Prabodhanm Weekly

Pages

Search

2013 ജൂണ്‍ 21

പ്രസ്ഥാനം പുതിയ കാലത്തെ അഭിസംബോധന ചെയ്യുമ്പോള്‍

പി.കെ ജമാല്‍

അറബ് വിപ്ലവം രാഷ്ട്രീയ സാമൂഹിക രംഗങ്ങളെ അഗാധമായി സ്വാധീനിക്കുകയും നിലവിലുള്ള സാഹചര്യങ്ങളെ കീഴ്‌മേല്‍ മറിച്ച് പുതിയ ആകാശത്തിന്റെയും പുതിയ ഭൂമിയുടെയും നിര്‍മിതിക്ക് മണ്ണൊരുക്കുകയും ചെയ്തിട്ടുണ്ടെന്നത് അനിഷേധ്യ സത്യമാണ്. യുവാക്കളും യുവതികളും അഭ്യസ്തവിദ്യരും നിരക്ഷരരും തൊഴിലാളികളും കര്‍ഷകരും ബഹുജനങ്ങളും ബുദ്ധിജീവികളും രാഷ്ട്രീയകക്ഷികളും അരാഷ്ട്രീയ സംഘടനകളും ഒന്നിച്ചണിചേര്‍ന്ന് വിപ്ലവത്തിന്റെ വിധാതാക്കളായിത്തീര്‍ന്ന വിസ്മയാവഹമായ ചരിത്രാനുഭവമാണ് അറബ് വസന്തത്തിന് അയവിറക്കാനുള്ളത്. ലോക ചരിത്രത്തില്‍ അപൂര്‍വമായേ ഇത്തരം സംഭവങ്ങളുണ്ടായിട്ടുള്ളൂ. ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ചിന്താമണ്ഡലങ്ങളിലും അറബ് വിപ്ലവം പ്രകമ്പനം സൃഷ്ടിച്ചിട്ടുണ്ട്. പുതിയ ലോക യാഥാര്‍ഥ്യങ്ങളെ അഭിസംബോധന ചെയ്യാന്‍ പ്രസ്ഥാനത്തെ പ്രാപ്തമാക്കാനുതകുന്ന വഴികളെക്കുറിച്ച സജീവ ചിന്തയിലും ചര്‍ച്ചയിലും വ്യാപൃതരാണിന്ന് അവ. പഴയ മുദ്രാവാക്യങ്ങള്‍ക്കും രീതികള്‍ക്കും പ്രസക്തി നഷ്ടപ്പെട്ട പുതിയ ലോകക്രമത്തില്‍ നവ നിരീക്ഷണങ്ങളുടെയും ഗവേഷണങ്ങളുടെയും ആവശ്യകത അവ തിരിച്ചറിയുന്നു എന്നതാണ് ആശ്വാസവും സന്തോഷവും പകരുന്ന വസ്തുത. വിപ്ലവാനന്തര ജനസമൂഹങ്ങള്‍ തേടുന്ന ചിന്താ കര്‍മ പദ്ധതികള്‍ എന്താണ്? വ്യത്യസ്ത ഇസ്‌ലാമിക ചിന്താ പ്രസ്ഥാനങ്ങള്‍ക്കിടയില്‍ ഉണ്ടാവേണ്ട സമവായത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പ്രായോഗിക രൂപം എങ്ങനെ? ജനതയുടെ സ്വപ്നങ്ങളും പ്രതീക്ഷകളും സാക്ഷാത്കരിക്കുകയും ഭാസുരഭാവി ഉറപ്പുനല്‍കുകയും ചെയ്യുന്ന വീക്ഷണവും ഭരണരീതിയും ഏതാണ്? രാജ്യത്തെ വിഭിന്ന മത സമൂഹങ്ങളെയും വ്യത്യസ്ത വീക്ഷാഗതികളെയും ചിന്താ പ്രസ്ഥാനങ്ങളെയും ഏതു വിധത്തില്‍ ഉള്‍ക്കൊള്ളുകയും ഉപയോഗപ്പെടുത്തുകയും വേണം? രാഷ്ട്ര നിര്‍മിതിയില്‍ ഓരോ വിഭാഗത്തിനുമുള്ള പങ്ക് നിശ്ചയിക്കുകയും നിര്‍വചിക്കുകയും ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട അടിസ്ഥാന മാനദണ്ഡങ്ങളെന്ത്? ബഹുസ്വര സമൂഹത്തെ അഭിമുഖീകരിക്കുമ്പോള്‍ ഉളവാകുന്ന പ്രശ്‌നങ്ങളെ രാഷ്ട്രം ഏതുവിധം കൈകാര്യം ചെയ്യണം?
