കരയണയാത്ത കപ്പലിന്റെ ഓര്‍മക്ക് / ഗസ്സ പ്രതിരോധത്തിന്റെ പാഠശാല-16
ഗസ്സ ഹാര്‍ബറിനടുത്ത്, ബീച്ചിലേക്ക് ഇറങ്ങുമ്പോള്‍ മാര്‍ബ്ള്‍ പതിച്ച, ചുറ്റും ടൈലുകള്‍ പാകിയ, പുല്‍ത്തകിടികളോട് കൂടിയ ഒരു സ്തൂപം ഉയര്‍ന്നു നില്‍ക്കുന്നത് കാണാനാവും. ഗസ്സയിലെ ഏറ്റവും ശ്രദ്ധേയമായ സ്മാരക സ്തൂപങ്ങളിലൊന്ന്- അതാണ് മാവി മര്‍മര സ്മാരകം. മാവി മര്‍മര ഗസ്സക്കാരുടെ വികാരമാണ്. ഇസ്രയേലിന്റെ കിരാതമായ ഉപരോധത്തെ ലംഘിച്ച് ഗസ്സയിലേക്ക് പുറപ്പെട്ട കപ്പല്‍ വ്യൂഹത്തിലെ ഏറ്റവും വലിയ കപ്പലായിരുന്നു മാവി മര്‍മര. ഗസ്സന്‍ തീരത്ത് അടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും, ഗസ്സക്കാരുടെ മാത്രമല്ല, ലോകത്തെങ്ങുമുള്ള വിമോചനപ്പോരാളികളുടെ മനസ്സില്‍ നങ്കൂരമിടാന്‍ കഴിഞ്ഞ പേടകമാണത്. വിവിധ നാട്ടുകാരും മതക്കാരും ആശയഗതിക്കാരുമായ മനുഷ്യസ്‌നേഹികളെ വഹിച്ച ആ കപ്പല്‍; നോഹയുടെ പേടകം പോലെ വൈവിധ്യങ്ങളുടെ സമ്മേളനമായിരുന്നു. ആ കപ്പലിന്റെ നിതാന്തമായ ഓര്‍മയെയാണ് ഗസ്സ ബീച്ചിലെ ഈ സ്മാരകം പങ്കുവെക്കുന്നത്. അഷ്ടദിക്കുകളില്‍ നിന്നും പല വഴിയില്‍ ഗസ്സയിലേക്ക് പുറപ്പെട്ട സാഹസ സഞ്ചാരികള്‍ക്കുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഗോപുരം കൂടിയാണത്. അക്കഥയിലേക്ക് വരാം:
'ഫ്രീ ഗസ്സാ മൂവ്‌മെന്റ്' എന്ന പേരില്‍, ഗസ്സയിലെ ഇസ്രയേലി ഉപരോധത്തിനെതിരെ ലോകത്തിന്റെ പല ഭാഗത്തും ജനകീയ മുന്‍കൈകള്‍ രൂപപ്പെട്ടു വരുന്ന കാലമായിരുന്നു അത്. ഇസ്രയേലും ഈജിപ്തും ചേര്‍ന്ന് ആ ചെറുദേശത്തിന് മേല്‍ അടിച്ചേല്‍പിച്ച ക്രൂരമായ ഉപരോധത്തെ ലംഘിച്ചു കൊണ്ട് സഹായവസ്തുക്കളുമായി ഗസ്സയിലേക്ക് യാത്രകള്‍ സംഘടിപ്പിക്കുക എന്ന ആശയം ആക്റ്റിവിസ്റ്റുകള്‍ക്കിടയില്‍ ഉയര്‍ന്നു വന്നു. കുഞ്ഞുങ്ങള്‍ക്ക് കളിക്കാനുള്ള കളിപ്പാട്ടവും കഴിക്കാനുള്ള ബിസ്‌കറ്റും പനി വന്നാല്‍ വിഴുങ്ങാനുള്ള പാരസെറ്റാമോളും മുതല്‍, കെട്ടിടം പണിയാനുള്ള കമ്പിയും സിമന്റുമുള്‍പ്പെടെ വൈവിധ്യമാര്‍ന്ന ചരക്കുകള്‍ ഗസ്സയിലേക്കെത്തിക്കുകയായിരുന്നു ഉദ്ദേശം. കേവലമൊരു റിലീഫ് പ്രവര്‍ത്തനമെന്നതിനപ്പുറം, പൊരുതുന്ന ഗസ്സയോടുള്ള രാഷ്ട്രീയ ഐക്യദാര്‍ഢ്യം കൂടിയായിരുന്നു ഈ യാത്രകള്‍. ഇസ്രയേലി ഉപരോധത്തെ ധിക്കരിക്കുകയെന്ന പ്രതിരോധ രാഷ്ട്രീയവും അതിലുണ്ട്.
