പ്രസ്ഥാന നയവികാസത്തിന്റെ ആത്മകഥ
ഓര്‍മ തിരിഞ്ഞുനടത്തമാണ്. പിന്നിട്ട വഴികളിലൂടെയുള്ള പുനര്‍സഞ്ചാരം. ഒരാള്‍ എങ്ങനെ രൂപപ്പെട്ടു എന്നതിനെക്കുറിച്ച അയാളുടെ തന്നെ ആഖ്യാനമാണ് ആത്മകഥ. ആഖ്യാതാവ് തന്നെയാണ് ഇതിലെ ആഖ്യാനം. ഓര്‍മകളെ ഓര്‍ത്തുവെച്ചു പറയാന്‍ കഴിയുക എന്നത് വലിയ ഒരു ഗുണമാണ്. ഇത് റാശിദുല്‍ ഗനൂശി എന്ന ഇസ്‌ലാമിക പ്രസ്ഥാന നേതാവില്‍ എത്തുമ്പോള്‍ ഒരു വ്യക്തിയുടെ ജീവചരിത്രം ഒരു പ്രസ്ഥാനത്തിന്റെ ജീവചരിത്രമാവുകയാണ്. പ്രസ്ഥാനങ്ങളുടെ ജീവന്‍ നമുക്കനുഭവവേദ്യമാകുന്നത് അതിന്റെ ഭരണഘടനയില്‍ നിന്നോ നയപരിപാടിയില്‍ നിന്നോ അല്ല, അത് ഏറ്റവും ഹൃദയഹാരിയായി അനുഭവപ്പെടുക അതില്‍ മഴയും വെയിലും കൊണ്ടവരുടെ ആത്മഭാഷണങ്ങളില്‍ നിന്നാണ്. ആത്മലേഖനങ്ങളില്‍ നിന്നാണ്. സ്വത്വബോധം കാത്തുസൂക്ഷിക്കുന്നവനേ ആത്മകഥയുണ്ടാവൂ എന്നു തോന്നാറുണ്ട്. സംഘടനയും വ്യക്തിയുടെ സ്വത്വബോധവും തമ്മിലുള്ള സ്വാഭാവികമായ ഒരു സംഘര്‍ഷമുണ്ട്. ഈ സംഘര്‍ഷത്തെ പ്രസ്ഥാനത്തിന്റെ പൊതുനന്മയെയോര്‍ത്ത് രേഖപ്പെടുത്താതെ മറക്കുകയാണ് പൊതുവേ ഇസ്‌ലാമിക പ്രസ്ഥാന നായകര്‍ ചെയ്യാറുള്ളത്. ഈ പ്രശ്‌നത്തിന്റെ സമന്വയ ചിത്രമാണ് ഗനൂശിയുടെ ആത്മകഥ. ഇസ്‌ലാമിക പ്രസ്ഥാന നായകരുടെ ആത്മകഥകള്‍ സവിശേഷമായ പഠനമര്‍ഹിക്കുന്ന ഒരു മേഖലയാണ്. പല വൈരുധ്യങ്ങളെയും അവരെങ്ങനെയാണ് പരിഹരിക്കുന്നത് എന്നത് ഇനിയും പഠനവിധേയമാക്കേണ്ടതാണ്. പ്രകടനപരതയും ഹൃദയ വിശുദ്ധിയും, സംഘടനയും വ്യക്തിയും ഇങ്ങനെ നിരവധി വൈരുധ്യങ്ങളെ.
ഗനൂശിയുടെ ആത്മകഥ സവിശേഷ ശ്രദ്ധാകേന്ദ്രമാകുന്നത് അത് ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ നയവികാസത്തിന്റെ മികച്ച രേഖ എന്ന അര്‍ഥത്തിലാണ്. ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ഒന്നാം ദശയില്‍ നിന്ന് രണ്ടാം ദശയിലേക്കുള്ള സഞ്ചാരത്തെ അത് വായനക്ഷമമായ രീതിയില്‍ അടയാളപ്പെടുത്തുന്നുണ്ട്.
