ആര് ജയിച്ചാലും ജയിക്കുന്നത് ഖാംനഈ
മുമ്പത്തെ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് വളരെ സങ്കീര്‍ണമാണ് പുതിയ ഇറാനിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. രാഷ്ട്രത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ അത് ഗുണകരമാകുമോ ദോഷകരമാകുമോ എന്ന് പ്രവചിക്കാന്‍ ഒട്ടും കഴിയാത്ത സ്ഥിതിവിശേഷം. ഇപ്പോഴത്തെ മതമേലധ്യക്ഷന്‍ അലി ഖാംനഈ 1989-ല്‍ സ്ഥാനമേറ്റെടുത്തതിന് ശേഷമുള്ള മൂന്ന് പ്രസിഡന്റുമാരുടെയും -ഹാശിമി റഫ്‌സഞ്ചാനി, മുഹമ്മദ് ഖാത്തമി, അഹ്മദീ നിജാദ്; ഇവരിലോരോരുത്തരും എട്ടു വര്‍ഷം പ്രസിഡന്റായിരുന്നു- തെരഞ്ഞെടുപ്പുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ എനിക്ക് അവസരമുണ്ടായിട്ടുണ്ട്. തെഹ്‌റാന്‍ തെരുവിന്റെ മിടിപ്പ് അറിഞ്ഞ് ഇവരില്‍ ആര്‍ക്ക് മുന്‍തൂക്കം എന്ന് പറയാന്‍ കഴിയുമായിരുന്നു, പ്രത്യേകിച്ച് റഫ്‌സഞ്ചാനിയുടെയും ഖാത്തമിയുടെയും കാര്യത്തില്‍. നിജാദിന്റെ കാര്യത്തില്‍ കുറച്ച് പ്രയാസം നേരിട്ടു. തെഹ്‌റാന്റെ മേയറും നല്ലൊരു യാഥാസ്ഥിതിക പക്ഷക്കാരനുമാണ് എന്നതൊഴിച്ചാല്‍, അദ്ദേഹത്തെക്കുറിച്ച് പൊതുവെ ആര്‍ക്കും അറിയില്ലായിരുന്നല്ലോ.
വിപ്ലവത്തിന്റെ ആദ്യ തലമുറയില്‍ പെട്ട ഒരാളും മത്സരരംഗത്ത് ഇല്ല എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത. സ്ഥാനാര്‍ഥികള്‍ രണ്ടാമത്തെയോ മൂന്നാമത്തെയോ തലമുറകളില്‍ നിന്നുള്ളവരാണ്. ഒരാള്‍ നാലാം തലമുറയില്‍ പെട്ടയാള്‍ പോലുമാണ്-സഈദ് ജലീലി. ഇറാനില്‍ വിപ്ലവം നടക്കുമ്പോള്‍ അദ്ദേഹത്തിന് 14 വയസ്സ് മാത്രമായിരുന്നു പ്രായം. മറ്റൊരു പ്രധാന കാര്യം, തെഹ്‌റാന്‍ തെരുവില്‍ ഇറങ്ങി നടക്കുമ്പോള്‍ തന്നെ മുന്‍കാലങ്ങളില്‍ തെരഞ്ഞെടുപ്പിന്റെ പള്‍സ് തൊട്ടറിയാമായിരുന്നു എന്നതാണ്. ഇത്തവണ തെരുവില്‍ പ്രചാരണ പരസ്യങ്ങളില്ല. തെഹ്‌റാന്‍ മേയര്‍-അദ്ദേഹവും സ്ഥാനാര്‍ഥികളിലൊരാളാണ്- പരസ്യ പ്രചാരണം നിരോധിച്ചത് കൊണ്ടാണിത്. ഓരോ വിഭാഗത്തിനും അവരുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ചില്ലറ പരസ്യമൊക്കെ ആവാം എന്നു മാത്രം. അതിന്റെ കാരണം പിന്നീട് പറയുന്നുണ്ട്.
ഇറാന്റെ രാഷ്ട്രീയ ചക്രവാളവുമായി ബന്ധപ്പെടുത്തി അഞ്ച് നിരീക്ഷണങ്ങളാണ് എനിക്ക് മുന്നോട്ട് വെക്കാനുള്ളത്.