ഇത്തരം ചിന്തകള്‍ ഈ കാലഘട്ടത്തിന്റെ പുതിയ പ്രശ്‌നമാണ്. ഇബാദത്തുകളുടെയും ഇടപാടുകളുടെയും സാമൂഹിക ബന്ധങ്ങളുടെയും കര്‍മശാസ്ത്ര സംരചനയില്‍ കാണിച്ച ഉത്സാഹവും ശുഷ്‌കാന്തിയും പൂര്‍വകാല പണ്ഡിതന്മാരും ഗവേഷകരും ഫിഖ്ഹുദ്ദൗല (രാഷ്ട്ര ഭരണ ഫിഖ്ഹ്) എന്ന വിജ്ഞാനശാഖയില്‍ പ്രദര്‍ശിപ്പിച്ചില്ല എന്ന ഡോ. യൂസുഫുല്‍ ഖറദാവിയുടെ നിരീക്ഷണം സത്യമായി പുലരുന്നത് ഇവിടെയാണ്. പണ്ട് മുതല്‍ക്കേ തുടരുന്ന സ്ഥിതിവിശേഷമാണിത്. തന്റെ കാലഘട്ടത്തിലെ പണ്ഡിതന്മാരെയും ഫുഖഹാക്കളെയും ബാധിച്ച ജീര്‍ണതയും മുരടിപ്പും നിയമനിര്‍മാണത്തിന് ഭരണാധികാരികളെ ഇസ്‌ലാമിക ശരീഅത്തേതര സ്രോതസ്സുകളെ അവലംബിക്കാന്‍ ഏതു വിധം നിര്‍ബന്ധിതമാക്കി എന്ന് ഇമാം ഇബ്‌നുല്‍ ഖയ്യിം പരിതപിച്ചിട്ടുണ്ട് (അല്‍ വസത്വിയ്യത്തുസ്സിയാസിയ്യ ഫി ഫിക്‌റില്‍ ഖറദാവി/ റാശിദുല്‍ ഗനൂശി, പേജ് 3).
ഓരോ രാജ്യത്തെയും പൗരന്മാരുടെ ജീവിതവും സാഹചര്യവും മുന്‍നിര്‍ത്തി അതതിടങ്ങളില്‍ ആവശ്യമായ മുന്‍ഗണനാക്രമങ്ങള്‍ പാലിച്ച് രാഷ്ട്രഭരണം എങ്ങനെ നിര്‍വഹിക്കാമെന്നും ജനക്ഷേമ പദ്ധതികള്‍ എങ്ങനെ ആവിഷ്‌കരിച്ച് നടപ്പിലാക്കാമെന്നും ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ചിന്തിക്കുകയും ഗവേഷണം നടത്തുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സംഘടനാരംഗത്ത് വിജയമായ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ ഭരണരംഗത്ത് ആ മിടുക്ക് കാണിച്ചില്ല എന്ന നിരീക്ഷക മതത്തിന്റെ മര്‍മം ഇവിടെയാണ്. ആശയരംഗത്ത് അഭിരമിച്ചു എന്നല്ലാതെ പ്രായോഗികതലത്തില്‍ ആശയങ്ങള്‍ക്ക് ആകാരം നല്‍കാന്‍ അവക്ക് കഴിയാതെ പോയി എന്ന നിഷ്പക്ഷമതികളുടെ വിലയിരുത്തല്‍ തള്ളിക്കളയാന്‍ കഴിയുന്നതല്ല.

