Prabodhanm Weekly

Pages

Search

2013 ജൂണ്‍ 21

മൂസാ- ഖിളിര്‍ സംഭവത്തിന്റെ മറുവായന

പ്രതികരണം / റഹ്മത്തുല്ലാ മഗ്‌രിബി

'ഖുര്‍ആന്‍ ബോധന'ത്തില്‍ സൂറഃ അല്‍കഹ്ഫ് 60 സൂക്തത്തിന്റെ വ്യാഖ്യാനത്തിനു നല്‍കിയ വിശദീകരണ കുറിപ്പിനോട് വിയോജിക്കാതെ വയ്യ. ഈ വിയോജിപ്പ് മൂന്ന് പോയിന്റുകളില്‍ ഊന്നിയിട്ടുള്ളതാണ്.
1. മൂസാ-ഖിളിര്‍ സംഭവത്തിന്റെ പിന്നിലെ ലക്ഷ്യം: മൂസാ നബി (അ) തന്റെ സമൂഹത്തില്‍ ഒരു പ്രഭാഷണം നടത്തി. ആ പ്രഭാഷണത്തിന്റെ അവസാനത്തില്‍ ഒരാള്‍ മൂസാ നബിയോട് ചോദിച്ചു. 'ഇതിനപ്പുറം കാര്യങ്ങള്‍ അറിയുന്ന ആരെങ്കിലും ഉണ്ടോ?' മൂസാ നബി പറഞ്ഞു. 'ഇല്ല'. ഇവിടെ 'ഇല്ല' എന്ന് പറഞ്ഞത് അല്ലാഹുവിനെ മറന്നത് കൊണ്ടല്ല. പക്ഷേ സാന്ദര്‍ഭികമായി അറിയാതെ പറഞ്ഞതാണ്. ഇതിനെ തുടര്‍ന്നാണ് ഖിളിര്‍ എന്ന അടിമയെ കുറിച്ച് അല്ലാഹു മൂസാ നബിയോട് പറയുന്നത്. ഈ സംഭവം ഈ രൂപത്തിലും അല്ലാതെയും ബുഖാരിയിലും മുസ്‌ലിമിലും ഉദ്ധരിച്ചതും പ്രമുഖരായ എല്ലാ മുഫസ്സിരീങ്ങളും എടുത്തു ഉദ്ധരിച്ചതുമാണ്. എന്നാല്‍, ലേഖകന്‍ പറയുന്ന വിശദീകരണം, അതായത് പ്രവാചകന്മാര്‍ എന്ന നിലയില്‍ നുബുവ്വത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ അവരെ ക്ഷമ പഠിപ്പിക്കാന്‍ അല്ലാഹു ഇത്തരം നടപടി ക്രമങ്ങള്‍ സ്വീകരിക്കാറുണ്ട് എന്നും മൂസാ നബി ഖിള്ര്‍ സംഭവം അത്തരത്തിലുള്ളതാണ് എന്നുമുള്ള വിശദീകരണം ആരും പറഞ്ഞതായി കണ്ടില്ല.
ഇവിടെ മൂസാ നബി അറിയാതെ പറഞ്ഞ ഒരു കാര്യം അല്ലാഹു ഒരു വിഷയമായി എടുക്കുകയും അതിനാല്‍ പ്രവാചകനെ ഒരു പാഠം പഠിപ്പിക്കുകയും ചെയ്തതായി ചില മുഫസ്സിരീങ്ങള്‍ എടുത്തു പറയുന്നു എന്നുള്ളതാണ്, 'ക്ഷമ പഠിപ്പിക്കാനാണ്' ഖിളിറിന്റെ കൂടെ മൂസാ നബിയെ അയച്ചത് എന്ന വാദം ലേഖകന്‍ ഉയര്‍ത്താന്‍ കാരണമായി പറയുന്നത്. എന്നാല്‍, മുഫസ്സിരീങ്ങള്‍ ആരും ഒരു 'പാഠം പഠിപ്പിക്കല്‍' ആയി ഈ സംഭവത്തെ എടുത്തു പറയുന്നില്ല എന്നതാണ് സത്യം. തന്റെ വാദത്തിനു ശക്തി പകരാന്‍ ലേഖകന്‍ ചേര്‍ത്ത അമിത പ്രയോഗം ആയിരിക്കാം അത്. പുരാതന വ്യാഖ്യാതാക്കളില്‍ ഇബ്‌നു കസീറോ ബൈദാവിയോ ഖുര്‍ത്വുബിയോ തബ്‌രിയോ, ആധുനികരില്‍ സയ്യിദ് ഖുത്വ്‌ബോ വഹ്ബയോ തുടങ്ങി ആരും ഇങ്ങനെ വ്യാഖ്യാനിക്കുന്നില്ല. ആധുനികരില്‍ മൗദൂദി മാത്രമാണ് ഇത്തരത്തില്‍ 'ഒരു ക്ഷമാപരിശീലന' വാദം മുന്നോട്ടു വെച്ചിട്ടുള്ളത്. അതാകട്ടെ, ഉദ്ധരിക്കപ്പെട്ട