മതത്തില്‍ ഊട്ടിയ, മതം താരാട്ടാട്ടിയ ബാല്യം, സന്ദേഹിയായ കൗമാരം, അന്വേഷകനായ യൗവനം, ഒടുവില്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങളിലൂടെ, തബ്‌ലീഗ് ജമാഅത്തിന്റെ കൂടി സഹായത്തോടെ ഇസ്‌ലാമില്‍ തിരിച്ചെത്തുന്നതാണ് ഗനൂശിയിലെ അന്വേഷകന്റെ ജീവചരിത്രം. അതിനിടയില്‍ അല്‍ഹാമ എന്ന തുനീഷ്യന്‍ ഗ്രാമത്തിലെ കൃഷിയിടത്തിന്റെ ചൂരും, നഗരം സ്പര്‍ശിക്കാത്ത ഗ്രാമത്തിന്റെ ആദിസൗന്ദര്യവുമൊക്കെ ഒരു രംഗപടത്തിലെന്നപോലെ നമുക്കു മുന്നില്‍ അനാവൃതമാകും. ഒരു നല്ല ഉമ്മയെയും ഉപ്പയെയും കുറിച്ച ചിത്രങ്ങള്‍ നമ്മുടെ മനസ്സില്‍ കൊത്തിവെക്കപ്പെടും. ഗ്രാമീണജീവിതത്തിന്റെ പരുപരുപ്പുള്ള സൗന്ദര്യം നാം വേണ്ടുവോളം ആസ്വദിക്കും. കഴിഞ്ഞ നൂറ്റാണ്ടിലെ മറ്റെല്ലാ ഇസ്‌ലാമിക പ്രസ്ഥാന നായകരെയും പോലെ അധിനിവേശമാണ് ഗനൂശിയുടെയും ബാല്യത്തിന്റെ രാഷ്ട്രീയ പശ്ചാത്തലമാവുന്നത്.
ഇസ്‌ലാമിക ചരിത്രത്തില്‍ സത്യാന്വേഷണത്തിന്റെ ആത്മകഥകള്‍ പ്രാചീനമായിത്തന്നെയുണ്ട്. ഉദാഹരണം ഇമാം ഗസ്സാലിയുടെ ആത്മാന്വേഷണങ്ങള്‍. അവ കൂടുതല്‍ ആത്മീയവും തത്ത്വശാസ്ത്രപരവുമായിരുന്നെങ്കില്‍ ഗനൂശിയുടെത് കുറേക്കൂടി രാഷ്ട്രീയപരമായിരുന്നു. ഇസ്‌ലാമില്‍ നിന്ന് പുറത്തേക്കും പിന്നെ അകത്തേക്കുമുള്ള സത്യാന്വേഷണ സഞ്ചാരങ്ങള്‍ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയിലും നമുക്ക് കാണാന്‍ കഴിയും. ഇവരാരും കേവലമൊരു പാരമ്പര്യ സമുദായത്തിന്റെ ഭാഗമായിരുന്നില്ല, മറ്റൊരര്‍ഥത്തില്‍ ഈ മനീഷികളെല്ലാം നവ മുസ്‌ലിംകളായിരുന്നു. അതിന്റെ പുതുമണം തന്നെയാണ് അവരില്‍ നവോത്ഥാന ഊര്‍ജമായി മാറിയതും. 1966 ജൂണ്‍ 15-ലെ രാത്രി അതുകൊണ്ടാണ് ഗനൂശിയുടെ ആത്മകഥനത്തിലെ നിര്‍ണായക രാവാവുന്നത്. ആ രാത്രിയില്‍ ഗനൂശി സിറിയയിലായിരുന്നു. അന്ന്് അവിടെ വെച്ചാണ് ഗനൂശി സമ്പൂര്‍ണമായി ഇസ്‌ലാമില്‍ പുനഃപ്രവേശിക്കുന്നത്.
