Prabodhanm Weekly

Pages

Search

2013 ജൂണ്‍ 28

രക്തസാക്ഷികളുടെ താഴ്‌വരയില്‍

പി.പി അബ്ദുല്ലത്വീഫ്‌

പഴയ ഹിജാസ് നജ്ദ് പാതയിലെ മറാത്ത് ഗ്രാമത്തില്‍ എത്തിയത് ജാഹിലിയ്യാ കാലത്തെ അറബി പദ്യ സാഹിത്യത്തിലെ കിരീടം വെച്ച രാജാവും ജാഹിലിയ്യാ കാലത്തെ പ്രസിദ്ധമായ കിന്ദാ സാമ്രാജ്യത്തിലെ പേരക്കുട്ടിയും കുതിരപ്പടയാളിയുമായ ഇംറുഉല്‍ ഖൈസിന്റെ നാട് കാണാനാണ്. അല്‍മലികുദ്ദലീല്‍ (വഴിതെറ്റിപ്പോയ രാജാവ്) എന്നാണ് പ്രവാചകന്‍(സ) അദ്ദേഹത്തെ പരിചയപ്പെടുത്തിയത്. അക്ഷരലോകത്ത് വെച്ച് മാത്രം പരിചയപ്പെടാന്‍ അവസരം കിട്ടിയവരുടെ ചരിത്ര ശേഷിപ്പുകള്‍ കാണാന്‍ ഭാഗ്യമുണ്ടാകുമ്പോഴുണ്ടാകുന്ന ആത്മസംതൃപ്തി പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. ചരിത്രം രചിച്ച വ്യക്തികളെയും നാഗരികതകളെയും വര്‍ത്തമാന ലോകത്തേക്ക് പരിഭാഷപ്പെടുത്തുന്ന വിലപ്പെട്ട കണ്ണിയാണ് അവരുടെ പാദസ്പര്‍ശമേറ്റ മണ്ണും ചരിത്രാവശിഷ്ടങ്ങളും. മനുഷ്യ ചരിത്രത്തില്‍ പ്രസ്താവ്യമായതെന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിലേ ഏതെങ്കിലും പ്രദേശത്തിന് വല്ല പ്രാധാന്യവും പ്രത്യേകതയുമുണ്ടാകുന്നുള്ളൂ. പ്രസ്തുത സ്ഥലത്തിന്റെ ചരിത്ര പ്രാധാന്യമറിയാത്തവര്‍ക്ക് അത് നിര്‍ജീവമായ ഒരു തുണ്ട് ഭൂമി മാത്രമാണ്. അതിന്റെ വിലയറിഞ്ഞവര്‍ക്കത് കഴിഞ്ഞകാലത്തേക്ക് കയറിച്ചെല്ലാനും അവരെ തൊട്ടറിയാനുമുള്ള സുവര്‍ണ കവാടവും.
ഇംറുഉല്‍ ഖൈസിന്റെ യൗവ്വനത്തിലേക്ക് നമ്മെ കൊണ്ടുപോകുന്ന തന്റെ കവിതയുടെ പശ്ചാത്തലമായ മറാത്തിലെ പഴയ കുളവും കുന്നും കാണുന്നതിനിടയിലാണ്, തകര്‍ന്നു തീരുന്ന പുരാതന ഗ്രാമത്തിന്റെ അവശേഷിപ്പുകള്‍ക്കരികില്‍ പുല്ലും ചളിയും മരവും കൊണ്ട് അറബികളുടെ തനത് പൗരാണികതയില്‍ പുനര്‍നിര്‍മിക്കപ്പെട്ട ഒരു ചെറിയ പള്ളിയും വെള്ളമെടുക്കാന്‍ ഒട്ടകപ്പാത്തിയൊരുക്കിയ അതിനോട് ചേര്‍ന്ന ഒരു പഴയ കിണറും ശ്രദ്ധയില്‍ പെട്ടത്. മുസൈലിമത്തുല്‍ കദ്ദാബിനെതിരെയുള്ള ഖാലിദുബ്‌നുല്‍ വലീദി(റ)ന്റെ നേതൃത്വത്തിലുള്ള മുസ്‌ലിം സേന യമാമയിലേക്കുള്ള വഴിയില്‍ തമ്പടിച്ച സ്ഥലമാണതെന്നും, നടേ പറഞ്ഞ കുളത്തിലെ വെള്ളം