Prabodhanm Weekly

Pages

Search

2013 ജൂണ്‍ 28

ഇസ്‌ലാമും സെക്യുലരിസവും-2 / സ്റ്റേറ്റ് മാഫിയ ആകാതിരിക്കാന്‍

റാശിദുല്‍ ഗനൂശി

ഇസ്‌ലാമിക ചരിത്രത്തിലുടനീളം ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ഇസ്‌ലാം സ്റ്റേറ്റിന്റെ വ്യവഹാരങ്ങളില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സ്റ്റേറ്റിന്റെ നിയമനിര്‍മാണം നടന്നത് അന്നത്തെ സവിശേഷ സ്ഥലകാല പശ്ചാത്തലത്തില്‍ മനസ്സിലാക്കപ്പെട്ടവിധം ഇസ്‌ലാമിക മൂല്യങ്ങളുടെ വെളിച്ചത്തിലായിരുന്നു. ഇതോടൊപ്പം തന്നെ സ്റ്റേറ്റ് ഇസ്‌ലാമികമായി നിലനിന്നത് അതിന്റെ നിയമങ്ങളും നടപടി ക്രമങ്ങളും ദൈവികമായ വെളിപാടും എന്ന അര്‍ഥത്തിലായിരുന്നില്ല; പ്രത്യുത വിമര്‍ശിക്കാനും വെല്ലുവിളിക്കാനും സ്വാതന്ത്ര്യമുള്ള മനുഷ്യ വ്യവഹാരങ്ങള്‍ എന്ന നിലക്കായിരുന്നു.
ഒരളവുവരെ സ്റ്റേറ്റ് നിഷ്പക്ഷതയും പുലര്‍ത്തുകയുണ്ടായി. അബ്ബാസി കാലഘട്ടത്തില്‍ സംഭവിച്ചപോലെ, തങ്ങള്‍ മനസ്സിലാക്കിയ ഒരു അര്‍ഥം മുസ്‌ലിംകളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ഭരണകൂടം ശ്രമിച്ചപ്പോള്‍ അതിന്നെതിരെ വിപ്ലവത്തിന്റെ തീപ്പൊരി പ്രകടമായി. ഒരേ മതത്തില്‍നിന്ന് വ്യത്യസ്ത വീക്ഷണങ്ങളും വ്യാഖ്യാനങ്ങളും ഉദ്ഭവിക്കുകയും അതിന്റെ വിഭാഗീയമായ ആഘാതം സ്റ്റേറ്റിനെ ബാധിക്കുമെന്ന് ഖലീഫ മന്‍സ്വൂര്‍ ഭയപ്പെടുകയും ചെയ്തപ്പോള്‍ ജനങ്ങളുടെ വീക്ഷണങ്ങള്‍ ഏകീകരിക്കാനായി ഇമാം മാലികിനോട് ഒരു നിയമസംഹിത രചിക്കാന്‍ ആവശ്യപ്പെടുകയുണ്ടായത്രെ. അങ്ങനെയാണ് മാലിക് പ്രസിദ്ധമായ 'അല്‍മുവത്വ' രചിക്കുന്നത്. സന്തുഷ്ടനായ മന്‍സൂര്‍ എല്ലാ മുസ്‌ലിംകള്‍ക്കും ബാധകമായൊരു നിയമസംഹിതയായി അത് നടപ്പില്‍ വരുത്താന്‍ ആഗ്രഹിച്ചു. ഖലീഫയുടെ ആഗ്രഹത്തില്‍ ആശങ്കാകുലനായ മാലിക് അങ്ങനെ ചെയ്യരുതെന്ന് അദ്ദേഹത്തോട് അപേക്ഷിച്ചു. കാരണം വ്യത്യസ്ത നാടുകളിലേക്ക് സഞ്ചരിച്ച പ്രവാചകന്റെ അനുചരന്മാര്‍ കൂടുതല്‍ പല വിവരങ്ങളും ഒപ്പം കൊണ്ടുപോയിട്ടുണ്ട്. അതിനാല്‍ ഇഷ്ടമുള്ളത് അവര്‍ സ്വീകരിച്ചുകൊള്ളട്ടെ എന്ന് മന്‍സ്വൂറിനോട് അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് മൊറോക്കോവില്‍ ഒരു നിയമസരണിക്ക് മേധാവിത്തം ലഭിച്ചപ്പോള്‍ ലാവന്റില്‍(സിറിയന്‍ മേഖല) മറ്റൊന്നിനും ഈജിപ്തില്‍ മൂന്നാമതൊന്നിനും മേധാവിത്തമുള്ളതായി നാം കാണുന്നത്. ഇസ്‌ലാമില്‍ പൗരോഹിത്യ സഭയില്ലാത്തതിനാലും ചിന്താസ്വാതന്ത്ര്യവും വ്യാഖ്യാന സ്വാതന്ത്ര്യവും ഊനംതട്ടാതെ നിലനില്‍ക്കുന്നതിനാലുമാണത്. ഇത് സ്വാഭാവികമായും വ്യാഖ്യാനങ്ങളുടെ വൈവിധ്യത്തിലേക്ക് നയിച്ചു. അതില്‍ ദോഷമൊന്നുമില്ല. പക്ഷേ, ഒരു നിയമമുണ്ടാക്കേണ്ട ആവശ്യം വരുമ്പോള്‍ ഒരു മെക്കാനിസം നമുക്ക് വേണ്ടിവരും. മനുഷ്യരാശി ഇതഃപര്യന്തം കണ്ടെത്തിയതില്‍ ഏറ്റവും വിശിഷ്ടമായ മെക്കാനിസം തെരഞ്ഞെടുപ്പിന്റെയും ജനാധിപത്യത്തിന്റേതുമാണ്. ആ സംവിധാനം രാഷ്ട്രത്തിന്റെ പ്രതിനിധികളെ സൃഷ്ടിക്കുകയും മുന്‍ചൊന്ന വ്യാഖ്യാനങ്ങള്‍ക്ക് വ്യക്തിപരമെന്നതില്‍നിന്ന് ഭിന്നമായി ഒരു സംഘടിത സ്വഭാവം നല്‍കുകയും ചെയ്യുന്നു. ഭൂമിയില്‍ പവിത്രതയെ പ്രതിനിധാനം ചെയ്യുന്ന തിരുസഭയുടെയും ഖുര്‍ആനിക വക്താവിന്റെയും അഭാവത്തില്‍ ദൈവേഛയുടെ ഒരേയൊരു പ്രകാശനം സ്റ്റേറ്റ് ആയിത്തീരുന്നു. അത് സാധിതമാകുന്നത് സ്റ്റേറ്റില്‍ വസിക്കുന്ന പൗരസഞ്ചയങ്ങളുടെ പരസ്പര വിനിമയത്തിലൂടെയാണ്. അല്ലാതെ ഏതെങ്കിലും പ്രത്യേക പണ്ഡിതനിലൂടെയോ പാര്‍ട്ടിയിലൂടെയോ ഭരണകൂടത്തിന്റെ ഏകാധിപത്യത്തിലൂടെയോ അല്ല.
അബ്ബാസി ഖലീഫ അല്‍-മഅ്മൂന്‍ ഖുര്‍ആനെക്കുറിച്ചുള്ള ഒരു പ്രത്യേക വ്യാഖ്യാനം, ഇസ്‌ലാമിക വിശ്വാസത്തിന്റെ ഒരു സവിശേഷ ധാരണ (മുഅ്തസലി ചിന്താസരണി)ജനത്തിന്റെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ഒരുമ്പെട്ടപ്പോള്‍ ഇമാം അഹ്മദ് ബിന്‍ ഹമ്പല്‍ അതിന്നെതിരെ കലാപം നടത്തി. മതത്തില്‍ അധീശാധികാരം സ്ഥാപിക്കാനുള്ള സ്റ്റേറ്റിന്റെ ശ്രമത്തെ തള്ളിക്കളഞ്ഞു. തന്മൂലം അദ്ദേഹം കൊടിയ പീഡനത്തിനിരയായിത്തീര്‍ന്നു. എങ്കിലും ഒടുവില്‍ പൊതുജനാഭിപ്രായം സ്റ്റേറ്റിന്നെതിരെ തിരിച്ചുവിടുന്നതിലും അല്‍-മഅ്മൂനെ കീഴടങ്ങാന്‍ നിര്‍ബന്ധിതനാക്കുന്നതിലും ഇമാം വിജയിച്ചു.
