Prabodhanm Weekly

Pages

Search

2013 ജൂണ്‍ 28

ഇന്ത്യന്‍ ഫാഷിസത്തിന് വിടുപണി ചെയ്യുന്നവര്‍

വി.എ മുഹമ്മദ് അശ്‌റഫ്‌

മുന്‍കാലങ്ങളില്‍നിന്ന് ഏറെ വ്യത്യസ്തമായി, നാസ്തികത ആഗോളതലത്തില്‍ തന്നെ ഫാഷിസത്തിനും സാമ്രാജ്യത്വ അധിനിവേശങ്ങള്‍ക്കും ഇസ്രയേലി അപാര്‍ത്തീഡ്-കൊളോണിയലിസ്റ്റ് പദ്ധതികള്‍ക്കും രാസത്വരകമായി വര്‍ത്തിക്കുന്നു എന്നത് പല സാംസ്‌കാരിക ചിന്തകന്മാരെയും അമ്പരപ്പിച്ചിട്ടുണ്ട്.
പടിഞ്ഞാറ് ഏറ്റവുമേറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട മതം ഇസ്‌ലാമാണ്. സ്ത്രീകളുടെ പദവിയും ചെറുത്തുനില്‍ക്കുന്ന 'ജിഹാദി ഭീകരത'യുമാണ് ശത്രുക്കളുടെ മുഖ്യമായ പ്രചാരണായുധം. ഒരു വിഭാഗത്തോട് വെറുപ്പും വിദ്വേഷവും സൃഷ്ടിച്ചാല്‍ അവരോട് നടത്തുന്ന അനീതികള്‍ക്ക് അംഗീകാരം ലഭിക്കും എന്ന തിരിച്ചറിവാണ് ഇസ്‌ലാംഭീതി ആളിപ്പടര്‍ത്താന്‍ യൂറോപ്യന്‍ മാധ്യമങ്ങളെ പ്രേരിപ്പിക്കുന്നത്.
എന്നാല്‍, കുടുംബമൂല്യങ്ങളിലൂന്നിയ സമാധാനപരമായ ജീവിതാധ്യാപനങ്ങള്‍ പതിനായിരങ്ങളെ ഇസ്‌ലാമിലേക്കാകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. ഇതില്‍ മൂന്നില്‍ രണ്ട് ഭാഗവും സ്ത്രീകളാണ് എന്നത് ദുഷ്പ്രചാരണത്തിന്റെ മുനയൊടിക്കുന്നു. ഇത് ഇസ്‌ലാംവിരുദ്ധ ഫണ്ടിംഗ് ഏജന്‍സികള്‍ക്കും ഫൗണ്ടേഷനുകള്‍ക്കും ഗൂഢമായ പദ്ധതികളാവിഷ്‌കരിക്കാന്‍ പ്രേരണ നല്‍കി. ഇസ്‌ലാമിനെ വെറുക്കുന്ന സര്‍വരെയും ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന പദ്ധതിയാണിന്ന് പ്രാവര്‍ത്തികമായിരിക്കുന്നത്.
പരിഷ്‌കൃതയുഗത്തിന് നിരക്കാത്ത ഒരു പ്രാകൃത മതമായാണ് പാശ്ചാത്യ മുഖ്യധാരാ മാധ്യമങ്ങള്‍ ഇസ്‌ലാമിനെ പ്രതിനിധാനം ചെയ്യുന്നത്. കുരിശുയുദ്ധം (1099-1291) സൃഷ്ടിച്ച സാംസ്‌കാരിക യുദ്ധപ്രചാരണങ്ങളെ അരക്കിട്ടുറപ്പിക്കുകയാണ് കൊളോണിയല്‍ യുഗം (1500-1950) ജന്മം നല്‍കിയ ഓറിയന്റലിസം ചെയ്തത്. കോളനികളില്‍ ജീവിക്കുന്ന ജനത അസംസ്‌കൃതരോ വംശീയമായി താഴ്ന്നവരോ ആണ് എന്നതായിരുന്നു കൊളോണിയലിസ്റ്റ് ന്യായീകണം. (ഹാന്‍സ് കോണിംഗ്, പേജ് 27).

