Prabodhanm Weekly

Pages

Search

2013 ജൂണ്‍ 28

തലമുറകളുടെ ഗുരുനാഥന്‍ / കരുവള്ളി മുഹമ്മദ് മൗലവി

സദ്‌റുദ്ദീന്‍ വാഴക്കാട്‌

തലമുറകളുടെ ഗുരുനാഥനാണ് കരുവള്ളി മുഹമ്മദ് മൗലവി. കേരളത്തില്‍ അറബി ഭാഷാപഠനത്തിന്റെ വളര്‍ച്ചക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച അദ്ദേഹം, അറബി അധ്യാപക സമൂഹത്തിന്റെ അവകാശപ്പോരാട്ടങ്ങളുടെ മുന്‍നിര നായകനാണ്. കേരളത്തിലെ സ്‌കൂളുകളില്‍ ഇന്നു കാണുന്ന വിപുലമായ അറബി പഠന സംവിധാനങ്ങള്‍ രൂപപ്പെടുത്തുന്നതിന് അദ്ദേഹം ഒരുപാട് വിയര്‍പ്പൊഴുക്കിയിട്ടുണ്ട്. തുടക്കത്തില്‍ ഏകനായും പിന്നീട്, അറബിക് പണ്ഡിറ്റ് യൂനിയന്റെയും കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്റെയും അമരക്കാരനായും അദ്ദേഹം എഴുതിക്കൊടുത്ത നിവേദനങ്ങളും നടന്നുതീര്‍ത്ത വഴികളും നിരവധിയാണ്. അധ്യാപകന്‍, അറബിക് വിദ്യാഭ്യാസ ഇന്‍സ്‌പെക്ടര്‍, പാഠപുസ്തക രചനാ കമ്മിറ്റി കണ്‍വീനര്‍, കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സ്ഥാപകന്‍ എന്നീ നിലകളിലൊക്കെ അദ്ദേഹം വിലപ്പെട്ട സംഭാവനകളര്‍പ്പിച്ചു.
കാലിക്കറ്റ് മുസ്‌ലിം അസോസിയേഷന്റെ രൂപീകരണത്തിലും കേരള ഇസ്‌ലാമിക് സെമിനാറിന്റെ സംഘാടനത്തിലും പങ്കുവഹിച്ച കരുവള്ളി മുഹമ്മദ് മൗലവി, മുസ്‌ലിം സര്‍വീസ് സൊസൈറ്റിയുടെ (എം.എസ്.എസ്) വൈസ് പ്രസിഡന്റായിരുന്നു. സാക്ഷരതാ പ്രവര്‍ത്തനങ്ങളില്‍ തല്‍പരനായിരുന്ന അദ്ദേഹം അതിന്റെ മലപ്പുറം ജില്ലാ അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാനായിരുന്നു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, അറബി-ഉര്‍ദു സിലബസ് കമ്മിറ്റി മെമ്പര്‍, സലഫീ യൂനിവേഴ്‌സിറ്റി സെനറ്റ് മെമ്പര്‍, സി.ബി.എന്‍.പി, ഡി.പി.ഇ.പി ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
കട്ടിലശ്ശേരി മുഹമ്മദ് മൗലവിയുടെ ശിഷ്യത്വവും ഉമറാബാദിലെ പഠനവും മറ്റുംവഴി പുരോഗമന ആശയക്കാരനായി വളര്‍ന്ന മുഹമ്മദ് മൗലവി കേരള നദ്‌വത്തുല്‍ മുജാഹിദീന്റെ സംസ്ഥാന കൂടിയാലോചനാസമിതി അംഗവും വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാനും മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റുമാണ് ഇപ്പോള്‍.
