Prabodhanm Weekly

Pages

Search

2013 ജൂണ്‍ 21

നബിയേ മാപ്പ്....

പി.പി അബ്ദുല്ലത്വീഫ് പൂളപ്പൊയില്‍

സങ്കുചിത ദേശീയതയുടെ അസ്തിവാരത്തില്‍ 2005-ല്‍ സ്ഥാപിതമായ തീവ്ര വലതുപക്ഷ രാഷ്ട്രീയ സംഘടനയാണ് നെതര്‍ലാന്‍ഡിലെ ഫ്രീഡം പാര്‍ട്ടി. മറ്റു ആശയങ്ങളെ ഒരിക്കലും സഹിക്കാനോ പൊറുപ്പിക്കാനോ കഴിയാത്ത ഗീര്‍ട്ട് വില്‍ഡേഴ്‌സ് എന്ന വലതുപക്ഷ നേതാവ്, തന്നെ പാര്‍ലമെന്റിലേക്ക് ജയിപ്പിച്ച മതേതര മുന്നണയില്‍നിന്ന് തെറ്റിപ്പിരിഞ്ഞ് പാര്‍ലമെന്റില്‍ വില്‍ഡേഴ്‌സ് കക്ഷി എന്ന പേരില്‍ ഏകാംഗമായി നിലകൊള്ളുകയും ഫ്രീഡം പാര്‍ട്ടി രൂപീകരിക്കുകയുമായിരുന്നു. 2006-ലെ ദേശീയ തെരഞ്ഞെടുപ്പില്‍ 150ല്‍ ഒമ്പത് സീറ്റ് പാര്‍ട്ടി കരസ്ഥമാക്കി. 2009-ലെ യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 25ല്‍ നാല് സീറ്റുകള്‍ കരസ്ഥമാക്കി രാഷ്ട്രീയത്തില്‍ ഒരു ചുവടുകൂടി മുന്നോട്ടുവെച്ചു. 2010-ലെ ദേശീയ തെരഞ്ഞെടുപ്പില്‍ 24 സീറ്റുകളില്‍ വിജയിച്ച് രാജ്യത്തെ മൂന്നാമത്തെ കക്ഷിയായി പാര്‍ട്ടി വളരുകയും ഈ പാര്‍ട്ടിയുടെ പിന്തുണയോടെ പുതിയ സര്‍ക്കാര്‍ നിലവില്‍ വരികയും ചെയ്തു. നിലവിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ കാത്തുസൂക്ഷിക്കുന്ന നൈതികതകളെ തിരസ്‌കരിച്ച് കുടിയേറ്റക്കാര്‍ക്കെതിരെ പ്രത്യേകിച്ച് മുസ്‌ലിംകള്‍ക്കെതിരെ തിരിഞ്ഞ പാര്‍ട്ടി, ഇസ്‌ലാമിനെ അതിരൂക്ഷമായി ഫാഷിസ്റ്റ് ശൈലിയില്‍ എതിര്‍ക്കാന്‍ തുടങ്ങി. മുസ്‌ലിംകള്‍ നെതര്‍ലാന്റില്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും, അതിനാല്‍ രാജ്യത്ത് പാശ്ചാത്യനാടുകളില്‍ നിന്നല്ലാതെ കുടിയേറ്റക്കാര്‍ പാടില്ലെന്നും, ജൂത- ക്രൈസ്തവ പാരമ്പര്യമാണ് അംഗീകരിക്കപ്പെടേണ്ടതെന്നും, മറ്റു സംസ്‌കാരങ്ങള്‍ നാട്ടില്‍നിന്ന് നിര്‍മാര്‍ജനം ചെയ്യപ്പെടേണ്ടതാണെന്നും മുസ്‌ലിംകളുടെ ശിരോവസ്ത്രം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വാദിച്ചു.
