പാക് തെരഞ്ഞെടുപ്പ് / ജനവിധി ഇസ്‌ലാം അനുകൂല സെക്യുലര്‍ പാര്‍ട്ടികള്‍ക്ക്
2013 മെയ് 11-ന് പാകിസ്താനില്‍ നടന്ന, രാജ്യത്തിന്റെ ചരിത്രത്തില്‍ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്ന തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്ത് വരികയും ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പാകിസ്താന്‍ മുസ്‌ലിം ലീഗിന്റെ നേതാവ് നവാസ് ശരീഫ് സ്വതന്ത്രരെ കൂടെ കൂട്ടി മന്ത്രിസഭ രൂപവത്കരിക്കാന്‍ നടത്തിയ ശ്രമം സഫലമാവുകയും ചെയ്തു കഴിഞ്ഞു. ഒരു സിവിലിയന്‍ സര്‍ക്കാര്‍ ഭരണത്തിന്റെ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കി സ്വതന്ത്രവും ഒട്ടൊക്കെ നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പിലൂടെ ജയിച്ചുവന്ന ജനപ്രതിനിധികളെ അധികാരമേല്‍പിക്കുന്ന സംഭവം പാകിസ്താനില്‍ ഇതാദ്യത്തേതായത് കൊണ്ടാണ് നാഴികക്കല്ല് എന്ന് വിശേഷിപ്പിച്ചത്. താലിബാന്റെ ബഹിഷ്‌കരണാഹ്വാനവും നൂറോളം പേരുടെ ജീവന്‍ അപഹരിച്ച സ്‌ഫോടനങ്ങളുമെല്ലാമുണ്ടായിട്ടും ഇലക്ഷന്‍ കമീഷന്റെ ഒടുവിലത്തെ കണക്കുകളനുസരിച്ച് 55.83 ശതമാനമാണ് പോളിംഗ്. 2008-ലെ തെരഞ്ഞെടുപ്പില്‍ 44 ശതമാനം മാത്രമായിരുന്നു വോട്ട് രേഖപ്പെടുത്തിയത്. 59.02 ശതമാനത്തോടെ ഏറ്റവും വലിയ പ്രവിശ്യയായ പഞ്ചാബ് പ്രഥമ സ്ഥാനത്ത് നില്‍ക്കുമ്പോള്‍ താലിബാന്‍ ഭീഷണിയുള്ള ഖൈബര്‍-പക്തൂണ്‍ഖ്വായില്‍ 44.83-ഉം ബലൂചിസ്താനില്‍ 39.34-ഉം ശതമാനമേ പോളിംഗ് ബൂത്തുകളിലെത്തിയുള്ളൂ. ജനങ്ങള്‍ ജനാധിപത്യത്തിന് മുമ്പെന്നത്തേക്കാളും താല്‍പര്യമെടുത്തതിന്റെയും മാറ്റം ആഗ്രഹിക്കുന്നതിന്റെയും അടയാളമായി ഉയര്‍ന്ന പോളിംഗ് ശതമാനം വിലയിരുത്തപ്പെടുന്നു.
നാഷ്‌നല്‍ അസംബ്ലിയിലെ മൊത്തം 272 സീറ്റുകളില്‍ തെരഞ്ഞെടുപ്പ് നടന്ന 268 സീറ്റുകളുടെ ഫലം പൂര്‍ണമായി ഇനിയും ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും പ്രഖ്യാപിക്കപ്പെട്ട 264 സീറ്റുകളില്‍ 122 എണ്ണം നേടി മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ പാകിസ്താന്‍ മുസ്‌ലിം ലീഗ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. പോള്‍ ചെയ്ത