തിരു-കൊച്ചിയിലെ മുസ്‌ലിം മഹതികള്‍-3////////:// /// അഡ്വ. കെ.ഒ ആയിഷാബായ്, നവോത്ഥാനത്തിന്റെ സന്തതി
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിക്കടുത്ത ക്ലാപ്പനയില്‍, പ്രസിദ്ധമായ കൊട്ടക്കാട്ട് കുടുംബത്തില്‍ പിറന്ന്, കേരള നിയമസഭയുടെ ഉപാധ്യക്ഷ സ്ഥാനം വരെ കൈയെത്തിപ്പിടിച്ച വ്യക്തിത്വമായിരുന്നു അഡ്വ. കെ.ഒ ആയിഷാബായ്. മൂന്ന് നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഇസ്‌ലാം സ്വീകരിച്ച ബ്രാഹ്മണ കുടുംബത്തിന്റെ ആറാം തലമുറയില്‍ പിറന്ന ആയിഷാബായ് പിതാവിന്റെ പിന്തുണയോടെ സ്വന്തം പ്രതിഭകൊണ്ടാണ് വളര്‍ന്നുവന്നത്. പ്രഭാഷക, രാഷ്ട്രീയ പ്രവര്‍ത്തക, സംഘാടക എന്നീ നിലകളില്‍ കഴിവു തെളിയിച്ച അവര്‍ ഒരു കാലഘട്ടത്തിലെ മുസ്‌ലിം സ്ത്രീമുന്നേറ്റത്തിന്റെ പ്രതീകം കൂടിയാണ്. മുസ്‌ലിം സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം പോലും വിലക്കപ്പെട്ട കാലത്ത് നവോത്ഥാനത്തിന്റെ കാഹളം മുഴക്കിയ പരിഷ്‌കരണ സംരംഭങ്ങളുടെ സംഭാവനയാണ് അവര്‍. കമ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടയായി ഇടതുപക്ഷത്തിന്റെ ഭാഗമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയപ്പോഴും, മതനിഷേധിയാകാതെ, പൊതുപ്രവര്‍ത്തനത്തിലുള്‍പ്പെടെ ജീവിതത്തിലുടനീളം ഇസ്‌ലാമിക പരിസരത്തുതന്നെ നിലകൊള്ളാനായി എന്നത് ആയിഷാബായിയുടെ പ്രത്യേകതയാണ്.
മതപരിവര്‍ത്തനം
ക്ലാപ്പന പഞ്ചായത്തിലെ പ്രമുഖ ബ്രാഹ്മണ കുടുംബമാണ് വടശ്ശേരി ഇല്ലം. അയിത്താചരണം, വിധവാ വിവാഹ വിരോധം തുടങ്ങിയ അനാചാരങ്ങളില്‍ വിശ്വാസമില്ലാതിരുന്ന, പുരോഗമന ചിന്താഗതിയുള്ള ഒരു അംഗം മൂന്ന് നൂറ്റാണ്ട് മുമ്പ് ഇല്ലത്ത് ഉണ്ടായിരുന്നു. അദ്ദേഹം ആചാരങ്ങള്‍ ലംഘിക്കുകയും 'താഴ്ന്ന ജാതിക്കാരാ'യി മുദ്രകുത്തപ്പെട്ട് അയിത്തം കല്‍പിച്ച് മാറ്റിനിര്‍ത്തിയിരുന്നവരോട് സ്വതന്ത്രമായി ഇടപഴകുകയും വിധവയായിരുന്ന ഒരു സഹോദരിയുടെ വിവാഹം നടത്തുകയും ചെയ്തു. ഇതോടെ അദ്ദേഹത്തെയും അനുകൂലിച്ചവരെയും ഇല്ലത്തുനിന്ന് പടിയടച്ച് പിണ്ഡം വെച്ചു. അങ്ങനെ പടിയടച്ച് പിണ്ഡം വെക്കപ്പെട്ടവര്‍, ജാതി അസ്പൃശ്യതകളില്ലാത്ത സമത്വദര്‍ശനമെന്ന നിലക്ക് ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്തു. അവര്‍ വടശ്ശേരി ഇല്ലത്തുതന്നെ താമസിക്കുകയാണുണ്ടായത്. ഇത് അപമാനമായി കരുതിയ ശേഷിക്കുന്ന കുടുംബാംഗങ്ങള്‍ ചങ്ങനാശ്ശേരിയിലെ ബന്ധുക്കളുടെ അടുത്തേക്ക് താമസം മാറ്റി. ക്ലാപ്പന ജുമുഅത്ത് പള്ളി അന്ന് ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്തവര്‍ സ്ഥാപിച്ചതാണ്. അവരുടെ അടുത്ത തലമുറ 'പള്ളി കിഴക്കേതില്‍' പുതിയ വീട്‌വെച്ച് താമസമാക്കുകയും ചെയ്തു. അവിടെ 300 വര്‍ഷം പഴക്കമുള്ള വീടിന്റെ ശേഷിപ്പുകള്‍ ഇപ്പോഴും കാണാം. അഞ്ച് ആണ്‍മക്കളാണ് 'പള്ളിക്കിഴക്കേതിലെ' മൂന്നാം തലമുറയില്‍ ഉണ്ടായിരുന്നത്. അവരില്‍ നാലു പേര്‍ക്ക് പിതാവ് കുഞ്ഞിക്കമ്മദ് വീടുകള്‍ വെച്ചുകൊടുത്തു. മേനേത്ത്, കൊട്ടക്കാട്ട്, ചെറൂലില്‍, പേരൂര്‍ എന്നിവയാണ് ആ തറവാടുകള്‍. കാദര്‍ കുഞ്ഞ് എന്ന മകനാണ് 'കൊട്ടക്കാട്ട്' താമസമാക്കിയത്.
