Prabodhanm Weekly

Pages

Search

2013 ജൂണ്‍ 28

ഇസ്‌ലാമിലൂടെ മോചനം തേടുന്ന ബ്രിട്ടീഷ് വനിതകള്‍

ശൈഖ് മുഹമ്മദ് കാരകുന്ന്‌

'ഓരോ കൊല്ലവും അമ്പതിനായിരത്തോളം ബ്രിട്ടീഷുകാര്‍ ഇസ്‌ലാം സ്വീകരിക്കുന്നു. അവരില്‍ മൂന്നില്‍ രണ്ടു ഭാഗവും സ്ത്രീകളാണ്. അവരിലെ മഹാഭൂരിപക്ഷവും വളരെ ഉയര്‍ന്ന നിലവാരത്തിലുള്ളവരും. ബാങ്ക് ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും മാധ്യമ പ്രവര്‍ത്തകരുമെല്ലാം അക്കൂട്ടത്തിലുണ്ട്. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണിബ്ലയറുടെ ഭാര്യാ സഹോദരി ലോറന്‍ബൂതും പ്രമുഖ മാധ്യമ പ്രവര്‍ത്തക ഇവോണ്‍ റിഡ്‌ലിയും എം.ടി.വി അവതാരക ക്രിസ്റ്റീന ബേക്കറും ഇസ്‌ലാം സ്വീകരിച്ച പ്രമുഖരില്‍ ചിലരാണ്.' ദ ഹിന്ദു പ്രാധാന്യപൂര്‍വം പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് (2013 മെയ് 24) ഇക്കാര്യം വിശദീകരിച്ചത്.
ഇസ്‌ലാം പുരുഷ മേധാവിത്വത്തിന്റെ മതമാണെന്നും സ്ത്രീകളെ അങ്ങേയറ്റം അടിച്ചമര്‍ത്തുകയാണ് അത് ചെയ്യുന്നതെന്നുമുള്ള പ്രചാരണവും പൊതുബോധവുമാണ് ഇസ്‌ലാമിനെ സംബന്ധിച്ച് പഠിക്കാന്‍ സ്ത്രീകളെ പ്രേരിപ്പിക്കുന്നതെന്ന ഉത്തരവാദപ്പെട്ടവരുടെ അഭിപ്രായം ലേഖനത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്. ഇവോണ്‍ റിഡ്‌ലിയുടെ കാര്യത്തില്‍ സംഭവിച്ചത് അതാണല്ലോ. അഫ്ഗാന്‍ സ്ത്രീകളനുഭവിക്കുന്ന കടുത്ത അവകാശ നിഷേധങ്ങളെയും കൊടിയ പീഡനങ്ങളെയും സംബന്ധിച്ച് പറഞ്ഞുകേട്ടതിന്റെയും വായിച്ചറിഞ്ഞതിന്റെയും അടിസ്ഥാനത്തില്‍ അതേക്കുറിച്ച് പഠിക്കാനാണ് അവര്‍ അവിടെ പോയത്. താലിബാന്റെ തടവിലകപ്പെട്ട റിഡ്‌ലിയോട് അവര്‍ വളരെ മാന്യമായാണ് പെരുമാറിയത്. വളരെ പെട്ടെന്നുതന്നെ ജയില്‍മോചിതയായ അവര്‍ക്ക് താലിബാന്‍കാര്‍ ഖുര്‍ആന്റെ ഇംഗ്ലീഷ് പരിഭാഷ സമ്മാനിച്ചു. അതില്‍ സ്ത്രീകളെ സംബന്ധിച്ച അധ്യായം കണ്ട ഇവോണ്‍ റിഡ്‌ലി വളരെ താല്‍പര്യപൂര്‍വം അത് വായിച്ചു. ഖുര്‍ആന്‍ പരിഭാഷയുടെ വായന അവരുടെ എല്ലാ ധാരണകളെയും തിരുത്തുകയായിരുന്നു.
ഇസ്‌ലാമിനെ സംബന്ധിച്ച വായനയും മുസ്‌ലിം സഹോദരങ്ങളുമായുള്ള ബന്ധത്തിലൂടെ ലഭിക്കുന്ന അനുഭവ പാഠങ്ങളുമാണ് ഏറെ പേരെയും ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കുന്നത്. ഇസ്‌ലാം സ്ത്രീകള്‍ക്ക് നല്‍കുന്ന ഉയര്‍ന്ന പരിഗണനയും കുടുംബ ജീവിതത്തിലെ ഭദ്രതയുമാണ് സ്ത്രീകളെ കൂടുതലായും ഇസ്‌ലാമിലേക്ക് അടുപ്പിക്കുന്നത്.
