Prabodhanm Weekly

Pages

Search

2013 ജൂണ്‍ 21

അഡ്വ. എ. നഫീസത്ത് ബീവി-2 / അവഗണിക്കപ്പെട്ട രാഷ്ട്രീയ നേതാവ്

സദ്‌റുദ്ദീന്‍ വാഴക്കാട്ഫീ / ച്ചര്‍

രാഷ്ട്രീയ പാരമ്പര്യം നഫീസത്ത് ബീവിക്ക് ഒട്ടും ഉണ്ടായിരുന്നില്ല. അധികാര രാഷ്ട്രീയത്തിന്റെ അന്തപുര രഹസ്യങ്ങളും കാണാക്കളികളും അവര്‍ക്ക് അറിയുകയുമില്ല. ചെറുപ്പത്തിലേ മഹാത്മാ ഗാന്ധിയെ വലിയ ബഹുമാനമായിരുന്നു. സത്യത്തോടുള്ള പ്രതിബദ്ധത, സാധുജനങ്ങളോടുള്ള അനുകമ്പ, ദൈവവിശ്വാസം എന്നിവയാണ് ഗാന്ധിജിയില്‍ താന്‍ കണ്ട നന്മകള്‍ എന്ന് നഫീസത്ത് ബീവി പറയുന്നു. ഗാന്ധിജിയോടുള്ള ആദരവൊഴിച്ചു നിര്‍ത്തിയാല്‍ മറ്റൊരു രാഷ്ട്രീയ ചിന്തയും പ്രവര്‍ത്തന പരിചയവും ഇല്ലായിരുന്നു. അതേസമയം, കറ്റാണത്തെ മുസ്‌ലിം തറവാടുകള്‍ പൊതുവെ അക്കാലത്ത് കോണ്‍ഗ്രസ്സിനോട് ആഭിമുഖ്യം പുലര്‍ത്തിയവയായിരുന്നു. പലരും സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ. അത്തരം മുസ്‌ലിം കുടുംബങ്ങള്‍ക്ക് മുസ്‌ലിം ലീഗിനോട് കടുത്ത അമര്‍ഷമുണ്ടായിരുന്നു.
നഫീസത്ത് ബീവി പ്രാക്ടീസ് ചെയ്തിരുന്ന ആലപ്പുഴ കമ്യൂണിസത്തിന്റെ മണ്ണായിരുന്നു. ടി.വി തോമസിനെ പോലെ പ്രമുഖ നേതാക്കള്‍ അവിടെയുണ്ട്. അന്നത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മഹിളാ നേതാവ് കാളിക്കുട്ടിയാശാത്തിയും സംഘവും നഫീസത്ത് ബീവിയെ സമീപിച്ചു, പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു. അന്ന് ഒരു മുസ്‌ലിം സ്ത്രീ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ പല സ്ഥാനമാനങ്ങളും ലഭിക്കുമായിരുന്നു. പക്ഷേ, കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരാന്‍ നഫീസത്ത് ബീവി സന്നദ്ധയായില്ല; പാര്‍ട്ടിയുടെ ദൈവനിഷേധമായിരുന്നു തന്നെ തടഞ്ഞുനിര്‍ത്തിയതെന്ന് ബീവി പറയുന്നു. അതേസമയം ഭര്‍ത്താവ് അബ്ദുല്ല കുട്ടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് അനുഭാവമുള്ളയാളായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ച 'ജനാധിപത്യ കമ്മിറ്റി'യുടെ പ്രസിഡന്റായിരുന്നു അദ്ദേഹം. നഫീസത്ത് ബീവിയുടെ കോണ്‍ഗ്രസ് ആഭിമുഖ്യത്തെ എതിര്‍ക്കാതിരുന്ന അദ്ദേഹം പിന്നീട് ഇടതുപക്ഷ രാഷ്ട്രീയ ചായ്‌വ് ഉപേക്ഷിക്കുകയും ചെയ്തു.
1954-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ടി.വി തോമസിനെതിരെ മത്സരിച്ച മുന്‍ മന്ത്രി ടി.എ അബ്ദുല്ലക്ക്‌വേണ്ടി കോണ്‍ഗ്രസ്സുകാര്‍ നഫീസത്ത് ബീവിയെ പ്രചാരണത്തിനിറക്കി. ജില്ലാ കോര്‍ട്ട് വാര്‍ഡിലെ മുസ്‌ലിം വീടുകളില്‍ വോട്ട് പിടിക്കാന്‍ മുസ്‌ലിം സ്ത്രീയായ നഫീസത്ത് ബീവിയെ രണ്ട് ക്രിസ്ത്യന്‍ വക്കീല്‍ സുഹൃത്തുക്കള്‍ വിളിച്ചു കൊണ്ടുപോവുകയായിരുന്നു. കോണ്‍ഗ്രസ്സിന് വേണ്ടിയുള്ള ഇലക്ഷന്‍ പ്രചാരണം പക്ഷേ, ബീവിയുടെ രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിച്ചു. അതുവരെ, കോണ്‍ഗ്രസിന്റെ പ്രാദേശിക ഘടകത്തില്‍പോലും പ്രവര്‍ത്തിച്ചിട്ടില്ലാത്ത നഫീസത്ത് ബീവിയെ അന്നത്തെ കെ.പി.സി.സി പ്രസിഡന്റ് കെ.പി മാധവന്‍ നായര്‍, കെ.പി.സി.സിയിലേക്ക് നോമിനേറ്റ് ചെയ്തു. രാഷ്ട്രീയ രംഗത്തെ അതികായനായ പനമ്പിളളി ഗോവിന്ദ മേനോന്‍, ടി.എം വര്‍ഗീസ്, എ.ജെ ജോണ്‍, എ.പി ഉദയഭാനു തുടങ്ങിയവര്‍ അന്ന് എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായിരുന്നു. ഏതാനും മാസങ്ങള്‍ക്കകം നഫീസത്ത് ബീവി എ.ഐ.സി.സി മെമ്പറായി. അന്ന് എ.ഐ.സി.സി പ്രസിഡന്റ് ജവഹര്‍ ലാല്‍ നെഹ്‌റുവാണ്. തുടര്‍ന്ന് ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ കാലത്തും എ.ഐ.സി.സി മെമ്പറായി തുടര്‍ന്നു; 1992 വരെ. ഒരു ഇടവേളക്ക് ശേഷം 2006-ല്‍ ബീവി വീണ്ടും എ.ഐ.സി.സിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെടുകയുണ്ടായി.
