Prabodhanm Weekly

Pages

Search

2013 മെയ്‌ 31

മലേഷ്യന്‍ തെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന് ചുവട് പിഴച്ചതെങ്ങനെ?

റാഹ ഹനാന്‍ / അവലോകനം

ക്കഴിഞ്ഞ മെയ് 5-ന് മലേഷ്യയില്‍ നടന്ന തെരഞ്ഞെടുപ്പ് ഒരു പക്ഷേ രാഷ്ട്രീയ നിരീക്ഷകരില്‍ പലരെയും ഞെട്ടിച്ചു കാണും. കാരണം, 1957-ല്‍ സ്വാതന്ത്ര്യം ലഭിച്ചത് മുതല്‍ 56 വര്‍ഷമായി മലേഷ്യ ഭരിക്കുന്ന യുനൈറ്റഡ് മലയ് നാഷ്‌നല്‍ ഓര്‍ഗനൈസേഷന്‍ (അംനോ) എന്ന പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ബാരിസാന്‍ നാഷ്‌നല്‍(ബി.എന്‍) എന്ന ദേശീയ സഖ്യം പരാജയപ്പെടും എന്നായിരുന്നു പലരും, പ്രത്യേകിച്ച് ലോക വാര്‍ത്താ മാധ്യമങ്ങള്‍ പ്രതീക്ഷിച്ചത്. ഒരുകാലത്ത് മലയ് മുസ്‌ലിം യുവതയുടെ ആവേശവും പ്രതീക്ഷയുമായി ഉയര്‍ന്നുവന്ന് അംനോവിന് ഭീഷണി ഉയര്‍ത്തുകയും പില്‍ക്കാലത്ത് അതേ അംനോവിന്റെ ഭാഗമായി മാറി ഉപപ്രധാനമന്ത്രി പദം വരെ അലങ്കരിക്കുകയും പിന്നീട് കടുത്ത ആരോപണങ്ങളേറ്റു വാങ്ങി ബാരിസാന്‍ നാഷ്‌നലിന്റെ കൂടാരത്തില്‍നിന്ന് പുറത്താവുകയും ചെയ്ത അന്‍വര്‍ ഇബ്‌റാഹീം നേതൃത്വം നല്‍കുന്ന പക്താന്‍ റകിയ്യത് (PR) എന്ന ജനകീയ സഖ്യം അധികാരം പിടിച്ചടക്കും എന്നതായിരുന്നു ഈ പ്രതീക്ഷയുടെ മര്‍മം. അന്‍വറിനെതിരെയുള്ള വ്യക്തിഹത്യയുടെ സര്‍വ സീമകളും അതിലംഘിച്ച പ്രചാരണങ്ങള്‍ക്കിടയിലും അന്‍വര്‍ ഇബ്‌റാഹീമിന്റെ പ്രസംഗം കേള്‍ക്കാന്‍ തടിച്ചുകൂടിയ വന്‍ ജനാവലി കാണുമ്പോള്‍ ഇതല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനിടയില്ല. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍, ചരിത്രത്തിലെ ഏറ്റവും ദയനീയമായ പ്രകടനമാണ് ബി.എന്‍ കാഴ്ചവെച്ചതെങ്കിലും 222 അംഗ പാര്‍ലമെന്റില്‍ 133 സീറ്റുകള്‍ കരസ്ഥമാക്കി ബി.എന്‍ ഭരണം നിലനിര്‍ത്തി. മൊത്തം 13 സംസ്ഥാനങ്ങളുള്ള മലേഷ്യയില്‍ തെരഞ്ഞെടുപ്പ് നടന്ന 12-ല്‍ എട്ട് സ്റ്റേറ്റുകള്‍ നിലനിര്‍ത്തുകയും ഒരു സ്റ്റേറ്റ് പ്രതിപക്ഷ സഖ്യത്തിലെ ഇസ്‌ലാമിക കക്ഷിയായ പാസി (പാര്‍ട്ടി ഇസ്‌ലാം സെ മലേഷ്യ)ല്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. പ്രതിപക്ഷ സഖ്യമായ പി.ആര്‍ 89 സീറ്റുകള്‍ കരസ്ഥമാക്കി നിലമെച്ചപ്പെടുത്തിയെങ്കിലും 'മാറ്റത്തിന് ഒരു വോട്ട്' എന്നത് യാഥാര്‍ഥ്യമായില്ല.
