Prabodhanm Weekly

Pages

Search

2013 ജൂണ്‍ 28

ഇമാം ഹസനുല്‍ ബന്നാ വധിക്കപ്പെട്ട രാത്രി

ടി.കെ ഇബ്‌റാഹീം ടൊറണ്ടോ

അറുപത്തിനാലു വര്‍ഷങ്ങള്‍ക്ക് മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1949 ഫെബ്രുവരി 12-ന് കയ്‌റോ ഒരു കരാള രാത്രിക്ക് സാക്ഷ്യം വഹിച്ചു. ഈജിപ്തിന്റെ, ഒരുപക്ഷേ അറബ് ലോകത്തിന്റെയും ചരിത്രം മാറ്റിയെഴുതാന്‍ പോവുന്ന ഒരു കാള രാത്രിയായിരുന്നു അത്. ഒരാഴ്ച മുമ്പ് കയ്‌റോ സന്ദര്‍ശിച്ചപ്പോള്‍, ആ രാത്രിയുടെ കരാള ക്രൂരതയും മനുഷ്യത്വരാഹിത്യവും ദുഃഖവും വേദനയുമെല്ലാം ആ തെരുവീഥികളിലൂടെ നടന്നപ്പോള്‍ മനസ്സില്‍ തെളിഞ്ഞു. അന്നാണ് ബ്രിട്ടീഷ് സാമ്രാജ്യത്വം, 'മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും അപകടകാരിയായ മനുഷ്യന്‍' എന്ന് വിശേഷിപ്പിച്ച ശഹീദ് ഹസനുല്‍ ബന്നായുടെ ക്രൂരമായ കൊലപാതകം നടന്നത്. ഞങ്ങള്‍ താമസിച്ചിരുന്ന റംസിസ് സ്‌ക്വയറിന്റെ അടുത്ത് വെച്ചായിരുന്നു ആ ദാരുണ സംഭവം.

