Prabodhanm Weekly

Pages

Search

2013 മെയ്‌ 31

അസ്ഗര്‍ അലി എഞ്ചിനീയര്‍ (1939-2013) ഒരു ഇന്ത്യന്‍ മുസ്‌ലിം ജീവിതകഥ

കെ. അഷ്‌റഫ് / ലേഖനം

ചിന്തകനും എഴുത്തുകാരനും ആക്റ്റിവിസ്റ്റും ഒക്കെ ആയിരുന്ന അസ്ഗര്‍ അലി എഞ്ചിനീയര്‍ കഴിഞ്ഞ മെയ് പതിനാലിന് അന്തരിച്ചു. 1939-ല്‍ രാജസ്ഥാനിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റേത് മഹാരാഷ്ട്രയില്‍ വേരുകളുള്ള ഒരു ബോറ കുടുംബമായിരുന്നു. പിതാവ് ഖുര്‍ബാന്‍ ഹുസൈനില്‍ നിന്നാണ് അദ്ദേഹം ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ് ഇവയൊക്കെ പഠിക്കുന്നത്. ചെറുപ്പകാലത്ത് കുടുംബത്തോടൊപ്പം ഉത്തരേന്ത്യയുടെ പല ഭാഗങ്ങളില്‍ ജീവിച്ച അസ്ഗര്‍ അലി എഞ്ചിനീയര്‍ അറുപതുകളില്‍ ബോംബെ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ എഞ്ചിനീയറായി ജോലിയില്‍ പ്രവേശിച്ചിരുന്നു. പിന്നീട് ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളില്‍ ജോലി രാജി വെച്ച് മുഴു സമയ സാമൂഹിക പ്രവര്‍ത്തകനായി. അമ്പത്തിരണ്ട് പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.1980-ലാണ് അദ്ദേഹം സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് സ്ഥാപിച്ചത്. അതിനു ശേഷം 1993-ല്‍ സെന്റര്‍ ഫോര്‍ സ്റ്റഡീ ഓഫ് സൊസൈറ്റി ആന്റ് സെക്യുലരിസത്തിന് തുടക്കമിട്ടു. ഏഷ്യന്‍ മുസ്‌ലിം നെറ്റ്‌വര്‍ക്ക് പോലുള്ള കൂട്ടായ്മകളില്‍ അദ്ദേഹം ഏറെ താല്‍പര്യത്തോടെ പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ ആദ്യ പുസ്തകം ബോറ സമുദായത്തിന്റെ ഒരു സാമൂഹിക ചരിത്രമാണ്. കേരള മുസ്‌ലിം ചരിത്രത്തെ കുറിച്ച് അദ്ദേഹം ഒരു പുസ്തകം എഡിറ്റ് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ആത്മകഥ എ ലിവിംഗ് ഫെയ്ത്ത്: മൈ ക്വസ്റ്റ് ഫോര്‍ പീസ്, ഹാര്‍മണി ആന്റ് സോഷ്യല്‍ ചെയിഞ്ച് 2011-ലാണ് പ്രസിദ്ധീകരിച്ചത്.
എഞ്ചിനീയറുടെ ഇന്ത്യന്‍ ആക്ടിവിസത്തിന് നാല് പ്രധാന മേഖലകള്‍ ഉണ്ടായിരുന്നു. സ്വന്തം സമുദായമായ ബോറ ഇസ്മാഈലീ ജീവിതത്തെ പരിഷ്‌കരിക്കാനുള്ള ശ്രമം ആയിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ പതിഞ്ഞ ഒരു മേഖല. അതേസമയം തന്നെ ഇന്ത്യന്‍ മുസ്‌ലിം എന്ന സങ്കല്‍പവുമായും അദ്ദേഹം ഏറെ ബന്ധപ്പെട്ടിരുന്നു. ഇന്ത്യന്‍ മതേതര ജനാധിപത്യത്തിന്റെ പ്രശ്‌നങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. ഇങ്ങനെ മൂന്നു സാഹചര്യങ്ങളുമായി സംവദിച്ച എഞ്ചിനീയര്‍ നാലാമതായി ലോക പ്രശസ്തനായ, ലോകം മുഴുവന്‍ വായനക്കാരുള്ള ഒരു ചിന്തകനും ആയിരുന്നു. ഇന്ത്യയില്‍ അദ്ദേഹം ഏറെ അറിയപ്പെട്ടത് സാമുദായിക മൈത്രി, മത നവീകരണം, മതവും വിമോചനവും എന്നീ മേഖലകളിലായിരുന്നു.