തെരഞ്ഞെടുപ്പില്‍ വ്യാപകമായി കൃത്രിമം നടന്നതാണ് ഇതിന് കാരണം എന്ന ആരോപണമുന്നയിച്ച് അന്‍വര്‍ രംഗത്ത് വന്നിട്ടുണ്ടെങ്കിലും തെളിവുകള്‍ സഹിതം അത് സ്ഥാപിക്കാനായിട്ടില്ല. മലേഷ്യയില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ മുതല്‍ കോടതി വരെ ഭരണകക്ഷിയുടെ ചട്ടുകമാണെന്നിരിക്കെ, അവയെ മറികടക്കാന്‍ ജനശക്തിക്കാവും എന്നാണ് തെരഞ്ഞെടുപ്പിന് മുമ്പ് പി.ആര്‍ കണക്ക് കൂട്ടിയത്. രാജ്യസ്‌നേഹം എന്നാല്‍ ഭരണകക്ഷിയോടൊപ്പം നില്‍ക്കലാണെന്ന സാമാന്യ ബോധം പതിറ്റാണ്ടുകളായി മലേഷ്യയില്‍ നിലനില്‍ക്കുന്നുണ്ട്. പട്ടാളം, പോലീസ് തുടങ്ങിയ സിവില്‍ സര്‍വീസിലുള്ളവരില്‍ മഹാഭൂരിഭാഗവും ഇക്കാരണത്താല്‍ തന്നെ ഭരണകക്ഷിക്ക് എതിരായി വോട്ട് ചെയ്യാനുള്ള സാധ്യത വളരെ കുറവാണ്. തെരഞ്ഞെടുപ്പ് കമീഷന്‍ പോലും ഇക്കാരണത്താല്‍ തന്നെ നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ ഭരണകക്ഷിയുടെ താല്‍പര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കും. വാര്‍ത്താമാധ്യമങ്ങളാവട്ടെ പ്രതിപക്ഷത്തിന്റെ ഒരു ചിഹ്നമോ പതാകയോ അബദ്ധത്തില്‍ പോലും ബഹുജനങ്ങളെ കാണിക്കില്ല. ഭരണകക്ഷിക്ക് അനുകൂലമല്ലാത്ത പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും പ്രവര്‍ത്തനാനുമതിയുമില്ല.
ഇപ്രകാരം ഒരുപാട് പ്രതിസന്ധികള്‍ക്കിടയിലാണ് പ്രതിപക്ഷം തെരഞ്ഞെടുപ്പിനെ നേരിട്ടത് എന്നതാണ് വിപ്ലവകരമായ മാറ്റത്തിന് മലേഷ്യ സാക്ഷ്യം വഹിക്കാതിരിക്കാനുള്ള കാരണങ്ങളില്‍ ഒന്ന്. എന്നാല്‍ അതിനേക്കാള്‍ പ്രസക്തമാണ് മലേഷ്യയുടെ മുന്നോട്ടുള്ള വഴിയെക്കുറിച്ച് ഇപ്പോഴും ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ആശങ്കകളും ആകുലതകളും. അതേപോലെ പ്രസക്തമാണ് ഭരണ നടത്തിപ്പിന് അംനോ സ്വീകരിച്ചുപോരുന്ന വംശീയ ഉള്ളടക്കങ്ങള്‍ക്കുള്ള പങ്കും.

ജനാധിപത്യത്തിലെ വംശീയ ഉള്ളടക്കം
1957-ല്‍ സ്വാതന്ത്ര്യം ലഭിക്കും മുമ്പ് മലേഷ്യ അഭിമുഖീകരിച്ച മുഖ്യ പ്രശ്‌നം, കൊളോണിയല്‍ ശക്തിയായ ബ്രിട്ടീഷുകാര്‍ റബര്‍ എസ്‌റ്റേറ്റുകളിലും കൃഷിയിടങ്ങളിലും പണിയെടുക്കാന്‍ കൊണ്ടുവന്ന ചൈനീസ്-ഇന്ത്യന്‍ വംശജരെ എന്തു ചെയ്യും എന്നതായിരുന്നു. ദരിദ്രരും നിസ്സഹായരുമായ ഈ രണ്ട് വിഭാഗങ്ങളെ പൗരത്വം നല്‍കി രാഷ്ട്രത്തിന്റെ ഭാഗമാക്കുക എന്ന സമീപനത്തിനാണ് പില്‍ക്കാലത്ത് സ്വീകാര്യത ലഭിച്ചത്. അങ്ങനെയാണ് മലേഷ്യ ഒരു ബഹു വംശീയ രാഷ്ട്രമായി പരിണമിച്ചത്. ജനസംഖ്യയുടെ ഏകദേശം 60 ശതമാനം മലായ് മുസ്‌ലിംകളും 23 ശതമാനം ചൈനീസ് വംശജരും 7 ശതമാനം ഇന്ത്യന്‍ വംശജരും ബാക്കി 10 ശതമാനം ആദിമവാസികളായ മറ്റു വിഭാഗങ്ങളും ഉള്‍ക്കൊള്ളുന്ന രാജ്യമാണെങ്കിലും ഇസ്‌ലാം ഔദ്യോഗിക മതമായി സ്വീകരിച്ചിട്ടുള്ള ഒരു ബഹു സംസ്‌കൃതിയാണ് മലേഷ്യക്കുള്ളത്. എല്ലാ വിഭാഗങ്ങള്‍ക്കും വംശീയമായി സംഘടിക്കാനുള്ള സ്വാതന്ത്ര്യം നിലനിര്‍ത്തിക്കൊണ്ടുതന്നെ രാഷ്ട്രീയ പ്രക്രിയയില്‍ അവരെയെല്ലാം പങ്കാളികളാക്കുന്ന സമീപനമാണ് രാഷ്ട്രം സ്വീകരിച്ചുവരുന്നത്. 1974-ല്‍ രൂപീകൃതമായ ഭരണ സഖ്യമായ ബാരിസാന്‍ നാഷ്‌നലിന്റെ (ബി.എന്‍) നേതൃത്വം മലായ് പാര്‍ട്ടിയായ അംനോവിനാണെങ്കിലും 13 ചെറുതും വലുതുമായ പാര്‍ട്ടികള്‍ ഉള്‍ക്കൊള്ളുന്ന മുന്നണിയാണത്. ചൈനീസ് വംശജരുടെ പാര്‍ട്ടിയായ എം.സി.എ, ഇന്ത്യന്‍ വംശജരുടെ പാര്‍ട്ടിയായ എം.ഐ.സി എന്നിവയാണ് പ്രബലമായ മറ്റു രണ്ട് കക്ഷികള്‍. 1963-ല്‍ മലേഷ്യയുടെ ഭാഗമായ സബ (SABA), സരവാക്ക് (SARAWAK) തുടങ്ങിയ രണ്ട് സംസ്ഥാനങ്ങളിലെ പ്രാദേശിക കക്ഷികളാണ് കൂടുതല്‍ കരുത്തുള്ള മറ്റു വിഭാഗങ്ങള്‍. ഈ വംശീയ പാര്‍ട്ടികള്‍ക്കെല്ലാം പാര്‍ലമെന്റിലും മന്ത്രിസഭയിലും ഉദാരമായ പ്രാതിനിധ്യം ഉണ്ട് എന്നതാണ് മലേഷ്യന്‍ ജനാധിപത്യത്തിന്റെ പ്രത്യേകത. ചൈനീസ് വംശജര്‍ക്ക് ഭൂരിപക്ഷമുള്ള ഏതാനും മണ്ഡലങ്ങളൊഴിച്ചാല്‍ മലായ് മുസ്‌ലിംകള്‍ക്കാണ് ഏതാണ്ടെല്ലാ മണ്ഡലങ്ങളിലും ഭൂരിപക്ഷമെങ്കിലും മറ്റു വംശീയ പാര്‍ട്ടികളെ സഖ്യത്തിന്റെ ഭാഗമായി കണ്ട് പിന്തുണക്കുന്ന സമീപനമാണ് ബി.എന്നിനെ പിന്തുണക്കുന്നവര്‍ സ്വീകരിച്ചിട്ടുള്ളത്. മറ്റു വംശീയ പാര്‍ട്ടികള്‍ക്ക് ഇതല്ലാത്ത രൂപത്തില്‍ പാര്‍ലമെന്റിന്റെ പടി പോലും കാണാന്‍ ആവില്ല എന്നിരിക്കെ അവര്‍ക്ക് മുമ്പില്‍ ബി.