Prabodhanm Weekly

Pages

Search

2013 ജൂണ്‍ 21

ലോകത്തെ നയിക്കാന്‍ ഇസ്‌ലാമിനെ അനുവദിക്കുക

പ്രതികരണം / രേഷ്മ കൊട്ടക്കാട്ട്‌

കമ്യൂണിസ്റ്റ് ചിന്താഗതിയുള്ള കുടുംബത്തില്‍ ജനിച്ചുവളര്‍ന്നതിനാലാകണം ഏതു വിഷയത്തിനകത്തും ഒരു രാഷ്ട്രീയം കണ്ടെത്താനും അതില്‍ വ്യക്തമായ ഒരു തലം നിര്‍വഹിച്ച് ഉറച്ചുനില്‍ക്കാനും ഞാന്‍ ശ്രദ്ധിക്കാറുണ്ട്. ഇന്ന് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയ ഫേസ്ബുക്ക്, ട്വിറ്റര്‍, യൂറ്റൂബ് തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലെ ഇടപെടലുകളില്‍ ഈയൊരു രാഷ്ട്രീയം ഞാന്‍ സൂക്ഷിക്കാറുണ്ട്. അതിന് ഇപ്പോള്‍ കരുത്ത് നല്‍കുന്നത് ഖുര്‍ആനും പ്രവാചകന്മാരുടെ ജീവിതവുമാണ്. മുതലാളിത്തവും കമ്മ്യൂണിസവും സോഷ്യലിസവുംപോലെ ഇസ്‌ലാമിനെയും ഒരു പ്രത്യയശാസ്ത്രവും രാഷ്ട്രീയ ദര്‍ശനവുമായി കാണാന്‍ എനിക്ക് കഴിയുന്നത്, സമകാലിക വിഷയങ്ങളോട് കൃത്യമായി സംവദിക്കാന്‍ കരുത്തുള്ള, സമ്പൂര്‍ണവും യുക്തിസഹവുമായ ഒരു ജീവിതവ്യവസ്ഥയാണ് അത് എന്നതുകൊണ്ടാണ്.
ഇസ്‌ലാമിന്റെ വിശ്വാസകാര്യങ്ങളും ആരാധനാരീതികളും നിയമങ്ങളുമൊക്കെ ബുദ്ധിയും യുക്തിയും ഉപയോഗിച്ച് അളക്കാനും അംഗീകരിക്കാനും കഴിയുന്നതാണ്. ലോകത്തിന്റെ വളര്‍ച്ചക്കും ബുദ്ധിവികാസത്തിനും അനുസരിച്ച് ഇസ്‌ലാമും അതിന്റെ അടിസ്ഥാന പ്രമാണമായ ഖുര്‍ആനും സ്വയം വളരുകയും വികസിക്കുകയും ചെയ്യുന്നുണ്ട്. അതുതന്നെയാണ് ഖുര്‍ആന്റെ അമാനുഷികതക്കും ഇസ്‌ലാമിന്റെ അജയ്യതക്കുമുള്ള പ്രധാന തെളിവ്.
പ്രബോധനത്തിലെ (ലക്കം:2804) സ്ത്രീയുടെ വസ്ത്രത്തെ സംബന്ധിച്ച കവര്‍‌സ്റ്റോറി വായിച്ചുണ്ടായ ആശങ്കയാണ് ഇങ്ങനെയൊരു ആമുഖമെഴുതാന്‍ പ്രേരിപ്പിച്ചത്. വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ ഇസ്‌ലാം നിഷ്‌കര്‍ഷിച്ച യുക്തിയെ ലേഖകര്‍ കാണാതെപോയി എന്നാണ് എനിക്ക് തോന്നിയത്.