സൈനികരുടെ ആവശ്യത്തിന് മതിയാകാതെ വന്നപ്പോള്‍ അന്നവര്‍ കുഴിച്ച കിണറാണ് 'അല്‍ ബിഅ്‌റുല്‍ വലീദി' എന്നപേരില്‍ ഇന്നവിടെ കാണുന്നതെന്നും മനസ്സിലാക്കാനായി. എങ്കിലും ഇസ്‌ലാമിക ചരിത്രഗതിയെ നിയന്ത്രിച്ച യമാമയുദ്ധം നടന്നതെവിടെയെന്ന് അറിയാനായില്ല. അതിന്റെ പരിസരത്തുകൂടി നടക്കുമ്പോഴും പ്രസ്തുത പ്രദേശം അജ്ഞാതമായി തന്നെ നിലകൊണ്ടു. യമാമ യുദ്ധത്തെക്കുറിച്ച് എഴുതപ്പെട്ട പലതും പരതിയിട്ടും ചരിത്ര സംഭവം നടന്ന സ്ഥലം മാത്രം എവിടെയെന്ന് വ്യക്തമായില്ല. എങ്കിലും എവിടെയായിരിക്കുമതെന്ന ചോദ്യം ഉത്തരം കിട്ടേണ്ട വികാരമായി മനസ്സില്‍ സൂക്ഷിച്ചുവെച്ചു.
സ്ഥലത്തെക്കുറിച്ച് ഏകദേശം മനസ്സിലാക്കിയ സുഹൃത്ത് കഴിഞ്ഞ ദിവസം കാറുമായി വന്നപ്പോള്‍, ഇരുട്ടാകുമ്പോഴേക്കും തിരിച്ചെത്താമെന്ന് പറഞ്ഞ് വീട്ടില്‍ നിന്നുമിറങ്ങി. രിയാദ് പട്ടണവും വിട്ട് ഹനീഫ താഴ്‌വരയിലെ പച്ചപുതച്ച തോട്ടങ്ങളെ കീറിമുറിക്കുന്ന കറുത്ത പാതയിലൂടെയുള്ള യാത്ര ഏതാനും മിനിറ്റുകള്‍ക്കകം അവസാനിച്ചു. ചരിത്രത്തിന് പരിചിതമല്ലാത്ത ജുബൈലിയ്യ എന്ന പ്രദേശത്താണ് ഞങ്ങളെത്തിയത്. യമാമ യുദ്ധം നടന്ന സ്ഥലത്തെ ചരിത്രം പരിചയപ്പെടുത്തുന്നത് അഖ്‌റിബാഅ് എന്ന പേരിലാണ്. പക്ഷേ അങ്ങനെ ഒരു പേര് ഇന്ന് ചരിത്രപുസ്തകങ്ങളില്‍ മാത്രമേയുള്ളൂ. ജലസമൃദ്ധമായ ഇവിടെയായിരുന്നു നജ്ദിലെ ശക്തമായ ഹനീഫ ഗോത്രത്തിന്റെ ആവാസകേന്ദ്രം. ഇവിടെയാണ് മുസൈലിമയും സംഘവും അധികാരം വാണ സ്ഥലം. വലിയ ചുറ്റുമതില്‍ കെട്ടിയ കാരുണ്യത്തിന്റെ തോട്ടം എന്ന് പേരിട്ട് വിളിച്ച തന്റെ തോട്ടവും താമസസ്ഥലവും പിന്നീട് മരണത്തിന്റെ തോട്ടമെന്ന പേരില്‍ ചരിത്രത്തില്‍ നിലനിന്നതും ഈ മണ്ണിലാണ്. വിശാലമായ താഴ്‌വരയിലെ ചുറ്റുമതില്‍ കെട്ടിയ ശ്മശാനത്തിനടുത്തേക്ക് നീങ്ങി. ഇവിടെയാണ് മുസൈലിമയോടും സൈന്യത്തോടും യുദ്ധം ചെയ്ത് രക്തസാക്ഷ്യം വരിച്ചവര്‍ അന്ത്യവിശ്രമം കൊള്ളുന്നത്. സ്വഹാബിമാരുടെ മഖ്ബറ എന്നെഴുതപ്പെട്ട ഫലകമായിരുന്നു അടുത്തകാലംവരെ അവിടെയുണ്ടായിരുന്നത്. ഇന്നാ ഫലകം മാറ്റി പകരം ജുബൈലിയ പഴയ മഖ്ബറ എന്ന പുതിയ ഫലകം പ്രവേശനകവാടത്തിനു മുന്നില്‍ നാട്ടിയിരിക്കുന്നു.
