Prabodhanm Weekly

Pages

Search

2013 മെയ്‌ 31

ഗസ്സ പ്രതിരോധത്തിന്റെ പാഠശാല-13 / തീയില്‍ കുലച്ച കാരക്ക

സി. ദാവൂദ് / യാത്ര

രു ദിവസം സന്ധ്യാ നേരത്താണ് ഞങ്ങള്‍ ശൈഖ് റദ്‌വാനിലെത്തുന്നത്. ഗസ്സ സിറ്റിയുടെ വടക്കുഭാഗത്തുള്ള വലിയൊരു ജനവാസ കേന്ദ്രമാണത്. ബഹുനില ഫ്‌ളാറ്റുകളെക്കൊണ്ട് നിറഞ്ഞ പ്രദേശം. ഇവിടെയാണ് മുഹമ്മദ് ദലുവിന്റെ കുടുംബ വീട്. മുഹമ്മദ് ദലു മുമ്പ് അത്ര അറിയപ്പെട്ട ആളൊന്നുമല്ല. 2012-ലെ നവംബറിലെ ഗസ്സ ആക്രമണത്തെത്തുടര്‍ന്നാണ് ദലു ഒരു ഫലസ്ത്വീനി പ്രതീകമായി മാറുന്നത്. രണ്ടാം ഗസ്സ ആക്രമണത്തിലെ ഏറ്റവും ചോര മണക്കുന്ന അധ്യായത്തിന്റെ പേരാണ് മുഹമ്മദ് ദലു എന്നത്. ദലു ഗസ്സ പോലീസ് സേനയിലെ ഒരു സാധാരണ പോലീസുകാരന്‍ മാത്രമായിരുന്നു. 2012 നവംബര്‍ 18-ന് ദലുവും കുടുംബവും താമസിക്കുന്ന മൂന്നുനില വീടിന് നേര്‍ക്ക് ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തി. 28-കാരനായ മുഹമ്മദ് ദലുവും അദ്ദേഹത്തിന്റെ ഭാര്യ സമ (24), മക്കളായ ജമാല്‍ (ആറ്), യൂസുഫ് (അഞ്ച്), സാറ (മൂന്ന്), ഇബ്‌റാഹീം (11 മാസം) എന്നിവരും കൊല്ലപ്പെട്ടു. വീട്ടില്‍ ആ സമയത്തുണ്ടായിരുന്ന ദലുവിന്റ ബന്ധുക്കളായ സുഹൈല (75), തഹീന (48), യാര (17), റനീന്‍ (22) എന്നിവരും അയല്‍വാസികളായ ആമിനാ മസ്‌നാര്‍ (80), മസ്‌നാര്‍ അബ്ദുല്ല (22) എന്നിവരുമടക്കം 12 പേര്‍ ഇസ്രയേലിന്റെ ക്രൂരതക്കിരയായി. രണ്ടാം ഗസ്സ യുദ്ധത്തില്‍ ഒരൊറ്റ ആക്രമണത്തില്‍ ഇത്രയുമധികം ആളുകള്‍ കൊല്ലപ്പെടുന്ന ആദ്യ സംഭവം. 11 മാസം മാത്രം പ്രായമായ കുഞ്ഞും 80 പിന്നിട്ട വൃദ്ധയും ഇസ്രയേലിന്റെ കണ്ണില്‍ കൊടും ഭീകരര്‍ തന്നെ. ഒരു തലമുറയെത്തന്നെ തുടച്ചു നീക്കുകയായിരുന്നു അവര്‍.
ദലുവിന്റെ വീടിനുനേരെയുള്ള ആക്രമണം അന്താരാഷ്ട്രീയ തലത്തില്‍ ഇസ്രയേലിനെതിരെ നയതന്ത്ര സമ്മര്‍ദങ്ങളും ജനകീയ വികാരവും ഉണര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ട ആ നാലു കുട്ടികളുടെ രക്തം പുരണ്ട മൃതദേഹങ്ങള്‍ ശിഫാ ആശുപത്രിയിലെ മോര്‍ച്ചറിയിലെ സ്റ്റീല്‍ ട്രേയില്‍ ഒന്നിച്ചു കിടത്തി വെച്ചിരിക്കുന്നതിന്റെ ചിത്രങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. അറബ് ലോകത്ത് മാത്രമല്ല, പടിഞ്ഞാറന്‍ തെരുവുകളിലും ഇസ്രയേലി നൃശംസതക്കെതിരായ ജനകീയ വികാരം ഉണര്‍ന്നു. ദലു ഗസ്സയുടെ മാത്രമല്ല, ലോകത്തിന്റെ തന്നെ കണ്ണീര്‍ കായലായി മാറി.
അവിടെയെത്തുമ്പോള്‍, ഒരു മൂന്നു നില കെട്ടിടം നിന്നിരുന്ന സ്ഥലമോ ഇതെന്ന് നാം ആശ്ചര്യപ്പെട്ടു പോകും. അത് ഇപ്പോള്‍ വെറുമൊരു മണല്‍കൂനയാണ്. അതിനിടയില്‍ അവിടെയവിടെയായി വാര്‍ക്കക്കമ്പികള്‍ പുറത്തേക്ക് തലനീട്ടി നില്‍ക്കുന്നുവെന്ന് മാത്രം. തലേ ദിവസം മഴ പെയ്തതു കൊണ്ടായിരിക്കണം, കളിപ്പാട്ടങ്ങളും കീറിപ്പിന്നിയ സ്‌കൂള്‍ ബാഗിന്റെ ഭാഗങ്ങളും കുഞ്ഞുടുപ്പുകളും മണല്‍കൂനയില്‍ നിന്ന് പുറത്തേക്ക് നോക്കുന്നുണ്ട്. ഞങ്ങളെത്തുമ്പോള്‍ ആക്രമണം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടുണ്ട്. എന്നിട്ടും ആ സ്ഥലം അങ്ങനെത്തന്നെ നില്‍ക്കുകയാണ്. ഒന്നും മാറ്റിയിട്ടില്ല. ഇസ്രയേലി ക്രൂരതയുടെ സാക്ഷ്യമായി അതങ്ങനെ നില്‍ക്കട്ടെയെന്ന് ബന്ധപ്പെട്ടവര്‍ തീരുമാനിച്ചിരിക്കണം. അന്താരാഷ്ട്ര മാധ്യമങ്ങളുടെയും മനുഷ്യാവകാശ സംഘടനകളുടെയും പ്രതിനിധികള്‍ അവിടെ വരാറുണ്ട്. അവര്‍ക്ക് മുമ്പില്‍ ആ മണല്‍ക്കൂന തന്നെ സത്യം പറയട്ടെ എന്നു വിചാരിച്ചതാവണം. 12 പേര്‍ കൊല്ലപ്പെട്ടതില്‍ യാരയുടെ മൃതദേഹം നാല് ദിവസങ്ങള്‍ക്ക് ശേഷം മാത്രമാണ് കണ്ടെടുക്കാനായത് എന്നറിയുമ്പോള്‍ ആ സ്‌ഫോടനത്തിന്റെ ആഘാതം നമുക്കോര്‍ക്കാവുന്നതേയുള്ളൂ. തൊട്ടപ്പുറത്തുള്ള മറ്റൊരു മൂന്ന് നില കെട്ടിടം മുക്കാലും തകര്‍ന്നിട്ടുണ്ട്. കൊല്ലപ്പെട്ട എണ്‍പതുകാരി ആമിനാ മസ്‌നാറും 22 കാരന്‍ മസ്‌നാര്‍ അബ്ദുല്ലയും ആ വീട്ടിലുള്ളവരായിരുന്നു. ബങ്കര്‍ ബസ്റ്റര്‍ ബോംബാണ് ദലുവിന്റെ വീട് ആക്രമിക്കാന്‍ ഉപയോഗിച്ചതെന്നാണ് കരുതപ്പെടുന്നത്. ഭൂമിക്കടിയിലേക്ക് ആഴ്ന്നിറങ്ങി പൊട്ടിത്തെറിച്ച് പ്രദേശത്തെ മുഴുവന്‍ കുഴമറിക്കാന്‍ കഴിയുന്ന തരത്തിലുള്ള ബോംബാണത്. ദലുവിന്റെ വീട് ഒരു മണ്‍കൂനയായി മാറാന്‍ അതാണ് കാരണം.
കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത ഒരു ബാനര്‍ അവിടെ തൂക്കിയിട്ടുണ്ട്. 'അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെ നിങ്ങള്‍ മരിച്ചവരെന്ന് വിളിക്കരുത്; അവര്‍ ചിരഞ്ജീവികളാണ്...' എന്നു പറയുന്ന ഖുര്‍ആന്‍ സൂക്തം ആലേഖനം ചെയ്ത, ദലു കുടുംബത്തിന് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ടുള്ള ഹമാസിന്റെ മറ്റൊരു വലിയ ബാനറുമുണ്ടവിടെ. പവര്‍ കട്ടുള്ള സന്ധ്യാ നേരമായിരുന്നു അത്. ഞങ്ങള്‍ ചിത്രങ്ങള്‍ എടുത്തു കൊണ്ടിരിക്കെ റോഡിനപ്പുറമുള്ള ഫ്‌ളാറ്റില്‍ നിന്ന് ഒരു ചെറുപ്പക്കാരന്‍ ഇറങ്ങി വന്നു. ഖാലിദ് മുഹമ്മദ്. കമ്പ്യൂട്ടര്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ഥിയാണ്. ആക്രമണം നടക്കുമ്പോള്‍ നിങ്ങള്‍ അവിടെയുണ്ടായിരുന്നോ എന്നു ഞാന്‍ ചോദിച്ചു. 'ഉണ്ടായിരുന്നു'-അവന്‍ പറഞ്ഞു. നിങ്ങള്‍ക്ക് പേടിയായോ എന്ന എന്റെ ചോദ്യം അവന് ഇഷ്ടപ്പെട്ടില്ല എന്നു തോന്നുന്നു. 'രക്തസാക്ഷിയാവാന്‍ കഴിയാത്തതില്‍ എനിക്ക് സങ്കടമുണ്ട്'- അല്‍പം നിസംഗതയോടെ അവന്‍ പറഞ്ഞു. ആ സന്ദര്‍ഭത്തിന്റെ ഭയാനതകള്‍ അവന്‍ ഞങ്ങള്‍ക്ക് വിവരിച്ചു തന്നു. മറ്റു പല പ്രദേശങ്ങളിലും ആക്രമണം കനത്തപ്പോള്‍ താരതമ്യേന സുരക്ഷിതമായ മേഖല എന്ന നിലക്ക് ആളുകള്‍ മാറിത്താമസിച്ച പ്രദേശമായിരുന്നു ശൈഖ് റദ്‌വാന്‍. പല വീടുകളിലും ബന്ധുക്കളും സുഹൃത്തുക്കളും വന്നു നിറഞ്ഞിരുന്നു. ഏതെല്ലാം വീടുകളില്‍ ആരെല്ലാമുണ്ടായിരുന്നു എന്ന് ആര്‍ക്കും നിശ്ചയമുണ്ടായിരുന്നില്ല. ദലുവിന്റെ വീട്ടിലും ഇത്രയധികം ആളുകള്‍ ഉണ്ടായിരുന്നുവെന്ന് ആരും വിചാരിച്ചിരുന്നില്ല. യാരയുടെ മൃതദേഹം കണ്ടെടുക്കാന്‍ വൈകിയതും അതു കൊണ്ടാണ്. ഖാലിദ് പറഞ്ഞു. അവരെ ഒരു നിലക്കും സഹായിക്കാന്‍ സാധിച്ചില്ലല്ലോ എന്നതില്‍, തങ്ങളുടെ വീടിന് നേര്‍ മുന്‍വശത്തുള്ള ഒരു കുടുംബം ഒരു സഹായക്കൈനീട്ടം സ്വീകരിക്കാന്‍ പോലും കഴിയാതെ പിരിഞ്ഞുപോയല്ലോ എന്നതില്‍ ഖാലിദിന് വലിയ വിഷമമുണ്ട്.
ഹമാസ് റോക്കറ്റ് യൂനിറ്റിന്റെ തലവനായ യഹ്‌യാ റാബിയ ആ വീട്ടിലുണ്ടായിരുന്നുവെന്നും അദ്ദേഹം ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നുമായിരുന്നു ഇസ്രയേല്‍ ആദ്യം അവകാശപ്പെട്ടത്. എന്നാല്‍ യഹ്‌യ ആ വീട്ടിലുണ്ടായിരുന്നില്ലെന്നും അദ്ദേഹം കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തില്ലെന്ന് തെളിയിക്കപ്പെടുകയും ചെയ്ത ശേഷം ഇസ്രയേല്‍ ചുവടു മാറ്റി. അതിനിടെ, കൊല്ലപ്പെട്ട ദലുവിന്റെ മക്കളുടെ ചിത്രങ്ങള്‍ ആഗോള മനസ്സാക്ഷിയെ പിടിച്ചുലച്ച് വന്‍ പ്രചാരം നേടിക്കഴിഞ്ഞിരുന്നു. അന്താരാഷ്ട്ര തലത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ ഇസ്രയേലിന് തലവേദനയായി. അപ്പോള്‍ പിന്നെ, തങ്ങളുടെ ഭാഗത്ത് നിന്ന് വന്ന അബദ്ധമാണിതെന്നും മിസൈലിന് ലക്ഷ്യം പിഴച്ചതാണ് എന്നുമുള്ള വിശദീകരണവുമായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ വക്താക്കള്‍ രംഗത്തുവന്നു. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പോലുള്ള സംഘടനകള്‍ ഇതിന്റെ പേരില്‍ ഇസ്രയേലിനെതിരെ നിയമനടപടികള്‍ എടുക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ഇത് ഒരു യുദ്ധക്കുറ്റമാണെന്ന് വിശേഷിപ്പിച്ച ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ദലുവിന്റെ കുടുംബത്തിന് ഇസ്രയേല്‍ നിയമപരമായ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടു. നിലവില്‍ തന്നെ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെയും ഇന്‍ര്‍നാഷനല്‍ ക്രൈം ട്രൈബ്യൂണലിന്റയും പല വിധികള്‍ കാരണം പ്രയാസപ്പെടുന്ന രാജ്യമാണ് ഇസ്രയേല്‍. അതിന്റെ പല ഉന്നത രാഷ്ട്രീയ, സൈനിക നേതാക്കള്‍ക്കും അന്താരാഷ്ട്ര കോടതിയുടെ ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ വിദേശ യാത്രകള്‍ നടത്താന്‍ കഴിയുന്നില്ല. അത്തരത്തിലുള്ള ഒരു കേസായി ഇത് വളരുമോ എന്ന് ഇസ്രയേല്‍ ഭയപ്പെട്ടു തുടങ്ങി. അതിനിടെയാണ് നവംബര്‍ 27ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ വക്താവ് അബിദല്‍ ലിബോവിച്ച് ഒരു പ്രസ്താവനയിറക്കുന്നത്. മുഹമ്മദ് ദലു തന്നെയായിരുന്നു തങ്ങളുടെ ലക്ഷ്യം. 'മുഹമദ് ദലു അറിയപ്പെട്ട ഒരു ഹമാസ് തീവ്രവാദിയാണ്. ഐ.ഡി.എഫിന് ഒരു പിഴവും പറ്റിയിട്ടില്ല. ഭീകരവാദികള്‍ സിവിലിയന്മാര്‍ക്കിടയില്‍ ഒളിച്ചു കഴിയുന്നുവെന്നത് ഒരു ദുരന്തമാണ്. ഹമാസിന്റെ തന്ത്രമാണത്.' ദലു നിയമപരമായ ഒരു ലക്ഷ്യമായിരുന്നുവെന്ന് വരുത്താന്‍ വേണ്ടിയാണ് ഐ.ഡി.എഫിന്റെ വക്താവ് ഇങ്ങിനെയൊരു പ്രസ്താവനയിറക്കിയത്.
എന്തായാലും മുഹമ്മദ് ദലുവും അദ്ദേഹത്തിന്റെ കുടുംബവും ഇപ്പോഴില്ല. അവര്‍ താമസിച്ചിരുന്ന വീട് വെറുമൊരു മണ്‍കൂന മാത്രമായി അവിടെ നില്‍പുണ്ട്. പക്ഷേ, ഫലസ്ത്വീനി പ്രതിരോധത്തെയും ഗസ്സക്കാരുടെ ഇഛാശക്തിയെയും പോരാട്ടവീര്യത്തെയും അത് ശക്തിപ്പെടുത്തിയിട്ടേ ഉള്ളൂ. അയല്‍വാസിയായ ഖാലിദ് മുഹമ്മദ് പറഞ്ഞതു പോലെ അവരോടൊപ്പം രക്തസാക്ഷികളാകാന്‍ കഴിയാത്തതിലാണ് അവരുടെ സങ്കടം. ഓര്‍മകളുടെ കരുത്തായി അവര്‍ ദലുവിനെയും കുടുംബത്തെയും കാണുന്നു. തകര്‍ന്നുവീണ ആ വീട്ടിന്റെ ഒരു വശത്തായി മതിലിനോട് ചേര്‍ന്ന് ഒരു കാരക്ക മരം നില്‍പുണ്ട്. അന്നത്തെ ആക്രമണത്തില്‍ അത് ഏതാണ്ട് കരിഞ്ഞുണങ്ങിയിരുന്നു. ഉണങ്ങിച്ചുരുണ്ട അതിന്റെ ഓലകള്‍ താഴേക്ക് തൂങ്ങി നില്‍പുണ്ട്. എന്നാല്‍ ആ ഉണങ്ങിയ ഓലകള്‍ക്കിടയില്‍ നിന്ന് തുടുത്തു നിറഞ്ഞ കാരക്കകളുമായി മൂന്ന് കുലകള്‍ കുലച്ചു തൂങ്ങി നില്‍ക്കുയാണിപ്പോള്‍. ഞങ്ങള്‍ തീയില്‍ കുരുത്തവര്‍ എന്ന ഫലസ്ത്വീനി ഇഛാശക്തിയുടെ പ്രതീകമെന്ന പോലെ.
(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-18 / അല്‍ കഹ്ഫ് / 60
എ.വൈ.ആര്‍