നിരവധി ഹദീസുകള്‍ക്കും മഹാനായ സ്വഹാബി ഇബ്‌നു അബ്ബാസിന്റെ അഭിപ്രായത്തിനും വിരുദ്ധവുമാണ്. എന്നുമാത്രമല്ല, ക്ഷമ പഠിപ്പിക്കാന്‍ ആയിരുന്നു എന്ന ഈ നിഗമനത്തിന് ലേഖകനോ മൗദൂദിക്കോ ഒരു ഹദീസിന്റെപോലും പിന്തുണ ഇല്ലതാനും. പത്തുകൊല്ലം ആടിനെ മേയ്ച്ചുവരുന്ന (മഹ്‌റായി ചുരുങ്ങിയത് എട്ടു കൊല്ലം ആടിനെ മേയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും മൂസാ നബി ശുഐബ് നബിയുടെ ആടുകളെ പത്തു കൊല്ലം മേയ്ച്ചു എന്ന് ഹദീസുകളില്‍ കാണാം) മൂസാ നബിക്ക് ഇനി ക്ഷമയില്‍ എന്ത് പരിശീലനം? പ്രവാചകന്മാരില്‍ അധികം പേരും ആടിനെ മേയ്ച്ചിരുന്നു എന്നും ഇത് അവരുടെ സഹന പരിശീലനത്തില്‍ വലിയ ഘടകമായി എന്നും പണ്ഡിതന്മാര്‍ സൂചിപ്പിച്ചിട്ടുണ്ട്.
രണ്ടാമത് ലേഖകന്‍ മുന്നോട്ടുവെക്കുന്നത്, പ്രവാചകന്മാരെ അല്ലാഹു ഇത്തരം കാര്യങ്ങളില്‍, അതായത് ഒരു നിരുപദ്രവമായ പറച്ചില്‍ ('ഇവിടെ എന്നെക്കാള്‍ വിവരമുള്ളവര്‍ ഇല്ല' എന്നത്) കാരണം ഇങ്ങനെ പരീക്ഷിക്കില്ല എന്ന വാദമാണ്. അതും സൂക്ഷ്മം അല്ല. കാരണം സുലൈമാന്‍ നബി (അ) പരീക്ഷിക്കപ്പെട്ട ഒരു സന്ദര്‍ഭം സൂറഃ സ്വാദ്(181)ല്‍ പറയുന്നുണ്ട്. ഇതിന്റെ വിശദീകരണത്തില്‍ ഒരു അഭിപ്രായം പണ്ഡിതന്മാര്‍ എടുത്തു പറയുന്നത് ഇങ്ങനെയാണ്: സുലൈമാന്‍ നബി തന്റെ എഴുപതു ഭാര്യമാരുടെ അടുത്ത് ചെല്ലുകയും എഴുപതിലും ഓരോ സന്തതികള്‍ ഉണ്ടാവുകയും അവരെ എല്ലാം അല്ലാഹുവിന്റെ മാര്‍ഗത്തിലെ പോരാളികള്‍ ആക്കുകയും ചെയ്യും എന്ന് പറഞ്ഞതിന്റെ കൂടെ 'ഇന്‍ശാഅല്ലാഹ്' എന്ന് പറയാന്‍ മറന്നു. ആരും പ്രസവിച്ചില്ല, ഒരാളൊഴികെ. അതും ചാപിള്ള. അതിനെ തന്റെ സിംഹാസനത്തില്‍വെച്ച് സുലൈമാന്‍ നബി പശ്ചാത്തപിച്ച ചരിത്രം ഹദീസുകളില്‍ കാണാം. അതിനാല്‍ ഹദീസുകളും തഫ്‌സീറുകളും വെച്ച്‌നോക്കുമ്പോള്‍ മൂസാ നബിയുടെ ഖിളിറിനെ തേടിയുള്ള ഈ യാത്ര അറിവിന്റെ (മനുഷ്യനും മൂസാ നബിക്കും സുപരിചിതമല്ലാത്ത, എന്നാല്‍ അല്ലാഹുവിന്റെ പ്രപഞ്ചത്തിന്റെ നടപടിക്രമത്തിന്റെ ഭാഗമായ) പുതിയ മേഖലകള്‍ കാണിച്ചു കൊടുക്കാനുള്ള ഒരു യാത്രയായിരുന്നു, അല്ലാതെ ക്ഷമാശീലം പഠിപ്പിക്കാനല്ല. അഥവാ ക്ഷമാശീലം പഠിപ്പിക്കാനായിരുന്നു എന്ന് വന്നാല്‍, തുടര്‍ന്നങ്ങോട്ടു സംഭവിച്ച കാര്യങ്ങള്‍ക്ക്, നിലനില്‍ക്കുന്ന ശരീഅത്തിന്റെ പരിധിയില്‍നിന്ന് വിശദീകരിക്കാന്‍ നമുക്ക് സാധിക്കുകയുമില്ല.
