ഉണര്‍ത്തായി റജബ്
ഇസ്ലാം, പവിത്ര മാസങ്ങളില്‍ ഒന്നായി നിശ്ചയിച്ച റജബ് ഹിജ്‌റ വര്‍ഷത്തിലെ ഏഴാമത്തേതാണ്. പ്രവാചകന്‍ മുഹമ്മദ് നബി(സ)ന്റെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങളിലൊന്നായ ഇസ്‌റാഉം മിഅ്‌റാജും ഉണ്ടായ മാസം. അല്ലാഹുവേ, റജബിലും ശഅ്ബാനിലും നീ ഞങ്ങള്‍ക്കു അനുഗ്രഹം ചൊരിയേണമേ, റമദാനിലേക്കു ഞങ്ങളെ എത്തിക്കുകയും ചെയ്യേണമേ എന്ന നബിയുടെ പ്രാര്‍ഥന സുപരിചിതമാണ് നമുക്ക്. മുസ്‌ലിം ലോകം ആ പ്രാര്‍ഥന കൂടി ഉരുവിട്ടുകൊണ്ടിരിക്കുന്ന നാളുകളാണിപ്പോള്‍. റമദാനു വേണ്ട മുന്നൊരുക്കങ്ങളെപ്പറ്റിയുള്ള ചിന്തയാണ് ഈ പ്രാര്‍ഥന വിശ്വാസിയിലുണര്‍ത്തുന്നത്. റമദാനാകുന്ന അതിഥി കടന്നുവരികയാണ്, ആ പുണ്യമാസത്തെ വരവേല്‍ക്കാന്‍ കൈമെയ് മറന്നൊരുങ്ങുകയെന്ന ഓര്‍മപ്പെടുത്തല്‍ ഉള്‍ച്ചേര്‍ന്ന പ്രാര്‍ഥന. കഴിഞ്ഞ കാലത്തെ നോമ്പ് നഷ്ടപ്പെട്ടുപോയവര്‍ക്ക് പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് റമദാനു മുമ്പേ അവ നോറ്റുവീട്ടാനുള്ള അവസരത്തെ സംബന്ധിച്ച ഉണര്‍ത്തായും പ്രാര്‍ഥന മാറുന്നുണ്ട്. പാപത്തിന്റെ പാഴ്‌ചേറുകളില്‍ പുളയ്ക്കുന്നതിനുപകരം കൈയും മുഖവും കഴുകി വിശുദ്ധ ജീവിതത്തിന്റെ തീരത്തേക്കു നടന്നടുക്കാന്‍ റമദാന്‍ പടിവാതിലില്‍വന്നു നില്‍ക്കുന്നുവെന്നും ആ പ്രാര്‍ഥന നമ്മെ തെര്യപ്പെടുത്തുകയാണ്.
റജബ്, ദുല്‍ഖഅദ്, ദുല്‍ഹിജ്ജ, മുഹര്‍റം എന്നിവയാണ് ഇസ്‌ലാമിലെ നാല് പവിത്ര മാസങ്ങള്‍. മുദര്‍ ഗോത്രം റജബ് മാസത്തെ കൂടുതല്‍ ആദരണീയതയോടെ കണ്ടതിനാല്‍ റജബ് മുദര്‍ എന്നും ഈ മാസം അറിയപ്പെട്ടിട്ടുണ്ട്. നാല് മാസങ്ങളില്‍ അടുത്തടുത്തുവരുന്ന ദുല്‍ഖഅദ്, ദുല്‍ഹിജ്ജ, മുഹര്‍റം എന്നിവയാണ് മൂന്ന് പുണ്യമാസങ്ങള്‍. പിന്നെ ജമാദുല്‍ ആഖിറക്കും ശഅ്ബാനും ഇടയില്‍വരുന്ന മുദര്‍കാരുടെ റജബും എന്നാണ് ഒരു പ്രവാചക വചനം അബൂബക്ര്‍ സിദ്ദീഖ്(റ)വില്‍നിന്ന് ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ചിട്ടുള്ളത്. ഈ പവിത്ര മാസങ്ങളില്‍ യുദ്ധം നിഷിദ്ധമാണ് ഇസ്‌ലാമില്‍. ഇക്കാര്യം പ്രതിപാദിക്കുന്ന ഖുര്‍ആന്‍ അത്തൗബ അധ്യായത്തിലെ 36-ാം സൂക്തത്തില്‍ ഈ മാസങ്ങളില്‍ നിങ്ങള്‍ സ്വന്തത്തോട് അക്രമം ചെയ്യരുതെന്നും പഠിപ്പിക്കുന്നുണ്ട്. അഥവാ എല്ലാവിധ തിന്മകളില്‍നിന്നും ഈ മാസങ്ങളില്‍ കൂടുതല്‍ വിട്ടുനില്‍ക്കണമെന്നാണ് ആഹ്വാനം. റജബ് മാസത്തില്‍ സാധാരണയില്‍ കവിഞ്ഞ് കൂടുതല്‍ നോമ്പനുഷ്ഠിക്കണമെന്നും രാത്രി നമസ്‌കരിക്കണമെന്നും പഠിപ്പിക്കുന്ന നബിവചനങ്ങളൊന്നും സ്വീകാര്യയോഗ്യമായി ഉദ്ധരിക്കപ്പെട്ടിട്ടില്ല.
Comments