1. 2009-ല്‍ സംഭവിച്ചതൊന്നും ഈ തെരഞ്ഞെടുപ്പില്‍ സംഭവിക്കരുതെന്ന് ഭരണകൂടത്തിന് -മതമേലധ്യക്ഷന്- നിര്‍ബന്ധമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ ആ വര്‍ഷം പ്രതിഷേധ പ്രകടനങ്ങള്‍ തെരുവുകള്‍ കൈയടക്കുകയായിരുന്നു. ചിലര്‍ ഇതിനെ 'ഗ്രീന്‍ മൂവ്‌മെന്റ്' എന്ന് വിശേഷിപ്പിച്ചു; ചിലര്‍ ഗൂഢാലോചനയെന്നും. രണ്ടുപേരാണ് പ്രതിഷേധ പ്രകടനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. മുന്‍ പ്രധാനമന്ത്രി മീര്‍ ഹുസൈന്‍ മൂസവിയും ശൂറാ കൗണ്‍സില്‍ തലവനായിരുന്ന മഹ്ദി കറൂബിയും. ഇവര്‍ രണ്ട് പേരും ഇപ്പോഴും വീട്ടുതടങ്കലിലാണ്. പരസ്യ പ്രചാരണങ്ങള്‍ വേണ്ടെന്ന് വെച്ചത് ഇതുപോലുള്ള പ്രക്ഷോഭങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ്. കൂടാതെ ടെലിഫോണ്‍ സംഭാഷണങ്ങളും ഇന്റര്‍നെറ്റ് ഉപയോഗവും നിരീക്ഷിക്കാന്‍ സംവിധാനമേര്‍പ്പെടുത്തുകയും ചെയ്തു.
2. വോട്ടെടുപ്പിന് മുമ്പ് തന്നെ യാഥാസ്ഥിതികപക്ഷം പരിഷ്‌കരണവാദികളുടെ മേല്‍ വ്യക്തമായ മേല്‍ക്കൈ നേടിയിരുന്നു. ഹാശിമി റഫ്‌സഞ്ചാനിയും ഖാത്തമിയുമെല്ലാം പരിഷ്‌കരണവാദിയായി കണക്കാക്കപ്പെടുന്ന ഡോ. ഹസന്‍ റൂഹാനിക്ക് പിന്തുണ കൊടുത്തെങ്കില്‍ മാത്രമാണ് പ്രതീക്ഷക്ക് വകയുള്ളത്.
3. ഭരണഘടന സംരക്ഷണ സമിതി എട്ടുപേര്‍ക്ക് മത്സരാനുമതി നല്‍കിയിട്ടുണ്ടെങ്കിലും യഥാര്‍ഥ മത്സരം നാലു പേര്‍ തമ്മിലാണ്. തെഹ്‌റാന്‍ മേയര്‍ മുഹമ്മദ് ബാഖിര്‍ ഖാലിബാഫ്, മതമേലധ്യക്ഷന്റെ ഉപദേഷ്ടാവും 16 വര്‍ഷം വിദേശകാര്യമന്ത്രിയുമായിരുന്ന അലി വിലായത്തി, മുന്‍ ദേശസുരക്ഷ കൗണ്‍സില്‍ ഭാരവാഹി ഹസന്‍ റൂഹാനി (ഇദ്ദേഹം മാത്രമാണ് സ്ഥാനാര്‍ഥികളില്‍ മതപണ്ഡിതന്‍), ആണവ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കുന്ന സഈദ് ജലീലി എന്നിവര്‍ തമ്മില്‍.
4. കൂടുതല്‍ വോട്ട് നേടുന്ന ആദ്യ രണ്ട് സ്ഥാനക്കാര്‍ തമ്മില്‍ രണ്ടാം റൗണ്ട് വോട്ടെടുപ്പ് വേണ്ടിവരുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ആദ്യ റൗണ്ടില്‍ തന്നെ വിജയമുറപ്പിക്കാന്‍ പോന്ന ജനസമ്മിതിയുള്ള നേതാക്കള്‍ സ്ഥാനാര്‍ഥികളില്‍ ഇല്ലാത്തതാണ് കാരണം.
