Prabodhanm Weekly

Pages

Search

2013 ജൂണ്‍ 21

ഗസ്സ പ്രതിരോധത്തിന്റെ പാഠശാല-15 / മീന്‍പിടുത്തവും പോരാട്ടമാണ്‌

സി. ദാവൂദ് / യാത്ര

നാല്‍പത് കിലോമീറ്റര്‍ നീളമുള്ള കടല്‍തീരമുണ്ട് ഗസ്സക്ക്. നീലവര്‍ണ്ണത്തില്‍ വെട്ടിത്തിളങ്ങുന്ന മെഡിറ്ററേനിയന്‍ കടലിന്റെ ഓളങ്ങള്‍ ഗസ്സയെ തഴുകിത്തലോടുന്നു. ഗസ്സയുടെ സൗന്ദര്യമാണത്. ഒരു പക്ഷേ, ഗസ്സക്കാര്‍ക്ക് ഒന്നു നിവര്‍ന്ന് നില്‍ക്കാനും ആശ്വാസത്തില്‍ ഓടിച്ചാടാനുമുള്ള ഏക കേന്ദ്രമായിരിക്കും ഈ ബീച്ച്. ഭൂമിയില്‍ ഇടമില്ലാത്തവര്‍ ആകാശത്ത് അത് പരതുന്നതിനെ ഓര്‍മ്മിപ്പിച്ചു കൊണ്ട് വൈകുന്നേരങ്ങളില്‍ കുട്ടികള്‍ കൂട്ടമായി അവിടെ പട്ടം പറത്താനെത്തും. കടലില്‍ ഇറങ്ങിക്കളിക്കാനും കുളിക്കാനുമായെത്തിയ സംഘങ്ങളെക്കൊണ്ട് സായാഹ്നങ്ങള്‍ നിറയും. ആശ്വാസത്തിന്റെ കാറ്റുകൊള്ളാനുള്ള അവരുടെ ഒരേയൊരു സന്ദര്‍ഭം.
പക്ഷേ, അതും അത്ര സുരക്ഷിതമാണെന്നു വിചാരിക്കരുത്. കടലില്‍ നിശ്ചിത പരിധിയില്‍ നങ്കൂരമിട്ടിരിക്കുന്ന ഇസ്രയേലി യുദ്ധക്കപ്പലുകളുടെ വെടിവലയത്തിലാണ് ആ സുന്ദര തീരം. ഗസ്സ ബീച്ച് ലോകവാര്‍ത്തകളില്‍ നിറഞ്ഞത് 2006-ലാണ്. അന്ന്, ജൂണ്‍ ഒമ്പതിനാണ്, ബൈത്ത് ലാഹിയയിലെ ഗാലിയ കുടുംബം ബീച്ചില്‍ സായാഹ്നം ചെലവഴിക്കാനെത്തിയത്. കുട്ടികളോടൊപ്പം സ്വസ്ഥമായി കളിക്കാനായി, ആളധികമില്ലാത്ത, വെള്ള മണല്‍ നിറഞ്ഞ ഒരു ഭാഗമാണ് അവര്‍ തെരഞ്ഞെടുത്തത്. കര്‍ഷകനായ അലി ഗാലിയ, മക്കളുടെ കളിരസങ്ങള്‍ ശ്രദ്ധിക്കാതെ അവര്‍ക്ക് തിന്നാനായി ചോളം ചുടുകയായിരുന്നു. സന്തോഷത്തിന്റെ ആ ആരവങ്ങളിലേക്കാണ് പൊടുന്നനെ ഇസ്രയേലി പടക്കപ്പലില്‍ നിന്നുള്ള മിസൈല്‍ വന്ന് പതിച്ചത്. ഗാലിയ കുടുംബത്തിലെ ഏഴ് പേര്‍ ആ കടല്‍തീരത്ത് പിടഞ്ഞു മരിച്ചു. അലി ഗാലിയ (43), ഭാര്യ റഈസ (36), മക്കളായ ആലിയ (24), ഇല്‍ഹാം (15), സബ്‌റീന്‍ (07), ഹനാദി (02), ഹൈതം (എട്ട് മാസം) എന്നിവര്‍. 