ബ്രിട്ടനിലെ അറിയപ്പെട്ട മാധ്യമ/ മനുഷ്യാവകാശ പ്രവര്‍ത്തകയും കേരളത്തിലെ യുവ ഇസ്‌ലാമിക പ്രവര്‍ത്തകരുടെ സുഹൃത്തുമായ യിവോണ്‍ റിഡ്‌ലിയാണ് ഇത്തരത്തിലുള്ള യാത്രകള്‍ക്ക് തുടക്കമിട്ടത്. ഇന്റര്‍നാഷ്‌നല്‍ സോളിഡാരിറ്റി മൂവ്മന്റിന്റെ നേതൃത്വത്തില്‍, 2008 ആഗസ്തില്‍ 20 രാജ്യങ്ങളില്‍ നിന്നുള്ള 40 ആക്റ്റിവിസ്റ്റുകള്‍ യിവോണിന്റെ നേതൃത്വത്തില്‍ ലിബര്‍ട്ടി, ഫ്രീ ഗസ്സ എന്നിങ്ങനെ പേരുകളിട്ട രണ്ട് യാത്രാ ബോട്ടുകളില്‍ ഗസ്സയിലേക്ക് പുറപ്പെട്ടു. മെഡിറ്ററേനിയന്‍ ദ്വീപ് രാജ്യമായ സൈപ്രസിലെ ലാര്‍നാകയില്‍ നിന്നാണ് അവര്‍ ഗസ്സയെ ലക്ഷ്യമാക്കി പുറപ്പെട്ടത്. ആഴക്കടലിലൂടെ യാത്രാബോട്ടുകളില്‍ സഞ്ചരിക്കുകയെന്നത് തന്നെ സാഹസികമായ ഏര്‍പ്പാടായിരുന്നു. കൂടാതെ യാത്ര മുടക്കുമെന്ന ഇസ്രയേലി സൈന്യത്തിന്റെ ഭീഷണിയും. തീര്‍ത്തും പ്രതികൂലമായ സാഹചര്യത്തില്‍, കാറ്റിനെയും കോളിനെയും കീറിമുറിച്ച് ആ നൗകകള്‍ ആഗസ്റ്റ് 23-ന് ഗസ്സ തീരത്തെത്തി. 36 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി വിദേശത്ത് നിന്നുള്ള ഒരു ജലവാഹനം ഗസ്സന്‍ തീരത്തെ തൊടുന്നത് അപ്പോഴായിരുന്നു-അതിന് ശേഷം ഇതുവരെയും മറ്റൊന്ന് വന്നിട്ടുമില്ല. യിവോണിന്റെ യാത്രാ സംഘത്തെ തടയാനും വഴിമുടക്കാനും ഇസ്രയേലി സൈന്യം എല്ലാ ശ്രമവും നടത്തി. അവരുടെ വാര്‍ത്താ വിനിമയ സംവിധാനങ്ങളെ ഇലക്‌ട്രോണിക് ജാമറുകള്‍ ഉപയോഗിച്ച് തടസ്സപ്പെടുത്തി. ബോട്ടുകള്‍ക്ക് സമീപത്തുകൂടി തങ്ങളുടെ സ്പീഡ് ബോട്ടുകള്‍ വേഗത്തില്‍ പായിച്ച് കടലില്‍ അലകള്‍ സൃഷ്ടിച്ചു. യാത്രക്കാരെ ഭയചകിതരാക്കി പിന്തിരിപ്പിക്കുകയായിരുന്നു