എന്‍ അല്ലാത്ത മറ്റു വഴിയൊന്നുമില്ല. എന്നാല്‍ മറുവശത്ത്, സ്വാതന്ത്ര്യ സമരം കാലം മുതല്‍ മലേഷ്യയെ ഇസ്‌ലാമികവത്കരിക്കാന്‍ യത്‌നിക്കുന്ന പാസ് മലായ് വോട്ടുകള്‍ പിളര്‍ത്തുമെന്നിരിക്കെ പാസിനെ മറികടന്ന് മലായ് മേഖലകളില്‍ ആധിപത്യം നേടാന്‍ മറ്റെല്ലാ വംശജരുടെയും പിന്തുണ അംനോവിന് ആവശ്യവുമാണ്. അധികാരം മുന്‍നിര്‍ത്തിയുള്ള ഒരു പ്രായോഗിക ഫോര്‍മുല എന്നതിനപ്പുറം ഓരോ വിഭാഗവും അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനല്ല, എല്ലാ വംശജരിലെയും സമ്പന്ന-ഉപരി വര്‍ഗത്തെ സുഖിപ്പിക്കാനാണ് ബി.എന്‍ എന്നും ശ്രമിച്ചിട്ടുള്ളത്. പതിറ്റാണ്ടുകള്‍ക്ക് ശേഷവും സാധാരണക്കാരായ ഇന്ത്യന്‍ വംശജരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രസ്തുത സഖ്യത്തിലെ ഇന്ത്യന്‍ കക്ഷിക്ക് സാധിച്ചിട്ടില്ല എന്ന പൊതുബോധം മലേഷ്യയിലെ ഇന്ത്യന്‍ വംശജരില്‍ നിലനില്‍ക്കുന്നു. ഈ ബോധത്തെ ചൂഷണം ചെയ്താണ് 5 വര്‍ഷം മുമ്പ് ഹിന്ദു റൈറ്റ് ആക്ഷന്‍ ഫോഴ്‌സ് (ഹിന്ദ്രാഫ്) എന്ന അതി സാമുദായിക വാദ കൂട്ടായ്മ രൂപം കൊണ്ടതും 2008-ലെ തെരഞ്ഞെടുപ്പില്‍ ബി.എന്നിലെ ഇന്ത്യന്‍ പാര്‍ട്ടിയെ നിഷ്പ്രഭമാക്കുംവിധം അവര്‍ പ്രതിപക്ഷ സ്ഥാനാര്‍ഥികളെ പിന്തുണച്ചതും. ഇതു കാരണം 56 വര്‍ഷത്തെ അംനോ ഭരണത്തിന് ശേഷവും സാമ്പത്തിക-സാമൂഹിക മേഖലകളില്‍ പിന്നാക്കം നില്‍ക്കുന്ന ഒരു വിഭാഗമായി മലായ് മുസ്‌ലിംകള്‍ തുടരുന്നു. മലായ് മുസ്‌ലിംകളിലെ ഉപരിവര്‍ഗത്തിന് ആനുകൂല്യങ്ങള്‍ പതിച്ചു നല്‍കുന്നതിലും മലേഷ്യയെ പ്രൗഢിയും ഗാംഭീര്യവുമുള്ള ഒരു രാജ്യമായി വളര്‍ത്തുന്നതിലും അംനോ വിജയിച്ചെങ്കിലും, വിവിധ വംശജരുടെ ഉപരി വര്‍ഗത്തിന്റെ താല്‍പര്യങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കുന്ന ഒരു കൂടാരമായി ബി.എന്‍ മാറിയതിനാല്‍ സാധാരണക്കാരായ മലായ് വംശജര്‍ പ്രാന്തവത്കരിക്കപ്പെടുന്നു എന്ന വിമര്‍ശം ശക്തമാണ്. കെടുകാര്യസ്ഥത, അഴിമതി, സ്വജനപക്ഷപാതിത്വം തുടങ്ങിയ സാമൂഹിക തിന്മകള്‍ തടയാനല്ല, വ്യാപിപ്പിക്കാനാണ് ഈ ഫോര്‍മുല കാരണമായത് എന്ന വിമര്‍ശവും ഉണ്ട്. ഇതിനെ മറികടക്കാന്‍ ജനാധിപത്യം, മാനവികത, സമത്വം തുടങ്ങിയ മൂല്യങ്ങളിലൂന്നി നില്‍ക്കുന്നതും വംശീയതയെ മറികടക്കുന്നതുമായ ഒരു ഫോര്‍മുല ആവശ്യമാണ് എന്നുള്ള തിരിച്ചറിവാണ് സമീപകാലത്ത് അന്‍വര്‍ ഇബ്‌റാഹീം മലേഷ്യയില്‍ പ്രസരിപ്പിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും ശക്തമായ സന്ദേശം.