1918, മലപ്പുറം മക്കരപ്പറമ്പിനടുത്ത കരിഞ്ചാപടിയില്‍ ജനിച്ച മൗലവി, 1942 ലാണ് അധ്യാപനജീവിതം ആരംഭിച്ചത്. 1962-ല്‍ ഉത്തരമേഖലാ മുസ്‌ലിം വിദ്യാഭ്യാസ ഇന്‍സ്‌പെക്ടറായി. 1974-ല്‍ സര്‍വീസില്‍നിന്ന് വിരമിച്ചു. ശേഷം, മത-വിദ്യാഭ്യാസ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായ അദ്ദേഹം 95 ാം വയസിലും കര്‍മനിരതനാണ്. കഴിഞ്ഞകാല ജീവിതത്തെ കുറിച്ച്, പ്രായം തളര്‍ത്താത്ത അദ്ദേഹത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുന്ന പരമ്പര ആരംഭിക്കുന്നു.

 

വള്ളുവനാട് പഴയ നാട്ടുരാജ്യമാണ്; വള്ളുവക്കോനാതിരിമാരുടെ രാജ്യം. ഞാന്‍ ജനിക്കുന്ന കാലത്ത് പക്ഷേ, രാജഭരണം പേരിനു മാത്രമേ ഉണ്ടായിരുന്നുള്ളൂ. പരിമിതമായ അധികാരങ്ങളാണ് അന്ന് രാജകുടുംബത്തിനുള്ളത്. യഥാര്‍ഥത്തില്‍ രാജ്യം ഭരിക്കുന്നത് ബ്രിട്ടീഷുകാരാണല്ലോ. അവരുടെ മേധാവിത്വത്തിന് കീഴിലെ ആശ്രിതരായിരുന്നു രാജാക്കന്മാരും കോവിലകങ്ങളും ജന്മിമാരുമൊക്കെ. അല്‍പമൊക്കെ സ്വതന്ത്രമായ അധികാരമുണ്ടായിരുന്നത് സാമൂതിരിക്കും തിരുവിതാംകൂര്‍ രാജാവിനുമായിരുന്നു.
ഇന്നത്തെ പെരിന്തല്‍മണ്ണ, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം താലൂക്കുകളും പൊന്നാനി, തിരൂര്‍, ഏറനാട് താലൂക്കുകളുടെ ചില ഭാഗങ്ങളും ചേര്‍ന്നതായിരുന്നു പഴയ വള്ളുവനാട്. രണ്ടാം ചേര സാമ്രാജ്യത്തോളം തന്നെ അതിന് പഴക്കമുണ്ട്. 'വള്ളുവക്കോനാതിരി' എന്നായിരുന്നു രാജാവ് അറിയപ്പെട്ടിരുന്നത്. വള്ളുവനാടിന്റെ ആദ്യ തലസ്ഥാനമായിരുന്നു വള്ളുവനഗരം; ഇന്നത്തെ അങ്ങാടിപ്പുറം. തിരുമാന്ധാംകുന്ന് ക്ഷേത്രം അവരുമായി ബന്ധപ്പെട്ടാണുണ്ടായിരുന്നത്. 14-ാം നൂറ്റാണ്ടോടെ സാമൂതിരി രാജാവ് വള്ളുവനാട് ആക്രമിച്ചു കീഴടക്കുകയും രാജ്യത്തിന്റെ മിക്ക ഭാഗങ്ങളും തന്റെ അധീനതയില്‍ കൊണ്ടുവരികയും ചെയ്തു. പിന്നീട് അങ്ങാടിപ്പുറത്തിനു ചുറ്റുമുള്ള കുറച്ചു പ്രദേശങ്ങളേ വള്ളുവക്കോനാതിരിയുടെ ഭരണത്തിന്‍ കീഴിലുണ്ടായിരുന്നുള്ളൂ. പല താവഴികളായി പിരിഞ്ഞ ഇവര്‍ മങ്കട, കടന്നമണ്ണ, കൊളത്തൂര്‍ തുടങ്ങിയ കോവിലകങ്ങളില്‍ താമസമാക്കുകയുണ്ടായി. മലബാര്‍ സമരകാലത്ത് മാപ്പിളപ്പോരാളികള്‍ മങ്കട കോവിലകം സംരക്ഷിക്കാന്‍ വേണ്ടി കാവലിരുന്നിട്ടുണ്ട്.

