Prabodhanm Weekly

Pages

Search

2013 ജൂണ്‍ 21

നിയമപാലകര്‍ കാപാലികരാകുമ്പോള്‍

മഹാരാഷ്ട്രയിലെ മാലേഗാവ് നഗരത്തില്‍ ഹമീദിയ്യ ജുമാ മസ്ജിദിനു മുന്നിലും മുശാവറ ചെക്കിലും 2006-ല്‍, 37 പേര്‍ കൊല്ലപ്പെടാനും 125 പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയാക്കിയ ഭീകരമായ ബോംബാക്രമണത്തിനുത്തരവാദികള്‍ മുസ്‌ലിംകളല്ലെന്നും ഹിന്ദുത്വശക്തികളാണെന്നും ഒടുവില്‍ എന്‍.ഐ.എ കണ്ടെത്തിയിരിക്കുന്നു. ഇസ്‌ലാംമതം പവിത്ര സ്ഥാനമായി കല്‍പിക്കുന്ന മസ്ജിദില്‍, അതും പുണ്യ ദിവസമായ വെള്ളിയാഴ്ച വിശ്വാസികള്‍ ജുമുഅ പ്രാര്‍ഥനക്കെത്തുന്ന ഉച്ച സമയത്ത് ബോംബ് സ്‌ഫോടനം നടത്തിയവര്‍ മുസ്‌ലിംകളായിരിക്കില്ലെന്ന് സാമാന്യ ബുദ്ധിയുള്ള നിഷ്പക്ഷമതികളെല്ലാം അന്നേ പറഞ്ഞിരുന്നു. ബജ്‌റംഗ്ദള്‍, ആര്‍.എസ്.എസ് തുടങ്ങിയ ഹിന്ദുത്വ സംഘടനകളിലേക്ക് ചിലര്‍ വിരല്‍ ചൂണ്ടുകയും ചെയ്തു. വിചിത്രമെന്നു പറയട്ടെ, പോലീസ് കുറ്റം ചുമത്തിയത് മുസ്‌ലിംകളില്‍ മാത്രം. ഹിന്ദുത്വവാദികളെയൊന്നും ചോദ്യം ചെയ്യാനേ തയാറായതുമില്ല. പോലീസിന്റെ അന്വേഷണ രീതിയില്‍ സംശയമുയര്‍ന്നപ്പോള്‍ കേസ് മഹാരാഷ്ട്ര എ.ടി.എസ് ഏറ്റെടുത്തു. പക്ഷേ, പോലീസിന്റെ നിലപാടിനെ ബലപ്പെടുത്തുകയാണവര്‍ ചെയ്തത്. ഉത്തരവാദിത്വം മറ്റുള്ളവരിലാരോപിക്കാന്‍ മുസ്‌ലിംകള്‍ സ്വന്തം പള്ളിയില്‍ സ്‌ഫോടനം നടത്തുകയായിരുന്നു, ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ മുസ്‌ലിംകളുടെ മാത്രം സ്വഭാവമാണ് - ഇതായിരുന്നു എ.ടി.എസിന്റെ ന്യായം. അവര്‍ കുറെ മുസ്‌ലിം യുവാക്കളെ പിടികൂടി. അതില്‍ ഒമ്പത് പേരെ മുഖ്യപ്രതികളാക്കി ജയിലിലടച്ചു. പിന്നെ 'പ്രതികള്‍'ക്കെതിരെ സാക്ഷികളുണ്ടായി. ദൃക്‌സാക്ഷികളുണ്ടായി. 'പ്രതി'കളുടെ വീട്ടു പരിസരത്തുനിന്ന് ബോംബുകള്‍ കണ്ടെടുത്തു. അങ്ങനെ അന്വേഷണം മുന്നോട്ടു പോകവെ ഈ കേസ് സി.ബി.ഐ ഏറ്റെടുത്തു. എ.ടി.എസ് ചമച്ച കഥയെ അവരും സംശയലേശമന്യെ സത്യപ്പെടുത്തുന്ന അത്ഭുതമാണ് പിന്നെ കണ്ടത്. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചും സാഹചര്യത്തെളിവുകള്‍ വിശദീകരിച്ചും അവര്‍ എ.ടി.എസ് കഥയെ ഒന്നുകൂടി ഭദ്രമാക്കി. മുസ്‌ലിംകള്‍ തന്നെ അവരുടെ വിശുദ്ധ സ്ഥാനത്ത് ബോംബ് വെച്ച് സ്വന്തം സഹോദരന്മാരെ കൂട്ടക്കൊല ചെയ്തതിന്റെ ഉദ്ദേശ്യമെന്താണ്, ആരാണതിന്റെ ഗുണഭോക്താവ് എന്ന ചോദ്യം അപ്പോഴും ഉത്തരമില്ലാതെ അന്തരീക്ഷത്തില്‍ ഉയര്‍ന്നുനിന്നു. ഇതവഗണിക്കാനാവാതെ വന്നപ്പോഴാണ് സര്‍ക്കാര്‍ വിഷയം എന്‍.