പാശ്ചാത്യ കോളനിയില്‍ ജനിച്ച്, അവരുടെ സിദ്ധാന്തങ്ങളില്‍ ആകൃഷ്ടനായി ഒടുവില്‍ ആ സംസ്‌കാരത്തിന്റെ പറുദീസയായ പാരീസില്‍ പഠിച്ച്, ഇസ്‌ലാമിലേക്ക് തിരിച്ചുനടക്കുകയായിരുന്നു അദ്ദേഹം. ഗനൂശിയുടെ ഏറ്റവും വലിയ സംഭാവന ഇസ്‌ലാമും പാശ്ചാത്യ നാഗരികതയുമായുള്ള സംവാദവുമായി ബന്ധപ്പെട്ടതാണ്. ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ഒന്നാം ഘട്ടത്തില്‍ മാര്‍ക്‌സിസമുള്‍പ്പെടെയുള്ള പാശ്ചാത്യന്‍ ഭൗതികാശയങ്ങളോട് സ്വീകരിച്ച സമീപനങ്ങളെക്കുറിച്ച് അദ്ദേഹം എഴുതുന്നു. ''മറ്റെല്ലാ വിമര്‍ശനവും പോലെ ഈ വിമര്‍ശനവും അതിന്റെ പ്രഥമഘട്ടത്തില്‍ റാഡിക്കല്‍ വിമര്‍ശനമാണ്. വിമര്‍ശിക്കപ്പെടുന്ന പ്രത്യയശാസ്ത്രത്തിന്റെ നന്മകള്‍ പോലും അവശേഷിക്കാത്ത വിധം അപ്പാടെ അടിച്ചു തകര്‍ക്കുന്ന മൗലിക വിമര്‍ശനം.''
ഈ ആദ്യകാല ഇസ്‌ലാമിസ്റ്റ് വിമര്‍ശനരീതിയുടെ പ്രശ്‌നം അത് ഒട്ടും സംവാദാത്മകമല്ല എന്നതാണ്. മാത്രവുമല്ല അത് ആക്രമണം എന്നതിനേക്കാള്‍ പ്രതിരോധപരമായിരുന്നു. ആക്രമിക്കുന്നത് യഥാര്‍ഥത്തില്‍ ആക്രമിക്കാനായിരുന്നില്ല, പ്രതിരോധിക്കാനായിരുന്നു. സംവാദാത്മകമല്ലാത്ത ഒരു ശൈലിയിലൂടെ ഒരിക്കലും യഥാര്‍ഥ പ്രതിരോധം സാധ്യമായിരുന്നില്ല. ഈ തിരിച്ചറിവ് നേടിയെടുത്തു, അത് പരസ്യമായി രേഖപ്പെടുത്തി, അതിനനുസൃതമായി പ്രസ്ഥാനത്തിന്റെ സ്വരശ്രുതികള്‍ ചിട്ടപ്പെടുത്തി എന്നതാണ് ഗനൂശിയെ ചരിത്ര പ്രസക്തനാക്കുന്നത്. പാശ്ചാത്യ നാഗരികതയുമായുള്ള ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ സംവാദാത്മക ബന്ധത്തിന്റെ പ്രയോക്താവ് എന്നതാണ് ഗനൂശിയുടെ പ്രാധാന്യം. എതിരാളിയെ നിരായുധീകരിക്കാനുള്ള വഴി അവനിലെ ശരികളെ ഉള്‍ക്കൊള്ളുക എന്നതാണെന്ന് ഗനൂശി തിരിച്ചറിയുന്നുണ്ട്. ഗനൂശി ഇത് പറയുമ്പോള്‍ ഉദാഹരിക്കുന്നത് കമ്യൂണിസത്തെയും ഫ്രോയിഡിയന്‍ മനശ്ശാസ്ത്ര സിദ്ധാന്തത്തെയും സാര്‍ത്രിന്റെ അസ്തിത്വവാദത്തെയും ദുര്‍ഖേമിന്റെ സാമൂഹിക ശാസ്ത്ര അടിസ്ഥാനങ്ങളെയുമാണ്.