കരിഞ്ചാപാടി ഗ്രാമം
പെരിന്തല്‍മണ്ണക്കും മലപ്പുറത്തിനുമിടയില്‍, മക്കരപ്പറമ്പിനടുത്ത് ഞാന്‍ ജനിച്ച കരിഞ്ചാപാടി പ്രദേശം അക്കാലത്ത് വറ്റലൂര്‍ വല്ലഭ രാജയുടെ അധീനതയിലായിരുന്നു. മേല്‍നോട്ടത്തിലാണെന്ന് പറയുന്നതാകും ശരി. കാരണം, അദ്ദേഹത്തിന് കാര്യമായ അധികാരമൊന്നുമില്ലായിരുന്നു. തിരുമാന്ധാംകുന്നിലെ വള്ളുവനാട് കോവിലകത്തിന്റെ കൈകാര്യകര്‍ത്താവ് മാത്രം. ഞാന്‍ കണ്ടിട്ടുണ്ട് അദ്ദേഹത്തെ. അന്ന് ഭൂമി പൊതുവെ ദേവസ്വത്തിന്റേതായിരുന്നല്ലോ. റെക്കോര്‍ഡനുസരിച്ച് ജന്മിമാരുടേതാണെങ്കിലും യഥാര്‍ഥ ഉടമസ്ഥത പലപ്പോഴും ദേവസ്വത്തിനായിരിക്കും. അതിന്റെ നടത്തിപ്പവകാശമായിരുന്നു ജന്മിമാര്‍ക്കുണ്ടായിരുന്നത്. അന്ന് ദേവസ്വത്തിനുണ്ടായിരുന്ന സ്വത്തിന് കണക്കുണ്ടായിരുന്നില്ല. അതിനുപുറമെ കോവിലകങ്ങള്‍ക്കും ജന്മിമാര്‍ക്കുമെല്ലാം ധാരാളം ഭൂസ്വത്തുണ്ടായിരുന്നു. ഭൂമി മുഴുവന്‍ ഇവര്‍ കൈയടക്കിവെച്ചിരിക്കുകയാണെന്ന് പറയാം. ജനം അവരെ ആദരിച്ചും ബഹുമാനിച്ചുമൊക്കെ ജിവിക്കണം.
കുടിയാന്മാരില്‍ ധാരാളം മുസ്‌ലിംകളുണ്ടായിരുന്നു ഇവിടെയെല്ലാം. ജന്മിമാരുടെ ഭൂമിയിലാണ് അവര്‍ കൃഷി ചെയ്യുക. പ്രത്യേക ജീവിതരീതിയായിരുന്നു ജന്മിമാരുടേത്. ജനങ്ങളില്‍ നിന്നൊക്കെ ഉയര്‍ന്ന് മാറിയാണ് അവര്‍ കഴിയുക. ചില ജന്മിമാര്‍ ജനങ്ങളുടെ നന്മയില്‍ തല്‍പരരായിരുന്നു. ആളുകളോടൊക്കെ നന്നായി പെരുമാറും. എന്നാല്‍, ജനങ്ങള്‍ നന്നാകുന്നതും സ്വതന്ത്രരാകുന്നതും ഇഷ്ടപ്പെടാത്തവരും അനുവദിക്കാത്തവരുമായിരുന്നു അധിക ജന്മിമാരും. ഇത്തരം ജന്മിമാര്‍ക്കെതിരായും മറ്റുമൊക്കെയാണ് കലാപങ്ങള്‍ നടന്നത്. അതിനെയാണ് ചിലര്‍ വര്‍ഗീയവത്കരിച്ചത്.