ഒരുകാലത്ത് മലായ് വംശജരുടെ സംരക്ഷകനാകാന്‍ ഉദ്യമിച്ച അന്‍വര്‍ ഇബ്‌റാഹീം, മൊത്തം മലേഷ്യന്‍ ജനതയുടെ നായകന്‍ എന്ന സ്ഥാനത്തേക്ക് മാറാന്‍ നടത്തിയ ചുവടുവെപ്പുകളായി ഈ നിലപാട് വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഒരു പക്ഷേ മലായ് വംശജര്‍ ഭരണകക്ഷിയായ അംനോവിനും പ്രതിപക്ഷ മലായ്- മുസ്‌ലിം കക്ഷിയായ പാസിനും ഇടയില്‍ വീതിക്കപ്പെട്ടിരിക്കെ ഇതല്ലാത്ത മറ്റു മാര്‍ഗം അന്‍വര്‍ ഇബ്‌റാഹീമിന് മുമ്പിലുണ്ടായിരുന്നില്ല. അങ്ങനെയാണ് പാര്‍ട്ടി കാ ആദിലാന്‍ (പി.കെ.ആര്‍, ജസ്റ്റിസ് പാര്‍ട്ടി എന്ന് അര്‍ഥം) എന്ന ബഹു വംശീയ വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യമുള്ള സ്വന്തം പാര്‍ട്ടിക്ക് '90കളില്‍ അന്‍വര്‍ തുടക്കമിട്ടത്. തുടക്കം നിരാശാജനകമായിരുന്നെങ്കിലും 2008-ലെ തെരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷത്തുള്ള ഭിന്ന ധ്രുവങ്ങളില്‍ നിലയുറപ്പിച്ച രണ്ട് പ്രസ്ഥാനങ്ങളായ, ഡമോക്രാറ്റിക് ആക്ഷന്‍ പാര്‍ട്ടി (ഡി.എ.പി) എന്ന ചൈനീസ് വംശജര്‍ക്ക് മേധാവിത്വമുള്ള അള്‍ട്രാ സെക്യുലര്‍ പാര്‍ട്ടിയെയും പാസ് എന്ന മലേഷ്യയിലെ ഏറ്റവും കരുത്തുറ്റ ഇസ്‌ലാമിക കക്ഷിയെയും തന്റെ പാര്‍ട്ടിയോടൊപ്പം നിര്‍ത്തി ജനകീയ സഖ്യം (പിആര്‍) എന്ന മുന്നണിക്ക് തുടക്കം കുറിക്കാന്‍ അന്‍വര്‍ ഇബ്‌റാഹീമിന് സാധിച്ചു. പ്രതിപക്ഷ വോട്ടുകള്‍ ഏകോപിക്കാന്‍ നടത്തിയ ആ ഉദ്യമമാണ്, 2008-ലെ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയുടെ പതിറ്റാണ്ടുകളായി തുടരുന്ന മൂന്നില്‍ രണ്ട് ഭൂരിപക്ഷം എന്ന പതിവു രീതിയെ തകര്‍ത്തത്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 1969-ന് ശേഷം ആദ്യമായാണ് വോട്ടിംഗ് ശതമാനം വിജയിച്ച കക്ഷിക്ക് 48 ശതമാനമായി കുറഞ്ഞത്. പ്രതിപക്ഷം 51 ശതമാനം വോട്ടുകള്‍ നേടി വിജയികളെക്കാള്‍ മൂന്ന് ശതമാനം മുന്നിട്ടുനില്‍ക്കുന്നു.
ചൈനീസ് ഭീതി
തെരഞ്ഞെടുപ്പിലെ മറ്റൊരു പ്രധാന ചര്‍ച്ചാ വിഷയം ചൈനീസ് വംശജരുടെ കൂട്ടത്തോടെയുള്ള പ്രതിപക്ഷത്തിന് അനുകൂലമായ മാറ്റമാണ്. ഈ മാറ്റം ബി.എന്നിലെ ചൈനീസ് പാര്‍ട്ടിയുടെ തകര്‍ച്ചക്കും പ്രതിപക്ഷ സഖ്യത്തിലെ ഡി.എ.പിയുടെ കുതിച്ചുചാട്ടത്തിനും കാരണമായത് പോലെ ചില പ്രത്യാഘാതങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. പല സ്ഥലത്തും ബി.എന്നിന്റെ കൂടെ നില്‍ക്കുന്ന ചൈനീസ് പാര്‍ട്ടിയെ മറികടന്ന് അന്‍വര്‍ ഇബ്‌റാഹീമിന്റെ കൂടെ നില്‍ക്കുന്ന ഡി.എ.പി 2008-ല്‍ ആധിപത്യം നേടിയത് ഉയര്‍ത്തിക്കാട്ടി മലേഷ്യ ചൈനീസ് വംശജരുടെ കൈകളില്‍ അമര്‍ന്നുപോകാന്‍ ഇടയുണ്ടെന്ന ഭീതി മലേഷ്യയില്‍ വ്യാപകമായി പ്രചാരം നേടിയിട്ടുണ്ട്.