നബി(സ)യുടെ മാതൃക
പ്രബോധനരംഗത്ത് നിന്ന് രാഷ്ട്രീയത്തിന്റെയും രാഷ്ട്ര ഭരണത്തിന്റെയും രംഗത്തേക്ക് ചുവടുമാറ്റിയപ്പോള്‍ പ്രവാചകന്‍ മുഹമ്മദ് നബി സ്വീകരിച്ച സമീപനവും നയചാതുരിയും ഇന്നത്തെ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് മാതൃകയാവേണ്ടതുണ്ട്. മികവുറ്റ പ്രബോധകന്‍ പരിണത പ്രജ്ഞനായ നയതന്ത്രജ്ഞനായി മാറുന്നതിലെ രസതന്ത്രമാണ് നമ്മുടെ പഠന വിഷയമാകേണ്ടത്. രാഷ്ട്ര നായകനായി ഭരണഭാരമേറ്റ റസൂല്‍ താന്‍ ജീവിക്കുന്ന രാജ്യത്തിന്റെയും സമൂഹത്തിന്റെയും യാഥാര്‍ഥ്യത്തിന്റെ നിലപാടുതറകളില്‍ നിന്നുകൊണ്ടാണ് ഭാവി പരിപാടികള്‍ ആവിഷ്‌കരിച്ചത്. രാഷ്ട്ര സ്വരൂപത്തിലെ മുഖ്യ ഘടകമായ രണ്ട് ശക്തി കേന്ദ്രങ്ങളായിരുന്നു അന്നത്തെ മദീനയിലെ ഔസ്-ഖസ്‌റജ് ഗോത്രങ്ങള്‍. ഈ ഗോത്രങ്ങള്‍ക്കിടയില്‍ അനുരഞ്ജനമുണ്ടാക്കുകയാണ് രാജ്യത്തിന്റെ സുസ്ഥിരതക്കും ഭദ്രതക്കും ഏറെ ആവശ്യമെന്ന് മനസ്സിലാക്കിയ പ്രവാചകന്റെ പ്രഥമ നടപടി ആ ദിശയിലേക്കുള്ള ബോധപൂര്‍വമായ ചുവടുവെപ്പുകളായിരുന്നു. നിരന്തര ശ്രമങ്ങള്‍ ഫലം കാണുകയും ഔസ്-ഖസ്‌റജ് ഗോത്രങ്ങള്‍ക്കിടയില്‍ ശക്തമായ സുഹൃദ് ബന്ധങ്ങള്‍ സ്ഥാപിതമാവുകയും ചെയ്തു. രാഷ്ട്രത്തിന്റെ ഭദ്രതയും പൗരന്മാരുടെ ക്ഷേമവും, അവകാശങ്ങളിലും ബാധ്യതകളിലുമുള്ള സമത്വ ബോധത്തിന്റെയും സാമൂഹിക സുരക്ഷിതത്വത്തെക്കുറിച്ച ഉറച്ച ബോധത്തിന്റെയും അടിത്തറകളില്‍ മാത്രമേ പടുത്തുയര്‍ത്താന്‍ സാധിക്കുകയുള്ളൂ എന്ന് കണ്ടറിഞ്ഞ പ്രവാചകന്‍ അന്‍സ്വാരികള്‍ക്കും മുഹാജിറുകള്‍ക്കുമിടയില്‍ സാഹോദര്യ ബന്ധം സ്ഥാപിച്ചു. സാമ്പത്തിക സാമൂഹിക താല്‍പര്യങ്ങള്‍ സമാസമം പങ്കിട്ട് അന്‍സ്വാറുകളും മുഹാജിറുകളും സാഹോദര്യ ബന്ധത്തിന് പുതിയ മാനങ്ങള്‍ സൃഷ്ടിച്ച് രാഷ്ട്ര ശരീരത്തെ ശക്തമാക്കി നിര്‍ത്തി. രാഷ്ട്രീയ ശത്രുക്കളോടും പ്രതിയോഗികളോടും ആഭ്യന്തരരംഗത്ത് കുഴപ്പം കുത്തിപ്പൊക്കുന്ന അഞ്ചാംപത്തികളോടും പ്രവാചകന്‍ സ്വീകരിച്ച സമീപനങ്ങള്‍ പുതിയ വായനക്കും പഠനത്തിനും വിധേയമാവേണ്ടതുണ്ട്. മനുഷ്യാവകാശത്തിന്റെയും സമാധാനത്തിന്റെയും പൗരത്വത്തിന്റെയും അടിസ്ഥാനാദര്‍ശങ്ങളിലൂന്നി ജൂത-ക്രൈസ്തവ വിഭാഗങ്ങളുമായി രാഷ്ട്രം ധാരണയില്‍ ഏര്‍പ്പെട്ടു. ആഭ്യന്തരരംഗത്ത് കലാപ സ്രഷ്ടാക്കളായ കപടവിശ്വാസികളെ ആവോളം സഹിക്കുകയും കൂടെ കൊണ്ടു നടക്കുകയും ചെയ്തു. രാഷ്ട്രത്തെയും സമൂഹത്തെയും വഞ്ചിക്കുന്ന വിദ്രോഹ പ്രവര്‍ത്തനങ്ങള്‍ സംശയങ്ങള്‍ക്കിടയില്ലാത്തവിധം തെളിഞ്ഞപ്പോള്‍ മാത്രമാണ് കപടന്മാര്‍ക്കെതിരില്‍ നടപടികള്‍ക്ക് നബി(സ) മുതിര്‍ന്നത്. രാഷ്ട്രത്തിന്റെയും ജനതയുടെയും ഭദ്രതക്കും അഖണ്ഡതക്കുമായിരുന്നു മുഖ്യ പരിഗണന. ഔസ്-ഖസ്‌റജ് ഗോത്രങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ തലപൊക്കിയപ്പോഴും അന്‍സ്വാറുകള്‍ക്കും മുഹാജിറുകള്‍ക്കുമിടയില്‍ തെറ്റിദ്ധാരണ വളര്‍ന്നപ്പോഴും നബി(സ) നടത്തിയ ഇടപെടലുകളില്‍നിന്ന് ഫിഖ്ഹുദ്ദൗലയുടെ പുതിയ പാഠങ്ങള്‍ പലതും നിര്‍ധാരണം ചെയ്‌തെടുക്കാനുണ്ട്. രാഷ്ട്ര ഭരണശാസ്ത്രം കൈകാര്യം ചെയ്തപ്പോള്‍ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ നല്‍കിയ ഊന്നല്‍ നമ്മുടെ പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നതാണ്.
''അമാനത്തുകള്‍ അവയുടെ ഉടമകള്‍ക്ക് ഏല്‍പിച്ചുകൊടുക്കണമെന്നും ജനങ്ങള്‍ക്കിടയില്‍ തീരുമാനം കല്‍പിക്കുമ്പോള്‍ നീതിപൂര്‍വം തീരുമാനം കല്‍പിക്കണമെന്നും അല്ലാഹു ആജ്ഞാപിക്കുന്നു'' (അന്നിസാഅ്:58) എന്ന ഖുര്‍ആന്‍ സൂക്തം രാഷ്ട്ര ഭരണത്തിന്റെ അടിസ്ഥാനങ്ങളാണ് വിശദീകരിക്കുന്നതെന്ന് അസ്സിയാസത്തുശ്ശര്‍ഇയ്യയെക്കുറിച്ച ചര്‍ച്ചയില്‍ ഇബ്‌നു തൈമിയ്യ വ്യക്തമാക്കുന്നു. അമാനത്ത്, അദ്ല്‍ എന്നീ അടിസ്ഥാന ദ്വയങ്ങളാണ് രാഷ്ട്ര ഭരണത്തിന് മാര്‍ഗദര്‍ശകമാവേണ്ടതെന്ന് അദ്ദേഹം സിദ്ധാന്തിക്കുന്നു. അല്ലാഹുവും ജനങ്ങളും ഏല്‍പിച്ച അമാനത്താണ് ഭരണഭാരം എന്ന ബോധം വേണം അധികാരമേല്‍ക്കുന്ന ഭരണാധികാരികള്‍ക്കെന്ന് ഇബ്‌നു തൈമിയ്യക്ക് നിര്‍ബന്ധമുണ്ട്. അമാനത്തുകളെക്കുറിച്ച കരുതലും പരിരക്ഷണവുമാണ് ഇസ്‌ലാമിന്റെ കാതല്‍. ആധുനിക രാഷ്ട്ര ഭാഷയില്‍ അതിങ്ങനെ വ്യവഹരിക്കാം: ജനസമൂഹത്തിന്റെ അവകാശങ്ങള്‍ പരിരക്ഷിക്കുക, അവരുടെ ഐഹികവും പാരത്രികവുമായ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ച് നല്‍കുകയും അവയുടെ പൂര്‍ത്തീകരണത്തിനാവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്യുക, ജനക്ഷേമ രംഗങ്ങളില്‍ രാഷ്ട്രം അതിന്റെ കടമ നിര്‍വഹിക്കുക, സമാധാനപരവും സംശുദ്ധവുമായ ഭരണകൈമാറ്റം ഉറപ്പുവരുത്തുകയും ചെയ്യുക.
ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് തങ്ങളില്‍ അര്‍പ്പിതമായ കനത്ത കര്‍ത്തവ്യങ്ങളെക്കുറിച്ച് ബോധം വേണം. ആശയ രംഗത്തുള്ള പ്രതിയോഗികളുമായി തികച്ചും വന്ധ്യവും ശുഷ്‌കവുമായ വാദ-പ്രതിവാദങ്ങളിലേര്‍പ്പെട്ട് കളയാനുള്ളതല്ല അവരുടെ വിലപ്പെട്ട സമയം. സൃഷ്ടിപരമായ രംഗങ്ങളില്‍ സമര്‍ഥാസൂത്രിതമായി വിനിയോഗിക്കപ്പെടേണ്ടതാണ് പ്രസ്ഥാനത്തിന്റെ ഊര്‍ജം. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനം വിശദീകരിച്ച് ഖുര്‍ആന്‍ വ്യക്തമാക്കുന്നത് നീതിയുടെ സംസ്ഥാപനവും നീതിനിര്‍വഹണവുമാണ് രാഷ്ട്ര ധര്‍മം എന്നാണ്. ''വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിന് വേണ്ടി നിലകൊള്ളുന്നവരും നീതിക്ക് സാക്ഷികളുമാവണം. ഒരുജനതയോടുള്ള വിരോധം നിങ്ങളെ നീതിയില്‍ നിന്ന് വ്യതിചലിപ്പിക്കാന്‍ പാടുള്ളതല്ല'' (അല്‍മാഇദ 8). ആശയതലത്തിലുള്ള എതിരാളികളോടും പ്രതിയോഗികളോടും ചര്‍ച്ചയുടെയും സംവാദത്തിന്റെയും സമവായത്തിന്റെയും രീതി സ്വീകരിക്കാനാണ് ദൈവനിര്‍ദേശം. ''നിന്റെ നാഥന്റെ മാര്‍ഗത്തിലേക്ക് യുക്തിദീക്ഷയോടെയും സാരോപദേശത്തോടെയും ക്ഷണിക്കുക. ഏറ്റവും നല്ല രീതിയിലും വിധത്തിലും അവരുമായി സംവാദത്തില്‍ ഏര്‍പ്പെടുകയും ചെയ്യുക. തന്റെ മാര്‍ഗത്തില്‍ നിന്ന് അപഭ്രംശം സംഭവിച്ചതാര്‍ക്കെന്നു അവന് നന്നായറിയാം. സന്മാര്‍ഗം പ്രാപിച്ചവരാരാണെന്നും അവന്‍ നന്നായി അറിയുന്നുണ്ട്'' (അന്നഹ്ല്‍ 125).

നീതി പുലരുന്ന രാജ്യം
ശരീഅത്തിന്റെ ആസ്പദവും മുന്‍ഗണനാക്രമത്തില്‍ ഒന്നാമത്തേതും അദ്ല്‍ അഥവാ നീതിയാണ്. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ അതിങ്ങനെ വിശദീകരിക്കുന്നു: ''ജനങ്ങളുടെ ജീവിതം ശരിയായ ദിശയിലൂടെ സഞ്ചരിക്കുന്നത് നീതിപുലരുമ്പോഴാണ്. അവകാശങ്ങള്‍ ഹനിക്കപ്പെടുന്ന സമൂഹത്തിലും രാജ്യത്തും നീതി പുലരില്ല. അതുകൊണ്ടാണ് നാം സിദ്ധാന്തിക്കുന്നത്: ഇന്നല്ലാഹ യുഖിമുദ്ദൗലത്തല്‍ ആദില വഇന്‍ കാനത്ത് കാഫിറഃ, വലാ യുഖിമുദ്ദൗലത്തല്‍ദ്ദാലിമ വഇന്‍ കാനത്ത് മുഅ്മിനഃ (നീതിനിഷ്ഠമായ രാഷ്ട്രത്തെ- അത് അവിശ്വാസികളുടേതായാലും -അല്ലാഹു നിലനിര്‍ത്തും. അക്രമിരാഷ്ട്രത്തെ - അത് സത്യവിശ്വാസികളുടേതായാലും - അല്ലാഹു പിന്തുണക്കില്ല- ഖാഇദത്തുന്‍ ഫില്‍ ഹസബ: ഇബ്‌നു തൈമിയ്യ മജ്മൂഉല്‍ ഫതാവാ 28/63).