നാട്ടുരാജാക്കന്മാരുടെയും ജന്മിമാരുടെയും അധികാരം പിടിച്ചെടുത്ത് ബ്രിട്ടീഷുകാര്‍ ഒരു പദവി അവര്‍ക്ക് കൊടുക്കുമായിരുന്നു. ഇതിനെയാണ് 'മാലീഖാന്‍' എന്ന് പറയുന്നത്. 'മാലീഖാന്‍' ഏര്‍പ്പെടുത്തുന്നതോടെ ജന്മിയുടെ അധികാരങ്ങള്‍ ഇല്ലാതാകും. അതൊരു പേര്‍ഷ്യന്‍ പദമാണ്. 'മാലീഖാന്‍' എന്നാല്‍ യഥാര്‍ഥത്തില്‍ 'കുടുംബ പെന്‍ഷനാ'ണ്. ബ്രിട്ടീഷ് ആധിപത്യത്തിനു കീഴില്‍ ഒരു പെന്‍ഷനറെ പോലെ കഴിയുന്നതുകൊണ്ടാകണം നാട്ടുരാജാക്കന്മാര്‍ക്കും വലിയ ജന്മിമാര്‍ക്കും മറ്റും ഈ പേര് നല്‍കുന്നത്. കൊണ്ടോട്ടി തങ്ങള്‍ക്കുണ്ടായിരുന്നത് 'ഇനാംദാര്‍' പദവിയായിരുന്നല്ലോ. അവര്‍ക്കൊക്കെ ഭൂനികുതിയില്‍ ഇളവുണ്ടായിരുന്നുവെന്നാണ് എന്റെ അറിവ്. ഞാനൊരു ചരിത്രകാരനല്ലാത്തതുകൊണ്ട് കൂടുതല്‍ കാര്യങ്ങളൊന്നും എനിക്ക് പറയാനാവില്ല.
കരിഞ്ചാപാടി ചെറിയൊരു ഗ്രാമമായിരുന്നു. അമുസ്‌ലിംകള്‍ വളരെ കുറവ്. നൂറോളം വീടുകളാണ് ആകെ ഉണ്ടായിരുന്നത്. മക്കരപറമ്പാണ് അടുത്തുള്ള ചെറിയൊരു അങ്ങാടി. ഒന്നോ രണ്ടോ കടകള്‍ മാത്രം. മലപ്പുറവും അന്ന് ചെറിയ അങ്ങാടിയാണ്. വെള്ളക്കാരുടെ ക്യാമ്പും മറ്റും ഉള്ളതുകൊണ്ട് അതിനെ ചുറ്റിപ്പറ്റി കച്ചവടവും മറ്റുമായി കഴിയുന്ന കുറച്ചു പേര്‍ അവിടെയുണ്ടായിരുന്നു. മലപ്പുറം കുന്നിന്‍ മുകളിലെ പഴയ വലിയങ്ങാടിയാണ് പ്രധാന കച്ചവട കേന്ദ്രം. കുന്നുമ്മല്‍ അന്ന് പ്രദേശവാസികളായി അധികമാരുമില്ല. മറ്റത്തൂരില്‍ നിന്നും മറ്റു താഴെ പ്രദേശങ്ങളില്‍നിന്നും വന്ന് താമസമാക്കിയ കുറച്ച് കുടുംബങ്ങളാണ് അവിടെ ഉണ്ടായിരുന്നത്.
കരിഞ്ചാപ്പാടിയില്‍ ഭൂരിപക്ഷവും കൃഷിക്കാരായിരുന്നു. വയലുകളിലെല്ലാം നെല്‍കൃഷിയുണ്ടാവും. കൂടുതല്‍ നെല്‍കൃഷിയുള്ളവര്‍ വലിയ മുതലാളിമാരായിരിക്കും. പിന്നെ കന്നും തൊഴുത്തും ഉണ്ടാകും. 'കന്ന്' എന്നു പറഞ്ഞാല്‍ കാലി വളര്‍ത്തല്‍. ഇന്നിപ്പോള്‍ നെല്‍ കൃഷിയും കന്നുകാലി വളര്‍ത്തലുമൊന്നുമില്ലല്ലോ. വയലുകള്‍ കുറെ മണ്ണിട്ട് നികത്തി, ബാക്കി വെറുതെ കിടക്കുന്നു.
