Prabodhanm Weekly

Pages

Search

2013 മെയ്‌ 31

സ്ത്രീയുടെ സ്വത്തവകാശം തിരുത്തപ്പെടേണ്ട പൊതുബോധം

ശൈഖ് മുഹമ്മദ് കാരകുന്ന് / ലേഖനം

സ്‌ലാമിന്റെ എതിരാളികളുടെ വലിയൊരു വിമര്‍ശനം അത് സ്ത്രീവിരുദ്ധമാണെന്നതാണ്. അതിനുന്നയിക്കുന്ന പ്രധാന കാരണങ്ങളിലൊന്ന് പെണ്ണിന് പുരുഷന്റെ പാതിസ്വത്തേ ഉള്ളൂ എന്നതും. എന്നാല്‍, സ്ത്രീക്ക് പുരുഷന്റെ പാതി സ്വത്തെന്നത് കേവലം നാലു സന്ദര്‍ഭങ്ങളില്‍ മാത്രമാണ്. അതിനെക്കാള്‍ എത്രയോ സന്ദര്‍ഭങ്ങളില്‍ പുരുഷന്നുള്ളതിനേക്കാള്‍ കൂടുതല്‍, സ്ത്രീക്ക് അനന്തരസ്വത്ത് ലഭിക്കുന്ന അവസരങ്ങളുണ്ട്. രണ്ടു വിഭാഗത്തിനും തുല്യ അവകാശം കിട്ടുന്ന സന്ദര്‍ഭങ്ങളും സ്ത്രീക്കു മാത്രം സ്വത്ത് ലഭിക്കുന്ന സാഹചര്യങ്ങളുമുണ്ട്. ഇക്കാര്യം തെളിവുകളോടെ വിശദീകരിക്കുന്ന ഡോക്ടര്‍ മുഹമ്മദ് ഫഹീം അക്തര്‍ നദ്‌വിയുടെ ലഘു കൃതിയാണ് മുസ്‌ലിം സ്ത്രീയുടെ സ്വത്തവകാശങ്ങള്‍.
ഒരു സ്ത്രീയുടെ അനന്തരാവകാശികളായി മാതാവും പിതാവും ഭര്‍ത്താവുമുണ്ടായിരിക്കെ അവര്‍ക്ക് രണ്ട് ആണ്‍മക്കളുണ്ടെങ്കില്‍ അവര്‍ക്ക് ലഭിക്കുന്ന സ്വത്തിനെക്കാള്‍ കൂടുതല്‍ ലഭിക്കുക രണ്ട് പെണ്‍കുട്ടികളുണ്ടെങ്കില്‍ അവര്‍ക്കാണ്. ഉദാഹരണമായി മരണമടഞ്ഞ സ്ത്രീക്ക് 60 ലക്ഷം രൂപയാണുള്ളതെങ്കില്‍ രണ്ട് ആണ്‍മക്കള്‍ക്ക് 25 ലക്ഷവും രണ്ട് പെണ്‍മക്കള്‍ക്ക് 32 ലക്ഷവുമാണുണ്ടാവുക. പുത്രന്മാരേക്കാള്‍ പുത്രിമാര്‍ക്ക് 7 ലക്ഷം രൂപ കൂടുതല്‍.

ആകെ സ്വത്ത്: 60 ലക്ഷം
ഭര്‍ത്താവ് പിതാവ് മാതാവ് രണ്ടു പുത്രന്‍മാര്‍
1/4 1/6 1/6 ശിഷ്ടാവകാശം
3 2 2 5
15 ലക്ഷം 10 ലക്ഷം 10ലക്ഷം 25ലക്ഷം

ഇവിടെ ആണ്‍കുട്ടികള്‍ ശിഷ്ടാവകാശികളായതിനാല്‍ അംശാവകാശം കഴിച്ചുള്ളതേ അവര്‍ക്ക് ലഭിക്കുകയുള്ളൂ.

