Prabodhanm Weekly

Pages

Search

2013 ജൂണ്‍ 28

കേരളത്തിലിരുന്ന് ഗനൂശിയെ വായിക്കുമ്പോള്‍

ബഷീര്‍ തൃപ്പനച്ചി

വര്‍ത്തമാന കാലത്തെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ മാനിഫെസ്റ്റോ എന്ന് വിശേഷിപ്പിക്കാവുന്ന പുസ്തകമാണ് ഗനൂശിയുടെ ആത്മകഥ. ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ രണ്ടാം ഘട്ടത്തിലേക്കുള്ള സഞ്ചാരത്തെ അടയാളപ്പെടുത്തുന്ന പുസ്തകമെന്ന ടി. മുഹമ്മദ് വേളത്തിന്റെ പരാമര്‍ശം (ലക്കം 2806-പ്രസ്ഥാന നയവികാസത്തിന്റെ ആത്മകഥ) ഈ അര്‍ഥത്തിലുള്ളതാണ്. ഇസ്‌ലാം/ജാഹിലിയ്യത്ത് എന്ന തീവ്രതിരസ്‌കാരത്തിന്റെ ഒന്നാം ഘട്ടത്തിന് ദാര്‍ശനിക നേതൃത്വം നല്‍കിയ സയ്യിദ് മൗദൂദി, സയ്യിദ് ഖുത്വുബ് എന്നിവരെ അംഗീകരിച്ചുകൊണ്ടുതന്നെ അതിന്റെ തുടര്‍ച്ചയായി അടുത്ത ഘട്ടത്തിന് ധൈഷണികവും പ്രായോഗികവുമായ മാതൃക വരച്ചുകാണിച്ചുവെന്നതാണ് ഗനൂശിയെയും തുനീഷ്യയിലെ ഇസ്‌ലാമിക പ്രസ്ഥാനത്തെയും വ്യതിരിക്തമാക്കുന്നത്. തിരസ്‌കാരത്തെക്കാള്‍ ഉള്‍ക്കൊള്ളലിന്റെ രീതി സ്വീകരിച്ച തുനീഷ്യന്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ അതിജീവന പാഠങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഒരേ വിഷയത്തില്‍ രണ്ട് ഘട്ടങ്ങളില്‍ പ്രസ്ഥാനം സ്വീകരിച്ച വൈരുധ്യങ്ങളുടെ ഉദാഹരണങ്ങള്‍ എമ്പാടും പുസ്തകത്തിലുണ്ട്. പ്രായോഗികതയുടെ രണ്ടാം ഘട്ടത്തിലെത്തുമ്പോള്‍ പഴയ ചിന്തകളെയും നിലപാടുകളെയും പുനഃപരിശോധിച്ച് തള്ളിക്കളയേണ്ടതിനെ ആര്‍ജവത്തോടെ പരസ്യമായി തിരുത്തി മുന്നോട്ട് പോവാന്‍ ഗനൂശിക്ക് സാധിച്ചു. കമ്മ്യൂണിസമടക്കമുള്ള പാശ്ചാത്യ ദര്‍ശനങ്ങളോടും അതിന്റെ സംഘടനാ രൂപങ്ങളോടുമുള്ള തുറന്ന സംഘട്ടനത്തിന്റെ കാലവും പിന്നീടുള്ള നിലപാട് മാറ്റങ്ങളും മറ്റും ടി. മുഹമ്മദ് ലേഖനത്തില്‍ വിശദമായി പരാമര്‍ശിക്കുന്നുണ്ട്. കേരളത്തിലടക്കമുള്ള ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ജാഗ്രത കാണിക്കേണ്ട മറ്റൊരു വിഷയം പുസ്തകത്തിലുടനീളമായി ഗനൂശി വാചാലമാവുന്നുണ്ട്. ലേഖകന്‍ വിട്ടുകളഞ്ഞ ആ പാഠങ്ങള്‍ പകര്‍ത്തിയെഴുതാനാണീ കുറിപ്പ്.