കേംബ്രിഡ്ജ് സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ്, ലെയിസ്റ്ററിലെ നവമുസ്‌ലിംകളുടെ സഹകരണത്തോടെ ഇസ്‌ലാം സ്വീകരിച്ച സ്തീകളെ സംബന്ധിച്ച ഒരു പഠനം പുറത്തിറക്കിയിരിക്കുന്നു. 129 പേജുള്ള പ്രസ്തുത പഠനം ഇസ്‌ലാം സ്വീകരിക്കാനുള്ള പ്രധാന കാരണമായി എടുത്തു കാണിക്കുന്നത് പടിഞ്ഞാറന്‍ സംസ്‌കാരത്തിലെ അനിയന്ത്രിത സ്വാതന്ത്ര്യം സൃഷ്ടിച്ച മടുപ്പും കുടുംബ ജീവിതത്തോടുള്ള താല്‍പര്യവുമാണ്. വിവിധ തലങ്ങളിലുള്ള അമ്പതോളം സ്ത്രീകളെ കേന്ദ്രീകരിച്ച് നടത്തിയ പഠനം അരാജക ജീവിതവും കുടുംബ ശൈഥില്യവുമാണ് പാശ്ചാത്യലോകത്ത് സ്ത്രീകളനുഭവിക്കുന്ന ഏറ്റവും ഗൂരുതരമായ പ്രശ്‌നമെന്നും അതിനുള്ള പരിഹാരമായാണ് അവര്‍ ഇസ്‌ലാം സ്വീകരിക്കുന്നതെന്നും വ്യക്തമാക്കുന്നു.
പടിഞ്ഞാറ് ഇന്നനുഭവിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് കുടുംബത്തകര്‍ച്ചയാണ്. ഇത് യാദൃഛികമായി സംഭവിച്ചതല്ല. വ്യവസായ വിപ്ലവത്തിനു ശേഷം അവര്‍ സ്ത്രീകളെ നിര്‍ബന്ധപൂര്‍വം വീടുകളില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവന്നു. അവരെ വ്യവസായ ശാലകളിലും വ്യാപാരകേന്ദ്രങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും കുടിയിരുത്തി. തെരുവിലും അങ്ങാടികളിലും പുരുഷന്മാരോടൊപ്പം അവരുമുണ്ടാകണമെന്ന് ശഠിച്ചു. സ്ത്രീ-പുരുഷന്മാരുടെ അനിയന്ത്രിതമായ ഇടകലരലിന് ഇതിടയാക്കി. അതോടൊപ്പം ജീവിതം ശരീര കേന്ദ്രീകൃതമാണെന്ന ധാരണ ഭൗതിക സിദ്ധാന്തങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചു. അത് സുഖിക്കാനുള്ളതാണ്, അതിനാല്‍ പരമാവധി ആസ്വദിക്കുക, ആനന്ദിക്കുക എന്ന കാഴ്ചപ്പാട് വളര്‍ന്നുവന്നു. അതിന് തടസ്സമായി നില്‍ക്കുന്ന എല്ലാ വിശ്വാസ ദര്‍ശനങ്ങളെയും ധാര്‍മികാധ്യാപനങ്ങളെയും മൂല്യങ്ങളെയും നിരാകരിച്ചു. ഇത് അനിയന്ത്രിതമായ ലൈംഗിക അരാജകത്വത്തിന് വഴിയൊരുക്കി. സദാചാര ചിന്ത അപ്രത്യക്ഷമായി. അങ്ങനെ സമൂഹം ശരീര കാമനകള്‍ക്ക് കീഴ്‌പ്പെട്ടു. എല്ലാവരും കടുത്ത സ്വാര്‍ഥികളായി മാറി. കൂട്ടുജീവിതത്തിനനിവാര്യമായ പരസ്പര സഹകരണവും വിട്ടുവീഴ്ചയും