ഇന്ത്യയിലെ മറ്റു പല മുസ്‌ലിം ഉപ വിഭാഗങ്ങളില്‍ നിന്നും വ്യത്യസ്തരായ ബോറ മുസ്‌ലിംകള്‍ വേറിട്ട ഒരു സാമുദായിക ജീവിതമാണ് നയിച്ചത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഈ മേഖലയിലുള്ള പ്രവര്‍ത്തനങ്ങള്‍ വളരെ ദുഷ്‌കരമായിരുന്നു. തന്റെ സമുദായവുമായി ഏറെ പ്രത്യേകതകളുള്ള ബന്ധം സൂക്ഷിച്ച എഞ്ചിനീയര്‍, പല തരത്തിലുള്ള യാഥാസ്ഥിതിക സമീപനങ്ങളുടെയും വിമര്‍ശകനായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം പല തവണ ശാരീരികമായി കൈയേറ്റം ചെയ്യപ്പെട്ടു. തന്റെ ഉമ്മയെ കാണാന്‍ പോലും അദ്ദേഹത്തെ ബോറ സമുദായ നേതാക്കള്‍ അനുവദിച്ചില്ല. എങ്കിലും ബോറകള്‍ക്കിടയില്‍ ഗുണപരമായ ഒരുപാട് പരിവര്‍ത്തനങ്ങള്‍ വരുത്താന്‍ അദ്ദേഹത്തിന് സാധിച്ചുവെന്ന് ജൊന ബ്ലാന്‍കിന്റെ മുല്ലാസ് ഓണ്‍ ദ മെയിന്‍ ഫ്രെയിം: ഇസ്‌ലാം ആന്റ് മോഡേനിറ്റി എമങ്ങ് ദാവൂദി ബോറാസ് എന്ന കൃതിയില്‍ പറയുന്നു.
എഞ്ചിനീയറുടെ മറ്റൊരു പ്രവര്‍ത്തന മേഖല ഇന്ത്യന്‍ മുസ്‌ലിം നവീകരണമായിരുന്നു. മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അടക്കമുള്ള മുസ്‌ലിം പൊതു വേദികളില്‍ നിന്നകന്നു നിന്ന എഞ്ചിനീയര്‍ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള സംഘടനകളില്‍നിന്നും അകന്നുനിന്നു. ഏതാണ്ടെല്ലാ മുസ്‌ലിം സംഘടനകളെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ ഒരു നല്ല വിമര്‍ശകനായിരുന്നു അദ്ദേഹം. ചില പുസ്തകങ്ങള്‍ തന്നെ ഈ വിഷയകമായി എഴുതിയിട്ടുണ്ട്. ജമാഅത്തിന്റെ ഇസ്‌ലാമിക സ്റ്റേറ്റ് എന്ന ആശയത്തെ കുറിച്ച് എഞ്ചിനീയര്‍ ഒരു വിമര്‍ശന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇര്‍ഫാന്‍ അഹ്മദിന്റെ ജമാഅത്തിനെക്കുറിച്ചുള്ള പഠനം മുന്‍ നിര്‍ത്തി, ഇന്ത്യന്‍ ജമാഅത്തില്‍ നടക്കുന്ന പല പുനരാലോചനകളെയും ഏറെ മതിപ്പോടെയാണ് അദ്ദേഹം കണ്ടത്. മൗദൂദിയുടെ ഒരു ഉറച്ച വിമര്‍ശകനായിരുന്ന എഞ്ചിനീയര്‍ ജമാഅത്തെ ഇസ്‌ലാമി മനുഷ്യാവകാശം, മത സൗഹാര്‍ദം എന്നീ മേഖലകളില്‍ നടത്തുന്ന ശ്രമങ്ങളെ വില മതിച്ചിരുന്നു (കൗണ്ടര്‍ കറന്റ്‌സ് ഡോട്ട് ഓര്‍ഗ്, 19 നവംബര്‍ 2010). മാത്രമല്ല, മുസ്‌ലിം സ്ത്രീകളെക്കുറിച്ചും ഇസ്‌ലാമിലെ ലിംഗനീതിയെ കുറിച്ചും അദ്ദേഹം ഏറെ എഴുതിയിട്ടുണ്ട്. ജോണ്‍ സി റെയ്ന്‍സും ദാനിയേല്‍ മഗ്വയറും എഡിറ്റ് ചെയ്ത വാട്ട് മെന്‍ ഓസ് ടു വിമന്‍: മെന്‍സ് വോയ്‌സ് ഫ്രം വേള്‍ഡ് റിലീജിയന്‍സ് എന്ന സമാഹാരത്തില്‍ എഞ്ചിനീയറുടെ ലിംഗ നീതിയെ കുറിച്ചുള്ള ചിന്തകള്‍ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട് . ഇന്ത്യയിലെ തന്നെ ഏക സിവില്‍ കോഡിനോട് അദ്ദേഹത്തിന് തത്ത്വത്തില്‍ എതിര്‍പ്പില്ലെങ്കിലും മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ അതംഗീകരിക്കാത്തതു കൊണ്ട് തന്നെ അതതു സമുദായങ്ങള്‍ക്കുള്ളില്‍ നടക്കുന്ന സ്ത്രീ വിമോചന ശ്രമങ്ങളാണ് അദ്ദേഹം മുന്നോട്ട് വെക്കുന്നത്. മാത്രമല്ല, ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ജാതി -വര്‍ഗ മേധവിത്വത്തെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു. ഒരു ഘട്ടത്തില്‍ സര്‍ സയ്യിദ് അഹ്മദ് ഖാനെ പോലുള്ളവരെ അനുകരിച്ചിരുന്ന എഞ്ചിനീയര്‍, സര്‍ സയ്യിദ് ഇന്ത്യയിലെ മുസ്‌ലിം സമീന്ദര്‍മാരുടെ മാത്രം പ്രതിനിധിയാണെന്നും അവരുടെ ആകുലതകളാണ് സര്‍ സയ്യിദ് പരിഗണിച്ചതെന്നും ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ഒരു അംബേദ്കറെ ആവശ്യമുണ്ടെന്നും പറഞ്ഞിട്ടുണ്ട് (ലൈവ് മിന്റ് ഡോട്ട് കോം, സെപ്റ്റംബര്‍ 2011).
എഞ്ചിനീയറെ ഇന്ത്യയിലെ കലാപങ്ങളുടെ രാഷ്ട്രീയത്തെ കുറിച്ച് പഠിക്കുന്ന ഒരു പണ്ഡിതനായും കാണാവുന്നതാണ്. തന്റെ ആത്മകഥയില്‍ അദ്ദേഹം പറയുന്ന പോലെ 1961-ല്‍ നടന്ന ഭഗല്‍പൂര്‍ കലാപമാണ് എഞ്ചിനീയറുടെ ജീവിതത്തെ മാറ്റിമറിച്ച സംഭവം. അന്നു മുതല്‍ എഞ്ചിനീയര്‍ ഇന്ത്യയിലെ വര്‍ഗീയ കലാപം എന്ന് വിളിക്കപ്പെടുന്ന വയലന്‍സുകളുടെ കാരണത്തെ കുറിച്ചും അതിനുള്ള പരിഹാരങ്ങളെ കുറിച്ചും വളരെയേറെ സംസാരിച്ചു. അചിന്‍ വനയികും പോള്‍ ആര്‍. ബ്രാസും