Prabodhanm Weekly

Pages

Search

2013 ഏപ്രില്‍ 13

ഗസ്സ പ്രതിരോധത്തിന്റെ പാഠശാല-8 പത്രപ്രവര്‍ത്തനം ആരോഗ്യത്തിന് ഹാനികരം

സി. ദാവൂദ് യാത്ര

'ത്രപ്രവര്‍ത്തനം ആരോഗ്യത്തിന് ഹാനികരം' എന്നു പറഞ്ഞത് ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനും യൂനിവേഴ്‌സിറ്റി ഓഫ് ലിങ്കനിലെ ജേണലിസം അധ്യാപകനുമായ റിച്ചാര്‍ഡ് കീബ്ള്‍ ആണ്. നമ്മുടെ നാട്ടിലെ പത്രപ്രവര്‍ത്തകരില്‍ വലിയൊരു ശതമാനം, അത്ര നല്ല ആരോഗ്യത്തോടെ കഴിയുന്നവരല്ല. കുശുമ്പ്, കുനുഷ്ഠ്, കുന്നായ്മ തുടങ്ങിയ മാനസിക രോഗങ്ങള്‍ മാത്രമല്ല, അത് മൂലമുണ്ടാകുന്ന ശരിയായ വരട്ടു ചൊറിയും ഒട്ടുവളരെ പേര്‍ക്കുണ്ട്. റിച്ചാര്‍ഡ് കീബ്ള്‍ ഉദ്ദേശിച്ച അനാരോഗ്യം പക്ഷേ, അതല്ല. രാത്രി ഡെസ്‌കില്‍ ജോലി ചെയ്യുന്നവര്‍ക്ക്, തുടര്‍ച്ചയായി രാത്രി ഉറക്കമൊഴിക്കുന്നതു മൂലമുണ്ടാകുന്ന പലവിധ ആരോഗ്യപ്രശ്‌നങ്ങളുണ്ട്; മലബന്ധം മുതല്‍ തലകറക്കം വരെ. കീബ്‌ളിന്റെ മുന്നറിയിപ്പ് അതിനെക്കുറിച്ചുമല്ല. ഉത്തരവാദിത്വബോധവും സത്യസന്ധവുമായ പത്രപ്രവര്‍ത്തനം കൊണ്ടുവരാനിടയുള്ള അപകടങ്ങളെക്കുറിച്ചാണ് കീബ്ള്‍ തന്റെ പ്രസ്താവനയിലൂടെ അടിവരയിടുന്നത്. അപകടകരവും ആക്രമണ സാധ്യതയുമുള്ള വലിയൊരു യുദ്ധമുന്നണിയാണ് സത്യസന്ധമായ പത്രപ്രവര്‍ത്തനം എന്നാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. അത്തരത്തില്‍, അപകടകരമായ, ആരോഗ്യത്തിന് ഹാനികരമായ പത്രപ്രവര്‍ത്തനം എന്തെന്നറിയണമോ; എങ്കില്‍ ഗസ്സയിലേക്ക് വരിക.
