ഇസ്‌ലാം സെക്യുലരിസത്തെ എത്രമാത്രം സമ്മതിക്കുന്നുണ്ട്
തികച്ചും പ്രശ്‌ന സങ്കീര്‍ണമായ ഒരു വിഷയമാണിത്. കാരണം, സെക്യുലരിസവുമായുള്ള ഇസ്‌ലാമിന്റെ ബന്ധമാണ് ഇതില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പ്രമേയം. എന്താണു ആ ബന്ധത്തിന്റെ സ്വഭാവം? സംഘട്ടനത്തിന്റെയും വിയോജിപ്പിന്റേതുമാണോ? അതോ അനുരഞ്ജനത്തിന്റേതും അതിവര്‍ത്തനത്തിന്റേതുമോ? ഈ ചോദ്യവുമായി ബന്ധപ്പെട്ട് വേറെയും ചില പ്രശ്‌നങ്ങള്‍ വരുന്നുണ്ട്. ഇസ്‌ലാമും ഭരണവും തമ്മിലുള്ള ബന്ധം, ഇസ്‌ലാമും നിയമവും തമ്മിലുള്ള ബന്ധം തുടങ്ങിയ പ്രശ്‌നങ്ങള്‍. എല്ലാം തര്‍ക്കസാധ്യതയുള്ള വിഷയങ്ങള്‍. ഇസ്‌ലാമിനെയും സെക്യുലരിസത്തെയും കുറിച്ചു സംസാരിക്കുമ്പോള്‍ സുവ്യക്തമായ സങ്കല്‍പ്പങ്ങളെ കുറിച്ചാണു നാം സംസാരിക്കുന്നതെന്നാണ് തോന്നുക. എന്നാല്‍ അവഗണിക്കാന്‍ വയ്യാത്തവിധം അവ്യക്തവും ബഹുലവുമായ ധാരണകള്‍ ഈ സങ്കല്‍പ്പങ്ങളെ ചുറ്റിപ്പറ്റി നില്‍ക്കുന്നുണ്ട്. അപ്പോള്‍ പ്രശ്‌നം ഇസ്‌ലാമുമായി ബന്ധപ്പെട്ടതാകുമ്പോള്‍ 'ഒരു' സെക്യുലരിസത്തെ കുറിച്ചല്ല പലവിധം സെക്യുലരിസത്തെക്കുറിച്ചാണ് നമുക്ക് സംസാരിക്കേണ്ടിവരിക. നിര്‍ദ്ദിഷ്ട പ്രമേയ മണ്ഡലത്തില്‍ വിവിധ തരം ധാരണകളെ നമുക്ക് അഭിമുഖീകരിക്കേണ്ടിവരും.
സെക്യുലരിസം മതാത്മകവും വിശ്വാസപരവുമായ വീക്ഷണങ്ങളോട് പൊരുതാന്‍ നിലവില്‍വന്ന ഒരു ദര്‍ശനവും ദാര്‍ശനിക പ്രതിബിംബങ്ങളുടെ ഫലവുമാണെന്ന് തോന്നാമെന്നിരിക്കിലും യഥാര്‍ഥത്തില്‍ അത് അങ്ങനെയല്ല. യൂറോപ്യന്‍ സാഹചര്യത്തില്‍ ഉയര്‍ന്നുവന്ന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ ഒരു ദര്‍ശനവും നിലനില്‍പ്പിന്റെ പ്രത്യയശാസ്ത്രവുമെന്ന നിലക്കല്ല, മറിച്ച് ഒരു പരിഹാര നടപടി ക്രമം എന്ന നിലക്കാണ് പടിഞ്ഞാറ് സെക്യുലരിസം ആവിര്‍ഭവിച്ചതും വികസിച്ചതും മൂര്‍ത്തത പ്രാപിച്ചതും. കത്തോലിക്കാ സഭയില്‍ നിലവിലുണ്ടായിരുന്ന സമവായത്തെ തകര്‍ക്കുകയും 16 ഉം 17 ഉം നൂറ്റാണ്ടുകളില്‍ മതയുദ്ധങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്തുകൊണ്ട് പടിഞ്ഞാറുണ്ടായ പ്രൊട്ടസ്റ്റന്റ് ഭിന്നതയെ തുടര്‍ന്നാണ് ഈ പ്രശ്‌നങ്ങളില്‍ മിക്കതും ഉടലെടുത്തിരുന്നത്. അങ്ങനെയാണ് സെക്യുലരിസം അല്ലെങ്കില്‍ സെക്യുലര്‍വല്‍ക്കരണം ആരംഭിക്കുന്നത്. ഇത് നമ്മെ താഴെ പറയുന്ന ചോദ്യങ്ങളിലേക്ക് നയിക്കുന്നു. ഒരു നടപടിക്രമം എന്ന നിലയിലാണോ നമുക്ക് സെക്യുലരിസത്തിന്റെ ആവശ്യം? ഈ നടപടിക്രമങ്ങളുടെ ഘടകങ്ങളിലെ ഏറ്റവും സുപ്രധാനമായ ആശയം ഒരുവേള സ്റ്റേറ്റിന്റെ നിഷ്പക്ഷതയായിരിക്കും-മതത്തിന്റെ നേരെയുള്ള നിഷ്പക്ഷതയും ജനത്തിന്റെ മനഃസാക്ഷിയില്‍ ഇടപെടുന്നതില്‍ നിന്നുള്ള വിട്ടുനില്‍പ്പും. അവിടെ സ്റ്റേറ്റിന്റെ അധികാര പരിധി സാമൂഹിക മണ്ഡലത്തില്‍ പരിമിതമായിരിക്കും. മതത്തിന്റെ സാധ്യതയാകട്ടെ 'സ്വകാര്യത'യിലേക്ക് നീളുകയും ചെയ്യുന്നു.
സാമൂഹിക മണ്ഡലത്തില്‍ മതപരമായ ഇടപെടലുകള്‍ അമേരിക്കയില്‍ പ്രകടമാണ്; അവിടെ നിലനില്‍ക്കുന്ന വ്യത്യസ്തത, മതപരമായ മുഖ്യസ്വാധീനമായി നിലനില്‍ക്കുന്നുണ്ടെങ്കിലും. അവരുടെ നേതാക്കളുടെ പ്രസംഗങ്ങളില്‍ മതപരമായ ഉള്ളടക്കങ്ങളും സൂചനകളും കാണാം. എല്ലാ തെരഞ്ഞെടുപ്പു പ്രചാരണങ്ങളിലും മതം ചര്‍ച്ചചെയ്യപ്പെടാറുണ്ട്. സ്‌കൂള്‍ പ്രാര്‍ഥനകള്‍, ഗര്‍ഭഛിദ്രം തുടങ്ങിയ പ്രശ്‌നങ്ങളില്‍ അത് സ്വയം പ്രകടമാകുന്നു. യൂറോപ്പിലെ കത്തോലിക്കാ സഭകളിലെ പീഡനങ്ങളില്‍നിന്ന് സ്വന്തം മതവുമായി അഭയം തേടിയെത്തിയ ഇവാഞ്ചലിക്കല്‍ തീര്‍ഥാടകരാല്‍ സ്ഥാപിതമായ രാജ്യമാണ് അമേരിക്ക എന്നതാണ് യഥാര്‍ഥത്തില്‍ ഇതിന്റെ കാരണം. അതുകൊണ്ടാണ് യുഎസിനെ വാഗ്ദത്ത ഭൂമിയായി, തോറയിലും സുവിശേഷത്തിലും പരാമൃഷ്ടമായ സ്വപ്നഭൂമിയായി കാണുന്നത്. സഭയാണ് അമേരിക്കയിലെ ഏറ്റവും ശക്തമായ പാര്‍ട്ടി എന്ന് ഫ്രാങ്കോ-അമേരിക്കന്‍ ചിന്തകനായ തോക്‌വില്ലെ (Toqueville) ഒരിക്കല്‍ പറയുകയുണ്ടായി. സഭക്ക് അമേരിക്കയില്‍ ലഭ്യമായ വന്‍സ്വാധീനം മൂലമാണിത്. എന്നാല്‍ യൂറോപ്പില്‍ സ്ഥിതി ഭിന്നമാണ്. അമേരിക്കയില്‍ ചര്‍ച്ചില്‍ പോകുന്നവുടെ എണ്ണം 50 ശതമാനത്തിലും ഏറെവരും. യൂറോപ്പിലാകട്ടെ അത് 5 ശതമാനം വരില്ല.