സംവാദാത്മകമായ ശൈലിയിലൂന്നിയ പ്രസ്ഥാനത്തിന്റെ രണ്ടാം ഘട്ടത്തെക്കുറിച്ച് ഗനൂശി പറയുന്നത് ഇങ്ങനെയാണ്: ''പടിഞ്ഞാറന്‍ സിദ്ധാന്തങ്ങള്‍ മുച്ചൂടും അബദ്ധവും മിഥ്യയുമാണെന്ന നിരപേക്ഷ വിമര്‍ശത്തില്‍ നിന്ന് സാപേക്ഷ വിമര്‍ശത്തിലേക്ക് മാറി വസ്തുനിഷ്ഠമായ സമീപനം സ്വീകരിക്കാന്‍ ഇസ്‌ലാമിക പ്രസ്ഥാനം സന്നദ്ധമായി. ഇസ്‌ലാമികധാരക്കും ഇടതുപക്ഷ, മതേതര-ലിബറല്‍ ധാരകള്‍ക്കുമിടയില്‍ സംവാദത്തിന്റെയും പരസ്പര ധാരണകളുടെയും സഹകരണത്തിന്റെയും തുറസ്സുകള്‍ സാധ്യമാക്കാന്‍ അത് നിമിത്തമായി. സ്വാതന്ത്ര്യ സിവില്‍-സമൂഹ സ്ഥാപനങ്ങളുടെയും ട്രേഡ് യൂനിയനുകളുടെയും സ്വാതന്ത്ര്യത്തിന്റെ സംരക്ഷണാര്‍ഥം പരസ്പരം സഹകരിക്കാനുള്ള അന്തരീക്ഷം സംജാതമായി.''
''പടിഞ്ഞാറന്‍ ചിന്തയും നിലനില്‍ക്കുന്ന യാഥാര്‍ഥ്യങ്ങളുമായുള്ള ഈ ഇടപാടില്‍ നിഷേധാത്മക വിമര്‍ശത്തിനു പകരം ഇസ്‌ലാമിക പ്രസ്ഥാനം ക്രിയാത്മക നിരാസത്തിന്റെ, അല്ലെങ്കില്‍ സൃഷ്ടിപരമായ വിമര്‍ശത്തിന്റെ നിലപാട് സ്വീകരിച്ചു തുടങ്ങുന്നത് ഇവിടം മുതല്‍ക്കാണ്. ഈ സിദ്ധാന്തങ്ങള്‍ പൂര്‍ണ സത്യങ്ങളെന്ന നിലയില്‍ തള്ളിക്കളഞ്ഞതില്‍ പിന്നെ സത്യത്തിന്റെ ഭാഗിക സിദ്ധാന്തങ്ങളും വസ്തുതാപഗ്രഥനത്തില്‍ ഫലപ്രദമായ ഉപകരണങ്ങളുമെന്ന നിലയില്‍ പരിഗണിക്കപ്പെട്ടു. നിരീശ്വരത്വം പോലെ കൊള്ളരുതാത്ത ആധാരങ്ങളില്‍ അധിഷ്ഠിതമാണെന്നതിനാല്‍ മാത്രം, അല്ലെങ്കില്‍ ഉപജ്ഞാതാവിന്റെ തീവ്രതയും തദനുബന്ധമായ ശിഥിലതയും കാരണത്താല്‍ മാത്രം ഒരു ചിന്തയും തള്ളിക്കളയാന്‍ പാടില്ല. പ്രത്യുത, കാര്യങ്ങള്‍ ത്രാസില്‍ വെച്ചു തൂക്കിനോക്കുകയാണ് വേണ്ടത്.''