വോട്ടിന്റെ 30.52 ശതമാനം നേടിക്കൊണ്ട് വന്‍ തിരിച്ചുവരവാണ് രണ്ടുതവണ പ്രധാനമന്ത്രിയായിരുന്ന നവാസ് ശരീഫ് നടത്തിയത്. പോള്‍ ചെയ്തതിന്റെ 15.71 ശതമാനം വോട്ടും 27 സീറ്റുകളും നേടിയ ക്രിക്കറ്റര്‍ ഇംറാന്‍ ഖാന്റെ തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി ശ്രദ്ധേയമായ നേട്ടമുണ്ടാക്കിയെങ്കിലും അതിലും വലിയ വിജയമായിരുന്നു അദ്ദേഹവും പുറംലോകവും പ്രതീക്ഷിച്ചിരുന്നത്. അതേസമയം നിലവിലെ ഭരണകക്ഷിയും ഭൂട്ടോ കുടുംബത്തിന്റെ പാര്‍ട്ടിയുമായ പി.പി.പിയുടെ പ്രകടനം ദയനീയമായി. 2008-ല്‍ 10.6 മില്യന്‍ വോട്ട് നേടിയിരുന്ന പീപ്പ്ള്‍സ് പാര്‍ട്ടിക്ക് ഇത്തവണ നേടാനായത് 6.673 മില്യന്‍ അഥവാ മൊത്തം പോള്‍ ചെയ്തതിന്റെ 13 ശതമാനം മാത്രം. നാഷ്‌നല്‍ അസംബ്ലിയില്‍ 31 സീറ്റുകളിലേ പാര്‍ട്ടിക്ക് വിജയിക്കാനായുള്ളൂ. സിറ്റിംഗ് മന്ത്രിമാരില്‍ ഭൂരിഭാഗവും തോറ്റു. സിന്ധ് പ്രവിശ്യയില്‍ മാത്രം പി.പി.പി മുഖ്യ ഭരണകക്ഷിയായി. ഖൈബര്‍-പക്തൂണ്‍ഖ്വാ പ്രവിശ്യാ ഭരണം ഇസ്‌ലാമിക പാര്‍ട്ടികളുടെ പിന്തുണയോടെ ഇംറാന്‍ ഖാന്റെ പാര്‍ട്ടിക്കും പിടിയിലൊതുക്കാം. പഞ്ചാബ് പ്രവിശ്യയില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷം ഉറപ്പാക്കിയ നവാസ് ശരീഫിന്റെ പാര്‍ട്ടി ബലൂചിസ്താനിലും സ്വതന്ത്രരുടെയും ചില പ്രാദേശിക പാര്‍ട്ടികളുടെയും സഹകരണത്തോടെ സര്‍ക്കാര്‍ രൂപവത്കരിക്കുമെന്നാണ് വിവരം. കറാച്ചിയില്‍ 35 അസംബ്ലി സീറ്റുകള്‍ നേടിയ എം.ക്യു.എം സിന്ധില്‍ പി.പി.പിയോടൊപ്പം ഭരണം പങ്കിടാനാണ് സാധ്യത. നാഷ്‌നല്‍ അസംബ്ലിയിലും ഈ അഭയാര്‍ഥി പാര്‍ട്ടിക്ക് 18 സീറ്റുകളുണ്ട്.
ഇസ്‌ലാമിക പാര്‍ട്ടികള്‍ക്കും മതേതര ഇടതുപക്ഷ പാര്‍ട്ടികള്‍ക്കും നേരിട്ട തിരിച്ചടിയാണ് പാക് തെരഞ്ഞെടുപ്പിന്റെ എടുത്തു പറയേണ്ട പ്രത്യേകത. ഖാന്‍ അബ്ദുല്‍ വലിഖാന്റെ മകന്‍ അസ്ഫന്തിയാര്‍ വലിഖാന്‍ നയിക്കുന്ന ഇടതുപക്ഷ പാര്‍ട്ടിയായ അവാമി നാഷ്‌നല്‍ പാര്‍ട്ടിക്ക് സ്വന്തം തട്ടകമായ പക്തൂണ്‍ഖ്വായില്‍ കനത്ത തിരിച്ചടിയാണ് നേരിട്ടത്. രണ്ടാമത്തെ ശക്തി കേന്ദ്രമായ കറാച്ചിയിലും പാര്‍ട്ടി തറപറ്റി. കറകളഞ്ഞ മതേതരത്വം അവകാശപ്പെടുന്ന എം.ക്യു.