അംനോവിന് മേധാവിത്വമുള്ള ഭരണ സഖ്യത്തില്‍ ഏറ്റവും കൂടുതല്‍ സുഖം അനുഭവിച്ച വിഭാഗമാണ് മലേഷ്യയിലെ ചൈനീസ് വംശജര്‍. ഭൂരിപക്ഷം വരുന്ന മലായ് വംശജരെ അതിദൂരം പിന്നിലാക്കി അവര്‍ നേടിയ സാമ്പത്തികാഭിവൃദ്ധി അസൂയാവഹമാണ്. പ്രതിപക്ഷ കക്ഷികളുടെ കൂട്ടത്തില്‍ പത്ത് സീറ്റുകള്‍ അധികം നേടിയെടുത്ത് 40 അംഗങ്ങളോടെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷി, പാര്‍ലമെന്റിലെ രണ്ടാമത്തെ വലിയ കക്ഷി എന്ന സ്ഥാനം ഡി.എ.പി എന്ന ചൈനീസ് മേധാവിത്വമുള്ള കക്ഷി നേടിയെടുത്തു. പി.കെ.ആറിനും പാസിനും ഏതാനും സീറ്റുകള്‍ നഷ്ടപ്പെടുകയും ചെയ്തു. ചൈനീസ് വംശജര്‍ മുഴുക്കെ ചൈനീസ് വംശീയ പാര്‍ട്ടികളെ കൈയൊഴിച്ച് പ്രതിപക്ഷത്തെ പിന്തുണച്ചതാണ് ഇതിന്റെ കാരണം. 2004-ല്‍ പാര്‍ലമെന്റില്‍ 30-ഉം 2008-ല്‍ 15-ഉം സീറ്റുണ്ടായിരുന്ന എം.സി.എ ഇത്തവണ ആറില്‍ ഒതുങ്ങി.
പാസും മലായ് വോട്ടുബാങ്കും
ഡി.എ.പി കരുത്ത് തെളിയിച്ച ഈ തെരഞ്ഞെടുപ്പില്‍ പക്ഷേ, മലായ് ഇസ്‌ലാമിക പാര്‍ട്ടിയായ പ്രതിപക്ഷത്തെ പ്രബല കക്ഷി തളര്‍ന്നു പോവുകയാണുണ്ടായത്. പാര്‍ലമെന്റില്‍ രണ്ട് സീറ്റ് കുറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷം പാസ് ഒറ്റക്ക് ഭരിച്ച കെദ എന്ന സംസ്ഥാനം നഷ്ടപ്പെട്ടു. ഒരു പരിധിവരെ പാസ് വേണ്ടത്ര സീറ്റുകള്‍ പിടിച്ചെടുക്കാത്തതാണ് പ്രതിപക്ഷത്തിന് അധികാരം നേടാനാവാതെ പോയതിന്റെ കാരണങ്ങളില്‍ ഒന്ന്.
ഭിന്ന വംശീയ വിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന ബഹു വംശീയ പാര്‍ട്ടി എന്ന അന്‍വര്‍ ഇബ്‌റാഹീമിന്റെ ആശയം രൂപപ്പെട്ട നാളുകളില്‍ തന്നെ പാസിനിടയിലും രണ്ട് വ്യത്യസ്ത സമീപനങ്ങള്‍ രൂപപ്പെട്ട് വന്നിട്ടുണ്ട്. മലേഷ്യയെ ഒരു ഇസ്‌ലാമിക രാഷ്ട്രമാക്കണമെന്ന് വിശ്വസിക്കുന്ന പാരമ്പര്യ പണ്ഡിതന്മാര്‍ ഒരു ഭാഗത്തും ഇസ്‌ലാമിക രാഷ്ട്രം ലക്ഷ്യം വെക്കുന്നതിന് പകരം ക്ഷേമ രാഷ്ട്രം ആയിരിക്കണം ലക്ഷ്യം എന്ന് വിശ്വസിക്കുന്ന അഭ്യസ്ത വിദ്യര്‍ മറ്റൊരു ഭാഗത്തും. ഉലമാ ഗ്രൂപ്പ് എന്നും ഉര്‍ദുഗാന്‍ ഗ്രൂപ്പ് എന്നും പേര് നല്‍കി ഈ സംവാദത്തെ പര്‍വതീകരിക്കാന്‍ മീഡിയ പരമാവധി ശ്രദ്ധിച്ചിട്ടുമുണ്ട്. 2008-ലെ ഇലക്ഷനു ശേഷം മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉറപ്പുവരുത്താന്‍ ബി.