Prabodhanm Weekly

Pages

Search

2013 ജൂലായ് 12

അങ്ങനെയാണ് നോമ്പ് കരുത്തിന്റെ പ്രത്യയ ശാസ്ത്രമാകുന്നത്‌

സമീര്‍ വടുതല

''വിറളി പിടിച്ച ഒരു കുതിരയെ കൊല്ലാന്‍ ഒരു വെടിയുണ്ട മതി. പക്ഷേ, അതിനെ മെരുക്കി സവാരിക്ക് സജ്ജമാക്കുക എന്നത് മെയ്യഭ്യാസമുള്ള ഒരു നല്ല കുതിരക്കാരന് ഏറെ പണിപ്പെട്ട് മാത്രം ചെയ്യാവുന്ന കാര്യമാണ്''- അമീന്‍ അഹ്‌സന്‍ ഇസ്‌ലാഹി, തസ്‌കിയത്തെ നഫ്‌സ്

കിടന്നുറങ്ങുന്ന എഴുപത്തെട്ടുകാരിയുടെ കമ്മലപഹരിക്കുമ്പോള്‍ കാത് മുറിച്ചുമാറ്റാതിരിക്കാനുള്ള കരുണ പോലും ഇക്കാലത്ത് മോഷ്ടാക്കള്‍ ബാക്കിവെക്കുന്നില്ല. കൗമാരക്കാരിയായ മകള്‍ അവളുടെ അഛനില്‍നിന്ന് ഗര്‍ഭം ധരിക്കാതിരിക്കാന്‍ അമ്മ, വീട്ടില്‍ ഇമപൂട്ടാതെ കാവലിരിക്കുകയാണ്. അടുത്തിരിക്കുന്നയാള്‍ ഉപദ്രവിക്കുമെന്ന് ഭയന്ന് സഹയാത്രികന്‍ ഉറക്കിലേക്ക് വഴുതിവീഴുമ്പോഴൊക്കെ ഞെട്ടിയുണരുന്നുണ്ട്. അധ്യാപകന്റെ കാമഭ്രാന്തിനിരയായ വിദ്യാര്‍ഥിനി ഹോസ്റ്റല്‍ മുറിയിലെത്തി സ്വയം ജീവനൊടുക്കി പ്രതികാരം ചെയ്തു. കളിക്കാര്‍ ഒത്തുകളിയിലൂടെ കോടികള്‍ കൊയ്യുന്നു. ജനപ്രതിനിധിയും മകനും യുവതിയെ വിവാഹ വാഗ്ദാനം നല്‍കി, ലൈംഗിക ചൂഷണം നടത്തിയതിന്റെ തെളിവുകളുമായി മാധ്യമങ്ങള്‍. തങ്ങള്‍ തെരഞ്ഞെടുത്ത് വിട്ട ഭരണാധികാരികള്‍, നിര്‍ദാക്ഷിണ്യം നീതികേടുകളാവര്‍ത്തിക്കുന്നതില്‍ മനം മടുത്ത് പ്രജകള്‍ അടുത്ത തെരഞ്ഞെടുപ്പിനായി സ്വയം ശപിച്ച് കഴിയുന്നു... ഈ പട്ടിക ഇനിയും എത്രയും നീട്ടാവുന്നതാണ്. ആസക്തികളുടെ മേല്‍ ആത്മനിയന്ത്രണം നഷ്ടപ്പെട്ട മനുഷ്യന്‍, ആന കരിമ്പിന്‍ തോട്ടത്തില്‍ കയറിയാലെന്ന വണ്ണം സമൂഹത്തില്‍ നാശം പരത്തുന്നതിന്റെ വാര്‍ത്തകള്‍. റൂസ്സോ നിരീക്ഷിച്ചപോലെ, ''കര്‍ത്താവായ ദൈവം എല്ലാം നല്ല നിലക്ക് സൃഷ്ടിച്ചെന്നാലും മനുഷ്യനിടപെട്ട് എല്ലാം വഷളാക്കിക്കൊണ്ടിരിക്കുകയാണ്.''
പെരുകുന്ന കുറ്റകൃത്യങ്ങളുടെ പിന്നാമ്പുറങ്ങള്‍ പരതുമ്പോള്‍, മനുഷ്യനെ സംബന്ധിച്ച മൗലികവിചാരങ്ങളിലേക്കാണ് എത്തിച്ചേരുക. മനുഷ്യന് അകവും പുറവുമുണ്ട്. അകമാണ് രാജാവ്. ശരീരം ശിശുവിനെപ്പോലെ അനുസരിക്കുന്നേയുള്ളൂ. അതിനാല്‍ അകം നന്നായാല്‍ മനുഷ്യന്‍ നന്നായി. അകം ദുഷിച്ചാല്‍ മനുഷ്യന്‍ നശിച്ചു. ഇത് പ്രവാചക പാഠം. അകം ശുദ്ധീകരിക്കാനുള്ള വഴികളാണ് മതം മുന്നോട്ടുവെക്കുന്നത്. അകത്തെ അഥവാ മനുഷ്യന്റെ ആന്തര സ്വത്വത്തെ, നമുക്ക് മനസ്സ് എന്ന് വിളിക്കാം. ''അതിനെ സംസ്‌കരിച്ചു വളര്‍ത്തിയവന്‍ ജയിച്ചു. ദുഷിപ്പിച്ച് തളര്‍ത്തിയവന്‍ തോറ്റു'' (ഖുര്‍ആന്‍ 91: 9,10).