നവനാസ്തികതയുടെ സാമ്രാജ്യത്വ വിധേയത്വം

ക്രൈസ്തവ-ജൂത - നാസി-ഫാഷിസ്റ്റ് വര്‍ഗീയവാദികളുമായി ഐക്യമുന്നണിയുണ്ടാക്കി നീങ്ങുന്ന നവനാസ്തികര്‍ മിലിട്ടറിസത്തിന്റെ വ്യാപനത്തില്‍ വിശ്വസിക്കുന്നവരും ലോക സമാധാനത്തിന്റെ ശത്രുക്കളുമായി ഇന്ന് പരിണമിച്ചിരിക്കുന്നു.
നവ നാസ്തികതയുടെ പ്രധാന അപോസ്തലന്മാരാണ് റിച്ചാര്‍ഡ് ഡോക്കിന്‍സ്, ക്രിസ്റ്റഫര്‍ ഹിച്ചന്‍സ്, സാം ഹാരിസ് എന്നിവര്‍. അലിസീന, ഇബ്‌നു വറാഖ്, അയാന്‍ ഹിര്‍സി അലി, വഫാ സുല്‍ത്താന്‍ എന്നിവരെപ്പോലെ യുദ്ധവ്യാപനത്തെയും സയണിസ്റ്റ് പ്രീണനത്തെയും പാശ്ചാത്യ അധിനിവേശങ്ങളെയും തുറന്ന് പിന്തുണക്കാന്‍ നവ നാസ്തിക ത്രിത്വം മടിക്കുന്നില്ല.
റിച്ചാര്‍ഡ് ഡോക്കിന്‍സ് ട്വിറ്ററില്‍ കുറിച്ചു: ''സമകാലിക ലോകത്ത് തിന്മയുടെ ഏറ്റവും വലിയ ശക്തി ഇസ്‌ലാമാണ്.'' തീവ്ര വലതുപക്ഷ ഡച്ച് രാഷ്ട്രീയക്കാരനായ ഗീര്‍ട്ട് വില്‍ഡേഴ്‌സിനെപ്പോലും ഡോക്കിന്‍സ് പിന്തുണച്ചു. മുസ്‌ലിം ഹത്യക്കായി തുറന്ന ആഹ്വാനം ചെയ്യുന്ന നവനാസിയാണ് വില്‍ഡേഴ്‌സ്. വലതുപക്ഷ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും നവ ലിബറലിസത്തിന്റെയും വക്താവായി മാറിയ ക്രിസ്റ്റഫര്‍ ഹിച്ചന്‍സ് അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിനായി പ്രചാരണം നടത്തി. ഭീകരതാ വിരുദ്ധ യുദ്ധം എന്ന സാമ്രാജ്യത്വ പദ്ധതിയെയും അയാള്‍ പിന്തുണച്ചു.
മുസ്‌ലിംകളെ പ്രത്യേകമായി നിരീക്ഷിക്കുന്നതിനെ ന്യായീകരിച്ച സാം ഹാരിസ്, മുഴുവന്‍ നിയോ കോണ്‍ പദ്ധതികളുടെയും പ്രചാരകനാണ്. ഗ്രൗണ്ട് സീറോവില്‍ ഇസ്‌ലാമിക് സെന്റര്‍ ഉയര്‍ന്നുവരുന്നതിനെതിരെ സാം ഹാരിസ് ആക്രോശിച്ചു. ഇസ്രയേലിനെ പിന്തുണച്ചുകൊണ്ടയാള്‍ ഫലസ്ത്വീനികളെ അവമതിച്ചു.
