ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ്യ
അമീന്‍ കൂട്ടിലങ്ങാടി/
ലക്കം 2801-ല്‍ പ്രസിദ്ധീകരിച്ച ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ്യയെക്കുറിച്ചുള്ള ലേഖനം വായിച്ചു. ഒരു മത വിദ്യാഭ്യാസ സ്ഥാപനം ഇത്രയേറെ മേഖലകളിലേക്ക് വിദ്യാര്‍ഥികളെ സംഭാവന ചെയ്യുന്നുവെന്നത് സന്തോഷകരം തന്നെ. അല്‍ജാമിഅയുടെ പേരും പ്രശസ്തിയും അതിന്റെ അംഗീകാരവും പരിഗണിച്ചാല്‍ കുറച്ചുകൂടി മുന്നേറാം എന്നു തോന്നുന്നു. കേവലം ജമാഅത്തെ ഇസ്‌ലാമി പോഷക സംഘടനകളുടെ നേതൃ രംഗത്തും അനുബന്ധ സ്ഥാപനങ്ങളിലും മാത്രം അല്‍ ജാമിഅ സന്തതികള്‍ ഒതുങ്ങിക്കൂടാതെ മറ്റു രംഗങ്ങളില്‍ കൂടി കഴിവു തെളിയിക്കേണ്ടിയിരിക്കുന്നു.
ജുഡീഷ്യറി, എക്‌സിക്യൂട്ടീവ് തുടങ്ങിയ ഭരണ സിരാ കേന്ദ്രങ്ങളില്‍ പ്രതിനിധികള്‍ ഉണ്ടെങ്കില്‍ മാത്രമേ പുതിയ കാലത്തെ മുന്നേറ്റങ്ങള്‍ സാധ്യമാവൂ. അതിനാല്‍ സിവില്‍ സര്‍വീസ് പോലുള്ള മേഖലകളില്‍ മുന്നേറാന്‍ സാധ്യമാകുന്ന വിധം അല്‍ജാമിഅ അതിന്റെ വിദ്യാഭ്യാസ പദ്ധതികളില്‍ മാറ്റം വരുത്തേണ്ടതുണ്ട്. പള്ളി മിമ്പറുകളില്‍ ഒതുങ്ങുന്നവരെയല്ല, പള്ളി മിമ്പറുകളും ഞങ്ങള്‍ക്ക് വഴങ്ങും എന്ന ആത്മവിശ്വാസമുള്ള അഭ്യസ്തവിദ്യരെയാണ് നമുക്കാവശ്യം.
എം. അശ്‌റഫ് ഫൈസി കാവനൂര്‍////
ഇസ്‌ലാമിനെ പറ്റിയെന്തിന് വെറുതെ വെറുപ്പ് നിര്‍മിക്കണം
കേരളത്തില്‍ നിരവധി മുസ്‌ലിം സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഖുര്‍ആനും സുന്നത്തും തങ്ങളുടെ വഴികാട്ടിയാണെന്ന് അവയെല്ലാം സമ്മതിക്കുന്നു. എന്നാല്‍, ഭിന്നതയും വൈരവും ഈ സംഘടകളെ ബാധിച്ചിരിക്കുന്നു. പലപ്പോഴും രാഷ്ട്രീയ പാര്‍ട്ടികളെക്കാള്‍ മത സംഘടനകള്‍ തരംതാഴാറുണ്ട്.
നിങ്ങള്‍ പരസ്പരം അപരനാമം വിളിക്കരുതെന്നും സത്യവിശ്വാസം കൈക്കൊണ്ട ശേഷം അങ്ങനെ വിളിക്കുന്നത് ഏറെ ചീത്ത സ്വഭാവമാണെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ഖുര്‍ആന്‍ തങ്ങളുടെ ജീവിത മാര്‍ഗമായി അംഗീകരിക്കുന്നുവെങ്കില്‍ മുസ്‌ലിം സംഘടനകള്‍ ഒരു തിരിച്ചുപോക്കിന് തയാറാവണം.
