Prabodhanm Weekly

Pages

Search

2013 മെയ്‌ 31

ആത്മീയതയിലൂന്നിയ രാഷ്ട്രീയം കാലഘട്ടത്തിന്റെ സവിശേഷത

സല്‍മാ യാഖൂബ്‌

കോഴിക്കോട്: ആത്മീയതയിലൂന്നിയ രാഷ്ട്രീയ ഇടപെടല്‍ കാലഘട്ടത്തിന്റെ സവിശേഷതയാണെന്ന് ബ്രിട്ടനിലെ റെസ്‌പെക്ട് പാര്‍ട്ടി മുന്‍ ചെയര്‍പേഴ്‌സനും പ്രശസ്ത യുദ്ധവിരുദ്ധ പ്രവര്‍ത്തകയുമായ സല്‍മാ യാഖൂബ് പറഞ്ഞു. മതവിശ്വാസികളും മതേതര വിശ്വാസികളും കൈകോര്‍ക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനം ഇതിന്റെ ഭാഗമാണ്. നീതിക്ക് വേണ്ടി നിലനില്‍ക്കുകയെന്ന വിശുദ്ധ വേദവാക്യത്തിന്റെ സാമൂഹിക ആവിഷ്‌കാരമാണ് രാഷ്ട്രീയ പ്രവര്‍ത്തനം. സമാധാനത്തിനും സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനം വിശ്വാസം ആവശ്യപ്പെടുന്നുവെന്നും അവര്‍ പറഞ്ഞു. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിച്ച യൂത്ത് സ്പ്രിംഗിന്റെ സമാപന സമ്മേളനം കോഴിക്കോട് കടപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ബ്രിട്ടനുള്‍പ്പെടെ പാശ്ചാത്യ രാജ്യങ്ങളില്‍ യുദ്ധവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമായത് 9/11 ന് ശേഷമാണ്. ഉച്ചത്തില്‍ ശബ്ദിക്കുക അല്ലെങ്കില്‍ നിശബ്ദരായിരിക്കുക എന്നതായിരുന്നു പാശ്ചാത്യ ലോകത്തെ മുസ്‌ലിംകള്‍ക്കു മുന്നിലുണ്ടായിരുന്ന സാധ്യത. ശബ്ദിക്കാന്‍ തീരുമാനിച്ചവരില്‍ ഒരാളാണ് താന്‍. ശക്തമായ എതിര്‍പ്പുകള്‍ പൊതുസമൂഹത്തില്‍ നിന്നും മുസ്‌ലിം സമൂഹത്തില്‍നിന്നും നേരിട്ടിട്ടുണ്ട്. എന്നാല്‍ പോരാട്ട രംഗത്ത് തുടരുന്തോറും കൂടുതല്‍ ശക്തി ലഭിക്കുന്നതാണ് കാണാന്‍ കഴിയുന്നതെന്നും അവര്‍ പറഞ്ഞു. വ്യത്യസ്ത ആശയഗതികള്‍ക്കും ജനകീയ പ്രസ്ഥാനങ്ങള്‍ക്കും ജനകീയ പ്രവര്‍ത്തനങ്ങള്‍ക്കുമിടയില്‍ പൊതു ഇടം രൂപപ്പെടുത്തിയെടുക്കാനാണ് സോളിഡാരിറ്റി ശ്രമിച്ചതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.ഐ നൗഷാദ് പറഞ്ഞു. ഇസ്‌ലാമിന്റെ സാന്നിധ്യമായി മാറിയ സോളിഡാരിറ്റി സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമായാണ് പത്താംവര്‍ഷത്തിലേക്ക് കടന്നത്. സോളിഡാരിറ്റിയുടെ ഇടപെടലുകളോട് കേരളത്തിലെ മാധ്യമങ്ങളും വിവിധ സംഘങ്ങളും അക്കാദമിക സമൂഹവും സ്വീകരിച്ച നിലപാട് സ്വയം ഓഡിറ്റിംഗിന് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അമേരിക്കന്‍ ചിന്തകനും ആക്ടിവിസ്റ്റുമായ നോര്‍മന്‍ ഫിങ്കല്‍സ്റ്റീന്‍, കവി സച്ചിദാനന്ദന്‍, ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍, ജമാഅത്തെ ഇസ്‌ലാമി കേരളാ അമീര്‍ ടി. ആരിഫലി, സോളിഡാരിറ്റി മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ കൂട്ടില്‍ മുഹമ്മദലി, ഹമീദ് വാണിയമ്പലം, പി മുജീബുര്‍റഹ്മാന്‍ എന്നിവരും സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം സ്വാഗതവും കളത്തില്‍ ഫാറൂഖ് നന്ദിയും പറഞ്ഞു. വേദിയില്‍ ലോകത്തിലെ വിവിധ ഭാഗങ്ങളിലെ ജനകീയ പോരാളികളുടെ പ്രശസ്തമായ സമരപ്പാട്ടുകള്‍ റെവല്യൂഷന്‍ ബാന്‍ഡ് അരങ്ങേറി. അറബ് ലോകത്തെ നാദവിസ്മയമായ മലയാളി ബാലന്‍ നാദിര്‍ അബ്ദുസ്സലാം നേതൃത്വം നല്‍കി.