ഐ.എക്ക് വിട്ടത്. എന്‍.ഐ.എ അന്വേഷിച്ചപ്പോള്‍ പോലീസും എ.ടി.എസ്സും സി.ബി.ഐയും മുസ്‌ലിംകള്‍ക്കെതിരെ കെട്ടിപ്പൊക്കിയ കേസ് മണല്‍കൊട്ടാരം പോലെ തകര്‍ന്നു വീഴുകയായിരുന്നു. അവര്‍ പിടികൂടിയ യഥാര്‍ഥ പ്രതികളില്‍ ചിലര്‍ കുറ്റം സമ്മതിച്ചിട്ടുമുണ്ട്.
ഇന്ത്യന്‍ പോലീസിന്റെ ഏതാണ്ടെല്ലാ ഘടകങ്ങളെയും എന്തുമാത്രം വര്‍ഗീയ വിഷം തീണ്ടിയിരിക്കുന്നുവെന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് മാലേഗാവ് സ്‌ഫോടന കേസിന്റെ അന്വേഷണം. കൃത്രിമ തെളിവുകളുണ്ടാക്കുന്നതിന്റെ ഭാഗമായി പ്രതികളുടെ വീട്ടുപരിസരത്തുനിന്ന് ബോംബുകള്‍- ഇത് എ.ടി.എസ് തന്നെ സ്ഥാപിച്ചതാണെന്ന് വ്യക്തം- കണ്ടെടുത്തതിനാല്‍ എന്‍.ഐ.എ നിരപരാധികളെന്ന് വെളിപ്പെടുത്തിയിട്ടും മുസ്‌ലിം യുവാക്കള്‍ക്ക് മോചനം ലഭിച്ചിട്ടില്ല. മാലേഗാവ് സ്‌ഫോടനകേസ് ഒറ്റപ്പെട്ട ഉദാഹരണമല്ല. പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ആശിഷ് ഖേതാന്‍ ഈയിടെ ഗുലൈല്‍ഡോട്ട്‌കോമിലൂടെ പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ട് ഇന്ത്യന്‍ കുറ്റാന്വേഷണ ഏജന്‍സികള്‍ പുലര്‍ത്തുന്ന വംശീയ മുന്‍വിധികളും, അവലംബിക്കുന്ന മൃഗീയവും ക്രൂരവുമായ തെളിവുല്‍പാദന രീതികളും തുറന്നു കാട്ടുന്നുണ്ട്. എവിടെ ഭീകരാക്രമണമുണ്ടായാലും സിമി, ഇന്ത്യന്‍ മുജാഹിദീന്‍, ലശ്കറെ ത്വയ്യിബ തുടങ്ങിയ സംഘടനകളുമായി ബന്ധം ആരോപിച്ച് മുസ്‌ലിം യുവാക്കളെ പിടികൂടുന്നു. രഹസ്യ ഭാഗങ്ങളില്‍ വൈദ്യുതാഘാതമേല്‍പിക്കുക, സിരകളിലും ഗുഹ്യദ്വാരങ്ങളിലും രാസവസ്തുക്കള്‍ കയറ്റുക, ഉറക്കം നിഷേധിക്കുക, മുഖത്തേക്ക് വെള്ളം പമ്പു ചെയ്ത് ശ്വാസം മുട്ടിക്കുക, ഉറ്റവരെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുക തുടങ്ങിയ പീഡനമുറകളിലൂടെ അവരെക്കൊണ്ട് കുറ്റം സമ്മതിപ്പിക്കുന്നു. എം.സി.ഒ.സി.എ (മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട്) പ്രകാരം പോലീസിനു മുമ്പാകെ നല്‍കുന്ന കുറ്റസമ്മതം കോടതിക്ക് തെളിവായി സ്വീകരിക്കാം. ഇത്തരം തെളിവുകളുടെ ബലത്തിലാണ് പല 'ഭീകരന്‍'മാരും ശിക്ഷിക്കപ്പെടുന്നത്. പൂനയിലെ ജര്‍മന്‍ ബേക്കറി സ്‌ഫോടന കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട ഹിമായത്ത് ബെയ്ഗ് ഒരു ഉദാഹരണം.