2008-ല്‍ ഫ്രീഡം പാര്‍ട്ടി 'ഫിത്‌ന' എന്ന പേരില്‍ ഇസ്‌ലാമിനെ അധിക്ഷേപിക്കുന്ന ഹ്രസ്വ സിനിമയിറക്കി. ലോകവ്യാപകമായ പ്രതിഷേധം നേരിട്ടു ആ സിനിമ. ഇസ്‌ലാം എന്നത് ഭീകരത പ്രോത്സാഹിപ്പിക്കുന്ന, സെമിറ്റിക് മതങ്ങളെ വെറുക്കുന്ന, സത്രീവിരുദ്ധമായ, ലൈംഗികസ്വാതന്ത്ര്യത്തെ അംഗീകരിക്കാത്ത, ആഗോള ഇസ്‌ലാമിനെ പ്രചരിപ്പിക്കുന്ന ഭയാനകമായ ഒരു പ്രത്യയശാസ്ത്രമാണെന്നും ഖുര്‍ആന്‍ എന്നത് ഹിറ്റ്‌ലറുടെ ആത്മകഥയായ മെയിന്‍ കാഫിന് തുല്യമാണെന്നും അത് നെതര്‍ലാന്‍ഡ്‌സിന് എത്രമാത്രം ഭീഷണിയാണെന്നുമുള്ള സന്ദേശമായിരുന്നു സിനിമയില്‍. മുസ്‌ലിംകള്‍ക്കെതിരെ ഭരണകൂടത്തെ ബോധവല്‍ക്കരിക്കാനായി പ്രസ്തുത സിനിമ എല്ലാ യൂറോപ്യന്‍ പാര്‍ലമെന്റുകളിലും പ്രദര്‍ശിപ്പിക്കാനും തീരുമാനിച്ചു. ഈ സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാളായിരുന്നു, ഫ്രീഡം പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗം കൂടിയായിരുന്ന അര്‍നോഡ് വാന്‍ ഡൂണ്‍. പാര്‍ട്ടിയുടെ ഇസ്‌ലാംവിരുദ്ധ കാമ്പയിന്റെ മുഖ്യ കാര്‍മികരിലൊരാളായ ഡൂണിനെ, ലോകത്തുള്ള മുസ്‌ലിംകള്‍ ഒന്നടങ്കം പ്രകോപിതരാകാന്‍ മാത്രം തങ്ങളുടെ സിനിമ കാരണമാകുന്നതെങ്ങനെയെന്ന ചിന്ത മറ്റൊരു അന്വേഷണത്തിന് പ്രേരിപ്പിച്ചു. പിന്നെ ഇസ്‌ലാമിനെ അതിന്റെ അടിസ്ഥാന പ്രമാണങ്ങളിലൂടെ പഠിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. പഠനത്തോടൊപ്പം തികട്ടിവരുന്ന ചിന്തകളെ മുസ്‌ലിംകളുമായി അദ്ദേഹം പങ്കുവെച്ചു. വ്യക്തി തലത്തില്‍ അവരുമായി നിരവധി സംവാദങ്ങള്‍ നടത്തി. സ്വീകരിക്കാനാണെങ്കിലും എതിര്‍ക്കാനാണെങ്കിലും കേട്ടറിവിനും കോലാഹലങ്ങള്‍ക്കുമപ്പുറം വിഷയത്തെ സത്യസന്ധമായി സമീപിക്കുക എന്നത് ഡൂണിന്റെ പ്രകൃതമായിരുന്നു. അങ്ങനെയാണ് ഇസ്‌ലാം വിരുദ്ധ കാമ്പയിനും സിനിമയും ആഗോളതലത്തില്‍ കത്തിനില്‍ക്കുന്നതിനിടയില്‍ ഇസ്‌ലാമിനെക്കുറിച്ച് പഠിക്കാനും മുസ്‌ലിംകളുമായി ആശയസംവാദം നടത്താനും സാധിച്ചത്.
ഒരു വര്‍ഷം നീണ്ട, അദ്ദേഹത്തിന്റെ ഇസ്‌ലാം അന്വേഷണത്തിനൊടുവില്‍ ഹേഗ് നഗരസഭാ കൗണ്‍സിലിലെ തന്റെ സഹപ്രവര്‍ത്തകനായ അബൂ ഖുലാനിയാണ് അദ്ദേഹത്തെ പ്രദേശത്തെ പള്ളിയുമായി ബന്ധപ്പെടുത്തിയത്. തന്റെ പാര്‍ട്ടിയുടെ തന്നെ ശക്തമായ ഇസ്‌ലാം വിരുദ്ധകാമ്പയിനാണ് തന്നെ ഇസ്‌ലാമിലെത്തിച്ചതെന്നാണ് ഡൂണ്‍ പറയുന്നത്.
തന്റെ തീരുമാനത്തെക്കുറിച്ച് ഡൂണ്‍ പറയുന്നു: ''എന്റെ തീരുമാനം ഒരു വലിയ തീരുമാനമാണെന്നെനിക്കറിയാം. ഈ തീരുമാനം തീര്‍ത്തും വ്യക്തിപരമാണ്. അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയ സത്യത്തെ എനിക്കിനി ഉപേക്ഷിക്കാന്‍ കഴിയില്ല. എന്നെ അറിയുന്ന മഹാഭൂരിപക്ഷത്തിനും അവിശ്വസനീയമാണീ വാര്‍ത്ത.'' മാസം മുമ്പെ തന്റെ ട്വിറ്ററില്‍ ഡൂണ്‍ ഇങ്ങിനെ കുറിച്ചിട്ടു. 'ഇതൊരു പുതിയ തുടക്കമാണ്.' പിന്നെ ട്വിറ്ററിലൂടെ തന്നെ തന്റെ സത്യസാക്ഷ്യത്തിന്റെ വാക്കുകള്‍ അറബിയില്‍ പ്രഖ്യാപിച്ചു. ഫ്രീഡം പാര്‍ട്ടി വാര്‍ത്ത തമസ്‌കരിക്കാന്‍ ശ്രമിച്ചു. പക്ഷെ തന്റെ എഴുത്തുകളെ അവിശ്വസിച്ചവരുടെ മുന്നിലേക്ക് പിന്നീട് കാര്യങ്ങള്‍ തുറന്നുപറയാന്‍ അദ്ദേഹം ഇറങ്ങി വന്നു.