പടിഞ്ഞാറ് പ്രശ്‌നം സ്റ്റേറ്റിനെ മതത്തില്‍നിന്ന് മോചിപ്പിക്കുന്നതിന് ചുറ്റും കറങ്ങുകയും മാരകമായ യുദ്ധങ്ങളിലേക്ക് നയിക്കുകയും ചെയ്തപ്പോള്‍, പ്രശ്‌നം നമ്മുടെ പശ്ചാത്തലത്തില്‍ മതത്തെ സ്റ്റേറ്റില്‍നിന്ന് മോചിപ്പിക്കുകയും മതത്തിന്റെ മേല്‍കോയ്മ സ്ഥാപിക്കുന്നതില്‍നിന്ന് സ്റ്റേറ്റിനെ തടയുകയും ചെയ്യുക എന്നതായിരുന്നു. മതത്തെ അത് സാമൂഹിക മണ്ഡലത്തില്‍ എല്ലാവര്‍ക്കും തുറന്ന നിലയില്‍ പ്രതിഷ്ഠിക്കുകയും എല്ലാ മുസ്‌ലിംകള്‍ക്കും ഖുര്‍ആന്‍ വായിക്കാനും തങ്ങള്‍ക്ക് അനുയോജ്യമെന്ന് തോന്നുംവിധം അതിനെ മനസ്സിലാക്കാനും അവസരം നല്‍കുകയും ചെയ്തു. സൗഹാര്‍ദപരമായ സഹവര്‍ത്തിത്വത്തോട് കൂടിയ ബഹുസ്വരതയില്‍ ദോഷമില്ലെന്നര്‍ഥം. എന്നാല്‍ മുസ്‌ലിംകള്‍ക്ക് നിയമം ആവശ്യമായി വരുമ്പോള്‍ ഇസ്‌ലാമിലെ ശൂറാ (കൂടിയാലോചന) മൂല്യത്തിന്റെ പ്രതീകമായ ജനാധിപത്യപരമായ പ്രവര്‍ത്തനരീതിയാണ് ഏറ്റവും നല്ല ആലംബം.
നമ്മുടെ പൈതൃകം പൗരോഹിത്യ വിമുക്തമാണെന്നത് വളരെ പ്രധാനപ്പെട്ട ഒരു സംഗതിയാണ്. ഒരു പക്ഷേ നമ്മുടെ ശിയാ സഹോദരങ്ങളില്‍ മാത്രമേ അത്തരം ഒരു മതസ്ഥാപനത്തിലുള്ള വിശ്വാസം നിലനില്‍ക്കുന്നുണ്ടാകൂ. എന്നാല്‍ സുന്നീ ലോകത്ത് അങ്ങനെയൊന്ന് നിലനില്‍ക്കുന്നില്ല. സാധാരണ ഗതിയില്‍ വിയോജിപ്പും വ്യത്യസ്ത വീക്ഷണങ്ങളുമുള്ള പണ്ഡിതന്മാരുടെ ഒരു കൗണ്‍സില്‍ ഉണ്ടാകാമെന്ന് മാത്രം. അതിനാല്‍ സ്വതന്ത്രമായ അന്തരീക്ഷത്തില്‍ പ്രശ്‌നങ്ങള്‍ പഠിക്കുകയും ചര്‍ച്ച നടത്തുകയും ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടവരെന്ന നിലയില്‍ അന്തിമാധികാരം നിയമനിര്‍മാണ സഭക്കാണെന്ന് അംഗീകരിക്കുകയും ചെയ്യുന്ന ബുദ്ധിജീവികളും പണ്ഡിതന്മാരും നമുക്കാവശ്യമാണ്. തീവ്രവാദികളെന്ന് വിശേഷിപ്പിക്കാവുന്ന സെക്യുലര്‍ ധാരക്കും തത്തുല്യമായ ഇസ്‌ലാമിസ്റ്റ് ധാരക്കുമിടയില്‍ നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ഒരു ചര്‍ച്ച നടന്ന് വരുന്നുണ്ട്. ഇവരില്‍ ഒരു വിഭാഗം തങ്ങള്‍ മനസ്സിലാക്കുന്ന ഇസ്‌ലാമിനെ ഭരണകൂട ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തി മുകളില്‍നിന്ന് അടിച്ചേല്‍പ്പിക്കണമെന്ന് വാദിക്കുമ്പോള്‍ മറുവിഭാഗം സ്റ്റേറ്റിനെയും വിദ്യാഭ്യാസപദ്ധതിയെയും ദേശീയ സംസ്‌കാരത്തെയും എല്ലാവിധ ഇസ്‌ലാമിക സ്വാധീനങ്ങളില്‍നിന്നും വിമുക്തമാക്കണമെന്ന് ആവശ്യപ്പെടുന്നു.