രണ്ടു പ്രമുഖ കുടുംബങ്ങളാണുകരിഞ്ചാപാടിയില്‍ ഉണ്ടായിരുന്നത്. ഒന്ന് പള്ളിയാളില്‍. ഉണ്ണീന്‍ ഹാജിയായിരുന്നു പള്ളിയാളില്‍ കുടുംബത്തിലെ കാരണവര്‍. രണ്ടാമത്തേത് കരുവള്ളി. അടുത്ത പ്രദേശത്ത് വെങ്കിട്ട കുടംബവുമുണ്ടായിരുന്നു. പല ശാഖകളായി പിരിഞ്ഞ കുടുംബമാണ് കരുവള്ളി. നാറാണത്ത് പുഴയുടെ അക്കരെ രാമപുരത്ത് താമസിക്കുന്ന കരുവള്ളി പാത്തിക്കല്‍ അതിലൊന്നാണ്. പുഴയുടെ അക്കരേക്ക് താമസം മാറ്റുമ്പോള്‍ പുഴ മുറിച്ചുകടക്കാന്‍ പാലത്തിന് പകരം പനമ്പാത്തിയാണ് ഉപയോഗിച്ചിരുന്നത്. ഇക്കാരണത്താല്‍ കരിഞ്ചാപാടി കരുവള്ളി തറവാട്ടിലുള്ളവര്‍ നാറാത്തേക്ക് പോകുന്നതിന് പാത്തിക്കലേക്ക് പോവുക എന്നാണ് പറഞ്ഞിരുന്നത്. ഇങ്ങനെയാണ് കരുവള്ളി പാത്തിക്കല്‍ എന്ന പേര് ഉണ്ടായത്. കരിഞ്ചാപ്പാടി കരുവള്ളി തറവാട്ടിലാണ് ഞാന്‍ ജനിച്ചത്, 1919 ഏപ്രില്‍ 17 ന്. എന്റെ വാപ്പയുടെ വാപ്പ മൊയ്തീന്‍, വലിയ കൃഷിക്കാരനായിരുന്നു. വീട്ടില്‍ കന്നുകാലി വളര്‍ത്തലുമുണ്ടായിരുന്നു. എന്റെ വാപ്പയുടെ പേര് ഹൈദര്‍. അദ്ദേഹം നല്ല പണ്ഡിതനായിരുന്നു.
എന്റെ ഉമ്മ സമീപ ഗ്രാമമായ കടുങ്ങാപുരത്തെ കരുവാടി കുടുംബാംഗം ഖദീജ. ഞങ്ങള്‍ നാലു മക്കളാണുണ്ടായിരുന്നത്. രണ്ടു പേര്‍ ചെറുപ്രായത്തില്‍ മരിച്ചു. രണ്ടു പേര്‍ ബാക്കിയായി; ഞാനും സഹോദരി ഫാത്വിമയും. അവരിപ്പോള്‍ രാമപുരത്താണ് താമസിക്കുന്നത്.
പ്രശസ്ത പണ്ഡിതനായിരുന്ന കരിഞ്ചാപാടി കട്ടിലശ്ശേരി ആലി മുസ്‌ലിയാരില്‍ നിന്നാണ് എന്റെ വാപ്പ പ്രധാനമായും ദീന്‍ പഠിച്ചത്. അക്കാലത്ത് കേരളത്തില്‍ അറിയപ്പെടുന്ന പത്തു പണ്ഡിതന്മാരില്‍ ഒരാളായിരുന്നു ആലി മുസ്‌ലിയാര്‍. വാഴക്കാട് ദാറുല്‍ ഉലൂമില്‍ മദ്‌റസയും സിലബസും മറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍, വിഷയം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാനായി കൊയപ്പത്തൊടി കുടുംബം ക്ഷണിച്ചുവരുത്തിയ പണ്ഡിതന്മാരില്‍ ആലി മുസ്‌ലിയാരും ഉള്‍പ്പെട്ടിരുന്നു. വലിയ സൂഫിയായിരുന്നു ആലി മുസ്‌ലിയാര്‍. നല്ല പണ്ഡിതന്‍. അദ്ദേഹത്തിന് സ്വന്തമായി ഭൂമിയും കൃഷിയും ഉണ്ടായിരുന്നതുകൊണ്ട് ആരെയും ആശ്രയിക്കാതെ ജീവിച്ചു. പാണ്ഡിത്യം വിറ്റ് ഉപജീവനം നടത്തേണ്ടിവന്നിട്ടില്ല അദ്ദേഹത്തിന്. മുതലാളിമാരുടെ ആജ്ഞാനുവര്‍ത്തിയാകാതെ സ്വതന്ത്രനായി ജീവിച്ച പണ്ഡിതന്‍. അദ്ദേഹം ആരെയും പള്ളിയില്‍ വന്ന് പഠിപ്പിക്കുമായിരുന്നില്ല. ആവശ്യമുള്ളവര്‍ അദ്ദേഹത്തെ അന്വേഷിച്ച് അങ്ങോട്ട് ചെല്ലണം. അദ്ദേഹത്തിന്റെ വീടുതന്നെയായിരുന്നു പാഠശാല. എന്റെ വാപ്പയൊക്കെ അവിടെ പോയാണ് പഠിച്ചത്.