ഇസ്‌ലാമോഫോബിയ വ്യവസായം സാമ്രാജ്യനിര്‍മിതിക്കായി ഉപയോഗിക്കുന്നതെങ്ങനെയെന്ന് ഇടതുപക്ഷ ചിന്തക ദീപാ കുമാര്‍ തെളിവുകള്‍ നിരത്തി വിശദീകരിക്കുന്നു (ദീപാകുമാര്‍, 2012). മുസ്‌ലിം വിരുദ്ധമായ വംശീയത വിവിധ സമൂഹങ്ങളാല്‍ ഉന്നതരുടെ പ്രധാന ആയുധമാണ് (ദീപാ കുമാര്‍, പേജ് 3). ഭീകരത വിരുദ്ധ യുദ്ധം എന്ന പേരില്‍ അഫ്ഗാനിലും ഇറാഖിലും ഇതര മുസ്‌ലിം നാടുകളിലും അധിനിവേശിക്കുന്നതിനെ ന്യായീകരിക്കാനാണ് ഇസ്‌ലാമോഫോബിയയെ യു.എസ് ഭരണകൂടം വ്യാപിപ്പിക്കുന്നത് (ദീപാ കുമാര്‍ പേജ് 130). ഓറിയന്റലിസ്റ്റ് മുന്‍വിധികള്‍ തന്നെയാണ് ഇസ്‌ലാമോഫോബിയയിലും വിളങ്ങി നില്‍ക്കുന്നത് (ദീപാ കുമാര്‍, പേജ് 29).
നവ നാസ്തികതയുടെ അപകടം പുലിറ്റ്‌സര്‍ സമ്മാന ജേതാവ് ക്രിസ് ഹെഡ്ജസും തുറന്നു കാട്ടുന്നു (ക്രിസ് ഹെഡ്ജസ് പേജ് 22). സാം ഹാരിസ്, ഹിച്ചന്‍സ്, ഡോക്കിന്‍സ്, ഡാനിയല്‍ ഡെനെറ്റ് തുടങ്ങിയവര്‍ക്കൊന്നും മധ്യ പൗരസ്ത്യ ദേശത്തെ രാഷ്ട്രീയ ചരിത്രമറിയില്ല. ഇസ്‌ലാമിനെ അവര്‍ പഠിച്ചിട്ടുമില്ല. എന്നാല്‍, ഇതൊന്നും ഇസ്‌ലാം ഭീഷണിയെപ്പറ്റി പറയുന്നതില്‍ നിന്നവരെ തടയുന്നുമില്ല (ക്രിസ്, പേജ് 140).
അലയടിച്ചുയരുന്ന ഇസ്‌ലാംപേടി ബഹുസ്വരതയെയും തുല്യ പൗരത്വത്തെയും മതേതരത്വത്തെയും അട്ടിമറിക്കുന്നു. 1995 ഏപ്രില്‍ 19-ന് ക്രൈസ്തവ വലതുപക്ഷ തീവ്രവാദി തിമോതി മക്‌വേ നടത്തിയ, 168 പേര്‍ വധിക്കപ്പെട്ട ഭീകരത മുസ്‌ലിംകളുടെ മേലാണ് യു.എസ് മാധ്യമങ്ങള്‍ ആദ്യം കെട്ടിവെച്ചത് (ലോ മൈക്കേല്‍, പേജ് 249). ഇതേ തുടര്‍ന്ന് മുസ്‌ലിംകളും അറബി വംശജരും ആക്രമണത്തിനിരയായി (എഡ്‌വേര്‍ഡ് പേജ് 140).
2006 ആഗസ്റ്റില്‍ നടത്തിയ ഗാലപ്‌പോള്‍ അമേരിക്കയില്‍ 39 ശതമാനം പേര്‍ക്കും മുസ്‌ലിംകളെക്കുറിച്ച് മുന്‍വിധികളുള്ളതായി പറയുന്നു. 22 ശതമാനം പേര്‍ക്കും സ്വന്തം അയല്‍വാസിയായി മുസ്‌ലിം വരുന്നത് ഇഷ്ടമല്ല.

