നിരീശ്വരവാദികളുടെ വര്‍ഗീയത
മറ്റുള്ളവര്‍ക്ക് ആകാം, മുസ്‌ലിംകള്‍ക്ക് പാടില്ല എന്ന തത്ത്വം ലോകമെങ്ങും പൊതുബോധത്തില്‍ ഊറിക്കൂടുന്നുണ്ടോ? കന്യാസ്ത്രീകള്‍ ധരിക്കുന്ന വസ്ത്രം മുസ്‌ലിം ധരിച്ചാല്‍ അത് മൗലികവാദമാകുമോ? ഒരാളുടെ കൈവശം ബൈബിള്‍ കണ്ടാല്‍ പ്രശ്‌നമാകാതിരിക്കെ ഖുര്‍ആന്‍ കണ്ടെത്തിയാല്‍ പ്രശ്‌നമാകുന്നുണ്ടോ? ഇത്തരം ചോദ്യങ്ങള്‍ കുറച്ചുകാലമായി ഉയരുന്നു. അപ്രഖ്യാപിതമായ ഒരു വിവേചനം വ്യാപിച്ചുകൊണ്ടിരിക്കുന്നു. വര്‍ഗീയവാദികളിലോ മതപക്ഷപാതിത്വം ബാധിച്ചവരിലോ മാത്രമല്ല ഇത് എന്നത് ആശങ്ക ഉയര്‍ത്തണം. മതത്തെ നിരസിച്ചും ദൈവത്തെ നിഷേധിച്ചും 'ശാസ്ത്രീയ പഠനം' മുറുകെ പിടിക്കുന്നവര്‍ വരെ ഈ വര്‍ഗീയതക്ക് ഇരയായിക്കൊണ്ടിരിക്കുന്നു. യുക്തിവാദത്തെയും നിരീശ്വരവാദത്തെയും വര്‍ഗീയത ബാധിച്ച കഥകള്‍ കേട്ടുതുടങ്ങിയിരിക്കുന്നു.
'ലൗ ജിഹാദ്' വിവാദമായ കാലത്ത് യുക്തിവാദികളില്‍ ചിലരെങ്കിലും കടുത്ത വര്‍ഗീയ സമീപനം സ്വീകരിച്ചത് കേരളം കണ്ടു. ഇപ്പോള്‍ അമേരിക്കയിലും ബ്രിട്ടനിലും നിരീശ്വരവാദികളുടെ ഇസ്‌ലാംവിരോധം ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ഈയിടെ ലണ്ടന്‍ യൂനിവേഴ്‌സിറ്റി കോളേജില്‍ ഒരു സംവാദം നടന്നു. അത് സംഘടിപ്പിച്ച ഇസ്‌ലാമിക് ഗ്രൂപ്പ്, സ്ത്രീ പുരുഷന്മാര്‍ ഇടകലര്‍ന്ന് ഇരിക്കുന്നത് ഇഷ്ടപ്പെടാത്തവര്‍ക്കു വേണ്ടി പ്രത്യേക ഇരിപ്പിടങ്ങള്‍ സൗകര്യപ്പെടുത്തിയിരുന്നു. ഹാളില്‍ പതിവുള്ള പൊതു സൗകര്യങ്ങള്‍ക്ക് പുറമെയായിരുന്നു ഇത്.
വാര്‍ത്ത കേട്ടതും ചിലര്‍ ചാടിവീണു. വെവ്വേറെ ഇരുത്തം നിര്‍ബന്ധിച്ച് അടിച്ചേല്‍പിക്കുന്നു എന്നായി പ്രചാരണം. ഈ പ്രചാരണം അന്ധമായി വിശ്വസിച്ചവരില്‍, അന്ധമായ വിശ്വാസങ്ങളെ എതിര്‍ക്കുന്ന നിരീശ്വര-യുക്തിവാദികളും ഉണ്ടായിരുന്നു. റിച്ചഡ് ഡോക്കിന്‍സ് എന്ന വിഖ്യാത നാസ്തികന്‍ ഉടനെ സോഷ്യല്‍ മീഡിയയില്‍ ആക്ഷേപവുമായി എത്തി- കേട്ടത് വാസ്തവമോ എന്നു നോക്കാതെ.
