'നിങ്ങള്‍ വല്യേട്ടന്റെ നിരീക്ഷണത്തിലാണ്'
ഗാര്‍ഡിയന്‍ പത്രത്തിന്റെ കോളമിസ്റ്റ് ഗ്ലെന്‍ ഗ്രീന്‍ വാള്‍ഡിന് അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍.എസ്.എ) ഉദ്യോഗസ്ഥനായിരുന്ന എഡ്‌വേര്‍ഡ് സ്റ്റോഡന്‍ ചോര്‍ത്തി നല്‍കിയ അമേരിക്കയുടെ 'പ്രിസം' പദ്ധതിയെക്കുറിച്ച വിവരങ്ങള്‍ നടുക്കമുളവാക്കുന്നതായിരുന്നു. അമേരിക്കക്കകത്തും പുറത്തുമുള്ള സ്വകാര്യ ടെലിഫോണ്‍ സംഭാഷണങ്ങളും ഇ-മെയില്‍ സന്ദേശങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും വ്യക്തിഗത വിവരങ്ങളും 2007 മുതല്‍ അമേരിക്ക 'പ്രിസം' പദ്ധതിയിലൂടെ ശേഖരിച്ചുവരികയായിരുന്നുവെന്നാണ് എഡ്‌വേര്‍ഡിന്റെ വെളിപ്പെടുത്തല്‍. ഇവക്ക് പുറമെ വ്യക്തികള്‍ അയക്കുന്ന സ്വകാര്യവും അല്ലാത്തവയുമായ ഇ-മെയില്‍ സന്ദേശങ്ങള്‍, ഗൂഗിള്‍, ഫേസ്ബുക്ക്, യാഹു, ആപ്പിള്‍ തുടങ്ങി ഇന്റര്‍നെറ്റ് ദാതാക്കളുടെ സെര്‍വറില്‍നിന്ന് നേരിട്ട് എന്‍.എസ്.എ പ്രത്യേകം സജ്ജമാക്കിയ സെര്‍വറിലെ ഓണ്‍ലൈന്‍ റൂമുകളിലെത്തിയിരുന്നതായും അദ്ദേഹം സമ്മതിക്കുന്നു. ലോക രാജ്യങ്ങളെ നടുക്കിയ ഈ വെളിപ്പെടുത്തലുകളോട് പതിവുപോലെ അമേരിക്കന്‍ ഭരണകൂടം നിര്‍വികാരമായാണ് പ്രതികരിച്ചത്. വ്യക്തികളുടെ സ്വകാര്യതയിലേക്കും വ്യക്തിസ്വാതന്ത്ര്യത്തിലേക്കും ഒളിഞ്ഞു നോക്കുകയും വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്യുന്ന പരിപാടി ജോര്‍ജ് ബുഷിന്റെ കാലത്തുതന്നെ ആരംഭിച്ചതാണ്.
ഈ ഗൂഢ പദ്ധതിയെക്കുറിച്ച കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വരും ദിവസങ്ങളില്‍ വന്നേക്കാം. പദ്ധതിയുടെ ലക്ഷ്യങ്ങളെക്കുറിച്ചും ചോര്‍ത്തലിന്റെ ആഴങ്ങളെക്കുറിച്ചും കൂടുതല്‍ ചര്‍ച്ചകള്‍ നടക്കാനിരിക്കുന്നതേയുള്ളൂ. പത്രങ്ങള്‍ക്ക് നല്‍കിയ വിവരങ്ങളനുസരിച്ച് ഒരു മാസത്തില്‍ 9700 കോടി വിവരങ്ങളാണ് എന്‍.എസ്.എ ചോര്‍ത്തിയെടുത്തത്. ഇതില്‍ സ്വാഭാവികമായും ഇറാന്റെ വിവരങ്ങളാണ് ഏറ്റവും കൂടുതല്‍ ചോര്‍ത്തിയത്. ഇറാനില്‍ നിന്നു മാത്രമായി 14 ബില്യന്‍ റിപ്പോര്‍ട്ടുകള്‍ ചോര്‍ത്തി. തൊട്ടു പിന്നില്‍ പാകിസ്താന്‍, ജോര്‍ദാന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും. ഒരു മാസത്തില്‍ അമേരിക്കന്‍ പൗരന്മാരുടെ 300 കോടി വിവരങ്ങള്‍ ചോര്‍ത്തിയപ്പോള്‍ ഇതിന്റെ ഇരട്ടിയിലധികം വിവരങ്ങള്‍ ഇന്ത്യയില്‍ നിന്ന് ചോര്‍ത്തിയത് കൗതുകമുണര്‍ത്തുന്നു.
