ജനാധിപത്യത്തിന്റെ വിജയം, ഫെഡറലിസത്തിന്റെ പരാജയം
പാക് പാര്‍ലമെന്റ്-പ്രവിശ്യാ അസംബ്ലി തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത ജയമാണ് മുന്‍ പ്രധാനമന്ത്രിയും മുസ്‌ലിം ലീഗ് (എന്‍) നേതാവുമായ നവാസ് ശരീഫിനെ തേടിയെത്തിയത്. നവാസിന്റെ മുസ്‌ലിം ലീഗ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുമെങ്കിലും പ്രധാനപ്പെട്ട രണ്ടോ മൂന്നോ ദേശീയകക്ഷികളെ ഒപ്പം കൂട്ടിയാല്‍ മാത്രമേ മന്ത്രിസഭ ഉണ്ടാക്കാനാവൂ എന്നായിരുന്നു മീഡിയയുടെയും രാഷ്ട്രീയ നിരീക്ഷകരുടെയും പ്രവചനം. നവാസ് ശരീഫിനോട് ഏറ്റവും അടുപ്പമുള്ള രാഷ്ട്രീയ വൃത്തങ്ങളില്‍ വരെ അങ്ങനെയായിരുന്നു സംസാരം. പീപ്പ്ള്‍സ് പാര്‍ട്ടി രണ്ടാമതും മന്ത്രിസഭ തട്ടിക്കൂട്ടാനുള്ള സാധ്യത വരെ അവര്‍ ചര്‍ച്ച ചെയ്തു. പക്ഷേ, തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ നവാസ് ശരീഫിന്റെ സ്വന്തം കണക്കുകൂട്ടലുകളെ തന്നെ അത് തെറ്റിച്ചു.
എങ്ങനെ ഇത്ര വലിയ വിജയം സാധ്യമായി? മുമ്പെങ്ങുമില്ലാത്തവിധം തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചതുകൊണ്ടാണിതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. പഞ്ചാബില്‍ മാത്രമല്ല, മറ്റു മൂന്ന് പ്രവിശ്യകളിലും വന്‍തോതില്‍ കൃത്രിമം നടന്നുവെന്ന് ഭരണ പ്രതിപക്ഷ ഭേദമില്ലാതെ സകല പാര്‍ട്ടികളും ആരോപിക്കുന്നു. പഞ്ചാബില്‍ പീപ്പ്ള്‍സ് പാര്‍ട്ടിയും മുസ്‌ലിം ലീഗും (ഖാഇദെ മില്ലത്ത്-ക്യൂ) ഇന്‍സാഫ് പാര്‍ട്ടിയും കടുത്ത ആരോപണങ്ങളുമായി രംഗത്തുണ്ട്. മുസ്‌ലിം ലീഗും (ഫങ്ഷണല്‍) ജമാഅത്തെ ഇസ്‌ലാമിയും ഇന്‍സാഫ് പാര്‍ട്ടിയും മുത്തഹിദ ഖൗമി മൂവ്‌മെന്റും സുന്നി തഹ്‌രീകും മുസ്‌ലിം ലീഗും (എന്‍) സിന്ധില്‍ കള്ളവോട്ടിംഗും ബൂത്ത് പിടിച്ചടക്കലും വ്യാപകമായി നടന്നു എന്ന് ആരോപിക്കുന്നു. ബലൂചിസ്താനില്‍ ബൂലൂച് നാഷ്‌നല്‍ പാര്‍ട്ടി (മെഗാള്‍ ഗ്രൂപ്പ്)യും ത്വലാല്‍ ബകടിയുമൊക്കെയാണ് ഇതേ ആരോപണവുമായി രംഗത്തുള്ളത്. ഖൈബര്‍- പക്തൂണ്‍ഖ്വാ പ്രവിശ്യയില്‍ ഇന്‍സാഫ് പാര്‍ട്ടി വ്യാപകമായി തെരഞ്ഞെടുപ്പ് കൃത്രിമം കാട്ടി എന്ന കാര്യത്തില്‍ ജംഇയ്യത്ത് ഉലമായെ ഇസ്‌ലാമിന്റെ തലവന്‍ ഫസ്‌ലുര്‍റഹ്മാന് യാതൊരു സംശയവുമില്ല.
തെരഞ്ഞെടുപ്പ് സുതാര്യവും സംശുദ്ധവുമാക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ചില ക്രിയാത്മകമായ നടപടികള്‍ സ്വീകരിച്ചിരുന്നുവെങ്കിലും മിക്കയിടത്തും അതൊന്നും ഫലവത്തായില്ല. ഫ്രീ ആന്റ് ഫെയര്‍ ഇലക്ഷന്‍ നെറ്റ് വര്‍ക്ക് നടത്തിയ ഒരു പഠന പ്രകാരം, അമ്പതോളം പാര്‍ലമെന്റ് മണ്ഡലങ്ങളിലെ നാല്‍പത് പോളിംഗ് സ്റ്റേഷനുകളില്‍ പോളിംഗ് ശതമാനം 306 വരെ എത്തിയിട്ടുണ്ടത്രെ. അതായത് മൊത്തം വോട്ടര്‍മാരുടെ മൂന്നിരട്ടിയെങ്കിലും അവിടെ വന്ന് വോട്ട് ചെയ്ത് പോയിട്ടുണ്ടെന്ന്. 24 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ തന്റെ സ്ഥാനാര്‍ഥികളെ അസൂത്രിതമായി തോല്‍പിക്കുകയായിരുന്നുവെന്ന് ഇംറാന്‍ ഖാന്‍ പറയുന്നു.
പ്രവിശ്യാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍
ജനാധിപത്യത്തിന് വിജയം, ഫെഡറല്‍ സംവിധാനത്തിന് പരാജയം എന്നാണ് പാര്‍ലമെന്റ്-പ്രവിശ്യ അസംബ്ലി തെരഞ്ഞെടുപ്പുകളെ ഒരു രാഷ്ട്രീയ നിരീക്ഷകന്‍ വിലയിരുത്തിയത്. എന്തൊക്കെ ന്യൂനതകളുണ്ടെങ്കിലും, ഒരു ജനാധിപത്യ സര്‍ക്കാറില്‍ നിന്ന് മറ്റൊരു ജനാധിപത്യ സര്‍ക്കാറിലേക്ക് അധികാരം കൈമാറ്റം ചെയ്യപ്പെടുന്നു എന്നത് മുപ്പതിലധികം വര്‍ഷം പട്ടാള ഭരണത്തില്‍ കഴിഞ്ഞ പാകിസ്താനെ സംബന്ധിച്ചേടത്തോളം ചരിത്ര പ്രാധാന്യമുള്ളത് തന്നെയാണ്. അതിന്റെ മറുവശം ഒട്ടും ശുഭസൂചകമല്ല. എല്ലാ ദേശീയ പാര്‍ട്ടികളും പ്രാദേശിക പാര്‍ട്ടികളായി ചുരുക്കപ്പെട്ടു എന്നതാണത്. സിന്ധിന് അപ്പുറം വര്‍ഷങ്ങളോളം പാകിസ്താന്‍ ഭരിച്ച പീപ്പ്ള്‍സ് പാര്‍ട്ടി വട്ടപ്പൂജ്യമാണ്. ഇതുതന്നെയാണ് മുസ്‌ലിം ലീഗിന്റെയും സ്ഥിതി. അതിന്റെ മികച്ച വിജയം പഞ്ചാബിന്റെ അതിര്‍ത്തിക്കപ്പുറം പോകുന്നില്ല. ഖൈബര്‍-പക്തൂണ്‍ഖ്വാ പ്രവിശ്യയിലൊതുങ്ങുന്നു ഇംറാന്‍ ഖാന്റെ നേട്ടങ്ങള്‍. ബലൂചിസ്താനില്‍ മുഖ്യമന്ത്രി മുസ്‌ലിം ലീഗുകാരനാവുമെങ്കിലും ബലൂചി ദേശീയ-വിഘടനവാദികള്‍ വരച്ച വരക്കപ്പുറം ഒരടി വെക്കാന്‍ അയാള്‍ക്ക് കഴിയുകയില്ല.