മുസ്‌ലിം നാടുകളിലടക്കം ലോകം മതപരമായ ഒരു ഉണര്‍വിന് സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുകയാണ്. പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്റെ ശ്രമങ്ങള്‍ മുതല്‍ കിഴക്കന്‍ യൂറോപ്പിന്റെ വികസനത്തില്‍ കത്തോലിക്കാസഭ പങ്ക് വഹിച്ചുപോരുന്നുണ്ട്. പുട്ടിന്റെ പ്രസിഡന്റ് സ്ഥാനമത്സരത്തില്‍ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ വഹിച്ച പങ്കും അനുസ്മരണീയമാണ്. അത്തരമൊരു സന്ദര്‍ഭത്തില്‍ സ്റ്റേറ്റിന്റെ സാംസ്‌കാരിക-വിദ്യാഭ്യാസ നയങ്ങളില്‍ മതപരമായ സ്വാധീനത്തെ എതിര്‍ക്കുന്നതില്‍ ന്യായമില്ല. യഥാര്‍ഥത്തില്‍ ഇസ്‌ലാമിനെ അടിച്ചേല്‍പ്പിക്കേണ്ട ആവശ്യം നമുക്കില്ല. അത് ജനങ്ങളുടെ മതമാണ്; വരേണ്യബുദ്ധിജീവി വര്‍ഗത്തിന്റെ മതമല്ല. സ്റ്റേറ്റിന്റെ ബലത്തിലും സ്വാധീനത്തിലുമല്ല ഇസ്‌ലാം ഇക്കാലമത്രയും നിലനിന്ന് പോന്നിട്ടുള്ളത്. പ്രത്യുത, അതിന്റെ അനുയായികള്‍ക്കിടയില്‍ അതിന് ലഭിച്ചുപോന്ന സ്വീകാര്യതയുടെ അടിസ്ഥാനത്തിലാണ്. സത്യത്തില്‍ സ്റ്റേറ്റ് പലപ്പോഴും മതത്തിന് ഒരു ഭാരമാവുകയാണുണ്ടായത്.
നേരത്തെ ഞാന്‍ പറഞ്ഞപോലെ ഇസ്‌ലാമിസ്റ്റ് ധാരയില്‍പെട്ട പലരും മറ്റുള്ളവരും സ്റ്റേറ്റില്‍നിന്നുള്ള മതത്തിന്റെ വിമുക്തി ഒരു സാമൂഹിക വിഷയമായി മാറ്റിനിറുത്തുന്നതില്‍ ആശങ്ക പ്രകടിപ്പിക്കുന്നവരായിരുന്നു. എന്തിനാണ് സ്റ്റേറ്റ് ഇമാമുമാരെ പരിശീലിപ്പിക്കുന്നത്? എന്തിനാണ് സ്റ്റേറ്റ് മസ്ജിദുകള്‍ നിയന്ത്രിക്കുന്നത്?
വന്‍തോതിലുള്ള അപകടസാധ്യതയും സാഹസികതയുമടങ്ങിയതാണ് സ്റ്റേറ്റിന്റെ നിഷ്പക്ഷ നിലപാട് എന്ന പ്രശ്‌നം. ആദ്യകാല മുസ്‌ലിംകള്‍ സ്റ്റേറ്റിനെയും മതത്തെയും വിഭജിച്ചപോലെയാണെങ്കില്‍ വലിയ പ്രശ്‌നമില്ല. മതം ദൈവിക വെളിപാടും സ്റ്റേറ്റ് മനുഷ്യന്റെ ഉല്‍പ്പന്നവുമായാണ് അവര്‍ കണ്ടത്. അങ്ങനെ വെളിപാടും (വഹ്‌യ്) രാഷ്ട്രീയ കാര്യങ്ങളും അവര്‍ വേര്‍തിരിച്ചു. എന്നാല്‍ ഫ്രഞ്ചു അര്‍ഥത്തിലോ മാര്‍ക്‌സിസ്റ്റ് അനുഭവത്തിനനുസൃതമായോ ആണ് നാം ഈ വിഭജനം കൈകാര്യം ചെയ്യുന്നതെങ്കില്‍ ആപല്‍ക്കരമായ ഒരു സാഹസത്തിലേക്കായിരിക്കും നാം എടുത്തുചാടുക. അത് മതത്തിനും സ്റ്റേറ്റിനും ഒരുപോലെ ഹാനികരമായി ഭവിക്കും.