ഇസ്രയേലിന്റ ലക്ഷ്യം. ഇസ്രയേല്‍ ബോംബിട്ട് തകര്‍ത്താലല്ലാതെ പിന്തിരിയില്ലെന്ന് യിവോണ്‍ റിഡ്‌ലി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അവരെ നേരിട്ട് ആക്രമിക്കാന്‍ ഇസ്രയേല്‍ മുതിര്‍ന്നില്ല. അതിന് കാരണമുണ്ട്. ലോകത്ത് അറിയപ്പെടുന്ന പലരും ബോട്ടിലുണ്ടായിരുന്നു. അത്തരമൊരു സംഘത്തെ ആക്രമിച്ചാലുണ്ടാകുന്ന രാഷ്ട്രാന്തരീയ പ്രത്യാഘാതങ്ങളെ ഇസ്രയേല്‍ ഭയപ്പെട്ടതാണ് കാരണം. ബ്രിട്ടീഷ് പ്രധാന മന്ത്രിയായിരുന്ന ടോണി ബ്ലയറുടെ ഭാര്യാ സഹോദരിയും മാധ്യമ പ്രവര്‍ത്തകയുമായ ലോറന്‍ ബൂത്ത്1 ആ ബോട്ടിലുണ്ടായിരുന്നു. ലോക പ്രശസ്ത ആക്റ്റിവിസ്റ്റും നാസി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പ് ഇരകളില്‍ ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ പ്രധാനിയുമായ ഹെഡി എപ്സ്റ്റീനും (84) ബോട്ടിലുണ്ടാവും എന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ആരോഗ്യ കാരണങ്ങളാല്‍ അവസാന നിമിഷം എപ്സ്റ്റീന് യാത്ര റദ്ദാക്കേണ്ടി വരികയായിരുന്നു. ലാര്‍നാകയിലെ തുറമുഖത്ത് ബോട്ടിനെ യാത്രയാക്കാന്‍ അവരുണ്ടായിരുന്നു. നാസികളുടെ ജൂത കൂട്ടക്കൊലയെ അതിജീവിച്ച ഈ വൃദ്ധയുടെ ആശീര്‍വാദത്തോടെ പുറപ്പെട്ട യാത്രാ സംഘത്തെ ജൂത രാജ്യം ആക്രമിച്ചാലുണ്ടാവുന്ന പ്രചാരണപരമായ നഷ്ടവും ഇസ്രയേല്‍ ഓര്‍ത്തു കാണും. നാസി കൂട്ടക്കൊലയുടെ ഇരകളോടുള്ള സാര്‍വദേശീയ സഹതാപത്തിന്റെ ചെലവിലാണല്ലോ ഇസ്രയേല്‍ രാജ്യം തന്നെ പിറന്നത്. പ്രശസ്ത അമേരിക്കന്‍ ചിന്തകനും ആക്റ്റിവിസ്റ്റുമായ പോള്‍ ലറൂദി2യാണ് യാത്രയുടെ മുഖ്യസംഘാടകനായി സൈപ്രസില്‍ ഉണ്ടായിരുന്നത്.