ബലൂചിസ്ഥാനില്‍ സ്വതന്ത്രനായി ജയിച്ച സര്‍ഫറാസ് അഹ്മദ് ബുശ്തി മുസ്‌ലിം ലീഗി(നവാസ്)ല്‍ ചേര്‍ന്നതോടെ ആ കക്ഷിക്ക് 65 അംഗ ബലൂച് അസംബ്ലിയില്‍ പത്ത് അംഗങ്ങളായി. ലീഗിന്റെ സര്‍ദാര്‍ സനാഉല്ല സഹ്‌രിയായിരിക്കും അവിടെ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുക. പക്തൂണ്‍ഖ്വാ മില്ലി അവാമി പാര്‍ട്ടി(9 അംഗങ്ങള്‍)യുടെയും നാഷ്‌നല്‍ പാര്‍ട്ടി(7)യുടെയും ജംഇയ്യത്ത് ഉലമായെ ഇസ്‌ലാമി(4)ന്റെയും പിന്തുണ ലീഗിന് ആവശ്യമുണ്ട്. അല്ലെങ്കില്‍ 'ക്യൂ' ലീഗി(4)നെയും മറ്റു സ്വതന്ത്രരെയും കൂട്ടുപിടിക്കണം. ഇവരില്‍ പലരും കടുത്ത ദേശീയവാദികളോ വിഘടനവാദികളോ ആണ്. സഖ്യം ഏത് നിലയില്‍ ഉരുത്തിരിഞ്ഞ് വന്നാലും പ്രശ്‌ന പ്രവിശ്യയായ ബലൂചിസ്താനില്‍ ഭരണസ്ഥിരത ഉറപ്പാക്കാനോ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനോ ഈ ന്യൂനപക്ഷ ഗവണ്‍മെന്റിന് കഴിയുമെന്ന് ആരും കരുതുന്നില്ല. കേന്ദ്രത്തിലും പ്രവിശ്യയിലും ഒരേ കക്ഷിയാണ് അധികാരത്തില്‍ എന്നൊരു സമാധാനമുണ്ടെന്ന് മാത്രം.
ഖൈബര്‍-പക്തൂണ്‍ഖ്വായിലാണ് ഇംറാന്റെ തഹ്‌രീകെ ഇന്‍സാഫിന് അട്ടിമറി ജയമുണ്ടായത്. അവാമി നാഷ്‌നല്‍ പാര്‍ട്ടി(എ.എന്‍.പി)യായിരുന്നു ഇവിടെ അധികാരത്തില്‍. ആ കക്ഷി വീണ്ടും അധികാരത്തില്‍ വരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. തീവ്രവാദികളെ നേരിടുന്നതിലും അമേരിക്കന്‍ സൈനിക ഇടപെടലുകള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുന്നതിലും മാത്രമല്ല, കാര്യക്ഷമമായ ഭരണം കാഴ്ചവെക്കുന്നതിലും പൂര്‍ണ പരാജയമായിരുന്നു അവാമി ഗവണ്‍മെന്റ്. ഇത് മുതലെടുക്കാമെന്നായിരുന്നു ജംഇയ്യത്തു ഉലമായെ ഇസ്‌ലാം ഫദ്‌ലുര്‍റഹ്മാന്‍ വിഭാഗത്തിന്റെ കണക്കുകൂട്ടല്‍. ഫലം പുറത്ത് വന്നപ്പോള്‍ ഇന്‍സാഫ് പാര്‍ട്ടിക്ക് 124 അംഗ പ്രവിശ്യാ അസംബ്ലിയില്‍ 35 സീറ്റ്. ഭരണകക്ഷിയായ അവാമി പാര്‍ട്ടി അഞ്ചിലൊതുങ്ങി. ജമാഅത്തെ ഇസ്‌ലാമിക്ക് ഈ പ്രവിശ്യയില്‍ ഏഴു സീറ്റുകള്‍ ഉണ്ട് (ജമാഅത്തിന്റെ പ്രവിശ്യാ നേതൃത്വം ഇന്‍സാഫ് പാര്‍ട്ടിയുമായി സീറ്റ് ധാരണക്ക് കമ്മിറ്റി ഉണ്ടാക്കുകയും അത് ദേശീയതലത്തില്‍ വ്യാപിപ്പിക്കാന്‍ കൂടിക്കാഴ്ചകള്‍ നടത്തുകയും ചെയ്തിരുന്നെങ്കിലും അത് ഫലവത്തായില്ല. പൊതുവെ സഖ്യങ്ങളോ ധാരണകളോ ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നില്ല. ഓരോ പാര്‍ട്ടിയും സ്വന്തം അജണ്ടയുമായി ജനങ്ങളെ സമീപിക്കുകയായിരുന്നു). ഖൗമീ വത്വന്‍ പാര്‍ട്ടിക്ക് ഏഴും. ഈ രണ്ട് പാര്‍ട്ടികളുമായി ചേര്‍ന്ന് ഇന്‍സാഫ് പാര്‍ട്ടി മന്ത്രിസഭാ രൂപീകരണത്തിന് ശ്രമം തുടങ്ങി. ഇന്‍സാഫ് പാര്‍ട്ടിയിലെ അസദ് ഖൈസമായിരിക്കും ഇവിടെ മുഖ്യമന്ത്രി. ജമാഅത്തെ ഇസ്‌ലാമിക്ക് മൂന്ന് മന്ത്രിസ്ഥാനങ്ങള്‍ കിട്ടാന്‍ സാധ്യതയുണ്ട്.
പഞ്ചാബ് പ്രവിശ്യാ അസംബ്ലി തെരഞ്ഞെടുപ്പില്‍ നവാസ് ശരീഫിന്റെ മുസ്‌ലിം ലീഗ് വിജയം ഗംഭീരമാക്കിയെങ്കിലും (297-ല്‍ 212) പ്രധാന നഗരങ്ങളായ ഇസ്‌ലാമാബാദിലും റാവല്‍ പിണ്ടിയിലും അവര്‍ക്ക് കാര്യമായ തിരിച്ചടിയേറ്റിട്ടുണ്ട്. ഹസാര ശീഈകളും ഇത്തവണ ശരീഫിനെ കൈവിട്ടു. ഹസാര ശീഈകളെ ടാര്‍ഗറ്റ് ചെയ്യുന്ന ലശ്കറെ ജംഗ്‌വി പോലുള്ള തീവ്രവാദികളുമായി അദ്ദേഹത്തിനുള്ള രഹസ്യ ബാന്ധവങ്ങളാണ് കാരണം. നേരത്തെ ശരീഫിന്റെ ഉറച്ച കോട്ടകളായിരുന്നു ഹസാരകള്‍ക്ക് പ്രാമുഖ്യമുള്ള പ്രദേശങ്ങള്‍. നവാസ് ശരീഫിന്റെ സഹോദരന്‍ ശഹ്ബാസ് ശരീഫാണ് നിയുക്ത പഞ്ചാബ് മുഖ്യമന്ത്രി.