ചേര്‍ന്നെഴുതിയ കോംപീറ്റിംഗ് നാഷ്‌നലിസം ഇന്‍ സൗത്ത് ഏഷ്യ: എസ്സേയ്‌സ് ഫോര്‍ അസ്ഗര്‍ അലി എഞ്ചിനീയര്‍ എന്ന പുസ്തകം ഈ രീതിയില്‍ ഓര്‍ക്കാവുന്നതാണ്. വര്‍ഗീയ കലാപങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനങ്ങള്‍ അധികമൊന്നും ആരും സൂക്ഷിച്ചു വായിച്ചിട്ടില്ല എന്നും അദ്ദേഹത്തിന്റെ വിശകലന രീതി മുസ്‌ലിംകളടക്കമുള്ള, കലാപങ്ങള്‍ക്ക് ഏറെ വിധേയരാകുന്ന സമൂഹങ്ങളില്‍ നിന്നുള്ള വിവരണങ്ങളെ പ്രത്യേകമായി കേള്‍ക്കാന്‍ പര്യാപ്തമല്ലെന്നുമുള്ള ഒരു വിമര്‍ശനം ഗ്യാനേന്ദ്ര പണ്ഡേ തന്റെ വളരെ പ്രശസ്തമായ ഇന്‍ ഡിഫന്‍സ് ഓഫ് ഫ്രാഗ്‌മെന്റ്‌സ്: റൈറ്റിംഗ് എബൗട്ട് ഹിന്ദു മുസ്‌ലിം റയറ്റ് ഇന്‍ ഇന്ത്യ ടുഡേയില്‍ നടത്തുന്നുണ്ട്. പലപ്പോഴും 'വര്‍ഗീയത' എന്ന രീതിയില്‍, അങ്ങനെയുള്ള ഒരു പേരും ചട്ടക്കൂടും കൊണ്ട്, ഇന്ത്യയിലെ സാമുദായിക ജീവിതത്തിലെ പ്രത്യേകതകള്‍ എത്രകണ്ട് വിശദീകരിക്കാനാവും എന്നാണ് പണ്ഡേ ചോദിച്ചത്.
ഒരു പക്ഷേ എഞ്ചിനീയറുടെ അന്താരാഷ്ട്ര പ്രശസ്തിക്കു കാരണം അദ്ദേഹം എണ്‍പതുകളുടെ തുടക്കത്തില്‍ എഴുതിയ ഇസ്‌ലാമിക് ലിബറേഷന്‍ തിയോളജി എന്ന പുസ്തകമായിരിക്കും. കേരളത്തില്‍ 1980-ല്‍ നടന്ന ക്രിസ്ത്യന്‍ വിമോചന ദൈവശാസ്ത്ര ചര്‍ച്ചകളില്‍ വരെ അദ്ദേഹം വന്നു സംസാരിച്ചിരുന്നു. കേരളത്തില്‍ ഇസ്‌ലാമിക വായനാ സമൂഹത്തില്‍ അത്ര വിപുലമായി ചര്‍ച്ച ചെയ്യപ്പെടാതെ പോയ ഈ പുസ്തകം ഇറാന്‍, ദക്ഷിണാഫ്രിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ വലിയ ചലനം ഉണ്ടാക്കിയിരുന്നു. ഈ വിഷയകമായി മലയാളത്തില്‍ എഴുതുന്ന പലരും (ഉദാ: കെ.സി വര്‍ഗീസ്) ഇസ്‌ലാമില്‍ വിമോചന ദൈവശാസ്ത്രത്തിന്റെ മേഖലയില്‍ ഒരു അന്വേഷണവും വര്‍ത്തമാന കാലത്ത് നടന്നിട്ടില്ല എന്നാണ് പറയുന്നത്. എഞ്ചിനീയര്‍ക്ക് ശേഷം പില്‍ക്കാലത്ത് ശബ്ബിര്‍ അഖ്തര്‍, ബ്രിട്ടന്റെ റുഷ്ദിയാനന്തര സാഹചര്യത്തിലും, ഫരിദ് ഇസാക്ക് ദക്ഷിണാഫ്രിക്കയില്‍ വര്‍ണവിവേചനത്തിനെതിരെ പൊരുതിയ മുസ്‌ലിം യൂത്ത് മൂവ്‌മെന്റ്, കാള്‍ ഓഫ് ഇസ്‌ലാം, ഖിബ്‌ല എന്നീ മൂന്ന് ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ മുന്‍നിര്‍ത്തിയും ഇസ്‌ലാമിക വിമോചന ദൈവശാസ്ത്രം ചര്‍ച്ച ചെയ്തിരുന്നു. അതതു രാജ്യങ്ങളുടെ സാഹചര്യത്തില്‍ വലിയ രാഷ്ട്രീയ മാറ്റം കൊണ്ടുവരാന്‍ പ്രസ്തുത പുസ്തകങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. എഞ്ചിനീയര്‍ തന്റെ ആത്മകഥയില്‍ ഇങ്ങനെയുള്ള ചില എഴുത്തുകാരുമായുള്ള തന്റെ സൗഹാര്‍ദം പുതുക്കുന്നുണ്ട്. പിന്നീട് ഹാമിദ് ദബാശി, സെപ്റ്റംബര്‍ പതിനൊന്നാനന്തര സാഹചര്യത്തില്‍ പുതിയ രീതിയില്‍ ഇസ്‌ലാമിക വിമോചന ദൈവശാസ്ത്രത്തെ കുറിച്ച് സംസാരിക്കുന്നുണ്ട്.
അസ്ഗര്‍ അലി എഞ്ചിനീയര്‍ ആണ് ഇസ്‌ലാമിക ദൈവശാസ്ത്രം എന്ന ഒരു പരികല്‍പന ആദ്യമായി ഇസ്‌ലാമിക ചിന്താലോകത്ത് കൊണ്ടുവരുന്നതെന്ന് ഷാദബ് റഹ്മത്തുല്ലയെ പോലുള്ള ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ മറ്റു ചിലര്‍ പറയുന്നത്, അലി ശരീഅത്തിയാണ് ഗുസ്താവോ ഗുട്ട്‌റസിന്റെ ചിന്തകള്‍ (വിമോചന ദൈവശാസ്ത്രത്തിന്റെ സ്ഥാപകനായി ഗണിക്കപ്പെടുന്ന പെറുവിലെ ക്രിസ്ത്യന്‍ പുരോഹിതനാണ് ഗുസ്താവോ) കൂടി ആധുനിക ഇസ്‌ലാമിക വിമോചന രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് വാദിച്ചത്. മാത്രമല്ല ശരീഅത്തിയുടെ 'മതം മതത്തിനെതിരെ' എന്ന പുസ്തകമാണ് ഇസ്‌ലാമിക വിമോചന ദൈവ രാഷ്ട്രീയവും ലാറ്റിന്‍ അമേരിക്കന്‍ വിമോചന ദൈവരാഷ്ട്രീയവും തമ്മിലുള്ള ഒരു സംഭാഷണം സാധ്യമാക്കിയതെന്നും ചിലര്‍ വാദിക്കുന്നു. തീര്‍ച്ചയായും എഞ്ചിനീയറുടേത് ഈ അര്‍ഥത്തില്‍ മറ്റു രാജ്യങ്ങളില്‍ നടന്ന ശ്രമങ്ങളെ മുന്‍നിര്‍ത്തി ആലോചിക്കുമ്പോള്‍ വളരെ പരിമിതി നിറഞ്ഞതായിരുന്നു. ആ പരിമിതി അദ്ദേഹം ജീവിച്ച സമുദായത്തിന്റേത് മാത്രമായിരുന്നില്ല എന്നും അദ്ദേഹത്തിന്റെ മെത്തഡോളജി തന്നെ മറ്റു പല ഇസ്‌ലാമിക ചിന്തകരുമായും തട്ടിച്ചു വായിക്കുമ്പോള്‍ ഏറെ ദുര്‍ബലം ആയിരുന്നുവെന്നും എഞ്ചിനീയറെ കുറിച്ച് പഠിച്ച ഷാദബ് തന്റെ പി.എച്.ഡി തിസീസില്‍ പറയുന്നു.
