Prabodhanm Weekly

Pages

Search

2013 ജൂണ്‍ 21

'നമോ'ണിയ പിടിപെട്ട ബി.ജെ.പി, കുത്തഴിയുന്ന ദേശീയ രാഷ്ട്രീയം

എ. റശീദുദ്ദീന്‍

ഗോവയിലെ ദേശീയ എക്‌സിക്യുട്ടീവിനെത്തുമ്പോള്‍ അങ്ങേയറ്റത്തെ ്രപതീക്ഷയിലും ഉത്സാഹത്തിമര്‍പ്പിലുമായിരുന്നു ബി.ജെ.പി ഉണ്ടായിരുന്നത്. യു.പി.എ സര്‍ക്കാര്‍ സ്വയം കുഴിച്ച കുഴികളില്‍ പെട്ട് നട്ടംതിരിയുന്നതിനിടെയാണ് രാജ്‌നാഥ് സിംഗും കൂട്ടരും ഗോവയിലെത്തിയത്. പാര്‍ട്ടിയെ സംബന്ധിച്ചേടത്തോളവും നരേന്ദ്ര മോഡി എന്ന വ്യക്തിയെ സംബന്ധിച്ചേടത്തോളവും ഗോവ എന്നും പ്രിയപ്പെട്ട നഗരമായതു കൊണ്ട് ഇത്തവണത്തെ ദേശീയ നിര്‍വാഹക സമിതി യോഗം പാര്‍ട്ടിക്ക് അന്തിമമായ ഭാഗ്യം കൊണ്ടുവരുമെന്നാണ് അവര്‍ കരുതിയത്. സ്ഥലങ്ങളും വ്യക്തികളും കൊണ്ടുതരുന്ന ഭാഗ്യനിര്‍ഭാഗ്യങ്ങളില്‍ അഭിരമിക്കേണ്ട ഗതികേടിലേക്ക് ഈ പാര്‍ട്ടി എന്തുകൊണ്ട് എത്തിപ്പെട്ടു എന്നും എന്തുകൊണ്ട് കോണ്‍ഗ്രസ്സിന്റെ ഭരണത്തെ കൊമ്പിനു പിടിച്ച് എതിരിട്ട് തോല്‍പ്പിക്കാനാവുന്നില്ല എന്നും ആത്മവിമര്‍ശം ഉയര്‍ത്തുന്നതില്‍ രാജ്യത്തെ മുഖ്യപ്രതിപക്ഷ കക്ഷിയുടെ ദേശീയ നിര്‍വാഹകസമിതി പരമദയനീയമാംവണ്ണം പരാജയപ്പെടുകയാണ് ചെയ്തത്. ജീവിതത്തിലൊരിക്കലും പാര്‍ലമെന്റംഗമായിട്ടില്ലാത്ത ഒരു സംസ്ഥാന നേതാവാണ് നാടു ഭരിക്കുന്ന പാര്‍ട്ടിയുടെ നയങ്ങളെ പാര്‍ലമെന്റിനു പുറത്ത് ബി.ജെ.പിക്കു വേണ്ടി ഏറ്റുപിടിക്കാന്‍ പോകുന്നത്! ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെയും ബി.ജെ.പി എന്ന സംഘടനയുടെയും പൊള്ളത്തരം ഇതുപോലെ പുറത്തായ മറ്റൊരു അവസരവും ഉണ്ടായിട്ടില്ല. സുഷമയും ജയ്റ്റ്‌ലിയും രാജ്‌നാഥ് സിംഗും എല്‍.കെ അദ്വാനിയും വെങ്കയ്യയുമൊക്കെ ഉള്ള പാര്‍ലമെന്റില്‍ പരാജയപ്പെടുന്ന പാര്‍ട്ടിയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോഡിയുടെ വികടസരസ്വതീ നാവിലൂടെ രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷകളേറ്റുവാങ്ങി വിജയശ്രീലാളിതരാവാന്‍ പോകുന്നതെന്നാണ് അവരുടെ വിശ്വാസം.