മുശ്‌രിക്, കാഫിര്‍, ഖുബൂരികള്‍, ജിന്നൂരികള്‍, മടവൂരികള്‍, മൗദൂദികള്‍ തുടങ്ങിയ പ്രയോഗങ്ങള്‍ ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. പരിസര മലിനീകരണം ഉണ്ടാക്കുന്ന ഇത്തരം പദപ്രയോഗങ്ങള്‍ സഹോദര സമുദായങ്ങള്‍ക്കിടയില്‍ ഇസ്‌ലാമിനെ സംബന്ധിച്ച് വെറുപ്പുണ്ടാക്കും, തീര്‍ച്ച.
വി.എന്‍.കെ അഹ്മദ്/
ഹരിത കേരളത്തിന് നമുക്ക് അജണ്ടകള്‍ വേണം
കേരള ജനസംഖ്യയുടെ ഇരുപത്തിയേഴ് ശതമാനത്തോളം വരുന്ന ഇസ്‌ലാംമത വിശ്വാസികള്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്ന വിഷയത്തില്‍ ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണ്. അന്ത്യനാളിന്റെ കാഹളം വിളി കേട്ടാല്‍ കൈയിലുള്ള വൃക്ഷത്തൈ നടുക തന്നെ വേണമെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്. ഒരാള്‍ നട്ടുപിടിപ്പിച്ച മരത്തിലെ കായ്കനികള്‍ പക്ഷി-മൃഗാദികള്‍ തിന്നാല്‍ പോലും അയാള്‍ക്ക് മരണാനന്തരവും പുണ്യം കിട്ടുമെന്ന് നബിതിരുമേനി പഠിപ്പിക്കുന്നു. ആ നിലക്ക് വളക്കൂറുള്ള മണ്ണും ആര്‍ത്തിരമ്പിപ്പെയ്യുന്ന മഴയുമുണ്ടായിരുന്ന മലയാളനാടിന്റെ പരിസ്ഥിതി സംരക്ഷണത്തിന് ആദ്യമായി മുന്നിട്ടിറങ്ങേണ്ടത് മുസ്‌ലിം സംഘടനകളാണ്. വീട്ടുവളപ്പുകളും പള്ളിപ്പറമ്പുകളും കനാലുകളും വഴിയോരങ്ങളുമൊക്കെ മാവും പിലാവും അയനിയും വീട്ടിയും മറ്റും വെച്ചു പിടിപ്പിച്ചാല്‍ ഭൂമിയിലും ആകാശത്തും അനുസ്മരിക്കപ്പെടുന്ന കര്‍മമായി അത് മാറും.
മഹല്ല് കമ്മിറ്റികളും മത-വിദ്യാഭ്യാസ സ്ഥാപനങ്ങളും മുഖ്യധാരാ രാഷ്ട്രീയ സംഘടനകളും മറ്റു പ്രസ്ഥാനങ്ങളും ഒത്തുപിടിച്ചാല്‍ കേരളത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഹരിത ഭംഗി തിരിച്ചുപിടിക്കാന്‍ കഴിയും. ആയുര്‍വേദം ലോക ശ്രദ്ധ ആകര്‍ഷിക്കുകയും പച്ച മരുന്നുകള്‍ ലഭ്യമാകാതിരിക്കുകയും ചെയ്യുന്ന ചുറ്റുപാടില്‍ ആടലോടകവും കരിംകൂവളവും കുറുന്തോട്ടിയുമൊക്കെ അടങ്ങുന്ന ഔഷധ സസ്യങ്ങളും സോയാബീന്‍ പോലെയുള്ള പയറ് വര്‍ഗങ്ങളും കൃഷി ചെയ്താല്‍ വരുമാനത്തിനുള്ള വഴിയൊരുങ്ങുകയും ചെയ്യും. രാസവളം ചേര്‍ക്കാത്ത ഭക്ഷ്യ വസ്തുക്കള്‍ ആരോഗ്യ സംരക്ഷണത്തിന് അനുപേക്ഷണീയമാണ്. കേരളത്തില്‍ കിഡ്‌നി, ഹൃദ്രോഗികളുടെ എണ്ണം അനുദിനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ വിഷയകമായ ബോധവത്കരണം ഏറ്റെടുക്കാനും സമുദായ നേതൃത്വങ്ങള്‍ തയാറാകണം.