ഇസ്‌ലാമിനെ പരാജയപ്പെടുത്താനായി അഹോരാത്രം ഇസ്‌ലാംപേടി പ്രചാരണം നടത്തുന്ന ഒരു പാര്‍ട്ടി വ്യവസ്ഥയില്‍നിന്ന് താന്‍ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ആശയത്തില്‍ ആകൃഷ്ടനാവുക എന്നത് പൊതുസമൂഹത്തിനത്ര എളുപ്പത്തില്‍ ഉള്‍കൊള്ളാനാകില്ല. അതിനാല്‍ അദ്ദേഹത്തിന്റെ ഇസ്‌ലാം പ്രഖ്യാപനം സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടാക്കിയത്. ശത്രുപക്ഷം ചേര്‍ന്ന രാജ്യദ്രോഹിയെന്നും വഞ്ചകനെന്നും ചിലര്‍ വിളിക്കുമ്പോള്‍ മറ്റൊരു പക്ഷം പറയുന്നത് തീരുമാനം ബുദ്ധിപൂര്‍വകം എന്നാണ്. മതേതര ഡച്ച് രാഷ്ട്രീയക്കാരെ സംബന്ധിച്ചേടത്തോളം ഡൂണിന്റെ ഇസ്‌ലാം ആശ്ലേഷം ശരിയായ ജീവിത പാതയിലേക്കുള്ള അദ്ദേഹത്തിന്റെ തിരിഞ്ഞുനടക്കലാണ്.
ഫ്രീഡം പാര്‍ട്ടിയെ ഉപേക്ഷിച്ച ഡൂണ്‍ ഇന്ന് ഹേഗ് നഗരസഭയിലെ പ്രാദേശിക ഉപദേഷ്ടാവാണ്. ജോലിസമയത്ത് തന്റെ നിര്‍ബന്ധ നമസ്‌കാരങ്ങള്‍ അനുഷ്ഠിക്കാനുള്ള സൗകര്യം തരണമെന്ന് മേയറെ ഡൂണ്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു. ഡൂണ്‍ പറയുന്നു: 'എന്റെ പാര്‍ട്ടിയുടെ കടുത്ത ഇസ്‌ലാംവിരുദ്ധത എന്നെ സംശയാലുവാക്കി. അങ്ങനെയാണ് ഞാന്‍ ഇസ്‌ലാമിനെ അന്വേഷിക്കാനും പഠിക്കാനും തീരുമാനിച്ചത്. എന്റെ അന്വേഷണം പാഴാകാതെ അതെന്നെ ഇസ്‌ലാമിന്റെ സാന്ത്വന തീരത്തെത്തിച്ചു.''
ഇസ്‌ലാമിനെ ഇല്ലായ്മചെയ്യാന്‍ ഇന്നലെകളില്‍ ഒരു ഫാഷിസ്റ്റ് സംഘടനയുടെ ഭാഗവും ചാലകവുമായതില്‍ എന്തു തോന്നുന്നു എന്നതിന് ഡൂണിന്റെ മറുപടി: ''ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത അടഞ്ഞ ഒരധ്യായമാണത്. മറ്റുള്ളവരെപ്പോലെ താനും ജീവിതത്തില്‍ ധാരാളം തെറ്റുകളും അതിക്രമങ്ങളും ചെയ്തു. തെറ്റുകളില്‍നിന്ന് ഞാന്‍ ധാരാളം പഠിച്ചു. ഈ പുതിയ തുടക്കം ഇനിയും ധാരാളം പഠിക്കാനും അറിയാനുമുള്ള അവസരം കൂടിയാണ്.''
