില്ലായ്മയും ഏറ്റവും നന്നായി ഉപയോഗപ്പെടുത്താന്‍ ബശ്ശാറിന് സാധിക്കുന്നു. ഇത് ബശ്ശാറിന്റെ മറ്റൊരു വിജയം. സിറിയയില്‍ ബശ്ശാര്‍ മാറിയാല്‍ അത് മറ്റൊരു അഫ്ഗാനിസ്ഥാനാവും എന്ന് ഏതാണ്ട് ഉറപ്പ് വരുത്താന്‍ ബോംബ് സ്‌ഫോടനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഈ വിഭാഗങ്ങളില്‍ ചിലര്‍ക്കായി എന്നത് ബശ്ശാറിന്റെ ഏറ്റവും വലിയ വിജയമാണ്.
സമകാലിക രാഷ്ട്രീയവുമായി ബന്ധപ്പെട്ട വീണ്ടുവിചാരങ്ങളൊന്നുമില്ലാതെയാണ് മുസ്്‌ലിം പണ്ഡിതന്മാര്‍ സിറിയന്‍ വിഷയത്തെ വിശകലനം ചെയ്തത്. കടുത്ത ഏകാധിപതിയും മര്‍ദകനുമായ ബശ്ശാറിനെതിരെ ഒരു മുസ്‌ലിം സ്വീകരിക്കേണ്ട സമീപനത്തെക്കുറിച്ച ഗൗരവമേറിയ ചിന്തകളില്‍ നിന്നുരുവം കൊണ്ടതല്ല പല പണ്ഡിതന്മാരുടെയും നിലപാട് എന്നത് അതീവ ഗുരുതരം തന്നെയാണ്. സിറിയ എന്നല്ല, ഏതൊരു ഏകാധിപത്യ സമഗ്രാധിപത്യ അധീശ വ്യവസ്ഥക്കുമെതിരെ ഒരു നിലപാട് സ്വീകരിക്കുമ്പോള്‍ ഒന്നുകില്‍ ഇസ്‌ലാം പ്രതിനിധാനം ചെയ്യുന്ന മനുഷ്യാവകാശത്തിന്റെയും വിമോചനത്തിന്റെയും പ്രതലത്തില്‍ നിന്നാവണം അത് ഉരുത്തിരിയുന്നത്. അല്ലെങ്കില്‍ ഏറ്റവും ചുരുങ്ങിയത് സമകാലിക രാഷ്ട്രീയ ഘടനയില്‍ മുസ്‌ലിം ഉമ്മത്തിന് ഏറ്റവും പ്രയോജനകരമായ ഒരു നിലപാട് എന്ന തലത്തില്‍ നിന്ന് കൊണ്ടെങ്കിലുമാവണം അത്. ഈ രണ്ട് അടിസ്ഥാനങ്ങളും നിലപാടുകളില്‍ ഇല്ല എന്നതാണ് പ്രശ്‌നത്തിന്റെ മര്‍മം.
ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കും സിറിയന്‍ പ്രശ്‌നത്തെ വിശകലനം ചെയ്യുന്നതില്‍ അബദ്ധം സംഭവിക്കുന്നു. സിറിയന്‍ പ്രശ്‌നം ലബനാന്‍ മുതല്‍ ഇറാഖ് വരെ സൃഷ്ടിക്കാന്‍ ഇടയുള്ള മുസ്‌ലിം ആഭ്യന്തര ശൈഥില്യത്തെക്കുറിച്ച് ആലോചിക്കുന്നതിന് പകരം അമേരിക്കന്‍ ആയുധങ്ങളും അന്താരാഷ്ട്ര സഹായവും ലഭിച്ചാല്‍ എല്ലാം ശരിയാവും എന്ന രീതിയിലാണ് ഇസ്‌ലാമിസ്റ്റുകള്‍ നടത്തുന്ന അഭിപ്രായ പ്രകടനങ്ങള്‍. ശീഈ-സുന്നി ദ്വന്ദ്വം സൃഷ്ടിച്ച് ഇസ്‌ലാമിക ലോകത്ത്, പണ്ട് യൂറോപ്പില്‍ പ്രകടമായ കാത്തലിക്ക് -പ്രൊട്ടസ്റ്റന്റ് യുദ്ധങ്ങളുടെ മാതൃകകള്‍ സൃഷ്ടിക്കണമെന്നത് സയണിസ്റ്റ് അമേരിക്കന്‍ അജണ്ടയാണെന്ന് തിരിച്ചറിയാന്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ പിന്നെ ആര്‍ക്കാണതിന് കഴിയുക? ഇറാഖിനെ സുന്നി-ശീഈ-കുര്‍ദ് വിഭാഗങ്ങള്‍ക്ക് വെട്ടിമുറിച്ച് നല്‍കാനുദ്യമിച്ച അമേരിക്കന്‍ പദ്ധതിയെക്കുറിച്ച് ഏറെ വാചാലരായവര്‍ തന്നെയല്ലേ ഇസ്‌ലാമിസ്റ്റുകള്‍. തീര്‍ച്ചയായും വിഭാഗീയ വര്‍ണം നല്‍കപ്പെടുന്നതിന് മുമ്പുള്ള സിറിയന്‍ പോരാട്ടം ഒരു മഹാ പ്രതീക്ഷ തന്നെയായിരുന്നു. ആ പ്രതീക്ഷ തല്ലിക്കെടുത്തിയത് ശീഈ-സുന്നി ദ്വന്ദ്വമാണ്. ഈ പോക്കിന്റെ അപകടം തിരിച്ചറിഞ്ഞ് ഫലപ്രദമായ ഒരിടപെടലാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങളില്‍നിന്ന് മുസ്്‌ലിം ബഹുജനം പ്രതീക്ഷിക്കുന്നത്. അമേരിക്കന്‍-സയണിസ്റ്റ് താല്‍പര്യങ്ങളെ ഒരു നിലക്കും ശിരസ്സാ വഹിക്കാത്ത ഒരു പുതിയ ഭരണകൂടത്തിന്റെ സാധ്യതകള്‍ ഉറപ്പുവരുത്തി ഇറാനോടും ഹിസ്ബുല്ലയോടും ഫലപ്രദമായ സംഭാഷണങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനെങ്കിലും ഇസ്്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് സാധിക്കേണ്ടതായിരുന്നു. സിറിയന്‍ പ്രശ്‌നത്തെക്കുറിച്ച് ഈജിപ്ത്, ഇറാന്‍, തുര്‍ക്കി രാഷ്ട്ര നേതാക്കന്മാരുടെ ത്രികക്ഷി ചര്‍ച്ചയെക്കുറിച്ച് മുഹമ്മദ് മുര്‍സി ഇറാന്‍ സന്ദര്‍ശനവേളയില്‍ നടത്തിയ പ്രസ്താവന ശുഭപ്രതീക്ഷയുളവാക്കുന്നതായിരുന്നു. പക്ഷേ ആ നിലക്ക് മുന്നോട്ടുപോകാന്‍ പിന്നീട് അദ്ദേഹത്തിന് തന്നെ സാധിച്ചില്ല. പക്ഷേ, അമേരിക്കന്‍ ആയുധങ്ങള്‍ സ്വീകരിച്ച് മാറ്റം സൃഷ്ടിക്കാനാവുമെന്ന പാഴ് സ്വപ്‌നം തന്നെയാണ് അഫ്ഗാന്‍, ഇറാഖ് അനുഭവങ്ങളില്‍ നിന്ന് ഒന്നും പഠിക്കാതെ ഇസ്‌ലാമിസ്റ്റുകളും വെച്ചുപുലര്‍ത്തുന്നത്.
Comments