യൂറോപ്യന്‍ പശ്ചാത്തലത്തിലും മതവുമായുള്ള സ്റ്റേറ്റിന്റെ ബന്ധത്തില്‍ വ്യത്യസ്തതകളുണ്ട്. ഫ്രഞ്ച് പൈതൃകവും ആംഗ്ലോ-സാക്‌സന്‍ ഇസ്‌ലാമും തമ്മില്‍ ഈ വ്യത്യാസം പ്രകടമായി കാണാം. ആഗ്ലോ-സാക്‌സന്‍ പാരമ്പര്യത്തില്‍ തുടക്കത്തിലേ സ്റ്റേറ്റും മതവും പരസ്പരം ബന്ധപ്പെടുന്നുണ്ട്. യു.കെയില്‍ മതപരവും ഭൗതികവുമായ അധികാരങ്ങള്‍ രാജ്ഞിയുടെ കരങ്ങളില്‍ ഒന്നിച്ചു കേന്ദ്രീകരിക്കുന്നതാണ്. അതേസമയം മതവും രാഷ്ട്രവും തമ്മിലുള്ള സമ്പൂര്‍ണ വിഛിന്നതയാണ് ഫ്രഞ്ച് അനുഭവത്തിന്റെ സവിശേഷത. കത്തോലിക്കാ സഭക്കും വിപ്ലവ ഭരണകൂടങ്ങള്‍ക്കുമിടയില്‍ ഫ്രഞ്ച് ചരിത്രത്തിലുണ്ടായ സംഘട്ടനങ്ങളുടെ അനന്തരഫലമായിരുന്നു അത്.
അതിനാല്‍ യൂറോപ്പില്‍പോലും ഒരുവേള ഈ പ്രകൃതത്തില്‍ സെക്യുലരിസത്തെ ഒറ്റ അനുഭവമായല്ല നാം കൈകാര്യം ചെയ്യുന്നത്. മതത്തെ പൂര്‍ണമായും സാമൂഹിക വ്യവഹാര മണ്ഡലത്തില്‍നിന്ന് പുറംതള്ളുകയും ദേശീയ സ്വത്വത്തിന്റെ കാവല്‍ക്കാരനായി സ്റ്റേറ്റ് സ്വയം പ്രതിഷ്ഠിക്കപ്പെടുകയും ചെയ്ത ഫ്രാന്‍സിന്റെ പ്രത്യേകമായ വീക്ഷണത്താല്‍ സ്വാധീനിക്കപ്പെട്ടതിനാലാണ് നമ്മുടെ ബുദ്ധിജീവികള്‍ സെക്യുലരിസത്തെ ഒറ്റ സംവര്‍ഗമായി കാണുന്നത്. ഇതര യൂറോപ്യന്മാരെ സംബന്ധിച്ചിടത്തോളവും സെക്യുലരിസത്തെ കുറിച്ചുള്ള ഫ്രഞ്ചു വീക്ഷണം ഫ്രഞ്ചുകാരുടേതായ വിശേഷ വീക്ഷണമാണ്.
