Prabodhanm Weekly

Pages

Search

2013 ജൂണ്‍ 21

മതേതര കാമ്പസില്‍ ഞങ്ങളൊക്കെ നേരം വെളുക്കാത്തവരാണ്!

കെ.ജി നിമ ലുലു, കാരകുന്ന്

ജൂണ്‍ 7-ലെ കേരളത്തിലെ മതേതര കാമ്പസുകളിലെ 'പെന്‍ഗ്വിന്‍' ജീവിതങ്ങള്‍ എന്ന കവര്‍‌സ്റ്റോറി വിദ്യാര്‍ഥിനികള്‍ക്ക് ആത്മവിശ്വാസം പകരുന്നതായി. ഇസ്‌ലാമിക വേഷവും സംസ്‌കാരവും പുലര്‍ത്തുന്ന പെണ്‍കുട്ടികള്‍ക്ക് മതേതര കലാലയങ്ങളില്‍ നേരിടുന്ന പ്രശ്‌നങ്ങളും പ്രയാസങ്ങളും പല രീതിയിലുള്ളതാണ്. ഉറച്ച ഇഛാശക്തിയില്ലെങ്കില്‍ പതറിപ്പോകും. ഹൈദരാബാദ് അഗ്രികള്‍ച്ചര്‍ യൂനിവേഴ്‌സിറ്റിക്ക് കീഴില്‍ ഒരു എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ഥിനിയാണ് ഞാന്‍.
എന്റെ കാമ്പസില്‍ മുഖമക്കന ധരിക്കുന്ന ഏക മലയാളി വിദ്യാര്‍ഥിനിയായതുകൊണ്ട് മുസ്‌ലിം സഹപാഠികളില്‍നിന്നും പൊതുസമൂഹത്തിലെ സഹപാഠികളില്‍നിന്നും ടീച്ചിംഗ് സ്റ്റാഫില്‍നിന്നും വിവിധ രീതിയിലുള്ള പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കുടുംബത്തിലും നാട്ടിലും മുഖം മൂടിയുള്ള പര്‍ദ ധരിച്ച് നടക്കുന്ന അന്യ സംസ്ഥാന വിദ്യാര്‍ഥിനികള്‍ കാമ്പസിലെത്തുമ്പോള്‍ ഇസ്‌ലാമിക വേഷത്തോട് വിട പറയുന്നു. പിന്നീട് തിരിച്ചണിയുന്നത് ഹോസ്റ്റലില്‍നിന്ന് വീട്ടിലേക്ക് പോകുമ്പോഴായിരിക്കും. കാമ്പസില്‍ അവരെ തിരിച്ചറിയാന്‍ സാധ്യമല്ല. മാത്രമല്ല അവരായിരിക്കും പലപ്പോഴും മക്കന ഊരി വെക്കാന്‍ പ്രോത്സാഹിപ്പിക്കുന്നവര്‍. മുഖം തുറന്ന മക്കന ധരിക്കുന്ന മലയാളികളെ മുസ്‌ലിമായി പരിഗണിക്കാന്‍ കൂട്ടാക്കാത്തവര്‍ പോലും ഇക്കൂട്ടത്തിലുണ്ട്. സമുദായത്തില്‍നിന്നുള്ള ഒറ്റപ്പെടുത്തല്‍ ഇത്തരത്തിലാണെങ്കില്‍ പൊതു സമൂഹത്തിലെ സഹപാഠികള്‍ ഭീകരവാദ തീവ്രവാദ ചിഹ്നമായും നേരംവെളുക്കാത്തവരായും ചിത്രീകരിക്കുന്നു.
കേരളത്തില്‍നിന്ന് ആന്ധ്രാപ്രദേശിലെ കാമ്പസിലെത്തിയപ്പോള്‍ ആദ്യത്തില്‍ പൊതുസമൂഹത്തിലെ സഹപാഠികള്‍ അകലം പാലിക്കാന്‍ ശ്രമിച്ചെങ്കിലും ഇടപെടലുകളും സംവാദങ്ങളും തുറന്ന നിലപാടുകളും ബോധ്യപ്പെടുത്തിയപ്പോള്‍ ആദരവോടെ സ്വീകരിക്കാനും നമസ്‌കാര സമയം ഓര്‍മിപ്പിക്കാനും തയാറായി. ചിലരെങ്കിലും പുതിയ തന്ത്രങ്ങള്‍ പ്രയോഗിക്കാതിരുന്നില്ല. പ്രേമത്തിന്റെ വലയത്തില്‍ വീഴ്ത്താനും നമ്മുടെ മൂല്യങ്ങളില്‍ നിന്നടര്‍ത്തിമാറ്റാനും ആണ്‍കുട്ടികള്‍ക്ക് ഒത്താശ ചെയ്യുന്നവരും മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച് കൊടുക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.
അധ്യാപകരുടെ നിരന്തരമായ നിരുത്സാഹപ്പെടുത്തലുകളും കൂട്ടുകാരുടെ ഒറ്റപ്പെടുത്തലുകളും ഉണ്ടെങ്കിലും വിശ്വാസദാര്‍ഢ്യതയോടെ ഇസ്‌ലാമിക വേഷവും സംസ്‌കാരവും കാത്തുസൂക്ഷിക്കാന്‍ സാധിച്ചത് നാട്ടിലും കുടുംബത്തിലുമുള്ള ഇസ്‌ലാമിക പ്രസ്ഥാന പശ്ചാത്തലവും ഈ വേഷം നല്‍കുന്ന ആത്മവിശ്വാസവുമാണ്.

 

സായം ബഷീര്‍, കറ്റാണം, ആലപ്പുഴ /
ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്ത ബ്രാഹ്മണ കുടുംബങ്ങള്‍

അഡ്വ. കെ.ഒ ആയിഷാബായിയെക്കുറിച്ച ലേഖനം വായിച്ചു. മുന്നൂറ് വര്‍ഷം മുമ്പ് ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്ത ബ്രാഹ്മണ കുടുംബത്തിലെ പിന്‍തലമുറയില്‍ പിറന്നവരാണ് ആയിഷാബായ് എന്ന് ലേഖനത്തില്‍ സൂചിപ്പിച്ചിട്ടുണ്ടല്ലോ. ഇസ്‌ലാം സ്വീകരിച്ച, സമാന ചരിത്രമുള്ള വേറെയും ബ്രാഹ്മണ കുടുംബങ്ങള്‍ കറ്റാണം-ഇലിപ്പക്കുളം ഭാഗങ്ങളില്‍ ഉണ്ട്. ആയിഷാബായിയുടെ മാതാവ് 'കൈതമന' കുടുംബാംഗമാണെന്ന് ലേഖനത്തില്‍ പറയുന്നുണ്ട്. 'കൈത മന'യുടെ ഇപ്പോഴത്തെ പേര് 'കൈതവന' എന്നാണ്. കൈത മന എന്ന പഴയ പേര് ബ്രാഹ്മണ ഇല്ലത്തിന്റേതാണ്. വീട്, കുടുംബം എന്നീ അര്‍ഥങ്ങളില്‍ ബ്രാഹ്മണര്‍ ഉപയോഗിക്കുന്ന പദമാണല്ലോ 'മന'. കൈതമന തറവാടിന്റെ മുമ്പില്‍ ഇപ്പോഴും ഒരു ക്ഷേത്രം നിലനില്‍ക്കുന്നുണ്ട്. കൈതമന കുടുംബത്തിലെ പൂര്‍വികര്‍ പണിതതാണ് പ്രസ്തുത ക്ഷേത്രം എന്നാണ് പൊതുവില്‍ പറയപ്പെടുന്നത്. 'കൈതമന' കുടുംബത്തോട് ബന്ധമുണ്ടായിരുന്ന വേറെയും കുടുംബങ്ങള്‍ ഇസ്‌ലാമിലേക്ക് മാറിയിട്ടുണ്ട്. നാടാലക്കല്‍, വൈഷ്ണാടം, ശാസ്താവിന്റെ തെക്കിടം തുടങ്ങിയ മുസ്‌ലിം കുടുംബങ്ങള്‍ ഉദാഹരണം. അതിലൊന്നാണ് നാടാലക്കല്‍. ഇതിന്റെ യഥാര്‍ഥ ബ്രാഹ്മണ്‍ പ്രയോഗം 'നാടാല ശാല' എന്നായിരുന്നു. 'വൈഷ്ണാടം' എന്ന് ഇന്ന് അറിയപ്പെടുന്ന കുടുംബത്തിന്റെ ബ്രാഹ്മണിക്കല്‍ ഒറിജിന്‍ 'വൈശ മഠം' എന്നാണ്. ശാസ്താവിന്റെ തെക്കിടം എന്ന് ഇന്ന് വിളിക്കപ്പെടുന്നതിന്റെ യഥാര്‍ഥ രൂപം ശാസ്താവിന്റെ തെക്കേ മഠം എന്നാണ്. ഈ മുസ്‌ലിം കുടുംബങ്ങളുടെ പരിസരത്തെല്ലാം പഴയ ബ്രാഹ്മണ ജീവിതരീതികളുടെ അവശിഷ്ടങ്ങള്‍ കാണാം.