അപ്രത്യക്ഷമായി. അതോടെ കുടുംബം ശിഥിലമായി. പലരും വിവാഹം തന്നെ വേണ്ടെന്നുവെച്ചു. വിവാഹിതരാവുന്നവര്‍ തന്നെ ഒന്നോ രണ്ടോ വര്‍ഷത്തിനകം വേര്‍പിരിഞ്ഞു. കുട്ടികളോടൊന്നിച്ച് ദീര്‍ഘകാലം കുടുംബ ജീവിതം നയിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. മാതാപിതാക്കളെ സംരക്ഷിക്കുന്ന മക്കള്‍ അതിലും കുറവായി. തദ്ഫലമായി എല്ലാവരും അരക്ഷിത ബോധത്തിനടിപ്പെട്ടു. ദൈവദത്തമായ മനുഷ്യപ്രകൃതിയുമായി ഏറ്റുമുട്ടി. ഇത് ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിച്ചത് സ്ത്രീകളെയാണ്. കുടുംബ ജീവിതം നയിക്കാനും കുട്ടികളെ പോറ്റിവളര്‍ത്താനുമുള്ള ജന്മസിദ്ധമായ അവരുടെ മോഹം പൂര്‍ത്തീകരിക്കപ്പെടാതായി. ഈയൊരു സാഹചര്യത്തിലാണ് ഇസ്‌ലാം പാശ്ചാത്യ വനിതകള്‍ക്ക് വലിയതോതില്‍ തുണയാകുന്നത്. സ്ത്രീകള്‍ക്ക് മാന്യവും ആദരണീയവുമായ പദവി നല്‍കുന്നതോടൊപ്പം കുടുംബത്തെ മഹത്തായ ദൈവിക സ്ഥാപനമായി കാണുകയും അതിനെ ഭദ്രമാക്കി നിലനിര്‍ത്തുകയും ചെയ്യുന്ന ഇസ്‌ലാമിനെ സംബന്ധിച്ച് മനസ്സിലാക്കാന്‍ അവസരം ലഭിക്കുന്നതോടെ അവര്‍ അതിലാകൃഷ്ടരാവുന്നു. അതിവേഗം അതിനെ വാരിപ്പുണരുന്നു.
ഒട്ടും ആകര്‍ഷകമല്ലാത്ത ഒരു ലഘുലേഖ, തന്നെ ഇസ്‌ലാമിലെത്തിച്ചതിനെക്കുറിച്ചാണ് അനീസ അകിന്‍സന്‍ പറയുന്നത്: ''എന്നെ സംബന്ധിച്ചേടത്തോളം വളരെ മുഷിപ്പനായ ഒന്നായിരുന്നു അത്. എങ്കിലും അതിന്റെ ചില പുറങ്ങളില്‍ ഞാന്‍ അന്വേഷിച്ചിരുന്ന ചിലതുണ്ടായിരുന്നു. അതെനിക്കൊരു പ്രകാശകിരണമായി അനുഭവപ്പെട്ടു. അതുകൊണ്ടുതന്നെ ഞാന്‍ കൂടുതല്‍ വായിക്കുകയും പഠിക്കുകയും ചെയ്തു. കുറച്ചു മാസങ്ങള്‍ക്കു ശേഷം ഞാന്‍ മുസ്‌ലിമായി.''
സ്ത്രീ-പുരുഷന്മാര്‍ക്കിടയിലെ ശാരീരികവും മാനസികവുമായ വ്യത്യാസങ്ങള്‍ അവഗണിച്ച് അവര്‍ക്കിടയിലെ തുല്യതക്കായി ശ്രമിക്കുന്ന ഏതു സമൂഹവും കുടുംബ ശൈഥില്യത്തിനും തുടര്‍ന്ന് അനിവാര്യമായ തകര്‍ച്ചക്കും അടിപ്പെടും. ലോകത്തിലെ ഏറ്റവം സുശക്തമായിരുന്ന സോവിയറ്റ് സാമ്രാജ്യം തകര്‍ന്നതില്‍ സ്ത്രീ-പുരുഷ തുല്യതാവാദത്തിനുള്ള പങ്ക് അവിടത്തെ ഭരണാധികാരി തന്നെയായിരുന്ന മീഖായേല്‍ ഗോര്‍ബെച്ചേവ് തന്റെ വിശ്വപ്രശസ്ത പുസ്തകമായ പെരിസ്‌ട്രോയിക്കയില്‍ ഇങ്ങനെ വിവരിക്കുന്നു: ''ഞങ്ങളുടെ വിഷമകരവും വീരോചിതവുമായ ചരിത്രകാലത്ത് അമ്മയെന്ന