ഇസ്‌ലാമിനെ ധാരാളമായി പ്രമോട്ട് ചെയ്യുന്ന ഒട്ടേറെ മുസ്‌ലിംകളുണ്ട് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍. അമേരിക്ക, യൂറോപ്പ്, മിഡില്‍ഈസ്റ്റ്, ഏഷ്യന്‍ നിവാസികള്‍ അവരിലുണ്ട്. എല്ലാവരും സമാനചിന്താഗതിക്കാര്‍, എല്ലാവര്‍ക്കും പറയാനുള്ളത് ഒരേ കാര്യങ്ങള്‍. തീവ്രവും യാഥാസ്ഥിതികവുമായ കാഴ്ചപ്പാടാണ് അവര്‍ ഇസ്‌ലാമിന്റെ പേരില്‍ പ്രചരിപ്പിക്കുന്നത്. സ്ത്രീകളെ വല്ലാതെ അടിച്ചമര്‍ത്തുന്ന, ആരാധനാകാര്യങ്ങളില്‍ യുക്തിക്കും ബുദ്ധിക്കും സ്ഥാനമില്ലാത്ത, കാലഹരണപ്പെട്ട ഒരു പിന്തിരിപ്പന്‍ ആദര്‍ശമാണ് ഇസ്‌ലാമെന്ന തെറ്റിദ്ധാരണയാണ് അവരുടെ പ്രചാരണങ്ങളുടെ അനന്തരഫലം. അത്തരം ചില ലേഖനങ്ങളും പോസ്റ്റുകളും കണ്ട് പ്രതിവിധി ആലോചിച്ചിരിക്കുമ്പോഴാണ് പ്രബോധനത്തിലെ കവര്‍‌സ്റ്റോറി കണ്ടത്; ''കാമ്പസില്‍ മതേതരത്വത്തിന്റെ മുഖവും മുന്‍കൈയും.'' രണ്ടു ലേഖനങ്ങളും സ്ത്രീകള്‍ തന്നെ എഴുതിയതാണ്. രണ്ടിലെയും ചില വീക്ഷണങ്ങളോട് എനിക്ക് വിയോജിപ്പുണ്ട്.
തല മറക്കുന്നതും പര്‍ദ ധരിക്കുന്നതുമാണ് ഇന്ന് മുസ്‌ലിം സ്ത്രീ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്നും അതിന്റെ പേരിലാണ് അവള്‍ അവഹേളിക്കപ്പെടുന്നതെന്നുമാണ് ലേഖകരെപ്പോലെ പലരും വിചാരിക്കുന്നത്. മഫ്തയും പര്‍ദയും ധരിക്കുന്നതാണ് മുസ്‌ലിം സ്ത്രീ അംഗീകരിക്കപ്പെടാനും ആദരിക്കപ്പെടാനും കാരണമെന്ന തെറ്റിദ്ധാരണയും പലര്‍ക്കുമുണ്ട്. അത്തരക്കാര്‍, പ്രബോധനത്തില്‍ (ലക്കം: 2013 മെയ് 31) അഡ്വ. ആയിഷാബായിയെ കുറിച്ചുവന്ന ലേഖനത്തിലെ ജസ്റ്റിസ് സുകുമാരന്റെ ഉദ്ധരണി വായിക്കട്ടെ. 1940 കളില്‍ പര്‍ദ ധരിച്ച് എറണാകുളം ലോ കോളജ് കാമ്പസില്‍ പഠിച്ച ഒരു മുസ്‌ലിം സ്ത്രീ ശ്രദ്ധിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുകയുണ്ടായി. 'പര്‍ദയില്‍ പൊതിഞ്ഞ വിപ്ലവസ്ഫുലിംഗം' എന്നാണ് അദ്ദേഹം ആയിഷാബായിയെ വിശേഷിപ്പിച്ചത്. എന്തായിരുന്നു അതിന്റെ കാരണം; അവരുടെ അറിവും അത് സമര്‍ത്ഥിക്കാനുള്ള കഴിവും തന്നെ. അപ്പോള്‍ മുസ്‌ലിം സ്ത്രീ അംഗീകരിക്കപ്പെടുന്നതിന്റെ യഥാര്‍ഥ മാനദണ്ഡം വസ്ത്രധാരണ രീതിയോ വായാടിത്തമോ അല്ല; അറിവാണ്, യോഗ്യതയാണ്. പര്‍ദ ധരിച്ചതുകൊണ്ട് അവര്‍ കാമ്പസില്‍ അവഹേളിക്കപ്പെട്ടില്ലല്ലോ.