ചോര്‍ത്തിയ വിവരങ്ങള്‍ക്ക് അവയുടെ പ്രാധാന്യവും സ്ഥാനവുമനുസരിച്ച് ചുവപ്പ്, ഓറഞ്ച് നിറങ്ങള്‍ നല്‍കി വേര്‍തിരിച്ചിരിക്കുന്നു. അമേരിക്കയില്‍ നിന്നുള്ളവക്ക് ഓറഞ്ച് നിറമാണ് നല്‍കിയത്. കൂടാതെ ഫോണ്‍ കോളുകളുടെ ലൊക്കേഷന്‍, വ്യക്തികളുടെ ഭാര്യമാരുടേതടക്കമുള്ള സ്വകാര്യ സംഭാഷണങ്ങള്‍, ക്രെഡിറ്റ് കാര്‍ഡ് പാസ് വേര്‍ഡുകള്‍ തുടങ്ങി പല രേഖകളും ചോര്‍ത്തിയതായി വാര്‍ത്ത പുറത്തുവിട്ട എഡ്‌വേര്‍ഡ് വ്യക്തമാക്കുന്നുണ്ട്. പതിവുപോലെ എന്‍.എസ്.എയുടെ നടപടിയെ പ്രസിഡന്റ് ഒബാമ ന്യായീകരിച്ച് രംഗത്തെത്തി. അമേരിക്കയുടെ സ്ഥിരം കൂട്ടാളിയായ ബ്രിട്ടനും ന്യായീകരണവുമായി കൂടെയുണ്ട്.
പ്രിസം പദ്ധതിയിലൂടെ ബ്രിട്ടീഷ് പൗരന്മാരുടെ വിവരങ്ങള്‍ അമേരിക്ക ചോര്‍ത്തിയത് നിയമവിധേയമായിട്ടാണ് എന്നായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ വിശദീകരണം. ഒബാമയുടെ അടുത്ത സുഹൃത്തുക്കളും അമേരിക്കന്‍ സെനറ്റര്‍മാരുമായ ലിന്‍ഡ്‌സി ഗ്രഹാംസും ജോണ്‍ മക്കൈനും വിവരം ചോര്‍ത്തി നല്‍കിയ എഡ്‌വേര്‍ഡ് സ്‌നോഡനെ ഒറ്റുകാരനായി ചിത്രീകരിച്ചു. ഇതില്‍ നിന്ന് വ്യക്തമാകുന്നത് വിക്കിലീക്‌സിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ബ്രാഡ്‌ലി മാനിങ്ങിനും വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനുമുണ്ടായ അതേ ദുരിത പര്‍വങ്ങള്‍ സ്‌നോഡനെയും കാത്തിരിക്കുന്നുവെന്നാണ്. ബ്രാഡ്‌ലി മാനിങ്ങിന്റെ വിചാരണ നാടകം അതീവ രഹസ്യമായി നടക്കുമ്പോള്‍ 'വേട്ട'യാടലിന്റെ ദുരിതത്തില്‍ ജൂലിയാന്‍ അസാഞ്ച് ലണ്ടനിലെ എക്കഡോര്‍ എംബസിയില്‍ അഭയം തേടുകയാണ് ഉണ്ടായത്. ഇതെല്ലാം മുന്‍കൂട്ടി കണ്ടാകണം സ്‌നോഡന്‍ ഹോങ്കോംഗിലേക്ക് കടന്നത്.
ഇങ്ങനെ അമേരിക്കന്‍ ഗൂഢ പദ്ധതികള്‍ ലോകത്തിന് മുമ്പില്‍ തുറന്ന് വെക്കപ്പെടുമ്പോള്‍ യാങ്കിപ്പട കൂടുതല്‍ നാണം കെടുകയും വിയര്‍ക്കുകയുമാണ്. സൈബര്‍ സുരക്ഷയുടെയും മറ്റും പേരു പറഞ്ഞ് അന്യ രാജ്യങ്ങളിലെ സാധാരണക്കാരുടെ വ്യക്തിസ്വാതന്ത്ര്യത്തിലേക്ക് നുഴഞ്ഞുകയറാന്‍ ലോക പോലീസിന് ആരാണ് അധികാരം നല്‍കിയത് എന്ന് അറിയാന്‍ ഇരകള്‍ക്ക് അധികാരവും അവകാശവും ഉണ്ട്.
Comments