'ലിംഗ വിവേചനം', 'വെറുക്കപ്പെട്ട മതപോക്കിരികളുടെ ധിക്കാരം' എന്നിങ്ങനെ പോയി അയാളുടെ പ്രതികരണങ്ങള്‍.
സത്യമെന്തെന്ന് പരിശോധിച്ചില്ല എന്നതു മാത്രമല്ല ഡോക്കിന്‍സിന്റെ പിഴവ്. ആക്ഷേപം മുസ്‌ലിംകള്‍ക്കു മാത്രമായി മാറ്റിവെച്ചു എന്നതുകൂടിയാണ്. 'സാലണ്‍' എന്ന ബ്ലോഗില്‍ നാതന്‍ ലീന്‍ കുറിച്ചതിങ്ങനെ: ''ന്യൂയോര്‍ക്കിലെ ബാര്‍ക്ലേസ് സെന്ററില്‍ ഈയിടെ ഇസ്രയേലി വയലിനിസ്റ്റ് ഇത്സാക് പേള്‍മാന്റെ കച്ചേരി നടന്നപ്പോള്‍ യാഥാസ്ഥിതിക ജൂതന്മാര്‍ക്കു വേണ്ടി സ്ത്രീ പുരുഷന്മാര്‍ക്ക് വെവ്വേറെ ഇരിപ്പിടങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ ഇസ്രയേലിന്റെ ഔദ്യോഗിക വ്യോമ കമ്പനിയായ എല്‍ ആല്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ഒരു ഫ്‌ളോറിഡക്കാരിയെ നിര്‍ബന്ധിച്ച് സീറ്റ് മാറ്റിയിരുത്തിയിരുന്നു-അടുത്ത സീറ്റിലെ യാഥാസ്ഥിതിക ജൂതപുരോഹിതന്റെ ആവശ്യപ്രകാരമായിരുന്നു അത്. ഇതൊന്നും ഡോക്കിന്‍സ് അറിഞ്ഞുകാണില്ല; അറിഞ്ഞാല്‍ തന്നെ ശ്രദ്ധിക്കുകയുമില്ല.''
ഡോക്കിന്‍സിനെ പോലെ ക്രിസ്റ്റഫര്‍ ഹിച്ചന്‍സ്, സാം ഹാരിസ് തുടങ്ങിയ മറ്റു 'നവ നാസ്തികരും' അയുക്തികമായ വര്‍ഗീയമനോഭാവം പുലര്‍ത്തുന്നുണ്ടെന്ന് ലീന്‍ സമര്‍ഥിക്കുന്നു. ഡോക്കിന്‍സ് ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റിയില്‍ പ്രഫസറാണ്. ഹാരിസും അന്തരിച്ച ഹിച്ചന്‍സും ഉന്നത ബുദ്ധിജീവികളായി അറിയപ്പെടുന്നവരാണ്. അമേരിക്കന്‍ ചിന്തകനും മാസച്ചുസറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് പ്രഫസറുമായ നോം ചോംസ്‌കി ഇവരെ വിളിക്കുന്നത്. 'മതഭ്രാന്തന്മാര്‍' എന്നാണ്. മതേതരത്വത്തെപ്പറ്റിയുള്ള സ്വന്തം വീക്ഷണങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പിച്ചുകൊണ്ട് ഇവര്‍ സ്വന്തം സങ്കുചിത വീക്ഷണത്തെ രാഷ്ട്രത്തിന്റെ മതമായി അവതരിപ്പിക്കുന്നു. 'യഥാര്‍ഥ ശാസ്ത്രജ്ഞന്‍ തെളിവു കണ്ടാല്‍ മനസ്സ് മാറ്റാന്‍ തയാറുള്ളവനാണ്; മൗലികവാദിയുടെ മനസ്സാകട്ടെ ഒന്നു കൊണ്ടും മാറില്ല' എന്ന് ചോംസ്‌കി.