ഒരു പെണ്‍കുട്ടി മതഗ്രന്ഥത്തെ വ്യാഖ്യാനിക്കുകയും ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്യുമ്പോള്‍ അത് യുക്തിസഹവും ശരിയുമാണെങ്കില്‍ പ്രബുദ്ധമായ ഒരു സദസ്സ് അതംഗീകരിക്കും, പറയാനുള്ള അവളുടെ അവകാശത്തെ സംരക്ഷിക്കും. ''ആ പെണ്‍കുട്ടി മറുപടി പറയട്ടെ, നിങ്ങള്‍ മാറിനില്‍ക്കൂ'' എന്ന് ഉയര്‍ന്ന സദസ്സിനെക്കൊണ്ട് പറയിപ്പിക്കാന്‍ കഴിയുന്ന അറിവും കഴിവുമാണ് അടിസ്ഥാനപരമായി ഉണ്ടാകേണ്ടത്. പര്‍ദാധാരിണിയായ എത്ര പെണ്‍കുട്ടികള്‍ക്ക് താന്‍ എന്തുകൊണ്ട് പര്‍ദയും മഫ്തയും ധരിക്കുന്നു എന്ന ചോദ്യത്തെ ബൗദ്ധികവും യുക്തിസഹവുമായി നേരിടാന്‍ കഴിയും? നിങ്ങള്‍ പര്‍ദ ധരിക്കുന്നതെന്താണ് എന്നു ചോദിക്കുമ്പോള്‍ കന്യാസ്ത്രീകള്‍ ധരിക്കുന്നത് കാണുന്നില്ലേ എന്ന മുടന്തന്‍ മറുചോദ്യമല്ല ഉത്തരം. പരമ്പരാഗതമായി പറഞ്ഞുവരുന്ന ഇത്തരം മറുപടികള്‍ക്കപ്പുറത്ത് വിശുദ്ധ ഖുര്‍ആനെ മുന്‍നിര്‍ത്തി അതിന് യുക്തിസഹമായ ഉത്തരം നല്‍കാന്‍ സത്രീജനത്തിന് എത്രത്തോളം സാധിക്കുന്നു എന്നതാണ് വിഷയം. ഖുര്‍ആന്‍ സ്ത്രീകളുടെ വസ്ത്രധാരണരീതിയെപ്പറ്റി പറയുന്ന ആയത്തുകള്‍ പരിശോധിച്ചാല്‍ അതിലെ യുക്തി മനസ്സിലാക്കാന്‍ പ്രയാസമുണ്ടാകില്ല. ''വിശ്വാസികളോട് പറയുക, അവര്‍ ദൃഷ്ടികള്‍ സൂക്ഷിക്കട്ടെ (അല്ലെങ്കില്‍ താഴ്ത്തട്ടെ). ഗുഹ്യഭാഗങ്ങള്‍ കാത്തുകൊള്ളുകയും ചെയ്യട്ടെ. ഇതാകുന്നു അവര്‍ക്കുള്ള ഏറ്റവും സംസ്‌കൃതമായ നടപടി. അവര്‍ പ്രവര്‍ത്തിക്കുന്നത് അല്ലാഹു നോക്കിക്കൊണ്ടിരിക്കുന്നു. വിശ്വാസിനികളോടും പറയുക, അവരും കണ്ണുകള്‍ താഴ്ത്തട്ടെ. ഗുഹ്യഭാഗങ്ങള്‍ കാത്തുകൊള്ളട്ടെ, സ്വന്തം സൗന്ദര്യം വെളിപ്പെടുത്താതെയും ഇരിക്കട്ടെ, സ്വയം വെളിവായതൊഴിച്ച്. മുഖപടം താഴ്ത്തിയിട്ട് മാറുകള്‍ മറയ്ക്കട്ടെ'' (അന്നൂര്‍: 30-31). ജാഹിലിയാ കാലത്ത് സ്ത്രീകള്‍ തല മറക്കാനുപയോഗിച്ചിരുന്ന വസ്ത്രമാണത്. അതിന്റെ ഒരുഭാഗം പിറകിലേക്ക് തന്നെയാണ് അന്നവര്‍ ഇട്ടിരുന്നത്. അത് മുന്നിലേക്ക് പിടിച്ചിട്ട് മാറുകള്‍ മറക്കാനാണ് ഖുര്‍ആന്‍ ആവശ്യപ്പെട്ടത്.
മറ്റൊരു ആയത്ത് ഇങ്ങനെ: ''അല്ലയോ പ്രവാചകാ, സ്വപത്‌നിമാരോടും പെണ്‍മക്കളോടും വിശ്വാസിനികളായ വനിതകളോടും അവരുടെ മുഖപടങ്ങള്‍ താഴ്ത്തിയിടാന്‍ പറയുക. അവര്‍ തിരിച്ചറിയപ്പെടുന്നതിനും ശല്യം ചെയ്യപ്പെടാതിരിക്കാനും ഏറ്റവും ഉചിതമായത് അതത്രെ. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമല്ലോ'' (അല്‍അഹ്‌സാബ്:59).
ഈ രണ്ട് ആയത്തുകളിലാണ് പ്രധാനമായും സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് പറയുന്നത്. രണ്ടിലും 'മുഖപടം' എന്നതിന് വ്യത്യസ്ത വ്യാഖ്യാതാക്കള്‍ ഭിന്ന വിശദീകരണങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, രണ്ട് ആയത്തുകളുടെയും അടിസ്ഥാനപരമായ ലക്ഷ്യവും ആശയവും ഒന്നുതന്നെയാണ്; സ്ത്രീകള്‍ സംരക്ഷിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യണം. അവളുടെ വസ്ത്രധാരണം അതിന് ഉതകുന്നതാകണം.