രണ്ട് മാസം മുമ്പ് ഉംറ നിര്‍വഹിക്കാന്‍ മക്കയിലെത്തിയ ഡൂണ്‍, മദീനാ പള്ളിയും അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിയുടെ ഖബ്‌റിടവും സന്ദര്‍ശിച്ച അവസരത്തില്‍ റൗദാശരീഫിലിരുന്ന് വിതുമ്പി. താനിത്രയും കാലം ശത്രുവിന്റെ സ്ഥാനത്ത് പ്രതിഷ്ഠിച്ച് തോല്‍പ്പിക്കാന്‍ ശ്രമിച്ച ആ ദൈവദൂതന്റെ സന്നിധിയില്‍ താനിതാ എത്തിയിരിക്കുന്നു. മനുഷ്യ നാഗരികതയുടെ പുനഃസൃഷ്ടിപ്പിനും ലോകത്തെ വെളിച്ചത്തിലേക്ക് നയിക്കാനും അദ്ദേഹം നേതൃത്വം കൊടുത്ത പള്ളിയാണിത്. ദൈവിക ദൗത്യം പൂര്‍ത്തീകരിച്ച് വിടവാങ്ങിയ പ്രവാചകന്റെ ഭൗതികശരീരം തന്റെ ഏറ്റവും അടുത്ത രണ്ടനുചരന്മാരോടൊപ്പം അന്ത്യവിശ്രമം കൊള്ളുന്ന ഇടം നേരിട്ട് കണ്ടപ്പോള്‍ അദ്ദേഹത്തിന് തന്റെ വികാരങ്ങള്‍ പിടിച്ചുവെക്കാനായില്ല. അദ്ദേഹം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ''നബിയേ മാപ്പ്... മാപ്പ്''
അജ്ഞതയുടെ അന്ധകാരത്തിലിരുന്നാണല്ലോ താനീ പ്രവാചകനെയും ഇസ്‌ലാമിനെയും ലോകത്തിനു മുന്നില്‍ അവഹേളിക്കാന്‍ ശ്രമിച്ചത്. അതിനാല്‍, ''പ്രവാചകരേ, അറിവില്ലായ്മയാല്‍ ചെയ്തുപോയ തെറ്റിന് മാപ്പ്. അങ്ങയില്‍ പ്രപഞ്ചസ്രഷ്ടാവിന്റെ രക്ഷയും സമാധാനവും സദാ വര്‍ഷിക്കുമാറാകട്ടെ.''
പുണ്യഭൂമി സന്ദര്‍ശിക്കാന്‍ കഴിഞ്ഞുവെന്നത് ജീവിതത്തില്‍ ഒരിക്കല്‍പോലും നിനക്കാത്ത അസുലഭ സൗഭാഗ്യമാണ്. ഈ വിശുദ്ധഭൂമിയില്‍ താങ്കളൊരിക്കല്‍ കാല്‍കുത്തുമെന്ന് നേരത്തെ തന്നോടാരെങ്കിലും പറഞ്ഞാല്‍ താനവനെ ഭ്രാന്തനെന്ന് വിളിക്കുമായിരുന്നു. എന്നാല്‍ ഇന്നിതാ പ്രവാചകസന്നിധിയില്‍ നില്‍ക്കുമ്പോള്‍ താനിന്ന് സ്വര്‍ഗത്തിലാണെന്ന തോന്നല്‍ മനസ്സിനെയെന്നപോലെ കണ്ണുകളെയും നിറക്കുന്നു.
''പ്രവാചകനെ നെഞ്ചിലേറ്റിയ മുസ്‌ലിം ലോകം അദ്ദേഹത്തെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്നും, അറിവില്ലായ്മയും മുന്‍വിധിയുംകൊണ്ട് ലോകം എപ്രകാരമാണ് ഈ പ്രവാചകനെ തങ്ങളുടെ ശത്രുവായി ഗണിക്കുന്നതെന്നും എനിക്ക് നന്നായി ബോദ്ധ്യപ്പെട്ടു. എന്റെ കഴിഞ്ഞകാല ചെയ്തികള്‍ ഇസ്‌ലാമിനേല്‍പ്പിച്ച കേടുകള്‍ തീര്‍ക്കുന്ന ജോലിയായിരിക്കും എനിക്കിനി ചെയ്യാനുള്ളത്. ഈ തിരിച്ചറിവില്‍ ഇനി ഞാനെന്റെ ശിഷ്ടജീവിതം അതിനായി സമര്‍പ്പിക്കുന്നു.''
ടൊറണ്ടോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് സെന്ററുമായി സഹകരിച്ച് ഈ മേഖലയിലുള്ള തന്റെ പരിചയം ഉപയോഗപ്പെടുത്തി പുതിയൊരു സിനിമ നിര്‍മ്മിക്കാനുള്ള തയാറെടുപ്പിലാണ് ഡൂണ്‍. യൂറോപ്പിലും ലോകത്തുമൊന്നടങ്കം ആസൂത്രിതമായി പ്രചരിക്കപ്പെടുന്ന ഇസ്‌ലാംപേടിക്കും, ഇസ്‌ലാമിന്റെ അന്യവല്‍ക്കരണത്തിനുമെതിരെയുള്ള സര്‍ഗാത്മക മറുപടിയായിരിക്കും ഈ സിനിമയെന്ന് ഡൂണ്‍ പറയുന്നു. [email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 74-79
എ.വൈ.ആര്‍