Prabodhanm Weekly

Pages

Search

2013 ജൂണ്‍ 21

ഉര്‍വത്തുബ്‌നു സുബൈര്‍(റ)

ചരിത്രം / സഈദ് മുത്തനൂര്‍

ഉമര്‍ ഫാറൂഖിന്റെ ഖിലാഫത്തിന്റെ അവസാന ഘട്ടത്തിലാണ് ഉര്‍വത്തുബ്‌നു സുബൈര്‍ ആദ്യ പ്രഭാതം കാണുന്നത്. ഏത് ഗൃഹത്തിലാണോ അദ്ദേഹം ജനിച്ചത് അവിടെ നൈതിക മൂല്യങ്ങളുടെ കളിത്തൊട്ടിലായിരുന്നു. ഉര്‍വയുടെ പിതാവ്, റസൂല്‍ തിരുമേനിയുടെ അടുത്ത അനുചരനും സ്വര്‍ഗം വാഗ്ദാനം ചെയ്യപ്പെട്ട പത്തുപേരില്‍ ഒരാളുമായ സുബൈര്‍ ബ്‌നുല്‍ അവാം(റ). ഉര്‍വയുടെ മാതാവ് 'ദാത്തുന്നിതാഖൈന്‍' എന്ന അപരനാമമുള്ള അസ്മാ ബിന്‍ത് അബൂബക്കര്‍(റ). അദ്ദേഹത്തിന്റെ വല്യുപ്പ ആദ്യ ഖലീഫയും ഹിറാ ഗുഹയില്‍ നബിയുടെ കൂടെ 'രണ്ടില്‍ ഒരുവനുമായ' അബൂബക്കര്‍ സിദ്ദീഖ്(റ). മാതൃ സഹോദരി ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ(റ) മരണപ്പെട്ടപ്പോള്‍ ജനാസ ഖബ്‌റില്‍ ഇറക്കി സംസ്‌കരണത്തിന് നേതൃത്വം കൊടുത്തത് ഉര്‍വയാണ്. ഈ മഹത്തായ കുടുംബപാരമ്പര്യമാണ് ഉര്‍വയുടെ ഊര്‍ജ സ്രോതസ്സ്.
ഭൗതിക ലോകത്തിന്റെ ഇടപാടുകളില്‍ ഉര്‍വക്ക് താല്‍പര്യമുണ്ടായിരുന്നില്ല. വിജ്ഞാന സമ്പാദനത്തിന് വേണ്ടി സമര്‍പ്പിതമായിരുന്നു ആ ജീവിതം. കഅ്ബയുടെ റുക്‌നുല്‍ യമാനി പിടിച്ച് അദ്ദേഹം പ്രാര്‍ഥിച്ചിരുന്നു: ''അല്ലാഹുവേ, എനിക്ക് ദീനീ വിജ്ഞാനങ്ങള്‍ പഠിക്കാന്‍ അവസരം നല്‍കേണമേ.'' അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന വേറെ ചിലര്‍ ഹിജാസിന്റെയും ഇറാഖിന്റെയും ഈജിപ്തിന്റെയും അധികാരം ലഭിക്കണം എന്നാണത്രെ പ്രാര്‍ഥിച്ചിരുന്നത്. അവരെല്ലാം അത് നേടി കടന്നുപോയി. ഉര്‍വ തന്റെ അന്ത്യംവരെ അറിവിനെ ഉപാസിച്ചും അല്ലാഹുവിന് ഇബാദത്ത് ചെയ്തും ആലംബഹീനരെ സേവിച്ചും കഴിച്ചുകൂട്ടി.
തന്റെ യൗവ്വനകാലത്ത് ജീവിച്ചിരുന്ന മഹാന്മാരായ സ്വഹാബിമാരെ ഇരിപ്പിലും നടപ്പിലും അദ്ദേഹം അനുധാവനം ചെയ്തു. ഹസ്രത്ത് അലി, അബ്ദുര്‍റഹ്മാന്‍ ഇബ്‌നു ഔഫ്, സൈദുബ്‌നു സാബിത്, അബൂ അയ്യൂബില്‍ അന്‍സാരി, ഉസാമത്തുബ്‌നുസൈദ്, സഈദുബ്‌നു സൈദ്, അബൂഹുറയ്‌റ, അബ്ദുല്ലാഹിബ്‌നു അബ്ബാസ്, ലുഖ്മാനുബ്‌നു ബശീര്‍, മഹതി ആഇശ തുടങ്ങിയവരില്‍ നിന്ന് ഉര്‍വത്തുബ്‌നു സുബൈര്‍ ഇസ്‌ലാമിക പാഠങ്ങള്‍ കരസ്ഥമാക്കുകയും ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായി.