മനസ്സിന്റെ ചാട്ടങ്ങള്‍
ഇനിയും പിടി തരാത്ത അത്ഭുതമാണ് മനസ്സ്. സങ്കീര്‍ണമാണ് അതിന്റെ ഭാവപ്പകര്‍ച്ചകള്‍. പലപ്പോഴും കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ പായുന്നു. മോഹങ്ങള്‍ പെരുക്കുമ്പോള്‍ വിഹിതമെന്നോ അവിഹിതമെന്നോ അതിര്‍വരമ്പുകളൊന്നും വരക്കാത്ത സഞ്ചാരം. സ്‌നേഹിച്ചും കലഹിച്ചും ചഞ്ചലിച്ചും ചാഞ്ചാടിയും ഉല്ലസിച്ചും സന്ദേഹിച്ചും ഇക്കിളിപ്പെട്ടും വെപ്രാളപ്പെട്ടും വിഷാദപ്പെട്ടും വിറളിയെടുത്തും അറ്റമില്ലാത്ത കാമനകളിലേക്ക് അത് സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. നന്മയിലേക്കെന്ന പോലെ, തിന്മകളിലേക്കും ചാഞ്ഞും ചരിഞ്ഞുമാണ് മനസ്സിന്റെ ആഭിമുഖ്യങ്ങള്‍. ''ഞാന്‍ എന്റെ മനസ്സിനെ നിരപരാധിയാക്കുന്നില്ല. നിശ്ചയമായും മനസ്സിന് പാപപ്രേരകമായ പ്രകൃതമുണ്ടെ''ന്ന് പറഞ്ഞപ്പോള്‍ യൂസുഫ് (അ) മനുഷ്യ മനസ്സെന്ന പ്രഹേളികയെ കൃത്യമായി വെളിപ്പെടുത്തുകയായിരുന്നു. 'മനമോടാത്ത കുമാര്‍ഗമില്ലെടോ'യെന്ന് കുമാരകവി കുറിച്ചിടുമ്പോള്‍ ഈ യാഥാര്‍ഥ്യത്തിന് അടിവരയിടുകയാണ് ചെയ്തത്. പാപചിന്തകളിലേക്ക് നിരന്തരം ദ്രുതസഞ്ചാരം ചെയ്യുന്ന മനസ്സിനെ വരുതിയിലാക്കുന്നവനാണ് ജീവിതവിജയം അവകാശമാക്കുന്നത്. 'ആത്മസംയമനം നിത്യം ചെയ്തീടുന്ന മഹാമതി/രാജ്യം പിടിച്ചടക്കുന്ന വീരനെക്കാളുമുത്തമന്‍.' ഇവിടെയാണ് റമദാന്‍ വ്രതമുള്‍പ്പെടെയുള്ള നിത്യാനുഷ്ഠാനങ്ങള്‍ പ്രസക്തമായിത്തീരുന്നത്.

