Prabodhanm Weekly

Pages

Search

2013 ജൂണ്‍ 28

നഷ്ടപ്പെട്ടതോര്‍ത്ത് കരയരുത്‌

തര്‍ബിയത്ത്മു / ഹമ്മദുല്‍ ഗസ്സാലി

ആരോ പറഞ്ഞിട്ടുണ്ട്, 'സൂര്യനു താഴെ പുതുതായി ഒന്നുമില്ല.' നീണ്ട കാലത്തെ മനുഷ്യ ചരിത്രം പരിശോധിക്കുമ്പോള്‍ അവരുടെ പ്രകൃതി, താല്‍പര്യങ്ങള്‍, സഹവാസം, അവര്‍ക്കിടയിലെ തര്‍ക്കങ്ങള്‍, അക്രമം, അനീതി, സന്ധി, സമാധാനം, ഉത്ഥാനപതനങ്ങള്‍, നാഗരിക വളര്‍ച്ച, തളര്‍ച്ച ഇതൊക്കെയും ഈ പരാമര്‍ശത്തെ ഒരര്‍ഥത്തില്‍ സാധൂകരിക്കുന്നുണ്ട്. മുന്‍ഗാമികളിലും പിന്‍ഗാമികളിലുമെല്ലാം ഈവക കാര്യങ്ങള്‍ നാം കണ്ടെത്തുന്നു. ഇത് കണക്കിലെടുത്താണ് ഭൂതകാല സംഭവവികാസങ്ങളെ അന്വേഷിക്കാനും മനസ്സിലാക്കാനും വിശ്വാസികളെ അല്ലാഹു ഉണര്‍ത്തിയത്. അത് തങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ സമാശ്വാസമാവും. സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളെ നാം വിശകലനം ചെയ്യാറുണ്ടല്ലോ. അതുപോലെ കഴിഞ്ഞുപോയ സംഭവങ്ങളെക്കുറിച്ച് ചിന്തിക്കലും വിലയിരുത്തലും നല്ലതാണ്. അല്ലാഹു പറഞ്ഞു: ''കണ്ണുള്ളവരേ, നിങ്ങള്‍ ഗുണപാഠം ഉള്‍ക്കൊള്ളുക'' (അല്‍ ഹശ്ര്‍ 2).
ഭൂതകാലത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്നുള്ള വിശകലനം വര്‍ത്തമാനത്തെയും ഭാവിയെയും ശോഭനമാക്കും. വീഴ്ചകളില്‍നിന്ന് അകന്നുമാറി നേരെ ചൊവ്വെ നിലകൊള്ളാന്‍ നമ്മെ സജ്ജരാക്കും. വിവേകശാലിയായ വിശ്വാസി അങ്ങനെയായിരിക്കും. അല്ലാഹു പറഞ്ഞു: ''ഈ ജനം ഭൂമിയില്‍ സഞ്ചരിച്ചിട്ടില്ലെന്നോ, അവര്‍ക്ക് ഗ്രഹിക്കുന്ന മനസ്സുകളും കേള്‍ക്കുന്ന കാതുകളും ഉണ്ടാകുന്നതിന്? എന്നാല്‍, ദൃഷ്ടികളല്ല അന്ധമാകുന്നത്, പ്രത്യുത, മാറിടങ്ങളിലുള്ള മനസ്സുകളാണ് അന്ധമാകുന്നത്.''