കമ്യൂണിസ്റ്റ് തട്ടകമായ ആലപ്പുഴയില്‍ നിന്ന് നിയമസഭയിലേക്ക് സ്ഥിരമായി ജയിച്ചുവന്നത് ടി.വി തോമസായിരുന്നു. 1957-ലെ തെരഞ്ഞെടുപ്പില്‍ ടി.വിക്കെതിരെ കോണ്‍ഗ്രസ് നഫീസത്ത് ബീവിയെ മത്സരിപ്പിച്ചു. ജി. ചിദംബരയ്യയെയായിരുന്നു പാര്‍ട്ടി ആദ്യം സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത്. ടി.വി തോമസിനോട് തോല്‍ക്കുമെന്ന് ഉറപ്പുള്ള തെരഞ്ഞെടുപ്പില്‍ മത്സരിച്ച് നാണം കെടാന്‍ ചിദംബരയ്യര്‍ തയാറായില്ല. അദ്ദേഹം സ്ഥാനാര്‍ഥിയാകില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. തുടര്‍ന്ന് നടന്ന യോഗത്തില്‍ നഫീസത്ത് ബീവിയും പങ്കെടുത്തിരുന്നു. ചര്‍ച്ചകള്‍ക്കിടയില്‍ എ.എസ്.എസ് നാടാര്‍ നഫീസത്ത് ബീവിയോട് ചോദിച്ചു: 'സഹോദരീ നിങ്ങള്‍ എ.ഐ.സി.സി മെമ്പറല്ലേ, കോണ്‍ഗ്രസ്സിന് ഇവിടെ സ്ഥാനാര്‍ഥിയില്ല. പാര്‍ട്ടിക്കു വേണ്ടി ബലിയാടാകാന്‍ നിങ്ങള്‍ക്ക് പറ്റുമോ?' ചോദ്യം കേട്ട് എല്ലാവരും കൈയടിച്ചു. വീട്ടില്‍ പോലും ചോദിക്കാതെ നഫീസത്ത് ബീവി സ്ഥാനാര്‍ഥിയായി നിശ്ചയിക്കപ്പെടുകയും ചെയ്തു. കമ്യൂണിസ്റ്റ് കോട്ടയില്‍ ടി.വിക്കെതിരെ ഒരു മുസ്‌ലിം സ്ത്രീ മത്സരിക്കുക! വലിയ ചര്‍ച്ചയായ ആ തെരഞ്ഞെടുപ്പില്‍ പക്ഷേ, നഫീസത്ത് ബീവി തോറ്റു; 3000 വോട്ടിന്. തുടര്‍ന്ന് വിമോചന സമരം നടന്നു. ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ താഴെയിറങ്ങി. 1960-ലെ നിയമസഭാ തെരഞ്ഞെടുപ്പ് പല കാരണത്താല്‍ പ്രാധാന്യമുള്ളതായിരുന്നു. ഇടതുപക്ഷത്തിനെതിരെ പലരും കൂട്ടുചേര്‍ന്ന തെരഞ്ഞെടുപ്പില്‍ ടി.വി തോമസിനെതിരെ മത്സരിക്കാന്‍ നറുക്ക് വീണത് നഫീസത്ത് ബീവിക്ക്. നന്നായി ഫീല്‍ഡ് വര്‍ക്ക് ചെയ്തു. രാപകലില്ലാതെ അധ്വാനിച്ചു. ടി.വി തോമസ് തോല്‍ക്കുന്നത് കമ്യൂണിസ്റ്റുകാര്‍ക്ക് സങ്കല്‍പിക്കാനാകുമായിരുന്നില്ല. അതുകൊണ്ട് അവരുടെ പ്രചാരണവും അതിശക്തമായിരുന്നു. അതിനെ മറികടക്കും വിധത്തിലായിരുന്നു, ഇഛാശക്തിയോടെ നഫീസത്ത് ബീവിയുടെ പ്രവര്‍ത്തനങ്ങള്‍. ആയിടെ കേരളത്തില്‍ വന്ന ജവഹര്‍ ലാല്‍ നെഹ്‌റു കോണ്‍ഗ്രസ് നേതാക്കളുടെയും സ്ഥാനാര്‍ഥികളുടെയും ഒരു യോഗം വിളിച്ചിരുന്നു എറണാകുളത്ത്. സ്ഥാനാര്‍ഥികളെല്ലാം നിശ്ചിത സമയത്ത് അണിഞ്ഞൊരുങ്ങി യോഗത്തിനെത്തി. പള്ളാത്തുരുത്തി വാര്‍ഡിലെ പ്രചാരണം കഴിഞ്ഞ് അല്‍പം വൈകി ചെളിപുരണ്ട വസ്ത്രങ്ങളുമായാണ് നഫീസത്ത് ബീവി യോഗത്തിനെത്തിയത്. ഇത് നെഹ്‌റുവിനെ വല്ലാതെ സന്തോഷിപ്പിച്ചു. 'ബീവീ, നിങ്ങള്‍ ജയിക്കാനുള്ള സ്ഥാനാര്‍ഥിയാണ്. ഫീല്‍ഡില്‍ നിന്ന് യോഗത്തിന് വന്ന ഒരേയൊരു സ്ഥാനാര്‍ഥി', നെഹ്‌റു പറഞ്ഞു. പ്രതീക്ഷിച്ചപോലെ വാശിയേറിയ മത്സരത്തില്‍ ജയം ബീവിക്കായിരുന്നു. വ്യവസായ മന്ത്രിയായിരുന്ന ടി.വി തോമസ് 3966 വോട്ടിന് തോറ്റു. സംസ്ഥാനമൊട്ടാകെ അലയടിച്ച വിമോചന സമര പശ്ചാത്തലമുള്ള ഇടതുവിരുദ്ധ തരംഗം ബീവിയുടെ വിജയത്തിന് ആക്കം കൂട്ടിയിട്ടുണ്ടാകാം. പക്ഷേ, ആ ഇടത് വിരുദ്ധ തരംഗത്തിനിടയിലും ആലപ്പുഴയില്‍ നിന്ന് ഗൗരിയമ്മ ജയിച്ചിരുന്നു. അത്ര എളുപ്പം പിടിതരുന്നതായിരുന്നില്ല ആലപ്പുഴയിലെ ഇടതുപക്ഷ മണ്ണ്. അതാണ് ബീവി കൈപിടിയിലൊതുക്കിയത്.