നാട്ടില്‍ പൊതുവെ അറിയപ്പെട്ട ഈ മതപരിവര്‍ത്തനത്തിന്റെ പല തെളിവുകളും ചരിത്രത്തില്‍ നിന്ന് കണ്ടെടുക്കാനാകും. ചിലത് കാലപ്പഴക്കത്തില്‍ അപ്രത്യക്ഷമായെങ്കിലും ചിലതെല്ലാം ഇപ്പോഴും ശേഷിക്കുന്നുണ്ട്. രണ്ട് കുടുംബങ്ങളിലെയും അംഗങ്ങള്‍ തമ്മിലുള്ള രൂപസാദൃശ്യമാണ് അതില്‍ പ്രധാനം. ചങ്ങനാശ്ശേരിയിലേക്ക് പോയിരുന്നവര്‍ കുറച്ച് കാലത്തിനുശേഷം തിരിച്ചുവന്ന് 'വടശ്ശേരി ഇല്ലം' എന്ന പേരില്‍ തന്നെ പുതിയ വീടുവെച്ച് താമസിക്കുകയുണ്ടായി. അവരില്‍ ചിലരും 'പള്ളിക്കിഴക്കേതില്‍' കുടുംത്തിലെ ചിലരും തമ്മില്‍ നല്ല രൂപ സാദൃശ്യം ഉണ്ടായിരുന്നു. 'പള്ളിക്കിഴക്കേതില്‍' കുടുംബത്തില്‍ അക്ഷരാഭ്യാസമുള്ളവര്‍ ധാരാളമുണ്ടായിരുന്നു. സ്വന്തം ആധാരങ്ങളും മറ്റും അവര്‍ തന്നെയാണ് എഴുതി തയാറാക്കിയിരുന്നത്. അക്കാലത്ത് അക്ഷരാഭ്യാസം പൊതുവെ ബ്രാഹ്മണര്‍ക്കാണല്ലോ ഉണ്ടായിരുന്നത്. ഇത്, പള്ളി കിഴക്കേതിലുള്ളവര്‍ക്ക് പാരമ്പര്യമായി ലഭിച്ചതായിരുന്നു. അഞ്ചു വീടുകളുടെയും നിര്‍മാണ രീതി പഴയ ബ്രാഹ്മണ ഇല്ലങ്ങളുടേതാണ്. 'കൊട്ടക്കാട്ട്, പള്ളികിഴക്കേതില്‍, ചെറൂലില്‍' വീടുകള്‍ അതിന്റെ സാക്ഷ്യമായി, പൊളിച്ചുമാറ്റാതെ ഇന്നും നിലനില്‍ക്കുന്നുണ്ട്. ഒന്നര നൂറ്റാണ്ടിന്റെ പഴക്കമുണ്ട് അവക്ക്. വീടിനു ചുറ്റും മരങ്ങള്‍ നില്‍ക്കുന്നതിലും ചില പ്രത്യേകതകളുണ്ടത്രെ. ബ്രാഹ്മണ ശാസ്ത്ര പ്രകാരമാണ് പല മരങ്ങളുടെയും നില്‍പ്പെന്ന് ഇതു സംബന്ധിച്ച് അറിവുള്ളവര്‍ പറയുന്നു. മതപരിവര്‍ത്തനം നടന്ന ശേഷം നിര്‍മിക്കപ്പെട്ട ക്ലാപ്പന ജുമാമസ്ജിദ്, സ്വത്ത് ഭാഗംവെച്ചപ്പോള്‍ കൊട്ടക്കാട്ട് കാദര്‍കുഞ്ഞിന്റെ ഓഹരിയിലാണ് ഉള്‍പ്പെട്ടത്. കാദര്‍കുഞ്ഞിന്റെ ഭൂമി ഓഹരി വെക്കുമ്പോള്‍ പള്ളിയും അനുബന്ധസ്ഥലവും ഭാഗയോഗ്യമല്ലാതാക്കി പള്ളിക്ക് മാറ്റിവെക്കുകയാണുണ്ടായത്. അഞ്ച് മക്കളില്‍ ഏറ്റവും മതബോധമുള്ള ആള്‍ കാദര്‍കുഞ്ഞ് ആയതിനാലാകണം പള്ളിയും സ്ഥലവും അദ്ദേഹത്തില്‍ പേരില്‍ വന്നത്.