വിശുദ്ധ ഖുര്‍ആനില്‍ ധാരാളം ചരിത്ര കഥകളുണ്ട്. അവയിലൂടെ, കഴിഞ്ഞുപോയ നൂറ്റാണ്ടുകളിലെ സംഭവങ്ങളെ എന്നന്നേക്കുമായി അല്ലാഹു നിലനിര്‍ത്തിയിരിക്കുന്നു. ഒരോ കാലത്തെയും വിശ്വാസികളെയും അവിശ്വാസികളെയും അതിക്രമകാരികളുടെ അവസ്ഥകളെയും നിലപാടുകളെയും നന്മതിന്മകള്‍ തമ്മിലെ സംഘട്ടനങ്ങളെയുമെല്ലാം അത് വിശദീകരിക്കുന്നുണ്ട്. എല്ലാം നമുക്ക് ചിന്തിക്കുന്നതിനും മനസ്സിലാക്കുന്നതിനും വേണ്ടി. അല്ലാഹു പറഞ്ഞു: ''പൂര്‍വ ജനങ്ങളുടെ ഈ കഥകളില്‍, ബുദ്ധിയും തന്റേടവുമുള്ളവര്‍ക്ക് പാഠമുണ്ട്. ഖുര്‍ആനില്‍ വിവരിച്ചുകൊണ്ടിരിക്കുന്ന ഇവയൊന്നും വ്യാജവൃത്താന്തങ്ങളല്ല. പ്രത്യുത അതിനുമുമ്പ് അവതീര്‍ണമായിട്ടുള്ള വേദങ്ങളേതൊക്കെയാണോ, അവയെ സത്യപ്പെടുത്തുന്നതും സകല സംഗതികളുടെയും വിശദീകരണവും സത്യവിശ്വാസം കൈകൊണ്ട ജനത്തിനുള്ള സന്മാര്‍ഗവും ദൈവകാരുണ്യവുമാകുന്നു.''
ഈ പരിധിക്കുള്ളില്‍ നിന്നു കൊണ്ടാണ് ഭൂതകാലത്തെ സമീപിക്കേണ്ടത്. ഗുണപാഠം ആഗ്രഹിച്ചുള്ള തിരിഞ്ഞുനോട്ടമാണത്. ഇസ്‌ലാമിന്റെ കാഴ്ചപ്പാടില്‍ ഇന്നലെകളിലേക്കുള്ള മടക്കം ദുഃഖം പുതുക്കലോ, ഉണങ്ങിയ മുറിവുകള്‍ ചൊറിഞ്ഞു വീണ്ടും വ്രണമാക്കലോ അല്ല. മനസ്സിനെ പിടിച്ചുകുലുക്കിയ ദാരുണമായ സംഭവങ്ങള്‍ക്ക് ചുറ്റും 'എത്ര നന്നായിരുന്നു, അങ്ങനെയായിരുന്നുവെങ്കില്‍' എന്നൊക്കെ പറഞ്ഞ് അസ്വസ്ഥനായി കഴിയലുമല്ല. ഈ നിലപാട് ഇസ്‌ലാം വെറുക്കുന്നുണ്ട്. കപട വിശ്വാസികളുടെ സ്വഭാവമാണിത്.
അല്ലാഹു പറഞ്ഞു. ''വാസ്തവത്തില്‍ അവര്‍ തങ്ങളുടെ ഹൃദയങ്ങളിലൊളിച്ചു വെക്കുന്നതിനെ താങ്കളോട് വെളിവാക്കുന്നില്ല. അവരുടെ മനസ്സിലിരുപ്പ് ഇതാകുന്നു. '(നേതൃത്വത്തിന്റെ) അധികാരങ്ങളില്‍ ഞങ്ങള്‍ക്ക് വല്ല പങ്കുമുണ്ടായിരുന്നുവെങ്കില്‍ ഞങ്ങള്‍ ഇവിടെ വധിക്കപ്പെടുമായിരുന്നില്ല.' അവരോട് പറയുക: നിങ്ങള്‍ സ്വവസതികളില്‍ തന്നെയായിരുന്നാലും മരണം വിധിക്കപ്പെട്ടവര്‍ തങ്ങളുടെ വധസ്ഥലങ്ങളിലേക്ക് സ്വയം പുറപ്പെട്ടുവരുന്നതാകുന്നു.''
''സ്വയം കുത്തിയിരിക്കുകയും, സമരത്തിനുപോയി ജീവന്‍ ത്യജിച്ച തങ്ങളുടെ സഹോദരന്മാരെക്കുറിച്ച് ഇവര്‍ ഞങ്ങളെ അനുസരിച്ചിരുന്നുവെങ്കില്‍ വധിക്കപ്പെടുമായിരുന്നില്ലല്ലോ എന്നു പറയുകയും ചെയ്യുന്നവരാണിവര്‍. പറയുക: നിങ്ങളിപ്പറയുന്നത് സത്യമാണെങ്കില്‍ മരണം നിങ്ങള്‍ക്ക് ആസന്നമാകുമ്പോള്‍ അതിനെയൊന്നു തടുത്തുകാണിക്കുവീന്‍.''