ഉദാഹരണത്തിന്, വളര്‍ന്നുവരുമ്പോള്‍ മാതാപിതാക്കളെ ഉപദ്രവിക്കുന്ന ഒരു നിഷേധി ആവും എന്ന് വെച്ച് ഏതെങ്കിലും കുട്ടിയെ കൊല്ലാന്‍ ശരീഅത്തില്‍ അനുവാദമുണ്ടോ? അഥവാ അങ്ങനെ ആരെങ്കിലും ചെയ്യുന്നത് കണ്ടാല്‍ ക്ഷമിച്ചു നില്‍ക്കലാണോ ഒരു പ്രവാചകന്‍ ചെയ്യേണ്ടത്?
2) സംഭവം നടന്ന സന്ദര്‍ഭം: എപ്പോഴാണ് ഈ സംഭവം നടന്നത് എന്നതിലും പണ്ഡിതന്മാര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. അത് അഭിപ്രായ വ്യത്യാസത്തോടെ തന്നെ എടുത്തു ഉദ്ധരിച്ചിരിക്കുകയാണ് പല വ്യാഖ്യാതാക്കളും. അതില്‍ കൂടുതല്‍ പേരും ഊന്നുന്നത്, കടല്‍ പിളര്‍ത്തല്‍ സംഭവത്തിന് ശേഷം, മരുഭൂമിയില്‍ അവര്‍ വസിച്ചിരുന്ന കാലഘട്ടം (ഫത്‌റത്ത് തൈഹ്, അതായത് ഫലസ്ത്വീനില്‍ ശക്തരായ മനുഷ്യരുണ്ട് എന്ന് പേടിച്ചു അവിടേക്ക് പോകാതെ പിന്മാറിയപ്പോള്‍ മരുഭൂമിയില്‍ അലയാന്‍ വേണ്ടി അല്ലാഹു വിധിച്ച നാല്‍പത് വര്‍ഷങ്ങള്‍)ആണ് എന്നാണ്. മന്നായും സല്‍വായും ഇറക്കി കൊടുത്ത കാലം. കല്ലില്‍ നിന്ന് പന്ത്രണ്ടു അരുവികള്‍ ഉണ്ടാക്കി കൊടുത്ത കാലം. മേഘം കൊണ്ട് തണലിട്ടു കൊടുത്ത കാലം. നേരത്തെ സൂചിപ്പിച്ച ഹദീസുകളില്‍ ചിലത് മൂസാ നബിയുടെ പ്രസിദ്ധമായ ഒരു പ്രസംഗത്തെ പരാമര്‍ശിക്കുന്നുണ്ട്. ആ പ്രസംഗത്തില്‍ തൗറാത്ത് നല്‍കിയതും, കടല്‍ പിളര്‍ത്തി രക്ഷപ്പെടുത്തിയതും, മറ്റു നിരവധി വിജ്ഞാനങ്ങള്‍ നല്‍കിയതും ('ഫലകത്തില്‍ നാം എല്ലാം എഴുതി നല്‍കി' അല്‍അഅ്‌റാഫ് 145), ബനൂ ഇസ്രാഈലിനെ ലോകത്തിലെ മറ്റേത് ജനതയെക്കാളും ആദരിച്ചതും ഒക്കെ എടുത്തു പറയുന്നു. അതിനാല്‍ ഹദീസുകള്‍ മുന്‍നിര്‍ത്തി നോക്കുമ്പോള്‍ പുറപ്പാടിനുശേഷം തന്നെയാണ് ഈ സംഭവം നടന്നിട്ടുള്ളത് എന്നാണ് മനസ്സിലാവുന്നത്. സയ്യിദ് ഖുത്വ്ബ് ഈ രണ്ടു അഭിപ്രായങ്ങളും എടുത്തു ഉദ്ധരിച്ചിരിക്കുന്നു. മറ്റൊന്ന് യൂഷാ (ജോഷ്വാ) പ്രവാചകന്റെ സഹവര്‍ത്തിത്വം ആണ്. മൂസാ നബിക്ക് ശേഷം യൂഷാ പ്രവാചകന്റെ നേതൃത്വത്തിലാണ്, അല്ലാഹു പറഞ്ഞ നാല്‍പത് വര്‍ഷം കഴിഞ്ഞു ഫലസ്ത്വീന്‍ ജയിച്ചടക്കിയത്. ഫത്‌റത്ത് തൈഹില്‍ അഥവാ മരുഭൂവാസത്തിന്റെ കാലഘട്ടത്തിനിടയില്‍ ആണ് മൂസാ നബി മരണപ്പെടുന്നത്. അതിലും കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഫലസ്ത്വീന്‍ ജയം. അതിനാല്‍ ചെറുപ്പക്കാരന്‍ അല്ലെങ്കില്‍ വാല്യക്കാരന്‍ (ഫത്താ)ആയി യൂഷാ പ്രവാചകന്‍ കൂടെയുണ്ടായിരുന്ന കാലം സ്വാഭാവികമായും നുബുവ്വത്തിന്റെ ആദ്യ കാലം ആയിരിക്കാന്‍ തരമില്ല. അവസാനം തന്നെയാവും.