ഇവിടെയാണ് ബദ്‌റിന് ശേഷം ഇസ്‌ലാമിക ചരിത്രത്തിന്റെ ഗതിയെ നിയന്ത്രിച്ച അപൂര്‍വം യുദ്ധങ്ങളിലൊന്ന് നടന്നത്. ഖാലിദുബ്‌നുല്‍ വലീദി(റ)ന്റെ നേതൃത്വത്തിലുള്ള പന്ത്രണ്ടായിരം മുസ്‌ലിം പടയാളികള്‍ ഒരു ലക്ഷം അംഗബലമുള്ള ശത്രുസേനയുമായി ഏറ്റുമുട്ടി വീരേതിഹാസം രചിച്ച പ്രദേശം. മുസ്‌ലിം പോരാളികളില്‍ നിന്ന് ആയിരത്തോളം (ആയിരത്തി ഇരുനൂറോളം എന്നും അഭിപ്രായമുണ്ട്) പേര്‍ രക്തസാക്ഷികളായ ഇടം. അതില്‍ എഴുപത് (അഞ്ഞൂറ് എന്നും അഭിപ്രായമുണ്ട്) പേര്‍ ഖുര്‍ആന്‍ മനഃപാഠമാക്കിവരായിരുന്നു. ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുത്ത അന്‍പത്തിയെട്ട് ബദ്‌രീങ്ങള്‍ രക്തസാക്ഷ്യം വഹിച്ച മണ്ണ്. സൈദുബ്‌നുല്‍ ഖത്വാബ്(റ), അബൂ ഹുദൈഫ(റ), സാലിം മൗലാ അബീ ഹുദൈഫ(റ), സാബിത് ബ്‌നു ഖൈസ്(റ), അബ്ദുല്ലാഹിബ്‌നു ഉബയ്യ് ബ്‌നു സുലൂല്‍(റ), അബ്ദുല്ലാഹിബ്‌നു അബീബക്ര്‍(റ) തുടങ്ങി വീരേതിഹാസത്തിന്റെ അത്യപൂര്‍വ ചരിത്രം രചിച്ച നിരവധി സ്വഹാബികള്‍ അന്ത്യവിശ്രമം കൊള്ളുന്നിടം. മുസൈലിമത്തുല്‍ കദ്ദാബിന്റെ നേതൃത്വത്തിലുള്ള ഒരു ലക്ഷം പടയാളികളില്‍ നിന്ന് മുസൈലിമയടക്കം ഏകദേശം ഇരുപത്തിഒന്നായിരം പേര്‍ മരിച്ചുവീണ് മറമാടപ്പെട്ടതും ഈ മഖ്ബറയോട് ചേര്‍ന്ന ഇതേ താഴ്‌വരയിലാണ്.