സ്റ്റേറ്റിനെ സമ്പൂര്‍ണമായി മതത്തില്‍നിന്ന് ഒഴിവാക്കുകയാണെങ്കില്‍ സ്റ്റേറ്റ് ഒരു മാഫിയയായി മാറും. ലോക സാമ്പത്തിക ക്രമം കൊള്ളയടിയിലേക്ക് വഴിതെറ്റും. രാഷ്ട്രീയം കാപട്യവും വഞ്ചനയുമായി പരിണമിക്കും. ചില സൃഷ്ടിപരമായ വശങ്ങളുണ്ടെങ്കില്‍പോലും അതാണ് ശരിക്കും പടിഞ്ഞാറന്‍ അനുഭവത്തില്‍ സംഭവിച്ചത്. മൂലധനത്തിന്റെ ഏറ്റവും വലിയ ഓഹരി കൈയടക്കിയും അന്തിമമായി രാഷ്ട്രീയക്കാരെ കൈപിടിയിലൊതുക്കാന്‍ മാധ്യമങ്ങളിലേക്ക് അതിനെ വ്യാപിപ്പിച്ചും ഏതാനും സാമ്പത്തിക ബ്രോക്കര്‍മാരുടെ സംരക്ഷണത്തിലായിത്തീര്‍ന്നു അന്തര്‍ദേശീയ രാഷ്ട്രീയം. ഈ പശ്ചാത്തലത്തില്‍ അനുവദനീയവും (ഹലാല്‍) നിരോധിതവും (ഹറാം) വേര്‍തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് മതവും അതിന്റെ ആത്മീയ-ധാര്‍മിക മൂല്യങ്ങളും അത്യാവശ്യമായിത്തീരുന്നു. ഹലാലും ഹറാമും നിര്‍വചിക്കുന്നതില്‍ കുത്തക പുലര്‍ത്തുന്ന ചര്‍ച്ചിന്റെ അഭാവത്തില്‍ ഈ ഉത്തരവാദിത്തം ധിഷണാശാലികളുടെയും ജനങ്ങളുടെയും മാധ്യമങ്ങളുടെയും ചര്‍ച്ചക്ക് വിട്ടുകൊടുക്കേണ്ടിവരും.
മതം സമ്പൂര്‍ണമായും സ്റ്റേറ്റില്‍നിന്നും രാഷ്ട്രീയത്തില്‍നിന്നും മോചിപ്പിക്കപ്പെടുകയാണെങ്കില്‍ അത് ചില അപകടങ്ങളിലേക്ക് നയിക്കും. അപ്പോള്‍ കാര്യങ്ങള്‍ പിടിവിടുകയും സാമൂഹിക ഐക്യം അപകടത്തിലാവുകയും ചെയ്യും. ജനങ്ങളുടെ സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും ഉറപ്പുനല്‍കുന്ന ഒരു സന്തുലനം കണ്ടെത്തുക എന്നതാണ് ഇതിന്റെ പരിഹാരം. മതത്തിനാണ് ആ സന്തുലനം സാധിക്കുക. ഈ സന്തുലനം സാക്ഷാല്‍ക്കരിക്കണമെങ്കില്‍ മതത്തിനും രാഷ്ട്രീയത്തിനുമിടയിലുള്ള വ്യതിരേകത്തിലേക്ക് നമുക്ക് തിരിച്ചുപോകേണ്ടിവരും. മതത്തില്‍ സുസ്ഥിരവും മാറിക്കൊണ്ടിരിക്കുന്നതും എന്താണെന്നതിന്റെ മാപിനികള്‍ ആയോജനം ചെയ്യേണ്ടതുണ്ട് അതിന്. അപ്പോള്‍ നമ്മുടെ നിയമനിര്‍മാതാക്കള്‍ മതമൂല്യങ്ങളെ നന്നായറിയുന്നവരും അതിന്റെ ശിക്ഷണം നേടിയവരും ആയിരിക്കേണ്ടതുണ്ട്. മതപണ്ഡിതന്മാരുടെയോ മതാധികാരികളുടെയോ രക്ഷാകര്‍തൃത്വം ആവശ്യമില്ലാത്തവിധം അവര്‍ അതില്‍ പരിണത പ്രജ്ഞരായിരിക്കണം. രാഷ്ട്രീയക്കാര്‍ക്കും ബാധകമാണിത്. ബലാല്‍ക്കാരേണ പ്രചോദിപ്പിക്കുന്ന ഒരു മതാനുഷ്ഠാനത്തിലും യാതൊരു മൂല്യവുമില്ല. ദൈവത്തെ അനുസരിക്കാത്തവരെ ഭരണകൂട ഉപകരണങ്ങളിലൂടെ ബലാല്‍ക്കാരം കാപട്യത്തിലേക്ക് തിരിച്ചുവിടുന്നതില്‍ ഒരു പ്രയേജനവുമില്ല. ജനങ്ങള്‍ സ്വതന്ത്രരായാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. അവരെ ബാഹ്യമായി നിയന്ത്രിക്കാന്‍ സാധിക്കുമെങ്കിലും അവരുടെ ആന്തരസ്വത്വങ്ങളെയും ദൃഢവിശ്വാസങ്ങളെയും സംബന്ധിച്ചിടത്തോളം അത് സാധ്യമല്ല.