എന്‍ സഖ്യത്തിലേക്ക് പാസിനെ കൊണ്ടുപോവാന്‍ ഭരണകക്ഷി ശ്രമിച്ചിരുന്നു. ചൈനീസ് ഭീതി വ്യാപകമായ പ്രസ്തുത നാളുകളില്‍ ഡി.എ.പി സഖ്യത്തെക്കാള്‍ ഭേദം അതാണ് എന്ന് വിശ്വസിച്ച് പ്രസ്തുത നീക്കത്തെ പാസിന്റെ അന്നത്തെ ഉപാധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവര്‍ പിന്തുണച്ചിരുന്നു. എന്നാല്‍, അന്‍വര്‍ ഇബ്‌റാഹീമിന്റെ കൂടെ തന്നെനിന്ന് സമീപ ഭാവിയില്‍ കേന്ദ്രഭരണം കൈയടക്കലാണ് ബി.എന്‍ സഖ്യത്തില്‍ ചേര്‍ന്ന് അംനോവിന് കീഴൊതുങ്ങുന്നതിനേക്കാള്‍ ഭേദം എന്ന് മറു വിഭാഗവും വാദിച്ചു. പാസിന്റെ മുര്‍ശിദെ ആമും, 22 വര്‍ഷമായി കെലന്താന്‍ പ്രവിശ്യയുടെ മുഖ്യമന്ത്രിയായി മലേഷ്യന്‍ ജനഹൃദയങ്ങളില്‍ ആഴത്തില്‍ വേരോട്ടം നേടിയ പണ്ഡിതനുമായ ഗുരു നിക് അബ്ദുല്‍ അസീസ് പക്ഷേ, ബി.എന്‍ സഖ്യത്തിന് എതിരായ ശക്തമായ നിലപാടെടുത്തത് കാരണമാണ് പാസ് ഇന്നും അന്‍വര്‍ ഇബ്‌റാഹീമിന്റെ കൂടെ നിലയുറപ്പിച്ചിരിക്കുന്നത്.
ക്ഷേമ രാഷ്ട്രം, ഹുദൂദ് തുടങ്ങിയ വിഷയങ്ങളില്‍ ഇസ്്‌ലാമിക ചൈതന്യം കാത്തുസൂക്ഷിക്കുന്ന പുരോഗമന നിലപാട് സ്വീകരിക്കുന്നു എന്നതാണ് നിക് അബ്ദുല്‍ അസീസിന്റെ പ്രത്യേകത. അമുസ്‌ലിംകള്‍ അല്ലാഹു എന്ന പദം ഉപയോഗിക്കരുത്, ഖുര്‍ആന്‍ പൊതുവേദികളില്‍ ഉദ്ധരിക്കരുത് തുടങ്ങിയ ഒട്ടനവധി വിഷയങ്ങള്‍ ഉയര്‍ത്തി കൊണ്ടുവന്ന് മലായ് സാമുദായികതയെ ഉദ്ദീപിപ്പിച്ച് മലായ് വംശജരുടെ പിന്തുണ ഉറപ്പ് വരുത്താന്‍ മതേതര മുഖമുള്ള ഭരണകക്ഷി ശ്രമിച്ചപ്പോഴെല്ലാം പാസിലെ ഈ വിഭാഗവും അന്‍വര്‍ ഇബ്‌റാഹീമും വ്യത്യസ്ത നിലപാട് സ്വീകരിച്ചുവന്നു. എന്നാല്‍ പാരമ്പര്യ വാദികള്‍ പലപ്പോഴും സാമുദായികതയുടെ അതിര്‍ത്തിക്കുള്ളില്‍ ഇസ്്‌ലാമിക മൂല്യങ്ങളെ തളച്ചിടാനാണ് ശ്രമിച്ചത്. അധികാര പങ്കാളിത്തവുമായി ബന്ധപ്പെട്ട് ബി.എന്‍ നല്‍കിയ വാഗ്ദാനങ്ങള്‍ സ്വീകരിച്ച് പാസിനെ കൂടുതല്‍ മലായ് വത്കരിക്കണം എന്നതാണ് അവരുടെ പക്ഷം. ഈ ഭിന്നത കാരണം പാസിന്റെ ഉപാധ്യക്ഷനെ കഴിഞ്ഞ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മറു വിഭാഗം പരാജയപ്പെടുത്തി. പാസിലെ ഒറ്റപ്പെട്ട പ്രമുഖര്‍ പാര്‍ട്ടി വിട്ടു. ബി.എന്‍ പക്ഷത്ത് പാസ് വരാത്തത് കാരണം മലായ് വംശജരെ ഭിന്നിപ്പിക്കുകയാണ് പാസ് എന്ന പ്രചാരണം പാസിലെ തന്നെ ചിലര്‍ ഏറ്റെടുത്തു. ഈ ആഭ്യന്തര ഭിന്നതയാണ് ഒരു സംസ്ഥാനം നഷ്ടപ്പെടാന്‍ ഇടവരുത്തിയത്.