കൊട്ടക്കാട്ട് കുടുംബവും നവോത്ഥാന പ്രവര്‍ത്തനവും
19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി കേരളത്തില്‍ ഉയര്‍ന്നുവന്ന ഇസ്‌ലാമിക നവോത്ഥാന സംരംഭങ്ങളില്‍ ആകൃഷ്ടനായ വ്യക്തിയാണ് കൊട്ടക്കാട്ട് ഉസ്മാന്‍ സാഹിബ്; ആയിഷാബായിയുടെ പിതാവ്. പള്ളി കിഴക്കേതില്‍ കുഞ്ഞിക്കമ്മദിന്റെ മകന്‍ കൊട്ടക്കാട്ട് കാദര്‍ കുഞ്ഞിന്റെ പുത്രനാണ് ഉസ്മാന്‍ സാഹിബ്. പഴയ ജന്മി കുടുംബ പാരമ്പര്യത്തില്‍ നിന്നുത്ഭൂതമായ ആഢ്യത്വവും പ്രമാണിത്തവും അതിന്റേതായ നടപ്പു ശീലങ്ങളും ദൗര്‍ബല്യങ്ങളും അദ്ദേഹത്തിന്റെയും സഹോദരങ്ങളുടെയും ജീവിതത്തിന്റെ ഭാഗമായിരുന്നു.
വക്കം മൗലവിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഇസ്‌ലാമിക നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായിരുന്നു ഉസ്മാന്‍ സാഹിബ്. തുടക്കം മുതലേ പരിഷ്‌കരണ സംരംഭങ്ങളില്‍ പങ്കാളിയാവുക മാത്രമായിരുന്നില്ല, 'കൊട്ടക്കാട്ട്' വീട് അതിന്റെ ഒരു കേന്ദ്രമാക്കി മാറ്റുകയും ചെയ്തു അദ്ദേഹം. വക്കം മൗലവിയുമായി ഉസ്മാന്‍ സാഹിബിന് ബന്ധമുണ്ടായിരുന്നു. ഇസ്‌ലാഹി പ്രവര്‍ത്തകരായിരുന്ന മണപ്പാട്ട് കുഞ്ഞഹമ്മദ് ഹാജി, സഹോദരന്‍ കുഞ്ഞിമോയിന്‍ ഹാജി തുടങ്ങിയവര്‍ കൊട്ടക്കാട്ട് വന്ന് താമസിച്ചിട്ടുണ്ട്. മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബുമായും ഉസ്മാന്‍ സാഹിബിന് പരിചയമുണ്ടായിരുന്നു. കേരളത്തിലെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് അക്കാലത്ത് നേതൃത്വം നല്‍കിയ ഇസ്‌ലാഹീ മൂവ്‌മെന്റും കോണ്‍ഗ്രസ് രാഷ്ട്രീയവുമാണ് ഇവരെ ഒന്നിപ്പിച്ചത്. ആദ്യ ഘട്ടത്തില്‍ ഇവരെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകരും സ്വതന്ത്ര്യ സമരത്തില്‍ പങ്കാളികളുമായിരുന്നു. അന്ന് 'വഹാബി' പ്രസ്ഥാനം എന്ന് വിളിക്കപ്പെട്ട പരിഷ്‌കരണ ധാരയില്‍ ആവേശത്തോടെ പങ്കാളികളായിരുന്നു ഇവരെല്ലാം. അതിന്റെ പ്രതിഫലനം അവരുടെ മതസമീപനത്തില്‍ പ്രകടമായിരുന്നുതാനും.
കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തോട് പതിയെ വിട പറഞ്ഞ ഉസ്മാന്‍ സാഹിബ് പിന്നീട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി. പ്രധാനമായും രണ്ട് കാരണങ്ങളാണ് ഇതിനുണ്ടായിരുന്നത്. ഒന്ന്, പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കിയ സാമൂഹികബോധവും പുരോഗമന കാഴ്ചപ്പാടും കോണ്‍ഗ്രസിനെക്കാള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലാണ് പ്രായോഗികമായി തോന്നിയത്. സോഷ്യലിസത്തെ വിശകലനം ചെയ്തും സോവിയറ്റ് യൂനിയനെക്കുറിച്ച് വിശദീകരിച്ചും ജവഹര്‍ലാല്‍ നെഹ്‌റു എഴുതിയ ലേഖനങ്ങളും കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ മനസ്സിലാക്കാന്‍ അവര്‍ക്ക് സഹായകമായി. രണ്ടാമത്തേത്, മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയമായിരുന്നു. ഇസ്‌ലാഹി പ്രസ്ഥാനം വക്കം മൗലവിയുടെ കാലശേഷം, പെട്ടെന്നു തന്നെ മുസ്‌ലിം ലീഗുമായി സമ്പര്‍ക്കത്തിലാവുകയും ലീഗിന്റെ രാഷ്ട്രീയ ലൈനിനോട് സമരസപ്പെടുകയും അതിന്റെ പ്രചാരകരാവുകയും ചെയ്തു. ജാതി-സമുദായ രാഷ്ട്രീയത്തോടുള്ള വിമുഖത മുസ്‌ലിം ലീഗില്‍ നിന്ന് ഉസ്മാന്‍ സാഹിബിനെയും മറ്റും അകറ്റുകയായിരുന്നു. ഇത് തിരുവിതാംകൂര്‍ മുസ്‌ലിംകളുടെ പൊതു അവസ്ഥയായിരുന്നുവെന്ന് പറയാം. ഇന്നും മുസ്‌ലിം ലീഗിന്റെ സാമുദായിക രാഷ്ട്രീയത്തിന് തെക്കന്‍ കേരളത്തില്‍ കാര്യമായ വേരോട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലല്ലോ. ഈ കാരണങ്ങളാലെല്ലാം കോണ്‍ഗ്രസ്-ലീഗ് രാഷ്ട്രീയം ഉപേക്ഷിച്ച ഉസ്മാന്‍ സാഹിബ് 1940 കളോടെ കമ്മ്യൂണിസ്റ്റ് പക്ഷത്തേക്ക് മാറുകയാണുണ്ടായത്. എന്നാല്‍, അദ്ദേഹത്തിന് അതൊരു മതവിരുദ്ധമായ മാര്‍ക്‌സിസമായിരുന്നില്ല. അദ്ദേഹം മക്കളെ, വിശേഷിച്ചും പെണ്‍കുട്ടികളെ വളര്‍ത്തിയ രീതി ഇതിന്റെ തെളിവാണ് (എന്നാല്‍ പിന്നീട് മക്കളില്‍ ചിലര്‍ മതാഭിമുഖ്യമില്ലാത്ത ജീവിതരീതി തെരഞ്ഞെടുത്തത് വിസ്മരിക്കാനാകില്ല).
അക്കാലത്ത് മത-സാഹിത്യ-രാഷ്ട്രീയ രംഗങ്ങളിലുള്ള പ്രമുഖരുമായി ഉസ്മാന്‍ സാഹിബിന് അടുപ്പമുണ്ടായിരുന്നു. പലരും കൊട്ടക്കാട്ട് വരികയും താമസിക്കുകയും ചെയ്തിട്ടുണ്ട്. അന്ന് 'ഗുരുസാമി' എന്ന് വിളിക്കപ്പെട്ടിരുന്ന ശ്രീനാരായണഗുരു ക്ലാപ്പനയില്‍ വരുമ്പോള്‍ ഇരുവരും കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നു. ആര്യഭട സ്വാമികളും ഇടക്ക് കൊട്ടക്കാട്ട് സന്ദര്‍ശിക്കാറുണ്ടായിരുന്നു. പ്രസിദ്ധ സംഗീതജ്ഞനും ആധ്യാത്മിക ആചാര്യനും നാടക പ്രവര്‍ത്തകനുമായിരുന്ന സ്വാമി ബ്രഹ്മവ്രതന്‍ കുട്ടിക്കാലത്ത് ഏറെനാള്‍ താമസിച്ചതും പഠിച്ചുവളര്‍ന്നതും കൊട്ടക്കാട്ട് ഉസ്മാന്‍ സാഹിബിന്റെ സംരക്ഷണത്തിലാണ്. അവിടത്തെ ചര്‍ച്ചകളും പുസ്തകങ്ങളുമൊക്കെ സ്വാമി ബ്രഹ്മവ്രതനെ സ്വാധീനിച്ചിട്ടുണ്ട്. കുട്ടന്‍ പിള്ള എന്ന പേര് ബ്രഹ്മവ്രതന്‍ എന്നാക്കി മാറ്റിയത് ആര്യഭട സ്വാമികളുടെ സ്വാധീനത്താലാണത്രെ. കഴിവുറ്റ പ്രഭാഷകനായിരുന്ന സ്വാമി ബ്രഹ്മവ്രതനില്‍ ആകൃഷ്ടനായാണ് താന്‍ പ്രസംഗകനായതെന്ന് സുകുമാര്‍ അഴീക്കോട് ഒരിടത്ത് പറഞ്ഞിട്ടുണ്ട്.