 

ടി.വി മുഹമ്മദലി /
പ്രസംഗങ്ങള്‍ വാചാലമാകുമ്പോള്‍

''ഇസ്‌ലാമിനെ അവകാശികള്‍ക്ക് എത്തിച്ചുകൊടുക്കുക. ഖുര്‍ആനും ഇസ്‌ലാമും എല്ലാ മനുഷ്യരുടേതുമാണ്; മുസ്‌ലിംകളുടെത് മാത്രമല്ല....'' ഈ ആമുഖ പ്രഭാഷണത്തോടെ തുടക്കമിട്ട പൊതുപരിപാടി, പിന്നെപ്പിന്നെ പ്രസംഗകരുടെ ആവേശകരമായ വാഗ്‌ധോരണിയായി മാറുന്നു. കേള്‍വിക്കാര്‍ക്കും ഇമ്പം. ''ഇസ്‌ലാമിനെയും ശരീഅത്തിനെയും ആക്ഷേപിച്ചും പരിഹസിച്ചും നടന്നവര്‍ ഇപ്പോള്‍ എവിടെയെത്തി? ഇസ്‌ലാമിക് ബാങ്കിംഗ് വേണമെന്ന് പറയേണ്ടിവന്നില്ലേ അവര്‍ക്ക്?''
കേരളത്തില്‍ ഇടതുപക്ഷ ഭരണകാലത്ത് ധനകാര്യമന്ത്രി ഇസ്‌ലാമിക് ബാങ്കിംഗിനനുകൂലമായ നിലപാടെടുത്തതിനെയാണ് പ്രസംഗകര്‍ കശക്കുന്നത്. ഇടതുപക്ഷം തോറ്റെന്നും തന്റെ പക്ഷം ജയിച്ചെന്നുമുള്ള ഭാവം പ്രസംഗകന്. മനുഷ്യര്‍ക്കാകമാനം ഇസ്‌ലാമിനെ എത്തിച്ചുകൊടുക്കണമെന്ന നടേ പറഞ്ഞ ദൗത്യം നിറവേറ്റുന്നവര്‍ക്ക് ഈ ഭാവം ചേരില്ല. ഇത് വിലകുറഞ്ഞ രാഷ്ട്രീയ പ്രസംഗകര്‍ക്കേ പറ്റൂ.
ഇസ്‌ലാമിനെ വിമര്‍ശിച്ചിരുന്നവര്‍ പിന്നീട് ഇസ്‌ലാമിലെ സാമ്പത്തിക വ്യവസ്ഥയിലെ ബാങ്കിംഗിനെ അംഗീകരിക്കുന്നുവെങ്കില്‍ അത് വിലമതിക്കപ്പെടുകയും മാനിക്കപ്പെടുകയുമല്ലേ വേണ്ടത്? അന്വേഷണത്തില്‍ ബോധ്യപ്പെട്ട കാര്യം സമ്മതിക്കാന്‍ സന്നദ്ധമാകുന്നു എന്നത് ബുദ്ധിപരമായ സത്യസന്ധതയാണ്. അതിനെ സ്വാഗതം ചെയ്യുകയും ആദരിക്കുകയും വേണം. ഇസ്‌ലാമിന്റെ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ, ധാര്‍മിക, ആത്മീയ വ്യവസ്ഥകളെയൊക്കെ കണ്ടെത്താനുള്ള സാഹചര്യം അവര്‍ക്ക് ഒരുക്കുകയും വേണം. ചിന്തയെയും അന്വേഷണത്തെയും ത്വരിപ്പിക്കുന്ന വലിയ മനസ്സല്ലേ പ്രബോധകന് വേണ്ടത്.