ഭര്‍ത്താവ് പിതാവ് മാതാവ് രണ്ടു പെണ്‍മക്കള്‍
1/4 1/6 1/6 2/3
3 2 2 8
12 ലക്ഷം 8 ലക്ഷം 8 ലക്ഷം 32 ലക്ഷം

ഇവിടെ അംശാവകാശികളാണ് പുത്രിമാര്‍. അതിനാല്‍ ആപേക്ഷികമായി അവര്‍ക്ക് അവകാശപ്പെട്ടതില്‍ കുറവു വരികയില്ല. ഛേദവര്‍ധനവിലൂടെ (ഔല്‍) 12 ഓഹരി വേണ്ടത് 15 ഓഹരിയാക്കി മാറ്റി എല്ലാവര്‍ക്കും നീതിപൂര്‍വകമായ വിഹിതം നല്‍കുന്നു.
ഇപ്രകാരം തന്നെ സ്ത്രീക്ക് അനന്തരാവകാശികളായി മാതാവും ഭര്‍ത്താവും രണ്ടു സഹോദരിമാരുമാണുള്ളതെങ്കില്‍ സഹോദരിമാര്‍ക്ക് ലഭിക്കുന്നതിനെക്കാള്‍ കുറവായിരിക്കും രണ്ടു സഹോദരന്‍മാരാണെങ്കില്‍ അവര്‍ക്കുണ്ടാവുക. ഉദാഹരണമായി 48 ലക്ഷമാണ് അനന്തരസ്വത്തെങ്കില്‍ രണ്ടു സഹോദരന്മാര്‍ക്കുണ്ടാവുക 16 ലക്ഷമായിരിക്കും. അപ്പോള്‍ ഭര്‍ത്താവിന് 24 ലക്ഷവും മാതാവിന് എട്ടു ലക്ഷവുമാണുണ്ടാവുക. എന്നാല്‍ രണ്ടു സഹോദരിമാരാണെങ്കില്‍ അവര്‍ക്ക് 24 ലക്ഷം ലഭിക്കും . അപ്പോള്‍ ഭര്‍ത്താവിന് 18 ലക്ഷവും മാതാവിന് ആറു ലക്ഷവുമാണുണ്ടാവുക.

ആകെ സ്വത്ത്: 48 ലക്ഷം
ഭര്‍ത്താവ് മാതാവ് രണ്ട് സഹോദരന്‍മാര്‍
1/2 1/6 ശിഷ്ടാവകാശം
3 1 2
24 ലക്ഷം 8 ലക്ഷം 16 ലക്ഷം

ഭര്‍ത്താവ് മാതാവ് രണ്ടു സഹോദരിമാര്‍
1/2 1/6 2/3
3 1 4
18 ലക്ഷം 6 ലക്ഷം 24 ലക്ഷം

അനന്തരാവകാശികളായി ഭര്‍ത്താവും മാതാവൊത്ത രണ്ടു സഹോദരങ്ങളും മാതാവൊത്ത രണ്ടു സഹോദരിമാരുമാണുള്ളതെങ്കില്‍ സഹോദരന്മാര്‍ക്ക് സഹോദരിമാരുടെ പാതിയേ ഉണ്ടാവുകയുള്ളൂ. അപ്പോള്‍ പെണ്ണിന്റെ പാതിയാണ് ആണിനുണ്ടാവുക. ഉദാഹരണമായി അനന്തരാവകാശമായി 120 ലക്ഷമാണുള്ളതെങ്കില്‍ രണ്ടു സഹോദരന്മാര്‍ക്കുണ്ടാവുക 20 ലക്ഷവും സഹോദരിമാര്‍ക്ക് 40 ലക്ഷവും ഭര്‍ത്താവിന് 60 ലക്ഷവുമാണ്.