11 കാരിയായ ഹുദ മാത്രം രക്ഷപ്പെട്ടു. ബീച്ചിലുണ്ടായിരുന്ന മുപ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തന്റെ വാപ്പയും ഉമ്മയും ഉടപ്പിറപ്പുകളും മണലില്‍ രക്തം വാര്‍ന്ന് വീണുകിടക്കുന്നത് കണ്ട ഹുദ, വാപ്പയുടെ മൃതദേഹത്തിനടുത്ത് മണലില്‍ തലയടിച്ച് 'അബൂയാ, അബൂയാ' എന്ന് ആര്‍ത്ത് നിലവിളിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ലോകമാധ്യമങ്ങള്‍ പ്രക്ഷേപണം ചെയ്തു. മനുഷ്യത്വമുള്ള ആരുടെയും ചങ്കിടിപ്പിക്കുന്ന ദൃശ്യം. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം, 2009 ജനുവരി 26ന്, ദാവോസില്‍ ചേര്‍ന്ന വേള്‍ഡ് എകണോമിക് ഫോറത്തില്‍, ഇസ്രയേല്‍ പ്രസിഡന്റ് ഷിമോന്‍ പെരസും തുര്‍ക്കി പ്രധാന മന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാനും പരസ്പരം കൊമ്പുകോര്‍ത്തപ്പോള്‍, ഉര്‍ദുഗാന്‍ ഗസ്സ ബീച്ചിലെ ആ നരഹത്യയെക്കുറിച്ച് പെരസിനെ ഓര്‍മപ്പെടുത്തിയിരുന്നു. ഉര്‍ദുഗാന്റെ അന്നത്തെ പ്രഭാഷണവും വേദിയില്‍ നിന്നുള്ള ഇറങ്ങിപ്പോക്കും സാര്‍വദേശീയ തലത്തില്‍ വന്‍ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ദാവോസില്‍ നിന്ന് തിരിച്ചെത്തിയ ഉര്‍ദുഗാനെ സ്വീകരിക്കാന്‍ ഫലസ്തീന്‍ പതാകകളുമായി പതിനായിരങ്ങളാണ് അന്ന് ഇസ്തംബൂള്‍ വിമാനത്താവളത്തില്‍ കാത്തുനിന്നത്. ഹുദാ ഗാലിയയുടെ വേദന പങ്കുവെച്ചതിന്റെ പേരില്‍ അറബ് ലോകത്താകമാനം ഉര്‍ദുഗാന്‍ ശ്രദ്ധേയനായി. 'മിസ്റ്റര്‍ പെരസ്, നിങ്ങള്‍ക്ക് എന്നെക്കാള്‍ പ്രായമുണ്ട്. നിങ്ങള്‍ എന്നെക്കാള്‍ ഉച്ചത്തിലാണ് സംസാരിക്കുന്നത്. കുറ്റം ചെയ്തതിന്റെ ബോധം ഉള്ളില്‍ പേറുന്നത് കൊണ്ടാണ് നിങ്ങള്‍ക്ക് ഇങ്ങനെ ഒച്ച വെക്കേണ്ടി വരുന്നത്. എനിക്കേതായാലും അങ്ങനെ ഒച്ച വെക്കാന്‍ കഴിയില്ല..... കൊലയുടെ കാര്യം വരുമ്പോള്‍, എങ്ങനെ സൂക്ഷ്മമായി നടപ്പാക്കാം എന്ന് നിങ്ങള്‍ക്ക് നന്നായറിയാം. ആ ബീച്ചില്‍ എത്ര സമര്‍ഥമായാണ് നിങ്ങള്‍ കുഞ്ഞുങ്ങളെ കൊന്നതെന്ന് എനിക്കറിയാം.' അറബ് ലീഗ് സെക്രട്ടറി ജനറല്‍ അംറ് മൂസയെപ്പോലുള്ള 'മഹാന്മാരായ അറബികള്‍' സ്റ്റേജിലിരിക്കെയാണ് ദാവോസില്‍ ഉര്‍ദുഗാന്‍ പെരസിനെതിരെ ആഞ്ഞടിച്ചത്.