പക്ഷേ, മോഡിയെ മുന്നില്‍ നിര്‍ത്തുന്നത് ഇങ്ങനെയൊരു ഗുണപരമായ മാറ്റം മുന്നില്‍ കണ്ടുകൊണ്ടാണെങ്കില്‍ ആ നിലക്കല്ല ബി.ജെ.പിയുടെയും മോഡിയുടെയും ഗോവയിലെ പ്രകടനം മുന്നോട്ടു പോയത്. പാര്‍ട്ടിയുടെ അടിസ്ഥാനപരമായ ഘടനയെ തുരങ്കം വെച്ചുകൊണ്ടാണ് അച്ചടക്കത്തിനും ഉള്‍പാര്‍ട്ടി ജനാധിപത്യത്തിനും പേരുകേട്ട ബി.ജെ.പിയില്‍ മോഡി ചുമതലയേറ്റത്. പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യുട്ടീവ് യോഗം മോഡിയെ അടുത്ത തെരഞ്ഞെടുപ്പിന്റെ മുഖ്യ ചുമതലക്കാരനാക്കാന്‍ ഒരു തീരുമാനവും എടുത്തിരുന്നില്ല. എന്നല്ല ബി.ജെ.പിയില്‍ അത്തരം തീരുമാനങ്ങള്‍ എടുക്കാനുള്ള വേദിയായിരുന്നില്ല ഒരിക്കലും ദേശീയ നിര്‍വാഹകസമിതി യോഗം. പാര്‍ട്ടി കേന്ദ്ര ഓഫീസ് ഭാരവാഹികളുടെ യോഗത്തിലാണ് ഈ തീരുമാനമുണ്ടായതെന്നാണ് സൂചന. യോഗത്തിലേക്ക് പാര്‍ലമെന്ററി ബോര്‍ഡ് അംഗങ്ങളെ രാജ്‌നാഥ് സിംഗ് വിളിപ്പിക്കുകയായിരുന്നു. പക്ഷേ ഈ യോഗത്തില്‍ ആധ്യക്ഷം വഹിക്കേണ്ട അധികാരമാകട്ടെ ഗോവയില്‍ നിന്നും വിട്ടുനിന്ന അദ്വാനിയുടേതായിരുന്നു. പാര്‍ട്ടി പ്രസിഡന്റിനെ മറികടക്കാന്‍ എല്‍.കെ അദ്വാനി തന്നെ ഒരു കാലത്ത് കണ്ടുപിടിച്ച കുറുക്കു വഴിയാണെങ്കില്‍ കൂടിയും ബി.ജെ.പിയില്‍ ഇത്തരം തീരുമാനങ്ങള്‍ എടുക്കേണ്ടിയിരുന്നത് പാര്‍ലമെന്ററി ബോര്‍ഡ് ആയിരുന്നു. ആ പാര്‍ലമെന്ററി ബോര്‍ഡിനെ മറികടക്കാനായി ദേശീയ നിര്‍വാഹകസമിതി എന്ന ആള്‍ക്കൂട്ടത്തെ കൊണ്ട് തനിക്കു വേണ്ടി ബഹളംവെപ്പിക്കുകയാണ് മോഡി ചെയ്തത്. ചുരുങ്ങിയപക്ഷം അദ്വാനിയുടെ സാന്നിധ്യത്തിലെങ്കിലും ഇത്തരമൊരു തീരുമാനമെടുക്കാന്‍ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായ സുഷ്മാ സ്വരാജിനെ പോലുള്ളവര്‍ ആവശ്യപ്പെട്ടിട്ടും മോഡിയുടെ മുഷ്‌ക് ഒടുവില്‍ വിജയം കണ്ടു. അദ്വാനി ഉള്‍പ്പെടെ നാല് മുതിര്‍ന്ന നേതാക്കളാണ് ദേശീയ നിര്‍വാഹകസമിതിയില്‍ നിന്ന് വിട്ടുനിന്നത്. രാജ്‌നാഥ് അധികാരമേറ്റതിനു ശേഷം ബി.ജെ.പിയുടെ ആഭ്യന്തരഘടനയില്‍ വന്ന മാറ്റങ്ങളുടെ പ്രതിഫലനമായിരുന്നു ഇത്. കുതന്ത്രങ്ങളുടെ ആചാര്യനും മോഡിയുടെ അടിമ എന്നു തന്നെ വിശേഷിപ്പിക്കാനുമാവുന്ന അമിത് ഷായെ ആണ് പാര്‍ട്ടിയുടെ സംഘടനാ കാര്യങ്ങളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിച്ചത്. അദ്വാനി പക്ഷക്കാരായ മിക്ക ജനറല്‍ സെക്രട്ടറിമാരും ഒതുക്കപ്പെടുകയും ചെയ്തിരുന്നു.
അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയിലുള്ള മോഡിയുടെ പുതിയ സ്ഥാനക്കയറ്റം ഒരുകണക്കിന് ബി.ജെ.പിയെ മാത്രം ബാധിക്കുന്ന വിഷയമാണ്. മോഡിയോട് മാത്രമായി വോട്ടര്‍മാര്‍ക്ക് പ്രത്യേക ആഭിമുഖ്യമൊന്നും ഇന്ത്യയിലില്ലെന്ന് കര്‍ണാടകയിലെ ജനങ്ങള്‍ തെളിയിച്ച സാഹചര്യത്തില്‍ മോഡിയെന്നല്ല ആരു നയിച്ചാലും ആ കാരണം കൊണ്ട് ബി.ജെ.പി രക്ഷപ്പെടാന്‍ പോകുന്നുമില്ല. പക്ഷേ കോണ്‍ഗ്രസിനോട് ജനങ്ങള്‍ക്കുള്ള വിരോധം ബി.ജെ.പി അനുകൂല വോട്ടായി മാറിയാല്‍ അതിനകത്ത് പലതരം അപകടങ്ങളാണ് പതിയിരിക്കുന്നത്. രാജ്യത്തിന്റെ മൊത്തം വ്യവസ്ഥയും ഇതോടെ കുത്തഴിയുകയാണ് ചെയ്യുക. 2004-ല്‍ സ്ഥാനമൊഴിയുമ്പോള്‍ പൊതുമേഖലയെ വിറ്റുതുലച്ച് വാജ്‌പേയി സര്‍ക്കാര്‍ സൃഷ്ടിച്ചുണ്ടാക്കിയ കൃത്രിമമായ ഒരു വളര്‍ച്ചാ നിരക്കെങ്കിലും ഇന്ത്യയിലുണ്ടായിരുന്നു. എന്നാല്‍, അതല്ല ഇപ്പോഴത്തെ ചിത്രം. കോണ്‍ഗ്രസ് കാലിയാക്കിയ ഖജനാവ് ഏറ്റെടുക്കാനാണ് അടുത്ത ബി.ജെ.പി സര്‍ക്കാര്‍ രംഗത്തെത്തുക. ഗുജറാത്തിന്റെ പൊതുകടം ആളൊന്നുക്ക് 55,000 രൂപയോളമാക്കി ഉയര്‍ത്തിയ ക്രെഡിറ്റുമായി എത്തുന്ന മോഡി അവിടത്തെ കുത്തകകളുടെ വളര്‍ച്ചാ നിരക്ക് ഉയര്‍ത്തിയ മാതൃകയില്‍ ഇന്ത്യയെ 'വികസിപ്പിച്ചാല്‍' പിന്നീടൊരു ഗവണ്‍മെന്റിന് ഏറ്റെടുക്കാന്‍ ഈ രാജ്യം ബാക്കിയുണ്ടാവുമോ എന്നത് കണ്ടുതന്നെ അറിയേണ്ടിവരും.