ഇബ്‌നുറുശ്ദും മറ്റും ഗ്രീക്ക് തത്ത്വചിന്തയോട് കാണിച്ച സമീപനം ഇതിനുദാഹരണമായി ഗ്രന്ഥകാരന്‍ മുന്നോട്ടുവെക്കുന്നുണ്ട്. എന്നാല്‍, ഇസ്‌ലാമിന്റെ മാര്‍ക്‌സിയന്‍ ഫ്രോയിഡിയന്‍ വായനകളെ ഗനൂശി ശക്തമായി തള്ളിക്കളയുകയാണ് ചെയ്യുന്നത്. അതിനിടയില്‍ മാര്‍ക്‌സിസത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണം ഏറെ ശ്രദ്ധേയമാണ്. ഗനൂശിയിലെ ഗാഢതയുള്ള ബുദ്ധിജീവിയെ കൃത്യമായി വെളിപ്പെടുത്തുന്ന സന്ദര്‍ഭം കൂടിയാണത്. ''ഒരു രാഷ്ട്രീയ വ്യവസ്ഥിതി എന്ന നിലയില്‍ മാര്‍ക്‌സിസത്തോടു പോരാടുന്ന പടിഞ്ഞാറ് മാര്‍ക്‌സിയന്‍ വിശകലന സങ്കേതങ്ങളുടെ ധൈഷണിക ആധാരങ്ങളെ ആശ്രയിക്കുന്നത് കാണുമ്പോള്‍ നാം അമ്പരന്നു പോവും. മാര്‍ക്‌സിനെ ശരിക്കും പാശ്ചാത്യനാക്കുന്ന, അഥവാ മാര്‍ക്‌സ് തന്നെ പടിഞ്ഞാറിന്റെ സാന്ദ്രരൂപമാകുന്ന പ്രതിഭാസമാണിത്. ഏറ്റവും കൂടുതല്‍ പാശ്ചാത്യനായ മാര്‍ക്‌സിസ്റ്റായിരിക്കും മറ്റേതൊരു പാശ്ചാത്യനേക്കാളും ഏറ്റവും കൂടുതല്‍ യൂറോ കേന്ദ്രിതന്‍. പാശ്ചാത്യ ചിന്തയുടെ അന്തിമ പതിപ്പാണ് മാര്‍ക്‌സിസമെന്നു തോന്നിപ്പോകും. സെക്യുലര്‍വത്കരണത്തിന്റെ പാരമ്യമാണത്. അതിനാല്‍ മാര്‍ക്‌സിസത്തെ വിമര്‍ശിക്കാതെ രക്ഷയില്ല.''
ഇന്ത്യന്‍ സാഹചര്യത്തിലും മാര്‍ക്‌സിസവും മതേതരത്വവും ജനാധിപത്യവും ദേശീയതയും യൂറോ കേന്ദ്രീകൃതവും സവര്‍ണ കേന്ദ്രീകൃതവുമായിരുന്നു എന്നതുകൊണ്ടാണ് അതിനെതിരായ വിമര്‍ശനം അനിവാര്യവും അതിരൂക്ഷവുമായിത്തീര്‍ന്നത്. പാശ്ചാത്യ മനസ്‌കനായ മാര്‍ക്‌സിസ്റ്റായിരിക്കും മറ്റേതൊരു പാശ്ചാത്യവാദിയേക്കാളും യൂറോ സെന്‍ട്രിക് എന്ന ഗനൂശിയന്‍ നിരീക്ഷണം ഇന്ത്യന്‍ സന്ദര്‍ഭത്തിലും ഏറെ പ്രസക്തമാണ്. നമ്മുടെ നാട്ടിലെയും ഏറ്റവും യൂറോ സവര്‍ണ കേന്ദ്രീകൃത മതേതരവാദികള്‍ മാര്‍ക്‌സിസ്റ്റുകളാണെന്ന് കാണാന്‍ കഴിയും.