മെഡിറ്ററേനിയന്‍ കടലിലെ മത്സ്യബന്ധനം ഗസ്സയുടെ പ്രധാനപ്പെട്ടൊരു വരുമാന മാര്‍ഗമാണ്. തീരദേശത്തെ ആയിരക്കണക്കിന് കുടുംബങ്ങളുടെ വരുമാന മാര്‍ഗം. എന്നാല്‍, 2001-ല്‍ ഇസ്രയേല്‍ ഉപരോധം പ്രഖ്യാപിച്ചതു മുതല്‍ കടലിലും വന്നു നിയന്ത്രണങ്ങള്‍. ആറ് നോട്ടിക്കല്‍ മൈല്‍ (10 കിലോ മീറ്റര്‍) ദൂരത്തിനപ്പുറം വള്ളങ്ങളുമായി പോകരുതെന്ന് ഇസ്രയേല്‍ തിട്ടൂരമിറക്കി. കരക്കും ആകാശത്തിനുമൊപ്പം കടലും അവര്‍ക്ക് ചുരുങ്ങിപ്പോയി. ഇനി, അനുവദിക്കപ്പെട്ട ഈ ദൂരത്തില്‍ മീന്‍ പിടിക്കാന്‍ പോകുന്നവര്‍ക്ക് തന്നെ അത് വലിയ സാഹസിക കൃത്യമായിരുന്നു. നല്ല മത്സ്യം കിട്ടണമെങ്കില്‍ കരയില്‍ നിന്ന് ദൂരത്തേക്ക് പോകണം. പക്ഷേ, 10 കി.മീ അതിര്‍ത്തിയില്‍ ഇസ്രയേലി പടക്കപ്പലുകളുടെയും ഗണ്‍ബോട്ടുകളുടെയും നിരയാണ്. അനുവദിക്കപ്പെട്ട പരിധിയുടെ സമീപത്ത് ചെന്നാല്‍ പോലും ഇസ്രയേലി ഗണ്‍ബോട്ടുകള്‍ വെടിയുതിര്‍ക്കും. അങ്ങനെ മീന്‍പിടുത്തത്തിനിടെ കൊല്ലപ്പെട്ടവരും പരിക്കേറ്റവരും ഗസ്സയില്‍ നിരവധി. തണുപ്പുള്ള ഒരു രാത്രിയില്‍ ഗസ്സയിലെ കടപ്പുറത്ത് മീന്‍പിടുത്തക്കാരോടൊപ്പം തീ കാഞ്ഞു കൊണ്ടിരിക്കെ, മീന്‍പിടുത്തത്തിന്റെ സാഹസ കഥകള്‍ അവര്‍ പറഞ്ഞു തന്നു. കൂടെയിരിക്കുന്നവരില്‍ ഒരാളുടെ അനുജന്റെ ഒരു കാല്‍, ഇസ്രയേലി ഗണ്‍ബോട്ടില്‍ നിന്നുള്ള വെടിയേറ്റ് തകര്‍ന്നിട്ടുണ്ട്. എന്നാല്‍, 2012 നവംബറിലെ രണ്ടാം ഗസ്സ യുദ്ധം മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചേടത്തോളം ആനന്ദ പര്യവസായിയായിരുന്നു. യുദ്ധം അവസാനിപ്പിക്കാന്‍ മുഹമ്മദ് മുര്‍സിയുടെ കാര്‍മികത്വത്തില്‍ രൂപപ്പെടുത്തിയ വെടിനിര്‍ത്തല്‍ കരാറിലെ ഒരിനം ഗസ്സയിലെ കടല്‍ ഉപരോധത്തിന്റെ പരിധി നീട്ടുന്നതാണ്. ഗസ്സക്കാര്‍ക്ക് അനുവദിക്കപ്പെട്ട ആറ് നോട്ടിക്കല്‍ മൈല്‍ 12 ആക്കി മാറ്റിയിരിക്കുന്നു. ഇനി, 20 കി.മീ ദൂരത്തോളം ഗസ്സക്കാര്‍ക്ക് മീന്‍പിടിക്കാന്‍ പോകാം. അതിന്റെ ആഹ്ലാദം അവര്‍ പങ്കുവെക്കുന്നുമുണ്ട്. മീന്‍പിടുത്ത സമൂഹത്തില്‍ ഹമാസ് സര്‍ക്കാറിന്റെ ജനകീയ പിന്തുണ വര്‍ധിക്കാനും ഇത് കാരണമായി.
40 കിലോമീറ്റര്‍ തീരമുണ്ടെങ്കിലും ഒരു കൊച്ചുതുറമുഖം പോലും ഗസ്സയിലില്ല. അങ്ങനെയൊന്ന് ഉണ്ടാക്കാനുള്ള എല്ലാ ശ്രമങ്ങളും ഇസ്രയേല്‍ തടഞ്ഞ് തകര്‍ക്കുകയായിരുന്നു. മീന്‍പിടുത്ത ബോട്ടുകള്‍ക്ക് സുരക്ഷിതമായി അടുപ്പിക്കാനുള്ള ഹാര്‍ബര്‍ പോലുമില്ല അവിടെ. മണല്‍ചാക്കുകളും പാറക്കല്ലുകളും കൊണ്ട് കടലിലേക്ക് കെട്ടിനീട്ടിയ പുലിമുട്ട് പോലുള്ള സംവിധാനം മാത്രമാണ് ബോട്ടുകാര്‍ക്കുള്ള ഏക ആശ്രയം. ബോട്ടിറക്കലും ബോട്ട് അടുപ്പിക്കലുമെല്ലാം അവര്‍ക്ക് സാഹസിക കൃത്യങ്ങള്‍ തന്നെ. ഇന്ന്, ഫിഷറീസ് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത 433 ബോട്ടുകളാണ് അവിടെ സര്‍വീസ് നടത്തുന്നത്.