ബി.എന്‍ സഖ്യത്തിലെ ചൈനീസ് വംശജരുടെ പാര്‍ട്ടി മാന്യതയുടെ എല്ലാ സീമകളും ലംഘിച്ച് പാസിന്റെ ഇസ്‌ലാമിക രാഷ്ട്ര സങ്കല്‍പത്തെ കുറിച്ച ഭീതി നഗരങ്ങളില്‍ അധിവസിക്കുന്ന അഭ്യസ്ത വിദ്യരില്‍ വ്യാപകമാക്കി. മലായ് ഭാഷാ പത്രങ്ങള്‍ വായിക്കാത്ത ഇംഗ്ലീഷ്, ചൈനീസ് പത്രങ്ങള്‍ മാത്രം വായിക്കുന്നവരെ ഉന്നമിട്ട് പ്രസിദ്ധീകരിച്ച നൂറു കണക്കിന് പരസ്യങ്ങളില്‍ മുഴച്ചുനിന്നത് 'ഇസ്‌ലാംഭീതി'യായിരുന്നു. ഡി.എ.പിക്കുള്ള വോട്ട് പാസിനുള്ള വോട്ടിന് തുല്യവും പാസിനുള്ള വോട്ട് ചൂതാട്ടവും വിനോദവും നിഷേധിക്കാനുള്ള വോട്ടിന് തുല്യവുമായിരിക്കും എന്ന് വിളിച്ചു പറയുന്ന പരസ്യങ്ങള്‍ പക്ഷേ മലായ് പത്രങ്ങള്‍ മാത്രം വായിക്കുന്ന ഗ്രാമീണ മലായ് വംശജര്‍ അബദ്ധത്തില്‍ പോലും കാണാനിടയില്ല. ഈ തന്ത്രത്തിലൂടെ ഡി.എ.പിയെ തളര്‍ത്താനായില്ലെങ്കിലും ഡി.എ.പിയെ പിന്തുണക്കുന്ന ഇതര വംശജര്‍ പാസ് മത്സരിച്ച മണ്ഡലങ്ങളില്‍ അവര്‍ക്ക് അനുകൂലമായി വോട്ട് ചെയ്തില്ല എന്നു വേണം കരുതാന്‍. പാസിലെ ലിബറല്‍ മുഖങ്ങളും, അന്‍വര്‍ ഇബ്‌റാഹീമിന്റെ ഉറ്റ മിത്രങ്ങളുമായ ഡെപ്യൂട്ടി പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തുടങ്ങി ഏതാണ്ടെല്ലാ പ്രമുഖരും ഭിന്ന വംശീയ വിഭാഗങ്ങള്‍ ഇടകലര്‍ന്ന് ജീവിക്കുന്ന നഗര മണ്ഡലങ്ങളില്‍ ഭാഗ്യപരീക്ഷണത്തിനിറങ്ങിയെങ്കിലും പരാജയപ്പെട്ടത് ഇക്കാരണത്താലാണ്.
പാസ് പതിറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന സമീപനങ്ങളില്‍ മാറ്റം വരുത്തി, എല്ലാ ജനവിഭാഗങ്ങളെയും ഉള്‍ക്കൊള്ളുംവിധം സ്വീകരിച്ച ബഹുസ്വരതയില്‍ ഊന്നുന്ന സമീപനം മലായ് മുസ്്‌ലിംകളെ ബോധ്യപ്പെടുത്തുന്നതില്‍ പാസ് പരാജയപ്പെട്ടു എന്നു വേണം കരുതാന്‍. ഇപ്രാവശ്യം ചരിത്രത്തിലാദ്യമായി അമുസ്്‌ലിംകളെ സ്ഥാനാര്‍ഥികളായി പാസ് മത്സരിപ്പിച്ചത് പലരെയും അമ്പരിപ്പിച്ചുവെങ്കിലും അത്തരം രാഷ്ട്രീയ അഭ്യാസങ്ങള്‍ മലായ് മുസ്്‌ലിംകളെ കൂടുതല്‍ പാസില്‍ നിന്നകറ്റുകയാണുണ്ടായത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-18 / അല്‍ കഹ്ഫ് / 60
എ.വൈ.ആര്‍