ഗസ്സ സിറ്റിയില്‍, ഔഖാഫ് മന്ത്രാലയത്തിന് കീഴിലുള്ള ബഹുനില കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് വാര്‍ത്താവിനിമയ മന്ത്രാലയം പ്രവര്‍ത്തിക്കുന്നത്. ഏതാണ്ടെല്ലാ ആധുനിക സജ്ജീകരണങ്ങളുമുള്ള ഓഫീസില്‍, ഇസ്മാഈല്‍ ഹനിയ്യാ സര്‍ക്കാറിന്റെ ഔദ്യോഗിക അറിയിപ്പുകളും പ്രസ്താവനകളും പരസ്യങ്ങളും പ്രദര്‍ശന സാമഗ്രികളുമെല്ലാം തയാറാക്കുന്ന തിരക്കിലാണ് ഉദ്യോഗസ്ഥര്‍. സാധാരണ ഒരു സര്‍ക്കാര്‍ ആപ്പീസിന്റെ അലസതയും വൃത്തികേടുകളും അവിടെ കാണാന്‍ കഴിയില്ല. ഓരോരുത്തരും അവരവരുടെ ജോലികളില്‍ വ്യാപൃതരാണ്. ഓഫീസിലേക്ക് കടന്നു ചെല്ലുമ്പോള്‍, പ്രധാന വാതിലിന് പുറത്ത് ചുമരില്‍ തൂക്കിയിട്ട വലിയ ബാനര്‍ ആരുടെയും ശ്രദ്ധയില്‍ പെടും. തങ്ങളുടെ ജോലിക്കിടെ രക്തസാക്ഷികളായ ഗസ്സയിലെ പത്രപ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്തതാണ് ആ ബാനര്‍. 12 യുവ പത്രപ്രവര്‍ത്തകരാണ് കഴിഞ്ഞ കാലങ്ങളില്‍ ഗസ്സയില്‍ തങ്ങളുടെ ജോലിക്കിടെ, ഇസ്രയേലി ആക്രമണത്തിനിടയില്‍ രക്തസാക്ഷികളായത്. 2012 നവംബറിലെ യുദ്ധത്തില്‍ കൊല്ലപ്പെട്ട മൂന്ന് പേരുടെ ചിത്രങ്ങള്‍ ഈ ബാനറിലില്ല. അവരുടെ ചിത്രങ്ങള്‍ വേറെ തന്നെ പതിച്ചുവെച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തനം ഗസ്സയില്‍ എന്തുമാത്രം അപകടകരമാണ് എന്നതിന്റെ മികച്ച സൂചനകളാണ് ഈ ചിത്രങ്ങള്‍.
ലോകത്തെ പ്രധാനപ്പെട്ട ഏതാണ്ടെല്ലാ മാധ്യമ സ്ഥാപനങ്ങള്‍ക്കും വാര്‍ത്താ ഏജന്‍സികള്‍ക്കും ഗസ്സയില്‍ ഓഫീസുകളും ലേഖകരും ക്യാമറക്കാരുമുണ്ട്. വാര്‍ത്തകളുടെ അക്ഷയഖനിയാണ് ഗസ്സ. ഓരോ തുരുമ്പിലും തൂണിലും അവിടെ നിങ്ങള്‍ക്ക് വാര്‍ത്തകള്‍ കണ്ടെടുക്കാന്‍ കഴിയും. സാഹസികത ആഗ്രഹിക്കുന്ന പത്രപ്രവര്‍ത്തകര്‍ക്കാവട്ടെ, ഇതിലും മികച്ചൊരു തൊഴില്‍ സ്ഥലമില്ല. സര്‍വ ആഹ്ലാദങ്ങളോടും കൂടി തൊഴില്‍ ചെയ്യാന്‍ അവര്‍ക്ക് കഴിയുന്നു. അല്‍ജസീറയുടെ നികോള്‍ ജോണ്‍സ്റ്റണും നദീം ബാബയും നവംബറിലെ ഗസ്സ ആക്രമണത്തിന്റെ ലൈവ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത് അസൂയയോടെ കണ്ടു നിന്നിട്ടുണ്ട്. നദീം ബാബ ഗസ്സയിലെ തന്റെ സ്റ്റുഡിയോ നില്‍ക്കുന്ന കെട്ടിടത്തിന്റെ ടെറസില്‍ നിന്ന് റിപ്പോര്‍ട്ടുകള്‍ നല്‍കുന്നതിനിടെ മെയിന്‍ സ്റ്റുഡിയോയില്‍ നിന്ന് വാര്‍ത്താ അവതാരകന്‍ തല്‍ക്കാലം കമന്ററി നിര്‍ത്താന്‍ ആവശ്യപ്പെടുകയാണ്. ആകാശത്ത് കൂടെ യുദ്ധവിമാനങ്ങള്‍ തലങ്ങും വിലങ്ങും പറക്കുന്നതിന്റെ മാരക ശബ്ദം പ്രേക്ഷകര്‍ക്ക് കേള്‍ക്കാന്‍ വേണ്ടിയായിരുന്നു ഇത്. നദീം സംസാരം നിര്‍ത്തി ഏതാനും മിനിറ്റുകള്‍ക്ക് ശേഷമാണ് പശ്ചാത്തലത്തില്‍ ഒരു വന്‍തീഗോളം പ്രത്യക്ഷപ്പെടുന്നത്. ഗസ്സ സിറ്റിയിലെ ഒരു കെട്ടിടത്തിന് നേര്‍ക്ക് ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തിന്റെ ദൃശ്യമായിരുന്നു അത്. അങ്ങനെ നോക്കുമ്പോള്‍ ഒരു പത്രപ്രവര്‍ത്തകനെ സംബന്ധിച്ചേടത്തോളം അവന്റെ പ്രൊഫൈലില്‍ തുന്നിക്കെട്ടാന്‍ പറ്റുന്ന അപൂര്‍വ അനുഭവങ്ങള്‍ നല്‍കും ഗസ്സയിലെ ജോലി. ലോകത്തെ ഏറ്റവും അപകടകരമായ ആ സാഹചര്യത്തില്‍ ജോലി ചെയ്യുന്ന പത്രപ്രവര്‍ത്തകര്‍ അതിനാല്‍ തന്നെ നമ്മുടെയെല്ലാം അമ്പരപ്പാര്‍ന്ന ആദരവ് നേടിയെടുക്കുന്നു. വെള്ളം, വെളിച്ചം, ഭക്ഷണം, മരുന്ന് എന്നിവയെക്കുറിച്ച യാതൊരു ഗ്യാരന്റിയുമില്ലാത്ത സാഹചര്യത്തിലാണ് അവര്‍ ഈ ജോലി ചെയ്യുന്നത് എന്നു കൂടി ഓര്‍ക്കുക. വാര്‍ത്തകളും ദൃശ്യങ്ങളും തയാറാക്കിയാല്‍ തന്നെ അത് തങ്ങളുടെ ആസ്ഥാന സ്റ്റുഡിയോവില്‍ പെട്ടെന്ന് എത്തിക്കാനുള്ള ഇന്റര്‍നെറ്റ് വേഗത പലപ്പോഴും ലഭിച്ചുകൊള്ളണമെന്നില്ല. മികച്ച ദൃശ്യങ്ങള്‍ കൈയിലുണ്ടായിരിക്കുകയും അത് പ്രക്ഷേപണം ചെയ്യാന്‍ കഴിയാതിരിക്കുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും പത്രപ്രവര്‍ത്തകന്‍ ക്ഷമകെട്ടു പോവും. എന്നാല്‍, ഇതെല്ലാം ചേര്‍ന്നതാണ് ഗസ്സയിലെ പത്രപ്രവര്‍ത്തനം.
ഏത് യുദ്ധമുഖത്തും പത്രപ്രവര്‍ത്തകന് രക്ഷയുണ്ട്. 'പ്രസ്സ്' എന്ന് വലിയ അക്ഷരത്തിലെഴുതിയ ജാക്കറ്റ് ധരിച്ചാണ് യുദ്ധ സന്ദര്‍ഭങ്ങളില്‍ അവര്‍ ജോലിക്കിറങ്ങുക. വാഹനങ്ങളിലും ആവശ്യമായ സൂചനകളുണ്ടാവും. എന്നാല്‍, ഈ വക കാര്യങ്ങളൊന്നും ഇസ്രയേല്‍ ശ്രദ്ധിക്കുകയില്ല. അവര്‍ക്ക് ബോംബിടണമെന്നേയുള്ളൂ; ആളുകള്‍ കൊല്ലപ്പെടുകയും വേണം. നവംബറിലെ ഗസ്സ യുദ്ധത്തില്‍ സംഭവിച്ചത് അതാണ്. റഷ്യന്‍ ടി.വി, സ്‌കൈ ന്യൂസ്, ഫോക്‌സ് ന്യൂസ്, സി.ബി.എസ്, അല്‍ അറബിയ, ജര്‍മനിയുടെ എ.ആര്‍.ഡി എന്നീ മാധ്യമ സ്ഥാപനങ്ങളുടെ പ്രൊഡക്ഷന്‍ സ്റ്റുഡിയോകളുള്ള കെട്ടിടമാണ് നവംബര്‍ 18-നും 19-നും ആക്രമിക്കപ്പെട്ടത്. സ്റ്റുഡിയോകള്‍ തകര്‍ക്കപ്പെടുകയും എട്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആവിഷ്‌കാര, മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി ക്ഷീണിച്ചു പണിയെടുക്കുന്ന ആഗോള മാധ്യമ പ്രഭുക്കളൊന്നും പക്ഷേ, ഈ ആക്രമണങ്ങളെക്കുറിച്ച് പ്രത്യേകിച്ചൊന്നും ഉത്കണ്ഠപ്പെട്ടു കണ്ടില്ല. സ്‌കൈ ന്യൂസ്, ഫോക്‌സ് ന്യൂസ്, സി.ബി.