വിവരാവകാശ നിയമവും രാഷ്ട്രീയ പാര്‍ട്ടികളും
വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ രാഷ്ട്രീയ പാര്‍ട്ടികളും ഉള്‍പ്പെടുമെന്ന് കേന്ദ്ര വിവരാവകാശ കമീഷന് ഫുള്‍ ബെഞ്ച് ഉത്തരവിട്ടിരിക്കുകയാണ്. ജൂണ്‍ 3-ന് പുറത്തുവന്ന 54 പേജുള്ള ഉത്തരവില്‍ കമീഷന്റെ തീരുമാനത്തിനാധാരമായ ന്യായങ്ങളും താല്പര്യങ്ങളും വിശദമാക്കിയിട്ടുണ്ട്. വിവരാവകാശ നിയമം 2 (എച്ച്) പ്രകാരം സര്‍ക്കാറിന്റെ സഹായം പറ്റുന്ന സര്‍ക്കാരിതര സ്ഥാപനങ്ങള്‍ പൊതു അധികാര സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സര്‍ക്കാറില്‍നിന്ന് ഗണ്യമായ സാമ്പത്തിക സഹായം ലഭിക്കുന്നുണ്ട്. വന്‍ നഗരങ്ങളിലെ കണ്ണായ സ്ഥലങ്ങള്‍ പാര്‍ട്ടി ഓഫീസുകള്‍ക്കും മറ്റുമായി നാമമാത്ര വിലയ്ക്ക് പതിച്ചുകൊടുക്കുന്നു. ദൂരദര്‍ശനിലും എ.ഐ.ആറിലും രാഷ്ട്രീയ പ്രചാരണത്തിന് സൗജന്യമായി സമയമനുവദിക്കുന്നു. ജനപ്രതിനിധി സഭാംഗങ്ങളെ നാമനിര്‍ദേശം ചെയ്യാനും നിയന്ത്രിക്കാനും പിന്‍വലിക്കാനും അവകാശമുള്ളവരാണ് അവരുടെ പാര്‍ട്ടികള്‍. പൊതു ഉത്തരവാദിത്വങ്ങളാണവ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. ഒരു പാര്‍ട്ടി സ്വീകരിക്കുന്ന സര്‍ക്കാര്‍ സഹായം എത്ര ശതമാനമാണ് എന്നൊന്നും പരിഗണിക്കേണ്ടതില്ലെന്ന് ദല്‍ഹി ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിട്ടുണ്ട്. ജനനന്മക്കു വേണ്ടി ജനങ്ങളാല്‍ രൂപം കൊള്ളുന്ന ജനകീയ സ്ഥാപനമാണ് രാഷ്ട്രീയ പാര്‍ട്ടി. ജനജീവിതത്തെ പ്രത്യക്ഷമായോ പരോക്ഷമായോ സ്വാധീനിക്കുന്നവരും ജനസേവകരുമായതിനാല് പാര്‍ട്ടികള്‍ ജനങ്ങളോടും ജനങ്ങള്‍ പാര്‍ട്ടികളോടും ബന്ധപ്പെട്ടിരിക്കുന്നു. പാര്‍ട്ടികളുടെ വരുമാനത്തിന്റെ ഉറവിടത്തെയും പണം ചെലവഴിക്കുന്ന രീതികളെയും കുറിച്ച് ജനങ്ങള്‍ നിര്‍ബന്ധമായും അറിയണമെന്ന സുപ്രീംകോടതി വിധിയും കമീഷന് ചൂണ്ടിക്കാണിക്കുന്നു. ജനങ്ങളുടെ സ്ഥാപനമായ പാര്‍ട്ടി ജനങ്ങള്‍ അര്‍പ്പിച്ച ഉത്തരവാദിത്വം നിര്‍വഹിക്കുന്നുണ്ടോ, അതോ അവരെ വഞ്ചിക്കുകയാണോ എന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. അത് വ്യക്തമാക്കി കൊടുക്കാനുള്ള ബാധ്യത പാര്‍ട്ടികള്‍ക്കുമുണ്ട്. അതുകൊണ്ട് പാര്‍ട്ടിയുടെ ഘടനയെക്കുറിച്ചും നയപരിപാടികളെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും വരവു ചെലവുകളെക്കുറിച്ചും ഏതു പൗരന് ആവശ്യപ്പെടുന്ന വിവരവും എപ്പോള്‍ നല്‍കാനും ഓരോ പാര്‍ട്ടിയും തയാറായിരിക്കണം. അതിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ ആറു മാസത്തിനകം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെയും അപ്പീല്‍ അധികാരികളെയും നിയമിക്കണമെന്നും കമീഷന് ആവശ്യപ്പെട്ടിരിക്കുന്നു. വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്താനും വിശദാംശങ്ങള്‍ വെബ് സൈറ്റില്‍ ഇടാനും നിര്‍ദേശിക്കുകയും ചെയ്തിരിക്കുന്നു.