1960-ലെ നഫീസത്ത് ബീവിയുടെ വിജയം ലോക ശ്രദ്ധ ആകര്‍ഷിച്ചുവെന്ന് പറയാം. കോണ്‍ഗ്രസ്സിന്റെ ദേശീയ നേതൃത്വം മാത്രമല്ല, അമേരിക്കയും നഫീസത്ത് ബീവിയെ അഭിനന്ദിച്ചു (വിമോചനസമരത്തില്‍ അമേരിക്കക്കുള്ള പങ്കിനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നിട്ടുണ്ടല്ലോ). അമേരിക്കന്‍ ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസ വിഭാഗം സംഘടിപ്പിച്ച ലീഡേഴ്‌സ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി 1965-'66 നവംബര്‍ -ജനുവരി കാലത്ത് നഫീസത്ത് ബീവിക്ക് അമേരിക്ക സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചത് ഈ വിജയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. 12 സ്റ്റേറ്റുകളിലാണ് ബീവി സന്ദര്‍ശനം നടത്തിയത്. അമേരിക്ക സ്വീകരണം നല്‍കിയതുകൊണ്ടൊന്നും താന്‍ അവരുടെ ആളായി മാറിയില്ലെന്ന് നഫീസത്ത് ബീവി പറയുകയുണ്ടായി: ''അമേരിക്കയില്‍ രണ്ടു മാസത്തെ സന്ദര്‍ശനത്തിന് സൗകര്യം തന്നു എന്നതുകൊണ്ടൊന്നും അവരോടെനിക്ക് വിധേയത്വമില്ല. അമേരിക്കക്കാരുടെ പല നടപടികളോടും വിയോജിപ്പുണ്ട്. അന്നുതന്നെ അവരെന്നെക്കൊണ്ട് പാകിസ്താന് അനുകൂലമായി സംസാരിപ്പിക്കാന്‍ ശ്രമിച്ചതാണ്. പക്ഷേ, ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്ക് എല്ലാ സ്വാതന്ത്ര്യവുമുണ്ടെന്ന് ഞാന്‍ പ്രഖ്യാപിച്ചു. അതുകൊണ്ടായിരിക്കണം തുടര്‍ന്ന് വലിയ ബന്ധമൊന്നുമില്ല'' (ഇന്ത്യാ- പാക് യുദ്ധം നടക്കുന്ന സന്ദര്‍ഭത്തിലായിരുന്നു ബീവിയുടെ അമേരിക്കന്‍ സന്ദര്‍ശനം).
1960-ലെ ചരിത്ര വിജയത്തെ തുടര്‍ന്ന് രൂപീകരിക്കപ്പെട്ട കോണ്‍ഗ്രസ് ഗവണ്‍മെന്റില്‍ നഫീസത്ത് ബീവിക്ക് ആരോഗ്യമന്ത്രി പദം നല്‍കണമെന്ന് ജവഹര്‍ ലാല്‍ നെഹ്‌റു ആവശ്യപ്പെട്ടിരുന്നു. ബീവിയുടെ വിജയം നെഹ്‌റുവിനെ അത്രയും സന്തോഷിപ്പിച്ചിരുന്നു. എന്നാല്‍, കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ബീവിയുടെ പേര് മന്ത്രിമാരുടെ ലിസ്റ്റില്‍നിന്ന് വെട്ടിക്കളയുകയാണത്രെ ഉണ്ടായത്. അന്ന് കേന്ദ്ര നിരീക്ഷകനായി വന്നത് എ.ഐ.സി.സി പ്രസിഡന്റ് ഡി.എന്‍ ദേബാര്‍ ആയിരുന്നു. മുന്‍മന്ത്രി ടി.എ അബ്ദുല്ല, അഡ്വ. കെ.പി.എം ഷരീഫ്, പൂപ്പള്ളി ബേബി എന്നീ കോണ്‍ഗ്രസ് നേതാക്കള്‍ മസ്‌കറ്റ് ഹോട്ടലില്‍ ചെന്ന് ദേബാര്‍ഭായിയെ കണ്ട് സമ്മര്‍ദം ചെലുത്തിയാണ് നഫീസത്ത് ബീവി മന്ത്രിയാവുന്നത് തടഞ്ഞതെന്ന് ഒരു അഭിമുഖത്തില്‍ അവര്‍ പറയുകയുണ്ടായി. ഒടുവില്‍ നഫീസത്ത് ബീവിയെ ഡെപ്യൂട്ടി സ്പീക്കറെങ്കിലും ആക്കണമെന്ന് എ.ഐ.സി.സി പ്രസിഡന്റ് നിര്‍ദേശിച്ചു. കോണ്‍ഗ്രസിലെ പുരുഷാധിപത്യവും അധികാര മത്സരങ്ങളുമാണ് തന്റെ മന്ത്രി പദവി തടഞ്ഞതെന്ന് അവര്‍ പരിഭവിക്കുന്നു. വിമോചന സമരത്തില്‍ സ്ത്രീകള്‍ വലിയ പങ്കു വഹിക്കുകയുണ്ടായി. തെരഞ്ഞെടുപ്പില്‍ ജയിച്ച് എട്ട് വനിതാ എം.എല്‍.എമാര്‍ നിയമസഭയില്‍ എത്തുകയും ചെയ്തു. പക്ഷേ, കോണ്‍ഗ്രസ് ഒരു സ്ത്രീയെയും മന്ത്രിയാക്കിയില്ല. പുരുഷാധിപത്യത്തെയും ഗ്രൂപ്പിസത്തെയും കുറിച്ച നഫീസത്ത് ബീവിയുടെ വിലയിരുത്തല്‍ ശരിയാണെന്നതിന്റെ തെളിവാണിത്.