എസ് തുടങ്ങിയ ഇസ്രയേല്‍ അനുകൂല ചാനലുകളുടെ സ്റ്റുഡിയോകളും ആക്രമിക്കപ്പെട്ടെങ്കിലും അതൊന്നും അവര്‍ വലിയ കാര്യമാക്കിയതുമില്ല. ഇസ്രയേല്‍ പാദസേവക്ക് വേണ്ടി തങ്ങളുടെ ജോലിക്കാരെപ്പോലും ബലിനല്‍കുകയായിരിക്കും അവര്‍. മൂന്നാം ദിവസം, നവംബര്‍ 20-ന് നടന്ന മറ്റൊരു ആക്രമണത്തില്‍ മൂന്ന് പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും ചെയ്തു. അല്‍ ഖുദ്‌സ് എജുക്കേഷ്‌നല്‍ റേഡിയോയുടെ മുഹമ്മദ് അബൂ അയിഷ, ദാറുല്‍ ബലാ നഗരത്തിലൂടെ കാറില്‍ സഞ്ചരിക്കവെയാണ് മിസൈലേറ്റ് രക്തസാക്ഷിയാവുന്നത്. അല്‍ അഖ്‌സാ ടി.വിയുടെ പ്രവര്‍ത്തകരായ മഹ്മൂദ് അല്‍കൂമി, ഹുസാം സലാമ എന്നിവര്‍ ഗസ്സ സിറ്റിയിലൂടെ, 'പ്രസ്സ്' എന്ന് പ്രത്യേകം എഴുതിയ തങ്ങളുടെ കാറില്‍ സഞ്ചരിക്കവെ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
മാധ്യമ സ്ഥാപനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നേരെ നടന്ന ആക്രമണത്തിനെതിരെ ചില സാര്‍വദേശീയ മനുഷ്യാവകാശ സംഘടനകളും പത്രപ്രവര്‍ത്തക സംഘടനകളും ശക്തമായി പ്രതിഷേധിച്ചപ്പോള്‍ ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയം ഇറക്കിയ പത്രക്കുറിപ്പ് കൗതുകരമായിരുന്നു. ആക്രമിക്കപ്പെട്ട സ്റ്റുഡിയോകള്‍ പ്രവര്‍ത്തിച്ച കെട്ടിടം ഹമാസിന്റെ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തപ്പെട്ടിരുന്നുവെന്നാണ് ഇസ്രയേലിന്റെ ന്യായം. ഹമാസുമായി ബന്ധപ്പെട്ടതെന്തും ആക്രമണ ലക്ഷ്യങ്ങളാകയാല്‍, സ്വാഭാവികമായും ആ സ്റ്റുഡിയോകള്‍ പ്രവര്‍ത്തിച്ച കെട്ടിടവും തങ്ങളുടെ നിയമവിധേയമായ ലക്ഷ്യമാണെന്നാണ് ഇസ്രയേല്‍ പറയുന്നത്. അതിനാല്‍, മാധ്യമപ്രവര്‍ത്തകരോട് ഇസ്രയേല്‍ ഒരു അഭ്യര്‍ഥന നടത്തി. ഹമാസുമായി ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങളില്‍ നിന്നും അകന്നു നില്‍ക്കുക; ജീവന്‍ രക്ഷിക്കുക. അല്‍ ജസീറയുടെ നദീം ബാബ, ഇതിനോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. 'ഹമാസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് ശാസനയെങ്കില്‍ ഗസ്സയില്‍ പത്രപ്രവര്‍ത്തനം സാധ്യമാവില്ല. കാരണം, ഇവിടെ ഭരിക്കുന്നത് ഹമാസാണ്. പരിക്കേറ്റവരെ കൊണ്ടുപോകുന്ന ആശുപത്രികളും ഒരര്‍ഥത്തില്‍ ഹമാസ് കേന്ദ്രങ്ങളാണ്. മന്ത്രാലയങ്ങളെല്ലാം ഹമാസ് നിയന്ത്രണത്തിലാണ്. മന്ത്രാലയങ്ങളുമായി ബന്ധപ്പെടാതെ എങ്ങനെ വാര്‍ത്ത സംഭരിക്കും?' ഹമാസിന് വോട്ട് ചെയ്ത ജനങ്ങളെപ്പോലും കൊല്ലണമെന്ന് പറയുന്ന ഇസ്രയേലിന് മുന്നില്‍ പക്ഷേ, ഇതൊന്നും ഒരു ന്യായമേ അല്ല.