കള്ളപ്പണത്തിനെതിരെ ജീവിതത്തിലുടനീളം വലിയ വായില്‍ സംസാരിച്ച അദ്വാനിയെ മറികടന്നാണ് കോര്‍പറേറ്റുകളുടെ ഇഷ്ടക്കാരനായ മോഡി കടന്നുവരുന്നത് എന്നത് പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. എന്തുകൊണ്ടാണ് അദ്വാനി ഇടക്കിടെ കള്ളപ്പണത്തെ കുറിച്ച് ബ്ലോഗില്‍ എഴുതുന്നത് എന്ന ചോദ്യത്തിന് മീഡിയ ഒരിക്കലും യുക്തിസഹമായ ഉത്തരം നല്‍കിയിരുന്നില്ല. ഏതെങ്കിലും കോണ്‍ഗ്രസ് നേതാക്കളെ മാത്രമല്ല അദ്ദേഹം ലക്ഷ്യമിടുന്നതെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. ഇന്ത്യന്‍ കോര്‍പറേറ്റുകളെ നിലക്കു നിര്‍ത്താനും മോഡിക്കു വേണ്ടി അവര്‍ നടത്തുന്ന ചരടുവലികളെ 'ബ്ലാക്‌മെയില്‍' ചെയ്യാനും ഈ നീക്കത്തിലൂടെ അദ്വാനിക്ക് കഴിയുന്നുണ്ടായിരുന്നു. രാജ്യത്തെ 'ഖനന മാഫിയ' ഏതാണ്ട് പൂര്‍ണമായും കോണ്‍ഗ്രസ്സിന്റെ ചൊല്‍പ്പടിയിലമര്‍ന്നതോടെ കോര്‍പറേറ്റ് മാഫിയയുടെ പിന്തുണ മാത്രമാണ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് പ്രതീക്ഷിക്കാനുണ്ടായിരുന്നത്. മോഡിക്കു വേണ്ടി നിലകൊണ്ട ഏതാണ്ടെല്ലാ രണ്ടാംനിര നേതാക്കള്‍ക്കും ഈ കോര്‍പറേറ്റ് ദാസ്യബോധത്തിലാണ് മറ്റേതു കാര്യത്തിനേക്കാളും തുല്യത ഉണ്ടായിരുന്നത്. കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ പുതിയ ഇന്ത്യന്‍ തലസ്ഥാനമാക്കി ഗോവയെ മാറ്റാന്‍ ഒരുമ്പെട്ടിറങ്ങിയ മനോഹര്‍ പരികര്‍ ഉദാഹരണം. ചൂതാട്ടത്തിന് ഇന്ന് ലാസ്‌വേഗാസ് കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും പേരുകേട്ട കാസിനോകളുള്ളത് ബി.ജെ.പി ഭരിക്കുന്ന ഗോവയിലാണ്! ഒന്നും രണ്ടുമല്ല ആറു പടുകൂറ്റന്‍ കാസിനോകളാണ് ഇന്ന് മാണ്ട്‌വി നദിയില്‍ തമ്പടിച്ചിരിക്കുന്നത്. ഇന്ത്യയിലെ മാത്രമല്ല റഷ്യയിലെയും ഇസ്രയേലിലെയും വരെയുള്ള നികുതിവെട്ടിപ്പുകാരുടെ പറുദീസയാണ് ഗോവ. മയക്കു മരുന്ന്, സെക്‌സ് റാക്കറ്റുകള്‍, ഭൂമാഫിയ തുടങ്ങിയ എല്ലാ രണ്ടാം നമ്പര്‍ വരുമാനങ്ങളുടെയും കേദാരഭൂമി. പണംവരുമെങ്കില്‍ ഏത് നെറികെട്ട മാര്‍ഗവും സര്‍ക്കാറിന്റെ മറവില്‍ പൊതുജനത്തെ അടിച്ചേല്‍പ്പിക്കുന്ന ഈ മുഖ്യമന്ത്രിയാണ് മോഡിക്കു വേണ്ടി പനാജി ദേശീയ നിര്‍വാഹക സമിതിയില്‍ ഏറ്റവുമധികം അങ്കംവെട്ടിയത് എന്നത് കേവലമായ യാദൃഛികതയല്ല.