പടിഞ്ഞാറന്‍ സംസ്‌കാരവുമായുള്ള ഈ സംവാദാത്മക ബന്ധം ഒരുപാടു തുറസ്സുകള്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് പ്രദാനം ചെയ്തു. ഭൗതികവാദികളുടെ വിമര്‍ശനങ്ങളോട് അതിന്റെ എതിര്‍ദിശയില്‍ നിന്നുകൊണ്ട് അതിതീവ്രമായി പ്രതികരിക്കുക എന്നത് ആദ്യകാല ഇസ്‌ലാമിസ്റ്റുകളുടെ സമീപനമായിരുന്നു. പാശ്ചാത്യ കോളനി ശക്തികള്‍ക്ക് ഒരര്‍ഥത്തിലും വഴങ്ങാതിരിക്കുക, അവര്‍ പറയുന്നു എന്ന കാരണത്താല്‍ ഇസ്‌ലാമിനകത്തുള്ള സാധ്യതയെപ്പോലും നിരാകരിക്കുക എന്ന കോളനിവത്കരിക്കപ്പെടുന്ന ജനതയുടെ പ്രതിരോധ മനസ്സായിരുന്നു ഇതിനു പിന്നിലുണ്ടായിരുന്നത്. ഭൗതികവാദികളുടെ വിമര്‍ശനത്തിന് ക്രിയാത്മകമായ ഉത്തരങ്ങള്‍ കണ്ടെത്തിക്കൊണ്ട് ആ നേട്ടങ്ങള്‍ കൂടി ഉള്‍ക്കൊണ്ടുകൊണ്ട് പ്രതിരോധത്തില്‍ നിന്ന് നിര്‍മാണത്തിലേക്കുള്ള അടുത്ത ഘട്ടത്തിലേക്ക് ഗനൂശിയുടെ നേതൃത്വത്തില്‍ പ്രസ്ഥാനം പ്രവേശിക്കുകയായിരുന്നു. അങ്ങനെയാണവര്‍ പണിമുടക്കുകളില്‍ പങ്കെടുക്കാനും മെയ്ദിനം പള്ളികളില്‍ ആചരിക്കാനുമാരംഭിച്ചത്. ഇടതുപക്ഷത്തിന്റെ തെരുവിലെ മെയ്ദിനാചരണത്തേക്കാള്‍ വിജയിച്ചത് ഇസ്‌ലാമിസ്റ്റുകളുടെ പള്ളിയിലെ മെയ്ദിനമായിരുന്നു. മെയ്ദിനത്തെ ഇസ്‌ലാമിസ്റ്റുകള്‍ ഹൈജാക്ക് ചെയ്യുന്നു എന്ന് അവിടത്തെ ഇടതുപക്ഷം മാറത്തടിച്ച് കരഞ്ഞിരുന്നോ എന്ന് ആത്മകഥയില്‍ നിന്ന് വ്യക്തമല്ല. ഇസ്‌ലാമിസ്റ്റുകള്‍ ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാനും ഈ സ്വഭാവത്തില്‍ വിദ്യാര്‍ഥികളെയും തൊഴിലാളികളെയും വനിതകളെയും സംഘടിപ്പിക്കാനും തുടങ്ങിയപ്പോള്‍ അവര്‍ക്ക് മനസ്സിലായത് ഇടതുപക്ഷക്കാര്‍ മഹാ ഡോഗ്മാറ്റിസ്റ്റുകളാണെന്നാണ്. അതുതന്നെയാണ് ഈ രംഗത്തെ ഇസ്‌ലാമിസ്റ്റുകളുമായുള്ള മത്സരത്തില്‍ ഇടതുപക്ഷത്തെ പരാജയപ്പെടുത്തിയതും എന്നും ഗനൂശി നിരീക്ഷിക്കുന്നുണ്ട്.
ഇസ്‌ലാമിസ്റ്റുകളുടെ ക്ലാസിക്കല്‍ സാമൂഹിക സമീപനത്തെക്കുറിച്ച് ഗനൂശി ഉന്നയിക്കുന്ന വിമര്‍ശനം അത് ഏകതാനമാണെന്നാണ,് ഇസ്‌ലാം/ജാഹിലിയ്യത്ത് എന്ന ഏകമാനദണ്ഡമുപയോഗിച്ച് സമൂഹത്തിലെ മുഴുവന്‍ പ്രശ്‌നങ്ങളെയും നോക്കിക്കാണുന്നു എന്നാണ്. സമൂഹത്തില്‍ വേറെയും സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നതായി അദ്ദേഹം തിരിച്ചറിയുന്നു. ''ചൂഷകരായ മുതലാളി വര്‍ഗവും ചൂഷിതരായ പാവപ്പെട്ടവരും തമ്മിലുള്ള സംഘട്ടനത്തിന്റെ മറ്റൊരു മുഖം കൂടിയുണ്ടായിരുന്നു. ലോക തലത്തില്‍ ബഹുരാഷ്ട്ര മുതലാളിത്തവും ദരിദ്ര ജനതകളും തമ്മിലുള്ള സംഘട്ടനം, സ്വാതന്ത്ര്യവും അധികാര പങ്കാളിത്തവും ആഗ്രഹിക്കുന്ന ബഹുജനങ്ങളും ഏക കക്ഷീ ഭരണകൂടങ്ങളും തമ്മിലുള്ള അല്ലെങ്കില്‍ ദൈവം ചമയുന്ന നേതാവും തമ്മിലുള്ള സംഘട്ടനം- ഇങ്ങനെ പല തലത്തിലുള്ള സംഘട്ടനങ്ങള്‍. അതോടെ പാകിസ്താനില്‍ നിന്നും ഈജിപ്തില്‍ നിന്നും ഞങ്ങളിലേക്ക് കടന്നുവന്ന ചിന്താ മാതൃകകളെ ഞങ്ങള്‍ വിമര്‍ശ പുനരവലോകന പ്രക്രിയക്ക് വിധേയമാക്കി തുടങ്ങി. ആ ചിന്തകളുടെ സംഘട്ടനത്തിന് ഒറ്റ മാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ- വിശ്വാസപരമായ മാനം മാത്രം. ഇതോടെയാണ് തുനീഷ്യന്‍ അനുഭവം ഇസ്‌ലാമികമായ മറ്റു മാനങ്ങള്‍ കൂടി കണ്ടെത്താന്‍ തുടങ്ങുന്നത്.''