ഉമ്മുകുല്‍സൂം ബായ്
ഇസ്‌ലാമിക നവോത്ഥാന ആശയങ്ങളുടെ സ്വാധീനഫലമായി ഉസ്മാന്‍ സാഹിബ് പുരോഗമന ചിന്താഗതിക്കാരനായി മാറി. അന്ധവിശ്വാസ-അനാചാരങ്ങള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം പങ്കാളിയായി. മൗലൂദും റാത്തീബും പോലുള്ള അനാചാരങ്ങളും മറ്റു മാമൂലുകളുമൊന്നും അവിടെ നടപ്പുണ്ടായിരുന്നില്ല. വിദ്യാഭ്യാസ രംഗത്താണ് പരിഷ്‌ക്കരണ ചിന്ത അദ്ദേഹത്തെ ഏറ്റവുമധികം സ്വാധീനിച്ചത്. ഇനിയുള്ള കാലത്ത് കുടുംബ പാരമ്പര്യവും ഭൂസ്വത്തുമൊന്നും സമൂഹത്തില്‍ ഉയര്‍ന്നു നില്‍ക്കാന്‍ സഹായിക്കില്ല, അതിനുള്ള ഏക വഴി വിദ്യാഭ്യാസമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. തന്റെ എട്ടു മക്കള്‍ക്കും ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കാന്‍ അദ്ദേഹം അതിയായ താല്‍പര്യം കാണിച്ചു. രണ്ടാമത്തെ മകന്‍ കെ.ഒ ഷംസുദ്ദീന് പരീക്ഷയെഴുതാനായി ക്ലാപ്പനയില്‍ നിന്ന് ഏറെ അകലെയുള്ള ചങ്ങനാശ്ശേരിയില്‍ അക്കാലത്ത് ലോഡ്ജില്‍ റൂമെടുത്ത് സൗകര്യം ചെയ്തതില്‍നിന്ന് വിദ്യാഭ്യാസത്തിന് അന്ന് അദ്ദേഹം നല്‍കിയ പ്രാധാന്യം എത്രയെന്ന് മനസ്സിലാക്കാം. കൂടാതെ, കറ്റാണം സ്‌കൂളിനടുത്ത് മക്കള്‍ക്ക് താമസിച്ച് പഠിക്കാന്‍ വീട് പണിയുകയും ചെയ്തു. ആയിഷ ബായിയും താഴോട്ടുള്ള കുട്ടികളും അവിടെ താമസിച്ചാണ് പഠിച്ചത്. പെണ്‍കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതില്‍ നിന്ന് മുസ്‌ലിം സമുദായം പൊതുവെ അകന്നുകഴിഞ്ഞിരുന്ന, പെണ്‍കുട്ടികള്‍ക്ക് പള്ളിക്കൂടം വിലക്കപ്പെട്ട കാലമായിയുന്നു അത്. ക്ലാപ്പനയില്‍ നിന്ന് അക്കാലത്ത് ആദ്യമായി സ്‌കൂളില്‍ പോയ പെണ്‍കുട്ടി ഉസ്മാന്‍ സാഹിബിന്റെ മൂത്തമകള്‍ ഉമ്മുകുല്‍സൂം ബായ് (1919-1936) ആയിരുന്നു. ശരീരം മുഴുവന്‍ മറയുന്ന അയഞ്ഞു തൂങ്ങിയ ഒരു വസ്ത്രവും മഫ്തയുമായിരുന്നു ഉമ്മുല്‍കുല്‍സൂം ബായിയുടെ വേഷം. അക്കാലത്ത് ഇത്തരമൊരു 'ബുര്‍ഖ' അവിടെ മറ്റാരും ഉപയോഗിക്കാറുണ്ടായിരുന്നില്ല. വെള്ളനിറത്തിലുള്ള ആ വസ്ത്രവും ധരിച്ചുകൊണ്ടുള്ള ഉമ്മുകുല്‍സൂം ബായിയുടെ സ്‌കൂള്‍ യാത്ര നാട്ടുകാര്‍ക്കൊക്കെ വലിയ അത്ഭുതമായിരുന്നു. കെ.വി പ്രയാര്‍ സ്‌കൂളിലായിരുന്നു നാലാം ക്ലാസ് വരെ അവര്‍ പഠിച്ചത്. അഞ്ച് മുതല്‍ ഏഴു വരെ, കെ.എന്‍.എം യു.പി സ്‌കൂളിലും. ഔപചാരികമായ സ്‌കൂള്‍ പഠനം ഏഴാം ക്ലാസോടെ അവസാനിച്ചു. പിന്നീട് വീട്ടില്‍ ഇരുന്ന് അറബി പഠിച്ച് ലോവര്‍ പരീക്ഷ പാസായി. 1936-ല്‍ ഉമ്മുകുല്‍സൂം ബായിക്ക് 'അറബിക് മുന്‍ഷി' സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. പൊതുവെ പെണ്‍കുട്ടികള്‍ അത്തരമൊരു പരീക്ഷ എഴുതാത്ത കാലമായിരുന്നു അത്. അതുകൊണ്ടാകണം, അവരുടെ സര്‍ട്ടിഫിക്കറ്റില്‍ പുരുഷന്മാര്‍ക്ക് വേണ്ടി എഴുതുന്നവിധത്തില്‍ 'ഹിസ് സര്‍ട്ടിഫിക്കറ്റ്........' എന്നാണ് രേഖപ്പെടുത്തിയത്. അധ്യാപന യോഗ്യത നേടിയെങ്കിലും സര്‍ട്ടിഫിക്കറ്റ് കൈയില്‍കിട്ടും മുമ്പേ, 1936-ല്‍ രോഗബാധിതയായി അവര്‍ മരണപ്പെട്ടു.