സിന്ധ് പ്രവിശ്യാ അസംബ്ലിയില്‍ പീപ്പ്ള്‍സ് പാര്‍ട്ടിക്ക് 61-ഉം ഒപ്പമുള്ള മുത്തഹിദ ഖൗമീ മൂവ്‌മെന്റിന് 36 സീറ്റും ഉള്ളതിനാല്‍ പ്രത്യക്ഷത്തില്‍ പീപ്പ്ള്‍സ് പാര്‍ട്ടി ഭരണത്തിന് വെല്ലുവിളിയൊന്നുമില്ല. മുസ്‌ലിം ലീഗിന് നാലും ഇന്‍സാഫ് പാര്‍ട്ടിക്ക് മൂന്നും സീറ്റുകള്‍ മാത്രമാണുള്ളത്. പക്ഷേ, ഭരണം ഒട്ടും സുഗമമായിരിക്കില്ല. മുത്തഹിദ ഖൗമീ മൂവ്‌മെന്റിന്റെ സാന്നിധ്യം തന്നെ കാരണം. ലണ്ടനില്‍ പ്രവാസ ജീവിതം നയിക്കുന്ന അതിന്റെനേതാവ് അല്‍ത്വാഫ് ഹുസൈന്‍ തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും നടത്തിയ പ്രസംഗങ്ങള്‍ അത്യന്തം പ്രകോപനപരമായിരുന്നു. എം.ക്യു.എം അംഗങ്ങള്‍ വിജയിച്ച മണ്ഡലങ്ങളില്‍ റീ പോളിംഗ് നടത്തിയാല്‍ തന്റെ തട്ടകമായ കറാച്ചിയെ പാകിസ്താനില്‍ നിന്ന് വേര്‍പ്പെടുത്തുമെന്നാണ് അല്‍ത്വാഫ് ഭീഷണി മുഴക്കിയത്. വാണിജ്യ തലസ്ഥാനമായ കറാച്ചിയും അത് സ്ഥിതി ചെയ്യുന്ന സിന്ധ് പ്രവിശ്യയും വരും നാളുകളില്‍ സംഘര്‍ഷഭരിതമായിരിക്കുമെന്ന് തന്നെയാണ് ഇത് നല്‍കുന്ന സൂചന.
അവാമി പാര്‍ട്ടി, മുസ്‌ലിം ലീഗ്-ക്യൂ
അവാമി നാഷ്‌നല്‍ പാര്‍ട്ടി ഈ തെരഞ്ഞെടുപ്പോടെ പാക് രാഷ്ട്രീയത്തില്‍ ഏറെക്കുറെ അപ്രസക്തമായി എന്നുതന്നെ പറയാം. ദേശീയ അസംബ്ലിയില്‍ അവര്‍ക്ക് ഒരു സീറ്റ് മാത്രമാണുള്ളത്. ഖൈബര്‍-പക്തൂണ്‍ഖ്വാ പ്രവിശ്യയില്‍ കഴിഞ്ഞ തവണ അവര്‍ ഭരണകക്ഷിയായിരുന്നു. ഇപ്പോള്‍ ഈ പ്രവിശ്യാ അസംബ്ലിയില്‍ അവര്‍ക്ക് അഞ്ച് സീറ്റേയുള്ളൂ. പഞ്ചാബിലും സിന്ധിലും ഒരൊറ്റ സീറ്റുമില്ല. മുശര്‍റഫിന്റെ ഭരണകാലത്ത് അധികാരം കൈയാളിയിരുന്ന മുസ്‌ലിം ലീഗിന്റെ (ക്യൂ) സ്ഥിതിയും വളരെ ദയനീയമാണ്. പാകിസ്താനില്‍ എത്ര മുസ്‌ലിം ലീഗുണ്ട് എന്ന് ചോദിച്ചാല്‍ കൃത്യമായി ഉത്തരം പറയാന്‍ പ്രയാസമാണ്. അത്രക്കുണ്ട് അവയുടെ ആധിക്യം. ഇതില്‍ പത്തോളം മുസ്‌ലിം ലീഗുകള്‍ ലയിച്ചുണ്ടായതാണ് ഈ പാര്‍ട്ടി. ദേശീയ അസംബ്ലിയില്‍ അവര്‍ക്ക് കിട്ടിയത് രണ്ട് സീറ്റ്. പഞ്ചാബില്‍ ഏഴു പ്രവിശ്യാ അസംബ്ലി സീറ്റുകള്‍ ഉണ്ട് എന്നതാണ് ഏക ആശ്വാസം. ഈ പാര്‍ട്ടിക്ക് 2008-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 23 ശതമാനം വോട്ട് ലഭിച്ചിരുന്നുവെന്നോര്‍ക്കണം.
Comments