മതങ്ങളെയും അവയുടെ പ്രതീകങ്ങളെയും സാമൂഹിക മണ്ഡലത്തില്‍നിന്ന് പുറംതള്ളുന്ന ഈ സമീപനമാണ് ഫ്രാന്‍സിനെ മുസ്‌ലിംകളുടെ ശിരോവസ്ത്രം നിരോധിച്ച ഒരേയൊരു രാജ്യമാക്കിത്തീര്‍ത്തത്. അതേസമയം ശിരോവസ്ത്ര വിഷയത്തില്‍ ഇത്തരമൊരു പ്രതിസന്ധി മറ്റൊരു യൂറോപ്യന്‍ രാജ്യത്തും നമുക്ക് കാണാന്‍ സാധിക്കുന്നില്ല. ഫ്രാന്‍സില്‍ സ്റ്റേറ്റും മതവും തമ്മിലുള്ള ബന്ധത്തിന്റെ പ്രത്യേക സ്വഭാവം മാത്രമാണ് ഇതിനുകാരണം. അതാകട്ടെ പ്രത്യേകമായൊരു ചരിത്രാനുഭവത്തിന്റെ ഫലവുമായിരുന്നു.
അപ്പോള്‍ ഒരേയൊരു ധാരണയെയല്ല നാം അഭിമുഖീകരിക്കുന്നത്. ഈ തലത്തില്‍ സെക്യുലര്‍ ലോകവീക്ഷണം കണ്ടുപിടിച്ച ഏറ്റവും സുപ്രധാനമായ നടപടിക്രമം സ്റ്റേറ്റിന്റെ നിഷ്പക്ഷതയായിരിക്കും. മറ്റ് വാക്കുകളില്‍, എല്ലാ സ്വാതന്ത്ര്യവും അത് മതപരമാകട്ടെ, രാഷ്ട്രീയമാകട്ടെ, മറ്റെന്തെങ്കിലും സ്വഭാവത്തോടു കൂടിയതാകട്ടെ ഉറപ്പുനല്‍കുന്നതാണ് സ്റ്റേറ്റ്. ഏതെങ്കിലും ഒരു കക്ഷിക്ക് അനുകൂലമായി സ്റ്റേറ്റ് ഇടപെടാന്‍ പാടില്ല.
ഇപ്പോള്‍ താഴെ പറയുന്നൊരു ചോദ്യം ഉയര്‍ന്നുവരുന്നു: ഇങ്ങനെയൊരു സമീപനം, നടപടിക്രമം ഇസ്‌ലാമിന് ആവശ്യമുണ്ടോ? അതായത് വ്യത്യസ്ത മതങ്ങളോടുള്ള സ്റ്റേറ്റിന്റെ നിഷ്പക്ഷത. ഇസ്‌ലാം തുടക്കത്തിലേ മതവും രാഷ്ട്രീയവും, മതവും സ്റ്റേറ്റും ഒന്നിച്ചു ഉള്‍ക്കൊണ്ടിട്ടുണ്ട്. ദൂതനെന്നതിനോടൊപ്പം രാഷ്ട്രത്തിന്റെ സംസ്ഥാപകനുമായിരുന്നു പ്രവാചകന്‍. മദീനയില്‍നിന്ന് മക്കയില്‍വന്ന പ്രഥമ ഗ്രൂപ്പിന്റെ കൂറുപ്രതിജ്ഞ മതപരമായിരുന്നു; ദൈവത്തിലും അവന്റെ പ്രവാചകനിലും വിശ്വസിക്കുന്നു എന്ന പ്രതിജ്ഞ. രണ്ടാമത്തെ പ്രതിജ്ഞയാകട്ടെ, മദീന ആക്രമിക്കപ്പെടുന്ന സാഹചര്യത്തില്‍ ഖഡ്ഗം ഉപയോഗിച്ചും മുസ്‌ലിംകളെ സംരക്ഷിക്കുമെന്നായിരുന്നു.