ഇസ്‌ലാമിനെപ്പറ്റി ആരുടെ അന്വേഷണത്തെയും കണ്ടെത്തലിനെയും കൊച്ചാക്കരുത്. കുത്തകക്കാര്‍ തങ്ങളാണെന്ന ധ്വനിയും അരുത്. 1970-കളുടെ ആദ്യ പാദത്തില്‍ തിരൂരില്‍ നടന്ന ജമാഅത്തെ ഇസ്‌ലാമി മധ്യമേഖല സമ്മേളനത്തിലെ സിമ്പോസിയത്തില്‍ പ്രസംഗ മധ്യേ സ്വാമി നിര്‍മലാനന്ദ യോഗി ഒരു ഖുര്‍ആന്‍ സൂക്തമോതി. അദ്ദേഹത്തിന്റെ അറബി ഉച്ചാരണം കേട്ട് സദസ്സ് ചിരിച്ചു. മോഡറേറ്ററായിരുന്ന ടി. മുഹമ്മദ് സാഹിബ് (കൊടിഞ്ഞി) സദസ്സിനെ തിരുത്തി; അങ്ങനെ ചിരിക്കരുതെന്ന്. ഇയാള്‍ക്ക് ഖുര്‍ആന്‍ ഓതാന്‍ അറിയ്വോ, ഞങ്ങള്‍ക്കല്ലേ അതറിയുക എന്നാണ് ആ ചിരിയുടെ സാരമെന്ന് തോന്നാം. അതിനെയാണ് ടി.എം തിരുത്തിയത്. ഖുര്‍ആനും ഇസ്‌ലാമും ആരുടെ അന്വേഷണ -പഠനത്തിലൂടെ ഏതളവില്‍ മനസ്സിലാക്കപ്പെടുന്നതിനെയും വികലമെന്നോ ഭാഗികമെന്നോ കരുതി പുഛിക്കുകയല്ല, മാനിക്കുകയാണ് വേണ്ടതെന്നാണ് ആ തിരുത്തലിന്റെ അര്‍ഥം.
പൊതു പ്രസംഗ പരിപാടിക്ക് ശേഷം സംഘാടകര്‍ പലപ്പോഴും നിരാശയോടെ പറയാറുണ്ട്: ''പ്രസംഗകന്‍ രാഷ്ട്രീയവും ലോക കാര്യങ്ങളുമൊക്കെ പരാമര്‍ശിച്ചു. ഇസ്‌ലാമിന്റെയോ പ്രസ്ഥാനത്തിന്റെയോ ഒരു കാര്യവും പറഞ്ഞില്ല.'' പ്രശ്‌നങ്ങള്‍ നിരത്തുകയും നിരൂപണം നടത്തുകയും ചെയ്ത് ഇസ്‌ലാമിക-പ്രാസ്ഥാനിക വീക്ഷണമോ പരിഹാര നിര്‍ദേശങ്ങളോ അവതരിപ്പിക്കാറില്ല പലരും. ലോക കാര്യങ്ങളില്‍ പ്രസംഗകനുള്ള വിവരം വിളമ്പല്‍ മാത്രമായി പ്രസംഗം മാറിയാല്‍, പരിപാടി സംഘടിപ്പിച്ചവരുടെ അധ്വാനം വെറുതെയാവും.
ഒരനുഭവം കുറിക്കട്ടെ: 1980-കളുടെ തുടക്കത്തില്‍ കൊച്ചി മറൈന്‍ ഡ്രൈവില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ വലിയൊരു പൊതുപരിപാടി. അന്നത്തെ അഖിലേന്ത്യാ അമീര്‍ മൗലാനാ അബുല്ലൈസ് സാഹിബാണ് പ്രധാന പ്രഭാഷകന്‍. ദേശീയ പ്രശ്‌നങ്ങളെ വിശകലനം ചെയ്ത് ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാട് വ്യക്തമാക്കുന്ന ശ്രദ്ധേയമായ പ്രസംഗമാണ് അമീര്‍ നടത്തിയത്. പ്രശ്‌നങ്ങള്‍ എടുത്ത് നിരത്തുക മാത്രമല്ല, പരിഹാര നിര്‍ദേശങ്ങളും ഇസ്‌ലാമിക പരിപ്രേക്ഷ്യത്തിലൂടെ അവതരിപ്പിച്ചു. ചിന്താര്‍ഹമായിരുന്നു അത്. പ്രസംഗത്തിന് തീം എന്നത് പോലെ മുന്നൊരുക്കവും രൂപരേഖയുമുണ്ടെങ്കിലേ ഇങ്ങനെ നല്ല പ്രസംഗം സാധ്യമാകൂ.