അന്വേഷിച്ച വിവരങ്ങള്‍ നല്കാന് വിസമ്മതിച്ച കോണ്‍ഗ്രസ്, ബി.ജെ.പി, സി.പി.എം, സി.പി.ഐ, എന്‍.സി.പി, ബി.എസ്.പി എന്നീ കക്ഷികള്‍ക്കെതിരെ മുതിര്‍ന്ന അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണും വിവരാവകാശ പ്രവര്ത്തകന് സുഭാഷ് അഗര്‍വാളും സമര്‍പ്പിച്ച പരാതിയെത്തുടര്‍ന്നാണ് കമീഷന്റെ ഈ വിധി. വിവരാവകാശ നിയമം പാലിക്കാന്‍ ഈ പാര്‍ട്ടികളോട് കമീഷന് കല്പിച്ചിരിക്കുന്നു. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമീഷന്റെ ഉത്തരവ് പൊതുവില്‍ സ്വാഗതം ചെയ്യപ്പെടേണ്ടതായിരുന്നു. നാള്‍ക്കുനാള്‍ ദുഷിച്ചുവരുന്ന ഇന്ത്യന്‍ പൊതുജീവിതത്തെ ലഘുവായെങ്കിലും സംസ്കരിക്കാന്‍ പര്യാപ്തമാണ് വിവരാവകാശ നിയമത്തിന്റെ പ്രയോഗവത്കരണം. ഉദ്യോഗസ്ഥ തലത്തിലും ജനപ്രതിനിധികളിലും മാത്രമല്ല അഴിമതിയും അധാര്‍മികതയും നടമാടുന്നത്. ജനപ്രതിനിധികളെയും മന്ത്രിമാരെയും നിയമിക്കുന്ന രാഷ്ട്രീയ കക്ഷികളിലും അത് മുറക്ക് നടക്കുന്നുവെന്ന് വാര്‍ത്താ മാധ്യമങ്ങള്‍ ദിനേന വിളിച്ചുപറയുന്നുണ്ട്. പല പാര്‍ട്ടികളുടെയും അത്യുന്ന നേതാക്കളില്‍ വരെ അഴിമതിയും അധാര്‍മികതയും ആരോപിക്കപ്പെടുന്നു. പാര്‍ട്ടികളുടെ നയങ്ങളും നയം മാറ്റങ്ങളും പലപ്പോഴും സാമാന്യ ജനങ്ങള്‍ക്ക് പിടികിട്ടുന്നില്ല. കുത്തക മുതലാളിമാര്‍ക്കെതിരെ വാ തോരാതെ പ്രസംഗിച്ചു നടക്കുന്നവര്‍ സന്ദര്‍ഭം കിട്ടുമ്പോഴൊക്കെ കുത്തകകളുടെ രക്ഷകരായി മാറുന്നു. ഓരോ പാര്‍ട്ടിയും അതിന്റെ യുക്തിസഹമായ വരുമാനത്തെക്കാള്‍ എത്രയോ ഇരട്ടി പൊടിപൊടിച്ചാണ് മഹാ സമ്മേളനങ്ങള്‍ നടത്തുന്നതും തെരഞ്ഞെടുപ്പുകളെ നേരിടുന്നതും. ജനങ്ങളുടെ പേരില്‍ സ്ഥാപിതമായ സംഘടനകള്‍ ഈ പണമൊക്കെ എവിടെ നിന്നു ശേഖരിക്കുന്നു, എങ്ങനെ ചെലവഴിക്കുന്നു എന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടായിരിക്കണം. കോര്‍പ്പറേറ്റുകളുടെയും കരിഞ്ചന്തക്കാരുടെയും ഹവാലക്കാരുടെയും ആശ്രിതരാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ എന്ന പൊതു സംശയം ഏറെ ശക്തമാണ്. അത്തരക്കാരില്‍ നിന്ന് ഫണ്ട് ശേഖരിക്കുന്ന പാര്‍ട്ടികള്‍ അവര്‍ക്കു വേണ്ടിയാണ് സര്‍ക്കാറുണ്ടാക്കുകയും ഭരിക്കുകയും ചെയ്യുക.