നാടകം ചുരുളഴിയുന്നു
'ശഹാദത്തി'ലേക്കുള്ള ഈ ഹ്രസ്വയാത്രയില്‍-രാത്രിയുടെ അന്ത്യയാമങ്ങളില്‍ ഏതാനും മണിക്കൂറുകള്‍-ഇമാം ഹസനുല്‍ ബന്നായെ അനുഗമിച്ചിരുന്നത് അദ്ദേഹത്തിന്റെ ശിഷ്യനായ ഉസ്താദ് അബ്ദുല്‍ കരീം മന്‍സൂര്‍ ആയിരുന്നു. ജംഇയ്യത്തുശ്ശുബ്ബാനില്‍ മുസ്‌ലിമീന്റെ യുവജന വിഭാഗം തലവനായ മുഹമ്മദു അല്ലൈസി, അബ്ദുല്‍ കരീം മന്‍സൂറിനെ അറിയിച്ചു: 'സംഭാഷണങ്ങള്‍ നടത്താന്‍ ഗവണ്‍മെന്റ് ആഗ്രഹിക്കുന്നു. ഏതാനും ഔദ്യോഗിക പ്രതിനിധികള്‍ തദാവശ്യാര്‍ഥം ജംഇയ്യത്തുശ്ശുബ്ബാനില്‍ മുസ്‌ലിമീന്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ വരും.' അവര്‍ രണ്ടു പേരും - ഇമാം ഹസനുല്‍ ബന്നായും അബ്ദുല്‍ കരീം മന്‍സൂറും- അവിടെയെത്തി കാത്തിരുന്നു. ഇശാ വരെ ഒരു ഗവണ്‍മെന്റ് പ്രതിനിധിയും വന്നില്ല. അപ്പോള്‍ ഇമാം ഹസനുല്‍ ബന്നാ, കൂടെ ഉണ്ടായിരുന്നവരോടൊപ്പം ഇശാ നമസ്‌കരിച്ചു.
കുറെ കൂടി കാത്ത ശേഷം ഇമാം ഒരു ടാക്‌സി വരുത്തി. അവര്‍ രണ്ടു പേരും റംസിസ് റോഡിലേക്ക് പുറപ്പെട്ടു. ഇരുളടഞ്ഞ റോഡ്; സമയം രാത്രി 8.20. ആ ഒരു ടാക്‌സി മാത്രമേ റോഡിലുള്ളൂ. ഇവിടന്നങ്ങോട്ട് ഉസ്താദ് അബ്ദുല്‍ കരീം മന്‍സൂര്‍ വിവരിക്കട്ടെ: ''ഇമാം ടാക്‌സിയുടെ പിന്‍സീറ്റിലിരുന്നു, ഞാന്‍ അദ്ദേഹത്തിന്റെ വലതുവശത്തും. ഇതിനിടയില്‍ രണ്ടു പേര്‍ ടാക്‌സിയുടെ മുമ്പില്‍. അതിലൊരാള്‍ കാറിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചു; ഞാനത് അടച്ചു. അവര്‍ വീണ്ടും തുറക്കാന്‍ ശ്രമിച്ചു- പിസ്റ്റള്‍ എന്റെ നേരെ ചൂണ്ടിക്കൊണ്ട്. ഒടുവില്‍ വാതില്‍ തുറന്ന് എന്റെ നെഞ്ചിലേക്ക് ഉണ്ട ഉതിര്‍ത്തു. ഞാന്‍ ഇടത്തോട്ട് ചരിഞ്ഞതിനാല്‍ എന്റെ വലതു കൈക്കാണ് ഉണ്ട കൊണ്ടത്.... കുറ്റവാളി വീണ്ടും എന്റെ നാഭിക്ക് നിറയൊഴിച്ചു. അതോടെ എന്റെ ഇടത്തെ കാലിന്റെ ചലനമറ്റു. എനിക്കനങ്ങാന്‍ കഴിഞ്ഞില്ല. അപ്പോഴയാള്‍ എന്നെ വിട്ട് ഇമാമിന്റെ നേര്‍ക്ക് തിരിഞ്ഞു. കുറെ ഉണ്ടകള്‍ ഉതിര്‍ത്ത ശേഷം ഓടിയകലാന്‍ ശ്രമിച്ചു. അപ്പോള്‍ ഇമാം ചാടിയെഴുന്നേറ്റ് അയാളുടെ പിന്നാലെ നൂറു മീറ്ററോളം ഓടി. പക്ഷേ, അയാള്‍ ഓടി രക്ഷപ്പെട്ടു. ഇമാം മടങ്ങി വന്ന് എന്നെ ടാക്‌സിയിലിരുത്തി. എന്റെ ഇടത് കാല്‍ കാറിന് പുറത്തായിരുന്നു. എനിക്കത് പൊക്കാന്‍ കഴിയുമായിരുന്നില്ല. ഇമാം കാല്‍പൊക്കി എന്നെ കാറിലിരുത്തി.