ഡെപ്യൂട്ടി സ്പീക്കര്‍
തൊടുപുഴ മണ്ഡലത്തില്‍ നിന്ന് വിജയിച്ച കുസുമം ജോസഫിനെയാണ് 1960-ലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുത്തത്. എന്നാല്‍, തന്നെ മന്ത്രിയാക്കാത്തതില്‍ പ്രതിഷേധിച്ച് അവര്‍ ആ പദവി നിരസിച്ചു. അങ്ങനെയാണ് നഫീസത്ത് ബീവിക്ക് നറുക്ക് വീണത്. 1960 മാര്‍ച്ച് 15-ന് ഡെപ്യൂട്ടി സ്പീക്കറായി ചുമതലയേറ്റ നഫീസത്ത് ബീവി 1964 സെപ്റ്റംബര്‍ 10 വരെ തല്‍സ്ഥാനത്ത് തുടര്‍ന്നു. 1962-ല്‍, സ്പീക്കര്‍ സീതി സാഹിബ് അസുഖബാധിതനായപ്പോഴും, അദ്ദേഹം മരിച്ചപ്പോഴും, പിന്നീട് സ്പീക്കറായ സി.എച്ച് മുഹമ്മദ് കോയ രാജിവെച്ചപ്പോഴും മൂന്നു തവണ നഫീസത്ത് ബീവി സ്പീക്കറുടെ ചുമതല നിര്‍വഹിക്കുകയുണ്ടായി. 1962-ലെ ബജറ്റ് സമ്മേളനത്തില്‍ ബീവിയായിരുന്നു സ്പീക്കര്‍. അവരുടെ അധ്യക്ഷതയിലായിരുന്നു ഗവര്‍ണറുടെ നയപ്രഖ്യാപനം. വളരെയേറെ ഉത്തരവാദിത്വമുള്ള, സെന്‍സിറ്റീവായ സ്പീക്കര്‍ പദവി ആര്‍ജവത്തോടെയും സമചിത്തതയോടെയുമാണ് നഫീസത്ത് ബീവി കൈകാര്യം ചെയ്തത്. ഇ.എം.എസ്, കെ.ആര്‍ ഗൗരിയമ്മ പോലുള്ള പ്രഗത്ഭര്‍ പ്രതിപക്ഷത്ത്. പക്ഷേ, ബീവി പതറിയില്ല. ഡെപ്യൂട്ടി സ്പീക്കര്‍ക്ക് അക്കാലത്ത് വലിയ അധികാരമൊന്നുമുണ്ടായിരുന്നില്ല. കാറ്, ബംഗ്ലാവ്, സെക്രട്ടറിമാര്‍ തുടങ്ങിയവയൊന്നുമില്ല. 400 രൂപയായിരുന്നു ശമ്പളം. എങ്കിലും എം.എല്‍.എ ആകാനും കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലിരിക്കുന്ന രണ്ടാമത്തെ മുസ്‌ലിം സ്ത്രീയാകാനും നഫീസത്ത് ബീവിക്ക് സാധിച്ചത് വലിയ നേട്ടം തന്നെയാണ്.