ആകെ സ്വത്ത് : 120 ലക്ഷം
ഭര്‍ത്താവ് മാതാവൊത്ത
രണ്ടു സഹോദരിമാര്‍
1/2 1/3 ശിഷ്ടാവകാശം
3 2 1
60 ലക്ഷം 40 ലക്ഷം 20 ലക്ഷം
അനന്തരാവകാശികളായി ഭാര്യയും മാതാവും രണ്ടു സഹോദരങ്ങളും മാതാവൊത്ത രണ്ടു സഹോദരിമാരുമാണുള്ളതെങ്കിലും സഹോദരിമാരെക്കാള്‍ കുറവായിരിക്കും സഹോദരന്മാരുടെ സ്വത്ത്.

ആകെ സ്വത്ത് 48 ലക്ഷം
ഭാര്യ മാതാവ് മാതാവൊത്ത മാതാവൊത്ത 2
2 സഹോദരിമാര്‍ സഹോദരന്മാര്‍
1/4 1/6 1/3 ശിഷ്ടാവകാശം
3 2 4 3
12 ലക്ഷം 8 ലക്ഷം 16 ലക്ഷം 12 ലക്ഷം

അനന്തരാവകാശികളായി ഭര്‍ത്താവും മാതാവും രണ്ടു സഹോദരങ്ങളും മാതാവൊത്ത ഒരു സഹോദരിയുമാണുള്ളതെങ്കില്‍ സഹോദരനെക്കാള്‍ സ്വത്തുണ്ടാവുക സഹോദരിക്കാണ്. ഉദാഹരണമായി 60 ലക്ഷം രൂപയാണ് അനന്തരമായുള്ളതെങ്കില്‍ ഭര്‍ത്താവിന് 30 ലക്ഷവും മാതാവിന് പത്ത് ലക്ഷവും മാതാവൊത്ത സഹോദരിക്ക് 10 ലക്ഷവും സഹോദരന്‍മാരില്‍ ഓരോരുത്തര്‍ക്കും 5 ലക്ഷം വീതവുമാണുണ്ടാവുക.