പത്രപ്രവര്‍ത്തകരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഇസ്രയേലിന്റെ രണ്ടാമത്തെ ന്യായം ശ്രദ്ധിക്കുക. വധിക്കപ്പെട്ട മൂന്ന് പത്രപ്രവര്‍ത്തകരില്‍ രണ്ടു പേര്‍ അല്‍ അഖ്‌സാ ടി.വിയുടെ പ്രവര്‍ത്തകരാണ്. അല്‍ അഖ്‌സാ ടി.വി ഹമാസ് നിയന്ത്രണത്തില്‍ ഗസ്സയില്‍ നിന്ന് പ്രക്ഷേപണം ചെയ്യുന്ന ചാനലാണ്. അല്‍ അഖ്‌സാ ടി.വിയുടെ പ്രവര്‍ത്തകരെ 'നിയമാനുസൃത' പത്രപ്രവര്‍ത്തകരായി ഇസ്രയേല്‍ പരിഗണിക്കുന്നില്ല എന്നാണ് ഇസ്രയേലി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി വ്യക്തമാക്കിയത്. അവര്‍ ഹമാസ് ഭീകരവാദികള്‍ തന്നെയാണ്; അതിനാല്‍ തങ്ങളുടെ ആക്രമണ ലക്ഷ്യവുമായിരിക്കും-അവര്‍ വ്യക്തമാക്കി.
അല്‍ അഖ്‌സ ടി.വിയെക്കുറിച്ച് പറയാതെ ഗസ്സയിലെ മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ച് പറയാന്‍ കഴിയില്ല. 2006 ജനുവരി ആറ് മുതല്‍ സംപ്രേഷണം ആരംഭിച്ച ടി.വി ചാനലാണ് അല്‍ അഖ്‌സ. ഹമാസ് നേതാവും ആഭ്യന്തര മന്ത്രിയുമായ ഹത്ഹീ ഹമ്മാദ് ആണ് ഡയറക്ടര്‍. 2008-ലെ ഒന്നാം ഗസ്സ യുദ്ധത്തിനിടെ, ഡിസംബര്‍ 29-ന് ഇസ്രയേലി സൈന്യം അല്‍ അഖ്‌സ ടി.വിയുടെ ആസ്ഥാന മന്ദിരത്തിലേക്ക് തുരുതുരാ വ്യോമാക്രമണം നടത്തി, ഓഫീസ് സമുച്ചയവും സ്റ്റുഡിയോവും സമ്പൂര്‍ണമായി തകര്‍ത്തു. അതിന് ശേഷം, എപ്പോഴെല്ലാം സംഘര്‍ഷമുണ്ടായിട്ടുണ്ടോ, അപ്പോഴെല്ലാം അല്‍ അഖ്‌സാ ടി.വി ആക്രമിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, അത്ഭുതം കേള്‍ക്കുക. ഇത്രയെല്ലാം ആക്രമണമുണ്ടായിട്ടും ഒരു നിമിഷം പോലും അല്‍ അഖ്‌സാ ടി.വി സംപ്രേഷണം മുടങ്ങിയിട്ടില്ല. വാര്‍ത്താ വിനിമയ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനോട് ഞാന്‍ ചോദിച്ചു: 'അല്‍ അഖ്‌സാ ടി.വിയുടെ സ്റ്റുഡിയോ കോംപ്ലക്‌സ് എവിടെയാണ്?'. ചിരിച്ചു കൊണ്ട് അവന്‍ പറഞ്ഞു: 'അത് എവിടെയുമാകാം. ചിലപ്പോള്‍ അത് ഒരു ആംബുലന്‍സിലായിരിക്കും. ചിലപ്പോള്‍ മീന്‍പിടുത്ത ബോട്ടിലോ കഴുത വണ്ടിയിലോ ആവാം. എവിടെയായാലും ഒരു കാര്യം ഞങ്ങള്‍ ഉറപ്പു വരുത്തും. ടി.വി സംപ്രേഷണം ഒരിക്കലും മുടങ്ങില്ല.' അതാണ് അല്‍ അഖ്‌സ ടി.