''നിങ്ങളില്‍നിന്ന് യുദ്ധനാളില്‍ പിന്തിരിഞ്ഞുപോയവരുണ്ടല്ലോ, അവരുടെ ഈ വീഴ്ചക്കു കാരണം, അവരുടെ തന്നെ ചില ദൗര്‍ബല്യങ്ങള്‍ നിമിത്തം പിശാച് അവരുടെ പാദങ്ങള്‍ ചഞ്ചലമാക്കിയതാകുന്നു. അല്ലാഹു അവര്‍ക്ക് മാപ്പ് നല്‍കിയിരിക്കുന്നു.''
ഉഹുദു യുദ്ധത്തിനുശേഷം വിശ്വാസ ദൗര്‍ബല്യം ബാധിച്ച ചിലയാളുകള്‍ക്കാണ് ഇത്തരം നിലപാടുകളുണ്ടായിരുന്നത്. മക്കയിലെ മുശ്‌രിക്കുകളുടെ മുന്നേറ്റം മദീനക്കാര്‍ക്ക് ധാരാളം നാശനഷ്ടങ്ങള്‍ ഉണ്ടാക്കി. ഇസ്‌ലാമിനോട് പകയും വിദ്വേഷവും പുലര്‍ത്തുന്നവര്‍ക്ക് കുറ്റം കണ്ടെത്താനും നിര്‍വൃതിയടയാനും അത് അവസരമൊരുക്കി. ആ മുറിവുണക്കാന്‍ ധാരാളം ആയത്തുകള്‍ അല്ലാഹു അവതരിപ്പിച്ചിട്ടുണ്ട്. വിപത്തുണ്ടായ സമയത്തെ മുസ്‌ലിംകളുടെ അവസ്ഥകള്‍ ആ സൂക്തങ്ങള്‍ അനാവരണം ചെയ്യുന്നുണ്ട്. ദൃഷ്ടികളെ ഭാവിയുമായി കൂട്ടിയിണക്കാനും ചിന്തകളെ കഴിഞ്ഞ കാലത്ത്‌നിന്നു തിരിച്ചുവിടാനും ഇന്നലെകളെയോര്‍ത്ത് ദുഃഖിച്ചും കരഞ്ഞും കഴിയുന്ന നിലപാട് അവസാനിപ്പിക്കാനും ഉണര്‍ത്തുന്നുണ്ട്. ധീരന്മാരുടെ നിലപാടല്ല അത്. വിശ്വാസത്തിന്റെ തേട്ടവുമല്ല. ഭാവിയുടെ സുരക്ഷയോര്‍ത്ത് കഴിഞ്ഞ കാലത്തെ വീഴ്ചകളുടെ കാരണങ്ങള്‍ മനസ്സിലാക്കണം. അതില്‍ നിന്നു കിട്ടുന്ന ഗുണപാഠങ്ങളാണ് നമ്മെ ചിന്താമഗ്നരാക്കേണ്ടത്. വിശുദ്ധ ഖുര്‍ആനും അതാണ് പഠിപ്പിക്കുന്നത്. പരാജയ കാരണങ്ങള്‍ ഖുര്‍ആന്‍ വളരെ സംക്ഷിപ്തമായാണ് സൂചിപ്പിച്ചതെന്ന് കാണാം.
''നിങ്ങള്‍ ബലഹീനത പ്രകടിപ്പിക്കുകയും കാര്യത്തില്‍ പരസ്പരം ഭിന്നിക്കുകയും നിങ്ങള്‍ ഏറെ മോഹിച്ചിരുന്നതിനെ (സമരാര്‍ജിതധനം) നിങ്ങള്‍ക്കു അല്ലാഹു കാണിച്ചു തന്നതോട് കൂടി സ്വന്തം നായകനെ ധിക്കരിക്കുകയും ചെയ്തുകളഞ്ഞു.''
