ഫിഖ്ഹിന്റെ ചരിത്രം 5 / നിമയനിദാന ശാസ്ത്രം
മുസ്‌ലിം സമൂഹത്തിന് എന്തുകൊണ്ടും അഭിമാനിക്കാവുന്ന ഒരു വിഷയമാണിത്. ചരിത്രത്തിന്റെ ഓരോ സന്ധിയിലും വ്യത്യസ്ത ജനവിഭാഗങ്ങള്‍ നിയമത്തിന് അവരുടേതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഈ രംഗത്ത് മുസ്‌ലിംകളുടെ ഏറ്റവും വലിയ സംഭാവന എന്ന് പറയാവുന്നത് നിയമനിദാന ശാസ്ത്ര(ഉസ്വൂലുല്‍ ഫിഖ്ഹ്)മാണ്. മുസ്‌ലിംകളുടെ ആഗമനത്തിന് മുമ്പും ലോകത്ത് നിയമങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ, നിയമത്തിന് അടിസ്ഥാനമായി വര്‍ത്തിക്കുന്ന തത്ത്വങ്ങള്‍ ഉണ്ടായിരുന്നില്ല. ഇന്നും മറ്റു ജനവിഭാഗങ്ങളില്‍ നിയമത്തിനൊരു നിദാനശാസ്ത്രം കണ്ടെത്തുക സാധ്യമല്ല. അത് മുസ്‌ലിംകളുടെ മാത്രം സംഭാവനയാണ്. നിയമശാസ്ത്രത്തിലെ വലിയൊരു വിടവാണ് അങ്ങനെയവര്‍ നികത്തിയത്.
എല്ലാ സമൂഹത്തിനും നിയമങ്ങളുണ്ട്. അവ രണ്ട് തരത്തിലുള്ളതായിരിക്കും. ഒന്നാമത്തേത് അലിഖിത നിയമം. ആചാരങ്ങളും പാരമ്പര്യങ്ങളുമൊക്കെ ഉള്‍ക്കൊള്ളുന്നതാണത്. ചരിത്രാതീത കാലം മുതല്‍ക്ക് തന്നെ ഇത് എല്ലാ ജനസമൂഹങ്ങളിലും ഉണ്ടായിരുന്നു. ഈ അലിഖിത നിയമം ഉണ്ടാക്കിയതാരെന്നോ സമാഹരിച്ചതാരെന്നോ നമുക്കറിയില്ല. പക്ഷേ, അതനുസരിച്ച് എല്ലാവരും ജീവിച്ചും പ്രവര്‍ത്തിച്ചും വന്നു. മറ്റൊരുതരം നിയമം രാജാവോ ഭരണാധികാരിയോ ഒക്കെ അടിച്ചേല്‍പിക്കുന്നതാണ്. ഇത് പൊതുവെ എഴുതപ്പെട്ട നിലയില്‍ തന്നെ നമുക്ക് ലഭ്യമായിട്ടുണ്ട്. ചുരുക്കത്തില്‍, മനുഷ്യന്‍ ഓരോ കാലത്തെയും ആവശ്യമനുസരിച്ച് നിയമങ്ങള്‍ ഉണ്ടാക്കിപ്പോന്നു. അതിനൊത്ത് ജീവിതം ക്രമപ്പെടുത്തി. അതിനാല്‍ നിയമം ഏതൊരു സമൂഹത്തിന്റെയും അടിസ്ഥാന ഗുണമാണെന്ന് പറയാം.