370 കിലോമീറ്റര്‍ കടല്‍ ദൂരം 30 മണിക്കൂര്‍ കൊണ്ട് യാത്ര ചെയ്ത് ആഗസ്റ്റ് 23-ന് വൈകുന്നേരം അവര്‍ ഗസ്സ തീരത്തെത്തി. 'പ്രദര്‍ശന ബോട്ടുയാത്രക്കാര്‍' (Show Boaters) എന്നാണ് ഇസ്രയേലി മീഡിയ ഇവരെ പരിഹസിച്ചു കൊണ്ടെഴുതിയത്. ഇത് ഒരര്‍ഥത്തില്‍ ശരിയുമായിരുന്നു. ഗസ്സയുടെ വേദന ലോകത്തിന് കാണിച്ചുകൊടുക്കുകയും അവരോടുള്ള ലോകജനതയുടെ ഐക്യദാര്‍ഢ്യം പ്രദര്‍ശിപ്പിക്കുകയുമായിരുന്നു യാത്രയുടെ ഉദ്ദേശ്യം. അല്ലാതെ, ഈ കൊച്ചു ബോട്ടില്‍ ഗസ്സക്കാരുടെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കുന്ന സഹായ വസ്തുക്കള്‍ കൊണ്ടുപോകാനേ സാധ്യമായിരുന്നില്ല. ഗസ്സയിലെ ഒരു ബധിര വിദ്യാലയത്തിനുള്ള 200 ശ്രവണ സഹായികളും കുട്ടികള്‍ക്ക് കളിക്കാന്‍ 5000 ബലൂണുകളും മാത്രമായിരുന്നു അവര്‍കൂടെ കൊണ്ടുപോയ സഹായ വസ്തുക്കള്‍. പക്ഷേ, യിവോണിന്റെ നേതൃത്വത്തിലുള്ള ആ യാത്ര വലിയൊരു പ്രസ്ഥാനത്തിന് തന്നെ തുടക്കം കുറിക്കുകയായിരുന്നു.
പിന്നീട് യാത്രകളുടെ ഒരു പരമ്പര തന്നെയായിരുന്നു. ഒരര്‍ഥത്തില്‍ പ്രതിരോധ തീര്‍ഥാടനം എന്നു പറയാവുന്ന തരത്തില്‍, ലോകത്തിന്റെ വിദൂര ദിക്കുകളില്‍ നിന്ന് ചെറുതും വലുതുമായ യാത്രാസംഘങ്ങള്‍ പല വഴികളില്‍ ഗസ്സയെ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. അതിലെ ഏറ്റവും ശ്രദ്ധേയമായ യാത്രാ പരമ്പരയായിരുന്നു, ബ്രിട്ടനിലെ റെസ്‌പെക്റ്റ് പാര്‍ട്ടി നേതാവും ഇടതുപക്ഷക്കാരനുമായ ജോര്‍ജ് ഗലവെയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട 'വിവാ പാലസ്റ്റീനാ'3 യാത്രാ പരിപാടി. 2009 ജനുവരിയില്‍ ബ്രിട്ടനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഒരു ചാരിറ്റി സംഘടനയാണ് വിവാ പാലസ്റ്റീനാ. 2009 ഫെബ്രുവരി 14ന് വാലന്റൈന്‍ ദിനത്തിലാണ് അവരുടെ ആദ്യത്തെ യാത്രാ പരിപാടി ആരംഭിക്കുന്നത്. ബ്രിട്ടനില്‍ നിന്ന് റോഡുമാര്‍ഗം ബെല്‍ജിയം, ഫ്രാന്‍സ് വഴി സ്‌പെയിനിലെത്തി, അവിടെ നിന്ന് ജിബ്രാള്‍ട്ടര്‍ കടല്‍ കടന്ന് മൊറോക്കോ, അള്‍ജീരിയ, തുനീഷ്യ, ലിബിയ, ഈജിപ്ത് വഴി റഫാ ക്രോസിംഗിലൂടെ ഗസ്സയിലേക്ക് കടക്കുകയായിരുന്നു പദ്ധതി. 