ഇസ്‌ലാമിക പ്രസ്ഥാനം പടര്‍ന്നുപന്തലിക്കാനാഗ്രഹിക്കുന്ന നാടിന്റെ ഇസ്‌ലാമിക പൈതൃകവും ചരിത്രവും സംസ്‌കാരവും തങ്ങളുടെ വേരുകളിലേക്ക് ചേര്‍ത്തുവെക്കേണ്ടതിന്റെ ജാഗ്രതാ പാഠങ്ങളാണത്. അത് വിസ്മരിച്ചാല്‍ പൊതുമുസ്‌ലിം സമൂഹവും ഇസ്‌ലാമിക പ്രസ്ഥാനവും രണ്ടുവഴിക്ക് പോവേണ്ടിവരുമെന്ന് ഗനൂശി തന്റെ തുനീഷ്യയിലെ ആദ്യ കാലഘട്ടാനുഭവത്തിന്റെ വെളിച്ചത്തില്‍ വ്യക്തമാക്കുന്നു. ഒരു രാജ്യത്തിലെ പാരമ്പര്യ മതവിദ്യാഭ്യാസ കേന്ദ്രങ്ങളെയും അതിന്റെ പണ്ഡിതന്മാരെയും ആഴത്തില്‍ വേരോടിയ അവിടത്തെ കര്‍മശാസ്ത്ര മദ്ഹബുകളെയുമെല്ലാം അവഗണിച്ചാല്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന് അത് നഷ്ടങ്ങള്‍ മാത്രമേ വരുത്തിവെക്കുകയുള്ളൂ. തുനീഷ്യയിലെ പരമ്പരാഗത ഉന്നത മതവിദ്യാഭ്യാസ കേന്ദ്രമായ സൈത്തൂന യൂനിവേഴ്‌സിറ്റിയെയും അതില്‍നിന്ന് പഠിച്ചിറങ്ങുന്ന മതപണ്ഡിതരെയും ആദ്യഘട്ടത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനം യാഥാസ്ഥിതികരെന്ന അവജ്ഞയോടെ അവഗണിക്കുകയായിരുന്നു. തുനീഷ്യന്‍ ഇസ്‌ലാമിക പൈതൃകത്തെയും അതിന്റെ ചരിത്രവ്യക്തിത്വങ്ങളെയും തങ്ങള്‍ തിരിഞ്ഞുനോക്കിയില്ലെന്നും ഗനൂശി രേഖപ്പെടുത്തുന്നു. അറബ് നാടുകളില്‍നിന്നും ഇറക്കുമതി ചെയ്ത ദര്‍ശനങ്ങളും കാഴ്ചപ്പാടുകളും അവ മുന്നോട്ടുവെച്ച അറബ് ചിന്തകന്മാരെയും മാത്രമാണ് ഇസ്‌ലാമിക പ്രസ്ഥാനം പ്രമോട്ട് ചെയ്തത്. രാജ്യത്തെ ഭൂരിപക്ഷ മുസ്‌ലിം സമൂഹം ഒരു വശത്തും ഇസ്‌ലാമിക പ്രസ്ഥാനം അതിന്റെ എതിര്‍വശത്തും നിലയുറപ്പിക്കേണ്ടി വന്നുവെന്നതാണ് അതിന്റെ അനിവാര്യ ദുരന്തമെന്നും ഗനൂശി തുറന്നുപറയുന്നു. രണ്ടാം ഘട്ടത്തില്‍ പ്രസ്ഥാനം ആ നിലപാട് തിരുത്തുകയും തുനീഷ്യയില്‍ ആഴത്തില്‍ വേരോടിയ മാലികി മദ്ഹബിനെയും സൈത്തൂന യൂനിവേഴ്‌സിറ്റിയിലെ പരമ്പരാഗത മതപണ്ഡിതന്മാരെയും പ്രസ്ഥാനത്തോട് ചേര്‍ത്തുനിര്‍ത്താന്‍ ശ്രമമാരംഭിക്കുകയും അതിലവര്‍ വിജയിക്കുകയും ചെയ്തു. പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രാടിത്തറകളും ചരിത്രവും ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങളിലേക്ക് ചേര്‍ത്ത് പറയാന്‍ വ്യഗ്രത കാണിക്കുന്നതിന് പകരം തുനീഷ്യയിലെ തന്നെ നവോത്ഥാന സംഘങ്ങളിലേക്കും ചിന്തകന്മാരിലേക്കും അതിനെ കണ്ണിചേര്‍ത്തു. അതോടെ അന്നഹ്ദ തീര്‍ത്തും തുനീഷ്യന്‍ പ്രസ്ഥാനമായി മാറി. അതിന്റെ ചരിത്രവും പൈതൃകവും ഏറെ പാരമ്പര്യമുള്ള തുനീഷ്യന്‍ ഇസ്‌ലാമിക ചരിത്രത്തിന്റെ ഭാഗമായി മാറി. ഒട്ടും വൈകാതെ ഇസ്‌ലാമിക പ്രസ്ഥാനം ജനകീയമായി എന്നതായിരുന്നു ഈ ദീര്‍ഘവീക്ഷണത്തിന്റെ അനന്തരഫലം. ഗനൂശി ഈ ഘട്ടങ്ങളെ പുസ്തകത്തില്‍ രേഖപ്പെടുത്തുന്നതിങ്ങനെയാണ്. ''പാരമ്പര്യ സമൂഹത്തില്‍ സൈത്തൂനയിലെ പാരമ്പര്യ പണ്ഡിതന്മാരോട് ഞങ്ങള്‍ ഏറ്റുമുട്ടി. ഈ ഏറ്റുമുട്ടലില്‍ രണ്ടാലൊരു കാര്യത്തില്‍ ചെന്ന് കലാശിക്കാതെ നിര്‍വാഹമുണ്ടായിരുന്നില്ല. ഒന്നുകില്‍ ഞങ്ങള്‍ അരിക് ചേര്‍ക്കപ്പെടും; അല്ലെങ്കില്‍ പൗരസ്ത്യ അറേബ്യയില്‍നിന്ന് ഞങ്ങള്‍ കൊണ്ടുവന്ന പരിഷ്‌കരണം അടിച്ചേല്‍പ്പിച്ചുകൊണ്ട് സമൂഹത്തെ ഒന്നാകെ അട്ടിമറിക്കപ്പെടുക. ഇതാകട്ടെ സാധ്യമായ ഒരു കാര്യവുമല്ലായിരുന്നു. പുറത്തുനിന്ന് കൊണ്ടുവന്ന ഒരു ചരക്ക് അടിച്ചേല്‍പ്പിക്കാന്‍ കഴിയുവിധം വഴങ്ങുന്നതല്ല സമൂഹത്തിന്റെ പ്രകൃതം....
പുറത്തുനിന്ന് വന്ന ചിന്തകളും തുനീഷ്യന്‍ വര്‍ത്തമാന യാഥാര്‍ഥ്യവും തമ്മില്‍ സംവാദം നടന്നു. ഇറക്കുമതി ചരക്കില്‍ പുനര്‍വിചിന്തനം അത്യാവശ്യമാണെന്നതിലാണ് പ്രസ്തുത സംവാദം കലാശിച്ചത് (പേജ്:64, 65). സൈത്തൂനയിലെ പണ്ഡിതന്മാരോടൊപ്പം തുനീഷ്യയില്‍ വിദ്യാഭ്യാസ ഭരണനവീകരണത്തിന് പത്തൊമ്പതാം നൂറ്റാണ്ടില്‍ നേതൃത്വം കൊടുത്ത ഖൈറുദ്ദീന്‍ അത്തുനീസിയുടെ നവീകരണ ചിന്തയിലേക്കാണ് ഇസ്‌ലാമിക പ്രസ്ഥാനത്തെ പിന്നീട് ചേര്‍ത്തുവെച്ചത്. ''കിഴക്കനറേബ്യന്‍ ചിന്തക്ക് ശിഷ്യപ്പെട്ട ഒരു ഘട്ടത്തിനുശേഷം തുനീഷ്യന്‍ ഇസ്‌ലാമിക പ്രസ്ഥാനം ആധുനീകരണത്തിന്റെ കവാടം വീണ്ടും തുറന്നുവെന്ന് പറയാവുന്നതാണ്. സ്വന്തം സമൂഹത്തിന്റെ അനുഭവ യാഥാര്‍ഥ്യങ്ങളുമായി അത് പ്രതിപ്രവര്‍ത്തനം ആരംഭിച്ചു. സൈത്തൂനയിലെ ഗുരുഭൂതന്മാര്‍ തുടക്കമിടുകയും പരിഷ്‌കര്‍ത്താവായ ഖൈറുദ്ദീന്‍ അത്തുനീസി നയിക്കുകയും ചെയ്ത പ്രഥമ നവീകരണ പ്രസ്ഥാനത്തിലേക്ക് വേര് പടര്‍ത്തി (പേജ്:69).
ഗനൂശിയും തുനീഷ്യന്‍ ഇസ്‌ലാമിക പ്രസ്ഥാനവും അതിന്റെ രണ്ടാംഘട്ടത്തില്‍ വിജയിപ്പിച്ചെടുത്ത ഈ സാംസ്‌കാരിക ചരിത്ര പാഠങ്ങള്‍ കേരളത്തിലിരുന്ന് വായിക്കുമ്പോള്‍ നമ്മുടെ പ്രവര്‍ത്തനപരിസരങ്ങളോട് കൂടിയാണ് അത് സംവദിക്കുന്നത്. അതില്‍ ഉള്‍ക്കൊള്ളേണ്ടതിനെ പുതിയ കാലത്തെ മാറ്റങ്ങള്‍ക്കൊപ്പം ചേര്‍ത്തുവെക്കാന്‍ ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിനും സാധിക്കേണ്ടതുണ്ട്.
[email protected]

Comments

Other Post