അതുകൊണ്ടുതന്നെ ഖുര്‍ആന്‍ ഊന്നിപ്പറഞ്ഞത് ശിരോവസ്ത്രം നീട്ടിയിട്ട് (താഴ്ത്തിയിട്ട്) മാറുമറയ്ക്കാനാണ്. ആത്യന്തികമായ ഉദ്ദേശം മാറുമറക്കലാണെന്ന് വ്യക്തം. തലമറക്കുന്നതിനെക്കാള്‍ പ്രാധാന്യമുണ്ട് മാറു മറക്കുന്നതിനെന്ന് ഖുര്‍ആന്‍ പ്രയോഗം ശ്രദ്ധിച്ചാല്‍ മനസ്സിലാകും. ശിരോവസ്ത്രം അറബികളുടെ രീതിയായിരുന്നു. പുരുഷന്മാരും സ്ത്രീകളും അത് ധരിച്ചിരുന്നു. അതു ഉപേക്ഷിക്കാന്‍ പറയാതെ അതിന്റെ ഒരു ഭാഗംകൊണ്ട് മാറിടങ്ങള്‍ മറക്കട്ടെ എന്ന് സ്ത്രീകളോട് പറയുമ്പോള്‍ അതില്‍ ഉള്ള യുക്തിയും ദീര്‍ഘവീക്ഷണവും മനസ്സിലാക്കാന്‍ അതിബുദ്ധിയൊന്നും ആവശ്യമില്ല. പുരുഷനില്‍ ലൈംഗികവികാരം ഉണ്ടാകുന്ന വിധത്തില്‍ വസ്ത്രാധാരണം പാടില്ല എന്നേ അതിനര്‍ഥമുള്ളൂ. ഇന്നു വ്യാപകമായി കാണുന്ന പര്‍ദയും മക്കനയും ഒരു പ്രത്യേക ഡ്രസ്‌കോഡായി ഖുര്‍ആന്‍ നിശ്ചയിച്ചിട്ടില്ല. എല്ലാതരം വസ്ത്രങ്ങളും മാന്യമായും മ്ലേഛമായും ധരിക്കാം. പര്‍ദയും അങ്ങനെ തന്നെ.
എന്തുകൊണ്ടാണ് കമലാസുരയ്യയും യിവോണ്‍ റിഡ്‌ലിയും അടക്കമുള്ള, ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്ത സ്ത്രീകള്‍ ഇസ്‌ലാമിലെ വസ്ത്രധാരണരീതിയെ പ്രശംസിക്കുകയും പ്രയോഗവല്‍ക്കരിക്കുകയും ചെയ്യുന്നത്? വസ്ത്രധാരണത്തിന്റെ രണ്ടുവശവും കണ്ടിട്ടുണ്ട് അവര്‍. ശിരോവസ്ത്രം യഥാര്‍ഥത്തില്‍ സ്ത്രീകള്‍ ബഹുമാനിക്കപ്പെടാന്‍ ഒരു ഉപാധി തന്നെയാണ്. അതോടൊപ്പം വസ്ത്രം ഒരു ആത്മവിശ്വാസവും കൂടിയാണ്, അതിനെ തടയാനാകരുത് വസ്ത്രം ധരിക്കുന്നത്. അതുകൊണ്ട് ഇസ്‌ലാമിനെയും ഖുര്‍ആനെയും ആഴത്തില്‍ പഠിച്ച്, യുക്തിബദ്ധമായി അവതരിപ്പിക്കുക. പിന്നീട് മാത്രം സമൂഹത്തിലേക്ക് അതിന്റെ വക്താവായി ഇറങ്ങുക. ഇല്ലെങ്കില്‍ സമൂഹത്തില്‍ അവഹേളിക്കപ്പെടുക വ്യക്തികളും വസ്ത്രങ്ങളും മാത്രമല്ല, ലോകാന്ത്യംവരെ കാലഘട്ടത്തിന്റെ വികാസത്തോട് ഏറ്റുമുട്ടാത്ത യുക്തിസഹമായ ഇസ്‌ലാമെന്ന ജീവിതവ്യവസ്ഥ കൂടിയാണ്. യഥാര്‍ഥ രീതിയില്‍ പ്രബോധനം ചെയ്താല്‍ ഇസ്‌ലാം ലോകത്തെ നയിക്കുന്നത് നമുക്ക് കാണാം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 74-79
എ.വൈ.ആര്‍