രാഷ്ട്രീയ നേതാക്കളും അദ്ദേഹത്തോട് അഭിപ്രായങ്ങള്‍ തേടിയിരുന്നു. ഉമറുബ്‌നു അബ്ദുല്‍ അസീസ് ഒരിക്കല്‍ മദീനയിലെത്തി. ഏഴു പണ്ഡിതന്മാരെ വിളിച്ചു കൂട്ടിയപ്പോള്‍ അതിന്റെ നേതാവ് ഉര്‍വത്തുബ്‌നു സുബൈര്‍ ആയിരുന്നു. ഖലീഫ അവരോട് പറഞ്ഞു: ''ഞാന്‍ നിങ്ങളെ വിളിച്ചു കൂട്ടിയത് പ്രതിഫലാര്‍ഹമായ കാര്യത്തിനാണ്. നിങ്ങളുടെ സേവനങ്ങളും അഭിപ്രായങ്ങളും ഭരണത്തിനാവശ്യമാണ്. നാട് നേരിടുന്ന പ്രശ്‌നങ്ങളില്‍ വിലപ്പെട്ട നിര്‍ദേശങ്ങള്‍ അറിയിക്കണം. ഞാന്‍ സ്വന്തമായി ഒരു കാര്യവും തീരുമാനിക്കുകയില്ല, നിങ്ങളില്‍ ആരോടെങ്കിലും ആലോചിക്കാതെ. ദീനിനും ശരീഅത്തിനും എതിരായി വല്ലതും കണ്ടാല്‍ എന്റെ ശ്രദ്ധയില്‍ പെടുത്താന്‍ ഒട്ടും അമാന്തിക്കരുത്.'' പ്രസംഗം തീര്‍ന്നപ്പോള്‍, 'താങ്കള്‍ മുന്നോട്ട് പോവുക, ദൈവം സഹായിക്കട്ടെ' ഉര്‍വ പ്രോത്സാഹിപ്പിച്ചു.
കഠിനമായ ചൂടുള്ള വേളയിലും ഉര്‍വ നോമ്പു നോല്‍ക്കും. കടുത്ത തണുപ്പുള്ള രാത്രികളിലും തഹജ്ജുദ് നമസ്‌കാരം പതിവ് തെറ്റാതെ നിര്‍വഹിക്കും. ഖുര്‍ആന്റെ നാലിലൊന്നെങ്കിലും പാരായണം ചെയ്യാത്ത ദിനങ്ങള്‍ ഉര്‍വക്കുണ്ടാകില്ല. യൗവ്വനം തൊട്ട് അന്ത്യം വരെ ഈ പതിവ് തുടര്‍ന്നു. രോഗബാധിതനായപ്പോള്‍ മാത്രമാണ് കുറച്ച് ദിവസം ഈ പതിവ് തെറ്റിച്ചത്.
ഉര്‍വയുടെ ഉദാര മനസ്സിനെ പ്രകാശിപ്പിക്കുന്ന നിരവധി സംഭവങ്ങളുണ്ട്. അദ്ദേഹത്തിനൊരു കാരക്ക തോട്ടമുണ്ടായിരുന്നു. നല്ല കായ്ഫലം തരുന്ന തോട്ടം. അതിന് ചാരെ ഒരു അരുവിയും ഒഴുകുന്നുണ്ട്. അദ്ദേഹം തോട്ടം ശ്രദ്ധയോടെ പരിചരിക്കും. കാലികളെയും കുട്ടികളെയും ഭയന്ന് തോട്ടത്തിന് നല്ല മതില്‍ കെട്ടും. എന്നാല്‍, കാരക്കക്കുലകള്‍ പഴുത്ത് പാകമാകാന്‍ തുടങ്ങുന്നതോടെ ഉര്‍വയിലെ ഉദാര മനസ്‌കന്‍ ഉണരും. വിശുദ്ധ ഖുര്‍ആന്‍ ഒരു തോട്ടക്കാരന്റെ കഥ പറഞ്ഞേടത്ത് ''നീ നിന്റെ തോട്ടത്തില്‍ കടന്ന സമയത്ത് 'ഇത് അല്ലാഹുവിന്റെ ഇഛയത്രെ, അല്ലാഹുവിനല്ലാതെ യാതൊരു ശക്തിയും ഇല്ല' എന്ന് നിനക്ക് പറഞ്ഞുകൂടായിരുന്നോ?'' (അല്‍കഹ്ഫ് 39) എന്ന സൂക്തം അദ്ദേഹത്തിന് ഓര്‍മവരും. ആ സംഭവകഥയിലെ കഥാപാത്രങ്ങളും അദ്ദേഹത്തിന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടും. പിന്നെ താമസമില്ല, തോട്ടം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വരവുവെക്കും. തോട്ടത്തിന് ചുറ്റും കെട്ടിയ മതിലുകളും വേലികെട്ടുകളും പൊളിച്ചു മാറ്റും. ആര്‍ക്കും എപ്പോഴും തോട്ടത്തില്‍ വരാം. ഈത്തപ്പഴം പറിക്കാം. അവിടത്തെ തണല്‍ ആസ്വദിക്കാം. പഴം കഴിക്കാം. കുട്ടികള്‍ക്കും കുടുംബത്തിനും വേണ്ടി കൊണ്ടുപോകാം. തോട്ടത്തിലെ ഈത്തപ്പഴം ജനങ്ങളുടെയും പറവകളുടെയും തീറ്റയാകുമ്പോഴേ ചരിത്ര പുരുഷന് തൃപ്തിയാകൂ.
പല ദുരന്തങ്ങളിലൂടെയും ഉര്‍വയുടെ ജീവിതം കടന്നുപോയി. അപ്പോഴൊക്കെ വിശ്വാസദാര്‍ഢ്യം അദ്ദേഹത്തിന് താങ്ങായെത്തി. ഒരിക്കല്‍ അദ്ദേഹം ഖലീഫ വലീദിനെ സന്ദര്‍ശിക്കാന്‍ ദമസ്‌കസില്‍ പോയി. അവിടെ ഒരു ഉത്സവം നടക്കുകയാണ്. അതുവഴി കടന്നുപോകുമ്പോള്‍ കൂടെയുണ്ടായിരുന്ന മകന് കുതിരയുടെ ചവിട്ടേറ്റു. ആ കുട്ടി മരണപ്പെട്ടു. അധികം വൈകാതെ ഉര്‍വയുടെ ചുണ്ടില്‍ വ്രണങ്ങളുണ്ടായി. ശസ്ത്രക്രിയ വേണ്ടിവന്നു. എന്നാല്‍, ബോധം കെടുത്തി ചികിത്സ നടത്താന്‍ അദ്ദേഹം സമ്മതിച്ചില്ല. ഭിഷഗ്വരന്മാരോട് അദ്ദേഹം പറഞ്ഞു: ''നിങ്ങള്‍ എവിടെ വേണമെങ്കിലും മുറിച്ച് മാറ്റിക്കോളൂ. ഞാന്‍ ദൈവത്തെ ഓര്‍ത്ത് കിടന്നുകൊള്ളാം.'' ഒരു ഘട്ടത്തില്‍ അദ്ദേഹത്തെ പിടിച്ചുവെക്കാന്‍ ആളുകള്‍ കൂടിയപ്പോള്‍ 'ഇവര്‍ ഇവിടെ എന്തിനു നില്‍ക്കുന്നു' അദ്ദേഹം ചോദിച്ചു. ''ഞാന്‍ ദൈവസ്മരണയിലായിരിക്കെ നിങ്ങള്‍ക്ക് ക്രിയ പൂര്‍ത്തീകരിക്കാം.'' എന്നാല്‍ ശസ്ത്രക്രിയക്കിടെ അദ്ദേഹത്തിന് ബോധം നഷ്ടപ്പെട്ടു.
ബോധം തെളിഞ്ഞപ്പോള്‍ തന്റെ പതിവ് ഖുര്‍ആന്‍ പാരായണം സാധിക്കാത്തതിലായിരുന്നു അദ്ദേഹത്തിന് ദുഃഖം. തന്റെ യൗവ്വനകാലത്ത് തുടങ്ങിവെച്ചതായിരുന്നു ആ പതിവ്. ഈ സംഭവങ്ങള്‍ക്ക് ശേഷം നാട്ടില്‍ മടങ്ങിയെത്തിയ ഉര്‍വ സുഹൃത്തുക്കളോട് പറഞ്ഞത്, ''അല്ലാഹു എനിക്ക് കൂടുതല്‍ തന്നു. കുറച്ചു മാത്രം മടക്കിയെടുത്തു. അതെ, നാലു മക്കളെ തന്നു. അതില്‍ ഒരാളേ പോയുള്ളൂ. മൂന്നു പേര്‍ ബാക്കിയുണ്ട്. ശരീരത്തിന് രോഗം ബാധിച്ചു. ഇപ്പോള്‍ രോഗശമനം നല്‍കി.''