അതുകൊണ്ടാണ് ശിരോവസ്ത്രത്തിന്റെയും പര്‍ദയുടെയും പ്രശ്‌നങ്ങളുടെ സമീപനത്തില്‍ രണ്ടുതരം മാതൃകകള്‍ നാം കാണുന്നത്. സ്റ്റേറ്റ് കല്‍പ്പിച്ചരുളുന്നതും അടിച്ചേല്‍പ്പിക്കുന്നതുമായ പര്‍ദയാണ് ഒന്ന്. സ്റ്റേറ്റ് നിരോധിക്കുന്ന പര്‍ദയാണ് രണ്ടാമത്തേത്. ഒരു മുസ്‌ലിം രാജ്യത്തെ വിമാനത്താവളത്തില്‍ ഉണ്ടായ അനുഭവം ഞാന്‍ ഓര്‍ക്കുന്നു. സ്ത്രീകളൊക്കെ അവിടെ പര്‍ദാധാരിണികളായിരുന്നു. എന്നാല്‍ വിമാനം പറന്നുയരേണ്ട താമസം അവരുടെ പര്‍ദകളും പറന്ന്‌പോയി! ആ രാജ്യത്തെ വിദ്യാഭ്യാസ പദ്ധതിയുടെ വ്യക്തമായ പരാജയമായിരുന്നു അത്. ബലപ്രയോഗത്തിലൂടെയല്ലാതെ ജനങ്ങളുടെ മതബോധം ഉറപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല.ബിന്‍അലിയുടെ തുനീഷ്യയില്‍ സ്ത്രീകള്‍ക്ക് പര്‍ദ വിലക്കപ്പെടുകയും ഇഷ്ടവേഷത്തില്‍ പൊതുരംഗത്ത് പ്രത്യക്ഷപ്പെടുന്നതില്‍നിന്ന് അവരെ തടയുകയും ചെയ്തു. സ്റ്റേറ്റിന്റെ ബലപ്രയോഗം തന്നെയായിരുന്നു അതും. അതും ഒരു പരാജയമായിരുന്നു.
മതത്തിന്റെ പ്രാഥമിക ഭ്രമണപഥം സ്റ്റേറ്റിന്റെ ഉപകരണങ്ങള്‍ക്കകത്തല്ല. മറിച്ചു വ്യക്തിഗതമായ വിശ്വാസത്തിനകത്താണ്. മറ്റെല്ലാറ്റിലുമുപരി ജനങ്ങളെ സേവിക്കുക എന്നതാണ് സ്റ്റേറ്റിന്റെ ചുമതല-തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, നല്ല ആരോഗ്യവും വിദ്യാഭ്യാസവും നല്‍കുക തുടങ്ങിയവ; ജനങ്ങളുടെ മനസ്സും ഹൃദയവും നിയന്ത്രിക്കുകയല്ല. അതുകൊണ്ടാണ് എല്ലാവിധ ബലാല്‍ക്കാര രൂപങ്ങള്‍ക്കും എതിരെ ഞാന്‍ നിലയുറപ്പിച്ചത്. 'മതപരിത്യാഗം' പോലുള്ള വിവാദ വിഷയങ്ങളില്‍ ജനങ്ങള്‍ക്ക് ഏതൊരു മതവും തെരഞ്ഞെടുക്കാനും ഏതൊരു മതവും വിശ്വാസവും ഉപേക്ഷിക്കാനും സ്വാതന്ത്ര്യമുണ്ടെന്ന പക്ഷത്ത് ഞാന്‍ നിലയുറിപ്പിച്ചു; ''മതത്തില്‍ ബലാല്‍ക്കാരമില്ല'' എന്ന ഖുര്‍ആന്‍ സൂക്തത്തിന്റെ അടിസ്ഥാനത്തില്‍.