അച്ചടക്കം
മനസ്സിന്റെ അടക്കവും ആത്മീയാനുഭൂതികളിലേക്കുള്ള സഞ്ചാരങ്ങളുമത്രെ വ്രതത്തിന്റെ കൊതിപ്പിക്കുന്ന വാഗ്ദാനം. കുതറുന്ന മനസ്സിനെ വ്രതം പിടിച്ചു നിര്‍ത്തുന്നു. മറക്കുന്ന മനസ്സിനെ ദൈവസ്മരണയിലേക്കും പരലോക ചിന്തകളിലേക്കും ഉണര്‍ത്തിവിടുന്നു. പരദൂഷണവും ഏഷണിയും കള്ളവും അശ്ലീലതയും അനൗചിത്യങ്ങളും വിളമ്പുന്ന നാവിനെ ദൈവകീര്‍ത്തനം ചൊല്ലിക്കുന്നു. മൗനം ശീലിപ്പിക്കുന്നു. പാപത്തിലേക്ക് തുറക്കുന്ന കണ്ണുകളെ ദൈവഭയത്തിന്റെയും കാരുണ്യത്തിന്റെയും കണ്ണീര് കൊണ്ട് കഴുകുന്നു. അധര്‍മത്തിലേക്ക് ചുവട് വെക്കുന്ന കാലടികളെ 'നന്മ കാംക്ഷിക്കുന്നവനേ, ഇതിലേ ഇതിലേ' എന്ന ആകാശവിളംബരത്തിന് പിന്നാലെ ആനയിക്കുന്നു. വയറും ലിംഗവും ഉപരോധിക്കുന്നതിലൂടെ തിന്മയുടെ മുഖ്യ കവാടങ്ങളെ കൊട്ടിയടക്കുന്നു. സ്വയം തെരഞ്ഞെടുത്ത പട്ടിണിയിലൂടെ, പട്ടിണിപ്പാവങ്ങളുടെ നോവുകളെ നെഞ്ചേറ്റാന്‍ പരിശീലനം നല്‍കുന്നു. സമയബോധമില്ലാത്തവനെ സമയനിഷ്ഠയുള്ളവനാക്കുന്നു. നിര്‍ണിത നിമിഷത്തില്‍ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന നിരാഹാര നിഷ്ഠയിലൂടെ ദൈവാനുസരണത്തിന്റെ സൂക്ഷ്മതാ ശീലങ്ങള്‍ സമ്മാനിക്കുന്നു. സ്വാദൂറുന്ന വിഭവങ്ങളുടെയും ആസ്വാദനങ്ങളുടെയും മുമ്പില്‍ നിസ്സംഗം തിരിഞ്ഞു നടക്കാനുള്ള, നിരാസത്തിന്റെ നട്ടെല്ല് നല്‍കുന്നു. ഇവിടെ വ്രതം കരുത്തിന്റെ പ്രത്യയശാസ്ത്രമാകുന്നു. ഹൃദയവ്യാധികളുടെ ചികിത്സാ പദ്ധതിയാകുന്നു. എലിയട്ട് പറഞ്ഞതുപോലെ, 'ഏറ്റവും ശക്തമായ രോഗ നിരോധക മരുന്നാ'കുന്നു.