എം കറാച്ചിയിലും സിന്ധ് പ്രവിശ്യയിലെ ഏതാനും പോക്കറ്റുകളിലും പരമ്പരാഗത സ്വാധീനം നിലനിര്‍ത്തിയെങ്കിലും ഇംറാന്‍ ഖാന്റെ പാര്‍ട്ടി എം.ക്യു.എമ്മിന് ഉയര്‍ത്തിയ ഭീഷണി ചെറുതല്ല. മുംബൈയിലെ ശിവസേന മാതൃകയിലുള്ള ഈ അര്‍ധ ഫാഷിസ്റ്റ് പാര്‍ട്ടിയുടെ സുപ്രീമോ അല്‍ത്താഫ് ഹുസൈന്‍ ദീര്‍ഘകാലമായി ലണ്ടനിലിരുന്നാണ് തന്റെ സേനയെ നയിക്കുന്നതും നിയന്ത്രിക്കുന്നതും. അണികളെ അക്രമത്തിന് പ്രേരിപ്പിക്കുന്ന അല്‍ത്താഫിന്റെ വീഡിയോ പ്രസംഗങ്ങള്‍ക്കെതിരെ ശക്തമായ പരാതികളുയര്‍ന്ന പശ്ചാത്തലത്തില്‍ സ്‌കോട്ട്‌ലാന്റ് യാര്‍ഡ് അദ്ദേഹത്തെ ചോദ്യം ചെയ്തുവരുന്നതായി ഒടുവില്‍ റിപ്പോര്‍ട്ടുണ്ട്. തഹ്‌രീകെ ഇന്‍സാഫിന്റെ വനിതാ വിഭാഗം നേതാവ് സഹ്‌റ ശാഹിദ് വെടിയേറ്റു മരിച്ച സംഭവത്തില്‍ എം.ക്യുഎമ്മാണ് പ്രതിക്കൂട്ടില്‍. തക്ബീര്‍ എഡിറ്ററും പ്രമുഖ പത്രപ്രവര്‍ത്തകനുമായ മുഹമ്മദ് സ്വലാഹുദ്ദീന്‍ ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തിയ കേസുകള്‍ എം.ക്യു.എമ്മിനെതിരെ നിലവിലുണ്ടായിരുന്നതാണ്. ഒരുകാലത്ത് പാകിസ്താന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ശക്തി കേന്ദ്രമായിരുന്ന കറാച്ചി പാര്‍ട്ടിക്ക് നഷ്ടപ്പെട്ടത് എം.ക്യു.എമ്മിന്റെ രംഗപ്രവേശത്തോടു കൂടിയാണ്. മറ്റൊരു മതേതര പാര്‍ട്ടിയായ പീപ്പ്ള്‍സ് പാര്‍ട്ടിയുടെ സ്വാധീനം ഭൂട്ടോ കുടുംബത്തിന്റെ ജന്മനാടായ സിന്ധില്‍ ഒതുങ്ങിയതാണ് ഒടുവിലത്തെ തെരഞ്ഞെടുപ്പിന്റെ എടുത്തോതേണ്ട മറ്റൊരു പ്രത്യേകത. താരത്തിളക്കമുള്ള ഒരു നേതാവിന്റെ അഭാവം, അഞ്ചു വര്‍ഷക്കാലത്തെ അഴിമതി നിറഞ്ഞ ഭരണം, അമേരിക്കന്‍ വിധേയത്വത്തോടുള്ള ജനരോഷം, ജുഡീഷ്യറിയുമായുള്ള ഏറ്റുമുട്ടല്‍ തുടങ്ങി പല കാരണങ്ങളും പ്രവര്‍ത്തിച്ചിട്ടുണ്ട് ഫ്യൂഡല്‍ പശ്ചാത്തലമുള്ള പി.പി.പിയുടെ വന്‍ വീഴ്ചക്ക് പിന്നില്‍. പ്രസിഡന്റും ഭാവി പ്രധാനമന്ത്രിയെന്ന് കരുതപ്പെട്ട ദേഹവുമായ ഇളം മുറക്കാരന്‍ ബിലാവല്‍ ഭൂട്ടോ ആത്മരക്ഷാര്‍ഥം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാതെ ദുബൈയിലേക്ക് പലായനം ചെയ്യുകയായിരുന്നു. തിരിച്ചെത്തിക്കാനുള്ള പിതാവ് ആസിഫ് സര്‍ദാരിയുടെ ശ്രമം വിജയിച്ചില്ല.