ബി.ജെ.പിക്കകത്ത് അദ്വാനി കാലഹരണപ്പെട്ടത് ഇത്തരം ചില അടിസ്ഥാനങ്ങളെ ചൊല്ലിയാണ്. വികസനമാണ് മുഖ്യ വിഷയമെങ്കില്‍ മോഡിയേക്കാന്‍ പത്തിരട്ടി യോഗ്യന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണെന്ന് അദ്വാനി പറഞ്ഞതില്‍ ഒരു തെറ്റുമുണ്ടായിരുന്നില്ല. പക്ഷേ അത്തരം അടിസ്ഥാനപരമായ വികസനങ്ങളല്ല ബി.ജെ.പിക്കു വേണ്ടത്. താന്‍ കെട്ടിപ്പടുത്ത പാര്‍ട്ടിക്ക് ഭദ്രമായ വര്‍ഗീയ അടിത്തറ നല്‍കി എന്നതിലപ്പുറം മറ്റു സാമ്പത്തിക സാധ്യതകളൊന്നും ഉണ്ടാക്കി കൊടുക്കാന്‍ ഈ പഴയ പടക്കുതിരക്ക് കഴിഞ്ഞിരുന്നില്ല. പ്രായോഗിക മേഖലയിലാകട്ടെ കടുത്ത സൈദ്ധാന്തിക ദുശ്ശാഠ്യങ്ങളുടെ ഉടമയുമായിരുന്നു അദ്വാനി. വര്‍ഗീയതയും അധികാര പ്രമത്തതയും മോഡിയുടെയും അദ്വാനിയുടെയും സമാനതകളാണെങ്കിലും മോഡി തികഞ്ഞ അവസരവാദിയും വേണ്ടി വന്നാല്‍ ആര്‍.എസ്.എസിന്റേതടക്കം ഏത് ആശയത്തെയും വഞ്ചിക്കാന്‍ മനസ്സാക്ഷിക്കുത്തില്ലാത്ത ആളുമായിരുന്നു. 2002-ല്‍ ഭരണത്തില്‍ നിന്നും രാഷ്ട്രീയ ജീവിതത്തില്‍ നിന്നും വാജ്‌പേയി പിടിച്ചു പുറത്താക്കുമെന്ന ഒരു ഘട്ടത്തില്‍ മോഡിയെ രക്ഷിച്ച നേതാവായിരുന്നു അദ്വാനി. പക്ഷേ തന്റെ പ്രധാനമന്ത്രി മോഹത്തിനു തടസ്സമായ ഈ അദ്വാനിയെ വെട്ടിവീഴ്ത്താനായി കഴിഞ്ഞ അഞ്ചു വര്‍ഷമെങ്കിലും മോഡി പിന്തുടരുന്നുണ്ടായിരുന്നു. അഹ്മദാബാദില്‍ ഇനിയൊരിക്കല്‍ കൂടി മത്സരിക്കാനുള്ള ധൈര്യം അദ്വാനിക്കു നഷ്ടപ്പെട്ടതോടെയാണ് മധ്യപ്രദേശിലെ ഒരു ചടങ്ങില്‍ സംസ്ഥാന മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ എല്‍.കെ അദ്വാനി വാനോളം പുകഴ്ത്തിയത്. അദ്വാനിയുടെ അടുത്ത മത്സരം ഗുജറാത്തിലായിരിക്കില്ലെന്ന് കഴിഞ്ഞ മൂന്നു വര്‍ഷമെങ്കിലുമായി വ്യക്തമായിരുന്നു. ഗോവയില്‍ ഈ പോര് മൂര്‍ഛിച്ച് പച്ചയായി പുറത്തുവന്നു. ഘടനാപരമായി തന്നേക്കാള്‍ പാര്‍ട്ടിക്കകത്ത് കെട്ടുറപ്പുള്ള അദ്വാനിയെ വളഞ്ഞ വഴിയിലൂടെ ചവിട്ടിപ്പുറത്താക്കുകയാണ് മോഡിയും അമിത്ഷായും ചെയ്തത്.