മുസൈലിമയുടെ ഒരു ലക്ഷം വരുന്ന സൈന്യത്തിന്റെ വലുപ്പമറിയാതെ അബൂബക്ര്‍(റ) നേരത്തെ നിയോഗിച്ച മുവ്വായിരം പടയാളികള്‍ വീതമുള്ള, ഇക്‌രിമ(റ)യുടെയും അതിന് ശേഷം ശുറൈഹബീലി(റ)ന്റെയും നേതൃത്വത്തിലുള്ള മുസ്‌ലിം സേനകള്‍ മുസൈലിമയുമായി ഏറ്റുമുട്ടി പരാജയപ്പെട്ടിടത്ത്, യുദ്ധത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ അബൂബക്ര്‍(റ) ആവശ്യപ്പെട്ടത് ഉമറി(റ)ന്റെ സഹോദരന്‍ സൈദ്ബ്‌നുല്‍ ഖത്വാബി(റ)നോടായിരുന്നു. യുദ്ധത്തിന്റെ നേതൃത്വം ഏറ്റെടുത്താല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ശഹാദത്ത് വരിക്കാന്‍ കഴിയില്ലെന്ന കാരണം പറഞ്ഞ സൈദ്(റ) താന്‍ കൊതിച്ച ശഹാദത്ത് വരിച്ചത് ഈ മണ്ണിലാണ്. എന്നാല്‍, സര്‍വസൈന്യാധിപനായി നിയോഗിക്കപ്പെട്ട ഖാലിദുബ്‌നുല്‍ വലീദ്(റ), സൈന്യത്തിന്റെ വലതുഭാഗത്തിന് നേതൃത്വം കൊടുക്കാന്‍ സൈദി(റ)നെയാണ് ഏല്‍പ്പിച്ചിരുന്നത്. യുദ്ധത്തില്‍ മുസ്‌ലിംകള്‍ പരാജയത്തിന്റെ സൂചന മനസ്സിലാക്കിയപ്പോള്‍ സൈദ്(റ) ഉറക്കെ പ്രതിജ്ഞ ചെയ്തു: 'ഈ കള്ളപ്രവാചകനെ പരാജയപ്പെടുത്തുകയോ അല്ലെങ്കില്‍ രക്തസാക്ഷിയായി വീഴുകയോ ചെയ്യുന്നതു വരെ ഞാന്‍ സംസാരിക്കുകയില്ല.' സൈദും സംഘവും നഹാര്‍ അല്‍രിജാല്‍ ബ്‌നു അന്‍ഫുവ നേതൃത്വം കൊടുക്കുന്ന ശത്രുവിന്റെ ഇടതുവശത്തേക്ക് കുതിച്ചുകയറി. തിരുമേനിയുടെ അടുക്കല്‍ വരികയും ഇസ്‌ലാം സ്വീകരിക്കുകയും പിന്നീട് തിരുമേനിയുടെ ദൂതനായി മുസൈലിമയുടെ അടുത്തേക്ക് നിയോഗിക്കപ്പെടുകയും ചെയ്ത നഹാര്‍, മുസൈലിമയുമായി ഒരു പകല്‍ മുഴുവനും നടന്ന സംഭാഷണത്തിനൊടുവില്‍ മുര്‍ത്തദ്ദാവുകയും മുസൈലിമ നബിയാണെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു. നഹാര്‍ വരുന്നത് വരെ മുസൈലിമക്ക് പതിനായിരം അനുയായികളാണുണ്ടായിരുന്നതെങ്കില്‍ നഹാര്‍ മുര്‍ത്തദ്ദായ ആ ഒരൊറ്റ ദിവസത്തില്‍ നഹാറിന്റെ പ്രഖ്യാപനത്തോടെ നാല്‍പതിനായിരം പേര്‍ കൂടി മുര്‍ത്തദ്ദുകളായി. മുസൈലിമ വെച്ചുനീട്ടിയ അധികാരത്തോടും ഐഹികവിഭവത്തോടുമുള്ള കൂറിനാല്‍ ശത്രുപക്ഷത്തിന്റെ നേതൃത്വം ഏറ്റെടുത്ത് മുസ്‌ലിംകള്‍ക്കെതിരെ യുദ്ധം ചെയ്യുകയായിരുന്നു നഹാര്‍.
പക്ഷേ, അനശ്വര സത്യത്തിന് വേണ്ടി ഐഹികവിഭവങ്ങള്‍ മാത്രമല്ല ജീവന്‍ തന്നെ സമര്‍പ്പിച്ച സത്യവിശ്വാസികളുടെ ധീരതക്കും നിശ്ചയദാര്‍ഢ്യത്തിനും മുന്നില്‍ പിടിച്ചുനില്‍ക്കാന്‍, തുഛമായ ഭൗതികവിഭവത്തിന് വേണ്ടി പരലോകത്തെ വിറ്റ കള്ളപ്രവാചകന്റെ മന്ത്രിപദം അലങ്കരിക്കുന്ന നഹാറിനായില്ല. സൈദി(റ)ന്റെ വാളാല്‍ നഹാര്‍ നിലംപതിച്ചു. നേതാവിന്റെ പതനം ശത്രു സേനയില്‍ വിള്ളലുണ്ടാക്കി. യുദ്ധം കൊടുമ്പിരി കൊണ്ടു. താന്‍ കൊതിച്ച രക്തസാക്ഷ്യം നേടുന്നതുവരെ സൈദ്(റ) യുദ്ധം ചെയ്തു. അബൂ മര്‍യം അല്‍ഹനഫിയുടെ വാളാല്‍ സൈദ്(റ) പടക്കളത്തില്‍ വെട്ടിവീഴ്ത്തപ്പെട്ടു.