അവഗണിക്കപ്പെട്ട രാഷ്ട്രീയ നേതാവ്
ആലപ്പുഴ നിയോജക മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ കോണ്‍ഗ്രസ് പിന്നീട് ബീവിക്ക് ടിക്കറ്റ് നല്‍കിയില്ല. ടി.വി തോമസില്‍ നിന്ന് ബീവി പിടിച്ചെടുത്ത സീറ്റായിട്ടും ജയസാധ്യതയുള്ള മണ്ഡലമായതിനാല്‍ അത് മറ്റുള്ളവര്‍ക്ക് നല്‍കി. '57-ല്‍ മത്സരിക്കാന്‍ വിസമ്മതിച്ച ചിദംബരയ്യരാണ് പിന്നീട് ആലപ്പുഴ നിയോജകമണ്ഡലത്തില്‍ മത്സരിച്ച് ജയിച്ചത്. പകരം, 1967-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് ഒട്ടും ജയസാധ്യതയില്ലാത്ത, കെട്ടിവെച്ച കാശ് പോലും തിരിച്ചുകിട്ടാത്ത മഞ്ചേരി ലോക്‌സഭാ മണ്ഡലത്തില്‍ നഫീസത്ത് ബീവിയെ മത്സരിപ്പിച്ചു. മുസ്‌ലിം ലീഗ് നേതാവ് ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബായിരുന്നു എതിരാളി. അന്ന് കോണ്‍ഗ്രസ്സും മുസ്‌ലിം ലീഗും എതിരാളികളായിരുന്നു. അതിന് മുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷൗക്കത്തലിക്ക് ആകെ കിട്ടിയത് 45,000 വോട്ടാണ്. ഇത്തരമൊരു മണ്ഡലത്തില്‍ ബീവിയോട് കൂടിയാലോചിക്കാതെയാണ് കോണ്‍ഗ്രസ് കേന്ദ്ര നിരീക്ഷകന്‍ ഫഖ്‌റുദ്ദീന്‍ അലി അഹ്മദിന്റെ നിര്‍ദേശപ്രകാരമാണ് അവരെ സ്ഥാനാര്‍ഥിയാക്കിയത്. '62-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് 19000 വോട്ട് കിട്ടിയ മണ്ണാര്‍ക്കാട് നിയോജകമണ്ഡലം പുനര്‍നിര്‍ണയത്തില്‍ നഷ്ടപ്പെടുകയും 5000 വോട്ട് മാത്രം കിട്ടിയ മങ്കട നിയോജക മണ്ഡലം കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്തിരുന്നു. അതൊന്നും വകവെക്കാതെ നഫീസത്ത് ബീവി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി. നല്ല പ്രതികരണം ലഭിച്ചു. 'ബീവി'യെന്ന പേര് കണ്ട് മലപ്പുറത്തെ മുസ്‌ലിം സ്ത്രീകള്‍ തങ്ങള്‍ പാരമ്പര്യമുള്ള സ്ത്രീയാണെന്ന് കരുതി നഫീസത്ത് ബീവിയുടെ കൈപിടിച്ച് മുത്തുകയും ആദരവ് പ്രകടിപ്പിക്കുകയും മറ്റും ചെയ്തു. ഇത് കണ്ട് സി.എച്ച് മുഹമ്മദ് കോയ സ്വതസിദ്ധമായ ശൈലിയില്‍ നഫീസത്ത് ബീവിയെ കളിയാക്കി; 'ഇത് ആദരവായ ബീവിയല്ല, നാടന്‍ ബീവിയാണ്. തെരഞ്ഞെടുപ്പില്‍ തോറ്റ് ബീവിക്ക് ആലപ്പുഴയിലെ വീട്ടില്‍ ചെന്ന് മീന്‍ മുറിക്കാം!' 'ഭര്‍ത്താവില്ലാതെ നടക്കുന്നവളാണെന്ന്' ലീഗുകാരുടെ പരിഹാസത്തിന് മറുപടിയായി മലപ്പുറത്ത് ഭര്‍ത്താവ് അബ്ദുല്ലകുട്ടിയും നഫീസത്ത് ബീവിയും ഒരുമിച്ച് പൊതുസമ്മേളനത്തില്‍ പ്രസംഗിച്ചു. തെരഞ്ഞെടുപ്പില്‍ ബീവി തോറ്റെങ്കിലും പതിവുപോലെ കോണ്‍ഗ്രസിന് കെട്ടിവെച്ച കാശ് പോയില്ല. ഒരു ലക്ഷത്തോളം വോട്ടാണ് നഫീസത്ത് ബീവി നേടിയത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വോട്ട് ഉള്‍പ്പെടെ വാങ്ങിയാണ് ഖാഇദെ മില്ലത്ത് അന്ന് വിജയിച്ചത്. ലീഗ് സപ്ത കക്ഷി മുന്നണിയുടെ ഭാഗമായിരുന്നു. ലീഗ് ഒറ്റക്കായിരുന്നു അന്ന് മത്സരിച്ചതെങ്കില്‍ ഖാഇദെ മില്ലത്തിന്റെ വിജയം പ്രയാസകരമാകുമായിരുന്നുവെന്ന് അന്ന് നഫീസത്ത് ബീവിയുടെ സെക്രട്ടറിയായിരുന്ന ആലപ്പുഴയിലെ എ.പി ഹംസ പറയുന്നു. നേരത്തെ രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും നഫീസത്ത് ബീവിയെ അവഗണിച്ച് ഭാരതീ ഉദയഭാനുവിനെ മെമ്പറാക്കി. ഉദയഭാനു തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ പേരിലായിരുന്നുവത്രെ ഭാരതിക്ക് രാജ്യസഭാ സീറ്റ് നല്‍കിയത്.