ബി.ജെ.പി ദേശീയ എക്‌സിക്യുട്ടീവില്‍ പങ്കെടുക്കാതെ അദ്വാനി ചരിത്രത്തിലാദ്യമായി വീട്ടിലിരുന്നു. പ്രസംഗം പോയിട്ട് ഒരു ആശംസ പോലും അദ്ദേഹം ഗോവ സമ്മേളനത്തിന് നല്‍കിയതുമില്ല. അദ്വാനിയുടെ പരസ്യമായ ഇഷ്ടക്കേട് അദ്ദേഹം പ്രകടമാക്കിയപ്പോള്‍ മറുഭാഗത്ത് ദേശീയ എക്‌സിക്യൂട്ടീവ് സമ്മേളന വേദിയില്‍ ഒരാള്‍ പോലും അദ്വാനിയെ കുറിച്ച് പരസ്യമായി സംസാരിച്ചില്ല. അദ്ദേഹത്തെ കുറിച്ചു ചോദിച്ച ഒരു ചോദ്യത്തിനും ഉത്തരം പറഞ്ഞതുമില്ല. ഇതെല്ലാം മീഡിയയുടെ കുഴപ്പമാണെന്ന് ബി.ജെ.പിക്കാര്‍ പറഞ്ഞു നടക്കുകയും ചെയ്തു. ഏറ്റവും ഒടുവില്‍ പനാജിയിലെ ടോളിഗാംവ് കമ്യൂണിറ്റി സെന്ററില്‍ നടന്ന റാലി പാര്‍ട്ടിക്കകത്തെ അഭിപ്രായ വ്യത്യാസങ്ങളുടെ കൂത്തരങ്ങായി മാറി. 'പൊതുജനങ്ങളുടെ ഇഷ്ട'ത്തിനനുസരിച്ച് തീരുമാനമെടുക്കാന്‍ കഴിഞ്ഞ നേതാവ് എന്ന നിലയില്‍ രാജ്‌നാഥ്‌സിംഗിനെ അരുണ്‍ ജയ്റ്റ്‌ലി അഭിനന്ദിച്ചു. 'വെല്ലുവിളി' ഏറ്റെടുത്ത മോഡിയെ അഭിനന്ദിച്ചു. അതായത് ബി.ജെ.പിയിലെ മുഴുവന്‍ മുന്‍നിര, രണ്ടാംനിര നേതാക്കളുടെയും അഭിപ്രായത്തേക്കാള്‍ മാധ്യമങ്ങളുടെ മുറവിളി കേട്ട് മോഡിക്ക് ഒരു 'പണി' കൊടുത്ത രാജ്‌നാഥിന് അഭിനന്ദനം! കാണിച്ചു തരാം തെരഞ്ഞെടുപ്പ് കഴിയട്ടെ എന്ന് ഭംഗ്യന്തരേണ ഭീഷണിയും.