ജനങ്ങളെ മുസ്‌ലിംകളാകാന്‍ നിര്‍ബന്ധിക്കുന്നത് അര്‍ഥശൂന്യമാണ്. വിശ്വാസം പ്രകടിപ്പിക്കുകയും അവിശ്വാസം ഒളിപ്പിക്കുകയും ചെയ്യുന്ന കപടന്മാരെ മുസ്‌ലിം രാഷ്ട്രത്തില്‍ ആവശ്യമില്ല. ഒരാള്‍ക്ക് ഇസ്‌ലാമുമായി പ്രതിബദ്ധത പുലര്‍ത്താനുള്ള പ്രാഥമിക മൂല്യമാണ് സ്വാതന്ത്ര്യം. ''അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് അവന്റെ അന്ത്യപ്രവാചകനാണെ''ന്നുമുള്ള സത്യസാക്ഷ്യ വചനത്തിലൂടെ വിശ്വാസ പ്രഖ്യാപനം നടത്തുന്ന ഒരാള്‍ അങ്ങനെ ചെയ്യുന്നത് സ്വതന്ത്രമായ തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തിലാണ്. ബോധ്യവും ദൃഢവിശ്വാസവുമാണ് അതില്‍ അന്തര്‍ഗതമായിട്ടുള്ളത്. അപ്പോള്‍ സ്റ്റേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഇസ്‌ലാമിക മൂല്യങ്ങള്‍ക്കനുസൃതമാണെന്ന് ഉറപ്പുവരുത്തുക എന്ന അര്‍ഥത്തില്‍ സ്റ്റേറ്റ് ഇസ്‌ലാമികമാണെന്ന് പറയാം. എന്നാല്‍ ഏതെങ്കിലും മതസ്ഥാപനത്തിന്റെ രക്ഷാകര്‍തൃത്വത്തിന് അത് വിധേയമായിരിക്കില്ല. കാരണം, അങ്ങനെയൊരു സ്ഥാപനം ഇസ്‌ലാമിലില്ല. എങ്കിലും ജനങ്ങളും ഒരു രാജ്യവും നിലവിലുണ്ടാകും. സ്വന്തം സ്ഥാപനങ്ങളിലൂടെ തീരുമാനമെടുക്കുന്നത് അവരായിരിക്കും.
മക്കയിലെ ജനം മുഹമ്മദ് നബിയെ എതിര്‍ത്തപ്പോള്‍ തന്റെ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഇടപെടാതിരിക്കാനും, ജനങ്ങള്‍ക്ക് സന്ദേശം വിനിമയം ചെയ്യാന്‍ തന്നെ അനുവദിക്കാനും അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. മക്കാ നിവാസികള്‍ പ്രവാചകന്ന് ആവിഷ്‌ക്കാര സ്വാതന്ത്ര്യം അനുവദിച്ചിരുന്നെങ്കില്‍ അദ്ദേഹം സ്വദേശം ഉപേക്ഷിച്ചു മദീനയിലേക്ക് കുടിയേറുമായിരുന്നില്ല. പ്രവാചകന്റെ സന്ദേശം അത്രമാത്രം ശക്തമായിരുന്നതിനാലാണ് അതിന്നെതിരെ ഒരു ബദല്‍ മുന്നോട്ടുവെക്കാന്‍ മക്കക്കാര്‍ക്ക് സാധിക്കാതെ പോയത്. ജനങ്ങളെ നിര്‍ബന്ധിക്കാന്‍ ആവശ്യമില്ലാത്തത്ര ഇസ്‌ലാമിന്റെ തെളിവ് ശക്തമാണെന്ന് മുസ്‌ലിംകള്‍ കരുതിയത് അതുകൊണ്ടാണ്. ''നിങ്ങള്‍ സത്യസന്ധരെങ്കില്‍ തെളിവ് കൊണ്ടുവരൂ'' എന്ന് ഇസ്‌ലാം പ്രഖ്യാപിച്ചപ്പോള്‍ ആ വെല്ലുവിളി ചെന്നുപതിച്ചത് രാഷ്ട്രീയവും ബുദ്ധിപരവുമായ സംഘട്ടനത്തിന്റെ ഹൃദയഭൂമിയിലായിരുന്നു.