റഹ്മാന്‍ മധുരക്കുഴി/
കൊളോണിയലിസത്തിന്റെ 'തിരുശേഷിപ്പു'കള്‍ അറബിക്കടലിലേക്ക്
ഇനിയെന്നാണ് വലിച്ചെറിയുക
കൊളോണിയലിസത്തിന്റെ തിരുശേഷിപ്പുകള്‍ വാരിപ്പുണര്‍ന്ന് ഏറെക്കാലം പിന്നിട്ടപ്പോള്‍ നമുക്ക് വീണ്ടുവിചാരം വന്നതിന്റെ പ്രത്യക്ഷ ദൃഷ്ടാന്തമാണ് മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയര്‍മാര്‍ ഒരു സുപ്രഭാതത്തില്‍ 'ആരാധ്യ'രല്ലാതായിത്തീര്‍ന്നത്.
ജനാധിപത്യ-സ്വാതന്ത്ര്യ ഭരണക്രമം വന്നിട്ട് ആറ് പതിറ്റാണ്ട് പിന്നിട്ടിട്ടും നാടുവാഴിത്തത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും ചിഹ്നങ്ങളും പ്രേതങ്ങളും നിലനില്‍ക്കുക മാത്രമല്ല, അവ പരിപാലിക്കപ്പെടുകയും ചെയ്യുന്നുവെന്നത് ഒരു സ്വതന്ത്ര സമൂഹത്തിന് നാണക്കേടല്ലേ?
ഇനിയും എത്രയെത്ര നാടുവാഴിത്ത പ്രേതങ്ങളാണ് നമ്മുടെ സര്‍ക്കാര്‍ ആപ്പീസുകളില്‍ സ്വതന്ത്രരായി വിഹരിക്കുന്നത്! ഭരണരംഗത്ത് നാം അലംഘനീയമായി പിന്തുടരുന്ന പല കീഴ്‌വഴക്കങ്ങളും പെരുമാറ്റ ചട്ടങ്ങളും ജനാധിപത്യ വ്യവസ്ഥക്ക് നാണക്കേടുണ്ടാക്കുന്നവയാണ്. നമ്മുടെ പോലീസ് സ്റ്റേഷനുകളിലും കോടതികളിലും മറ്റു പല സര്‍ക്കാര്‍ ഓഫീസുകളിലും ഇപ്പോഴും കൊടികുത്തി വാഴുന്ന സാര്‍, മാഡം വിളികളും സല്യൂട്ട് ആചാരങ്ങളും യുവര്‍ ഓണര്‍, ഹിസ് എക്‌സലന്‍സി തുടങ്ങിയ പ്രയോഗങ്ങളും എല്ലാമെല്ലാം നമ്മള്‍ പണ്ടെന്നോ കെട്ടുകെട്ടിച്ച കൊളോണിയലിസത്തിന്റെ 'തിരു'ശേഷിപ്പുകളത്രെ. ഒരു ജനാധിപത്യ-സ്വതന്ത്ര സമൂഹത്തിന്റെ അന്തസ്സാര്‍ന്ന നിലനില്‍പിനെ പരിഹാസ്യമാക്കുന്ന ഈ അനാശാസ്യ തിരുശേഷിപ്പുകളെ അറബിക്കടലില്‍ വലിച്ചെറിയേണ്ട കാലം ഏറെ അതിക്രമിച്ചിരിക്കുന്നു.
പി.വി അബ്ദു കൊടിയത്തൂര്‍//
ഇങ്ങനെ ചിന്തിക്കുന്ന പണ്ഡിതന്മാരും ഉണ്ട്
മെയ് 3-ലെ പ്രബോധനം ചോദ്യോത്തര പംക്തിയില്‍ 'ശബാബിന്റെ പരിഭവം' എന്ന തലക്കെട്ടില്‍ വന്ന ചോദ്യവും ഉത്തരവുമാണ് ഈ കുറിപ്പിന്നാധാരം.