'പ്രഭാതത്തിലെ ഇളം കാറ്റടിക്കുമ്പോള്‍ സൈദിന്റെ ഗന്ധം ഞാന്‍ മണക്കുന്നു' എന്ന് ഉമര്‍(റ) പറയുമായിരുന്നു. പ്രഭാതത്തിലെ ഈ കാറ്റ് കിഴക്ക് നജ്ദില്‍ നിന്നാണടിക്കുക. ഒരിക്കല്‍ സ്വഹാബിമാരോടൊത്തിരിക്കെ കാറ്റടിച്ചപ്പോള്‍ ഉമര്‍(റ) കരഞ്ഞു. സ്വഹാബികള്‍ കരച്ചിലിന്റെ കാരണമന്വേഷിച്ചപ്പോള്‍ ഉമര്‍(റ) പറഞ്ഞു: ''പ്രഭാതത്തിലെ ഈ കാറ്റ് എന്നെ സൈദിനെ ഓര്‍മിപ്പിക്കുന്നു. എന്റെ മുന്നെ ഇസ്‌ലാമിലേക്ക് വരികയും എനിക്ക് മുന്നെ രക്തസാക്ഷിയാവുകയും ചെയ്ത സൈദിനെ.''
ഹിജ്‌റ 12-ാം നൂറ്റാണ്ടില്‍ ശൈഖ് മുഹമ്മദ് ബ്‌നു വഹാബിന്റെ ആവശ്യപ്രകാരം നിരപ്പാക്കപ്പെടുന്നത് വരെ സൈദി(റ)ന്റെ ഖബ്ര്‍ കെട്ടിപ്പൊക്കിയ നിലയില്‍ ഇവിടെ ഉണ്ടായിരുന്നു. സൈദി(റ)ന്റെ രക്തസാക്ഷ്യം മുസ്‌ലിം അണികളില്‍ വിള്ളലുണ്ടാക്കി. ശത്രുസേന ഖാലിദുബ്‌നുല്‍ വലീദി(റ)ന്റെ കൂടാരം വരെയെത്തി. ഈ അവസരത്തില്‍ അന്‍സ്വാരികളുടെ കൊടിവാഹകനായ സാബിത് ബ്‌നു ഖൈസ്(റ) അന്‍സ്വാരികളുമായി മുന്നോട്ട് കുതിച്ചു. ഒരു കാല്‍ ഛേദിക്കപ്പെട്ട് സാബിത്(റ) നിലത്ത് വീണു. അപ്പോഴും അദ്ദേഹം 'അന്‍സ്വാരികളേ' എന്ന് ഉറക്കെ വിളിക്കുന്നുണ്ടായിരുന്നു. പിന്തിരിയാതെ അന്‍സ്വാരികളെയും കൊണ്ട് അദ്ദേഹം ശത്രുവിനു നേരെ മുന്നേറിക്കൊണ്ടിരുന്നു. കാല്‍ ഛേദിക്കപ്പെട്ട ഈ അവസ്ഥയില്‍ എങ്ങോട്ടാണ് താങ്കള്‍ പോകുന്നതെന്ന അബൂ സഈദില്‍ ഖുദ്‌രി(റ)യുടെ ചോദ്യത്തിന് മുന്നില്‍ ഇഴഞ്ഞാണെങ്കില്‍ ഇഴഞ്ഞെങ്കിലും യുദ്ധം ചെയ്യുക എന്നായിരുന്നു സാബിതി(റ)ന്റെ മറുപടി. അങ്ങനെ ഒറ്റക്കാലില്‍ ഇഴഞ്ഞുനീങ്ങി ശത്രുവിനോട് പൊരുതി ആ ധീരപടയാളിയും രക്തസാക്ഷ്യം വരിച്ചു.