ഇമാം ജംഇയ്യത്തുശ്ശുബ്ബാനില്‍ മുസ്‌ലിമീനിലേക്ക് പോയി. ആബുംലന്‍സ് വിളിച്ചു. പക്ഷേ, അത് വരാന്‍ വൈകി. ടാക്‌സിക്കാരനോട് തന്നെ ആശുപത്രിയിലെത്തിക്കാന്‍ ആവശ്യപ്പെട്ടു. ആദ്യം അവന്‍ വിസമ്മതിച്ചെങ്കിലും നിര്‍ബന്ധത്തിന് വഴങ്ങി അവന്‍ ഞങ്ങളെ രണ്ടു പേരെയും ആശുപത്രിയിലെത്തിച്ചു. ആംബുലന്‍സിലേക്ക് എന്നെ വഹിച്ചതും അതിലെത്തിച്ചതും ഇമാം തന്നെയായിരുന്നു. ഡോക്ടര്‍ വന്നു. ഇമാം ബന്നായെ ശുശ്രൂഷിക്കാന്‍ തുനിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: 'ആദ്യം ഉസ്താദ് അബ്ദുല്‍ കരീം മന്‍സൂറിനെ ശുശ്രൂഷിക്കുക. കാരണം അദ്ദേഹത്തിന്റെ സ്ഥിതി ഗുരുതരമാണ്' (ഇത് യര്‍മൂഖ് യുദ്ധത്തിലെ സാക്ഷാല്‍ സാഹോദര്യത്തിന്റെയും പരപരിഗണനയുടെയും വീരഗാഥ രചിച്ച സംഭവം ഓര്‍മിപ്പിക്കുന്നു- മരണവക്ത്രത്തില്‍ വെള്ളം എത്തിയപ്പോള്‍ അത് മറ്റേ സഹോദരന് നല്‍കിയ സംഭവം). എന്നെ അടിയന്തിരമായി അല്‍ഖസ്‌റുല്‍ ഐനി ആശുപത്രിയിലേക്ക് നീക്കണമെന്ന് ഡോക്ടര്‍ ആവശ്യപ്പെട്ടു. അങ്ങനെ ഞങ്ങള്‍ രണ്ടു പേരും ആ ആശുപത്രിയിലേക്കാനയിക്കപ്പെട്ടു.
അപ്പോള്‍ രാജാവിന്റെ പ്രതിനിധി മുഹമ്മദ് വസ്ഫി വന്ന് അട്ടഹസിച്ചു: 'നിങ്ങളിതു വരെ മരിച്ചിട്ടില്ലേ, ഓ കുറ്റവാളികള്‍.' അത് പറഞ്ഞ് അദ്ദേഹം പോയി. അപ്പോള്‍ ഡോക്ടര്‍ ഇമാമിനെ ആദ്യം ചികിത്സിക്കാനൊരുമ്പെട്ടു. പക്ഷേ, ഇമാം പറഞ്ഞു: 'ഉസ്താദിനെ ആദ്യം ശുശ്രൂഷിക്കുക.' അവര്‍ എന്റെ പേരും വിലാസവും എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഇമാം പറഞ്ഞു: 'ഉസ്താദ് അബ്ദുല്‍ കരീമിനെ വിട്ടേക്കൂ. അദ്ദേഹത്തിന്റെ സ്ഥിതി ഗുരുതരമാണ്.' പേരും വിലാസവും അദ്ദേഹമവര്‍ക്ക് കൊടുത്തു. രാജാവിന്റെ പ്രതിനിധി മുഹമ്മദ് വസ്ഫി രണ്ടാമതും വന്നു. ഡോക്ടറോട് അദ്ദേഹം പറഞ്ഞു: 'ഞാന്‍ ഹുകുംദാറിന്റെ അടുത്ത് നിന്ന് വന്നതാണ്. ശൈഖ് ഹസനുല്‍ ബന്നായുടെ സ്ഥിതിയറിയാന്‍.' അദ്ദേഹത്തിന്റെ സ്ഥിതി ഗുരുതരമല്ലെന്ന് ഡോക്ടര്‍ പറഞ്ഞു. അതില്‍ പിന്നെ എന്നെയും ഇമാമിനെയും വ്യത്യസ്ത മുറികളില്‍ താമസിപ്പിച്ചു. ഇമാമിനെ ഒരു മുറിയില്‍ ഒറ്റക്കാക്കി.
മുഹമ്മദ് വസ്ഫി രാജാവിന്റെ പ്രതിനിധിയായി ആശുപത്രിയില്‍ വന്നത് ഇമാമിന്റെ കഥ കഴിക്കാനായിരുന്നുവെന്ന് പിന്നീടെനിക്കറിവായി. കാരണം, ഇമാമിനെ ചികിത്സിക്കുന്നതില്‍നിന്ന് ഡോക്ടറെ അദ്ദേഹം വിലക്കി. അങ്ങനെ രക്തം വാര്‍ന്ന് ഇമാം ശഹീദായി.''