ലിഖിത നിയമത്തെക്കുറിച്ച് പറയുകയാണെങ്കില്‍ നമുക്ക് ലഭിച്ച ആ സ്വഭാവത്തിലുള്ള ഏറ്റവും പൗരാണികമായ നിയമം ഹമ്മുറാബിയുടേതാണ്. ഇറാഖിലെ രാജാവായിരുന്നു ഹമ്മുറാബി. ഏറ്റവും പുതിയ പാശ്ചാത്യ ഗവേഷണമനുസരിച്ച്, നിംറോദ് എന്ന് പറയപ്പെടുന്ന ആള്‍ തന്നെ ഈ ഹമ്മുറാബി. അബ്രഹാം പ്രവാചകന്റെ സമകാലികനായിരുന്നല്ലോ നിംറോദ് (ബി.സി 1800). ഇറാനില്‍ ഈയടുത്ത് നടത്തിയ ഉത്ഖനനത്തില്‍ സൂസ് (Sus) എന്ന പ്രദേശത്ത് നിന്ന് രണ്ട് മനുഷ്യമുഖങ്ങള്‍ ആലേഖനം ചെയ്ത ഒരു കറുത്ത കല്ല് കണ്ടെത്തുകയുണ്ടായി. ഇതിലൊരു രൂപം ദൈവത്തെയും മറ്റേ രൂപം ഹമ്മുറാബിയെയും പ്രതിനിധാനം ചെയ്യുന്നു. ദൈവത്തില്‍ നിന്ന് ഹമ്മുറാബി നിയമം സ്വീകരിക്കുന്നതായാണ് സങ്കല്‍പിക്കപ്പെട്ടിരിക്കുന്നത്. ഈ കറുത്ത കല്ല് ഒരു തൂണിന്റെ ആകൃതിയിലാണ്. അതില്‍ മൈഖി(Maikhi) ലിപിയില്‍ നിയമങ്ങള്‍ കൊത്തിവെച്ചിരിക്കുന്നു. പാശ്ചാത്യ ഗവേഷകര്‍ ഈ ലിപി മനസ്സിലാക്കിയെടുക്കുകയും വിവിധ ലോക ഭാഷകളിലേക്ക് ആ നിയമങ്ങള്‍ പരിഭാഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
നിയമത്തിന്റെ ഏറ്റവും പൗരാണിക മാതൃക തന്നെയാണത്. അതിനര്‍ഥം അതാണ് ഏറ്റവും മികച്ചത് എന്നല്ല. ഒരു ഉദാഹരണം പറയാം. ഈ നിയമസംഹിതയില്‍ പ്രതിക്രിയാ നടപടികളുണ്ട്. എന്നാല്‍, ഹമ്മുറാബിയുടെ ഉപദേശകര്‍ അതിനെ പരിഹാസ്യമായ തലത്തോളം വലിച്ചുനീട്ടുകയുണ്ടായി. ഒരാള്‍ മറ്റൊരാളുടെ പശുവിനെ കൊന്നാല്‍, കുറ്റവാളിയുടെ പശുവിനെ തിരിച്ചും കൊല്ലണം എന്നാണ് നിയമം! യഥാര്‍ഥത്തില്‍ പശു നഷ്ടപ്പെട്ടയാള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയാണല്ലോ വേണ്ടിയിരുന്നത്. പക്ഷേ, ഇവിടെ മറ്റൊരു പശുവിനെക്കൂടി കൊല്ലണം എന്ന നിയമം സമൂഹത്തിന്റെ മേല്‍ അടിച്ചേല്‍പിക്കുകയാണ്. പശുവിന് പകരം പശു എന്നൊരു ശിക്ഷാരീതിയാണ് ഉണ്ടാക്കിവെച്ചിരിക്കുന്നത്.
ഒരാളുടെ മകളെ മറ്റൊരാള്‍ കൊന്നാലും ഇതേ രീതിയില്‍ തന്നെയാണ് നിയമം. കുറ്റവാളിയെ അല്ല, അയാളുടെ നിരപരാധിയായ മകളെയാണ് പകരം കൊല്ലേണ്ടത്. കാരണം മകള്‍ക്ക് പകരം മകള്‍ എന്നതാണ് ഇവിടെ ശിക്ഷാരീതി. ഒരുതരം ഉരുളക്ക് ഉപ്പേരി പ്രതികാരം. ഇവിടെ നാം കാണുന്നത് ഒരു നിയമതത്ത്വത്തെ അപഹാസ്യമാംവിധം വലിച്ചു നീട്ടി അതിന്റെ എല്ലാ അന്തസ്സത്തയും നശിപ്പിക്കുന്നതാണ്. ഇക്കാലത്ത് ജീവിക്കുന്ന നമുക്കൊരിക്കലും ഈ ഹമ്മുറാബിയന്‍ പ്രതിക്രിയാ രീതി ഉള്‍ക്കൊള്ളാനാവുകയില്ല. എന്നാല്‍, നാലായിരം കൊല്ലം മുമ്പ് ജീവിച്ച ജനങ്ങള്‍ ദൈവത്താല്‍ നല്‍കപ്പെട്ട വളരെ നീതിയുക്തമായ നിയമമാണിതെന്നാണ് വിശ്വസിച്ചിരുന്നത്.