നിലയിലും ഗൃഹനായികയെന്ന നിലയിലും കുട്ടികളെ ശിക്ഷണം നല്‍കി പോറ്റിവളര്‍ത്തുകയെന്ന സ്ത്രീകളുടെ ഒഴിച്ചുകൂടാനാവാത്ത ജോലിയെയും പദവിയെയും ഞങ്ങള്‍ അവഗണിച്ചു. ആ അര്‍ഥത്തില്‍ അവര്‍ക്കു ലഭിക്കേണ്ട പ്രത്യേക അവകാശങ്ങളും അവര്‍ക്കുണ്ടാകുന്ന ആവശ്യങ്ങളും അംഗീകരിച്ചു നല്‍കുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു. ശാസ്ത്രീയ ഗവേഷണങ്ങളിലും സേവന തുറകളിലും പണിയെടുക്കുകയും സര്‍ഗാത്മക പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുകയും ചെയ്യുന്നതിനാല്‍ വീട്ടുജോലിചെയ്യുക, കുട്ടികളെ വളര്‍ത്തുക, നല്ല കുടുംബാന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങിയ അവരുടെ ദൈനംദിന ബാധ്യതകള്‍ നിര്‍വഹിക്കുന്നതിന് മതിയായ സമയം കിട്ടാതെവന്നു. കുട്ടികളുടെയും യുവജനങ്ങളുടെയും പെരുമാറ്റത്തിലും ധാര്‍മികമൂല്യങ്ങളുടെ കാര്യത്തിലും സാംസ്‌കാരികരംഗത്തും ഉല്‍പാദനമേഖലയിലും ഞങ്ങളനുഭവിക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും ഭാഗികമായ കാരണം, ദുര്‍ബലമാകുന്ന കുടുംബ ബന്ധങ്ങളും കുടുംബപരമായ ഉത്തരവാദിത്വങ്ങളോടുള്ള തണുത്ത സമീപനങ്ങളുമാണെന്ന് ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. എല്ലാ കാര്യത്തിലും സ്ത്രീയെ പുരുഷനുതുല്യമാക്കണമെന്ന ഞങ്ങളുടെ ആത്മാര്‍ഥവും രാഷ്ട്രീയമായി നീതീകരിക്കാവുന്നതുമായ ആഗ്രഹത്തിന്റെ ഫലമാണ് ഈ വിരോധാഭാസം. ഇപ്പോള്‍ പെരിസ്‌ട്രോയിക്കയുടെ പ്രക്രിയയില്‍ ഈ കുറവ് ഞങ്ങള്‍ തരണം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. സ്ത്രീകള്‍ക്ക് സ്ത്രീകളെന്ന നിലക്കുള്ള അവരുടെ നിയതമായ ദൗത്യത്തിലേക്ക് മടങ്ങല്‍ സാധ്യമാക്കുന്നതിന് എന്തുചെയ്യണമെന്ന പ്രശ്‌നത്തെപ്പറ്റി പത്രങ്ങളിലും പൊതുസംഘടനകളിലും തൊഴില്‍ സ്ഥലത്തും വീട്ടിലും ഇപ്പോള്‍ ചൂടുപിടിച്ച വിവാദങ്ങള്‍ നടക്കുന്നത് അതിനാലാണ്.''
ഇത്തരം സംവാദങ്ങളില്‍ ഇസ്‌ലാമിന് ഇടം ലഭിക്കുകയാണെങ്കില്‍ പ്രശ്‌ന പരിഹാരത്തിന് ഒട്ടും പ്രയാസപ്പെടേണ്ടി വരില്ലെന്നതാണ് ബ്രിട്ടീഷ് ജനതയുടെ അനുഭവം തെളിയിക്കുന്നത്. അത് തകര്‍ച്ച നേരിടുന്ന കുടുംബങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കും മഹത്തായ നേട്ടമായിരിക്കും.

Comments

Other Post