വി. ഹമാസ് പ്രതിരോധത്തിന്റെ തുരുപ്പ് ചീട്ടാണത്. ഗസ്സക്കാരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും അവരോട് നിരന്തരം സംവദിക്കാനും ഹമാസിനെ പ്രാപ്തമാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആയുധമാണ് ഈ ചാനല്‍. അതിനാലാണ് ഓരോ ആക്രമണം തുടങ്ങുമ്പോഴും ചാനല്‍ ആസ്ഥാനം അവര്‍ ബോംബിട്ടു നിലം പരിശാക്കുന്നത്. അതിനാലാണ് അതിന്റെ ലേഖകരെയും ക്യാമറാമാന്മാരെയും ഇസ്രയേല്‍ തെരഞ്ഞു പിടിച്ചു കൊല്ലുന്നത്. അല്‍ അഖ്‌സാ ടി.വി തകര്‍ത്താല്‍ ഹമാസും ജനങ്ങളും തമ്മിലുള്ള ബന്ധം തകര്‍ക്കാന്‍ കഴിയുമെന്ന് ഇസ്രയേല്‍ കണക്കു കൂട്ടുന്നു. ഒരു പക്ഷേ, ലോകത്ത് ഏറ്റവും ചുരുങ്ങിയ പ്രക്ഷേപണ പരിധിയുള്ളതായിരിക്കും ആ ചാനല്‍. ഫലസ്ത്വീന്‍ പ്രദേശങ്ങള്‍ക്ക് പുറത്ത് ചാനല്‍ ലഭ്യമല്ല. എന്നിട്ടും ഇസ്രയേല്‍ ഏറ്റവും വെറുക്കുകയും ഭയക്കുകയും ചെയ്യുന്ന മാധ്യമ സ്ഥാപനമാണത്.
വാര്‍ത്തകള്‍ മാത്രമല്ല, വിനോദ പരിപാടികളും മതപഠന ക്ലാസുകളുമെല്ലാമുള്ളതാണ് അല്‍ അഖ്‌സയുടെ ഉള്ളടക്കം. കുട്ടികള്‍ക്ക് വേണ്ടിയുള്ള 'റവ്വാദുല്‍ ഗദ്' (നാളെയുടെ നായകര്‍) എന്ന ആനിമേഷന്‍ പരിപാടി ഗസ്സക്കാര്‍ക്കിടയില്‍ ഏറെ സ്വീകരിക്കപ്പട്ടതും സാര്‍വദേശീയ തലത്തില്‍ അതിലേറെ വിവാദമായതുമാണ്. പ്രതിരോധത്തിന്റെ പാഠങ്ങള്‍ പുതുതലമുറയില്‍ സന്നിവേശിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ പ്രോഗ്രാം. എന്നാല്‍, ഇളം തലമുറയില്‍ യുദ്ധോത്സുകതയും സെമിറ്റിക്/ജൂത വിരുദ്ധതയും കുത്തിവെക്കുന്നതാണ് പ്രോഗ്രാം എന്ന് ഇസ്രയേല്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. എന്തുതന്നെയായാലും, അല്‍ അഖ്‌സ ടി.വി ഗസ്സക്കാര്‍ക്കിടയില്‍ ഏറെ അംഗീകാരം പിടിച്ചു പറ്റിക്കഴിഞ്ഞിട്ടുണ്ട്. അല്‍ അഖ്‌സ ചാനലിലെ പത്രപ്രവര്‍ത്തകര്‍ ഹമാസ് പോരാളികള്‍ക്ക് തുല്യമാണെന്ന ഇസ്രയേല്‍ പ്രതിരോധ വകുപ്പിന്റെ വാദം സാങ്കേതികമായി ശരിയല്ലായിരിക്കാം. എന്നാല്‍, മാധ്യമപ്രവര്‍ത്തനത്തെ മഹത്തായ പോരാട്ടമായി കണ്ട് പണിയെടുക്കുന്നവരാണ് അതിലെ ഓരോ പ്രവര്‍ത്തകനും.