ഹമ്മുറാബിയുടേതല്ലാത്ത മറ്റു പൗരാണിക നിയമങ്ങളും നാം ചരിത്രത്തില്‍ കണ്ടെത്തുന്നുണ്ട്. ഈജിപ്തിലെ ഹിറോഗ്ലിഫിക്‌സ് ലിഖിതങ്ങളില്‍ നിയമങ്ങളെക്കുറിച്ച് പറയുന്നുണ്ട്. റോമന്‍, ഗ്രീക്ക്, ചൈനീസ്, ഇന്ത്യന്‍ പൗരാണിക നിയമങ്ങളും ഉണ്ട്. റെഡ് ഇന്ത്യക്കാര്‍ക്ക് അവരുടേതായ നിയമങ്ങളും. പറഞ്ഞുവരുന്നത് ഓരോ സമൂഹത്തിലും നാഗരികതയിലും നിയമങ്ങള്‍ ഉണ്ടെന്നാണ്. പക്ഷേ, അവിടെയൊന്നും ഒരു നിയമശാസ്ത്രം (Science of Law) നാം കണ്ടെത്തുന്നില്ല. അത് ചെയ്യരുത്, ഇത് ചെയ്യൂ എന്ന രീതിയിലുള്ള കുറെ നിയമങ്ങളുടെ സമാഹാരം മാത്രമാണുള്ളത്. നിയമത്തിന് ആധാരമായ തത്ത്വങ്ങള്‍ (Principles) ഈ നിയമങ്ങള്‍ക്ക് പിറകിലൊന്നും ഇല്ല. നിയമത്തിന്റെ സ്വഭാവം എന്താവണം? എങ്ങനെയാണത് നിര്‍മിക്കേണ്ടതും ഭേദഗതി ചെയ്യേണ്ടതും? നിയമത്തെ എങ്ങനെയാണ് വ്യാഖ്യാനിക്കേണ്ടത്? രണ്ട് നിയമങ്ങള്‍ വിരുദ്ധമായി വന്നാല്‍ എന്തു ചെയ്യണം? ഇസ്‌ലാമിന്റെ ആവിര്‍ഭാവം വരെ നിയമത്തിന് ആധാരമായ ഒരു തത്ത്വസംഹിത ജനസമൂഹങ്ങളില്‍ ഉണ്ടായിരുന്നില്ല എന്ന് ചുരുക്കം. ഇസ്‌ലാമിന്റെ ആദ്യ രണ്ട് നൂറ്റാണ്ടുകളില്‍ മുസ്‌ലിം നിയമജ്ഞര്‍ ഈ പഠനശാഖയില്‍ സുപ്രധാനമായ സംഭാവനകളാണ് നല്‍കിയത്.
നിയമത്തിന്റെ നിദാന തത്ത്വങ്ങള്‍
നിയമത്തിന്റെ നിദാന തത്ത്വങ്ങള്‍ എന്നത് ഇസ്‌ലാമിക നിയമത്തിന് മാത്രം ബാധകമായ ഒന്നല്ല. ലോകത്തെ സകല നിയമങ്ങള്‍ക്കും അത് ബാധകമാക്കാവുന്നതാണ്. റോമക്കാര്‍, ഗ്രീക്കുകാര്‍, ഇന്ത്യക്കാര്‍, ചൈനക്കാര്‍ തുടങ്ങി സകല ജനവിഭാഗങ്ങളോടും നമുക്ക് താഴെ പറയുന്ന ചോദ്യങ്ങള്‍ ചോദിക്കാം: നിങ്ങള്‍ എങ്ങനെയാണ് നിയമത്തെ നോക്കിക്കാണുന്നത്? ആരാണ് നിയമം നിര്‍മിക്കുന്നത്, എങ്ങനെ, എപ്പോള്‍? അത് മാറ്റുകയോ ഭേദഗതി ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യുന്നത് എങ്ങനെയാണ്? നിയമത്തിന് ആധാരമായിരിക്കുന്ന തത്ത്വങ്ങള്‍ എന്താണ്? ഓരോ ജനവിഭാഗവും നല്‍കുന്ന ഉത്തരം വ്യത്യസ്തമായിരിക്കും. അതേസമയം, നിയമത്തിന് ആധാരമായിരിക്കുന്ന തത്ത്വങ്ങള്‍ എന്ന ആശയം ആദ്യമായി വികസിപ്പിച്ചെടുത്തത് മുസ്‌ലിംകളെന്ന് കാണാന്‍ കഴിയും. അവരതിന് പറഞ്ഞിരുന്നത് ഉസ്വൂലുല്‍ ഫിഖ്ഹ് എന്നാണ്. ഈ പേര് എങ്ങനെ വന്നു എന്ന് നമുക്കറിയില്ല. എന്റെ ഒരു ഊഹം പറയാം. 