അനുസ്മരണം
പി.എന്‍ മമ്മു
കൂട്ടിലങ്ങാടി പ്രാദേശിക ജമാഅത്തിലെ അംഗമായിരുന്ന പി.എന്‍.മമ്മു സാഹിബെന്ന ബാപ്പുട്ടി മാസ്റ്റര്‍. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഏതാണ്ട് ആരംഭകാലത്തുതന്നെ പ്രസ്ഥാനം കടന്നെത്തുകയും സജീവസാന്നിധ്യമുറപ്പിക്കുകയും ചെയ്ത ഈ പ്രദേശത്തെ പഴയ തലമുറയിലെ അവശേഷിക്കുന്ന അപൂര്‍വം കണ്ണികളില്‍ ഒരാളാണ് ബാപ്പുട്ടി മാസ്റ്ററുടെ നിര്യാണത്തോടെ കാലയവനികക്കുള്ളില്‍ മറഞ്ഞത്.
അധ്യാപകന്‍, ഹെഡ്മാസ്റ്റര്‍, സ്‌കൂള്‍ മാനേജര്‍ എന്നീ നിലകളില്‍ ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ ബാപ്പുട്ടി മാസ്റ്റര്‍ അനല്‍പമായ പങ്കുവഹിച്ചു. അത്രയൊന്നും പ്രശസ്തനല്ലെങ്കിലും ഒരു കവിയും എഴുത്തുകാരനുമായിരുന്നു അദ്ദേഹമെന്ന കാര്യം ഇന്നത്തെ പുതുതലമുറക്ക് അജ്ഞാതമായിരിക്കും. പഴയ പ്രബോധനം പ്രതിപക്ഷ പത്രത്തിന്റെ താളുകള്‍ പരിശോധിച്ചാല്‍ അദ്ദേഹത്തിന്റെ കവിതകളും ലേഖനങ്ങളും ധാരാളം കാണാന്‍ കഴിയും.
കൂട്ടിലങ്ങാടിക്കടുത്ത കടൂപ്പുറം മഹല്ല് പള്ളിയുടെ മുതവല്ലിയായിരുന്ന തന്റെ പിതൃസഹോദരന്റെ മരണാനന്തരം മുതവല്ലി സ്ഥാനം ഏറ്റെടുത്ത മമ്മു മാസ്റ്റര്‍ മരണംവരെ ആ സ്ഥാനത്ത് തുടര്‍ന്നു. ജമാഅത്തെ ഇസ്‌ലാമി അംഗമായിരിക്കെത്തന്നെ മുതവല്ലി എന്ന നിലയില്‍ എല്ലാവരുമായും സൗഹൃദം പുലര്‍ത്താനും മഹല്ല് പള്ളിയിലെ നിറസാന്നിധ്യമാകാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. കൂട്ടിലങ്ങാടി തര്‍ബിയത്തുല്‍ ഇസ്‌ലാം ട്രസ്റ്റിന്റെയും മസ്ജിദുല്‍ ഹുദായുടെയും സ്ഥാപകാംഗങ്ങളില്‍ ഒരാളായിരുന്നു മമ്മു മാസ്റ്റര്‍.
സി.എച്ച് അബ്ദുല്‍ ഖാദിര്‍, മലപ്പുറം
പി. സെയ്താലി മാസ്റ്റര്‍
വള്ളുവമ്പ്രം അത്താണിക്കല്‍ പ്രദേശത്ത് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വെളിച്ചം കടന്നുവന്ന എഴുപതുകളുടെ തുടക്കത്തില്‍ തന്നെ പ്രവര്‍ത്തനപഥത്തില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു പാലക്കല്‍ സെയ്താലി മാസ്റ്റര്‍. 1974-ല്‍ പ്രദേശത്ത് പ്രാദേശിക ഹല്‍ഖ രൂപീകരിച്ച് അതിന് നേതൃത്വം നല്‍കിയ നാലു പേരില്‍ ഒരാളായിരുന്നു അദ്ദേഹം.