1980-ല്‍ വാമനപുരം മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഉറച്ച മാര്‍ക്‌സിസ്റ്റ് മണ്ഡലമായിരുന്നു വാമനപുരം. അതിനു ശേഷം നഫീസത്ത് ബീവിക്ക് കോണ്‍ഗ്രസ് സീറ്റ് നല്‍കിയില്ല. പഴയ ആലപ്പുഴ മണ്ഡലത്തിലും അവരെ മത്സരിപ്പിക്കുകയുണ്ടായില്ല. അര്‍ഹതയും യോഗ്യതയുമുണ്ടായിട്ടും അവഗണിക്കപ്പെട്ട നഫീസത്ത് ബീവി 'കോണ്‍ഗ്രസിലെ അധികാര മത്സരത്തിന്റെയും പുരുഷാധിപത്യത്തിന്റെയും ഇര'യാണ് താനെന്ന് തുറന്നുപറഞ്ഞിട്ടുണ്ട്. ''ആത്മബലം ഒന്നു കൊണ്ടു മാത്രമാണ് ഞാന്‍ പിടിച്ചു നിന്നത്. സമൂഹം, ഉമ്മ, വീട് ഒക്കെ പ്രതിബന്ധമായിരുന്നല്ലോ... എന്റെ വിശ്വാസം എന്നെ പടച്ചോന്‍ അനുഗ്രഹിച്ചതായിരിക്കുമെന്നാണ്. അല്ലെങ്കില്‍ ഈ പ്രതിസന്ധികളൊക്കെ എങ്ങനെ മറികടക്കാന്‍ കഴിഞ്ഞു? 1960-ല്‍ ആദ്യമായി അസംബ്ലി കാണുന്ന ഒരു കൊച്ചു പെണ്ണായിരുന്നല്ലോ ഞാന്‍. അങ്ങേയറ്റം മാന്യമായിട്ടാ ഞാന്‍ സ്പീക്കറുടെ പദവി കൊണ്ടുനടന്നത്. എന്നിട്ടും എനിക്ക് വേണ്ടി പറയാന്‍ ആളുണ്ടായോ? പെണ്ണായതുകൊണ്ടു തന്നെയല്ലേ? എന്തൊക്കെ വന്നാലും പെണ്ണ് ഒരു പൊസിഷനിലെത്തുന്നത് ഇവമ്മാര് സമ്മതിക്കത്തില്ല... കഴിവുകൊണ്ട് കൊള്ളാമെന്ന് കണ്ടാല്‍ പെണ്ണുങ്ങള്‍ക്ക് ഒന്നും തരത്തില്ല. പെണ്ണുങ്ങളെ വേണ്ടാതാക്കുന്ന കാര്യത്തില്‍ ആണുങ്ങളൊക്കെ ഒരു സെറ്റാ... എത്രകാലം കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തിച്ചതാ, എത്രയോ കാലമായി എന്റെ പേരു പോലും വെക്കത്തില്ല. ഒന്നിനും വിളിക്കത്തില്ല. മരിച്ചപോലെ ഇട്ടിരിക്കുവല്ലേ..'' (നഫീസത്ത് ബീവിയുമായി ഗീത നടത്തിയ അഭിമുഖത്തില്‍നിന്ന്- മാധ്യമം ആഴ്ചപ്പതിപ്പ്, 2006 ഡിസംബര്‍ 22).

നെഹ്‌റുവുമായി കൂടിക്കാഴ്ച
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ കണ്ട് സംസാരിക്കാന്‍ നഫീസത്ത് ബീവിക്ക് അവസരമുണ്ടായത് 1961-ലാണ്. സപ്രു ഹൗസില്‍ എ.ഐ.സി.സി മീറ്റിംഗില്‍ പങ്കെടുക്കാന്‍ പോയപ്പോഴായിരുന്നു കൂടിക്കാഴ്ച. അതേക്കുറിച്ച് ബീവി പറയുന്നതിങ്ങനെ: ''എനിക്ക് തീമൂര്‍ത്തി ഭവനില്‍ വന്നുകാണാന്‍ ആഗ്രഹമുണ്ടെന്ന് ഞാന്‍ നെഹ്‌റുവിനോട് പറഞ്ഞു. അദ്ദേഹം മൈല്‍ഡ് ഹാര്‍ട്ട് അറ്റാക്ക് കഴിഞ്ഞ് കിടക്കുന്ന സമയം. ഇന്ദിരാഗാന്ധി ഇടപെട്ട് 'നോ, നോ' എന്ന് പറഞ്ഞു. നെഹ്‌റു അത് കേട്ട് എന്താണെന്ന് ചോദിച്ചു. ഞാന്‍ ചോദ്യം ആവര്‍ത്തിച്ചു. പിറ്റേന്നു രാവിലെ 9.30ന് ചെല്ലാന്‍ പറഞ്ഞു. പിറ്റേന്ന് ഞാന്‍ തീമൂര്‍ത്തി ഭവനില്‍ പോയി. അദ്ദേഹത്തെ കണ്ട് കുറെ നേരം സംസാരിച്ചു.''
നഫീസത്ത് ബീവി രണ്ട് തവണ ജയില്‍വാസമനുഷ്ഠിച്ചിട്ടുണ്ട്; 1959-ലും '79-ലും. രണ്ടും പാര്‍ട്ടിക്കു വേണ്ടിയുള്ള രാഷ്ട്രീയ സമരങ്ങളെ തുടര്‍ന്നായിരുന്നു. വിമോചനസമരത്തെ തുടര്‍ന്നായിരുന്നു 1959 ലെ അറസ്റ്റ്. അടിയന്തരാവസ്ഥക്കു ശേഷം അധികാരത്തില്‍ വന്ന ജനതാ ഗവണ്‍മെന്റ് ഇന്ദിരാഗാന്ധിയെ ജയിലിലടച്ചതില്‍ പ്രതിഷേധിച്ച് സമരം ചെയ്തതായിരുന്നു 1979-ലെ അറസ്റ്റിന് കാരണം. ഒരാഴ്ചയാണ് അന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കിടന്നത്. കോണ്‍ഗ്രസില്‍ 1967-ല്‍ ഉണ്ടായ പിളര്‍പ്പിന്റെ സന്ദര്‍ഭത്തില്‍ നഫീസത്ത് ബീവി ഇന്ദിരാഗാന്ധിയുടെ പക്ഷത്താണ് നിലകൊണ്ടത്.