ആകെ സ്വത്ത്: 60 ലക്ഷം
ഭര്‍ത്താവ് മാതാവ് മാതാവൊത്ത രണ്ടു സഹോദരന്മാര്‍ സഹോദരി
1/2 1/6 1/6 ശിഷ്ടാവകാശം
3 1 1 1
30 ലക്ഷം 10 ലക്ഷം 10 ലക്ഷം 10 ലക്ഷം
ഓരോരുത്തര്‍ക്കും
5 ലക്ഷം
ഇത്തരം പല സന്ദര്‍ഭങ്ങളിലും ആണിനെക്കാള്‍ പെണ്ണിന് കൂടുതല്‍ സമ്പത്ത് കിട്ടുന്നു. ഇതേ പോലെത്തന്നെ സ്ത്രീക്കും പുരുഷനും തുല്യസ്വത്ത് ലഭിക്കുന്ന പല സന്ദര്‍ഭങ്ങളുമുണ്ട്.
അനന്തരാവകാശികളായി മക്കളുണ്ടെങ്കില്‍ മാതാവിനും പിതാവിനും ലഭിക്കുക തുല്യ സ്വത്താണ്. ആറിലൊന്ന്. ഇപ്രകാരം തന്നെ അനന്തരാവകാശികളായി ഭര്‍ത്താവും ഒരു മകളും മാതാപിതാക്കളുമാണുള്ളതെങ്കില്‍ മാതാപിതാക്കള്‍ക്ക് തുല്യ സ്വത്താണ് കിട്ടുക. അപ്പോള്‍ പിതാവ് ശിഷ്ടാവകാശിയാകുമെങ്കിലും.
അനന്തരാവകാശികളായി ഭര്‍ത്താവും മാതാവും രണ്ടു മാതാവൊത്ത സഹോദരിമാരും ഒരു പൂര്‍ണ്ണ സഹോദരനുമാണുള്ളതെങ്കില്‍ സഹോദരീ സഹോദരന്മാര്‍ക്ക് തുല്യാവകാശമാണുണ്ടാവുക. ഉസ്മാനുബ്‌നു അഫ്ഫാന്‍, ഇബ്‌നു മസ്ഊദ്, സൈദുബനു സാബിത്ത് തുടങ്ങിയവരും മാലികീ- ശാഫീഈ മദ്ഹബുകാരും ഈ അഭിപ്രായമംഗീകരിച്ചവരാണ്.
അനന്തരാവകാശികളായി ഭര്‍ത്താവും ഒരു സഹോദരനുമാണുള്ളതെങ്കില്‍ ഭര്‍ത്താവിന് പാതിയും സഹോദരന് പാതിയുമാണുണ്ടാവുക. സഹോദരിയാണുള്ളതെങ്കില്‍ അവര്‍ക്കും പാതി സ്വത്താണുണ്ടാവുക. ഇവിടെ സഹോദരനും സഹോദരിയും തുല്യാവകാശികളായിരിക്കുമെന്നര്‍ത്ഥം. സഹോദരന്‍ ശിഷ്ടാവകാശിയും സഹോദരി അംശാവകാശിയുമാണെങ്കിലും.
സ്ത്രീക്ക് അനന്തരാവകാശം ലഭിക്കുകയും അതേസ്ഥാനത്തുള്ള പുരുഷന് അനന്തരാവകാശം കിട്ടാതിരിക്കുകയും ചെയ്യുന്ന പല സന്ദര്‍ഭങ്ങളുമുണ്ട്.
അനന്തരാവകാശികളായി പിതാവും മാതാവും മകളും ഒരു പൗത്രിയുമാണുള്ളതെങ്കില്‍ പൗത്രിക്ക് ആറിലൊന്ന് ലഭിക്കും. എന്നാല്‍ ഇതേ അവസ്ഥയില്‍ പൗത്രനാണുള്ളതെങ്കില്‍ സ്വത്തൊന്നും കിട്ടുകയില്ല. പൗത്രന്‍ ശിഷ്ടാവകാശിയാണല്ലോ. ഏറ്റം അടുത്ത ശിഷ്ടാവകാശിയായ പിതാവുള്ളതിനാല്‍ അകന്ന ശിഷ്ടാവകാശിയായ പൗത്രനെ പിതാവ് തടയുന്നു. ഉദാഹരണമായി 195 ലക്ഷം രൂപയാണ് അനന്തരാവകാശമായുള്ളതെങ്കില്‍ ഭര്‍ത്താവിന് 39 ലക്ഷവും മാതാവിന് 26 ലക്ഷവും മകള്‍ക്ക് 78 ലക്ഷവും പൗത്രിക്ക് 26 ലക്ഷവും പിതാവിന് ശിഷ്ടാവകാശിയെന്ന നിലക്ക് 26 ലക്ഷവും ലഭിക്കുന്നു. എന്നാല്‍ ഇതേ അവസ്ഥയില്‍ പൗത്രനാണുള്ളതെങ്കില്‍ ഒന്നും കിട്ടുകയില്ല. അപ്പോള്‍ ഭര്‍ത്താവിന് 45 ലക്ഷവും മാതാവിന് 30 ലക്ഷവും മകള്‍ക്ക് 90ലക്ഷവും ശിഷ്ടാവകാശിയായ പിതാവിന് 30 ലക്ഷവും ലഭിക്കുന്നു.

ആകെ സ്വത്ത് : 195 ലക്ഷം
ഭര്‍ത്താവ് പിതാവ് മാതാവ് മകള്‍ പൗത്രി
1/4 1/6 1/6 1/2 1/6
ശിഷ്ടാവകാശി
3 2 2 6 2
39 ലക്ഷം 26 ലക്ഷം 26 ലക്ഷം 78 ലക്ഷം 26 ലക്ഷം
പൗത്രനാണെങ്കില്‍
ഭര്‍ത്താവ് പിതാവ് മാതാവ് മകള്‍ പൗത്രന്‍
1/4 ശിഷ്ടാവകാശം 1/6 1/2 -
3 2 2 6 -
45 ലക്ഷം 30 ലക്ഷം 30 ലക്ഷം 90 ലക്ഷം -