ഒരു പ്രശസ്ത മുജാഹിദ് പണ്ഡിതനുമായി നേരിട്ട് സംസാരിക്കാന്‍ ഈ കുറിപ്പുകാരന് ഇടവന്നപ്പോഴുണ്ടായ അനുഭവം കുറിക്കുന്നു.
കണ്ണൂരില്‍ അദ്ദേഹം സ്ഥിരമായി ഖുത്വ്ബ നിര്‍വഹിക്കുന്ന പള്ളിയിലേക്ക് പോവാനായി ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ അദ്ദേഹത്തോട് ഒരു സുഹൃത്ത് പറഞ്ഞുവത്രെ, ഇന്നത്തെ മാധ്യമം മുഖലേഖനം വായിക്കണമെന്ന്. കണ്ണൂരില്‍ വണ്ടി ഇറങ്ങിയ ഉടനെതന്നെ അദ്ദേഹം സ്റ്റേഷനില്‍ നിന്ന് മാധ്യമം വാങ്ങി പ്രസ്തുത മുഖക്കുറിപ്പ് വായിക്കുകയും ഖുത്വ്ബയില്‍ അതിലെ പ്രസക്ത ഭാഗങ്ങള്‍ പറയുകയും അതിലെ ഉദ്ദേശ്യശുദ്ധിയെ വിശദമായി പരാമര്‍ശിക്കുകയും ചെയ്തു.
അത്ഭുതകരമെന്ന് പറയട്ടെ ഖുത്വ്ബ കഴിഞ്ഞ ശേഷം ഒരാള്‍ പോലും, മിമ്പറില്‍ മാധ്യമം മുഖക്കുറിപ്പ് വായിച്ചത് ശരിയായില്ല എന്ന് പറഞ്ഞതുമില്ല. ഇങ്ങനെ ചിന്തിക്കുന്ന പണ്ഡിതന്മാരും ഉണ്ട് എന്നത് സന്തോഷകരമാണ്.
ഫവാസ് മാറഞ്ചേരി /
സോളിഡാരിറ്റിയെ നിരൂപണം ചെയ്തും നിശിത വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കിയും പ്രമുഖര്‍ നടത്തിയ വിലയിരുത്തലുകള്‍ സമാഹരിച്ച പ്രബോധനം ശ്രദ്ധേയമായി. എല്ലാവരും ഓഡിറ്റിംഗിനെ ഭയപ്പെടുന്ന ഇക്കാലത്ത് സ്വയം ഒരു കണക്കെടുപ്പിന് ആര്‍ജവം കാണിച്ചുവെന്ന നിലയിലാവും സോളിഡാരിറ്റിയുടെ ദശവാര്‍ഷിക പരിപാടി ചരിത്രത്തിലിടം നേടുക. കഴിഞ്ഞ പത്താണ്ടിനിടയിലെ പ്രവര്‍ത്തനങ്ങളിലെ പാകപിഴവുകള്‍ ഇനിയും വിലയിരുത്തലുകള്‍ അര്‍ഹിക്കുന്നു. അതൊരിക്കലും ഒരു പ്രസ്ഥാനത്തിന്റെ കഴിവുകേടായി കാണാനാവില്ല. 'വാതിലുകള്‍ തുറന്നിട്ട് വിമര്‍ശിക്കുന്ന, കാറ്റുകള്‍ക്ക് പ്രവേശനം നല്‍കുന്ന' ഒരു പ്രസ്ഥാനത്തിന് അത് ഊര്‍ജവും കരുത്തും മാത്രമേ നല്‍കൂ. ഈ കാഴ്ചപ്പാട് തന്നെയാണല്ലോ സോളിഡാരിറ്റിയെ ഇതര മത-മതേതര പ്രസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമാക്കുന്നത്.
Comments