ലബനാന്‍ ആസ്ഥാനമായി സംപ്രേഷണം ചെയ്യുന്ന അല്‍ ഖുദ്‌സ് ടി.വിയും ഗസ്സയില്‍ ഏറെ സ്വീകരിക്കപ്പെടുന്നു. ഹമാസ് അനുകൂല ചാനല്‍ എന്നാണ് ഇതും പൊതുവെ അറിയപ്പെടുന്നത്. ഫലസ്ത്വീന്‍ അതിര്‍ത്തിക്ക് പുറത്തുള്ള അഭയാര്‍ഥി സമൂഹങ്ങളെയും കൂടി ഉദ്ദേശിച്ച് പ്രവര്‍ത്തിക്കുന്നതാണ് അല്‍ ഖുദ്‌സ് ചാനല്‍. ഹമാസ് അനൂകൂലമാണ് അതിന്റെ ഉള്ളടക്കം. മാധ്യമ രംഗത്ത് തുടക്കം മുതലേ നല്ല ശ്രദ്ധ നല്‍കാന്‍ ഹമാസ് ശ്രദ്ധിച്ചു പോന്നിരുന്നു. പത്രമാസികകള്‍, റേഡിയോ സ്റ്റേഷന്‍, ടി.വി ചാനല്‍ എന്നിവയിലെല്ലാം ഹമാസ് മുന്‍കൈയുണ്ട്. ഹമാസ് അനുകൂല ഫലസ്ത്വീന്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ കീഴിലുള്ള http://palestine-info.co.uk/ എന്ന വെബ്‌സൈറ്റിന്് അറബിക്ക് പുറമെ, ഇംഗ്ലീഷ്, റഷ്യന്‍, ടര്‍ക്കിഷ്, ഉര്‍ദു, മലായ്, ഫ്രഞ്ച്, പേര്‍ഷ്യന്‍ ഭാഷകളില്‍ എഡിഷനുകളുണ്ട്. അല്‍ ഫാതിഹ് എന്ന പേരില്‍ കുട്ടികള്‍ക്ക് വേണ്ടി മാത്രമായുള്ള ഒരു വെബ്‌സൈറ്റും (http://www.al-fateh.net/) ഹമാസ് നടത്തുന്നുണ്ട്. അറബ് ലോകത്ത് തന്നെ ശ്രദ്ധിക്കപ്പെടുന്ന, കുട്ടികളുടെ വൈബ്‌സൈറ്റ് ആണിത്. നവമാധ്യമങ്ങള്‍ ഉപയോഗിച്ചുള്ള പ്രചാരണ യുദ്ധങ്ങളിലും ഹമാസ് ആരെക്കാളും മുന്നിലാണ്. കഴിഞ്ഞ നവംബര്‍ ആക്രമണ സമയത്ത് സൈബര്‍ സ്‌പേസില്‍ ഇസ്രയേലിനെതിരെ കനത്ത ആക്രമണം അഴിച്ചുവിടാന്‍ ഹമാസിന് കഴിഞ്ഞു. ട്വിറ്റര്‍, ഫേസ്ബുക്ക് പോലെയുള്ള നവമാധ്യമങ്ങള്‍ ഉപയോഗിച്ചുള്ള സമരത്തില്‍ ഇസ്രയേല്‍ തോറ്റുപോയെന്നാണ് മാധ്യമ പഠനങ്ങള്‍ പറയുന്നത്. ഇസ്രയേലിലെ ബെന്‍ഗൂറിയന്‍ യൂനിവേഴ്‌സിറ്റിയിലെ Center for Emergency Response Research-യിലെ Tomer Simon 2012 നവംബര്‍ യുദ്ധ സമയത്തെ ഹമാസിന്റെയും ഇസ്രയേലിന്റെയും ട്വിറ്റര്‍, ഫേസ്ബുക്ക് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു കൊണ്ട് നടത്തിയ വിശദമായ പഠനം ഇസ്രയേലി ദിനപത്രമായ ഹാരെറ്റ്‌സ് പ്രസിദ്ധീകരിച്ചിരുന്നു. ഹമാസ് റോക്കറ്റുകളെ പ്രതിരോധിക്കാനുള്ള അയണ്‍ഡോം സംവിധാനം ഇസ്രയേലിനുണ്ടെങ്കിലും സൈബര്‍സ്‌പേസില്‍ ഹമാസിനെ പ്രതിരോധിക്കാനുള്ള ഒരു സിസ്റ്റം ഇസ്രയേല്‍ ഇനിയും വികസിപ്പിച്ചു വേണം എന്നാണവര്‍ പറയുന്നത്. 