ഇനിയും നമുക്ക് ദുഃഖമുണ്ടാക്കിയേക്കാവുന്ന കാര്യങ്ങളെ നിസ്സാരമായി കാണുന്നതിനെതിരെ ഉപദേശിക്കുകയാണ്. ദുഃഖമാകുന്ന ചങ്ങലകള്‍ മനസ്സുകളെ വരിഞ്ഞുമുറുക്കിയാല്‍ നല്ല നിലയില്‍ കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനോ, നന്മകള്‍ ആര്‍ജിക്കാനോ സാധിക്കില്ല. അപ്പോള്‍, നഷ്ടപ്പെട്ട വിഹിതത്തെക്കുറിച്ചോര്‍ത്ത് കവിളത്തടിച്ചും വസ്ത്രം വലിച്ചുകീറിയും കഴിയുന്നതില്‍ എന്ത് നേട്ടമാണുള്ളത്? വന്നുഭവിച്ച കാര്യങ്ങളില്‍ ചിന്തിച്ച് കുഴഞ്ഞിരിക്കുന്നത് മനോവിഷമങ്ങള്‍ അധികരിപ്പിക്കാനേ ഉതകൂ. ദുഃഖങ്ങള്‍ മായ്ച്ചുകളയുന്നതിനു പകരം അതിനെ ഇരട്ടിപ്പിക്കലായിരിക്കും അതിന്റെ ഫലം. അതിനാല്‍ 'ഇന്നി'ല്‍ നിന്ന് ശ്രമങ്ങള്‍ തുടങ്ങാം. അതില്‍ മാത്രമാണ് നന്മയും പകരവുമുള്ളത്.
ഉഹുദിനു ശേഷം ഇക്കാര്യം അല്ലാഹു ഉണര്‍ത്തിയിട്ടുണ്ട്. കൊല്ലപ്പെട്ടവരെയോര്‍ത്ത് കരഞ്ഞവരോടും രണാങ്കണത്തിലേക്ക് പുറപ്പെട്ടതില്‍ ദുഃഖിച്ചവരോടും പറഞ്ഞു. നിങ്ങള്‍ നിങ്ങളുടെ വീടിനകത്ത് കഴിഞ്ഞു കൂടുകയാണെങ്കിലും നിങ്ങള്‍ക്ക് ആയുസ്സ് നീട്ടിത്തരുന്നതല്ല. ''നിങ്ങള്‍ സ്വവസതികളില്‍ തന്നെയായിരുന്നാലും മരണം വിധിക്കപ്പെട്ടവര്‍ തങ്ങളുടെ വധസ്ഥലങ്ങളിലേക്ക് സ്വയം പുറപ്പെട്ടുവരുന്നതാകുന്നു.''
എന്തിന്റെ പേരിലാണ് നാം കണ്ണുനീര്‍ പൊഴിക്കുന്നത്? പറന്നുയര്‍ന്ന വിമാനം ആകാശത്ത് വെച്ച് തകര്‍ന്നു വീഴുന്നു. അതിലുള്ളവരും വസ്തുക്കളുമെല്ലാം കത്തി ചാമ്പലാകുന്നു. ദൈവവിധിക്ക് മുമ്പില്‍ യാതൊരു തെറ്റും ചെയ്യാത്തവരും അതില്‍ അകപ്പെടുന്നു. ഈ ദുരന്തത്തെ ദൈവവിധിയായി മനസ്സിലാക്കാത്തത് എന്തുകൊണ്ടാണ്? അങ്ങനെ മനസ്സിലാക്കുകയാണെങ്കില്‍ മനസ്സമാധാനവും സംതൃപ്തിയും ഉണ്ടാകും. ഒരു ഹദീസിലുണ്ട്: ''നീ അല്ലാഹുവിനോട് സഹായം തേടുക, നീ അശക്തനാകരുത്. വല്ല പ്രയാസവും നിന്നെ ബാധിച്ചാല്‍ നീ പറയരുത്, ഞാന്‍ ഇതു പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ഇങ്ങനെയൊക്കെ ആകുമായിരുന്നു എന്ന്. ഇങ്ങനെയാണ് നീ പറയേണ്ടത്: അല്ലാഹു തീരുമാനിച്ചതും ഉദ്ദേശിച്ചതും പ്രവര്‍ത്തിച്ചു. തീര്‍ച്ചയായും 'എങ്കില്‍' എന്നത് പിശാചിനു വാതില്‍ തുറക്കലാണ്'' (മുസ്‌ലിം).
വിവ: അബ്ദുറഹ്മാന്‍ തുറക്കല്‍
[email protected]

Comments

Other Post