Prabodhanm Weekly

Pages

Search

2013 മെയ്‌ 31

ഖുത്വ്ബ / ഫലസ്ത്വീന്‍ ഐക്യദാര്‍ഢ്യം മുസ്‌ലിം സമൂഹത്തിന്റെ ബാധ്യത

യൂസുഫുല്‍ ഖറദാവി

സ്രയേലിന്റെ അധിനിവേശത്തിന് നീണ്ട ആറര പതിറ്റാണ്ടിന്റെ ചരിത്രമുണ്ട്. ഫലസ്ത്വീന്‍ സമൂഹത്തിന്റെ വിമോചനത്തിന് പിന്തുണ നല്‍കുകയെന്നത്, അറബ് മുസ്‌ലിം ലോകത്തിന്റെ നിര്‍ബന്ധ ബാധ്യതയാകുന്നു. ഫലസ്ത്വീന്‍ ജനത അവരുടെ നാട്ടിലേക്ക് മടങ്ങുന്നത് വരെയും, അടിച്ചമര്‍ത്തപ്പെട്ട അവകാശങ്ങള്‍ ലഭ്യമാക്കുന്നതുവരെയും അവര്‍ക്കൊപ്പം നില്‍ക്കുവാന്‍ മുഴുവന്‍ ഇസ്‌ലാമിക സമൂഹത്തിനും ബാധ്യതയുണ്ട്.
തീര്‍ച്ചയായും ദൈവനിശ്ചയത്താല്‍ സത്യം പുലരുകയും അസത്യത്തിന്റെ ഇരുട്ടുകള്‍ മായ്ക്കപ്പെടുകയും ചെയ്യുന്ന പുതുലോകം വരാനുണ്ട്. മുഴുവന്‍ ഫലസ്ത്വീന്‍ മക്കളും കരുത്തുറ്റ ഒറ്റ നേതൃത്വത്തിന്റെ കീഴില്‍ വന്ന് പരസ്പരമുള്ള അഭിപ്രായ വ്യത്യാസങ്ങളും, വിഭാഗീയ ചിന്താഗതികളും മറന്ന് ഫലസ്ത്വീന്‍ വിമോചനത്തിനായി ഒറ്റക്കെട്ടാവണം. ഗസ്സയുടെ വിമോചനം കൊതിക്കുന്ന ഇണക്കവും അനുസരണയുമുള്ള ഒരു യുവസമൂഹം ഇവിടെയുണ്ട് എന്നത് പ്രത്യാശ നല്‍കുന്നതാണ്. ഞാന്‍ 15 വയസ്സുള്ള കുട്ടിയായിരിക്കെതന്നെ ഫലസ്ത്വീന്‍ വിഷയത്തില്‍ പ്രാര്‍ഥനയോടെ ഇടപെടുന്നുണ്ട്. 87 വയസ്സ് പൂര്‍ത്തിയാവുന്ന ഈ സന്ദര്‍ഭത്തിലും ഫലസ്ത്വീന്‍ വിമോചനത്തിനായി എന്റെ നമസ്‌കാരത്തില്‍ നിരന്തരം ഞാന്‍ നാഥനോട് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നു. ഇത് ഒരു മുസ്‌ലിം എന്ന നിലക്ക് എനിക്ക് കഴിയുന്നതാണ്.
ഫലസ്ത്വീന്‍ സമൂഹത്തില്‍ സമ്പത്ത് കൊണ്ടും ശരീരം കൊണ്ടും അവരവരുടെ പരമാവധി കഴിവുകള്‍ നാഥനായി സമര്‍പ്പിച്ചവരുണ്ട്. അഹ്മദ് യാസീന്‍ അത്തരത്തിലുള്ള ഒരു രക്തസാക്ഷിയാണ്. അദ്ദേഹം ഫലസ്ത്വീന്‍ ജനതയുടെ ബോധമണ്ഡലത്തില്‍ വിമോചന ചിന്തകള്‍ക്ക് കരുത്തുപകരുന്നതിലും വിപ്ലാവാത്മകമായി ഇടപെടുന്നതിലും ഫലസ്ത്വീന്‍ യുവതയുടെ അന്തരംഗത്തില്‍ സ്വാതന്ത്ര്യ ബോധത്തിന്റെ അനുരണനങ്ങള്‍ വളര്‍ത്തുന്നതിലും വിജയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിമോചന സ്വപ്നം നെഞ്ചിലേറ്റുന്ന യുവതലമുറ നിലനില്‍ക്കുവോളം അദ്ദേഹത്തിന് മരണമില്ല എന്നതാണ് സത്യം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിം സമൂഹം സംശയത്തിന്റെയും തെറ്റായ ആരോപണങ്ങളുടെയും നിഴലിലാണ്. ഫലസ്ത്വീന്‍ ജനതയെപ്പോലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രയാസമനുഭവിക്കുന്ന സിറിയന്‍, ബംഗ്ലാദേശ് ജനതകളെ സഹായിക്കാനും, സമ്പത്തും അധ്വാനവും ദൈവമാര്‍ഗത്തില്‍ നിസ്വാര്‍ഥമായി ചെലവഴിക്കാനും മുസ്‌ലിം ലോകം തയാറാവേണ്ടതുണ്ട്.
പണ്ഡിതന്മാരും നേതാക്കളും ഭരണാധികാരികളും തങ്ങളുടെ സമൂഹങ്ങളില്‍ ഇസ്‌ലാമിക സമൂഹത്തെ അവതരിപ്പിക്കുന്നതില്‍ സൂക്ഷ്മത പുലര്‍ത്തേണ്ടതുണ്ട്. പരസ്പരം രക്തം ചിന്തുന്നതില്‍നിന്നും പാപകൃത്യങ്ങളില്‍നിന്നും മുസ്‌ലിം സമൂഹം മാറിനില്‍ക്കേണ്ടതുണ്ട്. വിപ്ലവങ്ങളില്‍ സ്ത്രീകളുടെ പങ്കും അവഗണിക്കാന്‍ കഴിയില്ല. അതിനാല്‍ ഒരുമിക്കുവാനും ഒറ്റ നേതൃത്വത്തിന്റെ കീഴില്‍ പ്രതാപം തിരിച്ചുപിടിക്കാനും മുസ്‌ലിം ലോകം തയാറാവുക.
(ഗസ്സ സന്ദര്‍ശനത്തോടനുബന്ധിച്ച് യൂസുഫുല്‍ ഖറദാവി കഴിഞ്ഞ മെയ് 17 ന് ഫലസ്ത്വീനില്‍ നടത്തിയ ഖുത്വുബയുടെ ചുരുക്കം)

വിവ: വി.പി ജസീല്‍, പേരാമ്പ്ര

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-18 / അല്‍ കഹ്ഫ് / 60
എ.വൈ.ആര്‍