ഈ സംശയം ബലപ്പെടുത്തുന്ന തരത്തിലുള്ളതാണ് സി.ഐ.സി. ഉത്തരവിനെതിരെ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുണ്ടായ പ്രതികരണം. ഒരു പാര്‍ട്ടിയും ഉത്തരവിനെ സ്വാഗതം ചെയ്യുകയുണ്ടായില്ല. തങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിക്കു പുറത്താണെന്നു സ്ഥാപിക്കാനാണ് എല്ലാവരും പാടുപെടുന്നത്. സര്‍ക്കാര്‍ പ്രവര്‍ത്തനം സുതാര്യമാവണമെന്ന് നിരന്തരം വാദിക്കുന്നവരാണീ പാര്‍ട്ടികള്‍. ആ സുതാര്യത സര്‍ക്കാറിനെ വാഴിക്കുന്ന തങ്ങള്‍ക്കു പാടില്ലെന്ന്! ജനങ്ങളോട് ഉത്തരവാദിത്വമുള്ള സംശുദ്ധമായ ആദര്‍ശ രാഷ്ട്രീയമാണ് തങ്ങളുടേതെന്ന അവകാശവാദം സത്യമാണെങ്കില്‍ ആ രാഷട്രീയത്തിന്റെ ഉള്ളുകള്ളികള്‍ ജനങ്ങളറിയുന്നത് എന്തിനാണവര്‍ ഭയപ്പെടുന്നത്?
സുതാര്യതയെ ഭയപ്പെടുന്നവരുടെ ഉള്ളും പുറവും ഒന്നല്ല എന്നുതന്നെയാണ് മനസ്സിലാക്കേണ്ടത്. അകം വെളിവായാല്‍ മുഖംമൂടികള്‍ അഴിഞ്ഞുവീഴുമെന്ന് അവര്‍ ഭയപ്പെടുന്നു. ഇനി വിവരാവകാശ നിയമം ബാധകമാക്കിയതുകൊണ്ടു മാത്രം പാര്‍ട്ടികള്‍ സുതാര്യവും സംശുദ്ധവുമാകുമോ? കുറെയൊക്കെ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കാം. എന്നാല്‍, പ്രശ്നം പൂര്‍ണമായി പരിഹൃതമാകുമെന്ന് കരുതാന്‍ ന്യായമില്ല. ആര്.ടി.ഐ നിയമം സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് 2005 മുതല്‍ ബാധകമാണല്ലോ. അതിനു ശേഷം ഭരണ തലത്തില്‍ അഴിമതിക്കും അധാര്‍മികതക്കും കെടുകാര്യസ്ഥതക്കും എത്രത്തോളം മാറ്റമുണ്ടായി? മനുഷ്യര്‍ നീതിനിഷ്ഠരും ധര്മബദ്ധരുമാകാന്, ചോദിച്ചാല്‍ മറുപടി പറയേണ്ടിവരുമെന്നും കണ്ടാല്‍ പിടിക്കപ്പെടുമെന്നുമുള്ള ഭയം മാത്രം പോരാ. ആ ഭയം ആരും കാണാതെയും അറിയാതെയും അധര്മമനുവര്ത്തിക്കാന് തടസ്സമാകുന്നില്ല. പിടിക്കപ്പെടാതിരിക്കാനുള്ള ജാഗ്രത മാത്രമേ അതാവശ്യപ്പെടുന്നുള്ളൂ. മനുഷ്യരുണ്ടാക്കുന്ന ഏതു വെളിച്ചത്തിനു നേരെയും മറയിടാന്‍ മനുഷ്യര്‍ക്കു കഴിയും. എല്ലാം സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്ന, മനോഗതങ്ങളിലെ ശരി തെറ്റുകള്‍ പോലും തിരിച്ചറിയുന്ന ഒരു മഹാശക്തിയുടെ കണ്മുമ്പിലാണ് രാപ്പകല്‍ ഭേദമെന്യേ നിലകൊള്ളുന്നതെന്നും തന്റെ സകലമാന ജീവിത ചലനങ്ങള്‍ക്കും അവന്റെ മുന്നില്‍ സമാധാനം ബോധിപ്പിച്ച് രക്ഷാ ശിക്ഷകള്‍ ഏറ്റുവാങ്ങേണ്ടിവരുമെന്നും ഉള്ള ബോധത്തിനു മാത്രമേ മനുഷ്യനെ സ്ഥിരമായി നീതിനിഷ്ഠനും ധര്മബദ്ധനുമാക്കാന് കഴിയൂ. അത്തരമൊരു ബോധത്തിന്റെ അഭാവത്തില്‍ മനുഷ്യനുണ്ടാക്കുന്ന ഏതു വേലിയും അവന് തന്നെ തുളക്കുകയോ പൊളിക്കുകയോ ചെയ്യും.
Comments