110 വാഹനങ്ങളുമായാണ് ബ്രിട്ടനില്‍ നിന്ന് യാത്ര തുടങ്ങിയത്. ഇതിലൊന്ന് ബ്രിട്ടനിലെ അഗ്നിശമന സേനയിലെ തൊഴിലാളി യൂനിയന്‍ സംഭാവന ചെയ്ത ഒരു ഫയര്‍ എഞ്ചിനായിരുന്നു. കൂടാതെ 12 ആംബുലന്‍സുകളും ഒരു ബോട്ടും. ബാക്കി മുഴുവന്‍ ചരക്കുകള്‍ നിറച്ച കൂറ്റന്‍ ട്രക്കുകള്‍. യാത്ര തുടങ്ങുന്നതിന്റെ രണ്ടു ദിവസം മുമ്പ് യാത്രാസംഘത്തിലെ രണ്ടു പേരെ ഭീകരതാ കുറ്റങ്ങള്‍ ആരോപിച്ച് ബ്രിട്ടീഷ് പോലിസ് അറസ്റ്റു ചെയ്തു. അത് വലിയ വിവാദ വാര്‍ത്തയായി. യാത്രക്ക് ഓഫര്‍ ചെയ്യപ്പെട്ട നല്ലൊരു ശതമാനം സംഭാവനകള്‍ ഈ വിവാദത്തോടെ തടയപ്പെടുകയായിരുന്നു. അല്ലായിരുന്നെങ്കില്‍ ഇതിലും വലിയ വാഹന വ്യൂഹത്തെ അവര്‍ക്ക് സജ്ജീകരിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍, യാത്ര ലിബിയയിലെത്തിയപ്പോള്‍ ലോഡു നിറച്ച 180 ട്രക്കുകള്‍ കൂടി അവരുടെ സംഘത്തില്‍ ചേര്‍ന്നു. ഈജിപ്തു വരെ തെരുവായ തെരുവുകളിലെല്ലാം ജനകീയ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടാണ് യാത്രാ സംഘം കടന്നുപോയത്. എന്നാല്‍, ഈജിപ്തിലെത്തിയപ്പോള്‍ ഹുസ്‌നി മുബാറകിന്റെ പട്ടാളം അവരെ പരമാവധി ബുദ്ധിമുട്ടിച്ചു. കൊണ്ടുവന്ന ഫയര്‍ എഞ്ചിനും ബോട്ടും ഗസ്സയിലേക്ക് കടത്താന്‍ അനുവദിച്ചില്ല. മരുന്നല്ലാത്ത ചരക്കുകളെല്ലാം ഈജിപ്ത് പിടിച്ചു വെച്ചു. ഒരു മാസത്തോളം നീണ്ടു നിന്ന യാത്രക്കൊടുവില്‍ മാര്‍ച്ച് 09ന് വിവാ പാലസ്റ്റീന സംഘം ഗസ്സയിലെത്തി. ആവേശഭരിതരായ ആയിരങ്ങള്‍ ആ യാത്രയെ സ്വീകരിച്ചു. പിന്നീട് സമാന സ്വഭാവത്തിലുള്ള നാലോളം യാത്രകള്‍ വിവാ പാലസ്റ്റീന സംഘടിപ്പിച്ചു. രണ്ടാമത്തെത് അമേരിക്കന്‍ ആക്റ്റിവിസ്റ്റുകള്‍ കൂടി ഉള്‍പ്പെട്ടതായിരുന്നു. വിമാനം വഴി ഈജിപ്തിലെ അല്‍ അരിഷിലെത്തിയ സംഘം റോഡുമാര്‍ഗം റഫ ക്രോസിംഗിലൂടെ ഗസ്സയിലേക്ക് കടക്കുകയായിരുന്നു. മൂന്നാമത്തെ യാത്രയായിരുന്നു ഏറ്റവും സാഹസം നിറഞ്ഞത്. ബ്രിട്ടനില്‍ നിന്ന് റോഡ് വഴി, ഫ്രാന്‍സ്, ബെല്‍ജിയം, ലക്‌സംബര്‍ഗ്, ഓസ്ട്രിയ, ജര്‍മനി, ഇറ്റലി, ഗ്രീസ്, തുര്‍ക്കി, സിറിയ, ജോര്‍ദാന്‍, ഈജിപ്ത് വഴിയായിരുന്നു അവര്‍ ഗസ്സയിലെത്തിയത്. 2009 ഡിസംബര്‍ ആറിന് പുറപ്പെട്ട യാത്ര, 2010 ജനുവരി ഏഴിനാണ് ഗസ്സയിലെത്തുന്നത്. ജോര്‍ജ് ഗലവേ തന്നെയായിരുന്നു നായകന്‍. ഹുസ്‌നി മുബാറകിന്റെ സൈന്യം സാധാരണയില്‍ കവിഞ്ഞ പ്രയാസങ്ങളാണ് ഈ യാത്രാ സംഘത്തിന് സൃഷ്ടിച്ചത്. അല്‍ അരിഷിലും റഫയിലും യാത്രികര്‍ ഈജിപ്ഷ്യന്‍ പോലിസുമായി ഏറ്റുമുട്ടി. ഗലവെയെ ഈജിപ്ത് പുറത്താക്കി. ഈജിപ്തില്‍ പ്രവേശിക്കുന്നത് അദ്ദേഹത്തിന് വിലക്കി. സഹായ വസ്തുക്കളില്‍ നല്ലൊരു ശതമാനം കണ്ടുകെട്ടി.