സ്‌കൂള്‍ പഠനം
കട്ടിലശ്ശേരി ആലി മുസ്‌ലിയാരുടെ മകനും സ്വാതന്ത്ര്യ സമര സേനാനിയുമായ കട്ടിലശ്ശേരി മുഹമ്മദ് മൗലവി ആരംഭിച്ച 'മദ്‌റസ-സ്‌കൂളിലാ'യിരുന്നു എന്റെ ആദ്യകാല വിദ്യാഭ്യാസം.
മത ഭൗതിക വിഷയങ്ങള്‍ സമന്വയിപ്പിച്ചുകൊണ്ടുള്ള സിലബസ് ആയിരുന്നു സ്ഥാപനത്തിലുണ്ടായിരുന്നത്. മുഹമ്മദ് മൗലവി കരിഞ്ചാപാടിയില്‍ തുടക്കം കുറിച്ച ഈ വിദ്യാഭ്യാസ രീതിയുടെ ചരിത്രം പക്ഷേ അധികമാര്‍ക്കും അറിയില്ല. മദ്‌റസയും സ്‌കൂളും ചേര്‍ത്തുകൊണ്ട് അദ്ദേഹം ആരംഭിച്ച വിദ്യാലയമാണ് ഇന്നത്തെ മക്കരപ്പറമ്പ് പുണര്‍പ്പ യു.പി സ്‌കൂള്‍. എന്റെ ദീനീ പഠനവും സ്‌കൂള്‍ വിദ്യാഭ്യാസവും ആ പാഠശാലയിലായിരുന്നു. ഇംഗ്ലീഷ്, കണക്ക്, അറബി, ഖുര്‍ആന്‍, ദീനിയാത്ത് തുടങ്ങിയ വിഷയങ്ങള്‍ അവിടെ പഠിപ്പിച്ചിരുന്നു. ഒരു പീര്യഡ് ഇംഗ്ലീഷാണെങ്കില്‍ അടുത്ത പീര്യഡ് ദീനിയ്യാത്തായിരിക്കും. രണ്ട് വിദ്യാഭ്യാസവും ഇങ്ങനെ ഒന്നിച്ചു സമാന്തരമായി പോകേണ്ടതാണെന്നായിരുന്നു കട്ടിലശ്ശേരിയുടെ ദീര്‍ഘ വീക്ഷണമുള്ള കാഴ്ചപ്പാട്.
