Prabodhanm Weekly

Pages

Search

2013 ജൂണ്‍ 28

ചരിത്രബോധത്തിന് മൂര്‍ച്ച കൂട്ടുക

പുസ്തകം / ശമീര്‍ ബാബു കൊടുവള്ളി

പ്രഫ. പി. മുഹമ്മദ് കുട്ടശ്ശേരി രചിച്ച 'ഇസ്‌ലാമിന്റെ ചരിത്ര പാതയിലൂടെ പതിനാലു നൂറ്റാണ്ട്' എന്ന 1248 പേജ് വരുന്ന കൃതി നമ്മുടെ ചരിത്രബോധത്തിന് മൂര്‍ച്ച കൂട്ടാന്‍ ഏറെ സഹായകമാണ്. ഇസ്‌ലാമിക ദര്‍ശനവുമായി ബന്ധപ്പെട്ട് ഒട്ടേറെ രചനകള്‍ മലയാള ഭാഷയില്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. യുവത ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന 'ഇസ്‌ലാം' വാള്യങ്ങളും ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന 'ഇസ്‌ലാമിക വിജ്ഞാന കോശവും' തൃശൂര്‍ ആമിന ബുക്‌സ് സ്റ്റാള്‍ പ്രസിദ്ധീകരിച്ച 'ഇഹ്‌യാ ഉലൂമിദ്ദീനും' ഇസ്‌ലാമിക് ഫൗണ്ടേഷന്‍ പ്രസ് പുറത്തിറക്കിയ ശരീഅത്തിയുടെ കൃതികളും ഉദാഹരണം. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച 'ഇസ്‌ലാമിക ദര്‍ശനം (ഒരു സംഘം ലേഖകര്‍), മതചിന്തകളുടെ പുനഃസംവിധാനം ഇസ്‌ലാമില്‍ (അല്ലാമാ ഇഖ്ബാല്‍), നേരത്തെ മാതൃഭൂമി പുറത്തിറക്കിയ മുഖദ്ദിമ-മാനുഷ ചരിത്രത്തിന് ഒരാമുഖം (ഇബ്‌നു ഖല്‍ദൂന്‍), ഈയടുത്ത് ചിന്ത പ്രസിദ്ധീകരിച്ച 'അറിയപ്പെടാത്ത പൗരസ്ത്യ ലോകം' (ഡോ. ആരിഫ് അലി കൊളത്തെക്കാട്ട്) തുടങ്ങിയവയെയും ഈ ഇനത്തില്‍ പെടുത്താം. ഈ കൃതികള്‍ക്കൊപ്പം വെക്കാവുന്നതാണ് കുട്ടശ്ശേരിയുടെ ഈ കൃതിയും. 10 പ്രധാന തലക്കെട്ടുകളിലായി 200 ഉപശീര്‍ഷകങ്ങള്‍ ഉള്‍ച്ചേര്‍ന്നതാണ് കൃതിയുടെ ഉള്ളടക്കം. കൃതിയുടെ ലക്ഷ്യത്തെ സംബന്ധിച്ച് ഗ്രന്ഥകാരന്‍ ആമുഖത്തില്‍ പറയുന്നുണ്ട്. ''ലോക സംസ്‌കാരത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തുകയും ചരിത്ര ഗതിയെ തന്നെ പ്രഭാപൂരിതമായ പാതയിലേക്ക് തിരിച്ചുവിടുകയും ചെയ്ത മതമത്രെ ഇസ്‌ലാം. പ്രവാചകനായ മുഹമ്മദ് നബി ദൈവിക ഗ്രന്ഥമായ ഖുര്‍ആന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ ആരംഭിച്ച എ.ഡി ഏഴാം നൂറ്റാണ്ട് മുതല്‍ ലോകത്തുണ്ടായ അത്ഭുതകരങ്ങളായ മാറ്റങ്ങള്‍ ഇതിനു സാക്ഷിയാണ്. പതിനാല് നൂറ്റാണ്ടുകളിലൂടെ ജൈത്രയാത്ര നടത്തി ആറ് വന്‍കരകളിലും സാന്നിധ്യമുറപ്പിച്ച ഇസ്‌ലാമിന് ഇന്ന് 175 കോടിയോളം വരുന്ന അനുയായികളുണ്ട്. ഇസ്‌ലാം ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുകയും ആശ്ലേഷിക്കപ്പെടുകയും ചെയ്യുന്ന മതമായി മാറിയിരിക്കുന്നു. ഇസ്‌ലാമിന്റെയും മുസ്‌ലിം സമൂഹത്തിന്റെയും ചരിത്രവും സാംസ്‌കാരിക പാരമ്പര്യവും അറിയാനുള്ള അഭിവാഞ്ഛ ഇന്ന് മുസ്‌ലിം വിശ്വാസികളിലും പൊതുസമൂഹത്തിലും ശക്തമാണ്'' (പേജ് 7).