ആദ്യകാല നിലപാടും പില്‍ക്കാല നിലപാടും ഉണ്ടാക്കിയ പ്രായോഗിക സമീപന വ്യത്യാസം ഗനൂശി രേഖപ്പെടുത്തുന്നുണ്ട്. ആദ്യകാലത്ത് ഇടതുപക്ഷം ന്യായമായ ഒരാവശ്യത്തിനു വേണ്ടി പണിമുടക്ക് നടത്തിയാല്‍ അതിനെ പൊളിക്കാനാണ് ഇസ്‌ലാമിസ്റ്റുകള്‍ ശ്രമിക്കുക; ഇടതുപക്ഷക്കാര്‍ ദൈവനിഷേധികളാണെന്ന കാരണത്താല്‍. പിന്നീടവരത് തിരിച്ചറിയുന്നതിനെക്കുറിച്ച് ഗനൂശിയുടെ പ്രസ്താവന വളരെ രസകരമാണ്. ''കമ്യൂണിസത്തെ ചെറുക്കാനല്ല ദൈവം ഞങ്ങളെ സൃഷ്ടിച്ചതെന്ന് ഞങ്ങള്‍ക്ക് ബോധ്യം വന്നു തുടങ്ങി. കമ്യൂണിസമോ മറ്റേതെങ്കിലും ചിന്താഗതിയോ ആയി ചില ബിന്ദുക്കളില്‍ സന്ധിക്കാവുന്ന ഇസ്‌ലാമിന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുക എന്നതാണ് ഞങ്ങളുടെ ബാധ്യതയെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. ലോകത്ത് നീതി സ്ഥാപിക്കുക എന്നത് ഇസ്‌ലാമിന്റെ അടിസ്ഥാന ലക്ഷ്യങ്ങളില്‍ പെട്ടതാണ്.''
ഒന്നാമത്തെ സമീപനം കൊണ്ടാണ് ഇസ്‌ലാമിക പ്രസ്ഥാനം അതിന്റെ ആഡൂരമുറപ്പിച്ചതെങ്കില്‍ രണ്ടാമത്തെ സമീപനം കൊണ്ടാണ് അറബ് വസന്തമുള്‍പ്പെടെയുള്ള അതിന്റെ ജനകീയ വിജയങ്ങള്‍ നേടിയെടുത്തത്. ഒരു സന്ദര്‍ഭം ലഭിച്ചപ്പോള്‍ ഈജിപ്തിലെയും തുനീഷ്യയിലെയും ഇസ്‌ലാമിസ്റ്റുകള്‍ അതിനെ യാദൃഛികമായി ഉപയോഗപ്പെടുത്തിയതല്ല. അതിനെ ഉപയോഗപ്പെടുത്താനാവശ്യമായ ആശയപരമായ അഴിച്ചുപണികള്‍ അവര്‍ നേരത്തെ നടത്തിയിരുന്നു എന്നതിന്റെ നേര്‍ സാക്ഷ്യമാണ് ഗനൂശിയുടെ ആത്മകഥ.