ആദ്യകാല അന്‍സ്വാരിയും, ജീവിച്ചിരിക്കെ നബി(സ)യുടെ പ്രത്യേക പ്രശംസക്ക് വിധേയനാവുകയും ചെയ്ത സാബിത്(റ) ഉയര്‍ന്ന ശബ്ദത്തിന് ഉടമയായതിനാല്‍ അന്‍സ്വാരികളുടെയും നബി(സ)യുടെയും പ്രാസംഗികനായിരുന്നു. നബി(സ)യുടെ ശബ്ദത്തേക്കാള്‍ ഉച്ചത്തില്‍ സത്യവിശ്വാസികള്‍ ശബ്ദമുയര്‍ത്തരുതെന്ന ഖുര്‍ആന്‍ സൂക്തം അവതീര്‍ണമായപ്പോള്‍ അദ്ദേഹം ഏറെ സങ്കടപ്പെട്ടു. താന്‍ നരകത്തിന്റെ ആളായിപ്പോയല്ലോ എന്ന് വിലപിച്ച് തിരുസന്നിധിയില്‍ വരാതെ വീട്ടില്‍ തന്നെയിരുന്നു. ഇതറിയിച്ച സഅ്ദി(റ)ന് നബി(സ) കൊടുത്ത മറുപടി 'അദ്ദേഹം സ്വര്‍ഗാവകാശിയാണ്' എന്ന സന്തോഷ വാര്‍ത്തയായിരുന്നു.
ഒരിക്കല്‍ നബി(സ) പറഞ്ഞു: 'സാബിതേ, സ്തുതിക്കപ്പെട്ടവനായി ജീവിക്കാനും രക്തസാക്ഷിത്വം വരിക്കാനും സ്വര്‍ഗത്തില്‍ പ്രവേശിക്കാനും താങ്കള്‍ ഇഷ്ടപ്പെടുന്നില്ലേ?' സാബിത്(റ) പ്രതിവചിച്ചു: 'അതെ, തീര്‍ച്ചയായും ഞാനതാണാഗ്രഹിക്കുന്നത്.' ശരീരത്തില്‍ സുഗന്ധം പുരട്ടി കഫന്‍പുടവയണിഞ്ഞ് യുദ്ധം ചെയ്ത സാബിത്(റ), പ്രവാചകന്‍(സ) പറഞ്ഞ ആ രക്തസാക്ഷ്യം ഏറ്റുവാങ്ങിയതും ഈ മണ്ണിലാണ്. ഇതിനിടയിലാണ് മറ്റൊരു ധീര സ്വഹാബി അബൂഹുദൈഫ(റ) മുന്നോട്ട് വരുന്നത്. ഖുറൈശികളുടെ നേതാവായിരുന്ന ഉത്ബയാണ് പിതാവ്. അബൂസുഫ്‌യാന്റെ ഭാര്യ ഹിന്ദിന്റെ സഹോദരന്‍. ദാറുല്‍ അര്‍ഖമിന് മുന്നെ ഇസ്‌ലാം സ്വീകരിച്ചു. രണ്ടു തവണ അബ്‌സീനിയയിലേക്ക് ഹിജ്‌റ പോയി. സൈദി(റ)നെപ്പോലെത്തന്നെ, രക്തസാക്ഷ്യത്തിന് തടസ്സമാകുമെന്ന് പറഞ്ഞ് യുദ്ധനേതൃത്വം ഏറ്റെടുക്കാന്‍ സാധ്യമല്ലെന്ന് അബൂബക്‌റി(റ)നെ അറിയിച്ച വ്യക്തി. യുദ്ധം അതിന്റെ പരീക്ഷണഘട്ടത്തിലെത്തിയപ്പോള്‍, അല്‍ബഖറ സൂറത്ത് മനഃപാഠമാക്കിയ അബൂഹുദൈഫ(റ) 'അല്ലയോ അല്‍ബഖറയുടെ ആള്‍ക്കാരേ' എന്ന് വിളിച്ചായിരുന്നു യുദ്ധക്കളത്തില്‍ മുസ്‌ലിംകളെ ആവേശഭരിതരാക്കിയത്. സൂറത്തുല്‍ ബഖറ മനഃപാഠമാക്കിയ സ്വഹാബികള്‍ അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് ശക്തമായ യുദ്ധം നടത്തി. രക്തസാക്ഷ്യം വരിക്കുന്നത് വരെ അദ്ദേഹം പൊരുതി.