ഡോക്കിന്‍സ് ഈയിടെ ട്വിറ്ററില്‍ കുറിച്ചു: ''ഖുറാന്‍ ഞാന്‍ വായിച്ചിട്ടില്ല. എന്നാല്‍, ലോകത്തുള്ള സകല തിന്മകളുടെയും ഉറവിടം ഇസ്‌ലാമാണെന്ന് എനിക്കുറപ്പുണ്ട്.'' പിന്നീട് ഇങ്ങനെ ന്യായീകരിച്ചു: ''ഇസ്‌ലാമിനെപ്പറ്റി മനസ്സിലാക്കാന്‍ ഖുര്‍ആന്‍ വായിക്കണമെന്നില്ല. നാസിസത്തെപ്പറ്റി അറിയാന്‍ ഹിറ്റ്‌ലറുടെ മൈന്‍ കാംഫ് വായിക്കേണ്ടതില്ലല്ലോ.''
ഡോക്കിന്‍സിന്റെ ശിഷ്യനായ ഹാരിസ് എഴുതി: ''ഭീകരപ്രവര്‍ത്തനം നടത്തുന്ന മുസ്‌ലിംകള്‍ ഇസ്‌ലാമില്‍നിന്ന് തെറ്റിയവരല്ല; ഇസ്‌ലാമിന്റെ ആശയങ്ങള്‍ മനസ്സിലാക്കിയവരാണ്.''
മുസ്‌ലിംകളിലെ ചെറു ന്യൂനപക്ഷം ചെയ്യുന്നതാണ് യഥാര്‍ഥ ഇസ്‌ലാമെന്ന് പറയുന്ന ഇവര്‍ ഇസ്‌ലാമെന്തെന്ന് പഠിക്കുന്നത് ഖുര്‍ആനില്‍ നിന്നല്ല. പിന്നെയോ? ഇസ്‌ലാംവിരോധം തലക്കു പിടിച്ച പാമില ജെല്ലറെ പോലുള്ളവരില്‍നിന്നാണ്. ഇന്റര്‍നെറ്റിലെ ഏറ്റവും കടുത്ത ഇസ്‌ലാംവിരുദ്ധ സൈററുകളിലൊന്നായ 'ഇസ്‌ലാം വാച്ചാ'ണ് ഇക്കൂട്ടരുടെ ഒരു സ്രോതസ്സ്. പാമില ജെല്ലറും റോബര്‍ട്ട് സ്‌പെന്‍സറും അടക്കമുള്ള ഇസ്‌ലാമോഫോബുകള്‍ സ്ഥാപിച്ചതാണ് അലി സീനാ എന്ന കടുത്ത ഇസ്‌ലാംവിരോധി നടത്തുന്ന ഈ വെബ് സൈറ്റ്.
തീവ്ര വലതുപക്ഷക്കാരനായ ഗീര്‍ട്ട് വില്‍ഡേഴ്‌സ്, 'ഇസ്‌ലാമിനെ ഞാന്‍ വെറുക്കുന്നു'വെന്ന് തുറന്നു പ്രഖ്യാപിച്ചയാളാണ്. ഡച്ച് രാഷ്ട്രീയക്കാരന്‍ കൂടിയാണദ്ദേഹം. തന്റെ നാടായ നെതര്‍ലന്‍സില്‍ താമസിക്കണമെന്നാഗ്രഹിക്കുന്ന മുസ്‌ലിംകള്‍ 'ഖുര്‍ആന്‍ പകുതി കീറിക്കളഞ്ഞു' വേണം വരാനെന്ന് അദ്ദേഹത്തിന്റെ കല്‍പനയുണ്ട്; പിന്നീട് 'ഖുര്‍ആന്‍ മുഴുവന്‍ കളയണ'മെന്ന് അത് മാറ്റിപ്പറയുകയും ചെയ്തിട്ടുണ്ട്. 'പാര്‍ട്ടി ഓഫ് ഫ്രീഡം' നേതാവായ വില്‍ഡേഴ്‌സ് 2009-ല്‍ നിര്‍മിച്ച 17 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ചിത്രം വിവാദമായിരുന്നു. മുഹമ്മദ് നബിയെയും ഇസ്‌ലാമിനെയും അവഹേളിക്കുന്നതായിരുന്നു 'ഫിത്‌ന' എന്ന ആ ചിത്രം. ഇത്ര കടുത്ത പക്ഷപാതിത്വത്തോട് നവ നാസ്തികരെന്നറിയപ്പെടുന്ന 'യുക്തിവാദികളു'ടെ നിലപാടെന്താണ്? ഡോക്കിന്‍സ് എഴുതിയതിങ്ങനെ: ''ഫിത്‌ന രചിച്ചു എന്ന ഒറ്റ കാരണത്താല്‍ തന്നെ ഞാന്‍ താങ്കളെ അഭിവാദ്യം ചെയ്യുന്നു- ശത്രുരാക്ഷസനെ എതിരിടാന്‍ ചങ്കൂറ്റം കാണിച്ച ധീരന്‍ എന്ന നിലക്ക്.'' 