ഗസ്സ ബീച്ചിനെക്കുറിച്ച് പറയുമ്പോള്‍, അമേരിക്കക്കാരനായ അലക്‌സാണ്ടര്‍ ക്ലെനിന്റെ GOD WENT SURFING WITH THE DEVIL എന്ന ഡോക്യുഫിക്ഷന്‍ സിനിമയെക്കുറിച്ചും (84 മിനിറ്റ്) പറയേണ്ടി വരും. തങ്ങളുടെ കടല്‍പ്പരപ്പുകള്‍ തിരിച്ചുപിടിക്കാനുള്ള ഗസ്സയിലെ ഒരു പറ്റം ചെറുപ്പക്കാരുടെ ശ്രമങ്ങളെയാണ് സിനിമ ചിത്രീകരിക്കുന്നത്. താഹിര്‍ ബകര്‍ എന്ന കഥാ പാത്രം പറയുന്നത് പോലെ, ഒഴിവു സമയങ്ങള്‍ കടലിന് വേണ്ടി നേര്‍ച്ചയാക്കിയ ഒട്ടേറെ ചെറുപ്പക്കാര്‍ ഗസ്സയിലുണ്ട്. അത്തരമാളുകള്‍ ചേര്‍ന്ന് രൂപം കൊടുത്തതാണ് ഗസ്സ സര്‍ഫ് ക്ലബ്. സങ്കടങ്ങളുടെ കടലില്‍ തുഴപ്പലക പായിച്ച് സന്തോഷത്തെ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിന്റെ പേരാണ് ഈ ക്ലബ്. പക്ഷേ, ഇസ്രയേലിന്റെ കിരാതമായ ഉപരോധം അവരുടെ തുഴയല്‍ സ്ഥലങ്ങളെപ്പോലും അപഹരിച്ചു. പുതിയ സര്‍ഫ് ബോര്‍ഡുകള്‍ അവര്‍ക്ക് കിട്ടാതായി. സര്‍ഫ് ബോര്‍ഡുകള്‍ സംഘടിപ്പിക്കുക, സര്‍ഫിംഗ് മത്സരങ്ങളും പരിശീലനങ്ങളും നടത്തുക എന്നിവക്കായി അവര്‍ നടത്തുന്ന പ്രയാസകരമായ ശ്രമങ്ങളാണ് സിനിമയുടെ ഒരു ഭാഗം. ഇതിനിടെ, ഇസ്രയേലിലെ ഒരു സര്‍ഫിംഗ് ക്ലബ്, ഗസ്സയിലെ പ്രയാസപ്പെടുന്ന സര്‍ഫിംഗുകാരെ സഹായിക്കാന്‍ തീരുമാനിക്കുന്നു. മുന്തിയ ഇനം സര്‍ഫിംഗ് ബോര്‍ഡുകള്‍ അവര്‍ക്ക് ഗസ്സയില്‍ എത്തിക്കണം. ഉപരോധം അവരുടെ ശ്രമങ്ങള്‍ക്ക് തടസ്സമാവുന്നു. ചുവപ്പ് നാടകളുടെ കുരുക്കുകള്‍ പക്ഷേ, അവരുടെ ശ്രമങ്ങളെ കൂടുതല്‍ ശക്തമാക്കി. രണ്ട് ഡസനിലേറെ സര്‍ഫ് ബോര്‍ഡുകള്‍ ഗസ്സയിലെത്തിക്കാനുള്ള അവരുടെ ഇച്ഛാശക്തിയെക്കൂടി സിനിമ പങ്കുവെക്കുന്നു. രാഷ്ട്രീയ നേതൃത്വം ജനതകളെ തമ്മില്‍ തല്ലിക്കുമ്പോഴും സ്‌നേഹം പങ്കുവെക്കാന്‍ കൊതിക്കുന്ന മനുഷ്യര്‍ എല്ലാ അതിര്‍ത്തികള്‍ക്കും ഇരുവശവുമുണ്ട് എന്നതാണ് ഈ ചെറുപ്പക്കാര്‍ തെളിയിക്കുന്നത്. അങ്ങനെ ഗസ്സ കടപ്പുറം ഒരേ സമയം ആഹ്ലാദങ്ങളുടെയും സന്താപത്തിന്റെയും അധ്വാനത്തിന്റെയും ഇച്ഛാശക്തിയുടെയും പ്രതിരോധത്തിന്റെയും മണല്‍പരപ്പായി മാറുകയാണ്.
(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 74-79
എ.വൈ.ആര്‍