'മദീന'-ആ പദാവിഷ്‌കാരത്തിന് അത്യന്തം പ്രാധാന്യമുണ്ട്. 'മദീന' എന്ന് വിളിക്കപ്പെടുന്നതിനുമുമ്പ് 'യസ്‌രിബ്' എന്നായിരുന്നു ആ ദേശം അറിയപ്പെട്ടിരുന്നത്. മദീന എന്നാല്‍ നഗരം എന്നര്‍ഥം. ഇസ്‌ലാം ഒരു മതം മാത്രമല്ല സാംസ്‌കാരികമായ അര്‍ഥവും അതുള്‍ക്കൊള്ളുന്നുണ്ടെന്ന് 'മദീന' ധ്വനിപ്പിക്കുന്നു. മരുഭൂമിയിലെ ബദുജീവിതത്തില്‍ നിന്നുള്ള നാഗരിക-സാംസ്‌കാരിക ജീവിതത്തിലേക്കുള്ള കൂടുമാറ്റമാണത്. നഗരവല്‍ക്കരണം സംഭവിക്കുമ്പോള്‍ 'പ്രാകൃത ബദവിവല്‍ക്കരണം' (Bedouinization) ഒരു വലിയ പാപമായി മാറുന്നത് അതുകൊണ്ടാണ്. അതിനാല്‍ ഇസ്‌ലാം ചെന്നിടങ്ങളിലൊക്കെ നഗരങ്ങള്‍ സ്ഥാപിക്കപ്പെട്ടതില്‍ അത്ഭുതമില്ല. ഉത്തരാഫ്രിക്കയില്‍ അറബികള്‍ നിര്‍മിച്ച ഏറ്റവും പുരാതന നഗരം തുനീഷ്യയിലാണ്. അതിനാല്‍ പ്രവാചകന്‍ സ്ഥാപിച്ച നഗരം-മദീന-ഇസ്‌ലാം നാഗരികതയുടെ മതമാണെന്നതിന്റെ വ്യക്തമായ സൂചനയാണ്. ഇസ്‌ലാം ആ നഗരത്തില്‍ പരസ്പരം പോരടിക്കുകയായിരുന്ന ഗോത്രങ്ങളെ ബദവി പ്രാകൃത തലത്തില്‍നിന്ന് നാഗരിക സമൂഹമായി മാറ്റിയെടുക്കുകയും അവരെ ആ നഗരരാഷ്ട്രത്തിന് ചുറ്റും ഏകീകരിക്കുകയും ചെയ്തു.
മസ്ജിദില്‍ പ്രാര്‍ഥന നയിച്ച പ്രവാചകന്‍ ആ അര്‍ഥത്തില്‍ മതത്തിന്റെ 'ഇമാം' (നേതാവ്) ആയിരുന്നു. അതേസമയംതന്നെ സൈന്യത്തെ നയിക്കുകയും അനേകം ഉടമ്പടികളിലും സന്ധികളിലും ഒപ്പുവെക്കുകയും ജനങ്ങളുടെ തര്‍ക്ക പ്രശ്‌നങ്ങളില്‍ മാധ്യസ്ഥം വഹിക്കുകയും ചെയ്ത ഒരു രാഷ്ട്രീയ 'ഇമാം' (ഭരണാധികാരി) കൂടിയായിരുന്നു പ്രവാചകന്‍.