'സ്റ്റോപ് ദ ഇസ്‌ലാമൈസേഷന്‍ ഓഫ് യൂറോപ്പ്' എന്ന നവ നാസി ഗ്രൂപ്പിന്റെ നേതാവ് സ്റ്റീഫന്‍ ഗാഷ് തന്റെ വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ, ഇസ്‌ലാമിനെ താറടിക്കുന്ന സുദീര്‍ഘമായ ഒരു ലേഖനം 2011 ജൂലൈയില്‍ ഡോക്കിന്‍സ് സ്വന്തം വെബ് സൈറ്റില്‍ പുനഃപ്രകാശനം ചെയ്തു.
'സയന്റിഫിക് റേസിസം'
ടൊറോണ്ടോയിലെ രാഷ്ട്രീയ ചിന്തകന്‍ മുര്‍തസാ ഹുസൈന്‍ ഇത്തരം ഇസ്‌ലാംവിദ്വേഷത്തെ വിശകലനം ചെയ്തുകൊണ്ട് ലേഖനമെഴുതിയിട്ടുണ്ട്. 'ശാസ്ത്രീയ വര്‍ഗീയത' (സയന്റിഫിക് റേസിസം) എന്നാണ് അദ്ദേഹം ഈ സമീപനത്തെ വിളിക്കുന്നത്. വംശീയതക്ക് ശാസ്ത്രീയതയുടെ പുറംപൂച്ച് നല്‍കി അവതരിപ്പിക്കുന്നതാണ് സയന്റിഫിക് റേസിസം. ചരിത്രത്തില്‍ ഈ കള്ളവാദത്തിന് ആഴത്തിലുള്ള രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് അദ്ദേഹം സ്ഥാപിക്കുന്നു. ചില പ്രത്യേക ആധിപത്യ, അധിനിവേശ നയങ്ങളെ ന്യായീകരിക്കാനുള്ള ശ്രമം ഈ 'ശാസ്ത്രീയ വര്‍ഗീയത'യുടെ ഭാഗമാണ്. 18-ാം നൂറ്റാണ്ടില്‍ ആഫ്രിക്കക്കാരെപ്പറ്റി (കറുത്ത വര്‍ഗക്കാരെപ്പറ്റി) ഇത്തരം വ്യാജ ശാസ്ത്രതത്ത്വങ്ങള്‍ പറഞ്ഞുണ്ടാക്കിയിരുന്നു. ക്രിസ്റ്റഫര്‍ മെയ്‌നേഴ്‌സ് അക്കാലത്ത് എഴുതിയ The Outline and Hsitory of Mankind എന്ന കൃതിയുടെ കേന്ദ്ര പ്രമേയം തന്നെ, വിവിധ വംശങ്ങള്‍ തമ്മില്‍ ജന്മനാ ബുദ്ധിയിലും മറ്റും ശേഷി വ്യത്യാസങ്ങള്‍ ഉണ്ടെന്നതായിരുന്നു. ഇന്ന് വ്യാജമെന്ന് തെളിഞ്ഞു കഴിഞ്ഞ 'ഫ്രെനോളജി' (മനുഷ്യന്റെ തലയോട്ടിയുടെ അളവെടുത്ത് ബുദ്ധി കണക്കാക്കുന്ന രീതി) വെച്ച് മെയ്ന്‍സ് വാദിച്ചു: ''വെളുത്ത വര്‍ഗക്കാര്‍ക്ക് മറ്റെല്ലാ വര്‍ഗക്കാരെക്കാളും കൂടുതല്‍ ബുദ്ധിയും ധര്‍മബോധവും ജന്മസിദ്ധമാണ്. കറുത്ത വര്‍ഗക്കാരോ? വെളുത്തവരിലും ഏറെ താഴെ എന്നു മാത്രമല്ല, അവര്‍ക്ക് വികാരങ്ങളോ തോന്നലുകളോ ഉണ്ടാകാന്‍ ഒട്ടും സാധ്യതയില്ല. മാത്രമോ, ശാരീരിക വേദന അനുഭവിക്കാന്‍ പോലും കഴിയില്ല.''