ഉമ്മുകുല്‍സൂം ബായിയെ പഠിക്കാനയച്ചതിന് കടുത്ത എതിര്‍പ്പായിരുന്നു യാഥാസ്ഥിതിക മനസ്‌കരില്‍നിന്നും ഉസ്മാന്‍ സാഹിബിന് നേരിടേണ്ടി വന്നത്. അവരുടെ മയ്യിത്ത് ഖബ്‌റടക്കാന്‍പോലും ചിലര്‍ തടസ്സവാദങ്ങള്‍ ഉന്നയിക്കുകയുണ്ടായി. ഉമ്മുകുല്‍സൂം ബായിയോടൊപ്പം സ്‌കൂളില്‍ പോയിരുന്ന മറ്റൊരു മുസ്‌ലിം പെണ്‍കുട്ടിയുണ്ടായിരുന്നു. പള്ളി ഭാരവാഹിയായ മെഴുവേലില്‍ മുസ്‌ലിയാരുടെ മകളായിരുന്നു അവര്‍. മലബാറില്‍ നിന്നു വന്ന ചില മുസ്‌ലിയാക്കന്മാര്‍ അതിനെതിരെ ഫത്‌വയിറക്കി, പ്രസംഗിച്ചു. ഏഴാം ക്ലാസ് പരീക്ഷ എഴുതാറായിരുന്ന, മിടുക്കിയായ ആ പെണ്‍കുട്ടി സ്‌കൂളില്‍ പോകുന്നത് അതോടെ അവസാനിപ്പിക്കുകയാണുണ്ടായത്.
അഡ്വ. ആയിഷാബായ്
ഉസ്മാന്‍ സാഹിബിന്റെ 8 മക്കളില്‍ മൂന്നാമത്തെയാളാണ് ആയിഷാബായ്. മാതാവ്, കറ്റാണം കൈതമനയില്‍ ഫാത്വിമ. 1926 ഒക്‌ടോബറില്‍ ജനിച്ച ആയിഷാബായ് 'കൊട്ടക്കാട്ട്' കുടുംബത്തിന്റെ പുരോഗമന ആശയങ്ങളുടെ പരിസരത്താണ് വളര്‍ന്നുവന്നത്. കെ.വി പ്രയാര്‍, ആര്‍.വി.എസ്.എം യു.പി സ്‌കൂള്‍, കറ്റാണം പോപ് പയസ് XI സ്‌കൂള്‍ എന്നിവിടങ്ങളിലെ പഠനശേഷം തിരുവനന്തപുരം വുമണ്‍സ് കോളേജില്‍ ഇന്റര്‍മീഡിയറ്റിനു ചേര്‍ന്നു. ശേഷം തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ബിരുദം നേടി. എറണാകുളം ലോ കോളേജിലായിരുന്നു നിയമപഠനം. 1956-ല്‍ കായംകുളം മുന്‍സിഫ് കോടതിയില്‍ പ്രാക്റ്റീസ് തുടങ്ങിയെങ്കിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങിയതോടെ ജീവിതം മറ്റൊരു ദിശയിലേക്ക് തിരിയുകയായിരുന്നു.