ഇനിയുളള ദിവസങ്ങളില്‍ മോഡിയുടെ വാഴ്ച പോലെ തന്നെ വീഴ്ചക്കുമുണ്ട് സാധ്യതകള്‍. മോഡി പ്രധാനമന്ത്രിയായി വന്നാല്‍ അധികാരം പൂര്‍ണമായും കേന്ദ്രീകരിക്കപ്പെടുമെന്നും പാര്‍ട്ടിയോ മറ്റ് നേതാക്കളോ ബി.ജെ.പിയില്‍ ഉണ്ടാവില്ല എന്നും പാര്‍ട്ടിക്കകത്ത് ഇപ്പോഴേ പലര്‍ക്കും ഉള്‍ഭയമുണ്ട്. അമിത് ഷായെ ഉപയോഗിച്ച് ഇപ്പോഴേ ബി.ജെ.പിയെ വിഴുങ്ങാന്‍ മോഡി നീക്കം തുടങ്ങിക്കഴിഞ്ഞു. പക്ഷേ ഇയാള്‍ എവിടം വരെ പോകുമെന്ന് തീര്‍ച്ചയില്ലാത്തതു കൊണ്ട് മിക്ക നേതാക്കളും മിണ്ടാതിരിക്കുകയാണ്. രാജ്‌നാഥിനും സുഷമക്കും ജയ്റ്റ്‌ലിക്കുമൊക്കെ പ്രധാനമന്ത്രിമാരാവാന്‍ താല്‍പര്യമുണ്ടെങ്കിലും ഇപ്പോഴവര്‍ മിണ്ടുന്നില്ല. ഗോവയില്‍ മോഡിയെ അനുകൂലിച്ച് ഒന്നാംനിര നേതാക്കള്‍ ടെലിവിഷന്‍ ക്യാമറകളുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടത് അത്യപൂര്‍വമായിരുന്നു. വാജ്‌പേയിയുടെ കാര്യത്തില്‍ ഇതായിരുന്നില്ല സ്ഥിതി. ആസന്നമായ ആറ് അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി പ്രതീക്ഷിച്ച പ്രകടനം കാഴ്ച വെച്ചില്ലെങ്കിലാണ് പാര്‍ട്ടിയിലെ നേതാക്കളുടെ യഥാര്‍ഥ നിലപാട് പുറത്തു വരിക. ബി.ജെ.പിയുടെ പരാജയങ്ങളുടെ ഉത്തരവാദിത്തം തലയിലേറ്റാന്‍ രാജ്‌നാഥ് സിംഗും അദ്വാനിയും തയാറാവുമോ എന്ന് കണ്ടറിയേണ്ടി വരും. ഝാര്‍ഖണ്ഡില്‍ യശ്വന്ത് സിന്‍ഹയോടാണ് മോഡിയും ബി.ജെ.പിയും മത്സരിക്കേണ്ടി വരിക. ചത്തീസ്ഗഢില്‍ കഴിഞ്ഞ തവണ തന്നെ ബി.ജെ.പി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഈ രണ്ടു സംസ്ഥാനങ്ങളില്‍ ഒന്ന് നഷ്ടമായാല്‍ പോലും പുതിയ സ്ഥാനമേറ്റെടുത്ത മോഡി വെട്ടിലാവും. ദക്ഷിണേന്ത്യയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുമ്പെന്നെത്തേക്കാളും കീറാമുട്ടിയാവും ഇക്കുറി. ഒരു ഗുജറാത്തും മധ്യപ്രദേശും ഒഴിച്ചു നിര്‍ത്തിയാല്‍ പരസ്പരം പോരടിക്കുന്ന നേതാക്കളുടെ ഈ ദേശീയ പാര്‍ട്ടിക്ക് കോണ്‍ഗ്രസിനനുകൂലമായ ധ്രുവീകരണം ഉണ്ടാക്കാനാവും എന്നതിലപ്പുറം മറ്റൊന്നും ചെയ്യാന്‍ കഴിയണമെന്നില്ല. മോഡിയെ മണ്ഡലങ്ങളില്‍ വീഴ്ത്താന്‍ ബി.ജെ.പിയിലെ ഒന്നാംനിര നേതാക്കള്‍ ധാരണയുണ്ടാക്കിയാല്‍ ഈ തെരഞ്ഞെടുപ്പോടെ വെറും ഗുജറാത്തിന്റെ അത്ഭുതമായി മോഡി ഒതുങ്ങേണ്ടിയും വരും.