മതേതര പാര്‍ട്ടികളുടെ ദുരവസ്ഥയില്‍ നിന്ന് മുതലെടുക്കാനോ സാമ്രാജ്യത്വത്തിനെതിരായ ജനരോഷം വോട്ടാക്കി മാറ്റാനോ മത-രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സാധിച്ചില്ലെന്നതാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്. ദയൂബന്ദ് വിചാരധാരയെ പ്രതിനിധീകരിക്കുന്ന ജംഇയ്യത്തു ഉലമായെ ഇസ്‌ലാം (ഫസ്‌ലുര്‍റഹ്മാന്‍ ഗ്രൂപ്പ്) പരമ്പരാഗത സ്വാധീനമേഖലയായ ഖൈബര്‍ പക്തൂണ്‍ഖ്വാ പ്രവിശ്യയില്‍ 10 നാഷ്‌നല്‍ അസംബ്ലി സീറ്റുകളും 13 അസംബ്ലി സീറ്റുകളും നേടിയതൊഴിച്ച് നിര്‍ത്തിയാല്‍ 2003-ലെ തെരഞ്ഞെടുപ്പില്‍ നാഷ്‌നല്‍ അസംബ്ലിയില്‍ മുഖ്യ പ്രതിപക്ഷമായി ഉയരാന്‍ കഴിഞ്ഞിരുന്ന മുത്തഹിദ മജ്‌ലിസെ അമല്‍ (എം.എം.എ) ഘടകമായ ഒരു പാര്‍ട്ടിക്കും ഇത്തവണ മെച്ചപ്പെട്ട പ്രദര്‍ശനം കാഴ്ചവെക്കാനായില്ല. പലരും തറപറ്റുക തന്നെ ചെയ്തു. മൂന്ന് നാഷ്‌നല്‍ അസംബ്ലി സീറ്റുകളും ഏഴ് അസംബ്ലി സീറ്റുകളും പക്തൂണ്‍ഖ്വായില്‍ സ്വന്തമാക്കിയ പാകിസ്താന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രദര്‍ശനവും ശരാശരിയില്‍ താഴെയായി. ഖാദി ഹുസൈന്റെ പിന്‍ഗാമിയായി പാര്‍ട്ടി നേതൃത്വം ഏറ്റെടുത്ത മുനവ്വര്‍ ഹസന്‍, സെക്രട്ടറി ജനറല്‍ ലിയാഖത്ത് ബലൂച് എന്നിവര്‍ രാഷ്ട്രീയകളരിയില്‍ വൈഭവം തെളിയിച്ചവരെല്ലന്നത് ഒരു കാര്യം. അതിലേറെ, വൈകാരിക സ്വഭാവമുള്ള ചില പ്രത്യേക ഇഷ്യൂവില്‍ കടിച്ചു തൂങ്ങുന്നതല്ലാതെ ജനകീയ പ്രശ്‌നങ്ങളില്‍ യഥോചിതം ഇടപെടാനോ സമൂഹത്തിന്റെ, പ്രത്യേകിച്ചും യുവാക്കളുടെ അഭിലാഷങ്ങള്‍ക്കൊത്ത് ഉയരാനോ ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയില്‍ നിന്ന് വ്യത്യസ്തമായി, പാകിസ്താന്‍ ജമാഅത്തിന് സാധിച്ചിട്ടില്ലെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. വ്യക്തതയും വിശദാംശങ്ങളുമില്ലാതെ 'നിഫാസെ ശരീഅത്ത്, നിസാമെ മുസ്ത്വഫാ' എന്ന് മുദ്രാവാക്യം മുഴക്കുന്ന മത കക്ഷികളുടെ കൂടെയാണ് കുറെക്കാലമായി പാര്‍ട്ടി നിലയുറപ്പിച്ചിരിക്കുന്നത്. നൂറ് കണക്കിന് നിരപരാധികളെ ഇതിനകം കൊന്നൊടുക്കിയ യു.എസ് ഡ്രോണ്‍ ആക്രമണങ്ങള്‍ക്കെതിരായ ജനരോഷത്തിന് പോലും ദിശാബോധം നല്‍കുന്നതില്‍ പാകിസ്താനിലെ ഇസ്‌ലാമിക പ്രസ്ഥാനം പരാജയപ്പെട്ടുവെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. അതില്‍ നിന്ന് മുതലെടുക്കുന്നതാകട്ടെ തഹ്‌രീകെ താലിബാന്‍ പോലുള്ള തീവ്രവാദ കൂട്ടായ്മകളും. അവരോട് സൗമ്യ നിലപാട് സ്വീകരിക്കുന്നു എന്ന ആരോപണം ജമാഅത്ത് നേരിടുകയും ചെയ്യുന്നു. ഈ പരാതി പക്ഷേ ഇംറാന്‍ ഖാനെക്കുറിച്ചുമുണ്ട്. അദ്ദേഹത്തിന്റെ തഹ്‌രീകെ ഇന്‍സാഫുമായി സഖ്യമുണ്ടാക്കിയല്ല ജമാഅത്തെ ഇസ്‌ലാമി മത്സരിച്ചതെങ്കിലും ഫലങ്ങള്‍ പുറത്തു വന്ന ശേഷം പക്തൂണ്‍ഖ്വാ പ്രവിശ്യയില്‍ ഏറ്റവും വലിയ കക്ഷിയായി മാറിയ പി.ടി.ഐയുമായി സര്‍ക്കാര്‍ രൂപീകരണത്തിന് ധാരണയിലേര്‍പ്പെടാന്‍ ജമാഅത്ത് ഉദ്ദേശിക്കുന്നതായി വാര്‍ത്തയുണ്ട്. നാഷ്‌നല്‍ അസംബ്ലിയിലും ജമാഅത്തിന്റെ പിന്തുണ ഉറപ്പാക്കിയാല്‍ പ്രധാന പ്രതിപക്ഷ പദവി നേടാനാവുമെന്നാണ് കണക്കുകൂട്ടല്‍.