സന്യാസം
സന്യാസമില്ലാത്ത ഇസ്‌ലാമിലെ സന്യാസമാകുന്നു വ്രതം. ജീവിതനിഷേധിയല്ലാത്ത വിരക്തിയാണതിന്റെ പൊരുള്‍. ഇഹ പര പരിഗണനകളിലെ സന്തുലിതത്വമാണതിന്റെ സൗന്ദര്യം. ഒരുനാള്‍ നോമ്പെടുത്തും അടുത്ത നാള്‍ നോമ്പൊഴിവാക്കിയും ഐഛിക വ്രതത്തെ ജീവിതശീലമാക്കിയ ദാവൂദി(അ)ന്റെ നിലപാടില്‍ ഈ സന്തുലിത്വത്തിന്റെ ലാവണ്യമുണ്ടായിരുന്നു. 'അല്ലാഹുവിന് ഇഷ്ടപ്പെട്ട വ്രതം' എന്നത്രെ നബി(സ) അതിനെ വാഴ്ത്തിയത്. ആഗ്രഹങ്ങളുടെ നിഗ്രഹമല്ല, നീളം ചുരുക്കലാണ് വിരക്തിയെന്ന് ഇമാം മാലിക് പറഞ്ഞിട്ടുണ്ട്. അഥവാ, ജീവിത ഗന്ധിയായ സന്യാസം. ദുനിയാവിന്റെ അലങ്കാരങ്ങള്‍ അനുഭവിക്കുമ്പോഴും അവയുടെ തടവുപുള്ളി ആവാതിരിക്കാനുള്ള വിവേകം. തറവാട്ടിലേക്ക് തിരിച്ചെത്തുവോളം, താമസിക്കുന്ന തല്‍ക്കാല വസതിയാണ് ഇഹലോകമെന്ന തിരിച്ചറിവ്. 'താങ്കളുടെ വീട്ടില്‍ ഗൃഹോപകരണങ്ങള്‍ വളരെ കുറവായി കാണുന്നല്ലോ' എന്നതിശയിച്ച അതിഥിയോട് അബുദ്ദര്‍ദാഅ് ചോദിച്ചത്, 'വീടോ? അതവിടെയല്ലേ സഹോദരാ!' എന്നായിരുന്നു. അബുദ്ദര്‍ദാഇന്റെ 'അവിടെ' എന്നത് പരലോകമായിരുന്നു. ധനത്തോടുള്ള പ്രിയം നിലനിര്‍ത്തുമ്പോഴും അതിനോടുള്ള ആര്‍ത്തി കിഴിക്കുന്നു വ്രതം. തന്റെ സമ്പത്തിലെ അപരന്റെ അവകാശത്തെക്കുറിച്ച ബോധത്തെ വ്രതം സജീവവും സക്രിയവുമാക്കുന്നു. അത് സകാത്തായി, ദാനധര്‍മമായി സമൂഹത്തിന്റെ അടിപ്രതലത്തിലേക്ക് പരന്നൊഴുകുന്നു. വ്രതമാസത്തില്‍ പ്രവാചകന്‍, ഉദാരതയുടെ അടിച്ചുവീശുന്ന കാറ്റായി പരിണമിക്കുമായിരുന്നു.
ഉയരങ്ങളിലേക്ക് പറക്കാനുള്ള ആത്മീയതൃഷ്ണയുടെ ചിറകുകള്‍ക്ക് വ്രതം കരുത്ത് പകരുന്നു. ദേഹേഛകള്‍ക്ക് നിരന്തരം കീഴടങ്ങുക വഴി പറക്കമുറ്റിപ്പോയ ചിറകുകള്‍ റമദാനില്‍ നവോന്മേഷം വീണ്ടെടുക്കുന്നു. വ്രതമാസ നിഷ്ഠകള്‍ സമ്മാനിച്ച കരുത്തില്‍ ഒരാകാശക്കുതിപ്പിന് അവ സജ്ജമാകുന്നു. ജിബ്‌രീല്‍ മാലാഖയോടൊപ്പം മണല്‍തരികളുടെ എണ്ണത്തോളം സഹ മാലാഖമാരും മാനമിറങ്ങുന്ന റമദാന്‍ രാവുകളില്‍ ആത്മീയതയുടെ ഗിരിശൃംഗങ്ങളും ചക്രവാള സീമകളും നോമ്പുകാരനും പ്രാപ്യമാകുന്നു. അത്യുന്നതങ്ങളില്‍ മാലാഖമാരോട് താദാത്മ്യപ്പെടാനുള്ള ആത്മാവിന്റെ മോഹങ്ങള്‍ വ്രതത്തിലൂടെ പൂവണിയുന്നു.
റമദാന്‍, ഖുര്‍ആന്റെ അവതരണ മാസം. ഇരുട്ടുകളെ ഇല്ലായ്മ ചെയ്യാനെത്തിയ വെളിച്ചത്തിന്റെ വേദമാണത്. തന്റെ പ്രിയ ദാസന്റെ മേല്‍ ഖുര്‍ആന്‍ വചസ്സുകളുടെ അവതരണത്തിനായി നാഥന്‍, ഹിറാ ഗുഹയിലെ ധ്യാനവേള തന്നെ തെരഞ്ഞെടുത്തത് ശ്രദ്ധേയം. നോമ്പുകാരനാവട്ടെ, ഭൗതികവ്യവഹാരങ്ങളുടെ ബഹളങ്ങളില്‍ നിന്നകലെ, ഏകാഗ്രചിത്തനായി, തന്റെ നാഥനുമായി സംവദിക്കുമ്പോള്‍- ഖുര്‍ആന്റെ മുമ്പിലിരിക്കുമ്പോള്‍- 'വെളിച്ചത്തിന്റെ മല' (ജബലുന്നൂര്‍) കയറുകയാണ്. ഖദീജയുടെ ഭക്ഷണപ്പൊതിയുമായി ഹിറാ ഗുഹയിലെത്തിയ പ്രിയ നബിയെപ്പോലെ. താര്‍ക്കിക യുക്തികള്‍ക്കപ്പുറം ആഴമാര്‍ന്ന ജീവിതാവബോധവും വാചാടോപങ്ങള്‍ക്ക് പകരം ജ്ഞാനാനുഭൂതിയുടെ നിറവും സ്വന്തമാക്കുകയാണ്. മനനവും മൗനവുമിഴചേരുന്ന ഖുര്‍ആന്‍ ധ്യാനത്തിന്റെ വ്യക്ത്യാനുഭവത്തിന് വിധേയനാവുമ്പോള്‍, പ്രവാചകനെ ജിബ്‌രീല്‍ പുണര്‍ന്നപ്പോഴെന്ന പോലെ വേദവിജ്ഞാന നിര്‍ഝരി അയാളെയും ആശ്ലേഷിക്കുകയാണ്. ദിവ്യശാന്തിയുടെ അമൃതധാര!

