Prabodhanm Weekly

Pages

Search

2013 ജൂണ്‍ 21

ഫിഖ്ഹിന്റെ ചരിത്രം 8 / ശ്രദ്ധേയമായ ആധുനിക പഠനം

പഠനം / ഡോ. മുഹമ്മദ് ഹമീദുല്ല

നമ്മുടെ കാലത്ത് ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ഇസ്‌ലാമിക നിയമത്തിന് മികച്ച സംഭാവനകള്‍ നല്‍കിയവരിലൊരാളാണ് സര്‍ അബ്ദുര്‍റഹീം. ഇന്ത്യന്‍ ലജിസ്ലേറ്റീവ് അസംബ്ലിയുടെ പ്രസിഡന്റായിരുന്നു അദ്ദേഹം. മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്ന കാലത്ത് അദ്ദേഹം കല്‍ക്കത്ത യൂനിവേഴ്‌സിറ്റിയുടെ ക്ഷണപ്രകാരം ഒരു പ്രഭാഷണ പരമ്പര നടത്തിയിരുന്നു. 'മുഹമ്മദന്‍ നിയമത്തിന്റെ തത്ത്വങ്ങള്‍' (Principles of Muhammedan Jurisprudence) എന്ന പേരില്‍ പിന്നീടത് പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചു. അദ്ദേഹം കാര്യമായ പുതിയ ആശയങ്ങളൊന്നും അവതരിപ്പിക്കുകയുണ്ടായില്ല. പഴയ ഇസ്‌ലാമിക കൃതികളില്‍ പറഞ്ഞ കാര്യങ്ങളെ യൂറോപ്പിലും മറ്റും വികസിച്ചുവന്ന പുതിയ നിയമശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ വിപുലപ്പെടുത്തുകയും വ്യാഖ്യാനിക്കുകയുമാണ് അദ്ദേഹം ചെയ്തത്. ഇസ്‌ലാമിക നിയമത്തെയും യൂറോപ്യന്‍ നിയമതത്ത്വശാസ്ത്രത്തെയും താരതമ്യം ചെയ്യാനും അദ്ദേഹം ശ്രമിക്കുന്നു.
ഈ അര്‍ഥത്തില്‍ സര്‍ അബ്ദുര്‍റഹീമിന്റെ ഈ പുസ്തകം, ക്ലാസ്സിക്കല്‍ ഇസ്‌ലാമിക കൃതികളെക്കുറിച്ചും നിയമ ശാസ്ത്രത്തെക്കുറിച്ചുമുള്ള പുതിയൊരുതരം പഠനത്തിന് തുടക്കം കുറിച്ചു എന്നുപറയാം. പഴയ കൃതികളില്‍ നിയമശാസ്ത്രത്തിന്റെ പുതിയ രീതികളൊന്നും നമുക്ക് കാണാനാവില്ല. ഉദാഹരണത്തിന് പഴയ കൃതികളില്‍ ആദ്യമായി ഉന്നയിക്കുന്ന ചോദ്യം നിയമത്തിന്റെ സ്രോതസ്സ് ഏത് എന്നതാണ്. അതിന് ഖുര്‍ആനും സുന്നത്തും എന്ന ഉത്തരവും പറയും. പിന്നെ ഇജ്മാഅ് (സമവായം), ഖിയാസ് (സാധര്‍മ്മ്യം) രീതികളും. ക്രിമിനല്‍-അനന്തരാവകാശ നിയമങ്ങള്‍, ഭരണഘടന-വ്യാപാര നിയമങ്ങള്‍ തുടങ്ങി ഒട്ടേറെ ഇനങ്ങള്‍ ഇതിനോടൊപ്പം വരേണ്ടതുണ്ടെങ്കിലും ക്ലാസിക്കല്‍ കൃതികളില്‍ ഇതൊന്നും ഉണ്ടാവുകയില്ല. ആ കുറവ് നികത്തുകയാണ് ഈ പുസ്തകം. ഒരു നവീന നിയമകൃതി എപ്രകാരമാണോ എഴുതപ്പെടുക അപ്രകാരം ഇസ്‌ലാമിക നിയമത്തെ പുതിയ രീതിശാസ്ത്രത്തില്‍ അഭിസംബോധന ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരിക്കുന്നു. പുരാതനവും നവീനവുമായ രീതികളെ സമന്വയിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിന്റെ നേട്ടം.