2012 നവംബര്‍ 16-ന് ഭൂമിയില്‍ യുദ്ധം കൊടുമ്പിരി കൊള്ളവെ, സൈബര്‍സ്‌പേസില്‍, ബാങ്ക് ഓഫ് ജറൂസലേം അടക്കം 663 സുപ്രധാന ഇസ്രയേലി വെബ്‌സൈറ്റുകളാണ് ഫലസ്ത്വീനി ഹാക്റ്റിവിസ്റ്റുകള്‍ ഹാക് ചെയ്ത് നശിപ്പിച്ചത്. ഇസ്രയേലിന്റെ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ഹമാസ് സന്ദേശങ്ങള്‍ എഴുതിവെച്ചുകൊണ്ടാണ് സൈബര്‍ യുദ്ധത്തില്‍ ഹമാസ് ഇസ്രയേലിനെ ഞെട്ടിച്ചത്. യുദ്ധത്തിന്റെ ഒരു സന്ദര്‍ഭത്തില്‍ അല്‍ അഖ്‌സാ ചാനലിന്റെയും റേഡിയോവിന്റെയും സിഗ്നലുകള്‍ ഇസ്രയേല്‍ പിടിച്ചെടുക്കുകയും അവയിലൂടെ ഇസ്രയേല്‍ സന്ദേശങ്ങള്‍ പ്രക്ഷേപണം ചെയ്യുകയും ചെയ്തിരുന്നു. 'ഹമാസ് നേതാക്കളെല്ലാം പേടിച്ച് ഗസ്സ വിട്ടുകഴിഞ്ഞു; അവര്‍ നിങ്ങളെ തനിച്ചാക്കി; അതിനാല്‍ കീഴടങ്ങുക; ഇസ്രയേലുമായി സഹകരിക്കുക' തുടങ്ങിയ സന്ദേശങ്ങളാണ് അവര്‍ ഹമാസ് റേഡിയോവിലൂടെയും ടി.വിയിലൂടെയും ഗസ്സക്കാര്‍ക്ക് നല്‍കിയത്. ഏതാനും ദിവസങ്ങള്‍ ഇടവിട്ട നേരങ്ങളില്‍ ഈ തരത്തിലുള്ള ഇസ്രയേലി സിഗ്നല്‍ ആക്രമണമുണ്ടായെങ്കിലും പിന്നീട് ഹമാസ് നിയന്ത്രണം തിരിച്ചു പിടിക്കുകയായിരുന്നു. എന്നാല്‍, പലരെയും അമ്പരപ്പിച്ചു കൊണ്ട് ചാനല്‍ 2, ചാനല്‍ 10 എന്നീ ഇസ്രയേലി ചാനല്‍ സിഗ്നലുകളില്‍ ഏതാനും നിമിഷ നേരത്തേക്ക് നുഴഞ്ഞുകയറാന്‍ ഹമാസ് സാങ്കേതിക വിദഗ്ധര്‍ക്ക് കഴിഞ്ഞു.
ഗസ്സക്ക് പുറത്ത് പ്രവാസികളായി കഴിയുന്ന സാങ്കേതിക വിദഗ്ധരും പ്രഫഷനലുകളുമാണ് ഹമാസിന്റെ മാധ്യമ യുദ്ധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അറബ് ലോകത്തെ ഏറ്റവും മികച്ച പ്രഫഷനലുകള്‍ക്ക് ജന്മം നല്‍കിയ ഫലസ്ത്വീന് അതിന്റെ യാതൊരു കുറവുമില്ല. അല്‍ ജസീറയുടെ മുന്‍ ഡയറക്ടര്‍ ജനറല്‍ വദാഹ് ഖന്‍ഫര്‍, അല്‍ ജസീറയുടെ സീനിയര്‍ പൊളിറ്റിക്കല്‍ അനലിസ്റ്റ് മര്‍വാന്‍ ബിഷാറയടക്കം അറബ് ലോകത്തെ അറിയപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്ക് ജന്മം നല്‍കിയ ദേശമാണത്.
(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 29-33
എ.വൈ.ആര്‍