അധഃസ്ഥിതരെയും ദുര്‍ബല ജനവിഭാഗങ്ങളെയും അടിസ്ഥാന മാനദണ്ഡമാക്കി നടത്തുന്ന വികസന പദ്ധതികളും രാജ്യ നിവാസികള്‍ക്കഖിലം ക്ഷേമദായകമായ പരിപാടികളും ഇസ്‌ലാമിക രാഷ്ട്രത്തിന്റെ മുഖമുദ്രയായിരിക്കും. ''സമൂഹത്തിലെ രണ്ട് ദുര്‍ബല വിഭാഗങ്ങളുടെ അവകാശങ്ങളെക്കുറിച്ചോര്‍ത്താണ് എന്റെ മനോവ്യഥകളത്രയും-അനാഥകളുടെ അവകാശവും സ്ത്രീകളുടെ അവകാശവുമാണത്'' (അഹ്മദ്, ഇബ്‌നുമാജ, നസാഇ, ഇബ്‌നു ഹിബ്ബാന്‍) എന്ന പ്രവാചകന്റെ വചനം നിയമനിര്‍മാണത്തിന്റെ അടിസ്ഥാന മാര്‍ഗനിര്‍ദേശകമാവണം. ദുര്‍ബലര്‍, അനാഥര്‍, വിധവകള്‍, താഴെ തട്ടിലുള്ള പാവങ്ങള്‍ എന്നീ വിഭാഗങ്ങള്‍ക്ക് പ്രത്യേകം നല്‍കിയ കരുതലും പരിഗണനയും ഇസ്‌ലാമിക ശരീഅത്തിന്റെ നിയമനിര്‍മാണത്തിന്റെയും അന്തര്‍ധാരയായി വര്‍ത്തിച്ചിട്ടുണ്ട്.
പഴമയെ ഉള്‍ക്കൊണ്ടും പുതുമയെ സ്വാംശീകരിച്ചും നവനാഗരികതയുടെ നന്മകള്‍ അംഗീകരിച്ചും തിന്മകള്‍ നിരാകരിച്ചും പ്രായോഗിക സമീപനങ്ങള്‍ സ്വീകരിക്കാന്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് സാധിക്കണം. ചിന്തകന്മാര്‍ക്കും പണ്ഡിതന്മാര്‍ക്കും ഗവേഷകന്മാര്‍ക്കും ഇടയില്‍ നിലനിന്ന തുറന്ന ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും കാലഘട്ടമാണ് ഇസ്‌ലാമിക ചിന്താചരിത്രത്തിലെ സുവര്‍ണ യുഗമായി ഗണിക്കുന്നത്. നാനാത്വത്തില്‍ ഏകത്വം കണ്ടെത്താനുള്ള ഇസ്‌ലാമിക ചിന്താശാസ്ത്രത്തിന്റെ നൈസര്‍ഗിക സിദ്ധിയാണ് ഗതകാല ചരിത്രത്തെ ധന്യവും സംഭവ സമ്പന്നവുമാക്കിയത്. തീവ്രതയും ആത്യന്തിക ചിന്തകളും സ്വാഭിപ്രായ മേധാവിത്വ മനസ്സുമാണ് പിന്നാക്കാവസ്ഥയില്‍ ഈ സമുദായത്തെ തള്ളിയത്. യുക്തിപരതയുടെയും മിതവാദ-മധ്യമ സമീപനത്തിന്റെയും ബൗദ്ധിക വിശകലനത്തിന്റെയും ശൈലി സ്വീകരിക്കാന്‍ പുതിയ തലമുറയെ പ്രാപ്തമാക്കേണ്ടതുണ്ട്. ആകാരബദ്ധവും ആചാരനിഷ്ഠവുമായ അടയാളങ്ങള്‍ക്കപ്പുറം, ചൂഷണങ്ങള്‍ക്കും സ്വേഛാധിപത്യങ്ങള്‍ക്കുമെതിരെ മാനവിക സമത്വത്തിന്റെയും വിമോചനത്തിന്റെയും ജനാധിപത്യ സംസ്‌കാരത്തിന്റെയും മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും നിരന്തരം നവീകരിച്ചും കാലത്തോടൊപ്പം വളരുന്ന സര്‍ഗാത്മക ശക്തിയായി അണികളെ വളര്‍ത്താന്‍ പ്രസ്ഥാനത്തിന് സാധിക്കണം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 74-79
എ.വൈ.ആര്‍