ഗ്രന്ഥത്തിന് അവതാരിക തയാറാക്കിയിരിക്കുന്നത് ഡോ. സി.കെ രാമചന്ദ്രനാണ്. അദ്ദേഹത്തിന്റെ വരികള്‍: ''നിലവാരമുള്ളതും ആലോചനാശക്തി ഉണര്‍ത്തുന്നതുമായ പുസ്തകങ്ങള്‍ കണ്ടുമുട്ടാന്‍ സാധിക്കുന്നില്ല. ഉപരിപ്ലവമായ പ്രതിപാദനങ്ങളാണ് സിംഹഭാഗം ഗ്രന്ഥങ്ങളിലും ഉള്ളത്.... പൊതുവായ ഈ നിരീക്ഷണത്തിനു അപവാദം എന്ന നിലക്ക് ചുരുക്കം ചില ഗ്രന്ഥങ്ങള്‍ കണ്ടുമുട്ടാന്‍ കഴിയുന്നുവെന്നത് മനസ്സിന് ഉന്മേഷദായകമായ അനുഭവമാണ്. പ്രഫ. മുഹമ്മദ് കുട്ടശ്ശേരിയുടെ 'ഇസ്‌ലാമിന്റെ ചരിത്ര പാതയിലൂടെ' അങ്ങനെയൊരു അനുഭവത്തിനാണ് എന്നെ വിധേയമാക്കിയത്'' (പേജ് 12).
'ഇസ്‌ലാം പ്രവാചകന്റെ കാലഘട്ടത്തില്‍' എന്ന അധ്യായത്തോടെയാണ് കൃതിയുടെ തുടക്കം. ഈ അധ്യായത്തില്‍ പ്രവാചകന്റെ ജനനം മുതല്‍ വിയോഗം വരെയുള്ള ഏറെക്കുറെ പ്രധാനപ്പെട്ട സംഭവങ്ങള്‍ കടന്നുവരുന്നു. ഇസ്‌ലാം ഖുലഫാഉര്‍റാശിദിന്റെ കാലഘട്ടത്തില്‍, ഉമവീ കാലഘട്ടത്തില്‍, അബ്ബാസീ കാലഘട്ടത്തില്‍, മുസ്‌ലിം സ്‌പെയിനില്‍ എന്നിങ്ങനെയാണ് യഥാക്രമം രണ്ട്, മൂന്ന്, നാല്, അഞ്ച് അധ്യായങ്ങളുടെ തലക്കെട്ടുകള്‍. രണ്ടാം അധ്യായത്തില്‍ സച്ചരിതരായ നാല് ഖലീഫമാരെക്കുറിച്ചും അവരുടെ ഭരണത്തെക്കുറിച്ചുമുള്ള പ്രതിപാദനമുണ്ട്. നാലാം അധ്യായത്തില്‍ ആദര്‍ശധീരനായ പണ്ഡിതന്‍ ഇമാം അബൂഹനീഫ, ഹദീസ് വിജ്ഞാനത്തിലെ ജ്യോതിസ്സ് ഇമാം മാലിക്, സാഹസികനായ വിജ്ഞാന യാത്രികന്‍ ഇമാം ശാഫിഈ, ആദര്‍ശധീരനായ ഇമാം അഹ്മദുബ്‌നു ഹമ്പല്‍ എന്നിവരെക്കുറിച്ച ജീവചരിത്രകുറിപ്പുകള്‍ കാണാം.
തുടര്‍ന്നുള്ള അധ്യായങ്ങളില്‍ ആധുനിക കാലത്ത് നടന്ന ഇസ്‌ലാമിക നവജാഗരണ പ്രക്രിയകളെക്കുറിച്ച വിവരണവും കാണാം. ഒട്ടേറെ വ്യക്തികളെയും ഇസ്‌ലാമിക പ്രസ്ഥാനങ്ങളെയും ഈ ഭാഗത്ത് വിവരിക്കുന്നുവെങ്കിലും ആധുനിക ഇസ്‌ലാമിക സമൂഹത്തിന് മഹത്തായ സംഭാവനകള്‍ നല്‍കിയ മൂന്ന് വ്യക്തികളെ പരാമര്‍ശിക്കാതെ പോയത് കൃതിയുടെ മാറ്റ് കുറക്കുന്നുണ്ട്. അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍, ഡോ. അലി ശരീഅത്തി, മൗലാനാ മൗദൂദി എന്നിവരാണവര്‍. ഫാറൂഖ് കോളേജിലെ, ഫാറൂഖിയ പബ്ലിക്കേഷന്‍സാണ് ഇത് പ്രസിദ്ധീകരിച്ചത്. വില: 650 രൂപ.

Comments

Other Post