ഹസനുല്‍ ബന്ന ഉള്‍പ്പെടെയുള്ളവര്‍ ഇസ്‌ലാമിക വ്യവസ്ഥിതി എകകക്ഷി വ്യവസ്ഥയായിരിക്കും എന്നു വാദിച്ചത് രാഷ്ട്രീയ പാര്‍ട്ടികളുടെ ജീര്‍ണത മാത്രം കണ്ടിട്ടല്ലെന്നാണ് ഗനൂശി പറയുന്നത്. അക്കാലത്തെ ദേശീയ കമ്യൂണിസ്റ്റ്, ഫാഷിസ്റ്റ് ഭരണകൂട സങ്കല്‍പ്പങ്ങളുടെ ഒരു കാലഘട്ടത്തിന്റെ സ്വാധീനമാണിതെന്നാണ് ഗ്രന്ഥകര്‍ത്താവ് അഭിപ്രായപ്പെടുന്നത്. ഇസ്‌ലാമിക വ്യവസ്ഥയിലെ ബഹു കക്ഷി ജനാധിപത്യത്തെ അംഗീകരിക്കുമ്പോഴും പൂര്‍വികരുടെ അഭിപ്രായം ഇത്തരമൊരു സ്വാധീന ഫലമാണെന്ന് പറഞ്ഞാല്‍ പലരും നെറ്റി ചുളിക്കുമെന്നദ്ദേഹം പറയുന്നുണ്ട്.
മിതവാദത്തിന്റെ സാധ്യതയിലേക്ക് തുറക്കുന്ന വാതിലാണ് ഗനൂശിയുടെ ആത്മകഥ. ശൈഥില്യത്തിന്റെ ഉറവിടം തീവ്രതയാണെന്ന് അദ്ദേഹം പറയുന്നുണ്ട്. മിതവാദം മുഖ്യധാരയിലെത്തി ജീര്‍ണിക്കാനുള്ള അപകട സാധ്യതയെ നഹ്ദയുടെ അനുഭവം മുന്‍നിര്‍ത്തി വിവരിക്കുന്നുണ്ട്. പുതിയ നയത്തിനാധാരമായ, ക്ലാസിക്കല്‍ ഇസ്‌ലാമിസ്റ്റുകളെക്കുറിച്ച വിമര്‍ശനങ്ങള്‍ ഒടുവില്‍ വേദപ്രമാണങ്ങളെ കാലികം, കാലിക പ്രസക്തമല്ലാത്തത് എന്ന വിഭജനവാദത്തിലേക്ക് ഒരു വിഭാഗത്തെ എത്തിക്കുകയും ഇവര്‍ ഇടതുപക്ഷ ഇസ്‌ലാം എന്ന ആശയം മുന്നോട്ടുവെക്കുകയും സംഘടന വിട്ടുപോവുകയും ഒടുവില്‍ ബൂറഖീബ എന്ന സ്വേഛാധിപതിയുടെ പാളയത്തില്‍ തന്നെ എത്തിച്ചേരുകയും ചെയ്തു. പ്രമാണം സാര്‍വജനീനമാണെന്ന പ്രസ്ഥാന അടിത്തറയില്‍ നില്‍ക്കാന്‍ കഴിയാതെ പോയതാണ് പുനര്‍വിചിന്തനം അവരെ ജീര്‍ണതയില്‍ ഭാഗഭാക്കാവുന്നതില്‍ കൊണ്ടെത്തിച്ചത്. തീവ്രവാദം മാത്രമല്ല മിതവാദത്തിലെ തീവ്രവാദവും അപകടമാണെന്നര്‍ഥം.
ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പുതിയ ദശയെക്കുറിച്ച് ലഭ്യമാവുന്ന മികച്ച ഡോക്യുമെന്റാണീ പുസ്തകം. വി.എ കബീറിന്റെ പരിഭാഷ വായിച്ചാല്‍ ഇത് മലയാളത്തില്‍ എഴുതപ്പെട്ടതാണെന്നേ തോന്നൂ. കൃതികളുടെ എല്ലാ സൗന്ദര്യവും വിളംബരം ചെയ്യുന്നതാണ് കവറും നിര്‍മാണവും.
Comments