ഇറാനിയന്‍ വോട്ടര്‍മാരുടെ തിരിച്ചടി
മില്യന്‍ കണക്കിന് ഇറാനികളാണ് ജൂണ്‍ 14-ന് പോളിംഗ് സ്റ്റേഷനുകളിലേക്ക് ഒഴുകിയെത്തിയത്. അതിനുമുമ്പ് ഇറാനികള്‍ രണ്ട് ചേരിയായി തിരിഞ്ഞ് മാസങ്ങളോളം ഒരു കടുത്ത സംവാദത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. ബാലറ്റ് ബോക്‌സ് തന്നെ ശരണം എന്ന് വാദിക്കുന്നവര്‍ ഒരുവശത്ത്; സ്ഥാനാര്‍ഥികളുടെ യോഗ്യത തീരുമാനിക്കുന്ന പ്രക്രിയ അത്യന്തം ജനാധിപത്യ വിരുദ്ധമാണെന്ന് അവര്‍ക്ക് അഭിപ്രായമുണ്ടെങ്കിലും. 2009ലെ തെരഞ്ഞെടുപ്പ് അനുഭവത്തിനുശേഷം ഈ ബീഭത്സരാഷ്ട്രത്തില്‍ വോട്ട് ചെയ്യാന്‍ പോകുന്നതുകൊണ്ട് ഒരു കാര്യവുമില്ല എന്ന് കരുതുന്ന രണ്ടാമത്തെ വിഭാഗം മറുവശത്ത്.
50 മില്യന്‍ വരുന്ന ഇറാനിയന്‍ വോട്ടര്‍മാരില്‍ 36 മില്യനാണ് വോട്ട് രേഖപ്പെടുത്തിയത്. അവരില്‍ 18 മില്യനും വോട്ട് ചെയ്തത് ഇറാനിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഹസന്‍ റൂഹാനിക്ക്. അദ്ദേഹത്തിനുവേണ്ടി മുഴങ്ങിയ മുദ്രാവാക്യങ്ങള്‍ക്കിടയിലാണ് 'രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക' എന്ന ആവശ്യം ഉയര്‍ന്നുകേട്ടത്. ശീഈ മതാത്മക താളത്തില്‍ 'യാ ഹുസൈന്‍, മീര്‍ ഹുസൈന്‍' എന്നവര്‍ ഉറക്കെപ്പാടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മീര്‍ ഹുസൈന്‍ മൂസവി നേതൃത്വം നല്‍കിയ ഗ്രീന്‍ മൂവ്‌മെന്റിലേക്കായിരുന്നു അതിന്റെ സൂചനകളത്രയും. ഇതിനെ അനുകൂലിച്ചോ പ്രതികൂലിച്ചോ റൂഹാനി തിരിച്ചൊന്നും പറയാതെ മൗനം പാലിക്കുകയാണുണ്ടായത് എന്നത് ശരിയാണ്.
പക്ഷേ ജനം അവര്‍ക്കവകാശപ്പെട്ട ഇടം തിരിച്ചുപിടിക്കുകയായിരുന്നു. പൊടുന്നനെ 2013 ജൂണ്‍, 2009 ജൂണിനെപ്പോലെ തോന്നിച്ചു. മൂസവിയെയും കറൂബിയെയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും റൂഹാനി അവസരത്തിനൊത്ത് ഉയര്‍ന്ന് പല മൗലിക പ്രശ്‌നങ്ങളിലും കൈവെച്ചു. പൊതുഇടങ്ങളെ സൈനിക മുക്തമാക്കുക, കാമ്പസുകള്‍ക്ക് അവയുടെ ഊര്‍ജവും പ്രസരിപ്പും തിരിച്ചുനല്‍കുക, സ്ത്രീകളുടെ അവകാശങ്ങളില്‍ ജാഗ്രത കാണിക്കുക, ആണവ പദ്ധതി ഇറാനികള്‍ കനത്ത വില നല്‍കിക്കൊണ്ടാവാതിരിക്കുക തുടങ്ങിയ ഒട്ടേറെ പ്രശ്‌നങ്ങളിലേക്ക് അദ്ദേഹത്തിന് കടന്നുചെല്ലാനായി. മതമേലധ്യക്ഷന്‍ ഖാംനഈ തെരഞ്ഞെടുപ്പിന് മാര്‍ഗരേഖ തീര്‍ക്കാന്‍ തുനിഞ്ഞെങ്കിലും ജനം അതിനപ്പുറം പോയി എല്ലാവരുടെയും നിയന്ത്രണത്തില്‍നിന്ന് കുതറി മാറുകയായിരുന്നു. അവര്‍ ഖാംനഈയുടെ കൈയില്‍നിന്ന് പേന പിടിച്ച് വാങ്ങി സ്വന്തം ചരിത്രം എഴുതി വെക്കുകയായിരുന്നു.