വളരെ കുറച്ച് കുട്ടികളാണ് അന്ന് സ്‌കൂളില്‍ വന്നിരുന്നത് എന്നാണെന്റെ ഓര്‍മ. വി.എം മൊയ്തീന്‍ കുട്ടി മൗലവി, കെടി മുഹമ്മദ് മൗലവി, സെയ്താലി മൗലവി തുടങ്ങിയവരായിരുന്നു അവിടത്തെ അധ്യാപകര്‍. മൗലവി മുഹമ്മദ് ഫലകിയും കുറച്ചുകാലം പഠിപ്പിച്ചിട്ടുണ്ട്. പെരിന്തല്‍മണ്ണക്കടുത്ത് ആനമങ്ങാട് സ്വദേശിയായ വി.എം മൊയ്തീന്‍ കുട്ടി മൗലവി 'മുബല്ലിഗ്' മൊയ്തീന്‍ കുട്ടി മൗലവി എന്നാണ് അറിയപ്പെട്ടിരുന്നത്. മതപ്രബോധകന്മാരെ വാര്‍ത്തെടുക്കാന്‍ വേണ്ടി കെ.എം മൗലവിയുടെയും മറ്റും നേതൃത്വത്തില്‍ നടത്തിയിരുന്ന പരിശീലന ക്ലാസ്സുകളില്‍ അദ്ദേഹവും പങ്കെടുത്തിരുന്നു. അങ്ങനെ ദീനീ പ്രബോധകനായി മാറിയതിനാലാണ് 'മുബല്ലിഗ്' എന്ന പേര് കിട്ടിയത്.
എട്ടാംതരം വരെ ഞാന്‍ ആ സ്‌കൂളില്‍ പഠിച്ചു. അന്ന് ഇ.എസ്.എല്‍.സിയാണല്ലോ. എട്ടാം ക്ലാസ് പബ്ലിക് പരീക്ഷ എഴുതി പാസായാണ് അവിടെ നിന്ന് പുറത്തിറങ്ങിയത്, 1931-ലായിരുന്നു അത്. സ്‌കൂള്‍ വിട്ടുവന്നാല്‍ വൈകുന്നേരം ബാപ്പയില്‍നിന്നായിരുന്നു ശേഷിക്കുന്ന ഇസ്‌ലാമിക പഠനം. ഓത്തുപള്ളിയിലൊന്നും ഞാന്‍ പഠിച്ചിട്ടില്ല.
അക്കാലത്ത് സ്‌കൂള്‍ പഠനം വളരെ ദുഷ്‌കരമായിരുന്നു. തൊട്ടടുത്തൊന്നും സ്‌കൂള്‍ ഉണ്ടായിരുന്നില്ല. മുസ്‌ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയുടെ പ്രധാന കാരണം ആവശ്യത്തിന് സ്‌കൂളുകള്‍ ഇല്ലാതിരുന്നതു തന്നെയാണ്. ദൂരെ സ്ഥലങ്ങളില്‍ പോയി പഠിക്കുന്ന രീതിയോ അതിനുള്ള സാമ്പത്തിക സ്ഥിതിയോ അന്നുണ്ടായിരുന്നില്ല. പെരിന്തല്‍മണ്ണ കഴിഞ്ഞാല്‍ കോട്ടക്കലിലാണ് ഒരു ഹൈസ്‌കൂള്‍ ഉള്ളത്. മലപ്പുറത്ത് അന്ന് ഹൈസ്‌കൂള്‍ ഉണ്ടായിരുന്നില്ല. പ്രൈമറി ക്ലാസ്സുകള്‍ മാത്രമേ അന്ന് മലപ്പുറം സ്‌കൂളില്‍ ഉണ്ടായിരുന്നുള്ളൂ. പിന്നീട് ബ്രിട്ടീഷ് ഗവണ്‍മെന്റാണ് അവിടെ ഹൈസ്‌കൂള്‍ ആരംഭിച്ചത്.