നവനാസ്തികത കേരളത്തില്‍

പൊള്ളിക്കുന്ന ജീവിത പ്രശ്‌നങ്ങളില്‍ നിന്ന് മാറി, ഇന്ത്യന്‍ മര്‍ദിതാവസ്ഥയുടെ പ്രഭവ കേന്ദ്രമായ ജാതി വ്യവസ്ഥക്കെതിരായ ആശയ സമരം തൃണവത്ഗണിച്ച്, അത്ഭുത പ്രവൃത്തികളുടെ അനാവരണവുമായാണ് കേരളത്തിലെ യുക്തിവാദി പ്രസ്ഥാനം പ്രയാണമാരംഭിച്ചത്. ചാര്‍വ്വാകന്മാരെപ്പോലും അടക്കിയൊതുക്കി ജാതി വ്യവസ്ഥക്ക് കീഴിലാക്കിയ പാരമ്പര്യത്തെ അവര്‍ അവഗണിച്ചു.
കൃത്യമായ ലക്ഷ്യബോധം തന്നെ അവര്‍ക്കിന്ന് വിനഷ്ടമായിരിക്കുന്നു. ഇന്ത്യ നേരിടുന്ന ഏറ്റവും കനത്ത വെല്ലുവിളി ഹിന്ദുത്വ വര്‍ഗീയതയുടെതാണെന്ന നെഹ്‌റുവിന്റെ തിരിച്ചറിവ് അവര്‍ കൈയൊഴിച്ചിരിക്കുന്നു. ഹിന്ദുത്വരുടെ മെഗാഫോണുകളായി പലപ്പോഴും അവര്‍ മാറുന്നു. 'ലൗ ജിഹാദ്' എന്ന ഹിന്ദുത്വ പ്രചാരണം അവര്‍ ഏറ്റെടുത്തു. ജന്മഭൂമി, കേസരി പോലുള്ള സംഘ്പരിവാര്‍ പത്രങ്ങളില്‍ ഇസ്‌ലാംവിരുദ്ധ ലേഖനങ്ങളെഴുതുകയാണ് കേരളത്തിലെ നവ നാസ്തികരുടെ പ്രധാന പരിപാടികളിലൊന്ന്.
'ചിന്‍വാദ് പാലം' എന്ന പ്രവാചക നിന്ദാ പുസ്തകവുമായി കേരളത്തിലെ ക്രൈസ്തവ സയണിസ്റ്റുകള്‍ വന്നപ്പോള്‍ ഹിന്ദുത്വരോടൊപ്പം യുക്തിവാദികളും ചേര്‍ന്നു. ആഫ്രിക്കയിലും മറ്റും വിവിധ ഗോത്ര വിഭാഗങ്ങളില്‍ നിലനില്‍ക്കുന്ന സ്ത്രീജനനേന്ദ്രിയ ഛേദനം, അഭിമാന നരഹത്യ തുടങ്ങിയവയുടെ പേരിലൊക്കെ ഇസ്‌ലാമിനെ അവര്‍ പ്രതിക്കൂട്ടിലാക്കി (യുക്തിരേഖ, നവംബര്‍ 2010).
ആനന്ദിനെപ്പോലുള്ള ഹ്യൂമനിസ്റ്റുകള്‍ക്ക് പോലും കൊളോണിയല്‍-ഹിന്ദുത്വര്‍ ഉല്‍പാദിപ്പിച്ച ചരിത്ര സംവേദനത്തില്‍ നിന്ന് വിമുക്തനാകാന്‍ കഴിഞ്ഞില്ല. ഉദാഹരണത്തിന് 'ബ്രിട്ടീഷുകാര്‍ക്കെതിരെ എന്നു പറഞ്ഞു തുടങ്ങിയ കലാപം കൊള്ളയും കൊലയും നിര്‍ബന്ധ മതപരിവര്‍ത്തനവുമായി മാറി' എന്ന് ആനന്ദ് കുറിച്ചു (വേട്ടക്കാരനും വിരുന്നുകാരനും, ഡി.സി ബുക്‌സ്, 2001, പേജ് 232). മലബാറിലെ മാപ്പിളമാര്‍ നടത്തിയ ത്യാഗസുരഭിലമായ സമരത്തെയാണ് വര്‍ഗീയ-കൊളോണിയല്‍ പ്രഭൃതികളോടൊപ്പം ചേര്‍ന്ന് ആനന്ദ് അഭിശംസിക്കുന്നത്. കപടമായ ഇത്തരം ചരിത്ര ബോധത്തില്‍ തന്നെയാണ് ഇസ്‌ലാംവിരുദ്ധമായ അവരുടെ സമീപനങ്ങളുടെ വേരുകള്‍ തെരയേണ്ടത്.
വീര്‍ സവര്‍ക്കര്‍ (1883-1966), തിയഡോര്‍ ഹെര്‍സല്‍ (1860-1901) എന്നിവര്‍ യഥാക്രമം ഹിന്ദുത്വം, സയണിസം എന്നീ ഫാഷിസ്റ്റ് പ്രസ്ഥാനങ്ങളുടെ താത്ത്വികാചാര്യരും യുക്തിവാദികളുമായിരുന്നു. ഇസ്‌ലാംഭീതിയില്‍ നിന്നാണവരുടെ തത്ത്വവിചാരങ്ങള്‍ ആരംഭിച്ചത്.