ഇസ്രയേലിന്റെയും ഈജിപ്തിന്റെയും ക്രൂരതകള്‍ക്ക് മുമ്പില്‍ തളരാതെ പിന്നെയും പിന്നെയും യാത്രാസംഘങ്ങള്‍ ഗസ്സയെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു. ഏതാണ്ടെല്ലാ യൂറോപ്യന്‍ നാടുകളിലും ഇത്തരം യാത്രാ സംഘങ്ങള്‍ രൂപം കൊണ്ടു. മലേഷ്യ, ഇന്തോനേഷ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇത്തരം മുന്‍കൈകള്‍ ഉണ്ടായി. 2011 ജനുവരിയില്‍ കേരളത്തിലെ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റിന്റെ നേതാക്കളായ ഷെഹിന്‍ കെ മൊയ്തുണ്ണി, ബിശ്‌റുദ്ദീന്‍ ശര്‍ഖി എന്നിവര്‍ കൂടി ഉള്‍പ്പെട്ട 'ഏഷ്യാ-ഗസ്സ കാരവന്‍' സംഘടിപ്പിക്കപ്പെടുന്നതും ഇതിന്റെ ഭാഗമായിരുന്നു. ദല്‍ഹിയില്‍ നിന്ന് പാകിസ്ഥാന്‍, ഇറാന്‍, തുര്‍ക്കി, സിറിയ, ഈജിപ്ത് വഴിയായിരുന്നു അവരുടെ യാത്രാ റൂട്ട്. അങ്ങനെ കിഴക്കും പടിഞ്ഞാറുമുള്ള നല്ലവരായ ഒരുപാട് മനുഷ്യര്‍; -അവരില്‍ മുസ്‌ലിംകളും അല്ലാത്തവരുമുണ്ട്; ഇടതുപക്ഷക്കാരും വലതുപക്ഷക്കാരും അരാജകവാദികളും ഫെമിനിസ്റ്റുകളും ഉത്തരാധുനികരും ജിപ്‌സികളും മാര്‍ക്‌സിസ്റ്റുകളും കറുത്തവരും വെളുത്തവരുമെല്ലാമുണ്ട്- ഗസ്സയിലേക്ക് പാഥേയമൊരുക്കി. നൂറുകണക്കിന് ട്രക്കുകളിലായി മില്യന്‍ കണക്കിന് ഡോളറിന്റെ സഹായവസ്തുക്കള്‍ അവര്‍ കൊണ്ടു പോയി. അപ്പോഴെല്ലാം ഒരു കാര്യം ഓര്‍ത്തു വെക്കുക; ഒരൊറ്റ അറബ്/ഗള്‍ഫ് രാജ്യത്ത് നിന്നും ഒരു ഗുഡ്‌സ് ഓട്ടോ പോലും ഗസ്സയിലേക്ക് പുറപ്പെട്ടില്ല!