ജില്ലാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന ലോക്കല്‍ ബോര്‍ഡിന്റെ അധീനതയിലായിരുന്നു അക്കാലത്ത് വിദ്യാഭ്യാസം, ആരോഗ്യം, പൊതുമരാമത്ത് എന്നിവ. അധികാരം ലോക്കല്‍ ബോര്‍ഡിനായിരുന്നു. തദ്ദേശീയരാണ് അതിലെ അംഗങ്ങള്‍. ഇന്നത്തെ മന്ത്രിസഭയുടേതുപോലുള്ള പവറുണ്ടായിരുന്നു അന്ന് ഡിസ്ട്രിക്റ്റ് ബോര്‍ഡിന്. ബ്രിട്ടീഷ് മേധാവിത്വത്തിന് കീഴിലായിരുന്നുവെന്ന് മാത്രം. ബ്രിട്ടീഷ് ഗവണ്‍മെന്റ് അത്തരം കാര്യങ്ങളില്‍ നേരിട്ട് ഇടപെട്ടിരുന്നില്ല. നിയമം, നീതി, നികുതി എന്നിവയായിരുന്നു പ്രധാനമായും ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ അധികാരത്തിലുണ്ടായിരുന്നത്. അതില്‍ ഇടപെടാന്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിന് അനുവാദമുണ്ടായിരുന്നില്ല. 1921-ലെ മലബാര്‍ സമരത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട കമീഷന്‍, വിദ്യാഭ്യാസ കുറവാണ് ആളുകളെ കലാപകാരികളാക്കിയത് എന്ന് റിപ്പോര്‍ട്ട് നല്‍കി. ഇതിന്മേല്‍ നടപടിയെടുത്ത ഗവണ്‍മെന്റ് മലപ്പുറത്ത് ഹൈസ്‌കൂള്‍ സ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെ, 1936 ലാണ് മലബാറിലെ ആദ്യത്തെ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ മലപ്പുറത്ത് ആരംഭിച്ചത്. കേരളത്തിന്റെ പല ഭാഗത്തുനിന്നുള്ള കുട്ടികള്‍ മലപ്പുറം സ്‌കൂളില്‍ വന്ന് പഠിച്ചിരുന്നു. കാസര്‍കോട്, തലശ്ശേരി, എറണാകുളം,കൊല്ലം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നൊക്കെ മുസ്‌ലിം കുട്ടികള്‍ വരികയുണ്ടായി. ഹോസ്റ്റല്‍ സൗകര്യം ലഭ്യമായിരുന്നതും ഇതൊരു മുസ്‌ലിം കേന്ദ്രമായി പരിഗണിക്കപ്പെട്ടതുമാണ് മുസ്‌ലിം കുട്ടികള്‍ ധാരാളമായി ഇങ്ങോട്ടുവരാന്‍ കാരണം. കുറേ മുസ്‌ലിം അധ്യാപകരും ഉണ്ടായിരുന്നു. മലപ്പുറം സ്‌കൂളുകളിലെ സിലബസില്‍ മതപഠന സൗകര്യം ഏര്‍പ്പെടുത്തിയിരുന്നുവെന്നത് എടുത്തുപറയേണ്ട കാര്യമാണ്. ഇസ്‌ലാമിക വിഷയങ്ങള്‍ പഠിപ്പിക്കാന്‍ റിലീജ്യസ് ഇന്‍സ്‌പെക്ടര്‍മാര്‍ ഉണ്ടായിരുന്നു. അറബി ഭാഷാധ്യാപകര്‍ക്ക് 'അറബിക് പണ്ഡിറ്റ്' എന്നാണ് പറഞ്ഞിരുന്നത്. പി.എന്‍ മുഹമ്മദ് മൗലവി പുളിക്കല്‍, സി.എന്‍ അഹ്മദ് മൗലവി എന്നിവരും മലപ്പുറം സ്‌കൂളില്‍ അറബിക്-മതപഠന അധ്യാപകരായിരുന്നു. കേരള ജംഇയ്യത്തുല്‍ ഉലമയുടെ സജീവ പ്രവര്‍ത്തകനായിരുന്നു പി.എന്‍ മുഹമ്മദ് മൗലവി.
അതിനും എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മക്കരപ്പറമ്പില്‍ സ്‌കൂള്‍ ആരംഭിക്കുന്നത്. സി.എച്ച് മുഹമ്മദ് കോയ മന്ത്രിയായ കാലത്താണിത്. അതിന്റെ ഉദ്ഘാടനത്തില്‍ ഞാനും പങ്കെടുത്തിട്ടുണ്ട്.
(തുടരും)


Comments

Other Post