3) ഖിളിറിനെ കണ്ടു മുട്ടിയ സ്ഥലം: എവിടെയാണ് രണ്ടു കടലുകള്‍ സംഗമിക്കുന്ന സ്ഥലം (മജ്മഅല്‍ ബഹ്‌റൈന്‍) എന്നതിലും വ്യാഖ്യാതാക്കള്‍ ധാരാളം അഭിപ്രായം പറഞ്ഞിട്ടുണ്ട്. പുറപ്പാടിന് ശേഷം ആണ് സംഭവം നടന്നതെങ്കില്‍ ഈ സംഗമ സ്ഥാനം അഖബ, സൂയസ് എന്നീ ചെങ്കടലിന്റെ രണ്ടു കൈവഴികള്‍ തന്നെയാണ്. ധാരാളം പണ്ഡിതര്‍ ഈ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. തിരിച്ചുള്ള അഭിപ്രായങ്ങളും കാണാം. അതാകട്ടെ, അത്ര സൂക്ഷ്മം എന്ന് പറയാന്‍ സാധിക്കില്ല താനും. 2500 ല്‍ അധികം കിലോമിറ്റര്‍ ദൂരെയുള്ള വെള്ള നൈലിന്റെയും നീല നൈലിന്റെയും സംഗമ ഭൂമിയായ ഖാര്‍ത്തും ആണെന്നാണ് ഈ അഭിപ്രായം. ദൂരം കൊണ്ടും ഇവ നദികള്‍ ആയത് കൊണ്ടും (ഖുര്‍ആന്‍ 'കടല്‍' അഥവാ ബഹര്‍ എന്നാണു പ്രയോഗിച്ചത്) ഈ നിരീക്ഷണം സൂക്ഷ്മം അല്ല. ഇതിനു പുറമേ ഈയിടെ ഈജിപ്ഷ്യന്‍ ഗവേഷകന്‍ അബ്ദുറഹീം റൈഹാന്റെ നേതൃത്വത്തില്‍ നടന്ന ഗവേഷണ പ്രകാരം ഈജിപ്തിലെ ഇന്നത്തെ ശറമുശൈഖ് എന്ന പട്ടണത്തിനു അടുത്തുള്ള റഅസ് മുഹമ്മദ് എന്ന സ്ഥലമാണ് ഈ കടലുകളുടെ സംഗമ സ്ഥാനം എന്ന് പറയപ്പെടുന്നു. മത്സ്യം വെച്ച പാറയില്‍നിന്ന് കടലിലേക്ക് രണ്ടു കിലോമീറ്റര്‍ ദൂരം ഉണ്ടായിരിന്നു എന്നും അതാണ് 'അജബന്‍' (അത്ഭുതകരം), 'സറബന്‍' (ലക്ഷ്യം നോക്കി സഞ്ചരിച്ചു) എന്നീ പദങ്ങളുടെ ഉദ്ദേശ്യം എന്നും അദ്ദേഹം പറയുന്നു. ഇപ്പറഞ്ഞ നിഗമനങ്ങള്‍ തന്നെയാവണം ശരി എന്നില്ല. പക്ഷേ, ശക്തമായ എതിരഭിപ്രായങ്ങള്‍ ഉള്ളിടത്ത് ഏതെങ്കിലും ഒന്ന് മാത്രം ഉറപ്പിച്ചു മറ്റുള്ളവയെ തീരെ അവഗണിച്ചു കൊണ്ട് നമ്മള്‍ മുന്നോട്ട് പോകരുത് എന്ന് സൂചിപ്പിച്ചതാണ്, ഖുര്‍ആന്‍ വ്യഖ്യാനമാകുമ്പോള്‍ പ്രത്യേകിച്ചും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 74-79
എ.വൈ.ആര്‍