ബി.ജെ.പിയിലേക്ക് ക്ഷണം
നജ്മ ഹിബത്തുല്ല ബി.ജെ.പി പക്ഷത്ത് ചേര്‍ന്ന പോലെ, നഫീസത്ത് ബീവിയെയും പാര്‍ട്ടിയിലേക്ക് കൊണ്ടുവരാന്‍ ബി.ജെ.പി നേതൃത്വം ശ്രമം നടത്തുകയുണ്ടായി. ഒരു മുസ്‌ലിം സ്ത്രീയെ ബി.ജെ.പിക്ക് നേതാവായി കിട്ടുന്നത് ചെറിയ കാര്യമല്ലല്ലോ. കോണ്‍ഗ്രസ് അവഗണിക്കുന്നതില്‍ നഫീസത്ത് ബീവിക്ക് ഏറെ വേദനയുണ്ടെന്ന് മനസ്സിലാക്കി സന്ദര്‍ഭം മുതലെടുക്കാനായിരുന്നു ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം. സംസ്ഥാന പ്രസിഡന്റായിരുന്ന അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള നഫീസത്ത് ബീവിയുടെ വീട്ടില്‍ ചെന്ന് ബി.ജെ.പിയിലേക്ക് ക്ഷണിച്ചു. പക്ഷേ, ബീവി ഓഫര്‍ നിരസിച്ചു. അതിന്റെ കാരണം അവരിങ്ങനെ വിശദീകരിക്കുകയും ചെയ്തു: ''ഗാന്ധിജിയെ കൊന്ന പാര്‍ട്ടിയല്ലേ. എന്തു തരാമെന്ന് പറഞ്ഞാലും എന്റെ അഭിപ്രായവും ആദര്‍ശവുമൊന്നും ഉപേക്ഷിക്കാന്‍ കഴിയില്ല. എന്തൊക്കെ നഷ്ടപ്പെട്ടാലും ഞാനെന്റെ ആദര്‍ശത്തിലും വിശ്വാസത്തിലും ഉറച്ചു നില്‍ക്കും.''

ഇസ്‌ലാമിക ചിട്ടകള്‍
ചെറുപ്പത്തിലേ പിതാവില്‍നിന്നും ശേഷം ഉമ്മയുടെ ഉപ്പയില്‍നിന്നുമാണ് നഫീസത്ത് ബീവി മതചിട്ടകള്‍ ശീലിച്ചത്. നമസ്‌കാരവും നോമ്പും ഖുര്‍ആന്‍ പാരായണവുമൊക്കെ കുട്ടിക്കാലം മുതലേ നിത്യജീവിതത്തിന്റെ ഭാഗമാണ്. ചെറിയ കുട്ടിയായിരിക്കെ, നാലു കിലോമീറ്റര്‍ ദൂരെയുള്ള സ്‌കൂളില്‍ നടന്നുപോകുമ്പോഴും നോമ്പെടുക്കുമായിരുന്നു. ഒരു ജുസ്അ് എങ്കിലും ദിവസവും ഖുര്‍ആന്‍ പാരായണം ചെയ്യും. വുദൂ ചെയ്ത് പ്രാര്‍ഥനയോടെയാണ് ഉറക്കം. തികഞ്ഞ മതബോധമുള്ളയാളായിരുന്നു ഭര്‍ത്താവ് അബ്ദുല്ല കുട്ടി. ഇതും നഫീസത്ത് ബീവിയുടെ ഇസ്‌ലാമിക ചിട്ടകള്‍ക്ക് സഹായകമായി വര്‍ത്തിച്ചു. മുജാഹിദ് പ്രസ്ഥാനത്തോട് താല്‍പര്യമുണ്ടായിരുന്ന ബീവി, സംഘടനയുടെ പല പരിപാടികളിലും അതിഥിയായി പങ്കെടുത്തിട്ടുണ്ട്.
നിയമപഠനം തുടങ്ങിയപ്പോഴാണ് ഇസ്‌ലാമിനെപ്പറ്റി ഗൗരവത്തില്‍ ചിന്തിച്ചത്. ഇസ്‌ലാമിക നിയമങ്ങളെപ്പറ്റി, വിശേഷിച്ചും സ്ത്രീ നിയമങ്ങളെ സംബന്ധിച്ച് കുറെയൊക്കെ പഠിച്ചിട്ടുണ്ട്. മുഹമ്മദന്‍ ലോയും നിന്നനില്‍പില്‍ മൊഴി ചൊല്ലാനുള്ള അനുവാദവുമൊക്കെ കണ്ടപ്പോഴാണ് ഖുര്‍ആനില്‍, സ്ത്രീകള്‍ക്ക് നല്‍കുന്ന അവകാശങ്ങളെക്കുറിച്ചും മറ്റും പഠിച്ചതെന്ന് ബീവി പറയുന്നു. മുഹമ്മദന്‍ ലോ പറയുന്നതുപോലുള്ള ഒറ്റയടിക്ക് ത്വലാഖ് രീതി ഇസ്‌ലാം അനുവദിക്കുന്നില്ലെന്ന് നഫീസത്ത് ബീവി ഉറച്ചു വിശ്വസിക്കുന്നു: ''ആണും പെണ്ണും പരസ്പര പൂരകങ്ങളാണ്. ഒന്ന് മറ്റേതിനേക്കാള്‍ മെച്ചമാണെന്ന് പറയാനാകില്ല. സ്ത്രീ ഒരിക്കലും രണ്ടാം തരക്കാരിയല്ല. പക്ഷേ അത് സ്ത്രീ സ്വയം മനസ്സിലാക്കേണ്ടേ? ഭര്‍ത്താക്കന്മാരും ഭാര്യയെ അടിമയായിട്ടാണ് കാണുന്നത്. പരമ്പരാഗതമായി തുടര്‍ന്നുപോരുന്ന മനോഭാവം. സ്ത്രീ എത്ര വിദ്യാസമ്പന്നയായാലും അതാണ് സ്ഥിതി. അവളാകട്ടെ 'ഇതെന്റെ വിധിയാണെ'ന്ന് പറഞ്ഞ് എല്ലാം സഹിക്കുന്നു'' (വനിത മാസിക, 1987 മെയ്).