ഖബ്‌റടക്കം
ആഭ്യന്തരകാര്യ അണ്ടര്‍ സെക്രട്ടറി അബ്ദുര്‍റഹ്മാന്‍ അമ്മാറിന്റെ പ്ലാന്‍ അല്‍ഖസറുല്‍ ഐനിയുടെ അടുത്ത് തന്നെ ഖബ്‌റടക്കം ചെയ്യാനായിരുന്നു; പ്രതിഷേധവികാരങ്ങള്‍ ആളിക്കത്തി നിയന്ത്രണം കൈവിട്ടുപോകുമെന്ന് ഭയന്ന്. പക്ഷേ, 67 വയസ്സായ, മുതുക് വളഞ്ഞ് അശക്തനായ, അശരണനായ ഒരു വൃദ്ധന്റെ നിരന്തരമായ അഭ്യര്‍ഥന മാര്‍ഷല്‍ അഹ്മദ് തല്‍അതിന്റെ അനുഭാവം നേടി. പരേതന്റെ വീട്ടില്‍ ജനാസ നമസ്‌കരിക്കാനനുവദിക്കണമെന്നായിരുന്നു ആ അഭ്യര്‍ഥന. യാതൊരു പ്രകടനങ്ങളും മറ്റുമില്ലാതെ രാവിലെ ഒമ്പത് മണിക്ക് തന്നെ ഖബ്‌റടക്കം നടത്തണമെന്നും ഉത്തരവുണ്ടായി.
ഇമാമിന്റെ പിതാവ് അഹ്മദ് അബ്ദുര്‍റഹ്മാന്‍ ബന്നാ ഒരു പട്ടാള ഓഫീസര്‍ വഴിയാണ് തന്റെ മകന്റെ മരണവാര്‍ത്ത അറിഞ്ഞത്. ഈ ദാരുണ രാത്രിയില്‍ പ്രത്യക്ഷപ്പെട്ടത് പോലെ വയസ്സിന്റെ അടയാളങ്ങള്‍ അദ്ദേഹത്തില്‍ ഒരിക്കലും മുമ്പ് കാണപ്പെട്ടിരുന്നില്ല. ദുഃഖം കടിച്ചമര്‍ത്തിക്കൊണ്ട് പ്രഭാതം വരെ അദ്ദേഹം കാത്തുനിന്നു.
പിതാവ് മാത്രമായിരുന്നു സംഭവമറിഞ്ഞിരുന്നതും കാത്തിരുന്നതും. ഇമാമിന്റെ സഹോദരന്മാര്‍ മുഴുവന്‍ ജയിലിലായിരുന്നു. മയ്യിത്ത് കൊണ്ടുവന്നപ്പോള്‍ പിതാവ് വികാരാധീനനായി കരയാന്‍ തുടങ്ങി. ഒപ്പമുള്ളവര്‍ പറഞ്ഞു: കരച്ചിലും പിഴിച്ചിലുമൊന്നുമില്ല. അനുശോചന പ്രകടനങ്ങളുമില്ല. ശൈഖ് അബ്ദുര്‍റഹ്മാനുല്‍ ബന്നാ കഥ പൂരിപ്പിക്കട്ടെ: ''ഒരു മണിക്കാണ് മരണവിവരം എന്നെ അറിയിച്ചത്. ഒരനുശോചന പ്രകടനവും കൂടാതെ രാവിലെ 9 മണിക്ക് ഖബ്‌റടക്കുമെങ്കില്‍ മാത്രമേ ജഡം എനിക്ക് വിട്ടുതരൂ എന്നവര്‍ പറഞ്ഞു. അതല്ലെങ്കില്‍ ഖസറുല്‍ ഐനി ആശുപത്രിയില്‍ നിന്ന് നേരെ ഖബ്‌റിലേക്ക് കൊണ്ടുപോകും. ഗവണ്‍മെന്റിന്റെ എല്ലാ കല്‍പനകളും പാലിക്കാമെന്ന് അവര്‍ക്ക് വാക്കു കൊടുക്കുകയേ എനിക്ക് നിര്‍വാഹമുണ്ടായിരുന്നുള്ളൂ- എന്റെ മകന്റെ ജഡം അവന്റെ വീട്ടിലെത്തി, ഒരവസാന നോട്ടം അവനെ നോക്കാനുള്ള അഭിലാഷം സാധ്യമാവാന്‍ അത് മാത്രമായിരുന്നു മാര്‍ഗം. പ്രഭാതത്തിന് അല്‍പം മുമ്പ് ജഡം അവര്‍ വീട്ടിലേക്ക് ചുമന്നു- അയല്‍വാസികളൊന്നും കാണാതെ. ജഡമെത്തിയത് ഞാനല്ലാതെ ആരും അറിയുമായിരുന്നില്ല.