അടുത്ത ഊഴം സാലിം മൗലാ അബീ ഹുദൈഫ(റ)യുടേതാണ്. സൈദി(റ)ന്റെ വിസമ്മതത്തിന് ശേഷം അബൂബക്ര്‍(റ) യുദ്ധനേതൃത്വം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടത് സാലിമി(റ)നോടായിരുന്നു. സൈദ്(റ) പറഞ്ഞ അതേകാരണം തന്നെയായിരുന്നു സാലിമിനും പറയാനുണ്ടായിരുന്നത്. എങ്കിലും ഖാലിദ്ബ്‌നുല്‍ വലീദ്(റ) മുഹാജിറുകളുടെ കൊടിവാഹകനായി സാലിമിനെ നിശ്ചയിച്ചു. ശാരീരികമായി ദുര്‍ബലനായിരുന്ന സാലിം മുന്നിലൂടെ ശത്രുക്കള്‍ കടന്നുവരാന്‍ സാധ്യതയുണ്ടെന്ന് മുസ്‌ലിംകള്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ അദ്ദേഹം മറുപടി പറഞ്ഞു: ''അങ്ങനെ സംഭവിച്ചാല്‍ ഖുര്‍ആന്‍ വാഹകരെത്ര മോശം.''
ഉന്നത ഖുറൈശി കുടുംബാംഗമായ അബൂ ഹുദൈഫ(റ)ന്റെ ഭാര്യയുടെ അടിമയായിരുന്നു സാലിം. വളരെ ചെറുപ്പത്തില്‍ തന്നെ സാലിം അടിമത്തത്തില്‍ നിന്നും മോചിപ്പിച്ചു. അടിമത്തത്തില്‍ നിന്നും മോചിപ്പിക്കപ്പെട്ട സാലിമിന്റെ പിതാവാരെന്നറിയാത്തതിനാല്‍ ഇനി മുതല്‍ തന്റെ മകനായിട്ടാണ് സാലിം വിളിക്കപ്പെടുക എന്ന് കഅ്ബയുടെ അടുത്ത് വന്ന് അബൂ ഹുദൈഫ പ്രഖ്യാപിച്ചു. അന്നു മുതല്‍ സാലിം ഇബ്‌നു അബീ ഹുദൈഫ എന്നാണ് സാലിം അറിയപ്പെട്ടിരുന്നത്. എന്നാല്‍, ഓരോരുത്തരും സ്വന്തം പിതാക്കളിലേക്ക് മാത്രം ചേര്‍ത്തേ വിളിക്കപ്പെടാവൂ എന്നും പിതാവാരെന്നറിയാത്തവര്‍ തങ്ങളുടെ സഹോദരന്മാര്‍ മാത്രമാണെന്നുമുള്ള ഖുര്‍ആനിക സൂക്തം ഇറങ്ങിയപ്പോള്‍ സാലിം മൗലാ അബീ ഹുദൈഫ എന്ന പേരിലാണ് സാലിം പിന്നീട് പ്രശസ്തനായത്. അബൂഹുദൈഫയും സാലിമും ആദ്യകാലത്ത് തന്നെ ഇസ്‌ലാം സ്വീകരിച്ചവരായിരുന്നു. ഇസ്‌ലാം അവര്‍ക്കിടയില്‍ വല്ലാത്തൊരു സ്‌നേഹബന്ധം വളര്‍ത്തി. അവരുടെ സ്‌നേഹ- സാഹോദര്യബന്ധം വിട്ടുപിരിയാനാവാത്തതായിരുന്നു. അബൂ ഹുദൈഫ അബ്‌സീനിയയിലേക്ക് ഹിജ്‌റ പോയപ്പോള്‍ ഖുര്‍ആന്‍ പഠിക്കാനായി നബി(സ)യോടൊപ്പം തന്നെ സാലിം(റ) നിന്നു. പിന്നെ അവര്‍ വീണ്ടും യോജിക്കുന്നത് ഹിജ്‌റക്ക് ശേഷം മദീനയില്‍ വെച്ചാണ്. അതിന് ശേഷം ഒരിക്കലും അവര്‍ വിട്ടുപിരിഞ്ഞില്ല. മരണത്തില്‍പോലും.
(തുടരും)

Comments

Other Post