രാജസ്ഥാന്‍ എ.ടി.എസ്, യു.പി.എ.ടി.എസ്, ദല്‍ഹി സ്‌പെഷ്യല്‍ സെല്‍, ഹൈദരാബാദ് എം.സി.എ തുടങ്ങിയ പല അന്വേഷണ ഏജന്‍സികളും ഇത്തരം അത്യാചാരങ്ങള്‍ അനുവര്‍ത്തിച്ചുവരുന്നതായി ആധികാരിക രേഖകളുടെ വെളിച്ചത്തില്‍ ഗുലൈല്‍ വെബ് സൈറ്റ് വെളിപ്പെടുത്തുന്നു. നിരപരാധികളെ പിടികൂടി ക്രൂരമായി പീഡിപ്പിച്ച് കുറ്റം ഏറ്റെടുപ്പിക്കുകയും ഗൗരവപൂര്‍ണമായ അന്വേഷണം ഒഴിവാക്കുകയും യഥാര്‍ഥ കുറ്റവാളികളെ രക്ഷപ്പെടാനനുവദിക്കുകയും ചെയ്തുകൊണ്ട് ഒരു സമുദായത്തെ മുഖ്യധാരയില്‍ നിന്ന് അകറ്റുക എന്ന കൊടിയ ദ്രോഹമാണവര്‍ ചെയ്യുന്നത്. അക്ഷരാര്‍ഥത്തില്‍ തന്നെ മുസ്‌ലിംകളുടെ അന്തസ്സും അഭിമാനവും ഉപജീവനമാര്‍ഗവും മനുഷ്യാവകാശങ്ങളും ചവിട്ടിമെതിക്കുകയാണ് മുംബൈ പോലീസും എ.ടി.എസ്സും. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷിതത്വത്തിന് വന്‍ ഭീഷണിയാണിത്. അതിലുപരി ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയെ തന്നെ അത് അപകടപ്പെടുത്തും. ഗുലൈല്‍ വെബ് സൈറ്റിന്റെ വെളിപ്പെടുത്തലുകളെ അസന്ദിഗ്ധമായി സാക്ഷ്യപ്പെടുത്തുന്നതാണ് മാലേഗാവ് സ്‌ഫോടനകേസ് അന്വേഷിച്ച എന്‍.ഐ.എ പുറത്തുകൊണ്ടുവന്ന വസ്തുതകള്‍. ജുഡീഷ്യറിയുടെയും ഭരണകൂടത്തിന്റെയും ഉന്നതങ്ങളിലിരിക്കുന്നവരുടെ മനസ്സാക്ഷിയെ ഞെട്ടിക്കേണ്ടതും രാഷ്ട്രീയ കക്ഷികളും സാംസ്‌കാരിക നേതാക്കളും മാധ്യമങ്ങളും സഗൗരവം ചര്‍ച്ച ചെയ്യേണ്ടതുമാണീ പ്രശ്‌നം. പക്ഷേ, ക്രിക്കറ്റ് കളിയിലെ വാതുവെപ്പ് പോലുള്ള വിവാദങ്ങള്‍ ചര്‍ച്ച ചെയ്യുന്ന തിരക്കില്‍ ആര്‍ക്കുണ്ട് ഇതൊക്കെ ശ്രദ്ധിക്കാന്‍ നേരം? ഏതായാലും ഗുലൈല്‍ വെബ് സൈറ്റ് പ്രവര്‍ത്തകര്‍ മുംബൈ ഹൈക്കോടതിയിലും ന്യൂനപക്ഷ കമീഷനിലും ദേശീയ മനുഷ്യാവകാശ കമീഷനിലും ഹരജി സമര്‍പ്പിച്ചിട്ടുണ്ട്. അഴിമതിയില്‍ മുങ്ങിയ, മനുഷ്യത്വരഹിതവും ആത്മവഞ്ചനാപരവുമായ ഇന്നത്തെ പോലീസ് സംവിധാനം ശുദ്ധീകരിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ വല്ലതും ചെയ്യുമോ? ചെയ്യണമെങ്കില്‍ ജനാധിപത്യ സമൂഹം, ചുരുങ്ങിയപക്ഷം ന്യൂനപക്ഷ മത-രാഷ്ട്രീയ സംഘടനകളെങ്കിലും ശക്തമായ സമ്മര്‍ദം ചെലുത്തേണ്ടതുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 74-79
എ.വൈ.ആര്‍