ഇപ്രകാരം തന്നെ അനന്തരാവകാശികളായി ഭര്‍ത്താവും പൂര്‍ണ്ണസഹോദരിയുമുണ്ടെങ്കില്‍ പിതാവൊത്ത സഹോദരന് സ്വത്തൊന്നും കിട്ടുകയില്ല. സഹോദരിയാണങ്കില്‍ അംശാവകാശിയെന്ന നിലയില്‍ ഛേദവര്‍ധനവിലൂടെ (ഔല്‍) അനന്തരസ്വത്ത് ലഭിക്കും. ഉദാഹരണമായി അനന്തര സ്വത്ത് 84 ലക്ഷമാണെങ്കില്‍ ഭര്‍ത്താവിന് 42 ലക്ഷവും പൂര്‍ണ്ണസഹോദരിക്ക് 42 ലക്ഷവും ലഭിക്കും പിതാവൊത്ത സഹോദരന്‍ ശിഷ്ടാവകാശിയായതിനാല്‍ ശിഷ്ടമില്ലാത്തതിനാല്‍ ഒന്നും ലഭിക്കുകയില്ല. അതേ സമയം പിതാവൊത്ത സഹോദരി അംശാവകാശിയായതിനാല്‍ 12 ലക്ഷം ലഭിക്കും അപ്പോള്‍ ഭര്‍ത്താവിന് 36 ലക്ഷവും പൂര്‍ണ്ണ സഹോദരിക്ക് 36 ലക്ഷവുമാണുണ്ടാവുക.

ആകെ സ്വത്ത്: 84 ലക്ഷം
ഭര്‍ത്താവ് പൂര്‍ണസഹോദരി പിതാവൊത്ത സഹോദരി
1/2 1/2 1/6
3 3 1
36 ലക്ഷം 36 ലക്ഷം 12 ലക്ഷം

ഭര്‍ത്താവ് പൂര്‍ണസഹോദരി പിതാവൊത്ത സഹോദരന്‍
1/2 1/2 ശിഷ്ടാവകാശം
1 1 -
42 ലക്ഷം 42 ലക്ഷം -

ഇസ്‌ലാമില്‍ സ്ത്രീക്ക് പാതി സ്വത്താണെന്ന പൊതുധാരണ ശരിയല്ലെന്ന് ഇത് തെളിയിക്കുന്നു. പുരുഷന്റെ അത്ര തന്നെ സ്വത്ത് ലഭിക്കുന്ന സന്ദര്‍ഭവും കുടുതല്‍ കിട്ടുന്ന അവസരവും മാത്രമല്ല, പുരുഷന് തീരെ അനന്തരാവകാശം ലഭിക്കാതിരിക്കുമ്പോള്‍ സ്ത്രീ സ്വത്തിനവകാശിയാവുന്ന അവസ്ഥ പോലുമുണ്ടെന്ന് വ്യക്തമാകുകയും ചെയ്യുന്നു. ഇസ്‌ലാം സ്ത്രീയും പുരുഷനും ഉള്‍ക്കൊള്ളുന്ന കുടുംബത്തിന്റെയും സമൂഹത്തിന്റെയും ആരോഗ്യകരമായ നിലനില്‍പിന്നാവശ്യമായ സംവിധാനത്തിന്റെ ഭാഗമായാണ് അതിന്റെ അനന്തരാവകാശ ക്രമം ആവിഷ്‌കരിച്ചതെന്നതാണിതിനുള്ള കാരണം.
അവലംബം: Property Rights of Muslim Women. by Dr. Muhammed Fahim Akthar Nadvi

Your web browser doesn't have a PDF plugin. Instead you can click here to download the PDF file.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-18 / അല്‍ കഹ്ഫ് / 60
എ.വൈ.ആര്‍