അതിനാല്‍ ഇന്ന് നമ്മുടെ രാജ്യത്ത് നടക്കുന്ന ചര്‍ച്ചയുടെ ഗണ്യമായൊരു ഭാഗം സെക്യുലരിസത്തെയും ഇസ്‌ലാമിനെയും സംബന്ധിച്ച തെറ്റിദ്ധാരണയുടെ ഫലമത്രെ. സെക്യുലറിസം ഒരു നിരീശ്വര ദര്‍ശനമല്ലെന്ന് നാം വിശദീകരിച്ചു. അബ്ദുല്‍ വഹാബ് അല്‍ മസീരി ഭാഗിക സെക്യുലരിസവും സമ്പൂര്‍ണ സെക്യുലരിസവും തമ്മില്‍ വ്യവഛേദിച്ചത്‌പോലെ വിശ്വാസ-ചിന്താ സ്വാതന്ത്ര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഒരു കൂട്ടം നടപടി ക്രമങ്ങള്‍ മാത്രമാണത്. സമ്പൂര്‍ണ സെക്യുലരിസത്തിന്റെ ഒരു ഉദാഹരണം ഫ്രഞ്ചു ചരിത്രത്തിലെ ജക്കോബിന്‍ മാതൃകയാണ്. പൗരോഹിത്യത്തിന്നെതിരെയുള്ള യുദ്ധത്തില്‍ ജക്കോബിനുകള്‍ താഴെ പറയുന്ന മുദ്രാവാക്യം ഉയര്‍ത്തി: ''അവസാനത്തെ പുരോഹിതന്റെ കുടല്‍മാല പുറത്തെടുത്ത് അവസാനത്തെ രാജാവിനെ ഗളഹസ്തം ചെയ്യുക.'' സെക്യുലരിസത്തിന്റെ ഒരു ഫ്രഞ്ചു ഭാഷ്യം മാത്രമാണിത്; കേവല നിര്‍വചനമല്ല. ഇസ്‌ലാമിനെ കുറിച്ചും ഉണ്ട് ഒരു സന്നിഗ്ധത. കാരണം, ജനങ്ങളുടെ സ്വാതന്ത്ര്യം കവര്‍ന്നെടുക്കുകയും പ്രാര്‍ഥനകളും വ്രതവും പര്‍ദയും നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നതിലൂടെയല്ലാതെ ഇസ്‌ലാമിനെ വിജയിപ്പിക്കാന്‍ സാധിക്കുകയില്ലെന്ന് വിശ്വസിക്കുന്ന ചിലരുണ്ട്. അതൊരു വിജയമേയല്ല. കാരണം, കാപട്യത്തെ ഏറ്റവും വലിയൊരു കുറ്റകൃത്യമായാണ് സര്‍വശക്തനായ ദൈവം കാണുന്നത്. നരകത്തിന്റെ അടിത്തട്ടാണ് കപടവിശ്വാസികളുടെ സങ്കേതം!
ഒരു ഏകാധിപതിയെ മറിച്ചിടുന്നതില്‍ നമ്മുടെ വിപ്ലവം വിജയിച്ചു എന്ന യാഥാര്‍ഥ്യം പൗരത്വം എന്ന തത്ത്വം അംഗീകരിക്കാന്‍ നമ്മെ ബാധ്യസ്ഥരാക്കുന്നു. ഈ രാജ്യം ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് മാത്രം അവകാശപ്പെട്ടതല്ല. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും അവകാശപ്പെട്ടതാണ്; മതപരമോ ലിംഗപരമോ മറ്റേതെങ്കിലും പരിഗണനകളുടെയോ വിഭജനമില്ലാതെ തുല്യാവകാശങ്ങള്‍ അനുഭവിക്കുന്ന പൗരന്മാരായിരിക്കാന്‍ ഇസ്‌ലാം അവര്‍ക്ക് അവകാശം നല്‍കിയിരിക്കുന്നു. പരസ്പരം മാനിക്കുകയും പാര്‍ലമെന്റിലെ അവരുടെ പ്രതിനിധികള്‍ രൂപം നല്‍കിയ നിയമങ്ങള്‍ പാലിക്കുകയും ചെയ്യുക എന്ന ചട്ടക്കൂട്ടിനുള്ളില്‍ ഏത് വിശ്വാസവും അവര്‍ക്ക് സ്വീകരിക്കാം.
ഇങ്ങനെയാണ് ഞാന്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നത്. സെക്യുലരിസവുമായുള്ള ഇസ്‌ലാമിന്റെ ബന്ധത്തെക്കുറിച്ചുള്ള എന്റെ വീക്ഷണം ഇതാണ്. മുഖ്യപ്രശ്‌നങ്ങളെ ഞാന്‍ സ്പര്‍ശിച്ചിട്ടുണ്ടെന്ന് പ്രതീക്ഷിക്കുന്നു.
(അവസാനിച്ചു)
('സെക്യുലരിസവും, മതവും സ്റ്റേറ്റും തമ്മിലുള്ള ബന്ധവും അന്നഹ്ദ പാര്‍ട്ടിയുടെ വീക്ഷണത്തില്‍' എന്ന വിഷയത്തെ പുരസ്‌കരിച്ച് തുനീഷ്യയിലെ സെന്റര്‍ ഫോര്‍ ദ സ്റ്റഡീ ഓഫ് ഇസ്‌ലാം ആന്റ് ഡമോക്രസി(CSID)യില്‍ കഴിഞ്ഞ മാര്‍ച്ച് 2-ന് നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍).
വിവ: വി.എ.കെ

Comments

Other Post