ആഫ്രിക്കന്‍ ജനസമൂഹങ്ങള്‍ക്കു മേല്‍ സ്ഥാപിച്ച സാമൂഹിക, രാഷ്ട്രീയ അടിമ സമ്പ്രദായങ്ങളെ പാശ്ചാത്യര്‍ ന്യായീകരിച്ചത് ഈ തത്ത്വം വെച്ചാണ്. ഫ്രഞ്ച് ഉദ്ബുദ്ധതയുടെ നായകരിലൊരാളായി വാഴ്ത്തപ്പെട്ട വോള്‍ട്ടയര്‍ പോലും കറുത്ത തൊലിക്കാരെപ്പറ്റി പറഞ്ഞുവെച്ചതിങ്ങനെ: ''ആകാരത്തിലൊഴികെ അവര്‍ മനുഷ്യരല്ല. അവരുടെ സംസാര, ചിന്താശേഷി നമ്മുടേതിനേക്കാള്‍ എത്രയോ അകലെയാണ്. ഞാന്‍ കണ്ട് പരിശോധിച്ചവരുടെ കഥ ഇതാണ്.''
വെള്ളക്കാരുടെ മികവിനെപ്പറ്റിയുള്ള സിദ്ധാന്തങ്ങള്‍ വളര്‍ന്ന്, കറുത്തവര്‍ഗക്കാര്‍ അടിമകളായിരിക്കാനേ കൊള്ളൂ എന്നുള്ള വാദത്തിലൂടെ കടന്ന്, അടിമത്തം പ്രകൃതി നിയമമാണെന്ന നിഗമനത്തില്‍ പാശ്ചാത്യര്‍ എത്തി. ആഫ്രിക്കയിലെയും മറ്റും കൊളോണിയല്‍ അധിനിവേശത്തിന് അതവര്‍ക്ക് ന്യായം നല്‍കി. അമേരിക്കന്‍ ഡോക്ടറായിരുന്ന യോശയ്യാ നോട്ട് എഴുതി: ''അടിമ എന്ന അവസ്ഥയിലാണ് നീഗ്രോ ഏറ്റവും മികച്ച ശാരീരിക, ധാര്‍മിക തലത്തിലെത്തുക; അവന് ഏറ്റവും നീണ്ട ആയുസ്സ് കിട്ടുന്നതും അപ്പോഴാണ്.'' ഇവിടെ നിന്നും കടന്ന് സാമുവല്‍ കാര്‍ട്‌റൈറ്റ് പറഞ്ഞു, കറുത്തവരില്‍ അടിമവേലയോട് വല്ലവര്‍ക്കും നീരസം തോന്നുന്നുവെങ്കില്‍ അതൊരു രോഗമാണ് എന്ന്. ഈ രോഗത്തിന് ചികിത്സ ശാരീരിക ദണ്ഡനം (അംഗവിഛേദനം ഉള്‍പ്പെടെ) ആണ് എന്നും അദ്ദേഹം വിധിച്ചു. പാരീസില്‍ അക്കാലത്ത് ഒരു 'മനുഷ്യ മൃഗശാല' വരെ സ്ഥാപിക്കപ്പെട്ടു. അതില്‍ വിവിധ വര്‍ഗക്കാരായ മനുഷ്യരെ കൂട്ടിലിട്ട് പ്രദര്‍ശനത്തിനും പഠനത്തിനുമായി വെച്ചിരുന്നു.