അദ്വാനിയുടെ രാജിയോടെ (പിന്നീട് പിന്‍വലിച്ചുവെങ്കിലും) കാര്യങ്ങള്‍ പാര്‍ട്ടിയുടെ നിയന്ത്രണത്തിന് പുറത്താവുകയാണുണ്ടായത്. യശ്വന്ത് സിന്‍ഹയുടെ ഭാഷയില്‍ പറഞ്ഞാല്‍ 'നമോണിയ' (നമോ എന്നത് നരേന്ദ്ര മോഡിയുടെ ചുരുക്കപ്പേര്) പിടിപെടുകയായിരുന്നു പാര്‍ട്ടിക്ക്. പ്രധാനമന്ത്രിയാവാന്‍ മറ്റാരേക്കാളും യോഗ്യന്‍ താനാണെന്ന മോഡിയുടെ അഹങ്കാരത്തെ കോര്‍പറേറ്റുകളുടെ പാദുകസേവകരായ മാധ്യമങ്ങള്‍ 'ജനകീയവല്‍ക്കരിച്ചു' കൊടുക്കുകയാണ് ഗോവയില്‍ ഉണ്ടായത്. ജനങ്ങളെ വര്‍ഗീയമായി വെട്ടിമുറിക്കുന്ന കാര്യത്തില്‍ ഈ രണ്ടു നേതാക്കളും തമ്മില്‍ പ്രസ്താവ്യയോഗ്യമായ ഒരു വ്യത്യാസവും ഇന്ത്യക്കാരന്റെ മുമ്പാകെ ഉണ്ടായിരുന്നില്ല. അദ്വാനിയോ മോഡിയോ ബി.ജെ.പി തന്നെയുമോ ഏതെങ്കിലും അര്‍ഥത്തില്‍ ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന പാര്‍ട്ടിയല്ലെങ്കിലും അദ്വാനിയുടെ രാജിയോടുള്ള പൊതുസമൂഹത്തിന്റെ പ്രതികരണം ബി.ജെ.പി കണക്കുകൂട്ടിയതിനേക്കാളും അപകടകരമായിരുന്നു.
ചുരുക്കത്തില്‍, രാജ്യത്തെ മുഖ്യപ്രതിപക്ഷ സംഘടനയുടെ എക്കാലത്തെയും പരമദയനീയമായ പ്രകടനമാണ് നാം കണ്ടത്. ബി.ജെ.പിക്കകത്താണ് ജനാധിപത്യമെന്നും ബാക്കിയുള്ളവരുടേത് കുടുംബാധിപത്യമാണെന്നും വിമര്‍ശനമുന്നയിച്ചു നടന്ന പാര്‍ട്ടിയില്‍ വ്യക്തിപൂജ അതിന്റെ പാരമ്യത്തിലെത്തുകയാണ്. കോണ്‍ഗ്രസിന്റെ മാത്രം ദൗര്‍ബല്യങ്ങളെന്ന് പാര്‍ട്ടി വിമര്‍ശിച്ചു നടന്ന എല്ലാ രോഗങ്ങളും അധികാരത്തിന്റെ ചെറിയൊരു ഗന്ധം ലഭിച്ചപ്പോഴേക്കും ബി.ജെ.പിയിലെ നേതാക്കള്‍ പ്രകടിപ്പിച്ചു. എങ്ങനെയാണാവോ ഈ പാര്‍ട്ടി കോണ്‍ഗ്രസിനു ബദലാവുന്നതെന്ന് കണ്ടുതന്നെ അറിയണം. സോണിയാ ഗാന്ധിയും കുടുംബവാഴ്ചയും ഒരു ജനാധിപത്യ സംവിധാനത്തില്‍ ദൗര്‍ബല്യമാണെങ്കിലും മറ്റൊരര്‍ഥത്തില്‍ കോണ്‍ഗ്രസിന്റെ കരുത്തും കൂടിയാണല്ലോ. അത്തരമൊരു സംവിധാനമെങ്കിലുമില്ലാതെ നാടു ഭരിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നവര്‍ ബാക്കിവെക്കാനിടയുള്ള തമ്മില്‍തല്ലും പോര്‍വിളിയുമാവും ഇനിയുള്ള കാലത്തെ ഇന്ത്യന്‍ രാഷ്ട്രീയമെന്ന് ബി.ജെ.പിയും മോഡിയും നമ്മെ ഓര്‍മിപ്പിക്കുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 74-79
എ.വൈ.ആര്‍