വെള്ളൂര്‍ എ.എം.എല്‍.പി സ്‌കൂളില്‍ പ്രധാനാധ്യാപകനായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം പൊതുരംഗത്തും സേവനനിരതനായി. 1965-ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്രനായി തെരഞ്ഞെടുക്കപ്പെട്ടു. സത്യസന്ധമായ പ്രവര്‍ത്തനം നടത്താന്‍ രാഷ്ട്രീയ രംഗത്ത് അവസരം ലഭിക്കാതെ വന്നപ്പോള്‍ രാജിവെക്കാന്‍ കാണിച്ച ആര്‍ജവമാണ് പിന്നീട് ഇസ്‌ലാമിക പ്രസ്ഥാന വീഥിയിലേക്ക് കടന്നുവരാന്‍ അദ്ദേഹത്തിന് പ്രചോദനമായത്. 1992-ല്‍ പ്രസ്ഥാനം നിരോധം നേരിട്ട കാലഘട്ടത്തില്‍ 'മൗദൂദി കള്‍ച്ചറല്‍ ഫോറ'മുണ്ടാക്കി. പ്രസ്ഥാന പ്രവര്‍ത്തനം നടത്താനും മാസ്റ്റര്‍ മുന്നില്‍നിന്നു.
സരസമായ സംസാരശൈലി കൊണ്ട് എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായി മാറാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇന്ന് അത്താണിക്കലില്‍ പ്രസ്ഥാന പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ഹിറാ മസ്ജിദ്, കാരുണ്യ കേന്ദ്രം പാലിയേറ്റീവ് ക്ലിനിക്ക്, മദ്‌റസ, കുടിവെള്ള പദ്ധതി, സകാത്ത് കമ്മിറ്റി, തുടങ്ങാനിരിക്കുന്ന സൗജന്യ ഡയാലിസിസ് സെന്റര്‍ തുടങ്ങിയവയെല്ലാം സെയ്താലി മാസ്റ്റര്‍ അടങ്ങുന്ന മുന്‍ തലമുറയുടെ വിയര്‍പ്പിന്റെയും പ്രാര്‍ഥനയുടെയും കൂടി ഫലമാണ്.
ടി.വി മൊയ്തീന്‍ കുട്ടി
കെ.പി മുഫീദ്
കുന്ദമംഗലത്ത് ജനിച്ചു വളര്‍ന്ന് പിന്നീട് ചേന്ദമംഗല്ലൂരിലേക്ക് താമസം മാറ്റിയ കെ.പി മുഫീദ് (24) ബൈക്കപകടത്തില്‍ മരണപ്പെട്ടു. സോളിഡാരിറ്റി പ്രവര്‍ത്തകനായിരുന്ന മുഫീദ് പ്രസ്ഥാനം ഏറ്റെടുക്കുന്ന മുഴുവന്‍ പരിപാടികളും വിജയിപ്പിക്കുന്നതില്‍ തന്റേതായ പങ്കു വഹിച്ചിരുന്നു. കോഴിക്കോട്ട് നടന്ന 'യൂത്ത് സ്പ്രിംഗ്' പരിപാടിയുടെ തലേ ദിവസം രാത്രി ഏറെ വൈകിയും കടപ്പുറത്ത് കൊടികള്‍ സ്ഥാപിക്കുന്നവരുടെ കൂട്ടത്തില്‍ മുഫീദുമുണ്ടായിരുന്നു. വിവാഹ-മരണ വീടുകളിലും മറ്റു ജനസേവന പ്രവര്‍ത്തനങ്ങളിലും നിറസാന്നിധ്യമായിരുന്നു. കുറഞ്ഞ കാലം കൊണ്ട് വലിയൊരു സുഹൃദ് വലയം തന്നെ ഉണ്ടാക്കിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഏത് കാര്യവും ദ്രുതഗതിയില്‍ ചെയ്യാന്‍ ജാഗ്രത കാട്ടാറുള്ള മുഫീദിന്റെ വേര്‍പാട് വളരെ പെട്ടെന്നായത് പ്രസ്ഥാന പ്രവര്‍ത്തകരെയും സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തി. പിതാവ് കെ.പി ഹുസൈന്‍. മാതാവ് സലീന ടീച്ചര്‍. റഫീദ് (അധ്യാപകന്‍, കെ.സി ഫൗണ്ടേഷന്‍), റമീദ് എന്നിവര്‍ സഹോദരങ്ങളാണ്.
എം.പി ഫാസില്‍ കുന്ദമംഗലം
Comments