ഗൃഹാന്തരീക്ഷവും പിതാവിന്റെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രോത്സാഹനവുമാണ് ആയിഷാബായിയുടെ വ്യക്തിത്വത്തെ വളര്‍ത്തിയത്. മൂത്ത സഹോദരിക്ക് നേരിട്ട അത്ര തന്നെ ഇല്ലെങ്കിലും പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിച്ചുകൊണ്ടായിരുന്നു ആയിഷാബായിയുടെയും പഠനം. തിരുവനന്തപുരത്ത് പഠിക്കാന്‍ പോയതും ഏറെ പ്രയാസപ്പെട്ടുകൊണ്ടാണ്. ക്ലാപ്പനയില്‍നിന്ന് അക്കാലത്ത് തിരുവനന്തപുരത്തേക്ക് നേരിട്ട് യാത്രാസൗകര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ട് ക്ലാപ്പനയില്‍നിന്ന് ബോട്ടില്‍ കൊല്ലത്ത് പോകും. അവിടെനിന്ന് ബസ്സിലോ ട്രെയിനിലോ തിരുവനന്തപുരത്തേക്കും. കരുനാഗപ്പള്ളിക്കടുത്ത പ്രദേശത്തുനിന്ന് അക്കാലത്ത് ഒരു മുസ്‌ലിം പെണ്‍കുട്ടി തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കുമൊക്കെ പഠിക്കാന്‍ പോകുന്നതിലെ പ്രയാസം ചെറുതായിരുന്നില്ല. ക്ലാപ്പനയില്‍ തന്നെയുള്ള സരള എന്നൊരു പെണ്‍കുട്ടിയും ആയിഷാബായിയോടൊപ്പം അക്കാലത്ത് തിരുവനന്തപുരത്ത് പഠിച്ചിരുന്നു. അവര്‍ ഒന്നിച്ചാണ് യാത്ര ചെയ്തിരുന്നത്.
സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരിക്കെ തന്നെ സാമൂഹിക പ്രവര്‍ത്തനങ്ങളിലും പ്രഭാഷണത്തിലും ആയിഷാബായ് മിടുക്ക് കാണിച്ചിരുന്നു. എട്ടാം ക്ലാസില്‍വെച്ച് സാഹിത്യ സമാജം സെക്രട്ടറിയായി അവര്‍ തെരഞ്ഞെടുക്കപ്പെട്ടു. എറണാകുളം ലോകോളേജില്‍ പഠിക്കുമ്പോഴേക്കും ശ്രദ്ധേയമായ വ്യക്തിത്വമായി ആയിഷാബായ് വളര്‍ന്നിരുന്നു. ജസ്റ്റിസ് സുകുമാരന്‍, അഡ്വ. എലിസബത്ത് മത്തായി തുടങ്ങി പില്‍ക്കാലത്ത് പ്രമുഖരായിത്തീര്‍ന്ന പലരും ലോകോളേജില്‍ ആയിഷാബായിയുടെ സഹപാഠികളായിരുന്നു.
ഇസ്‌ലാമിക വേഷവിധാനങ്ങളോടുകൂടിയായിരുന്നു ആയിഷാബായിയുടെ വിദ്യാര്‍ഥി ജീവിതം എന്നത് പ്രത്യേകം അടയാളപ്പെടുത്തേണ്ടതാണ്. കോളേജ് വിദ്യാഭ്യാസ കാലത്തും അതില്‍ മാറ്റമുണ്ടായില്ല. എറണാകുളം ലോ കോളേജില്‍ പര്‍ദയണിഞ്ഞാണ് 1950 കളില്‍ ആയിഷാബായ് നിറഞ്ഞുനിന്നത്. കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചപ്പോഴും പുരോഗമന ചിന്താഗതികള്‍വെച്ച് പുലര്‍ത്തിയപ്പോഴും തന്റെ ഇസ്‌ലാമിക വേഷം അഴിച്ചുമാറ്റാന്‍ അവര്‍ തയാറായില്ല. പിന്നീട് രാഷ്ട്രീയ രംഗത്ത് സജീവമായപ്പോഴും ഇതില്‍ മാറ്റമുണ്ടായില്ല. തല മറക്കാതെ മാര്‍ക്‌സിസ്റ്റു വേദികളില്‍പോലും പൊതുവെ ആയിഷാബായ് പ്രത്യക്ഷപ്പെടാറുണ്ടായിരുന്നില്ല. ജീവിതത്തില്‍ പൊതുവെ അറിവിനും കഴിവിനുമനുസരിച്ച ഇസ്‌ലാമിക ബോധം അവര്‍ കാത്തുസൂക്ഷിച്ചിരുന്നു.