പൊതുവെ പറഞ്ഞാല്‍ ഇസ്‌ലാം അനുകൂല സെക്യുലര്‍ പാര്‍ട്ടികള്‍ക്കാണ് ഇത്തവണ പാകിസ്താനിലെ സമ്മതിദായകരില്‍ ഭൂരിഭാഗത്തിന്റെയും വോട്ട്. തീവ്ര മതേതരക്കാരെയും ഇസ്‌ലാമിസ്റ്റുകളെയും അവര്‍ തഴഞ്ഞിരിക്കുന്നു. പി.പി.പിയില്‍ നിന്ന് വ്യത്യസ്തമായി ഇസ്‌ലാമിനോടാഭിമുഖ്യവും സൈന്യത്തോട് അനാഭിമുഖ്യവും പുലര്‍ത്തുന്ന, അമേരിക്കയുമായും ഇന്ത്യയുമായും സൗഹൃദബന്ധങ്ങള്‍ ആഗ്രഹിക്കുന്ന, നവാസ് ശരീഫിന് അനുകൂലമാണ് ജനവിധി. അവരുടെ പ്രതീക്ഷകള്‍ക്കൊത്തുയരാന്‍ അദ്ദേഹത്തിന് കഴിയുമോ? കഴിയണമെങ്കില്‍ കടുത്ത വെല്ലുവിളികളെ അതിജീവിക്കാന്‍ ശരീഫിനാവണം. സാധാരണക്കാരന്റ നട്ടെല്ലൊടിക്കുന്ന വിലക്കയറ്റം, 18 മണിക്കൂര്‍ വരെ പവര്‍ കട്ട് വേണ്ടിവന്ന ഇന്ധനക്ഷാമം, കട്ടപിടിച്ച അഴിമതി, തീവ്രവാദത്തിന്റെ അയവില്ലാത്ത ഭീഷണി, 2014-ല്‍ നാറ്റോ സേന അഫ്ഗാനിസ്താന്‍ വിടുന്നതോടെ സംജാതമാവുന്ന മേഖലയിലെ സങ്കീര്‍ണാവസ്ഥ, സര്‍വോപരി മോശമായി തുടരുന്ന ഇന്ത്യാ-പാക് ബന്ധങ്ങള്‍ ഇതൊക്കെയാണ് പ്രധാനമന്ത്രി പദത്തിന് മൂന്നാമൂഴം തേടുന്ന നവാസ് ശരീഫിനെ കാത്തിരിക്കുന്ന അജണ്ട. ശക്തനായ രാഷ്ട്രീയ പ്രതിയോഗി ഇംറാന്‍ ഖാന്റെ സഹകരണം അദ്ദേഹം തേടിയിട്ടുണ്ട്. സഹകരണ ഹസ്തം മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ തട്ടി നീക്കിയിട്ടുമില്ല. പട്ടാള മേധാവി അഷ്‌റഫ് കയാനിയും അനുകൂല സമീപനം ഉറപ്പ് നല്‍കിയിരിക്കുന്നു. രാജ്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നിലൂടെ കടന്നുപോവുമ്പോള്‍ വിവേകപൂര്‍വമായും യാഥാര്‍ഥ്യബോധത്തോടെയും മുന്നോട്ട് നീങ്ങാന്‍ പാക് രാഷ്ട്രീയ നേതാക്കള്‍ക്കും ജനങ്ങള്‍ക്കും സാധിച്ചാല്‍ അവര്‍ക്കും മറ്റുള്ളവര്‍ക്കും നല്ലത്.
Comments