 

റംലാ അബ്ദുല്‍ ഖാദര്‍ കരുവമ്പൊയില്‍ /
'ഗസ്സ പ്രതിരോധത്തിന്റെ പാഠശാല' എന്ന സി. ദാവൂദിന്റെ യാത്രാ വിവരണം ഓരോ ലക്കവും പിന്നിടുമ്പോഴും കൂടുതല്‍ വൈകാരികവും ഭാവതീവ്രവുമാവുകയാണ്. പല ലക്കവും നെഞ്ചിടിപ്പോടെയും ശ്വാസമടക്കിപ്പിടിച്ചുമാണ് വായിച്ചുതീര്‍ക്കുന്നത്. ഫലസ്ത്വീനിയുടെ യഥാര്‍ഥ രൂപം വരച്ചുകാട്ടുന്ന ഈ പരമ്പര പ്രബോധനം വാരികയുടെ വരവിനെ തന്നെ ആവേശഭരിതമാക്കുന്നു.

 

ഡോ. പി. അബ്ദുല്ല, പരപ്പനങ്ങാടി /
ലക്കം 2804-ല്‍ കോയാകുട്ടി മൗലവിയുമായുള്ള അഭിമുഖത്തില്‍ '23 കോടി ക്രോമസോം' എന്നെഴുതിയതില്‍ പിശക് ഉണ്ട്. 23 ജോടി എന്നതാണ് ശരി. മനുഷ്യ ശരീരത്തിന്റെ കോശങ്ങളില്‍ ആകെ 46 ക്രോമസോമുകള്‍ 23 ജോടികളായാണ് ക്രമീകരിച്ചിരിക്കുന്നത്.

 

 


Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 74-79
എ.വൈ.ആര്‍