5. സ്ഥാനാര്‍ഥികളില്‍ ആര് ജയിച്ചാലും യഥാര്‍ഥ വിജയി മതമേലധ്യക്ഷനായ അലി ഖാംനഈ(74) തന്നെയായിരിക്കും. ഇനിയുള്ള എട്ടു വര്‍ഷം അദ്ദേഹത്തിന് പ്രസിഡന്റിന്റെ ഭാഗത്ത് നിന്ന് പ്രശ്‌നങ്ങളൊന്നും പേടിക്കാതെ ശാന്തനായി കഴിയാം. കാരണം, പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ മുഴുവന്‍ അദ്ദേഹത്തിന്റെ സ്വന്തം ആളുകളാണ്. ഖാലിബാഫ് മതമേലധ്യക്ഷന്റെ ഏറ്റവുമടുത്ത വൃത്തത്തിലെ ഒരാളാണ്. വിലായത്തി അദ്ദേഹത്തിന്റെ ഉപദേഷ്ടാവ്. ജലീലിയും റൂഹാനിയും ദേശീയ സുരക്ഷാ കൗണ്‍സിലില്‍ അദ്ദേഹത്തെ പ്രതിനിധീകരിക്കുന്നവര്‍. ഇതില്‍ ജലീലി യാഥാസ്ഥിതികനായും റൂഹാനി പരിഷ്‌കരണവാദിയായുമാണ് അറിയപ്പെടുന്നതെങ്കിലും.
അറുനൂറിലധികം പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിച്ചിരുന്നത്. ഇതില്‍ എട്ട് പേരൊഴികെ രണ്ട് പ്രശസ്തരടക്കം മറ്റെല്ലാവരുടെയും പത്രികകള്‍ തള്ളിപ്പോയി. ഖുമൈനിയുടെ സന്തത സഹചാരിയും മുന്‍ പ്രസിഡന്റും പാര്‍ലമെന്റ് സ്പീക്കറുമൊക്കെയായ റഫ്‌സഞ്ചാനിയാണ് അവരിലൊരാള്‍. ഇപ്പോള്‍ രാഷ്ട്രത്തിലെ ചില ചുമതലകള്‍ അദ്ദേഹത്തില്‍ നിക്ഷിപ്തമാണ്. ഖുമൈനിയുടെ മരണശേഷം ഖാംനഈയെ മതമേലധ്യക്ഷനാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചയാളുമാണ്. പത്രിക നിരസിക്കപ്പെട്ട മറ്റൊരു പ്രധാനി മുന്‍ ചീഫ് ഓഫ് സ്റ്റാഫ് ഇസ്ഫന്‍ദിയാര്‍ റഹീം മശാഇ ആണ്. നിജാദിന്റെ ഭരണകാലത്ത് അദ്ദേഹത്തെ വൈസ് പ്രസിഡന്റ് ആക്കാന്‍ നോക്കിയെങ്കിലും ഖാംനഈ അതും തടഞ്ഞു. മശാഇ വഴി പിഴച്ചുപോയെന്നാണ് യാഥാസ്ഥിതിക വൃത്തങ്ങളിലെ അടക്കം പറച്ചില്‍.
2009-ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിജാദിനോട് തോറ്റ് പുറത്തായതാണ് റഫ്‌സഞ്ചാനി. ഇപ്പോള്‍ അവസ്ഥ മാറിയിരിക്കുന്നു. വലിയ തോതില്‍ ജനപ്രീതിയാര്‍ജിക്കാന്‍ ഇതിനിടെ റഫ്‌സഞ്ചാനിക്ക് കഴിഞ്ഞിട്ടുണ്ട്. മത്സരിക്കാന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ ഒന്നാം റൗണ്ടില്‍തന്നെ അദ്ദേഹം എതിരാളികളെ തറപറ്റിക്കുമായിരുന്നു എന്നാണ് എല്ലാ അഭിപ്രായ സര്‍വെകളും നല്‍കിയ സൂചന. അതിനാല്‍, അദ്ദേഹത്തിന്റെ പത്രിക തള്ളിയത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ അമ്പരപ്പുണ്ടാക്കി. നേരത്തെ ഇറാന്റെ പ്രസിഡന്റായി കഴിവ് തെളിയിച്ച നേതാവാണ് അദ്ദേഹം. ഖാംനഈ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനക്കാരനായ നേതാവും. വിപ്ലവത്തിന്റെ നായകരിലൊരാളുമാണ്. എന്നിട്ടും റഫ്‌സഞ്ചാനിയുടെ പത്രിക തള്ളിയത് എന്തിന്?