സൂക്ഷ്മതാ ബോധം
ഒരു ഗ്രാമീണന്‍ ഒട്ടകത്തിന്റെ പുറത്ത് കയറുകയും പിന്നെ ഇറങ്ങുകയും ചെയ്തുകൊണ്ടേയിരിക്കുന്നത് ഖലീഫാ ഉമറിന്റെ ശ്രദ്ധയില്‍ പെട്ടു. അദ്ദേഹത്തെ സമീപിച്ച് ഉമര്‍, 'എന്തു പറ്റി? ഞാന്‍ നിങ്ങളെ സഹായിക്കാം' എന്നറിയിച്ചു. അയാള്‍ ഇങ്ങനെയാണ് അതിനോട് പ്രതികരിച്ചത്. 'താങ്കള്‍ക്കെന്നല്ല, ലോകത്തിലാര്‍ക്കും എന്നെ സമാധാനിപ്പിക്കാനാവില്ല. കാരണം, നിന്റെ നാഥന്റെ ശിക്ഷ സംഭവിക്കുക തന്നെ ചെയ്യും, അതിനെ മറികടക്കാന്‍ ആരാലും സാധ്യമല്ല എന്ന ഖുര്‍ആന്‍ വചനമാണ് എന്റെ സ്വാസ്ഥ്യം കെടുത്തുന്നത്...' ഗ്രാമീണനുണ്ടായ ഈ 'അസ്വാസ്ഥ്യം' സൃഷ്ടിക്കാനത്രെ ദൈവദൂതന്മാര്‍ വന്നത്. ഈ അസ്വസ്ഥതയുടെ അഭാവമത്രെ സാമൂഹിക പതനത്തിന്റെ മൗലികഹേതു.
സൂക്ഷ്മതാ ബോധമാണ് വ്രതത്തിന്റെ കാതല്‍ (ഖുര്‍ആന്‍ 2:183). സൂക്ഷ്മശാലികളുടെ നിര്‍മാണമാണ് വ്രതമാസ ടാര്‍ഗറ്റ്. ഖുര്‍ആനിലുടനീളം സൂക്ഷ്മശാലികളുടെ മനോജ്ഞ ചിത്രീകരണങ്ങളുടെ തോരണങ്ങള്‍ കാണാം. കാണുന്ന ലോകത്തിലെന്ന പോലെ, കാണാത്ത ലോകത്തിലും (ആലമുല്‍ ഗൈബ്) ബോധ്യമുള്ളവരാണവര്‍ എന്ന പരാമര്‍ശത്തോടെയാണ് ഈ വിവരണങ്ങളുടെ ആരംഭം (2:3). അവരുടെ വ്യക്തിത്വത്തില്‍ വിശ്വാസം (ഈമാനിയ്യാത്ത്), ഉദാരത (ഇന്‍ഫാഖ്), ആരാധനാ നിഷ്ഠ (ഇബാദാത്ത്), സ്വഭാവ മഹിമ (അഖ്‌ലാഖ്) എന്നീ ചതുരടയാളങ്ങളുണ്ടെന്ന് 2:177-ല്‍ പറയുന്നു. 'ഭൂമിയില്‍ ദൈവിക പ്രതിനിധാനത്തിനാവശ്യമായ ഗുണഗണങ്ങളുള്ളവ'രെന്ന് പൊതുവെ അവരെ വിശേഷിപ്പിക്കാം. സൂക്ഷ്മശാലികള്‍ക്കൊപ്പമാണ് നാഥനെന്നും അവരാണ് ദൈവസ്‌നേഹം അവകാശമാക്കുന്നതെന്നും അവരുടെ ജീവിതങ്ങള്‍ക്കാണ് ശുഭസമാപ്തിയെന്നും ഖുര്‍ആന്‍ അടിവരയിടുന്നുണ്ട്.