ചരിത്രപരവും ജ്ഞാനശാസ്ത്രപരവുമായ വിവരക്കുറവ്, വിദ്വേഷകലുഷിതമായ വിങ്ങലുകള്‍, തങ്ങള്‍ വെറുക്കുന്നവര്‍ക്കെതിരെ അനീതിയില്‍ പങ്കുചേരാനുള്ള ത്വര എന്നിവ കേരള യുക്തിവാദികളുടെ മുഖമുദ്രയാണ്. പരിപക്വമായ സാമൂഹികബോധം അവരില്‍ അങ്കുരിക്കുന്നില്ല എന്ന് 20 വര്‍ഷം യുക്തിവാദ സംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വി. പ്രഭാകരന്‍ (വി.പി ഷംസുദ്ദീന്‍) പറയുന്നു.
ദൈവ-പരലോക വിശ്വാസങ്ങളുടെ സാന്ത്വനം നഷ്ടപ്പെട്ട് നങ്കൂരമില്ലാത്ത കപ്പല്‍ പോലെയാണ് ഭൗതികവാദിയുടെ ജീവിതം. സുഖാസ്വാദനത്തില്‍ നൈതികതയെ എളുപ്പം അവര്‍ക്ക് കൈയൊഴിക്കാനാവും.
സമകാലിക സംഭവവികാസങ്ങളെ സമഗ്രമായും നീതിയുടെ പക്ഷത്ത് നിന്നും വിലയിരുത്താനുള്ള കഴിവ് കേടാണ് നവ നാസ്തിക നേതൃത്വത്തിന്റെ ഏറ്റവും വലിയ പരിമിതി. ക്രൈസ്തവ-ജൂത-സയണിസങ്ങള്‍ക്കും ഹിന്ദുത്വത്തിനും ദാസ്യവേല ചെയ്യുന്നത് അവര്‍ ആസ്വദിക്കുന്നു. ഇറാഖിലും അഫ്ഗാനിലുമായി 25 ലക്ഷത്തോളം മനുഷ്യമക്കളെ കുരുതി കഴിച്ചതിലും, ഗ്വാണ്ടനാമോ-അബൂഗുറൈബ് പീഡനങ്ങളിലും ഇസ്രയേലി ഭീകരതകളിലും നവ നാസ്തികരുടെ ചോരക്കറ പുരണ്ടിരിക്കുന്നു.
2011 ജൂലൈ 22-ന് നോര്‍വെയില്‍ 88 പേരെ കുരുതി കഴിച്ച ആന്‍ഡേഴ്‌സ് ബ്രെവിക് ഒരേസമയം യുക്തിവാദിയും വലതുപക്ഷ ക്രൈസ്തവതയുടെ പ്രചാരകനുമായിരുന്നു. നവ നാസ്തികരുടെയും ഹിന്ദുത്വരുടെയും രചനകള്‍ അയാളെ വിഭ്രാന്തനാക്കി.
ഇന്ത്യന്‍ ഫാഷിസത്തിന്റെ മുഖ്യമായ പ്രത്യയശാസ്ത്ര അജണ്ട മുസ്‌ലിം ന്യൂനപക്ഷത്തെ ശത്രുവാക്കി രൂപപ്പെടുത്തിയതാണ്. ഇതിനെ പരോക്ഷമായി പിന്തുണക്കുന്നത് പോലും പ്രതിവിപ്ലവപരവും ഫാഷിസ്റ്റ് പ്രീണനവുമാണെന്ന തിരിച്ചറിവുള്ളവരെ മാത്രമേ ജ്ഞാന ശാസ്ത്ര പ്രബുദ്ധരായി പരിഗണിക്കാനാവൂ. വര്‍ഗീയ ഫാഷിസ്റ്റുകള്‍ക്കെതിരെ നിലയുറപ്പിച്ച്, സാമൂഹിക നീതിയെ പിന്തുണച്ച്, അപരവത്കരണ ശ്രമങ്ങളെ തുറന്നു കാട്ടി ഇന്ത്യന്‍ ബഹുസ്വരതയെയും തുല്യ പൗരത്വത്തെയും പിന്തുണച്ചുകൊണ്ടേ ഒരു യഥാര്‍ഥ ഇന്ത്യന്‍ മതേതരത്വവാദിക്ക് നിലയുറപ്പിക്കാനാവൂ.

കുറിപ്പുകള്‍
Chris Hedges, When Atheism Becomes Religion, Free Press: New York, 2010
Deepa Kumar, Islamophobia and the Politics of Empire, Haymarket: New York, 2012
Edward Linenthal, The Unfinished Bombing, DUP: NewYork, 2001, p 140
Hans Koning, The Conquest of America, Cornerstone Press: New York, 1993
Lou Michel , Dan Herbeck, American Terrorist, Harper, New York, 2001

Comments

Other Post