മദീനയില്‍ എത്തിയ ഉടന്‍ പ്രവാചകന്‍ ഒരു മസ്ജിദ് നിര്‍മിക്കുകയും 'അല്‍-സഹീഫ' എന്നറിയപ്പെടുന്ന ഒരു ഭരണഘടനക്ക് രൂപം നല്‍കുകയും ചെയ്തു എന്നതിന് ഇവിടെ സവിശേഷ പ്രസക്തിയുണ്ട്. ലോകത്തിലെ ഏറ്റവും പുരാതന ഭരണഘടനയായ ഈ 'സഹീഫ,' മക്കന്‍ കുടിയേറ്റക്കാരും മദീനയിലെ അവരുടെ ആതിഥേയരും തമ്മിലുള്ള ബന്ധങ്ങളെ ക്രമീകരിക്കുന്ന ഒരുകൂട്ടം ഉടമ്പടികള്‍ ഉള്‍ക്കൊള്ളുന്നതാണ്. അവരെ ഒരു രാഷ്ട്രമായാണ് അതില്‍ പരിഗണിച്ചിരിക്കുന്നത്. അതുപോലെ അവരും മദീനയിലെ ജൂതഗോത്രങ്ങളും തമ്മിലുള്ള ബന്ധങ്ങളെ ക്രമീകരിക്കുന്ന വകുപ്പുകളും അതില്‍ ഉള്‍ക്കൊള്ളുന്നു. ഇവരെയും ഒരു രാഷ്ട്രമായാണ് പരിഗണിച്ചിട്ടുള്ളത്. ഈ രണ്ട് മതങ്ങളെയും ഒന്നിനൊന്ന് വ്യതിരിക്തവും എന്നാല്‍ പരസ്പരം ഉള്‍ച്ചേര്‍ന്നതുമായ ഒറ്റ രാഷ്ട്രീയ ദേശവും അസ്തിത്വവുമായും പരിഗണിക്കപ്പെട്ടിരിക്കുന്നു. മുഹമ്മദ് സലീം അല്‍അവാ, മുഹമ്മദ് ഉമര്‍ തുടങ്ങിയ പണ്ഡിതന്മാരുടെ ദൃഷ്ടിയില്‍ സ്റ്റേറ്റിനെയും മതത്തെയും വേര്‍തിരിക്കുന്ന മതപരവും രാഷ്ട്രീയവുമായ വിഷയങ്ങള്‍ക്കിടയിലെ വ്യതിരിക്തതയാണ് ഇവിടത്തെ ഏറ്റവും സുപ്രധാനമായ സങ്കല്‍പ്പം.
എന്താണ് മതപരം എന്താണ് രാഷ്ട്രീയപരം എന്ന് 'സഹീഫ' വ്യക്തമായി വേര്‍തിരിക്കുന്നുണ്ട്. അതായത് എവിടെയാണ് മുസ്‌ലിംകള്‍ മതപരമായ ഒരു രാഷ്ട്രം, സമൂഹം (ഉമ്മഃ) ആകുന്നത്, എവിടെയാണ് ജുതന്മാര്‍ ആ തലത്തില്‍ വരുന്നത് എന്ന് സഹീഫ വ്യക്തമാക്കുന്നു. അതേസമയം ഈ രണ്ടു വിഭാഗങ്ങളും ബഹുദൈവവിശ്വാസികളായ മറ്റ് വിഭാഗങ്ങളുമായി ചേര്‍ന്ന് രാഷ്ട്രീയാര്‍ഥത്തില്‍ ഒരു രാഷ്ട്രമായിത്തീരുന്നു. അതിരുകള്‍ എപ്പോഴും വ്യക്തമല്ലെങ്കില്‍കൂടി ഈ വേര്‍തിരിവ് പ്രവാചകന്റെ ഇടപാടുകളില്‍ കാണാന്‍ കഴിയും. മതപരമെന്നാല്‍ അനുഷ്ഠാനങ്ങളുടെയും വിശ്വാസ ബാധ്യതകളുടെയും മേഖലയാണ്; രാഷ്ട്രീയം യുക്തിയുടെയും വിശകലന വിചിന്തനത്തിന്റെ(ഇജ്തിഹാദ്)യും മേഖലയും. പ്രവാചകന്‍ ഒരു നിര്‍ദേശം സമര്‍പ്പിച്ചാല്‍ ആശയ വ്യക്തതയുടെ അഭാവത്തില്‍ അത് വെളിപാടിന്റെ അടിസ്ഥാനത്തിലുള്ളതാണോ അതോ പ്രവാചകന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണോ എന്ന് അനുചരന്മാര്‍ ചോദിക്കാറുണ്ടായിരുന്നു. വെളിപാടിന്റെ അടിസ്ഥാനത്തില്‍ എന്നാണ് മറുപടിയെങ്കില്‍ നിസ്സന്ദേഹം അവരത് അനുസരിക്കും. മറിച്ചാണെങ്കില്‍ അവര്‍ വിയോജിപ്പ് പ്രകടിപ്പിക്കുകയും ബദല്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യും. രാഷ്ട്രത്തലവനെന്ന നിലയില്‍ അനുചരന്മാര്‍ പ്രവാചകനോടു വിയോജിപ്പു പ്രകടിപ്പിച്ച ഒന്നിലേറെ സന്ദര്‍ഭങ്ങളുണ്ട്. 'പ്രവാചക നിയമവിധികള്‍' (Prophetic Statutes) എന്ന ശീര്‍ഷകത്തില്‍ ശൈഖ് ത്വാഹിര്‍ ബിന്‍ ആശൂര്‍ അതിനെകുറിച്ചു വിസ്തരിച്ചു പ്രതിപാദിച്ചതായി കാണാം.