ആയിഷാബായ് മരണപ്പെട്ട സന്ദര്‍ഭത്തില്‍, ജസ്റ്റിസ് സുകുമാരന്‍ എഴുതിയ അനുസ്മരണക്കുറിപ്പില്‍ ആയിഷാബായിയുടെ വ്യക്തിത്വത്തെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. ഒരു ചരിത്രരേഖയെന്ന നിലയില്‍ അതിവിടെ ഉദ്ധരിക്കുന്നത് ഉചിതമായിരിക്കും. 'പര്‍ദയില്‍ പൊതിഞ്ഞ വിപ്ലവ സ്ഫുലിംഗം' എന്ന തലക്കെട്ടില്‍നിന്ന് തന്നെ എല്ലാം വായിച്ചെടുക്കാം. ''ഭരണഘടന നിലവില്‍ വന്നയുടന്‍ നിയമവിദ്യാഭ്യാസത്തിനു തുനിഞ്ഞവരായിരുന്നു ഞങ്ങളുടെ സംഘം. വിപ്ലവാശയങ്ങള്‍ വെച്ചുപുലര്‍ത്തിയിരുന്ന കുറേ ആദര്‍ശധീരന്മാര്‍. മലയാറ്റൂരും പുനലൂര്‍ രാജഗോപാലന്‍ നായരുമൊക്കെ മുതിര്‍ന്നവര്‍. കെ. ഗോവിന്ദപ്പിള്ള, നാരായണന്‍ നായര്‍, കുമരകം ശങ്കുണ്ണി മേനോന്‍ തുടങ്ങി പിന്നീടു വന്നവര്‍. ഞങ്ങളുടെ സഹപാഠികളായിരുന്നു എന്‍. സുകുമാര്‍, പി.ജി പരമേശ്വരപ്പണിക്കര്‍ തുടങ്ങിയ പഠന തല്‍പരര്‍. കെ.ടി ജോര്‍ജ്, വി.എം അഗസ്റ്റിന്‍ തുടങ്ങിയവര്‍ 'ക' എന്നു കേട്ടാല്‍പോലും അതില്‍ കമ്മ്യൂണിസത്തിന്റെ നിഴല്‍കണ്ട് അതിരൗദ്രഭാഷയില്‍ എതിര്‍പ്പു പ്രകടിപ്പിക്കുന്നവരും. വയലാറിലെ പി.ജി സുധാകരന്‍ കുടുംബസ്വത്തില്‍ നിന്ന് ചെലവാക്കി ശീലിച്ച വിപ്ലവാശയന്‍.
പെണ്‍കുട്ടികള്‍ വളരെ കുറവ്. കാതറീന്‍ കാഞ്ഞൂപ്പറമ്പന്‍ അതിസുന്ദരി. ചിലര്‍ തന്റേടികളായിരുന്നു. അല്ലെങ്കില്‍ തന്റേടം അഭിനയിച്ചിരുന്നവര്‍.
പര്‍ദ്ദയില്‍ മുങ്ങിയൊരു വിദ്യാര്‍ഥിനി സ്വാഭാവികമായും ആണ്‍കുട്ടികളുടെ കൗതുകമുണര്‍ത്തി. മതവിശ്വാസത്തിന്റെ അച്ചടക്കം പൂര്‍ണമായും പാലിച്ചുകൊണ്ടുള്ള പെരുമാറ്റം. വാദപ്രതിവാദ പരിപാടികള്‍ കോളേജില്‍ കൂടെക്കൂടെ ഉണ്ടാകുമായിരുന്നു. പഴയ സങ്കല്‍പങ്ങളും പുരോഗമനാശയങ്ങളും തമ്മില്‍ തീക്ഷ്ണമായ സംഘട്ടനങ്ങളുടെ വേദി. അത്തരമൊരു സമ്മേളനത്തിലാണ് ആയിഷാബായി ആദ്യമായി പ്രസംഗിച്ചത്. സരളമൃദുലമായ ഭാഷ. പക്ഷേ, വിപ്ലവത്തിന്റെ ചൂട് പ്രകടമായിരുന്നു. സ്വാഭാവികമായും അതൊരുത്ഭുതം തന്നെയായിരുന്നു. സഹപാഠികള്‍ക്കും അധ്യാപകര്‍ക്കുപോലും. പര്‍ദയില്‍ പൊതിഞ്ഞൊരു വിപ്ലവ സ്ഫുലിംഗമാണ് കണ്ടതെന്ന് പിന്നീട് കടന്നുപോയ കാലങ്ങള്‍ തെളിയിച്ചു. പര്‍ദയുടെ മറനീക്കി ലക്ഷക്കണക്കിനു പാവങ്ങളുടെ സദസ്സുകളില്‍ അവര്‍ പ്രത്യക്ഷപ്പെട്ടതും പുതിയൊരു ലോകത്തിനു തുയിലുണര്‍ത്തിയതും അറിയപ്പെടുന്ന ചരിത്രം. കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കര്‍ പദവിയോളം അവര്‍ അടിവച്ചടിവച്ച് കയറി. കുറേക്കൂടി ഉയരങ്ങളില്‍ എത്താന്‍ എന്തുകൊണ്ടും അര്‍ഹയായിരുന്നെന്ന് എപ്പോഴും തോന്നിയിട്ടുണ്ട്.
ആ ഓര്‍മയുടെ മുമ്പില്‍ ദുഃഖത്തിന്റെ ഈ വരികളെങ്കിലും കുറിക്കേണ്ടത് കടമയായി തോന്നി'' (കേരള കൗമുദി, 2005 നവംബര്‍ 2).
(തുടരും)
[email protected]
Comments