ഈ യാത്രകളിലെല്ലാം വെച്ച് ഏറ്റവും ബൃഹത്തും ശ്രദ്ധേയവുമായിരുന്നു 2010 മെയ് മാസത്തില്‍ നടന്ന തുര്‍ക്കി-ഗസ്സ ഫ്‌ളോട്ടില. ഒമ്പത് കപ്പലുകളുടെ ഒരു സംഘമായിരുന്നു അത്. മാവി മര്‍മര അതിലെ ഏറ്റവും വലിയ കപ്പല്‍. ആ കപ്പല്‍ ഇസ്രയേല്‍ ആക്രമിച്ച് ഒമ്പത് പേരെ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് മാവി മര്‍മര യാത്ര എന്ന പേരിലാണ് അത് പൊതുവെ അറിയപ്പെടുന്നത്. ഗസ്സ ഉപരോധത്തെ ലോകത്തിന്റെ പൊതു പ്ലാറ്റ്‌ഫോമില്‍ സജീവമാക്കി നിലനിര്‍ത്തുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിച്ചത് ആ യാത്രയായിരുന്നു. ഫലസ്തീന്‍ അനുകൂല ആക്റ്റിവിസത്തിന്റെ ചരിത്രത്തിലെ തിളങ്ങുന്ന ഏടാണത്. അതെക്കുറിച്ച് അടുത്ത ലക്കത്തില്‍.
(തുടരും)
1. ലോറന്‍ ബൂത്ത്: ബ്രിട്ടനിലെ അറിയപ്പെട്ട ടി.വി അവതാരകയും മാധ്യമ പ്രവര്‍ത്തകയുമാണ് ലോറന്‍ ബൂത്ത് (ജനനം 1967). ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലയറിന്റെ ഭാര്യ ചെറി ബ്ലയറിന്റെ സഹോദരി. 2008 ആഗസ്ത് 23ന് ബോട്ട് വഴി ഗസ്സയിലെത്തിയ അവര്‍ക്ക് സെപ്റ്റംബര്‍ 20-ന് മാത്രമേ ഗസ്സയില്‍ നിന്ന് പുറത്ത് കടക്കാന്‍ പറ്റിയുള്ളൂ. ഈജിപ്തും ഇസ്രയേലും ചേര്‍ന്ന് സൃഷ്ടിച്ച ഉടക്കുകളായിരുന്നു കാരണം. ഹമാസ് പ്രധാനമന്ത്രി ഇസ്മായില്‍ ഹനിയ്യ അവര്‍ക്ക് ഫലസ്ത്വീന്റെ ഹോണററി പാസ്‌പോര്‍ട്ട് നല്‍കി ആദരിച്ചു. ഗസ്സ യാത്രയും ഗസ്സയിലെ ജീവിതവും ഇസ്‌ലാമിക ജീവിതം അടുത്തറിയാന്‍ ലോറനെ സഹായിച്ചു. 2010 ഒക്‌ടോബര്‍ 23ന് അവര്‍ ഇസ്‌ലാം സ്വീകരിച്ചതായി പ്രഖ്യാപിച്ചു. അന്ന്, ബ്രിട്ടനിലെ 'ചാനല്‍ ഇസ്‌ലാ'മില്‍ ഹിജാബ് ധരിച്ച് പ്രത്യക്ഷപ്പെട്ട അവര്‍ 'My name is Lauren Booth, and I am a Muslim' എന്നു പ്രഖ്യാപിക്കുകയായിരുന്നു.
2. പോള്‍ ലറൂദി: (ജനനം. 1946). പ്രശസ്ത അമേരിക്കന്‍ ആക്റ്റിവിസ്റ്റും ഭാഷാ ശാസ്ത്രജ്ഞനും. ഫ്രീ ഗസ്സ മൂവ്‌മെന്റിന്റെ മുന്‍നിര പോരാളിയാണ് ഈ ജൂത വംശജന്‍. മാവി മര്‍മരാ യാത്രയില്‍ ഉണ്ടായിരുന്ന ലറൂദി ഇസ്രയേല്‍ ആക്രമണത്തെത്തുടര്‍ന്ന് കടലില്‍ ചാടി ഒന്നര മണിക്കൂറോളം നടുക്കടലില്‍ വെള്ളത്തില്‍ ചെലവഴിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മലപ്പുറം ജില്ലാ എസ്.ഐ.ഒ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹത്തെ കേരള പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
3. 'ഫലസ്ത്വീന്‍ നീണാള്‍ വാഴട്ടെ' എന്നതിന്റെ സ്പാനിഷ് ഭാഷാന്തരമാണ് വിവാ പാലസ്റ്റീന.
Comments