ഒരു ദിവസം പ്രവാചകന്‍ മദീനയില്‍ ഒരുകൂട്ടം ആളുകളുടെ അരികിലൂടെ നടന്ന്‌പോയി. അവര്‍ ഈത്തപ്പനകളില്‍ പരപരാഗണം നടത്തുകയായിരുന്നു. 'അതില്‍ വിശേഷിച്ച് പ്രയോജനമുള്ളതായി എനിക്ക് തോന്നുന്നില്ല' എന്ന് പ്രവാചകന്‍ അവരോട് പറഞ്ഞു. വെളിപാടിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവാചകന്റെ സംസാരം എന്നാണ് അവര്‍ ധരിച്ചത്. അവര്‍ ആ പ്രവൃത്തി ഉപേക്ഷിക്കുകയും ചെയ്തു. ആ വര്‍ഷത്തെ വിളവെടുപ്പിനെ അത് പ്രതികൂലമായി ബാധിച്ചു എന്നതായിരുന്നു ഫലം. അവര്‍ പ്രവാചകനോട് പരാതിപ്പെടുകയും ചെയ്തു. 'നിങ്ങളുടെ ലൗകിക കാര്യങ്ങളെ കുറിച്ചു നിങ്ങള്‍ തന്നെയാണ് കൂടുതല്‍ അഭിജ്ഞര്‍' എന്നായിരുന്നു അപ്പോള്‍ പ്രവാചകന്റെ പ്രതികരണം. അതിനാല്‍ കാര്‍ഷിക-വ്യാവസായിക വിഷയങ്ങള്‍ പഠിപ്പിക്കുക എന്നതല്ല മതപരമായ ബാധ്യത. ഭരണത്തിന്റെ ടെക്‌നിക്കുകള്‍ പോലും അതിന്റെ പരിധിയില്‍ വരുന്നില്ല. കാരണം, സഞ്ചിതാനുഭവങ്ങളിലൂടെ സത്യത്തിലെത്താന്‍ ആവശ്യമായ യുക്തിയുടെ പരിധിയില്‍വരുന്ന വിഷയങ്ങളാണിവ. നമ്മുടെ നിലനില്‍പ്പും ഉല്‍പത്തിയും ഭാഗധേയവും സൃഷ്ടിയുടെ ലക്ഷ്യവുമൊക്കെയുമായി ബന്ധപ്പെട്ട വലിയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും, നമ്മുടെ ചിന്തകള്‍ക്കും പെരുമാറ്റത്തിനും നാം അഭിലഷിക്കുന്ന സ്റ്റേറ്റിന്റെ ചട്ടങ്ങള്‍ക്കും മാര്‍ഗദര്‍ശനം നല്‍കുന്ന മൂല്യവ്യവസ്ഥയും തത്ത്വങ്ങളും നമുക്ക് നല്‍കുകയും ചെയ്യുക എന്ന റോളാണ് മതത്തിന് നിര്‍വഹിക്കാനുള്ളത്.