സെക്യുലരിസം, ജനാധിപത്യം, ഫെമിനിസം, ബഹുസ്വരത, ഭീകരത ഇവയെ കുറിച്ച് എഞ്ചിനീയര്‍ നടത്തിയ നിരീക്ഷണങ്ങള്‍ വിശദമായി തന്നെ പഠിക്കേണ്ടതാണ്. മാത്രമല്ല അദ്ദേഹം നടത്തിയ ഖുര്‍ആന്‍, ഹദീസ് എന്നിവയെ കുറിച്ചുള്ള പുതിയ വായനകളും ഏറെ ശ്രദ്ധയോടെ വായിക്കേണ്ടതുണ്ട്. എഞ്ചിനീയറുടെ എഴുത്ത് നേരെ പോ നേരെ വാ മട്ടില്‍ ആയിരുന്നു. അതിന്റേതായ സാധ്യതകളും അസാധ്യതകളും അതിനുണ്ട്. തീര്‍ച്ചയായും വായനയുടെയും എഴുത്തിന്റെയും ലോകത്ത് അദ്ദേഹം സദാ ജീവിച്ചിരിക്കുമെന്നു നമുക്കുറപ്പിക്കാം. യോഗീന്ദര്‍ സിക്കന്ദ്, പാകിസ്താനി ഇസ്‌ലാമിക് ഫെമിനിസ്റ്റായ രിഫത് ഹസാന്‍ തുടങ്ങിയവര്‍ നടത്തിയ ഇടപെടലുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ എഞ്ചിനീയറെ കുറിച്ചുള്ള പഠനങ്ങള്‍ വളരെ വിരളം ആണെന്ന് കാണാം. ഇതില്‍ തന്നെ യോഗീന്ദര്‍ സിക്കന്ദ് മാത്രമാണ് എന്തെങ്കിലും തരത്തില്‍ ഒരു വിമര്‍ശനാത്മക അന്വേഷണം നടത്താന്‍ തയാറായത്.
ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍, ഇടതുപക്ഷക്കാര്‍, ക്രിസ്ത്യന്‍ ദലിത് പ്രസ്ഥാനങ്ങള്‍ ഇവരോടൊക്കെ സംവദിച്ച ഒരു രാഷ്ട്രീയ പ്രവര്‍ത്തകനും ചിന്തകനും ആയിരുന്നു എഞ്ചിനീയര്‍. എഞ്ചിനീയറുടെ ജീവിതം മറ്റൊരര്‍ഥത്തില്‍ കൂടി വളരെ പ്രത്യേകത ഉള്ളതാണ്. ഒരു ശീഈ ഉപ വിഭാഗത്തില്‍ പിറന്ന എഞ്ചിനീയര്‍ ഖബ്‌റടക്കപ്പെട്ടത് ഒരു സുന്നി ഖബ്ര്‍സ്ഥാനിലാണ്. പലപ്പോഴും മുസ്‌ലിംകള്‍ക്ക് ഒരു ഇടതുപക്ഷക്കാരനെന്നും ഇടതുപക്ഷക്കാര്‍ക്ക് ഒരു മുസ്‌ലിമെന്നും തോന്നിയ ജീവിതമായിരുന്നു എഞ്ചിനീയറുടേത്. ഒരേസമയം ഇന്ത്യക്കാരനും മുസ്‌ലിമും ആകുന്ന ഒരു 'ഇന്ത്യന്‍ മുസ്‌ലിം' മാത്രം അഭിമുഖീകരിക്കുന്ന ചോദ്യത്തെ നേരിട്ട അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ഏറെ സൂക്ഷിച്ചു വായിക്കേണ്ടതാണ്. അങ്ങനെയുള്ള വായനകളിലൂടെ അദ്ദേഹം ഇനിയും നമുക്കിടയില്‍ തന്നെ ഉണ്ടാവുമെന്ന് കരുതട്ടെ.

[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-18 / അല്‍ കഹ്ഫ് / 60
എ.വൈ.ആര്‍