'ഉത്കൃഷ്ട വാക്യത്തിന് അല്ലാഹു ഉപമ പറഞ്ഞിരിക്കുന്നത് എങ്ങനെയെന്ന് നീ കണ്ടില്ലേ? ഭൂമിയില്‍ വേരുറച്ചതും ആകാശത്ത് പടര്‍ന്നതുമായ ഒരു വൃക്ഷം പോലെയാണത്....' എന്ന വിഖ്യാതമായ ഖുര്‍ആനിക സൂക്ത(14:24)ത്തില്‍ നിന്നാണ് അതിന്റെ പിറവി എന്നാണെന്റെ വാദം. ഈ വാക്യത്തില്‍ അര്‍ഥ സമ്പുഷ്ടമായ രണ്ട് വാക്കുകള്‍ പ്രയോഗിച്ചിട്ടുണ്ട്. വേര് (അസ്വ്ല്‍) എന്നും ശാഖ(ഫര്‍അ്) എന്നും. നിയമത്തിന് ആധാരമായിരിക്കുന്ന തത്ത്വങ്ങള്‍ അടിവേരായതുകൊണ്ടാണ് നിയമജ്ഞര്‍ അതിനെ ഉസ്വൂല്‍ എന്ന് വിളിക്കുന്നത്. നിയമങ്ങളെല്ലാം തന്നെ അതില്‍നിന്ന് കിളിര്‍ത്ത് വരുന്ന ശാഖകള്‍ (ഫുറൂഅ്) ആണ്. ഉസ്വൂലിന്റെ ഭാഷാര്‍ഥം വേരുകള്‍ എന്നു തന്നെയാണ്. നിയമത്തിന്റെ ആധാരശിലകളാണ് സാങ്കേതികമായി അതുകൊണ്ട് അര്‍ഥമാക്കുന്നത്.
ഇത് സംബന്ധമായ ആദ്യ കൃതികളെഴുതിയത് മുസ്‌ലിം നിയമജ്ഞരാണ്. പത്തൊമ്പതാം നൂറ്റാണ്ട് വരെ മറ്റൊരു ജനവിഭാഗവും ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നില്ല. 1928-ല്‍ കൗണ്ട് ഒസ്‌ട്രോറോഗ്(Ostrorog) എന്നൊരു ഫ്രഞ്ച് പ്രഫസര്‍ ഇംഗ്ലീഷില്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. അങ്കോറ റിഫോം എന്നായിരുന്നു അതിന്റെ പേര്. ലണ്ടന്‍ യൂനിവേഴ്‌സിറ്റിയുടെ ശതാബ്ദിയോടനുബന്ധിച്ച് അദ്ദേഹം നടത്തിയ പ്രഭാഷണങ്ങളുടെ സമാഹാരമാണത്. 'അങ്കോറ പരിഷ്‌കരണങ്ങളെ'ക്കുറിച്ചാണ് ആദ്യ പ്രഭാഷണം. തുര്‍ക്കിയില്‍ അത്താതുര്‍ക്ക് മുസ്ത്വഫ കമാല്‍ നടത്തിയ പരിഷ്‌കരണങ്ങളാണ് അതില്‍ ചര്‍ച്ച ചെയ്യുന്നത്. നമുക്കറിയാവുന്നതുപോലെ, മുസ്ത്വഫ കമാല്‍ ഇസ്‌ലാമിക നിയമങ്ങള്‍ റദ്ദാക്കുകയും സ്വിസ്-ഇറ്റാലിയന്‍ നിയമങ്ങള്‍ പകരം വെക്കുകയുമാണ് ചെയ്തത്. തുര്‍ക്കി തൊപ്പി നിരോധിക്കുകയും യൂറോപ്യന്‍ ഹാറ്റ് പരിചയപ്പെടുത്തുകയും ചെയ്തു. അക്കാലത്ത് വളരെ കൈയടി നേടിയ പരിഷ്‌കരണങ്ങളെക്കുറിച്ചാണ് പ്രഭാഷണത്തില്‍ പറയുന്നത്. ഈ പരമ്പരയിലെ രണ്ടാമത്തെ പ്രഭാഷണമാണ് എന്നെ കണ്ണു തുറപ്പിച്ചത്. 'നിയമത്തിന്റെ അടിവേരുകള്‍' എന്നതായിരുന്നു വിഷയം. നിയമനിദാന ശാസ്ത്രം ലോകത്തിന് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനയാണ് എന്നാണ് അതിലദ്ദേഹം സമര്‍ഥിക്കുന്നത്.
(തുടരും)
Comments