പിരാന്‍ഡലോയുടെ ഒരു നാടകമുണ്ട്, 'രചയിതാവിനെത്തേടി ആറ് കഥാപാത്രങ്ങള്‍' (1921) എന്ന പേരില്‍. കര്‍ട്ടന്‍ ഉയരുമ്പോള്‍ നാം കാണുന്നത് പിരാന്‍ഡലോയുടെ തന്നെ ഒരു നാടകത്തിന്റെ റിഹേഴ്‌സലാണ്. അത് പുരോഗമിച്ചുകൊണ്ടിരിക്കെ, ആറ് വിചിത്ര കഥാപാത്രങ്ങള്‍ സ്റ്റേജിലേക്ക് ചാടിക്കയറുകയും നാടക പരിശീലനം അലങ്കോലമാക്കുകയും ചെയ്യുന്നു. ക്രുദ്ധനായ നാടക സംവിധായകന്‍ അവരോട് ചോദിക്കുന്നു: ''നിങ്ങള്‍ ആരാണ്?'' അവരിലൊരാള്‍ മറുപടി പറയുന്നു: ''രചയിതാവ് പൂര്‍ത്തിയാക്കാതെ വിട്ട കഥാപാത്രങ്ങളാണ് ഞങ്ങള്‍. ഞങ്ങളെ പൂര്‍ത്തിയാക്കാനായി ആ രചയിതാവിനെയും തേടി ഇറങ്ങിയിരിക്കുകയാണ്.''
ഈ രചനയോട് കൂടിയാണ് യൂറോപ്പില്‍ 'അസംബന്ധ'നാടക പ്രസ്ഥാനത്തിന് തുടക്കം കുറിക്കപ്പെടുന്നത്. ഈ നാടകത്തിന്റെ ഒരു യാഥാതഥ ജീവിത ദൃശ്യം നാം ഇറാനിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കണ്ടു. നാടകത്തിലേത് പോലെ 'പൂര്‍ത്തിയാകാത്ത' എട്ട് പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍. ഗാര്‍ഡിയന്‍ കൗണ്‍സില്‍ അവരെ പെറുക്കിയെടുക്കുന്ന രീതി തന്നെ അസംബന്ധം നിറഞ്ഞത്. അതൊന്നും ഗൗനിക്കാതെ ആ എട്ടുപേരും 'പൂര്‍ത്തീകരിക്കപ്പെടാനായി' നിന്നുകൊടുക്കുകയാണ്. അതിലൊരാള്‍ സ്വയം കണ്ടെത്തുകയും ചരിത്രത്തിലേക്ക് നടന്നു കയറുകയും ചെയ്തു. റൂഹാനിയെ മറന്നേക്കൂ. യഥാര്‍ഥത്തില്‍ സംഭവിച്ചത് ഇതാണ്. ഇറാനിയന്‍ സമൂഹം ഖാംനഈയോടും ഗാര്‍ഡിയന്‍ കൗണ്‍സിലിനോടും പറഞ്ഞു: ''നിങ്ങള്‍ ഞങ്ങള്‍ക്ക് മുല്ല നസ്‌റുദ്ദീന്‍ എന്ന കോമാളി കഥാപാത്രത്തെ തന്നു. ഞങ്ങളവനെ ഞങ്ങളുടെ ജനാധിപത്യ പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും പ്രതീകമായി വാഴിച്ചു.''
റൂഹാനി പ്രതീക്ഷകള്‍ക്കൊത്ത് ഉയരുമോ ഇല്ലേ എന്നതൊന്നും ഇവിടെ പ്രശ്‌നമല്ല. അധികാരി വര്‍ഗം ഇട്ടുകൊടുത്ത ഒരു സുഷിരം, ഏലിയാസ് കാനറ്റി പറയുംപോലെ, 'ജനശക്തി'യായി പൊലിപ്പിച്ചെടുത്തു എന്നതാണ് പ്രധാനം.
(അമേരിക്കയിലെ കൊളമ്പിയന്‍ യൂനിവേഴ്‌സിറ്റിയില്‍ ഇറാനിയന്‍ പഠന വിഭാഗത്തില്‍ പ്രഫസറാണ് ലേഖകന്‍).
Comments