അതിനാല്‍, മതത്തെ പൊതുജീവിതത്തില്‍നിന്ന് പുറംതള്ളുക എന്ന അര്‍ഥത്തില്‍ തുടക്കം മുതല്‍ ചരിത്രത്തിലുടനീളം എവിടെയും സ്റ്റേറ്റിനെയും മതത്തെയും വേര്‍പെടുത്തുക എന്നത് ഇസ്‌ലാം പരിചയിച്ചിട്ടില്ല. മുസ്‌ലിംകള്‍ ഇന്നേവരെ അവരുടെ പൊതുജീവിതത്തില്‍ ഇസ്‌ലാമിനാല്‍ സ്വാധീനിക്കപ്പെടുകയും അതിന്റെ അധ്യാപനങ്ങളില്‍നിന്നും മാര്‍ഗദര്‍ശനത്തില്‍നിന്നും പ്രചോദനം ഉള്‍ക്കൊള്ളുകയും ചെയ്തിട്ടുണ്ട്; മുന്‍ചൊന്ന വ്യതിരിക്തത വ്യക്തമായി നിലനിര്‍ത്തിക്കൊണ്ടുതന്നെ. മതപരമായതിനും രാഷ്ട്രീയ സ്വഭാവമുള്ളതിനുമിടയിലെ ഈ വ്യതിരിക്തത ഇസ്‌ലാമിക പണ്ഡിതന്മാരുടെയും നിയമമീമാംസകരുടെയും ചിന്തകളിലും വ്യക്തമാണ്. ലൗകിക വ്യവഹാരങ്ങ(മുആമലാത്ത്)ളും ആരാധനാകാര്യങ്ങ(ഇബാദാത്ത്)ളും അവര്‍ വേര്‍തിരിച്ച് പ്രതിപാദിച്ചതായി കാണാം. രണ്ടാമത്തേത് മാറ്റമില്ലാത്ത അനുഷ്ഠാന മേഖലയില്‍ വരുന്നതാണ്. അതായത് യുക്തിക്കതീതമായ സത്യം. ആദ്യത്തേതാകട്ടെ പൊതുതാല്‍പര്യത്തിന്റെ അന്വേഷണ മേഖലയില്‍ വരുന്നു. കാരണം അല്‍-ശാത്വബി, ബിന്‍ ആശൂര്‍ തുടങ്ങിയ മഹാന്മാരായ നിയമവിശാരദന്മാര്‍ സ്ഥിരീകരിച്ചപോലെ ജനങ്ങളുടെ താല്‍പര്യങ്ങള്‍ സാക്ഷാല്‍ക്കരിക്കാനാണ് ഇസ്‌ലാം ആഗതമായിട്ടുള്ളത്. എല്ലാ ദൈവിക സന്ദേശങ്ങളുടെയും സമുന്നത ലക്ഷ്യം നീതി സംസ്ഥാപിക്കുകയും ജനങ്ങളുടെ താല്‍പര്യങ്ങള്‍ സാക്ഷാല്‍ക്കരിക്കുകയുമാണെന്ന വിഷയത്തില്‍ ഈ പണ്ഡിതന്മാരൊക്കെ യോജിച്ചിട്ടുള്ളതാണ്. ദൈവിക മാര്‍ഗദര്‍ശനത്തിന്റെയും മതം സമര്‍പ്പിച്ചിട്ടുള്ള തത്ത്വങ്ങളുടെയും മൂല്യങ്ങളുടെയും ലക്ഷ്യങ്ങളുടെയും വെളിച്ചത്തില്‍ യുക്തി ഉപയോഗിച്ചുകൊണ്ടാണ് ഇതിന്റെ നിര്‍വഹണം സാധിച്ചിട്ടുള്ളത്. അപ്പോള്‍ നിരന്തരം കറങ്ങിക്കൊണ്ടിരിക്കുന്ന, അസ്ഥിരമായവയെ പ്രതിനിധാനം ചെയ്യുന്ന ഒരു മണ്ഡലവും, സുസ്ഥിരങ്ങളെ പ്രതിനിധാനം ചെയ്യുന്ന വിശ്വാസങ്ങളുടെയും മൂല്യങ്ങളുടെയും നന്മകളുടെയും മറ്റൊരു മണ്ഡലവുമുണ്ട്.
വിവ. വി.എ.കെ
(തുടരും)
Comments