വീട് പൂര്‍ണമായും പോലീസ് വളഞ്ഞു. മൃതശരീരവും പോലീസ് വളഞ്ഞു. പരേതനോട് എത്ര അടുപ്പമുള്ള ബന്ധുവായാലും ജനാസ കാണാനനുവദിച്ചില്ല. ഞാനൊറ്റക്ക് എന്റെ മകന്റെ ജനാസ സംസ്‌കരിക്കാനായെടുത്തു. കുളിപ്പിക്കലും കഫന്‍ ചെയ്യലും മറ്റും നന്നായറിയുന്ന പരിചയ സമ്പന്നരായ ഒരൊറ്റ ആളെ പോലും വീട്ടില്‍ കടക്കാനനുവദിച്ചില്ല. പിന്നെ മൃതശരീരം ഞാന്‍ മയ്യിത്ത്കട്ടിലില്‍ ഇറക്കിവെച്ചു. ഇനി അത് ആര്‍ പള്ളിയിലേക്ക് ചുമക്കും? കുറച്ച് പേരെ വിളിച്ചു കൊണ്ടുവരാന്‍ ഞാന്‍ പോലീസിനോട് അപേക്ഷിച്ചു. അവരത് നിരസിച്ചു. 'വീട്ടില്‍ ആണുങ്ങളില്ല.' ഞാനവരോട് പറഞ്ഞു. 'എങ്കില്‍ പെണ്ണുങ്ങള്‍ വഹിക്കട്ടെ.' അങ്ങനെ മയ്യിത്ത്കട്ടില്‍ പെണ്ണുങ്ങളുടെ തോളിലേറി പള്ളിയിലേക്ക് പുറപ്പെട്ടു... വഴിയിലുടനീളം പോലീസ് കാവല്‍ നില്‍ക്കുന്നുണ്ടായിരുന്നു.
ഖൈസൂന്‍ ജുമുഅത്ത് പള്ളിയിലെത്തിയപ്പോള്‍ അവിടെ ഭൃത്യന്മാരൊന്നുമുണ്ടായിരുന്നില്ല. എന്റെ മകന്റെ ജനാസ നമസ്‌കാരം നടന്നുകഴിയും വരെ പള്ളിയിലുള്ളവരോട് മുഴുവന്‍ പുറത്ത് പോവാന്‍ പോലീസ് ആജ്ഞാപിച്ചതായിരുന്നുവെന്ന് പിന്നീടെനിക്ക് മനസ്സിലായി. ഞാന്‍ ജനാസക്ക് മുമ്പില്‍ നിന്നു. കണ്ണീര്‍കണങ്ങള്‍ വാര്‍ന്നൊഴുകി. അവ കണ്ണീര്‍ കണങ്ങളായിരുന്നില്ല, പരേതനെ കാരുണ്യം കൊണ്ടനുഗ്രഹിക്കാന്‍ അല്ലാഹുവിനോടുള്ള അര്‍ഥനകളായിരുന്നു. ഞങ്ങളദ്ദേഹത്തെ ഖബ്‌റടക്കം ചെയ്തു തിരിച്ചു വീട്ടിലെത്തി. പകല്‍ പോയി, രാത്രി വന്നു. അനുശോചിക്കാനാരും വന്നില്ല. പോലീസ് അവരെ തടയുകയായിരുന്നു. എന്റെ വീട്ടിലെത്താന്‍ സാധിച്ചവര്‍ക്കാകട്ടെ തങ്ങളുടെ വീടുകളിലേക്ക് മടങ്ങാനും സാധിച്ചില്ല. അവരെ പിടിച്ച് ജയിലിലടച്ചു. മുക്‌റം ഉബൈദ് പാഷാ എന്ന ഒരൊറ്റ ആളെ ഒഴിച്ച്.''
* * * *
ഖൈസൂന്‍ പള്ളി ഞങ്ങള്‍ സന്ദര്‍ശിച്ചു. അവിടെ നമസ്‌കരിച്ചു. ഇമാമിന് വേണ്ടി ഹൃദയം നൊന്ത് കരഞ്ഞു പ്രാര്‍ഥിച്ചു. മറ്റെന്ത് ചെയ്യാന്‍! ഈജിപ്തിലെ സുന്ദര നഗരം അലക്‌സാണ്ട്രിയയും ഞങ്ങള്‍ സന്ദര്‍ശിച്ചു. അവിടെ, മധ്യധരണ്യാഴിയുടെ തീരത്ത് ഫാറൂഖ് രാജാവിന്റെ രാജകീയാഡംബരങ്ങളുടെ പ്രതീകമായി വര്‍ണോജ്വല കൊട്ടാരം. തന്റെ കിങ്കരന്മാര്‍ നിഷ്ഠുരമായി വധിച്ച ഇമാം ഹസനുല്‍ ബന്നായുടെ അനുയായികള്‍ എന്നെങ്കിലും ഈജിപ്ത് ഭരിക്കുമെന്ന് അദ്ദേഹം സ്വപ്‌നേപി നിനച്ചിരിക്കില്ല..... പുതിയ ഈജിപ്ത് ചരിത്രമൊക്കെ മാറ്റിയെഴുതിക്കൊണ്ടിരിക്കുന്നു.

Comments

Other Post