സ്ത്രീ പീഡനം പാരമ്പര്യമോ?
ഉത്തരേന്ത്യയിലെ ഒരു സാമൂഹിക പ്രവര്‍ത്തകനായ കമലേഷ് വാസ്വാനി ഈയിടെ ഒരു റിട്ട് പെറ്റീഷനുമായി നീതിപീഠത്തെ സമീപിക്കുകയുണ്ടായി. ഇന്റര്‍നെറ്റില്‍ ലൈംഗികാഭാസങ്ങള്‍ കാണിക്കുന്നതും കാണുന്നതും നിരോധിക്കണമെന്നാണതിലദ്ദേഹം അപേക്ഷിക്കുന്നത്. നിരോധം ലംഘിക്കുന്നത് ജാമ്യമില്ലാത്ത ക്രിമിനല്‍ കുറ്റമായി കണക്കാക്കണമെന്നും ആവശ്യപ്പെട്ടിരിക്കുന്നു. ദല്‍ഹിയില്‍ നടന്ന ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ വന്‍ പ്രക്ഷോഭം നയിച്ചവരുള്‍പ്പെടെയുള്ള വനിതാ വിമോചകര്‍ തന്നെ കമലേഷിന്റെ നീക്കത്തെ വിമര്‍ശിച്ചിരിക്കുകയാണ്. കാണാനും കേള്‍ക്കാനും വായിക്കാനുമുള്ള മൗലികാവകാശത്തിന്റെ നിഷേധമാണതെന്നാണ് അവരുടെ വാദം. കമലേഷിനെ പൂര്‍ണമായി പിന്തുണച്ചുകൊണ്ട് ഇംഗ്ലീഷ് പത്രപ്രവര്‍ത്തകനായ വിഷ്ണുറായ് ദ ഹിന്ദുവില്‍ ഏപ്രില്‍ 29-ന് ഒരു ലേഖനം എഴുതിയിട്ടുണ്ട്. അദ്ദേഹം പറയുന്നു: ''ലൈംഗികാതിക്രമങ്ങള്‍ക്ക് പ്രേരകമാകുന്ന ചില പ്രത്യേക ഘടകങ്ങളുണ്ട്. അക്കൂട്ടത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള ദൃശ്യ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന അശ്ലീല ദൃശ്യങ്ങള്‍. ഈ സ്വാതന്ത്ര്യത്തിന് ഒരു നിയന്ത്രണം കൂടിയേ തീരൂ. നവ തലമുറയെ നാശത്തില്‍ നിന്ന് രക്ഷിക്കാന്‍ ഇന്റര്‍നെറ്റില്‍ ലൈംഗികാഭാസങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതും പ്രദര്‍ശിപ്പിക്കുന്നതും പൂര്‍ണമായി നിരോധിക്കുകതന്നെ വേണം.''
വിഷ്ണു റായിയുടെ നിലപാടിനെ എതിര്‍ക്കാനും ധാരാളം ആളുകള്‍ മുന്നോട്ടുവന്നു. അവരില്‍ ചിലര്‍ ദ ഹിന്ദുവില്‍ (ഏപ്രില്‍ 30) എഴുതിയ കത്തുകളില്‍ പറയുന്നത്, പോര്‍ണോഗ്രാഫിയും ലൈംഗികാതിക്രമങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നാണ്. ഇന്റര്‍നെറ്റിലെ അശ്ലീല ദൃശ്യങ്ങള്‍ക്ക് ചില ദുസ്സ്വാധീനങ്ങളുണ്ടെന്നും വളരുന്ന തലമുറയെ അതില്‍ നിന്ന് മോചിപ്പിക്കേണ്ടതാണെന്നും ഇക്കൂട്ടര്‍ സമ്മതിക്കുന്നുണ്ട്. പക്ഷേ, ലൈംഗികാതിക്രമങ്ങളെ അതുമായി ബന്ധപ്പെടുത്തിക്കൂടാ. ഇന്ത്യന്‍ സമൂഹത്തിന്റെ വിചിത്രമായ പൊതു മനസ്സിനെയാണീ നിലപാട് സൂചിപ്പിക്കുന്നത്. നാട്ടില്‍ നടമാടുന്ന ലൈംഗികാതിക്രമങ്ങളുടെ വിപാടനത്തെക്കാള്‍ പ്രധാനമാണ് അതിക്രമങ്ങളുടെ കാരണങ്ങളുടെയും പ്രചോദനങ്ങളുടെയും സംരക്ഷണം. ദല്‍ഹിയില്‍ നഴ്‌സിംഗ് വിദ്യാര്‍ഥിനി കൊല്ലപ്പെട്ട ശേഷവും പല സ്ത്രീ ജീവിതങ്ങള്‍ കാമാന്ധരാല്‍ പിച്ചിച്ചീന്തപ്പെട്ടു. എന്നിട്ടും സമൂഹത്തിന്റെ പൊതു മനസ്സിന് മാറ്റമില്ല. ഓരോ ദുരന്ത വാര്‍ത്തകളും പുറത്തുവരുമ്പോള്‍ കാറ്റ് കടലിലെന്ന പോലെ മാധ്യമ വാര്‍ത്തകള്‍ സമൂഹത്തിന്റെ പുറംതട്ടില്‍ പ്രതിഷേധത്തിന്റെ തിരമാലകളുയര്‍ത്തുന്നു. അതിക്രമികള്‍ക്ക് കൊടിയ ശിക്ഷ നല്‍കണമെന്നും അതിനു വേണ്ടി കര്‍ക്കശമായ നിയമങ്ങളുണ്ടാക്കണമെന്നും ആക്രോശിക്കുന്നു. ക്രമേണ കാറ്റ് ശമിക്കുന്നു. സമുദ്രം പഴയ പടിയാകുന്നു. വികാരവേശത്തിന്റെ തിരതല്ലലില്‍ അതിക്രമങ്ങളുടെ അടിസ്ഥാന കാരണങ്ങളും പ്രേരകങ്ങളും അന്വേഷിക്കാന്‍ ആര്‍ക്കും നേരമില്ല. ആരെങ്കിലും അതേപ്പറ്റി സംസാരിച്ചാല്‍ അവധാനതയോടെ കേള്‍ക്കാന്‍ തയാറുമല്ല. സ്ത്രീകള്‍ പുറത്തിറങ്ങുമ്പോള്‍ മാന്യമായി വസ്ത്രം ധരിക്കണമെന്നും പുരുഷന്മാര്‍ക്കിടയില്‍ പെരുമാറുമ്പോള്‍ സൂക്ഷിക്കണമെന്നും പറഞ്ഞാല്‍ അത് കടുത്ത പിന്തിരിപ്പന്‍ സ്ത്രീ വിരുദ്ധ ചിന്താഗതിയായി വിലയിരുത്തപ്പെടുന്നു. ചാനല്‍ ചര്‍ച്ചകളില്‍ വല്ലവരും ഇത്തരം കാര്യങ്ങള്‍ പരാമര്‍ശിച്ചാല്‍ മറ്റുള്ളവരെല്ലാം ഒത്തു ചേര്‍ന്ന് അയാളുടെ വായടപ്പിക്കുന്നതു കാണാം. ലൈംഗികാതിക്രമം പുരുഷന്റെ മാത്രം കുറ്റമാണ്. സ്ത്രീയുടെ വേഷവുമായോ പെരുമാറ്റവുമായോ അതിനെ ബന്ധപ്പെടുത്താന്‍ പാടില്ല. ശരിയാണ്, പോക്കറ്റടി പോക്കറ്റടിക്കാരന്റെ മാത്രം കുറ്റമാണ്. പോക്കറ്റില്‍ പണവുമായി നടക്കുന്നവര്‍ അതിനുത്തരവാദികളാകുന്നില്ല. പണവുമായി നടക്കുന്നവരോട് നല്ലവണ്ണം സൂക്ഷിക്കണമെന്നും പോക്കറ്റില്‍ നിന്ന് തെറിച്ചു നില്‍ക്കുന്ന നോട്ടുകള്‍ പുറത്തുകാണാത്ത വണ്ണം ഒതുക്കി വെക്കണമെന്നും ഉപദേശിച്ചാല്‍, നിങ്ങളെന്റെ മൗലികാവകാശത്തില്‍ കൈടത്തുന്നുവെന്ന് കയര്‍ക്കുന്നതിന്റെ ഗുണം പോക്കറ്റടിക്കാര്‍ക്ക് മാത്രമാണെന്നെങ്കിലും ഈ ബുദ്ധിമാന്മാര്‍ ആലോചിച്ചെങ്കില്‍!
ദലിത് ചിന്തകനായ കാഞ്ച ഐലയ്യ ഈയിടെ ഏഷ്യന്‍ ഏജില്‍ എഴുതിയ ഒരു ലേഖനത്തില്‍ ശ്രദ്ധേമായ ചില നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്: രാജ്യത്തിന്റെ പുരാണേതിഹാസങ്ങളുമായും ചരിത്രവുമായും അതില്‍നിന്നുത്ഭൂതമായ സാംസ്‌കാരിക സങ്കല്‍പങ്ങളുമായും ബന്ധപ്പെട്ടതാണ് ഇവിടത്തെ സ്ത്രീ പീഡനം. ഭാരത സ്ത്രീ എക്കാലത്തും പുരുഷന്റെ ആജ്ഞാനുവര്‍ത്തിയായ ദാസിയും ഭോഗവസ്തുവും നിസ്സാരയുമായിരുന്നു. പുരാണേതിഹാസങ്ങളിലെല്ലാം അതു തെളിഞ്ഞു കാണാമെന്നാണ് ഐലയ്യ പറയുന്നത്. ഈ പാരമ്പര്യത്തിന്റെ തുടര്‍ച്ചയായിട്ടാണ് ഇന്ത്യന്‍ സിനിമയെ ഐലയ്യ വിലയിരുത്തുന്നതും. അത് സ്ത്രീയുടെ സൗന്ദര്യവും ആകാര വടിവും കച്ചവടം ചെയ്യുകയാണ്. നാട്ടില്‍ നടമാടുന്ന സ്ത്രീ പീഡനങ്ങള്‍ക്ക് പിന്നില്‍ ചരിത്രപരമായ യാഥാര്‍ഥ്യങ്ങളും ജനങ്ങളുടെ പ്രകൃതിയില്‍ അത് ചെലുത്തുന്ന സ്വാധീനവും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പ്രഫ. ഐലയ്യ അഭിപ്രായപ്പെടുന്നത്. സ്ത്രീ പീഡനത്തിനെതിരെ ഘോരഘോരം പ്രസംഗിക്കുന്നവര്‍ അതിന്റെ അടിസ്ഥാന കാരണങ്ങളും പ്രചോദനങ്ങളും അടയാളപ്പെടുത്തുന്നത് കാണുമ്പോള്‍ രോഷാകുലരാകുന്നതും ഒരു പക്ഷേ ഈ പൈതൃക സ്വാധീനം കൊണ്ടുതന്നെയാവാം.
Comments