അദ്ദേഹത്തിന്റെ തത്ത്വോപദേശങ്ങള്‍ ഇങ്ങനെ: ''ദാനവും ധര്‍മവും നാം അല്ലാഹുവിലേക്കയക്കുന്ന ഉപഹാരങ്ങളാണ്. അവന് അര്‍പ്പിക്കുന്ന കാഴ്ചകളും. ആര്‍ക്കായാലും ഉപഹാരം നല്‍കുന്നത് നല്ലതായിരിക്കണം. അല്ലാഹുവിന് സമര്‍പ്പിക്കുന്നതാവട്ടെ ഏറ്റവും മികച്ചതും മികവുറ്റതുമായിരിക്കണം. അല്ലാഹു മാന്യനും മഹാനുമത്രെ. സദ്വിചാരവും സല്‍ക്കര്‍മവും മാത്രം അല്ലാഹുവിന് സമര്‍പ്പിക്കുക.''
തന്റെ മക്കളെ അദ്ദേഹം ഉപദേശിച്ചു: ''ഒരാളില്‍ ഒരു നന്മ കണ്ടാല്‍ മനസ്സിലാക്കുക, അയാളില്‍ വേറെയും നന്മകള്‍ മറഞ്ഞുകിടപ്പുണ്ട്. ആളുകള്‍ അയാളെക്കുറിച്ച് എത്ര മോശം പറഞ്ഞാലും. ഇനി ഒരാളില്‍ തിന്മ കണ്ടാല്‍ മനസ്സിലാക്കണം, അയാളില്‍ ഇത്തരം വേറെയും തിന്മകള്‍ കണ്ടേക്കാം. ആളുകള്‍ അയാളെക്കുറിച്ച് എത്ര നന്മ എടുത്തോതിയാലും ശരി.''
മുഹമ്മദുബ്‌നു മുന്‍കദിര്‍ പറയുന്നു: ഉര്‍വത്തുബ്‌നു സുബൈറുമായി കണ്ടുമുട്ടിയപ്പോള്‍ എന്റെ കൈപിടിച്ച് അദ്ദേഹം പറഞ്ഞു: ''അബൂ അബ്ദുല്ല! ഞാന്‍ ഉമ്മുല്‍ മുഅ്മിനീന്‍ ആഇശയുടെ സന്നിധിയില്‍ ചെന്നു. അവര്‍ എന്നെ നോക്കി പറഞ്ഞു: 'എന്റെ പ്രിയ മകനേ, ഞങ്ങള്‍ റസൂല്‍ തിരുമേനിയുടെ ഗൃഹത്തില്‍ നാല്‍പത് രാത്രിയോളം വിളക്ക് കത്തിക്കാനാവാതെ, അടുപ്പു പുകക്കാനില്ലാതെ കഴിച്ചുകൂട്ടിയിട്ടുണ്ട്.' 'തീ കത്തിക്കാതെ നിങ്ങള്‍ പിന്നെ എങ്ങനെ ജീവിതം കഴിച്ചുകൂട്ടി?' ഞാന്‍ ചോദിച്ചു. അവരുടെ മറുപടി: കാരക്കയും വെള്ളവും കൊണ്ട്.''
മരണവേളയില്‍ ഉര്‍വ നോമ്പുകാരനായിരുന്നു. ഈ സമയം ആളുകള്‍ അദ്ദേഹത്തിന് വെള്ളം നല്‍കാന്‍ തുനിഞ്ഞു. എന്നാല്‍ പരലോകത്ത് ഹൗളുല്‍ കൗസറില്‍നിന്ന് നല്‍കുന്ന വെള്ളം കുടിച്ച് നോമ്പ് തുറക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. ആ ധന്യജീവിതത്തിന് തന്റെ 71-ാമത്തെ വയസ്സില്‍ തിരശ്ശീല വീണു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 74-79
എ.വൈ.ആര്‍