ചുമതലകള്‍, പുരസ്‌കാരങ്ങള്‍
കെ.പി.സി.സി-എ.ഐ.സി.സി അംഗത്വത്തിന് പുറമെ സംസ്ഥാന വനിതാ കമീഷന്‍ (1996-2002), നാഷ്‌നല്‍ കൗണ്‍സില്‍ ഫോര്‍ വിമന്‍സ് എജുക്കേഷന്‍ സ്റ്റേറ്റ് കമ്മിറ്റി, കമ്യൂണിറ്റി ഡവലപ്‌മെന്റ് കണ്‍സള്‍ട്ടേറ്റീവ് കൗണ്‍സില്‍, കാന്‍ഫെഡ് കേരള ഘടകം സ്റ്റാന്റിംഗ് കമ്മിറ്റി, ഡിഫന്‍സ് കൗണ്‍സില്‍ സ്റ്റേറ്റ് നിര്‍വാഹക സമിതി, കേരള സംസ്ഥാന ഫിലിം അവാര്‍ഡ് കമ്മിറ്റി, സാമൂഹിക ക്ഷേമ ഉപദേശക ബോര്‍ഡ്, ഗ്രാമീണ വ്യവസായ പ്രോജക്ടിന്റെ സംസ്ഥാന ഉപദേശക സമിതി, സ്റ്റേറ്റ് ഓര്‍ഫനേജ് ബോര്‍ഡ്, സംസ്ഥാന ഹിന്ദി ഉപദേശക സമിതി, ആലപ്പുഴ ജില്ലാ വഖ്ഫ് ബോര്‍ഡ്, തിരുവനന്തപുരം മുസ്‌ലിം അസോസിയേഷന്‍ പ്രവര്‍ത്തക സമിതി തുടങ്ങി അനേകം കമ്മിറ്റികളില്‍ നഫീസത്ത് ബീവി മെമ്പറായിട്ടുണ്ട്. സ്റ്റേറ്റ് മഹിളാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, കൊച്ചി എണ്ണ ശുദ്ധീകരണശാല ഡയറക്ടര്‍ (1965-69), ആലപ്പുഴ സാമൂഹിക ക്ഷേമ സഹകരണ സംഘം പ്രസിഡന്റ്, ജില്ലാ വിദ്യാഭ്യാസ ലീഡര്‍, ആലപ്പുഴ ഹോണററി മജിസ്‌ട്രേറ്റ്, ആലപ്പുഴ അബലാ മന്ദിരം ചെയര്‍ പേഴ്‌സണ്‍, ആലപ്പുഴ വിമന്‍സ് അസോസിയേഷന്‍, ആലപ്പുഴ മുസ്‌ലിം വനിതാ സമാജം എന്നിവയുടെ പ്രസിഡന്റ് തുടങ്ങിയ ചുമതലകള്‍ നിര്‍വഹിച്ചിട്ടുണ്ട്.
ധീവര സ്മാരക സമിതി പാരിതോഷികം (2000), തൃശൂര്‍ സഹൃദയവേദിയുടെ ലക്ഷ്മീ അവാര്‍ഡ് (2001), മികച്ച സാമൂഹിക പ്രവര്‍ത്തകക്കുള്ള തിരുവനന്തപുരം മുസ്‌ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ അവാര്‍ഡ് (2000-'01), എം.ഇ.എസ് ലേഡീസ് വിംഗ് അവാര്‍ഡ് (2002), കാന്‍ഫെഡ് സില്‍വര്‍ ജൂബിലി വിദഗ്ധ അവാര്‍ഡ്(2002) തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ നഫീസത്ത് ബീവിക്ക് ലഭിച്ചിട്ടുണ്ട്.

കുടുംബം
രണ്ട് സഹോദരങ്ങളാണ് നഫീസത്ത് ബീവിക്ക്; ഫാത്വിമാ കുഞ്ഞും ത്വാഹാ കുഞ്ഞും. നഫീസത്ത് ബീവിയുടെ ഭര്‍ത്താവ് അബ്ദുല്ല കുട്ടി 1986 ജൂലൈ 28-ന് തിരുവനന്തപുരത്ത് വെച്ചാണ് അന്തരിച്ചത്. ഇസ്‌ലാമിക വിശ്വാസവും സംസ്‌കാരവും ആരാധനകളില്‍ നിഷ്ഠയുമുള്ള ആളായിരുന്നു അദ്ദേഹം. മൂത്ത മകള്‍ ഡോ. ആരിഫാ അബ്ദുല്ല ദുബൈയിലും മകന്‍ ഡോ. സ്വലാഹുദ്ദീന്‍ അമേരിക്കയിലെ ഹുസ്റ്റണിലും ജോലി ചെയ്യുന്നു. മകള്‍ അഡ്വ. സ്വാദിഖ തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലും അഡ്വ. റഷീദാ ഷാജഹാന്‍ കുടുംബ കോടതിയിലും പ്രാക്ടീസ് ചെയ്യുന്നു. അസുഖം തളര്‍ത്തിയ ശരീരവുമായി 89-ാമത്തെ വയസ്സില്‍ തിരുവനന്തപുരത്തെ വീട്ടില്‍ പൂര്‍ണ വിശ്രമത്തിലാണ് നഫീസത്ത് ബീവി.

കടപ്പാട്
1. നഫീസത്ത് ബീവി, 19 വര്‍ഷം പി.എ ആയിരുന്ന എ.പി ഹംസ, മകള്‍ അഡ്വ. സ്വാദിഖ എന്നവരുമായി നടത്തിയ സംഭാഷണം.
2. A NAFEESATH BEEVI, indianmuslimlegends.blogspot.in, www.stateofkerala.in, Niyamasabha.org/codes/Members.
3. നഫീസത്ത് ബീവിയുമായി ഗീത നടത്തിയ അഭിമുഖം-
മാധ്യമം ആഴ്ചപ്പതിപ്പ്-2006, ഡിസംബര്‍ 22.
4. വനിത മാസിക, 1987 മെയ്.
5. രാഷ്ട്രീയത്തിലെ ഒരേയൊരു ബീവി/ കെ.ആര്‍ ധന്യ,
മാതൃഭൂമി.
6. പുരുഷാധിപത്യത്തില്‍ അവസരങ്ങള്‍ നഷ്ടമായി
മാധ്യമം റിപ്പോര്‍ട്ട് - 02-10-2010.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 74-79
എ.വൈ.ആര്‍