പ്രത്യാശയുടെ പ്രകാശം
പ്രത്യാശയുടെ പ്രകാശം പരത്തുന്ന മാസമാണ് റമദാന്‍. 'പാപിക്ക് പാതാളമേയുള്ളൂ' എന്നാണ് പുരോഹിത മതങ്ങള്‍ പഠിപ്പിച്ചത്. അത് കുറ്റവാളിയെ നിത്യപാപിയാക്കുന്ന നിരാശയുടെ ദര്‍ശനമായിരുന്നു. പാപിയെ വീണ്ടും പിശാചിന് വിട്ടുകൊടുക്കലായിരുന്നു. വീണ്ടെടുപ്പിനുള്ള അവസരം നിഷേധിക്കലായിരുന്നു. ഖുര്‍ആനാകട്ടെ, പശ്ചാത്താപത്തിന്റെ വിശാല വാതായനങ്ങള്‍ മലര്‍ക്കെ തുറന്നിട്ടുകൊണ്ടാണ് പുരോഹിത ചൂഷണങ്ങളെ തിരുത്തിയത്. കാരുണ്യവാനായ നാഥന്‍ പാപികളായ തന്റെ ദാസന്മാരെ സ്‌നേഹപൂര്‍വം സംബോധന ചെയ്യുകയാണ് ഖുര്‍ആനില്‍ (ഖുര്‍ആന്‍ 39:53). ആദിപിതാവായ ആദമിനും അബദ്ധം സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം ദൈവനിര്‍ദിഷ്ടമായ പ്രാര്‍ഥനയിലൂടെ പശ്ചാത്തപിച്ചുവെന്നും പാപമുക്തി നേടിയെന്നും പറയുമ്പോള്‍ ഖുര്‍ആന്‍, മനുഷ്യപുത്രന്‍ തെരഞ്ഞെടുക്കേണ്ട നല്ല പാതയേതെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു. നൂറ് പേരെ കൊന്നയാള്‍ക്ക് പോലും പശ്ചാത്താപമുണ്ടെന്നാണ് പ്രവാചകന്‍ അറിയിച്ചത്. നിരാശ നിഷിദ്ധമാണെന്നും അവിടുന്ന് ഉണര്‍ത്തിയിട്ടുണ്ട്.
ഷേക്‌സ്പിയര്‍ നിരീക്ഷിച്ചപോലെ, പശ്ചാത്താപം പിശാചിനെ അകറ്റുന്ന പ്രക്രിയയാണ്. സംഭവിച്ചുപോയതില്‍ നിര്‍വ്യാജം ഖേദിക്കുകയും മേലില്‍ സംഭവിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുകയും കണ്ണീരുപ്പ് പുരട്ടി നാഥനോട് മാപ്പിരക്കുകയും ചെയ്യുമ്പോള്‍, പാപി കുറ്റമുക്തനാവുകയാണ്. പശ്ചാത്തപിച്ചവനെ കുറ്റവാളിയെ പോലെ നോക്കുക പോലും അരുതെന്നാണ് നബിശാസന. ഇത് പ്രത്യാശയുടെ ദൈവദര്‍ശനമാണ്. അബുല്‍ ഹസന്‍ അലി നദ്‌വിയുടെ വാക്കുകളില്‍, മുഹമ്മദീയ വിപ്ലവത്തിന്റെ ആറിലൊന്ന് വരും പ്രത്യാശയുടെ ഈ സമര്‍പ്പണം. അതിലൂടെയത്രെ ദൈവദാസന്മാര്‍ ലോകത്തുടനീളം അവരുടെ പാപപങ്കില ജീവിതത്തോട് വിടചൊല്ലി നന്മയുടെ പുതിയ തീരങ്ങളണഞ്ഞത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 87-91
എ.വൈ.ആര്‍