യൂത്ത് സ്പ്രിംഗിന്റെ ഭാഗമായി മൂന്ന് ദിവസങ്ങളിലായി വിവിധ സെഷനുകളില്‍ വ്യത്യസ്ത പരിപാടികള്‍ നടന്നു. യുവജന രാഷ്ട്രീയ സിംപോസിയം മാധ്യമം-മീഡിയ വണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവര്‍ത്തകനായ രാജീവ് ശങ്കരന്‍, എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റിയംഗം അജയ് ആവള, സലീന പ്രക്കാനം (ഡി.എച്ച്.ആര്‍.എം), ജുനൈദ് കടക്കല്‍ (കെ.എം.വൈ.എഫ്), ശശി പന്തളം (വെല്‍ഫയര്‍ പാര്‍ട്ടി), യഹ്‌യാഖാന്‍ (ഐ.എസ്.എം), നിസാര്‍ മേത്തര്‍ (പി.ഡി.പി), താജുദ്ദീന്‍ മട്ടന്നൂര്‍ (ഐ.എന്‍.എല്‍), പി.എം ശ്രീകുമാര്‍ (എ.ഐ.ഡി.വൈ.ഒ), പ്രമോദ് സമീര്‍ (മദ്യനിരോധന സമിതി), ടി. ശാക്കിര്‍ (സോളിഡാരിറ്റി), എഴുത്തുകാരായ സി.കെ അബ്ദുല്‍ അസീസ്, ഡോ. അസീസ് തരുവണ എന്നിവര്‍ സംസാരിച്ചു. കെ.എം മഖ്ബൂല്‍ അധ്യക്ഷം വഹിച്ചു. എന്‍.കെ അബ്ദുസ്സലാം സ്വാഗതവും സുബ്ഹാന്‍ ബാബു നന്ദിയും പറഞ്ഞു. അറബ് വസന്തം, വാള്‍സ്ട്രീറ്റ്, അണ്ണാ ഹസാരെ പ്രസ്ഥാനം, കൂടംകുളം സമരം, കേരളത്തിലെ വിവിധ ജനകീയ മുന്നേറ്റങ്ങള്‍ തുടങ്ങിയ ഇടപെടലുകളില്‍ ആവിഷ്‌കരിക്കപ്പെട്ട വിവിധ സമരരീതികളുടെ ദൃശ്യാവിഷ്‌കാരവും പാനല്‍ ചര്‍ച്ചയും നടന്നു. ജെ.എന്‍.യുവിലെ പശ്ചിമേഷ്യന്‍ പഠനവിഭാഗം തലവന്‍ എ.കെ. രാമകൃഷ്ണന്‍, മുത്തുകൃഷ്ണന്‍, ടി.കെ. ഫാറൂഖ്, ഷഹീന്‍ കെ. മൊയ്തുണ്ണി, എസ്. ഖമറുദ്ദീന്‍, വൈ. ഇര്‍ഷാദ് എന്നിവര്‍ സംസാരിച്ചു. യൂത്ത് ക്ലബ്ബുകളുടെ ഗ്രാന്റ് ഫിനാലെയില്‍ വികാസ് വടക്കുംപുറം (മലപ്പുറം), സൗപര്‍ണ്ണിക പബ്ലിക്ക് ലൈബ്രറി ആന്റ് ക്ലബ് തിരുവമ്പാടി (കോഴിക്കോട്), വിവേകാനന്ദ സേവാ കേന്ദ്രം (തൃശൂര്‍) എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കഥയുടെ രാഷ്ട്രീയത്തെ വിശകലനം ചെയ്തുകൊണ്ട് നടന്ന കഥാവേദി പുതിയ അനുഭവമായി. പ്രശസ്ത സാഹിത്യ നിരൂപകന്‍ ഇ.വി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.പി രാമനുണ്ണിയുടെ ചില മതേതര സംസാരങ്ങള്‍ എന്ന കഥ അവതരിപ്പിച്ചുകൊണ്ട് പി.എ.എം ഹനീഫ് കഥാവേദിക്ക് തുടക്കം കുറിച്ചു. മതഭ്രാന്തന്‍, മെറൂണ്‍, കമ്മാരന്റെ തിരോധാനം, മലബാര്‍ സര്‍ക്കസ്, അലിഗഢില്‍ ഒരു പശു, 1975-ല്‍ പോസ്റ്റുചെയ്ത ഒരു കഥ, കറുത്ത ഏടുകള്‍, പാത്തുമ്മയുടെ താടിവെച്ച ആട്, ലൈവ് ടെലികാസ്റ്റ്, നഗരച്ചൂട് എന്നീ കഥകള്‍ നൗഷാദ് ഇബ്‌റാഹീം, എല്‍സി, സുകുമാരന്‍, കെ.എസ് കോയ എന്നിവര്‍ അവതരിപ്പിച്ചു. ശിഹാബുദ്ദീന്‍ പൊയ്തുംകടവ്, സുസ്‌മേഷ് ചന്ദ്രോത്ത്, അന്‍വര്‍ അബ്ദുല്ല, ടി.പി വേണുഗോപാല്‍, ശിവറാം, ഇന്ദുമേനോന്‍, ഹക്കീം ചോലയില്‍, ഫൈസല്‍ കൊച്ചി, ബേബി തോമസ്, സലീം കുരിക്കളകത്ത് എന്നിവര്‍ സംസാരിച്ചു. 'യൗവന വസന്തം-സോളിഡാരിറ്റിയുടെ പത്ത് വര്‍ഷങ്ങള്‍' എന്ന പുസ്തകം ഇ.വി രാമകൃഷ്ണനില്‍നിന്നും കെ.പി രാമനുണ്ണി ഏറ്റുവാങ്ങി. പ്രതീക്ഷ ബുക്‌സ് എഡിറ്റര്‍ സമദ് കുന്നക്കാവ് അധ്യക്ഷത വഹിച്ചു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-18 / അല്‍ കഹ്ഫ് / 60
എ.വൈ.ആര്‍