റഫ്‌സഞ്ചാനിക്ക് വളരെ പ്രായമായെന്നും (79 വയസ്സ്) ഇനി ഉത്തരവാദിത്വങ്ങളൊന്നും അദ്ദേഹത്തിന് ഏല്‍ക്കാന്‍ കഴിയില്ലെന്നുമാണ് വാദമെങ്കില്‍, ഖുമൈനി തന്റെ എണ്‍പതുകളിലാണ് വിപ്ലവം നയിച്ചത് എന്നോര്‍ക്കണം. മതമേലധ്യക്ഷന്‍ ഖാംനഈക്ക് തന്നെ അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ ഇതേ പ്രായമാകും. പ്രായത്തിന്റെ പേരില്‍ ഖാംനഈ സ്ഥാനത്യാഗം ചെയ്യുന്നില്ലല്ലോ. ചുഴിഞ്ഞ് അന്വേഷിച്ചപ്പോള്‍ എനിക്കറിയാന്‍ കഴിഞ്ഞത് മറ്റൊരു കാര്യമാണ്. ഖാംനഈയുടെ ഇഷ്ടക്കാരിലൊരാളാകാന്‍ റഫ്‌സഞ്ചാനി കാര്യമായ ശ്രമങ്ങളൊന്നും നടത്തിയിരുന്നില്ല. ഖാംനഈയുടെ അനുയായി ആയല്ല, അദ്ദേഹത്തോടൊപ്പം നില്‍ക്കാന്‍ പ്രാപ്തിയുള്ള നേതാവായാണ് റഫ്‌സഞ്ചാനി സ്വയം കണ്ടിരുന്നത്. തുല്യ സ്ഥാനീയരാവുമ്പോള്‍ ഒരു മത്സരം പ്രതീക്ഷിക്കാമല്ലോ. അത് മതമേലധ്യക്ഷന്‍ ഇഷ്ടപ്പെടുന്നില്ല. എന്നാല്‍, പത്രിക തള്ളിയപ്പോള്‍ റഫ്‌സഞ്ചാനിയോ മശാഇയോ മതമേലധ്യക്ഷനുമായി ഏറ്റുമുട്ടലിന് ഒരുങ്ങാതെ, തീരുമാനം നിശ്ശബ്ദം അംഗീകരിക്കുകയായിരുന്നു.
ഖുമൈനിയുടെ ചരമവാര്‍ഷികത്തില്‍ സംസാരിക്കവെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒരു 'യുദ്ധ'മായി കണ്ട് അതില്‍ പങ്കുചേരണമെന്ന് ഖാംനഈ ജനങ്ങളെ ആഹ്വാനം ചെയ്ത കാര്യം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ഒരു രാഷ്ട്രീയ നിരീക്ഷകന്‍ പറഞ്ഞു: ''തന്റെ അധികാരം നിര്‍ബാധം, നിരുപാധികം പ്രയോഗിക്കാന്‍ പറ്റുന്ന ഒരു സംവിധാനമാണ് മതമേലധ്യക്ഷന്‍ മുന്നില്‍ കാണുന്നത്. അതിനാല്‍ ഈ തെരഞ്ഞെടുപ്പ് വ്യക്തിപരമായി അദ്ദേഹത്തെ സംബന്ധിച്ചേടത്തോളം വളരെ പ്രധാനമാണ്. ഇറാനിയന്‍ സമൂഹത്തിന് ഇതത്ര പ്രധാനമൊന്നുമല്ല. അതിനാല്‍ വോട്ടിംഗ് ശതമാനം കുറഞ്ഞാല്‍ ഒട്ടും അത്ഭുതപ്പെടേണ്ടതില്ല. വലിയൊരു വിഭാഗം ആളുകള്‍ തങ്ങള്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ എന്തെങ്കിലും റോള്‍ ഉണ്ടെന്ന് കരുതുന്നില്ല.''
അതുകൊണ്ടാണ് ഈ കുറിപ്പിന്റെ തുടക്കത്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് രാഷ്ട്രത്തിന് ഗുണമോ ദോഷമോ എന്ന് സംശയിച്ചത്. അത് വെറുതെ പറഞ്ഞതല്ല. മതമേലധ്യക്ഷന് കാര്യപ്രാപ്തിയുണ്ടോ, വിലായത്തുല്‍ ഫഖീഹ് പോലുള്ള ആശയങ്ങള്‍ പുനര്‍വായിക്കുകയും പരിഷ്‌കരിക്കുകയും ചെയ്യേണ്ടതല്ലേ തുടങ്ങിയ രഹസ്യ ചര്‍ച്ചകളാണ് മീഡിയാ അകത്തളങ്ങളില്‍ പുരോഗമിക്കുന്നത്. (11.6.2013)
Comments