പ്രാകൃതമായ വംശീയതയും വര്‍ഗീയതയും ശാസ്ത്ര ഗവേഷണത്തിന്റെ ലേബലിലാണ് അന്ന് അറിയപ്പെട്ടത്; ഇന്ന് അധമമായ വര്‍ഗീയതക്കും കടുത്ത ഇസ്‌ലാംവിരോധത്തിനും നവ നാസ്തികര്‍ യുക്തിചിന്തയുടെ വിലാസം നല്‍കാന്‍ ശ്രമിക്കുന്നു. ഇതാകട്ടെ വിവിധ ഭരണകൂടങ്ങളുടെ അധിനിവേശ, വിഭവ ചൂഷണ അജണ്ടയുമായി ഒത്തുപോവുകയും ചെയ്യുന്നു. 'ഇസ്‌ലാമിക് ബാര്‍ബേറിയന്‍സി'നെപ്പറ്റി ഡോക്കിന്‍സ് വര്‍ണിക്കുമ്പോഴും, ഫല്ലൂജയിലെ പോരാട്ടത്തില്‍ കൊല്ലപ്പെട്ട മുസ്‌ലിംകളുടെ എണ്ണം പോരെന്നും ഇറാഖികളുടെ പച്ച മാംസത്തിലൂടെ ക്ലസ്റ്റര്‍ ബോംബുകള്‍ തുളഞ്ഞുകയറുന്നത് ആലോചിക്കുമ്പോഴേ രസം പകരുന്നുവെന്നും ഹിച്ചന്‍സ് പറയുമ്പോഴും പൊതുബോധം പുതിയ ആധിപത്യ ശീലങ്ങള്‍ക്കായി പാകപ്പെടുത്തപ്പെടുന്നുണ്ട്. നവനാസ്തികനും ഗ്രന്ഥകര്‍ത്താവും ന്യൂറോസയന്റിസ്റ്റുമായ സാം ഹാരിസ് പരസ്യമായി പറഞ്ഞല്ലോ-മുസ്‌ലിംകളെ പീഡിപ്പിക്കുന്നതും അവരെ മുന്‍കൂര്‍ ആക്രമണങ്ങളില്‍ കൊല്ലുന്നതും ന്യായമാണെന്ന്; സൂക്ഷ്മമായ ദേഹപരിശോധന 'മുസ്‌ലിംകളില്‍ മാത്രമല്ല, മുസ്‌ലിമെന്ന് കണ്ടാല്‍ തോന്നുന്നവരില്‍ കൂടി' നടത്തണമെന്ന്. ഹാരിസ് തുറന്നു തന്നെ പറഞ്ഞിട്ടുമുണ്ടല്ലോ- 'ഭീകരതയോടല്ല നമ്മുടെ യുദ്ധമെന്ന് സമ്മതിക്കേണ്ട സമയമായിരിക്കുന്നു. ഇസ്‌ലാമിനോടാണ് നമ്മുടെ യുദ്ധം.'