ഇജ്തിഹാദിന്റെ സ്ഥാനം
ഇസ്‌ലാമിക നിയമ ശാസ്ത്രത്തിന്റെ സുപ്രധാനമായ ഭാഗമാണ് ഇജ്തിഹാദ്. അതെക്കുറിച്ച് ചില കാര്യങ്ങള്‍ കൂടി. ഖുര്‍ആനിലും ഹദീസിലും വന്നിട്ടില്ലാത്ത കാര്യങ്ങളില്‍ ബുദ്ധി ഉപയോഗിച്ച് ഒരു തീരുമാനത്തിലെത്താന്‍ മുആദ്ബ്‌നു ജബലിന് പ്രവാചകന്‍ അനുവാദം നല്‍കിയിരുന്നല്ലോ. ഈ പ്രക്രിയയെ നിയമജ്ഞര്‍ പല പേരുകളിട്ടാണ് വിളിക്കുന്നത്. ആദ്യത്തേത് ഇജ്തിഹാദ് തന്നെ. ചിലരതിനെ ഖിയാസ് എന്നുവിളിക്കും. ഇസ്തിദ്‌ലാല്‍ (നിയമനിര്‍ധാരണം) എന്നുവിളിക്കുന്നവരുമുണ്ട്. മറ്റൊരു പേരാണ് ഇസ്തിസ്വ്‌ലാഹ്. ഈ വാക്കുകളൊക്കെ പര്യായപദങ്ങളാണെന്ന് പറയാന്‍ കഴിയില്ല. ഓരോന്നും തമ്മില്‍ സൂക്ഷ്മമായ വ്യത്യാസങ്ങളുണ്ട്. ഇസ്തിഹ്‌സാന്‍ എന്ന സംജ്ഞയെക്കുറിച്ചും ചിലത് പറഞ്ഞുകൊള്ളട്ടെ. ഇത് ഹനഫീ മദ്ഹബില്‍ മാത്രമുള്ള ഒന്നാണ്. മറ്റു മദ്ഹബുകള്‍ ഇത് അംഗീകരിക്കുന്നില്ല. ഇസ്തിഹ്‌സാനെ എതിര്‍ത്തുകൊണ്ട് ഇമാം ശാഫിഈ ഒരു പ്രബന്ധം തന്നെ എഴുതിയിട്ടുണ്ട്. റദ്ദുല്‍ ഇസ്തിഹ്‌സാന്‍ എന്നാണ് അതിന്റെ പേര്. ഇസ്തിഹ്‌സാന് ഒരു പ്രത്യേക അര്‍ഥം കല്‍പ്പിച്ചു നല്‍കുകയും എന്നിട്ടതിനെ നിഷേധിക്കുകയുമാണ് ഇമാം ശാഫിഈ ചെയ്തിരിക്കുന്നത് എന്നാണ് മനസ്സിലാവുന്നത്.
ഹനഫീ മദ്ഹബില്‍ ഇസ്തിഹ്‌സാന്റെ വിവക്ഷ ഇതാണ്: ഒരു പ്രശ്‌നം മുമ്പില്‍ വന്നാല്‍ അതിന്റെ പ്രത്യക്ഷ സാഹചര്യം മാത്രം പരിഗണിച്ചുകൊണ്ടല്ല വിധിനല്‍കേണ്ടത്. ചിന്തിച്ചും മനനം ചെയ്തും അതിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കാനിടയുള്ള മറ്റു വസ്തുതകളും കണ്ടെത്തി അവ കൂടി പരിഗണിച്ചായിരിക്കണം വിധിതീര്‍പ്പ്. ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. നിങ്ങള്‍ ഒരാളെ ഒരു വസ്തു വിശ്വസിച്ചേല്‍പ്പിക്കുന്നു. അത് മറ്റൊരാള്‍ക്ക് കൊടുക്കാനാണ് നിങ്ങള്‍ ഏല്‍പ്പിക്കുന്നത്. അതേ വസ്തു നിര്‍ദിഷ്ട വ്യക്തിയില്‍ എത്തുമെന്നാണ് നിങ്ങളുടെ പ്രതീക്ഷ. ഇതേകാര്യം നിങ്ങള്‍ ചെയ്യുന്നത് ഇന്നത്തെ തപാല്‍ സംവിധാനത്തിലൂടെയാണെങ്കിലോ? നിങ്ങള്‍ പോസ്റ്റോഫീസില്‍ ചെന്ന് മണിഓര്‍ഡര്‍ ഫോം പൂരിപ്പിക്കുന്നു. നിങ്ങള്‍ ഏല്‍പ്പിക്കുന്ന ഒരു സംഖ്യ നിര്‍ദിഷ്ട വ്യക്തിക്ക് കൈമാറണം. നിങ്ങള്‍ എത്ര സംഖ്യയാണോ പോസ്റ്റോഫീസില്‍ നിക്ഷേപിച്ചത് അതിന് തുല്യമായ തുക ആ വ്യക്തിക്ക് ലഭിക്കും. നിങ്ങള്‍ പോസ്റ്റോഫീസില്‍ കൊടുത്ത അതേ കറന്‍സി നോട്ടുകള്‍ തന്നെ നിങ്ങള്‍ ഉദ്ദേശിക്കുന്ന വ്യക്തിക്ക് കൊടുക്കണം എന്ന് വാശി പിടിക്കേണ്ട വല്ല കാര്യവുമുണ്ടോ? തത്തുല്യമായ തുക എന്നതാണ് ഇവിടെ പരിഗണനീയമായ വിഷയം. അതേ സാധ്യമാവുകയുള്ളൂ. ഇങ്ങനെയൊരു ചിന്ത കൂടി വേണം എന്നാണ് ഇസ്തിഹ്‌സാന്‍ എന്ന സംജ്ഞകൊണ്ട് ഉദ്ദേശിക്കുന്നത്. വിശ്വസിച്ചേല്‍പ്പിച്ച അതേസാധനം തന്നെ കൊടുക്കുക എന്ന അമാനത്തിനെക്കുറിച്ച പഴയ നിര്‍വചനം അക്ഷരാര്‍ഥത്തില്‍ എടുക്കുകയാണെങ്കില്‍ പോസ്റ്റല്‍ പോലുള്ള ആധുനിക സംവിധാനങ്ങളില്‍ ചില മാറ്റങ്ങളുണ്ട്. പക്ഷേ അത് പണത്തിന്റെ മൂല്യത്തില്‍ ഒരു കുറവും വരുത്തുന്നില്ല. വിശ്വസിച്ചേല്‍പ്പിക്കുന്നതിനെ (Trust) ഒരു നിലക്കും ഹാനികരമായി ബാധിക്കുന്നില്ല പണം കൈമാറ്റത്തിന്റെ ഈ പുതിയ രീതികള്‍.
ഈ പ്രഭാഷണത്തില്‍ ഊന്നിപ്പറയുന്ന പ്രധാന വിഷയം ഇതാണ്: പ്രവാചകന്‍ തിരുമേനിയുടെ വിയോഗത്തിനുശേഷം മുസ്‌ലിം സമൂഹം പില്‍ക്കാലക്കാര്‍ക്ക് വേണ്ടി ഒരു നിയമസംഹിത ക്രോഡീകരിച്ചുവെക്കുക മാത്രമല്ല ചെയ്തത്, അത് കാലാകാലത്തേക്കും പ്രയോഗക്ഷമമാവുന്നതിനുവേണ്ടിയുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തി. ഒരു നിയമം മാറ്റുന്നത് ഒന്നുകില്‍ ആ നിയമനിര്‍മാതാവായിരിക്കണം, അല്ലെങ്കില്‍ അയാളെക്കാള്‍ ഉയരെയുള്ള ഒരു അതോറിറ്റി ആയിരിക്കണം എന്നത് സര്‍വാംഗീകൃത തത്ത്വമാണ്. പ്രാപ്തിയും കഴിവും കുറഞ്ഞ ഒരാള്‍ക്ക് ആ നിയമം തിരുത്താനോ ഭേദഗതി ചെയ്യാനോ അവകാശമില്ല. ദൈവമാണ് ഒരു നിയമം നല്‍കുന്നതെങ്കില്‍ ദൈവത്തിനേ അത് തിരുത്താന്‍ അധികാരമുള്ളൂ. പ്രവാചകനാണ് വിധിപ്രസ്താവം നടത്തിയതെങ്കില്‍ അത് ആ പ്രവാചകനോ മറ്റൊരു പ്രവാചകനോ-അല്ലാഹുവിന്ന് തീര്‍ച്ചയായും-തിരുത്താം. പ്രവാചകനേക്കാള്‍ എത്രയോ താഴെ പടിയിലുള്ള ഒരു നിയമജ്ഞന് അതിന് അധികാരമുണ്ടായിരിക്കില്ല. വിധിപ്രസ്താവം നിയമജ്ഞന്റേതോ ഫഖീഹിന്റേതോ ആണെങ്കില്‍ മറ്റൊരു നിയമജ്ഞന് അതേ വിഷയത്തില്‍ മറ്റൊരു വിധിപ്രസ്താവം നടത്താം. അതിന് വിരോധമില്ല.
ഇത് ഒരു പണ്ഡിത അഭിപ്രായത്തിന് മാത്രമല്ല, പണ്ഡിതന്മാരുടെ കൂട്ടായ അഭിപ്രായ(ഇജ്മാഅ്)ത്തിനും ബാധകമാണ്. ഹനഫി മദ്ഹബിന്റെ വീക്ഷണത്തില്‍ ഒരു ഇജ്മാഇനെ മറ്റൊരു ഇജ്മാഅ് കൊണ്ട് റദ്ദ് ചെയ്യാം. ഒരു വിഷയത്തില്‍ ഒരു കാലത്തെ പണ്ഡിതന്മാരെല്ലാം ഏകാഭിപ്രായം പറഞ്ഞു എന്ന് കരുതുക. ആ അഭിപ്രായത്തിന് അതിന്റേതായ വിലയും പരിഗണനയും ഉണ്ട് എന്നത് നേരാണ്. അതിനര്‍ഥം ലോകാവസാനം വരേക്കും ആ കൂട്ടായ പണ്ഡിതാഭിപ്രായത്തെ ആരും ചോദ്യം ചെയ്തുകൂടാ എന്നല്ല. തെളിവുകളും സാഹചര്യത്തിന്റെ തേട്ടവുമൊക്കെ മുമ്പില്‍വെച്ച് മറ്റൊരു പണ്ഡിതന്/നിയമജ്ഞന് അതിനെ ചോദ്യം ചെയ്യാം. സമകാലികരായ പണ്ഡിതസമൂഹം ഈ പുതിയ അഭിപ്രായമാണ് സ്വീകരിക്കുന്നതെങ്കില്‍ പുതിയൊരു ഇജ്മാഅ് രൂപം കൊള്ളുന്നു, പഴയ ഇജ്മാഅ് റദ്ദാക്കപ്പെടുകയും ചെയ്യുന്നു. ഈ തത്ത്വം സമര്‍പ്പിച്ചത് ഹിജ്‌റ നാല്-അഞ്ച് നൂറ്റാണ്ടുകളില്‍ ജീവിച്ച പ്രശസ്ത ഹനഫീ പണ്ഡിതന്‍ അബുല്‍ യുസ്ര്‍ ബസ്ദാവിയാണ്. ഉസ്വൂല്‍ ഫിഖ്ഹ് എന്ന ഗ്രന്ഥത്തിലാണ് ഇക്കാര്യം അദ്ദേഹം വിശദീകരിച്ചിട്ടുള്ളത്. അതിനാല്‍ സംഗതി ഇജ്മാഅ് അല്ലേ, ഇനിയിപ്പോള്‍ എന്താ ചെയ്യുക എന്ന് ബേജാറാവേണ്ട യാതൊരു കാര്യവുമില്ല. ഒരുകാലത്ത് ഇജ്മാഅ് ആയി അംഗീകരിക്കപ്പെട്ട ഒരു കാര്യം പില്‍ക്കാലത്ത് അസ്വീകാര്യവും അപ്രായോഗികവുമായിത്തീരാന്‍ ഇടയുള്ളതുകൊണ്ട്, പഴയത് റദ്ദ് ചെയ്തുകൊണ്ട് പുതിയൊരു ഇജ്മാഅ് സ്ഥാപിച്ചെടുക്കാന്‍ പണ്ഡിതസമൂഹത്തിന് അവസരം തുറന്നിട്ടിരിക്കുകയാണ്.
(അവസാനിച്ചു)

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 74-79
എ.വൈ.ആര്‍