ബുദ്ധിയോ യുക്തിയോ അടിസ്ഥാനമാക്കിയല്ല, തികഞ്ഞ വിവേചനം അടിസ്ഥാനമാക്കിയാണ് നവ നാസ്തികര്‍ ഇസ്‌ലാമിനെ സമീപിക്കുന്നത്. ഇസ്രയേലിനോടും ഫലസ്ത്വീനോടുമുള്ള അവരുടെ സമീപനത്തിലും ഇതു കാണാം. യാഥാര്‍ഥ്യ നിഷ്ഠമോ നീതിബദ്ധമോ അല്ല ആ സമീപനം; തികഞ്ഞ ഇസ്‌ലാംവിദ്വേഷത്തിന്റെ സൃഷ്ടിയാണ്. The End of Faith എന്ന ഗ്രന്ഥത്തില്‍ സാം ഹാരിസ് നേരിനെ തലതിരിച്ചിടുന്നു: ''ഹിംസയുടെ കാര്യത്തില്‍ ഇസ്രയേല്‍ വലിയ ആത്മനിയന്ത്രണം പാലിച്ചിട്ടുണ്ട്; ഒരു മുസ്‌ലിം സമൂഹവും അങ്ങനെ ചെയ്യുന്നില്ല. ഫലസ്ത്വീനില്‍ ഫലസ്ത്വീന്‍കാര്‍ക്ക് അധികാരമുണ്ടെന്നും ജൂതര്‍ നിസ്സഹായരായ ന്യൂനപക്ഷമാണെന്നും കരുതുക- എങ്കില്‍ ആ ഫലസ്ത്വീന്‍കാര്‍ ജൂതരെ കൊല്ലുന്നതില്‍ നിയന്ത്രണം പാലിക്കുമോ?'' സാധ്യതയില്ലെന്ന് സ്ഥാപിക്കാന്‍ ഹാരിസ് തുടര്‍ന്ന് ശ്രമിക്കുന്നു- യു.എസിലെ കടുത്ത സയണിസ്റ്റ് പക്ഷക്കാരനായ അലന്‍ ഡെര്‍ഷോവിറ്റ്‌സിന്റെ പ്രസ്താവനകളാണ് തെളിവ്! 'വളര്‍ച്ചയെത്തിയ കുട്ടികളാണ് നീഗ്രോകള്‍; അവരെ അങ്ങനെത്തന്നെ കൈകാര്യം ചെയ്യണം' എന്ന് 19-ാം നൂറ്റാണ്ടില്‍ ജോര്‍ജ് ഫിറ്റ്‌സ് ഹ്യൂ പറഞ്ഞിരുന്നു. ഇന്ന് സാം ഹാരിസ് എഴുതുന്നത്, 'യു.എസ്, ബ്രിട്ടീഷ് വിദേശനയങ്ങളെ മുസ്‌ലിംകള്‍ എതിര്‍ക്കുന്നത് മതപരമായ കാരണങ്ങളാലാണ്' എന്നും -അവര്‍ പീഡനങ്ങള്‍ ഏല്‍ക്കാന്‍ അര്‍ഹതപ്പെട്ടവരാണെന്ന് ധ്വനി.
ഇസ്‌ലാം ഒരു വര്‍ഗമോ വംശമോ അല്ല. എന്നാല്‍, നവനാസ്തികര്‍ അതിനെ അങ്ങനെ കാണുന്നു; അയുക്തികമായി വിമര്‍ശകരുടെ ചുവടുപറ്റി മാത്രം അധിക്ഷേപിക്കുന്നു. ഒരുകാലത്ത് അടിമത്തത്തെ ന്യായീകരിക്കാന്‍ 'സയന്റിഫിക് റേസിസം' പ്രയോജനപ്പെടുത്തിയ രീതിയില്‍, ഈ 21-ാം നൂറ്റാണ്ടില്‍ നിയമബാഹ്യമായ പീഡനങ്ങളെയും കൊലകളെയും വരെ ന്യായീകരിക്കാന്‍ അത് ഉപയോഗിക്കുന്നു. ദൈവം ഉണ്ടോ ഇല്ലേ എന്ന വിഷയം നവനാസ്തികര്‍ വിട്ടതായി തോന്നുന്നു. ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും, മതങ്ങള്‍ നിലനിന്നാലും ഇല്ലെങ്കിലും, ഇസ്‌ലാം ഉണ്ടായിക്കൂടാ എന്ന യുക്തിയാണ് ഇന്നവര്‍ കൊണ്ടുനടക്കുന്നത്.
Comments